പക്ഷിപാതാളം – സിസിലി ജോർജ് | അദ്ധ്യായം 34

Facebook
Twitter
WhatsApp
Email

ടൌണിന്റെ നടുക്ക് ഒരു ഹോട്ടലില് ഇറങ്ങി ജോണ്‌സണ് ടാക്‌സി പറഞ്ഞുവിട്ടു. ബാഗുകള് എടുത്തു ഹോട്ടലിനകത്ത് ചെന്ന് മുറി ബുക്ക് ചെയ്തു. ഡേവിഡിന്റെ ഗസ്റ്റ് ഹൌസില് ആണെന്ന് മമ്മിയ്ക്കു ഫോണ് ചെയ്തറിയിച്ചു. മുറിയില് കയറി ആദ്യം നന്ദിനി കുളിമുറിയില് പോയി. നല്ല ചൂട് വെള്ളത്തില് കുളിച്ചു, പല്ല് തേക്കാതെ യായിരുന്നു വലിയ പ്രയാസം. വസ്ത്രം ഒക്കെ മാറ്റി പുറത്തു വന്നു. ജോണ്‌സണും പല്ല് തേച്ചു കുളിച്ചു. വസ്ത്രം മാറിയപ്പോള് ഒരു ആശ്വാസം. ഒരു മണിക്കൂര് കഴിഞ്ഞു ഭക്ഷണം മുറിയില് എത്തിയ്ക്കണമെന്നു ഏര്പ്പാട് ചെയ്തിരുന്നതിനാല് സമയത്തിനു തന്നെ ഭക്ഷണം മുറിയില് എത്തി. ഭക്ഷണത്തോട് ഒരു ആര്ത്തി തന്നെ തോന്നിപ്പോയി. നന്നായി ഭക്ഷണം കഴിച്ചപ്പോള് വല്ലാത്തൊരു ആലസ്യം. ജോണ്‌സണ് കട്ടിലില് കയറി കിടന്നു. നന്ദിനി എന്ത് ചെയ്യണമെന്നറിയാതെ നില്ക്കുകയായിരുന്നു. പെട്ടെന്നാണ് ജോണ്‌സണ് നന്ദിനി വെറുതെ വിറങ്ങലിച്ചു നില്ക്കുന്നത് കണ്ടത്. അയാള് എഴുന്നേറ്റ് അവളെ കിടക്കയില് കൊണ്ടു വന്നിരുത്തി. നന്ദിനിക്ക് ചെറിയ ഭയം തോന്നാതിരുന്നില്ല. പക്ഷെ ജോണ്‌സേട്ടന് അങ്ങനെ അല്ലല്ലോ. ആ ധൈര്യത്തില് നന്ദിനി കട്ടിലില് മൂടി പുതച്ചു കിടന്നു.

പെണ്ണിന്റെ മനസ്സ് എന്തെന്ന് അറിഞ്ഞില്ല. നന്ദിനി ഒരു പ്രതിഷേധവും കാണിച്ചില്ല. ജോണ്‌സണ് കട്ടിലിന്റെ മറ്റേ പാതിയില് പുറം തിരിഞ്ഞു കിടന്നു. സ്വയം നിയന്ത്രണത്തിന്റെ അതിരുകള് ലംഘിക്കപ്പെടരുതെന്ന ദൃഡ നിശ്ചയത്തോടെ! ശാന്തയായി ഉറങ്ങുന്ന ഒരു ഏഴു വയസ്സുകാരിയുടെ മുഖഭാവത്തോടെ നന്ദിനി പെട്ടെന്ന് ഉറങ്ങി. തീര്ച്ചയായും അവള് തന്നെ വിശ്വസിക്കുന്നു. ആ വിശ്വാസം ലംഘിക്കരുത്. ഇനിയും അവള്ക്ക് ഈ അത്മവിശ്വാസം നല്കിയേ തീരൂ. വീതിയേറിയ കട്ടിലിന്റെ ഇരുവശത്തുമായി ഇരുവരും സുഖമായി ഉറങ്ങി, ക്ഷീണം മറന്നു, സ്വപ്നം മെനഞ്ഞു, രണ്ടോമല് പൈങ്കിളികളെ പോലെ

