LIMA WORLD LIBRARY

കിളിക്കൊഞ്ചല്‍ , (ബാലനോവല്‍) അദ്ധ്യായം 1 – കാരൂര്‍ സോമന്‍

(കടപ്പാട് : കേരള ബാല സാഹിത്യ ഇൻസ്റ്റിറ്യൂട്ട് )

ചാര്‍ളിക്ക് ഏഴ് വയസുളളപ്പോഴാണ് ക്യാന്‍സര്‍ ബാധിച്ച് അമ്മ മരിക്കുന്നത്. സൗദി അറേബ്യയിലുള്ള അപ്പന്‍ ഷാജി രണ്ടു വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് നാട്ടില്‍ വരുന്നത്. അമ്മ അവനൊരു ഓര്‍മ്മയാണ്, ദൂരങ്ങളിലിരുന്നു മാത്രം സ്നേഹിക്കുന്ന അപ്പനാവട്ടെ ഒരു മരീചികയും. ഏഴാം ക്ലാസ്സിലാണ് പഠിക്കുന്ന ചാര്‍ളിയുടെ സംരക്ഷണ ചുമതല രണ്ടാനമ്മ റീനയിലാണ്. റീനക്കും ഒരു മോനുണ്ട്. ആറാം ക്ലാസില്‍ പഠിക്കുന്ന കെവിന്‍. റീനയെ കുഞ്ഞമ്മയെന്നാണ് ചാര്‍ളി വിളിക്കുന്നത്.

ഒരു ശനിയാഴ്ച.
ഉച്ചയ്ക്കുള്ള ഊണ് കഴിഞ്ഞുള്ള പതിവ് ഉറക്കത്തിലായിരുന്നു കുഞ്ഞമ്മ. കെവിന് ഉറങ്ങണമെന്നില്ലെങ്കിലും കൂടെ കിടത്തിയുറക്കും. ഈ സമയമാണ് ചാര്‍ളിക്ക് ഏറെ സന്തോഷം. കുഞ്ഞമ്മയുടെ കണ്ണ് തുറന്നിരുന്നാല്‍ എന്തെങ്കിലും ജോലി ചെയ്യിക്കും. ഒരു നിമിഷം വെറുതെ ഇരുത്തില്ല. കിടക്കാന്‍ പോകുന്നതിന് മുമ്പ് ഒരു ജോലി തരും. പശുവിനെ പാടത്തുതീറ്റണം, പുല്ലു പറിക്കണം. വീടിന്‍റെ തെക്കുഭാഗത്ത് കുറെ പാടമുണ്ട്. പശുവിനെ പാടത്ത് ഒരു കുറ്റിയില്‍ കെട്ടിയിട്ടിട്ടാണ് വന്നത്.

ആ വീട്ടില്‍ പശു, പൂച്ച, നായ്, തത്ത ഒക്കെയുണ്ട്. പൂച്ചക്കു പേരില്ല. വെളുത്തനിറമാണ്. നായക്കു പേരുണ്ട്. കുട്ടന്‍. കുട്ടന്‍റെ നിറം കറുപ്പാണ്. അവനെ കാണുമ്പോള്‍ തന്നെ അയല്‍ക്കാര്‍ക്ക് പേടിയാണ്. വരാന്തയുടെ കോണിലെ കൂട്ടിലാണ് തത്ത. ചാര്‍ളി തത്തമ്മേ എന്നു നീട്ടി വിളിക്കുമ്പോള്‍ അവള്‍ കുണുങ്ങിച്ചിരിക്കും.
കുഞ്ഞമ്മയെക്കാള്‍ അവനെ സ്നേഹിക്കുന്നത് തത്തമ്മയും കുട്ടനുമാണ്. നീണ്ട നാളുകളായി ചാര്‍ളിയുടെ മനസ്സിലെ ഒരാഗ്രഹമാണ് തത്തയെ കൂട്ടില്‍ നിന്ന് തുറന്ന് വിടണമെന്നത്. ڇ’പക്ഷെ’ കുഞ്ഞമ്മയുടെ അനുവാദമില്ലാതെ എങ്ങനെ തുറന്നുവിടും? തത്തമ്മ സങ്കടത്തോടെ അവനോട് പറയും ‘ചാര്‍ളീ…തുറ…. വിടൂ….چ അതിന് മറുപടിയായി പറയും. ‘നാളെയാട്ട്….’ തത്തമ്മ അടുത്ത ദിവസവും പറയും ‘ചാര്‍ളീ…തുറ…വിടൂ’ അതേ വാക്കുതന്നെ അവന്‍ ഉരുവിട്ടുകൊണ്ടിരുന്നു. ഒരു ദിവസം തത്തമ്മ ദേഷ്യത്തോടെ പറഞ്ഞു: ‘കള്ളന്‍!’ ആ വാക്ക് അവന്‍റെ മനസ്സിനെ നൊമ്പരപ്പെടുത്തി. ഒരിക്കലും ആ പേരു കേള്‍ക്കാന്‍ ആഗ്രഹിച്ചതല്ല. ഏറെ നേരം തത്തമ്മയെ ഉറ്റുനോക്കിയിട്ടു പറഞ്ഞു. ‘ഈ ആഴ്ചതന്നെ തത്തമ്മയെ ഞാന്‍ തുറന്നുവിടും.’
അന്നു രാത്രി അവന്‍ തത്തമ്മയെപ്പറ്റി ചിന്തിച്ചു. നല്ലൊരു ജീവിതത്തിന് വേണ്ടിയല്ലേ തുറന്നുവിടാന്‍ പറയുന്നത്. മനുഷ്യരെപോലെ ഉയരങ്ങളിലേക്ക് പറക്കാന്‍ ആ പക്ഷിക്കും ആഗ്രഹം കാണില്ലേ.

