അദ്ധ്യായം 2
തത്തമ്മ ആകാശത്തേക്കു പറന്നപ്പോള്‍ കാറ്റ് ആഞ്ഞ് വീശി. കാക്കകള്‍ കരഞ്ഞു. കാറ്റ് വീശുമ്പോഴും ചാര്‍ലിയുടെ മനസ്സില്‍ ഭയാശങ്കകള്‍ നിറഞ്ഞു. കുറ്റം ചെയ്തു എന്നൊരു തോന്നല്‍ ? കുറ്റങ്ങള്‍ കണ്ടെത്തുന്ന കുഞ്ഞമ്മയുടെ മുന്നില്‍ ഇതൊരു വലിയ കുറ്റമല്ലേ? ഉള്ളില്‍ ഭയം പുകഞ്ഞു. മുഖത്തെ പ്രകാശം മങ്ങി. മുറിയില്‍ കുഞ്ഞമ്മയും പൂച്ചയുമായുള്ള പുലമ്പല്‍ അവന്‍റെ ചെവിയിലുമെത്തി. ഇനിയും ഇവിടെ നില്‍ക്കുന്നത് നന്നല്ല. കുഞ്ഞമ്മ വരുന്നതിന് മുന്നേ രക്ഷപ്പെടണം. ഒരു കൊടുങ്കാറ്റുപോലെ വളഞ്ഞും പുളഞ്ഞും പാടത്തേക്കു ഓടി. കാറ്റ് അപ്പോഴും ശക്തമായിരുന്നു.
പശുവിനെ മാറ്റി കെട്ടിയിട്ട് പടിഞ്ഞാറെ കടല്‍പ്പുറത്തേക്ക് നടന്നു. തിരകളുടെ ഇരമ്പല്‍. കുളിരിളം കാറ്റ് ആഞ്ഞുവീശി. ഇടയ്ക്കിടെ ചില ഭ്രാന്തന്‍തിരകള്‍ കരയെ ആക്രമിക്കാന്‍ വരുന്നതായി തോന്നും.
ചാര്‍ളി കടല്‍ത്തീരത്ത് ഒരു മനുഷ്യശില്പം തീര്‍ക്കാന്‍ ശ്രമം തുടങ്ങി. മറ്റ് കുട്ടികള്‍ മണലില്‍ കളിക്കുമ്പോള്‍ ചാര്‍ളിയാകട്ടെ മനുഷ്യരൂപങ്ങള്‍ തീര്‍ക്കും. അതുവഴി ഉല്ലാസയാത്രചെയ്യുന്ന വിനോദസഞ്ചാരികള്‍ അവന് പണം കൊടുക്കുകയും ചെയ്യും. കുഞ്ഞു ശില്‍പിയെ ഇംഗ്ലീഷില്‍ അഭിനന്ദിക്കുമെങ്കിലും അവന് അവരുടെ ഭാഷ ശരിക്കു മനസ്സിലായില്ല. സുനാമി വന്നതിനുശേഷം വിദേശികള്‍ കുറവാണ്. അതിനാല്‍ കടലിന് വേണ്ടി മാത്രം അവന്‍ മണല്‍ ശില്‍പങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങി. തന്‍റെ ശില്‍പങ്ങള്‍ കടല്‍ തിരകള്‍ ഇളക്കി കൊണ്ടുപോകുന്നത് അവന്‍ ആസ്വദിച്ചു നില്‍ക്കും.
മറ്റൊരു ശില്പം കൂടി ചാര്‍ളി മണലില്‍ ഉണ്ടാക്കി. തിരകളില്‍ നൃത്തം ചെയ്യുന്ന സൂര്യന്‍! കടല്‍ത്തിരകളുടെ ശാന്ത ശബ്ദം ശകാരത്തോടെ കരയിലേക്ക് ആഞ്ഞടിച്ചു. ചാര്‍ളിയുടെ സുന്ദരശില്ത്തെയും കടലമ്മ കൊണ്ടുപോയി. ശില്പത്തിന്‍റെ ഓരോ മണല്‍ത്തരികളും കടലമ്മ കൊണ്ടു പോകുന്നത് അവന്‍ സന്തോഷത്തോടെ നോക്കിയിരുന്നു. അവന്‍ പശുവിന്‍റെ അടുത്തേക്ക് നടക്കാതെ കടല്‍ത്തീരത്തുള്ള കുരിശ് പള്ളിയുടെ മുന്നിലേക്ക് നടന്നു.