ഒരു ഉറക്കം കഴിഞ്ഞു നന്ദിനി പെട്ടെന്ന് ഉണര്ന്നു. കട്ടിലിന്റെ മറ്റേ അറ്റത്ത് ഒരു കുട്ടിയുടെ മുഖഭാവത്തോടെ ജോണ്‌സണ് ഉറങ്ങിക്കിടക്കുന്നു. മുറിയില് നേര്ത്ത വെളിച്ചം ഉണ്ടായിരുന്നു. നന്ദിനി ശബ്ദം ഉണ്ടാക്കാതെ എഴുന്നേറ്റു കുളിമുറിയില് പോയി. തിരിച്ചു വന്നു കുറച്ചു വെള്ളം കുടിച്ചു വീണ്ടും തന്റെ സ്ഥലത്ത് പുതച്ചു കിടന്നു. ഒരേ പുതപ്പിനടിയില് രണ്ടറ്റത്തുമായി ഭയമില്ലാതെ അവള് വീണ്ടും ഉറങ്ങി.

രാവിലെ എഴുന്നേറ്റു ജോണ്‌സണ് നോക്കുമ്പോള് കിടന്നിടത്ത് നിന്നും ഒന്നനങ്ങാതെ നന്ദു ചെരിഞ്ഞു കിടന്നുറങ്ങുന്നു. ദിന കൃത്യങ്ങള് കഴിഞ്ഞു, ഹോട്ടലില് വിളിച്ചു ചായ കൊണ്ടു വരുവാന് പറഞ്ഞു. പൂ പുഞ്ചിരി പൊഴിച്ച് കുഞ്ഞിന്റെ നിഷ്‌കളങ്കതയോടെ ഉറങ്ങുന്ന നന്ദുവിന്റെ കോമളാധരത്തില് ജോണ്‌സണ് മുത്തമിട്ടു. നന്ദു കണ്ണ് തുറന്നു. മുന്നില് ജോണ്‌സണ് ! അവള് ചാടി എഴുന്നേറ്റു.

‘ഞാന് വല്ലാതെ ഉറങ്ങിപ്പോയി…ക്ഷമിക്കണം ജോണ്‌സേട്ടാ.’

‘എന്തിന്? നന്നായി ഉറങ്ങിയതിനോ? അതോ ഉറങ്ങാന് അനുവദിച്ചതിനോ?ജോണ്‌സണ് കുസൃതിയോടെ ചോദിച്ചു.

‘ ഈ ജോണ്‌സേട്ടന്! ‘ അവള് അയാളെ തള്ളി മാറ്റി കുളിമുറിയിലേക്ക് നടന്നു.

‘നന്ദു..പിന്നെ കുളിക്കാം. വേഗം വന്നു ചായ കുടിച്ചേക്കു.’ ജോണ്‌സണ് പറഞ്ഞു. വേഗം കുളിമുറിയില് നിന്നും തിരിച്ചു വന്നു ചായ കപ്പെടുത്തു മെല്ലെ

 

കുടിക്കുമ്പോള് നന്ദിനി ചുറ്റും നോക്കി. ജോണ്‌സണ് പുതപ്പൊക്കെ മടക്കി ഇട്ടിരിക്കുന്നു. തലേന്നു മാറ്റിയിട്ട നന്ദിനിയുടെ സാരിയൊക്കെ മടക്കി ബാഗില് വച്ചിരിക്കുന്നു.

‘ഇതൊക്കെ ഞാന് ചെയ്യുമായിരുന്നു’ നന്ദിനീ പറഞ്ഞു.

‘ഞാന് ചെയ്താല് എന്താ? നമുക്കിടയില് അങ്ങനെയൊന്നുമില്ല. നമ്മള് എന്നേയുള്ളു’

‘ശരി..ഞാന് തോറ്റു തന്നിരിക്കുന്നു’

‘നന്ദു കുളിച്ചൊരുങ്ങിക്കൊള്ളു..നമുക്ക് താഴെ പോയി എന്തെങ്കിലും കഴിച്ചു, തിരിച്ചു വീട്ടില് പോകണ്ടേ? മമ്മി കാത്തിരിക്കുന്നുണ്ടാവും.’

