ജോബി പുറത്തേക്ക് തന്നെ കണ്ണയച്ചു നിലക്കുകയായിരുന്നു. ജോണ്‌സന്റെ കാര് വളവു തിരിഞ്ഞതും അവന് ഓടി ഗേറ്റില് എത്തി. കാവല്ക്കാരന് വാതില് തുറന്നു കൊടുത്തു. പുറത്തിറങ്ങി ജോണ്‌സണ് ജോബിയെ കെട്ടിപ്പിടിച്ചു. ‘എന്താ ഇത്ര വൈകിയേ? ഞങ്ങള് കാത്തിരിക്കുകയായിരുന്നു’
ജോബിയുടെ പപ്പയും മമ്മിയും കുഞ്ഞനിയത്തി അനീറ്റയും ഓടി ഇറങ്ങി വന്നു. തോട്ടത്തില് നിന്നും ഉയരമുള്ള ഒരു ചെറു കുന്നിലായിരുന്നു അവരുടെ ക്വാർട്ടേഴ്‌സ്. ഡ്രൈവേയിലൂടെ ജോണ്‌സണ് ചുറ്റി കാര് എടുക്കുന്നത് വിസ്മയത്തോടെ നോക്കി ഇരുന്നു നന്ദിനി. എല്ലാവരും അകത്തു പ്രവേശിച്ചു. ജോബിയുടെ മമ്മി പെണ്കുട്ടികളെ കെട്ടിപ്പിടിച്ചു. ഇങ്ങനെ ഒരു വരവിനെ പറ്റി ജോണ്‌സണ് നേരത്തെ പറഞ്ഞിരുന്നില്ല. എല്ലാവരും കുളിമുറിയില് കയറി മേല് കഴുകി മാറാന് വസ്ത്രം ഒന്നും കരുതിയിരുന്നില്ല. ജോബിയുടെ മമ്മി എല്ലാവര്ക്കും നിശാവസ്ത്രങ്ങള് നല്കി. ആദ്യമായാണ് അവരൊക്കെ ആ വസ്ത്രങ്ങള് അണിയുന്നത്. അതിനാല്, കുട്ടികള് മടിച്ചു നില്ക്കുന്നത് കണ്ടു മമ്മി തന്നെ പ്രോത്സാഹിപ്പിച്ചു വസ്ത്രങ്ങള് മാറിച്ചു.
‘ഞാന് നിങ്ങളെ പറ്റിയൊക്കെ ജോബിയോട് ചോദിച്ചു മനസ്സിലാക്കിയിരുന്നു. നാളെ നമുക്ക് നന്ദിഹില്‌സില് പോകാം. എല്ലാവര്ക്കും വേണ്ടതൊക്കെ ഞാന് കരുതിയിട്ടുണ്ട്.’
എന്തൊരു വകതിരിവുള്ള പ്രൗഡ സ്ത്രീ . നന്ദിനി മനസ്സില് കരുതി. ലോക പരിചയത്തിന്റെ ഗുണമാണിതൊക്കെ. തന്റെ നാട്ടിന്പുറം മാത്രം കണ്ടു വളര്ന്നവര്‌ക്കെന്തറിയാം? ജോണ്‌സേട്ടന്റെ പരിശീലനം ഇല്ലെങ്കില് താന് എന്തു മാത്രം വലഞ്ഞേനെ, അവള് മനസ്സില് ചിന്തിച്ചു. ജോബിയുടെ ഡാഡിയും നല്ല സരസനായിരുന്നു. ജോണ്‌സണും ദിനേശനും ബര്മുഡയും ബനിയനും ഇട്ടു വന്നപ്പോള് നാരായണിക്ക് ചിരി പൊട്ടി. കമ്പിളി ബനിയന് ഇട്ടപ്പോള് എല്ലാവരും വെള്ളക്കാരെ പോലെ ഇരുന്നു. അനീറ്റക്ക് കുറച്ചു നേരം ഒരു നാണം ഒക്കെ ഉണ്ടായിരുന്നു. പിന്നെ അവള് എല്ലാവരോടും ഇണങ്ങി. ജോണ്‌സണ് അവളെ എടുത്തു വട്ടം കറക്കി. അയാളുടെ ഇടതൂര്ന്ന ചുരുള്മുടി അവള് പിച്ചി പറിച്ചു. തോളില് ഒക്കെ നല്ല ഇടിയും കൊടുത്തു.
‘ആദ്യം വൈന് രുചിച്ചു നോക്കല് നടത്താം.’ ഡാഡി പറഞ്ഞു. ‘നിങ്ങള് അവിടെ വച്ച അത് നടത്തിയില്ലല്ലോ.’
‘ഞങ്ങള്ക്ക് വേണ്ട… കാലു കൊണ്ട് ചവുട്ടി കൂട്ടിയാണ് വൈന് എടുക്കുന്നതെന്ന്
കേട്ടതോടെ ഓക്കാനം വന്നു.’നാരായണി പറഞ്ഞു. എല്ലാവരും പൊട്ടിച്ചിരിച്ചു.