കുഞ്ഞമ്മയുടെ മുറിയിലേക്ക് ജനാലയിലൂടെ ചാര്‍ളി നോക്കി. നല്ല ഉറക്കമാണ്. അടുത്തമുറിയില്‍ നിന്ന് ‘മ്യാവൂ’ ശബ്ദം ഉയര്‍ന്നു. പൂച്ച കുഞ്ഞമ്മ കിടന്ന മുറിയിലേക്ക് വന്നു. ചാര്‍ളിയെ കണ്ടതും താഴേക്ക് ചാടി. കുഞ്ഞമ്മയുടെ അടുത്തായി ചുരുണ്ടുകൂടി.
കുഞ്ഞമ്മയ്ക്കും കെവിനും പൂച്ചയെ ഇഷ്ടമാണ്. ഊണും ഉറക്കവുമെല്ലാം ഒന്നിച്ചാണ്. കെവിന്‍ പഠിക്കാനിരിക്കുമ്പോഴും പൂച്ചയും മേശപ്പുറത്തു കാണും.
ഉള്ളില്‍ ഉത്കണ്ഠയും മനസ്സില്‍ ഭയവുമായി ശബ്ദമുണ്ടാക്കാതെ ചാര്‍ളി വീടിന്‍റെ പിന്നിലൂടെ വരാന്തയുടെ മുന്നിലെത്തി. തത്തമ്മ സങ്കടപ്പെട്ടു പറഞ്ഞു. ‘ചാര്‍ളീ… തുറ…. വിടൂ….’ എത്രയോ നാളുകളായി പറയുന്നു, തുറന്നുവിടാന്‍.
നിരാശയോടെ ചാര്‍ളി തത്തമ്മയെ നോക്കി. തത്തമ്മയും അവനെ സ്നേഹത്തോടെ വിളിച്ചു. ‘ചാ..ര്‍’. ഒരു കിളിയുടെ രക്ഷക്കുവേണ്ടി എത്ര അടികൊള്ളാനും അവന്‍റെ മനസ്സ് തയ്യാറായിക്കഴിഞ്ഞു. അവന്‍ വാത്സല്യത്തോടെ തത്തമ്മയുടെ ചുണ്ടില്‍ തടവിയിട്ടു പറഞ്ഞു.
‘നിന്നെ രക്ഷപ്പെടുത്തിയാല്‍ ഞാനങ്ങനെ നിന്നെ കാണും. എനിക്കു ദിവസവും നിന്നെ കാണാന്‍ പറ്റുവ്യോ.’
തത്തമ്മയുടെ കണ്ണുകള്‍ അവനില്‍ തറച്ചു.
വീണ്ടും തത്തമ്മയുടെ ചുണ്ടിലും മുഖത്തും അവന്‍ തടവി. തത്തമ്മ പറഞ്ഞു. ‘വര്‍..വര്‍’ തത്തമ്മയുടെ ഭാഷ അവന് മനസ്സിലായി. ‘വരും വരും’ എന്നാണ് തത്തമ്മ പറഞ്ഞത്. വീണ്ടും പറഞ്ഞു.’വര്‍..വര്‍’ തത്തമ്മയുടെ കണ്ണുകള്‍ കൂടുതല്‍ വികസിച്ചുനിന്നു. വീണ്ടും തത്തമ്മ പിറുപിറുത്തു.’പാ..പാ..’ അതിന്‍റെ അര്‍ത്ഥവും അവന്‍ പൂര്‍ണ്ണമായി മനസ്സിലാക്കി. തത്തമ്മക്ക് പഴം വേണം. അവനെ കാണുമ്പോഴൊക്കെ തത്തമ്മ പഴം ചോദിക്കും. അടുക്കളയില്‍ പഴം ഉള്ളത് അവനറിയാം. ഉച്ചയ്ക്ക് അടുക്കളയുടെ കതക് കുറ്റിയിടാറില്ല. തത്തമ്മക്ക് അവസാനമായി ഒരു പഴം കൂടി കൊടുക്കാം. മിടിക്കുന്ന ഹൃദയത്തോടെ അടുക്കളവാതില്‍ അവന്‍ പതുക്കെ തുറന്നു ഒരു പഴമെടുത്ത് പുറത്തേക്കിറങ്ങി. കതക് ശബ്ദമുണ്ടാക്കാതെ അടച്ചു.