നന്ദിനി കുളിച്ചു വേഷം മാറി ജോണ്‌സണോടൊപ്പം താഴെ പോയി. വലിയ ഹോട്ടല് ആയിരുന്നു അത്. ഹാളില് ഒരുപാടു പേര് ഉണ്ടായിരുന്നു. ജോണ്‌സണ് നന്ദിനിയുമായി ഒരരികില് പോയി ഇരുന്നു.

‘എടാ..ജോണ്‌സാ..ഇന്നലെ നീ റൂമിലേക്ക് പോകുന്നത് കണ്ടപ്പോള് നീയാണോ എന്ന് സംശയിച്ചു… പിന്നെ ഈ കുട്ടിയെ കണ്ടപ്പോള് എന്റെ സംശയം ആണെന്ന് കരുതി’ ടൗണിലെ സ്വര്ണ്ണക്കട ഉടമയും ബന്ധുവുമായ ഫിലിപ്പാണ്. ജോണ്‌സണ് വിളറിയ ഒരു ചിരി ചിരിച്ചു.

‘ഇത് പുതിയ സിനിമയില് പാടിയ മിസ് നന്ദിനിയാണ്. നമ്മുടെ ഡേവിഡിന്റെ അടുത്ത പടത്തിലും പാടിയിട്ടുണ്ട്. അതിന്റെ ചില കാരൃത്തിനു വന്നതാണ്. അത് കഴിഞ്ഞപ്പോള് വൈകിപ്പോയി ‘ ജോണ്‌സന്റെ വാക്കുകള് കേട്ടപ്പോള് ഫിലിപ്പിന്റെ മുഖത്ത് ഒമു ചിരി പടര്ന്നു. നന്ദിനിയുടെ സൌന്ദര്യം അയാള് തുറിച്ച കണ്ണ് കൊണ്ട് അളന്നു.

‘ആ…ശരി…ശരി…നമുക്ക് കാണാം.’ അയാള് സീറ്റിലേക്ക് മടങ്ങിപ്പോയി. ഭയപ്പെട്ടതു സംഭവിച്ചിരിക്കുന്നു. ജോണ്‌സണ് ആകെ വിഷമമായി. തന്നെ പറ്റിയല്ല..നന്ദിനിക്കാണ് പേരു ദോഷം വരുന്നത്. ജോണ്‌സണ് നന്ദിനിയുടെ മുഖത്ത് പാളി നോക്കി. അവള് നിര്വികാരയായി ഇരിക്കുന്നു. ഹോട്ടലില് നിന്നിറങ്ങി, ഒരു ടാക്‌സി വിളിച്ച് അവര് യാത്രയായി. ജോണ്‌സണ് വലിയ മന:പ്രയാസം ഉണ്ടായിരുന്നു. നന്ദിനിയുടെ മനസ്സില് എന്താണെന്ന് അറിയില്ല. അയാള് വിളിച്ചു..’നന്ദു!..എന്താ മിണ്ടാതെ ഇരിക്കുന്നെ? ‘

‘ഒന്നുമില്ല..’ നന്ദിനി പറഞ്ഞു.

‘നന്ദു വിഷമിക്കേണ്ട കേട്ടൊ? ‘

‘സാരമില്ല..എനിക്ക് വിഷമമില്ല ‘

‘ഞാന് ഇന്നലെ പറഞ്ഞില്ലേ? നമ്മള് സൂക്ഷിക്കണം.’

‘ ഉം. ‘ നന്ദിനി മൂളി.

ടാക്‌സി ഓടി കൊണ്ടിരുന്നു. ജോണ്‌സണ് നന്ദിനിയെ നെഞ്ചോട് ചേര്ത്തു പിടിച്ചു തലയിലും മുഖത്തും തഴുകി കൊണ്ടിരുന്നു. അയാള് ഒരുപാട് വിഷമിക്കുന്നുണ്ടെന്നു നന്ദിനി മനസ്സിലാക്കി.