‘അത് പണ്ടല്ലേ? ഇപ്പോള് ആ കാലമൊക്കെ മാറിയില്ലേ. എല്ലായിടത്തും ഇപ്പോള് യന്ത്രങ്ങളാണ് ഇതൊക്കെ ചെയ്യുന്നത്.’മമ്മി പറഞ്ഞു,
‘വിറ്റിസ് വെനിഫെറ:എന്ന പ്രത്യേക തരം മുന്തിരി ഉപയയാഗിച്ചാണ് വൈൻ ഉണ്ടാക്കുന്നത്. എന്തെല്ലാം തരം വൈന് ഉണ്ടെന്നോ? ഫ്രാന്‌സില് നിന്നും ഇറക്കുമതു ചെയ്യുന്ന യീസ്റ്റുപയോഗിച്ചാണ് മുന്തിരി ചാറു വൈന് ആക്കി മാറ്റുന്നത്. എന്തൊക്കെ കണ്ടുപിടുത്തങ്ങളാണ് നടക്കുന്നത്. ഗ്ലാസ്സ് ഒന്ന് ഇളക്കിയാല് ഇളകുന്ന വൈന് നോക്കു ലഹരി പോലും കണക്കാക്കുന്നു
ഇപ്പോള്. ഡാഡി വൈനിനെ പറ്റി ഒരു ക്ലാസ്സ് തന്നെ തന്നു. പണ്ട് കുട്ടപ്പന് വൈക്കോല് തുറുവില് ഒളിപ്പിച്ചു വച്ച് ഒളിച്ചു മോന്തിയ ‘ചാരായം’ ആണ് നന്ദിനിക്ക് ഓര്മ്മ വന്നത്. അന്നത് എന്തൊക്കെ പേടി ഉണ്ടാക്കി!
മേശപ്പുറത്തു പല തരം വൈന് കുപ്പികള് നിരന്നിരുന്നു. വൈന് രുചിക്കല് ആരംഭിക്കാന് പോകുന്നു. പാത്രങ്ങളില് മനോഹരമായി നിരത്തിയ ബിസ്‌ക്കറ്റും ചീസും എത്തി. ഇതാണത്രേ വൈനിനൊപ്പമുള്ള രുചിക്കൂട്ടുകള്. നാട്ടില് കള്ളു കുടിയന്മാര് തൊട്ടു നക്കുന്നത് അച്ചാറാണെന്നു കേട്ടിട്ടുണ്ട്. കുട്ടപ്പന് അച്ചാറു മടിയിൽ നിന്നെടുത്തു നക്കുന്നത് കണ്ടതുമാണ്. ഭംഗിയുള്ള വിവിധ നിറത്തിലും ആകൃതിയിലുമുള്ള സ്ഫടിക കപ്പുകള് മേശപ്പുറത്ത് നിരന്നിരുന്നു. അവയിലൊക്കെ വിവിധ തരത്തിലുള്ള വൈന് ഒഴിക്കാന് തുടങ്ങിയപ്പോള് നന്ദിനി പറഞ്ഞു
‘ഒക്കെ ഒഴിച്ച് വയ്ക്കണ്ട, ഞങ്ങള് ആരും ഇത് കഴിക്കില്ല.’
‘ഒന്ന് രുചിച്ചു നോക്കിയാല് മതി കുട്ടികളെ..ലഹരി ഒന്നുമില്ല.’ ഡാഡിയും മമ്മിയും ഒപ്പം പറഞ്ഞു. എല്ലാവരും മധുരമുള്ള വൈന് കുറച്ചു രുചിച്ചു നോക്കി. ബിസ്‌ക്കറ്റും ചീസും എടുത്തുതിന്നു. ദിനേശനും ഇതൊന്നും പരിചയമില്ലാത്തതായിരുന്നു. ജോണ്‌സന്റെ കൂടെ കൂടിയിട്ടാണ് ഒരല്പം ബിയര് കഴിക്കുന്നത് തന്നെ.
‘ലോകത്തില് വൈന് കൂടുതല് കുടിച്ചു തീര്ക്കുന്നത് സ്ത്രീകളാണ്’ ഡാഡി പറഞ്ഞു.
‘നിങ്ങളൊക്കെ ഒന്ന് ഉത്സാഹിച്ചാല് ഞങ്ങളുടെ വ്യാപാരവും കൂടും. എല്ലാവരും
ഉറക്കെ ചിരിച്ചു.
‘എന്ത് നല്ല സാധനത്തെയാണ് ഇങ്ങനെ ചീത്തയാക്കുന്നത്’ നന്ദിനി പറഞ്ഞു.