പള്ളിയുടെ മുകളില്‍ സൂര്യപ്രകാശത്തില്‍ കുരിശ് തിളങ്ങി. പള്ളിയുടെ മുകളില്‍ ആടിപ്പാടി നടക്കുന്ന പ്രാവുകളെ കാണാനാണ് പള്ളിമുറ്റത്തേക്ക് വരുന്നത്. പ്രാവുകള്‍ ഒന്നായി വരുമ്പോള്‍ അവര്‍ മനോഹരമായി പാടും. ഞായറാഴ്ചകളില്‍ വളരെ ചുരുക്കമായിട്ടേ പള്ളിയില്‍ വരാറുള്ളൂ. കുഞ്ഞമ്മയും കെവിനും പള്ളിയില്‍ വരുമ്പോള്‍ വീടിന്‍റെ കാവലാണ് ജോലി.
ചാര്‍ളി തെങ്ങുകളുടെ ഇടയിലൂടെ നടക്കുമ്പോള്‍ കിഴക്ക് നിന്നുള്ള ഒരു വിളി അവന്‍റെ കാതില്‍ മുഴങ്ങി. അത് കെവിന്‍റെതായിരുന്നു. ആദ്യം വിശ്വസിക്കാനേ കഴിഞ്ഞില്ല. വീണ്ടും വിളിക്കുന്നതു കേട്ടു. ‘നിന്നെ മമ്മി വിളിക്കുന്നു’
അവനറിയാം കുഞ്ഞമ്മ എന്തിനാണ് വിളിക്കുന്നതെന്ന്. തത്തമ്മയെ രക്ഷപ്പെടുത്തിയതിന്‍റെ ശിക്ഷ തരാനാണ്. അടികിട്ടുമെന്ന് ഉറപ്പാണ്. വീടിനുള്ളില്‍ ഒരു വലിയ ചൂരല്‍ വടി വെച്ചിട്ടുണ്ട്. കെവിനും കുറ്റവാളിയെപ്പോലെയാണ് നടക്കുന്നത്. തത്തയെ തുറന്നുവിട്ടത് നീയാണോ എന്ന് ചോദിച്ചപ്പോള്‍ കൊടുത്ത മറുപടി ‘ഞാനല്ല ‘എന്നാണ്.
വലിയ ചൂരല്‍വടിയുമായി കുഞ്ഞമ്മ മുറ്റത്തേക്ക് വന്നു. “ആരാടാ തത്തയെ തുറന്നുവിട്ടത്? സത്യം പറഞ്ഞില്ലെങ്കി അടിച്ചു കൊല്ലും ഞാന്‍. പറയടാ ”
അവന്‍ പറഞ്ഞു. “ഞാനാ തൊറന്ന് വിട്ടത്?”
കുഞ്ഞമ്മയുടെ മുഖം കറുത്തു. അവന്‍റെ പുറത്തും കാലിലും തുരുതുരെ ആഞ്ഞടിച്ചു. ചാര്‍ളി ഒരു വാക്കുപോലും ഉച്ചരിച്ചില്ല. അടി തുടര്‍ന്നപ്പോള്‍ കുട്ടന്‍ ദേഷ്യത്തോടെ കുരച്ചു.
പെട്ടെന്നു രണ്ടു തത്തകള്‍ കുഞ്ഞമ്മയെ കൊത്താന്‍ പറന്നടുത്തു. തലക്ക് മുകളില്‍ പറന്ന തത്തകളെ തുറിച്ചുനോക്കി കുഞ്ഞമ്മ അകത്തേക്ക് ഓടിക്കയറി. കണ്ണും നട്ട് അടിയുടെ രസത്തില്‍ ലയിച്ചിരുന്ന കെവിനും വീടിനുള്ളിലേക്ക് ഓടി. നെറ്റിയിലെ വിയര്‍പ്പ് തുടച്ചുകൊണ്ട് നെടുവീര്‍പ്പോടെ കുഞ്ഞമ്മ മുറ്റത്തേക്ക് നോക്കി. വീട്ടിലെ നായും തത്തകളും അവന്‍റെ ഒപ്പമാണ്.