പകുതി പഴം ചാര്‍ളി തിന്നിട്ട് ബാക്കി കൂട് തുറന്ന് അതിനുളളില്‍ വച്ചു. ‘വേഗം തിന്ന്. എന്നിട്ട് ്യൂഞാന്‍ തത്തമ്മയെ കൂട്ടില്‍ നിന്ന് ഇറക്കി വിടാം.’ തത്തമ്മ എന്തോ പറയുവാന്‍ ആഗ്രഹം പ്രകടിപ്പിച്ചുവെങ്കിലും പഴം തിന്നു തീര്‍ക്കുന്നതിലായിരുന്നു ശ്രദ്ധ പെട്ടെന്ന് അകത്ത് നിന്നുള്ള അടുക്കളയുടെ കതക് തുറന്ന് കെവിന്‍ പുറത്തേക്ക് വന്നു.


ചാര്‍ളിയെ തുറിച്ച് നോക്കി അടുത്തു ചെന്ന് പിടിച്ചൊരു തള്ള് കൊടുത്തു. എന്നിട്ട് അധികാരത്തോടെ പറഞ്ഞു. “എന്‍റെ തത്തയെ എന്തിനാ നീ തൊട്ടേ?” കെവിന് ചാര്‍ളിയെക്കാള്‍ ആരോഗ്യമുണ്ട്. അമ്മ താലോലിച്ച് വളര്‍ത്തുക മാത്രമല്ല ഭക്ഷണവും അവന്‍റെ ഇഷ്ടത്തിനുള്ളത് ഉണ്ടാക്കി കൊടുക്കും. ചാര്‍ളി മറുത്തൊന്നും പറഞ്ഞില്ല. അവന്‍ ആ വീട്ടില്‍ ഏകനും ദുഃഖിതനുമായിരുന്നു.
ചാര്‍ളി വിഷമത്തോടെ പുറത്തേക്ക് ഇറങ്ങി നടന്നു. തത്തമ്മ വിളിച്ചു. ‘ചാളീ..ചാളീ…’ അതുകേട്ട് കെവിന്‍ തത്തമ്മയോടു ദേഷ്യപ്പെട്ടു. ‘നിനക്കു അവനോടാ സ്നേഹം അല്ലേ? നീ ഇനി പഴം തിന്നേണ്ട.’ കൂടിന്‍റെ വാതില്‍ തുറന്ന് കെവിന്‍ പഴമെടുത്തപ്പോള്‍ അവന്‍റെ കൈവിരലില്‍ തത്തമ്മ ഒരു കൊത്തുകൊടുത്തു. അവന്‍ ആ തത്തക്കൂട് അടച്ചിട്ട് ദേഷ്യത്തോടെ തള്ളിയാട്ടി. തത്തക്കൂട് ഊഞ്ഞാലു പോലെയാടി.
പുരയിടത്തിലൂടെ നടന്ന ചാര്‍ളി പൊണ്ണത്തടിയനായ കെവിനെപ്പറ്റി ചിന്തിച്ചു. കതകടക്കുന്ന ശബ്ദം അവന്‍ കേട്ടുകാണും. അതാ വന്നത്. അവനോട് വഴക്കു കൂടരുതെന്ന് അപ്പന്‍ പറഞ്ഞിട്ടുണ്ട്. ‘നീയാണ് മൂത്തത്. അവന്‍ എന്തെങ്കിലും തെറ്റ് ചെയ്താല്‍ ക്ഷമിക്കേണ്ടത് നീയാണ്. തെറ്റിനെ തെറ്റ് കൊണ്ട് തിരുത്തരുത്. അങ്ങനെ തെറ്റിനെ തിരുത്തി സഹിച്ചും മാനിച്ചും വളരുന്ന കുട്ടികള്‍ വളരെ നന്നായി വളരും, ഉയരും, വലുതാകും.’
ഒരോ ദിവസം ചെല്ലുന്തോറും അവന്‍റെ തെറ്റുകള്‍ പൊറുക്കുവാന്‍ ചാര്‍ളി പഠിച്ചു. കൂടുതല്‍ സ്നേഹം പങ്കുവെക്കാനും ശ്രമം തുടങ്ങി. എന്തുകൊണ്ടോ കെവിന്‍ അവനില്‍ നിന്ന് കൂടുതല്‍ കൂടുതല്‍ അകന്ന് കൊണ്ടിരുന്നു.
എങ്ങും പ്രകാശം തെളിഞ്ഞു നിന്നു. അടുത്ത പ്ലാവിലിരുന്ന് കുരുവി പാടുന്നു. ആ സംഗീതമാധുര്യം കേട്ടു ചാര്‍ളി പുല്ലുകള്‍ പറിച്ചു.