‘ഇതാണ് ബിസിനസ്. ഇതില്ലെങ്കില് ഈ മുന്തിരി ഒക്കെ എന്ത് ചെയ്യും? ഒക്കെ
ചീത്തയായി പോവില്ലേ?’മമ്മി ചോദിച്ചു.
‘അതും ശരിയാണ്.’നാരായണി പറഞ്ഞു. തങ്കമണി വൈന് കപ്പുകളുടെ ഭംഗി
ആസ്വദിക്കുകയായിരുന്നു.
‘ഈ ഭംഗിയുള്ള കപ്പില് ആരും പായസം ഒഴിച്ച് കുടിക്കാത്തതെന്താ?’
തങ്കമണിയുടെ ചോദ്യം.
എല്ലാവരും ഒന്നിച്ചു പൊട്ടിച്ചിരിച്ചു. അകത്ത് ഊണുമുറിയിലെ മേശപ്പുറത്തു ഭക്ഷണങ്ങളുടെ ഒരു നിര തന്നെ നിരന്നു. ജോബി പറഞ്ഞു പച്ചക്കറി വിഭവങ്ങളും ഒരുക്കിയിരുന്നു. ജോണ്‌സണ് വന്നത് ബിയര് കുപ്പിയുമായിട്ടാണ്.
‘പച്ചക്കറികള് മാത്രം വേണമെന്നില്ലാട്ടൊ ആന്റീ… വൈന് കഴിക്കാനൊക്കെ ബുദ്ധിമുട്ടുണ്ടെങ്കിലും എല്ലാവരും ഇപ്പോള് മത്സ്യ മാംസങ്ങള് കഴിക്കാര് തുടങ്ങിയിട്ടുണ്ട്. ‘ജോണ്‌സണ് പറഞ്ഞു
‘ അത് നന്നായി. ‘ ആന്റിക്ക് സന്തോഷമായി.
‘ ജോണ്‌സണ് പ്രത്യേകമായി വെടി ഇറച്ചി കരുതിയിട്ടുണ്ട്.’ആന്റി പാത്രങ്ങള്
ജോണ്‌സന്റെ മുന്നില് നീക്കി വച്ചു.
‘അതെന്താ വെടി ഇറച്ചി?’നാരായണിക്ക് അതും അറിയണം.
‘ അത് മുന്തിരി തോട്ടത്തിലെ വള്ളികളില് മലമ്പാമ്പ് ചുറ്റിക്കിടക്കും. അതിനെ
വെടിവെച്ച് കൊണ്ട് വന്ന് ഉണക്കി വറുക്കുന്നതാ..’ ജോണ്‌സണ് പറഞ്ഞു, നാരായണി ഓക്കാനിക്കാന് തുടങ്ങി.
‘അല്ല മോളെ.. ഈ ചെക്കന്!’ ആന്റി ജോണ്‌സണ് മെല്ലെ ഒരു തല്ലു കൊടുത്തു.
‘ അതു മുയലിനെയും മ്ലാവിനെയുമൊക്കെ വെടി വച്ച് പാറപ്പുറത്തിട്ടു ഉണക്കി സൂക്ഷിക്കുന്നതാ.. ‘നന്ദിനി നെറ്റിയില് തല താങ്ങി തരുന്നു. നാരായണി ഓടി കുളിമുറിയില് എത്തി കഴിഞ്ഞിരുന്നു.
‘ ഈ കൊടുംപാപമൊക്കെ എന്തിനാ ചെയ്യുന്നേ? പാവം മുയല്!’ തങ്കമണിക്കും അത് സഹിക്കാന് ആയില്ല. എന്തായാലും ആരും ഒരു ഇറച്ചിയും തിന്നാന് തയാറായില്ല. ചെമ്മീന് വറുത്തതും പുഴമീന് വെച്ചതും ഒക്കെ കഴിച്ചു. ഭക്ഷണ മേശയില് ഇതൊന്നും പറയരുതെന്ന് ആന്റി എല്ലാവരെയും ചട്ടം കെട്ടി. നല്ല പച്ചക്കറി വിഭവങ്ങള് ധാരാള ഉണ്ടായിരുന്നു. ഭക്ഷണം കഴിഞ്ഞു വെറുതെ സംസാരിച്ചിരുന്നപ്പോള് ആന്റിക്ക് ഒരു ആഗ്രഹം. കുറച്ചു പാട്ടും നൃത്തവും ആയാല് എന്താ?