‘ വിഷമിക്കേണ്ട ജോണ്‌സേട്ടാ…എനിക്കൊന്നുമില്ല ‘ അവള് പറഞ്ഞു. അയാള് അവളുടെ കൈപ്പത്തിയില് ചുംബിച്ചു. എന്നിട്ടും അറിയാതെ ഒരു നിശ്വാസം ഉതിര്ന്നു വീണു.

നന്ദിനിയെ മമ്മിയെ ഏല്പ്പിച്ചു ജോണ്‌സണ് മുറിയിലേക്ക് പോയി. കാപ്പി

കുടിക്കാനും ജോണ്‌സണ് വന്നില്ല. അതിനാല് മമ്മിയോടു പറഞ്ഞ് ഒരു കപ്പ് കാപ്പിയുമായി നന്ദിനി മുറിയിലേക്ക് ചെന്നു. വാതില് മലര്‌ക്കെ തുറന്നു കിടന്നിരുന്നു. ജോണ്‌സണ് മുറിയില് പുറം തിരിഞ്ഞിരുന്ന് എന്തോ എഴുതികൊണ്ടിരുന്നു. നന്ദിനി കാപ്പി കപ്പ് ജനലോരത്തു വച്ചു. ജോണ്‌സണ് വലിയ പ്രയാസത്തിലാണെന്നു നന്ദിനിക്ക് അറിയാമായിരുന്നു. അതിനാല് ആ വിഷമം മാറ്റണമെന്ന് നന്ദിനി തീരുമാനിച്ചു. പുറകില് കൂടെ ചെന്ന് ജോണ്‌സന്റെ കണ്ണ് പൊത്തി. മുഖം മലര്ത്തി പിടിച്ച് ആ ചുണ്ടില് ആദ്യമായി അവള് അങ്ങോട്ട് ഒരു ചുംബനം കൊടുത്തു. കൈകള് അതേപടി പിടിച്ചെടുത്തു ജോണ്‌സണ് എഴുന്നേറ്റു വന്നു വാതില് അടച്ചു. പിന്നെ അവളെ കോരിയെടുത്തു വട്ടം കറക്കി. നിര്ത്താതെ കറക്കിയപ്പോള് നന്ദിനി ഒച്ച വച്ചു.

‘വിടൂ..വിടൂന്ന്..എന്താ ഇത് പ്രാന്ത് പിടിച്ചോ? ‘

‘ഭ്രാന്താണ് പൊന്നെ…എനിക്കിങ്ങനെ പോയാല് വൈകാതെ ഭ്രാന്തു വരും..’

‘അതെന്തിനാ? എനിക്ക് പ്രാന്ത് ഇല്ലല്ലോ? പിന്നെന്തിനാ ഒരു പ്രാന്തനാവുന്നത്?’  നന്ദിനി കാപ്പി പാത്രം എടുത്തു ചുണ്ടില് ചേര്ത്തു കൊടുത്തു. ജോണ്‌സണ് രുചിയോടെ പകുതി കുടിച്ചു. പിന്നെ നന്ദിനിയുടെ ചുണ്ടില് ചേര്ത്തു വച്ച് കുടിപ്പിച്ചു.

‘എന്താ എഴുതുന്നത്? ‘ നന്ദിനി ചോദിച്ചു.

‘ഒന്നുമില്ല..ചില കുറിപ്പെഴുതി വച്ചതാ..ഈയിടെ പലതും മറന്നു പോകുന്നു…പിന്നെ എട്ടു മണിക്ക് ഡേവിഡ് വരും പാട്ട് കേള്ക്കാന് ‘

‘മമ്മിയോടു പറഞ്ഞിട്ടാ ഞാന് വന്നത്. താമസിച്ചാല് മമ്മി എന്തെങ്കിലും കരുതും. ഞാന് പോവാ’ നന്ദിനി തിരിഞ്ഞു നടക്കാന് ഭാവിച്ചു.