തൊഴുത്തിനോട് ചേര്‍ന്നുള്ള മുറിയിലിരുന്നു ചാര്‍ളി വിങ്ങിക്കരഞ്ഞു. പുറം നീറുകയും കാലുകള്‍ ചുവന്ന് തുടുക്കുകയും ചെയ്തു. കരച്ചില്‍ തേങ്ങലായി. സ്വന്തം അമ്മയായിരുന്നെങ്കില്‍ ഇങ്ങനെ തല്ലില്ലായിരുന്നു. അമ്മയില്ല. അപ്പന്‍ അന്യരാജ്യത്താണ്. വേദനയോടെ കാലിലെ അടികൊണ്ട ഭാഗങ്ങള്‍ തടവി.
സൂര്യന്‍ പടിഞ്ഞാറെ ദിക്കിലേക്ക് നീങ്ങി.
വീടിന് പുറത്തിറങ്ങാന്‍ കുഞ്ഞമ്മയ്ക്ക് ഭയം തോന്നി. പുറത്തിരിക്കുന്ന മണ്‍കലം എടുക്കണം. കെവിനെ വിടാനും മനസ്സുവന്നില്ല. ഒരിക്കലും പ്രതീക്ഷിക്കാത്ത ആക്രമണമല്ലേ തത്തകളുടെ ഭാഗത്തു നിന്നുണ്ടായത്. കുഞ്ഞമ്മ വരാന്തയില്‍ നിന്നു പുറത്തെ മാവിലേക്ക് നോക്കി. ഇനിയും തത്തകള്‍ വരുമോ? ഒരു കിളിയെപ്പോലും എങ്ങും കാണാനില്ല. തലയില്‍ ഒരു കൈലി മടക്കിയിട്ടു. തലയും മുഖവും തുണിയിലൊളിപ്പിച്ച് പുത്തേക്കോടിച്ചെന്ന് കലമെടുത്ത് മടങ്ങിവന്നു. അപ്പോള്‍ മാവിന്‍ കൊമ്പിലിരുന്ന് തത്ത വിളിച്ചു. ‘ കാ….കള്ളി’ അതു കേട്ട് കുഞ്ഞമ്മയ്ക്ക് ദേഷ്യം വന്നു.
അടുക്കളയില്‍ പാചകം ചെയ്യുമ്പോള്‍ കെവിന്‍ വന്നു കെഞ്ചി
“മമ്മി വേറൊരു തത്തയെ വേണം”
“അക്കാര്യം മിണ്ടിപ്പോവരുത്. ഇതുപോലെ കൊത്തു കൊള്ളാന്‍ എനിക്കു വയ്യ. നിനക്ക് ഇഷ്ടമുള്ള മറ്റെന്തങ്കിലും വാങ്ങിതരാം.”
“എനിക്ക് തത്തയെ മതി”
“എന്നെ ദേഷ്യം പിടിപ്പിക്കല്ലേ”-അലമാരയില്‍ നിന്ന് മധുര പലഹാരങ്ങള്‍ എടുത്ത് കെവിനു കൊടുത്തിട്ട് കുഞ്ഞമ്മ പറഞ്ഞു.
“മോനിത് കഴിക്ക്. ചായ ഇപ്പം തരാം”
കെവിന് ഇഷ്ടപ്പെട്ട പലഹാരമായതിനാല്‍ മറുത്തൊന്നും പറഞ്ഞില്ല. അവനതു രുചിയോടെ കഴിച്ചു.
ചാര്‍ളി മുറിയില്‍നിന്നുമിറങ്ങി ഊന്നിയൂന്നി നടന്നു. പശുവിനുള്ള പുല്ലും അതിനുള്ള വൈക്കോലും കൊടുത്തു. മുറിയില്‍ കുഞ്ഞമ്മയും കെവിനും കാപ്പി കുടിക്കുന്നത് അവന്‍ കണ്ടു. കുഞ്ഞമ്മ തന്നെയും കാപ്പി കുടിക്കാന്‍ വിളിക്കാത്തതില്‍ അവന്‍ വിഷമം തോന്നി. തൊഴുത്തിന്‍റെ ഒരു കോണിലിരുന്ന് തത്തമ്മ വിളിച്ചു. ‘ചാളീ….ചാളീ….’
(തുടരും .. )
About The Author
No related posts.