വാദ്യോപകരണങ്ങള് നിരന്നു. വൈന് ഉണ്ടാക്കുന്നവരും മറ്റു പല ജോലിക്കാരും ഓടി എത്തി. ആദ്യം പെണ്കുട്ടികളുടെ നൃത്തം പൊടി പൊടിച്ചു. നിശാ വസ്ത്രം ഇട്ടു ചുറ്റി കറങ്ങി, കോളേജ് ഡേയ്ക്ക് അവതരിപ്പിച്ച നൃത്തം കണ്ട് എല്ലാവരും അന്തം വിട്ടിരുന്നു. വീട്ടില് വന്നിട്ട് നാരായണിക്കും തങ്കമണിക്കും അതൊരിക്കല് കാണിച്ചു കൊടുത്തിരുന്നു. അവരും കൂടി ചേര്ന്നു നൃത്തങ്ങള് അവതരിപ്പിച്ചു. ക്ഷീണിതരായി മാറി ഇരുന്നപ്പോള് ഗാനമേള തുടങ്ങി. പുതിയ മലയാള സിനിമയില് പാടിയ ഗാനങ്ങള് ജോണ്‌സണും നന്ദിനിയും ചേര്ന്ന് ആലപിച്ചു. മാനേജര്മാര് അവരെ അഭിനന്ദിച്ചു. ഇനി ഇറങ്ങാന് പോകുന്ന സിനിമയ്ക്ക് എഴുതിയ ഗാനം കേട്ട് എല്ലാവരും കോള്മയിര് കൊണ്ടു.
‘വെറുതെയാണോ സിനിമ ഹിറ്റ് ആകുന്നത്’ ആരോ പറഞ്ഞു. സമയം പോയതു പോലും അറിഞ്ഞില്ല.
‘നേരം വളരെയായി. നാളെയും യാത്ര ഉള്ളതല്ലേ’ ആന്റി എല്ലാവരെയും കിടപ്പുമുറിയിലേക്ക് ആനയിച്ചു. വൈകാതെ എല്ലാവരും ഉറങ്ങി. അത്രയ്ക്കും ക്ഷീണം ഉണ്ടായിരുന്നു. മുന്തിരി ചെടികള്ക്കിടയില് ജോണ്‌സന്റെ മാറോട് ചേര്ന്നുരുണ്ടു കളിച്ചതൊക്കെ ഓര്ത്ത് കിടന്നു നന്ദിനി ഉറങ്ങിപ്പോയി. ബിയര് അല്പ്പം കൂടുതല് കൂടിച്ചു ജോണ്‌സണും ഉറങ്ങി.
നന്ദിനിയുടെ ഉള്ളില് ഒരു ദുഃഖം ബാക്കി കിടന്നു. മുന്തിരി കുലകള് പഴുത്തു തൂങ്ങുന്ന ആ കുന്നിന് ചെരിവ്. അവിടെ കലപില കൂട്ടി മുന്തിരി പഴങ്ങള് മാത്രം തിന്നു ജീവിക്കുന്ന ചെറുപക്ഷികള്! എല്ലാവരും ഉറങ്ങിയത് വൈകി തന്നെയായിരുന്നു. മനസ്സില് ഉണര്ന്ന് ഒരു ജോഡി പക്ഷികള് ചിറകടിച്ചു പറക്കുന്നത് നന്ദിനിക്ക് അലോസരം ഉണ്ടാക്കി. ഒരു ഉറക്കം കഴിഞ്ഞു ഉണര്ന്നപ്പോള് കുഞ്ഞി ചിറകിന്റെ നേര്ത്ത മര്മ്മരം, പിന്നെ കണ്‌പോളകള് അടയ്ക്കാന് അനുവദിച്ചില്ല. അക്ഷര ലക്ഷങ്ങളായി ആ കുഞ്ഞു പക്ഷികള്, പഴുത്തു തൂങ്ങുന്ന മുന്തിരി ഫലങ്ങള് കൊത്തി പറന്നു കൊക്കുരുമ്മി രസിക്കുന്ന കമിതാക്കളായി, ചിറകൊടിഞ്ഞ പെണ്കിളിയെ നെഞ്ചില് ഒതുക്കി രക്ഷിക്കാനായി മുള്ള് വേലിക്കരികിലൂടെ പിടച്ചു നീങ്ങുന്നു ആണ്കിളിയായി, അവ രൂപം പ്രാപിച്ചു കൊണ്ടിരുന്നു . കവിത ഒഴുകി ഇറങ്ങി വെളള
കടലാസില് പരന്നു പരന്നു ഓളക്കൈകള് വീശി അവളെ സാന്ത്വനിപ്പിച്ചു. ഡേവിഡ് സാറ് തന്ന നല്ലൊരു സാഹചര്യം പുനര്ജനിക്കപ്പെട്ടു. ജോണ്‌സന്റെ വിരിമാറില് നന്ദു ഒരു കുഞ്ഞിക്കിളിയായി ഒതുങ്ങി കൂടി. പപ്പും തൂവലും നഷ്ടപ്പെട്ട കുഞ്ഞോമനയുടെ നഗ്‌ന മാറിടത്തില് സ്വന്തം കുറുകലാല് ചൂടുണര്ത്തുന്ന ആൺകിളിയുടെ ചുടു നിശ്വാസമേറ്റ് അത് ഉറങ്ങി, നേരം വെളുത്തത് അറിയാതെ.