വേദന മനസ്സില്‍ കടന്നുവരുമ്പോഴൊക്കെ അവനും മൂളിപ്പാട്ടുകള്‍ പാടാറുണ്ട്. വയലിന്‍ പഠിക്കണമെന്ന് മനസ്സില്‍ വലിയൊരു ആഗ്രഹമാണ്. സ്കൂളില്‍ മത്സരത്തിന് പാട്ടുപാടി സമ്മാനങ്ങള്‍ വാങ്ങിയതല്ലേ? ഇനിയും പാടണം.
പറിച്ചെടുത്ത പുല്ലുമായി അവന്‍ വീട്ടിലേക്ക് നടന്നു. ചെറിയ തൊഴുത്തിന്‍റെ വരാന്തയില്‍ ചെന്നപ്പോള്‍ കുട്ടന്‍ നായ് വാലാട്ടി അവന്‍റെയടുത്തേക്ക് വന്നു. അവന്‍ ചാണകം വാരുന്ന കൊട്ടയുമായി തൊഴുത്തിനുള്ളിലേക്ക് കയറി. പാടത്ത് നിന്ന് പശു അമറുന്നത് കേട്ടു. അതിനെ പുതിയ മേച്ചില്‍ പുറത്തേക്ക് മാറ്റി കെട്ടണം. അടുത്ത വീട്ടിലെ പൈക്കുട്ടി പുരയിടത്തില്‍ തുള്ളിച്ചാടി നടക്കുന്നത് കണ്ടു. ആ വീട് ബോബി വല്യപ്പന്‍റെതാണ്. അപ്പന്‍റെ മൂത്ത സഹോദരന്‍.

ചാണകം വാരി കഴിഞ്ഞപ്പോള്‍ ദുര്‍ഗന്ധം ശരീരത്തിലും വ്യാപിച്ചു. കിണറ്റിന്‍ കരയിലേക്ക് നടന്നു. കിണറ്റില്‍ നിന്നും വെള്ളം കോരുമ്പോള്‍ വരാന്തയില്‍ നിന്നു തത്തമ്മയുടെ വിളി അവന്‍ കേട്ടു. ‘ചാളീ… ചാളീ…തുറ…’ തത്തമ്മയെ തുറന്ന് വിടണം. തുറന്നു വിട്ടാല്‍ എന്താവും? കുഞ്ഞമ്മ വെറുതെ ഇരിക്കില്ല. കുഞ്ഞമ്മയെ ആശ്രയിച്ചല്ലേ ജീവിക്കുന്നത്. ഒരാള്‍ മറ്റൊരാളെ ആശ്രയിക്കാതെ ജീവിക്കാന്‍ പറ്റില്ല. ഇവിടെ എന്നെ ആശ്രയിക്കുന്നത് തത്തമ്മയാണ്. മരത്തണലുകളില്‍ നിഴലുകള്‍ കണ്ടു. നീലാകാശം മങ്ങിനിന്നു. ഇനിയും തത്തമ്മയെ ഉപേക്ഷിക്കാനാവില്ല. വീടിന് മുന്നില്‍ നിഴലുകള്‍ നീണ്ടു. കുഞ്ഞമ്മ ഇപ്പോഴും ഉണര്‍ന്നിട്ടില്ല. ഉള്ളില്‍ ഭയമുണ്ടെങ്കിലും ധൈര്യം സംഭരിച്ച് മുന്നോട്ടു നടന്നു. തത്തമ്മ വീണ്ടും യാചനയോടെ പറഞ്ഞു: “എന്നെ തുറന്ന് വിടൂ.” ധൈര്യം സംഭരിച്ച് തത്തക്കൂട് തുറന്നു. തത്തമ്മയെ കൈയ്യിലെടുത്ത് ആകാശത്തിലേക്ക് പറത്തി. തത്തമ്മ സന്തോഷത്തോടെ പറന്ന് പോകുന്നത് ചാര്‍ളി നോക്കി നിന്നു.

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px