‘നില്ക്ക്.. നില്ക്ക്..’ ജോണ്‌സണ് കയ്യില് കയറി പിടിച്ചു. അയാള് അലമാര തുറന്ന് ഒരു വൈരമോതിരം കയ്യില് എടുത്തു. നന്ദിനിയുടെ വിരലില് അണിയിച്ചു. എന്നിട്ട് ആ വിരല് ചുണ്ടോടു ചേര്ത്തു ചുംബിച്ചു.

‘എന്തിനാ ഇതൊക്കെ? നമുക്ക് ഇതിനേക്കാള് വലുതാണല്ലോ നമ്മുടെ പരസ്പര സ്‌നേഹവും വിശ്വാസവും ‘

‘ അതെ..അതെനിക്ക് അറിയാം..പക്ഷെ ഒരിക്കല് കടയില് ചെന്നപ്പോള് ഇത് കണ്ടു. ഇത് ഏറ്റവും ഇണങ്ങുന്നത് ഈ വിരലിനാണെന്ന് തോന്നി..വാങ്ങി..ഇത് വരെ ഈ വിരലിലിട്ടു തരാന് പറ്റിയില്ല. സ്വന്തം മനസ്സോടെ നന്ദു എന്റെ മുറിയില് വന്നതല്ലേ. എന്നെ ഇങ്ങോട്ടു ചുംബിച്ചതല്ലേ.’

നന്ദിനിയും ആ മോതിരത്തില് ചുംബിച്ചു. ജോണ്‌സണെ ചുംബിക്കുന്നത് പോലെ. അവള് വേഗം കപ്പ് എടുത്തു മുറി വിട്ടിറങ്ങി.

‘അവന് എന്ത് ചെയ്യാ മോളെ? ഉറങ്ങുവാണോ? ‘

‘അല്ല മമ്മി..എഴുതുകയാണ്.

‘അവന് ഒഴിവു കിട്ടുമ്പോഴൊക്കെ ഇത് തന്നെ പണി ‘

രാത്രി ഡേവിഡ് വന്നു. പാട്ടുകളുമായി നന്ദിനിയും ജോണ്‌സണും ഗസ്റ്റ് ഹൗസില് ഒന്നിച്ചിരുന്നു. മമ്മി കുശലം ചോദിച്ചു വേഗം പോയി. ഹാര്‌മോണിയവും ഗിറ്റാറും ഫ്‌ളൂട്ടും ഉണര്ന്നു.ഹാര്‌മോണിയത്തില് വിരല് ചേര്ത്തു നന്ദിനി പാടി.

‘ഹായ്..കെങ്കേമം ‘ ഡേവിഡ് എഴുന്നേറ്റു നിന്ന് അഭിനന്ദിച്ചു. രണ്ടാമത്തെ പാട്ട് ജോണ്‌സണ് സ്വന്തമായി ചെയ്തതായിരുന്നല്ലോ. ജോണ്‌സന്റെ ഗംഭീര സ്വരത്തില് അത് ഉയര്ന്നപ്പോള് ഡേവിഡ് തുള്ളിച്ചാടി. അതിനു ഈണം നല്കിയത് ജോണ്‌സണ്

 

ഒറ്റയ്ക്കായിരുന്നെന്നു കേട്ടു ഡേവിഡ് അത്ഭുതം കൂറി.

‘എടാ…നോവലിസ്റ്റേ! നീ പാട്ടിനും ഈണം കൊടുത്തെന്നോ?’ ഡേവിഡ് അത്ഭുതത്തോടെ ചോദിച്ചു.

‘മുല്ലപ്പുമ്പൊടി ഏറ്റു കിടക്കും കല്ലിനുമുണ്ടാമൊരു സൌരഭ്യം ‘ ജോണ്‌സണ് പാടി.

‘അത് ശരിയാണ് കേട്ടോ. ‘ ഡേവിഡ് പറഞ്ഞു.

 

‘ഇതിനും അഭിനന്ദനം അപ്പോള് മുല്ലയ്ക്ക് തന്നെയല്ലേ ‘ അയാള് പറഞ്ഞു നന്ദിനിയെ നോക്കി.