കവിത മേശപ്പുറത്ത് അലസമായി കിടന്നു. മുറിയിലെ നേര്ത്ത ചുടുകാറ്റില് അത് മെല്ലെ ചലിച്ചു… നേര്ത്ത ശ്വാസധാരയില് ഇളകുന്ന കുഞ്ഞിച്ചിറകു പോലെ. ഉണര്ന്നപ്പോള് വെട്ടിത്തിരുത്തിയ കുറെ കടലാസുകള്ക്കിടയില് പൂര്ത്തിയായ കവിത നാരായണി കണ്ടു. നന്ദിനിയേച്ചി ഇന്നലെയും ഉറങ്ങിയില്ലെന്നു അവള് മനസ്സിലാക്കി.വായിച്ചപ്പോള് ഒരു രസമൊക്കെ തോന്നി. ചേച്ചിയുടെ രസതന്ത്രം ഒന്നും അവള്ക്കു മനസ്സിലായില്ല. എന്നിട്ടും സംഗീതം ധാരാളമായി പഠിച്ചതിന്റെ പശ്ചാത്തലത്തില് അവൾ അത് മൂളി കൊണ്ടിരുന്നു. തങ്കമണി ഉണര്ന്നപ്പോള്, നാരായണി ഒരു കടലാസ് കയ്യിൽ വച്ച് പാടുന്നു. അവള് കട്ടിലില് നിന്നും ചാടി ഇറങ്ങി വന്നു. ‘നാരായണിയു, തുടങ്ങിയോ പാട്ടെഴുതാന്?’
അയ്യോ! ഇല്ല…ഇത് നന്ദിനിയേച്ചി എഴുതി വച്ചതാ..ഞാന് ഇത് എന്റെ രാഗത്തിൽ ഒന്ന് പാടി നോക്കിയതാ.’
‘ നന്നായിട്ടുണ്ട്. പക്ഷെ ഈ ഈണത്തില് ഒരു പാട്ട് മുമ്പ് കേട്ടിട്ടുള്ളത് പോലെ
‘അത് തന്നെയാ. എനിക്കങ്ങനെ പുതിയ ഈണമൊന്നും വരുന്നില്ല……ഈ നന്ദിനിയേച്ചിയുടെ ഒരു തല !’
അവര് കുളിച്ചൊരുങ്ങി വന്നു നന്ദിനിയെ വിളിച്ചുണര്ത്തി. നാരായണി പാടുന്ന മൂളിപ്പാട്ട് കേട്ടു നന്ദിനി ചിരിച്ചു. ‘നീ അതൊന്നു പാട് നാരായണി ‘
‘അയ്യോ! ഞാനോ! എനിക്കറിയില്ല ചേച്ചി.’ ‘എന്നാലും…’
‘ ഇതൊരു പഴയ മലയാള ഗാനത്തിന്റെ ഈണത്തിലല്ലെ’
‘അതു മതി. നീ ഒന്ന് പാട്.’
നാരായണി നാണത്തോടെ പാടി. എല്ലാവരും ഒരുങ്ങി ഇറങ്ങി കാറില് കയറി.രണ്ടു കാറുകള് ധോഡഖബല്ലപുര കവലയില് എത്തി. വഴി അവിടെ മൂന്നായി തിരിയുന്നു.നന്ദി ഹില്‌സില് എത്തണമെങ്കില് പ്രധാന വഴി ഉപേക്ഷിച്ചു നാട്ടു വഴികളിലൂടെ പോകണം. പോരാട്ടങ്ങളുടെ ചൂടേറ്റു വാടുമ്പോള്, ടിപ്പു സുല്ത്താന് കുതിരപ്പുറത്തേറി ഇവിടെ എത്തി ഊര്ജ്ജം തിരിച്ചു നേടും. അതാണ് നന്ദി ഹില്‌സ്.ഗ്രാമ വഴികളിലൂടെയാണ് യാത്ര. നാരായണീ അറിയാതെ മൂളുന്നത് ഒരു പ്രത്യേക ഗാനമാണെന്നും ജോണ്‌സണ് തിരിച്ചറിഞ്ഞു.
‘മൂളാതെ…നാരായണി, അതൊന്നു പാട്. ‘ ജോണ്‌സണ് പറഞ്ഞു.
‘അതിന്, ഈ പാട്ടിന് ഈണം ഇട്ടിട്ടില്ല. ഇന്നലെ നന്ദിനിയേച്ചി എഴുതി വച്ചിരുന്നതാ’ നാരായണി പറഞ്ഞു.
‘പിന്നെ, താന് ഗപ്പോള് പാടുന്നതോ! ‘ ‘അതൊരു പഴയ മലയാളം പാട്ടിന്റെ ഈണം ആണ്.’
‘അങ്ങനെ തന്നെ പാടേടോ… ഞങ്ങൾ കേൾക്കട്ടെ ‘
നാരായണി പാടാൻ തുടങ്ങി. വാക്കുകൾ ചേർത്തെടുത്തത് വളരെ
നന്നായിരിക്കുന്നു. നന്ദിനി ഒന്നും മിണ്ടാതെ ഇരിക്കുന്നു. കാര് വളവും തിരിവും ഉള്ള ഇടുങ്ങിയ നാട്ടു വഴികളിലൂടെ മുക്കി മൂളി നീങ്ങുകയാണ്. ഒരു അഭ്യാസിയുടെ പാടവത്തോടെ ജോണ്‌സണ് കാര് ഓടിക്കുന്നത് നോക്കിയിരിക്കുന്നു ദിനേശന്. വില കൂടിയ ഈ വാഹനത്തിനു ഓടാന് പറ്റിയ വഴിയല്ല…വണ്ടി അതോര്ത്ത് തേങ്ങുന്നുണ്ട്. വളഞ്ഞു പുളഞ്ഞ വഴികളിലെ മരങ്ങളില് കുരങ്ങന്മാര് ഊഞ്ഞാലാട്ടം തുടരുന്നു.മുന്നിലെ കാറില് നിന്നും ആന്റി ഭക്ഷണ സാധനങ്ങള് അവയ്ക്ക് എറിഞ്ഞു കൊടുക്കുന്നതിന്റെ തിരക്കുണ്ടായിരുന്നു. ആദ്യം വീരഭദ്ര ക്ഷേത്രത്തിലെ ശാന്തതയ്ക്കു മുന്നില് കാര് നിര്ത്തി. ക്ഷേത്ര നടയില് ആരും ഇല്ല. ഒരു നിലവിളക്ക് മാത്ര മുനിഞ്ഞു കത്തുന്നുണ്ട്. അപൂര്വ്വ ഇനം സസ്യങ്ങള് അവിടെ ഉണ്ടത്രേ! ഈ സ്ഥല സമുദ്ര നിരപ്പില് നിന്നും അയ്യായിരം അടി മുകളില് ആണ്.
‘തന്റെ തടവു പുള്ളികളെ ടിപ്പു സുല്ത്താന് ഈ കുന്നിന് മുകളില് നിന്നും താഴേക്കു തള്ളുമായിരുന്നത്രെ’ജോണ്‌സണ് പറഞ്ഞു
‘ഹോ! ‘നാരായണി കാതു പൊത്തി. ‘ഇതൊന്നും പറയല്ലേ ജോണ്‌സേട്ടാ!’ അവള് പറഞ്ഞു.
‘ഉറങ്ങുന്ന നന്ദിയുടെ രൂപമാണ് ഈ മലയ്ക്ക്’ തങ്കമണി പറഞ്ഞു.
‘അതല്ലേ ഇതിനീ പേരു വന്നത്’ ജോണ്‌സണ് പറഞ്ഞു.
ശിവ വാഹനമായ നന്ദികേശനെ ധ്യാനിച്ച് നില്ക്കുകയായിരുന്നു നന്ദിനി. നന്ദി ഹില്‌സില് മൂടല് മഞ്ഞു വന്നു പൊതിയുന്നുണ്ടായിരുന്നു. ഒരു സുന്ദര ഗാന രാഗത്തിന്റെ അരങ്ങു പോലെ തോന്നിച്ചു ആ പ്രദേശം. മഞ്ഞിലും തെളിഞ്ഞ മരങ്ങളുടെ ശാഖകള് ഏതോ ചിത്രരചന പോലെ സുന്ദരം! പാര്ക്കില് നിറയെ കമിതാക്കള് പരസ്പരം ചൂട് പകര്ന്നിരിക്കുന്നത് കാണാമായിരുന്നു. കനലില് ചുട്ടെടുത്ത കോഴിക്കാലുകള് വാങ്ങി വന്നു ഡാഡി. എല്ലാവരും തണുപ്പകറ്റാന് ആവി പറക്കുന്ന കോഴിക്കാലുകള് രുചിയോടെ തിന്നു.
‘ഒരു ചുടു ചായ കിട്ടിയെങ്കില് ‘ നാരായണി പറഞ്ഞു.
‘ചായയും കാപ്പിയുമൊന്നും ഇവിടെ കിട്ടില്ല ‘ ജോണ്‌സണ് പറഞ്ഞു.
‘അതെന്താ? ‘അതിശയത്തോടെ നന്ദിനി ചോദിച്ചു.
‘അതോ, ചായയും കാപ്പിയും ഉണ്ടെങ്കില് പ്രണയത്തിന്റെ ചൂടും കുടെ ചേര്ത്ത് ഈ കമിതാക്കളൊക്കെ ഇവിടെ തന്നെയങ്ങ് കൂടും. അത് ഇവരുടെ വ്യാപാരത്തെ ബാധിക്കില്ലേ.’ജോണ്‌സണ് പറഞ്ഞു.
‘ഇവന്റെ ഒരു കണ്ടു പിടുത്തം!’ഡാഡി ഉറക്കെ ചിരിച്ചു.
അനീറ്റ നന്ദുവിന്റെ മടിയില് കയറി കൂടിയിരുന്നു. ആ ചേച്ചിയെ അവള്ക്ക് ഒരുപാട് പിടിച്ചിരിക്കുന്നു.
‘ ഉറങ്ങുന്ന മുഖമുള്ള ഈ നന്ദികേശനെ വിട്ടു നമുക്ക് തെന്നിന്ത്യയിലെ ഏറ്റവും വലിയ നന്ദികേശന്റെ ശില്പമൊന്നു കണ്ടാലോ അങ്കിള്? ‘ജോണ്‌സണ് ചോദിച്ചു.
‘ ഇവിടെ നെഹ്‌റു നിലയത്തില് നേരെത്തെ മുറി എടുക്കണ്ടേ ? നമ്മള് രാത്രി എവിടെ തങ്ങും?’
‘സാരമില്ല അങ്കിള്, സ്ഥലം കിട്ടിയില്ലെങ്കില് നമുക്ക് വീട്ടിലേക്കു മടങ്ങി പോകാം.രാത്രി വണ്ടി ഓടിക്കേണ്ടി വരും. അങ്കിളിന് പറ്റുമോ? ‘
‘ ഉം… നോക്കാം… ജോബിയും ആന്റിയുമൊക്കെ ഒരു കൈ നോക്കും.’
കൊട്ടാരത്തിന്റെ പ്രതാപമുള്ള നെഹ്‌റു നിലയത്തിലെ വലിയ ഒരു മുറി മാത്രം അവര്ക്കായി ഒഴിഞ്ഞു കിടന്നു. രണ്ടു വലിയ കട്ടിലുകള് അവിടെ ഉണ്ടായിരുന്നു.
ഒരു കട്ടില് കൂടെ അതേ മുറിയില് സംഘടിപ്പിച്ചു.
‘നന്ദിഹില്‌സിലെ രാത്രി.. നമ്മുടെ ആദൃ പ്രധാനമ്രന്തി നെഹ്‌റു ഇവിടെ വന്നപ്പോള് എല്ലാം അന്തി ഉറങ്ങിയ മുറിയാണിത്. മാസങ്ങള്ക്ക് മുന്പു മുറി ആവശ്യപ്പെട്ടാല് പോലും ഇവിടെ കിട്ടാറില്ല. ഇതിലാരോ ഒരു വലിയ ഭാഗ്യവാന് ഉണ്ട്.’ജോണ്‌സണ് പറഞ്ഞു.
‘ അതെന്താ ജോണ്‌സേട്ടാ? ഭാഗ്യവതി ആയിക്കൂടെ?’നാരായണിയുടെ വാ വെറുതെ ഇരുന്നില്ല.
‘തിരിച്ചെടുത്തിരിക്കുന്നു… ക്ഷമിക്കു എന്റെ നാരായണി..ക്ഷമിക്കൂ..നീ തന്നെയാണ് ആ ഭാഗ്യവതി… ഒന്ന് പറയെടോ ദിനേശാ..’ ജോണ്‌സണ് ദിനേശനെ ഒന്ന് നുള്ളി.
അയാള് നാണത്തോടെ തല കുനിച്ചു.
മൂന്നു കട്ടിലിലായി ഒരേ മുറിയില് എല്ലാവരും കിടന്നു. അങ്കിളും, ആന്റിയും,
അനീറ്റയും ഒന്നില്. ജോണ്‌സണും, ജോബിയും, ദിനേശനും ഒന്നില്. പെണ്കുട്ടികള് മൂന്നും ഒന്നില്. അനീറ്റക്ക് നന്ദിനിയുടെ കൂടെ കിടക്കണമെന്നുണ്ടായിരുന്നു. സ്ഥലക്കുറവിനാല് അവള്ക്ക് ആ ആശ നടന്നില്ല.
നന്ദിനിയും ജോണ്‌സണും മുഖത്തോട് മുഖം തിരിഞ്ഞാണ് കിടന്നിരുന്നത്. ജോണ്‌സന്റെ മനസ്സിലൂടെ പുറത്തെ കുളിര് അലയൊലി തീര്ക്കുന്നുണ്ടായിരുന്നു. അപ്പുറത്ത് കയ്യെത്തിച്ചാല് തൊടാവുന്ന അകലത്തു പ്രിയപ്പെട്ടവള്! ശരീരവും മനസ്സും ചുട്ടു പൊള്ളുന്ന പോലെ. ഭക്ഷണത്തിന്റെ കൂടെ കഴിച്ച ബിയര് അകത്തു പ്രണയത്തിന്റെ നുരകുത്തി പടര്ത്തുന്നു. കൈ നീട്ടി നന്ദിനിയുടെ നേര്ത്ത വിരലില് അയാള് ഞെരടി. അവള് കണ്ണു കൊണ്ട് ശാസിച്ചു. നേര്ത്ത വെളിച്ചം തൂകി കിടന്ന മുറിയില് അവളുടെ ശില്പ ഭംഗിയുള്ള ശരീരത്തിന്റെ അഴക് ആസ്വദിച്ചു കിടന്നപ്പോള് ഹൃദയത്തില് പടഹ ധ്വനി മുഴങ്ങി. നന്ദിനി തലേ രാത്രി എഴുതിയ ഗാനം ചിറകു വിരിച്ചു പറന്നാടി. ചെറു പക്ഷങ്ങള് വീശി അത് അന്തരീക്ഷത്തില് വട്ടം ചുറ്റി. മുഴങ്ങുന്ന മധുര സ്വരത്തില് ജോണ്‌സണ് ഉറക്കെ പാടി. ഒരു പുതിയ ഈണം പിറന്നിറങ്ങി.. നന്ദിനി ചെവി കൂര്പ്പിച്ചു. ഉറക്കത്തിന്റെ വഴിയിലേക്കു വഴുതി ഇറങ്ങിയവരൊക്കെ ഞെട്ടി എഴുന്നേറ്റു. നന്ദിനി വിസ്മയം കൊണ്ടു. എന്തൊരു സുന്ദര
രാഗം ഇതു വരെ തന്റെ മനസ്സിന്റെ ഏഴയലത്ത് പോലും വന്നെത്താത്തത്ര മനോഹരമായ രാഗസുധ
‘ചേച്ചി എഴുതിയ പാട്ടല്ലേ ജോണ്‌സേട്ടന് പാടുന്നത്?’നാരായണി തട്ടി പിടഞ്ഞെഴുന്നേറ്റു. കടലാസും പേനയും എടുത്തു നന്ദിനിക്ക് കൊടുത്തു. ഗദ്ഗദം മുട്ടിയ ഇടറിയ തൊണ്ടയോടെ ആണ്കിളി പാടുകയാണ്, നെഞ്ച് തകര്ന്നു തന്റെ ചുടേറ്റു കിടക്കുന്ന പെണ്കിളിയുടെ കുഞ്ഞി തൂവലുകള് വികാര വിവശമായി എഴുന്നുവരാന് പറ്റുന്ന രാഗസുരഭിലമായ ഈണംഎല്ലാം മറന്നു ജോണ്‌സന്റെ മുഴങ്ങുന്ന ഭംഗിയുള്ള സ്വരത്തില് ഉണര്ന്നുയര്ന്ന രാഗം നന്ദിനി കടലാസിലാക്കി. ഗാനം അവസാനിച്ചപ്പോള് എല്ലാവരും ഏങ്ങലടിച്ചു. നിശബ്ദതയെ കീറി മുറിച്ച് അനീറ്റ ചാടി ഇറങ്ങി ജോണ്‌സന്റെ നെഞ്ചില് കമിഴ്ന്നു കിടന്നു. അവളെ മാറില് ചേര്ത്തു
കൊഞ്ചിക്കുമ്പോള് അയാളുടെ ഹൃദയം വിവശമായി.
‘എന്നില് വാഴും ആത്മാവേ… എന്നില് കത്തിപ്പടരണമേ..’എന്ന പ്രാര്ത്ഥനാ സ്വരം
അയാളുടെ ചേതന ഏറ്റു പാടി. ഒരു കൈ അകലത്തില് പെണ്കിളി കുറുകുന്നു .
ഉറങ്ങാൻ ഇനി ബിയര് ആദ്യം കുടിക്കണം!
അങ്കിളും എഴുന്നേറ്റു. പുതിയൊരു ബിയര് കുപ്പി പൊട്ടിച്ചു. പതയുന്ന ബിയര് മൊത്തി കുടിച്ചു വളരെ നേരം ഇരുന്നു. നന്ദിനി കടലാസും പേനയും മാറ്റി വച്ചു.പ്രിയന്റെ ആത്മനൊമ്പരം അവള് തിരിച്ചറിഞ്ഞു. വെന്തുരുകുന്ന ആ മനസ് ആശ്വസിപ്പിക്കാന് അവള് അശക്തയാണല്ലോ. കണ്ണിറുക്കെ അടച്ച് അവള് തിരിഞ്ഞു കിടന്നു, ഒരു വെണ്ണക്കല് ശില്പം പോലെ
ജീവജലത്തിന് അരുവിയായ് കത്തിജ്വലിക്കും സ്‌നേഹമായ്, ഒരു ജീവ ചൈതന്യമായ്, ആ പരിശുദ്ധി അവരില് നിറഞ്ഞു കത്തുന്നതിനായി ജോണ്‌സണ് പ്രാർത്ഥിച്ചു
About The Author
No related posts.