‘ ദിനേശന് വന്നില്ലേ? ‘ ഡേവിഡ് നന്ദിനിയോടു ചോദിച്ചു.

‘അല്ല…ഇനി ആ കല്ലിനും സൌരഭ്യം വന്നുവോ എന്നറിയാനാ.. ‘ അയാള് ഉറക്കെ ചിരിച്ചു.

‘അവന് ഏതോ പരീക്ഷ എഴുതാന് ഉണ്ട്. അതിനു പോയിരിക്കുകയാ.. നീ കളി പറയേണ്ടാ.. അവനും നന്നായി പാടും, ഗിറ്റാറും വായിക്കും. ‘

ബാക്കി മൂന്നു പാട്ടുകളും കൂടെ കേട്ടു ഡേവിഡ് ഒരുപാട് അഭിനന്ദനങ്ങള് പറഞ്ഞു. പാട്ട് പിടിക്കാന് ഉടനെതന്നെ സൌകര്യപ്പെടുത്താമെന്ന് ഏറ്റു. നന്ദിനിക്ക് കോളേജ് അവധിയായതിനാല് ഇപ്പോള് പ്രയാസമില്ല. ജോണ്‌സണും അവധിയാണ്. രാത്രി വളരെ വൈകി ഭക്ഷണം കഴിച്ച് ഉറങ്ങുന്നതിനു മുന്പ് നന്ദിനി വീട്ടില് വിളിച്ചു സംസാരിച്ചു. മമ്മി നന്ദിനിയുടെ കൂടെ കിടക്കാമെന്നു പറഞ്ഞെങ്കിലും നന്ദിനി വേണ്ടെന്നു പറഞ്ഞു. വയസ്സായവര്ക്ക് സ്ഥലം മാറി കിടക്കുന്നതൊക്കെ വലിയ പ്രയാസമാണെന്നൊക്കെ നന്ദിനിക്ക് അറിയാം.

രാവിലെ തന്നെ ഡേവിഡ് തിരിച്ചു പോയി. കാപ്പി കുടിച്ചു കൊണ്ടിരുന്നപ്പോള് നന്ദിനിയും. ‘വീട്ടില് പോകേണ്ടേ?’ എന്ന് ജോണ്‌സണോട് ചോദിച്ചു. വേറെ ഒരു സിനിമാക്കാര് കൂടെ ഗാനരചനയും മറ്റും ആവശ്യപ്പെട്ടിരുന്നതിനാല് ജോണ്‌സണ് അവരുമായി സംസാരിച്ചു. നന്ദിനി സമ്മതിച്ചതിനാല് അവരും തയ്യാറായി.

‘എന്തായാലും വീട്ടില് ഒന്ന് പോകാം. ഇനി കൂടെ ദിനേശനെയും കൂട്ടണം’ ജോണ്‌സണ് പറഞ്ഞു

‘പേടിച്ചു പോയി അല്ലെ? ‘ നന്ദിനി ചോദിച്ചു.

‘അതല്ല നന്ദു! എനിക്കെന്തു പേടി? നാളെ തന്നെ പറ്റി ആരും കഥ പറയരുത്. ആരോ കൊണ്ട് നടന്നു ചീത്തയാക്കിയ പെണ്ണ് എന്ന പേരു നന്ദുവിന് ചേരില്ല.’

‘എനിക്കതില് പേടിയില്ല.”

‘എന്നാല് നമുക്കിന്നു കല്യാണം കഴിക്കാം? ‘

‘എന്താ ഈ പറയുന്നത്? ജോണ്‌സേട്ടാ?’

‘രജിസ്റ്റര് വിവാഹം മതി..ഞാന് തയ്യാറാണ്. പിന്നെ ധൈര്യം ഉണ്ടല്ലോ? ‘

‘അതൊന്നും വേണ്ട..എന്റെ വീട്ടില് അറിഞ്ഞാല് പുലിവാല് ആകും.’

‘ആ നമ്മളെ നമുക്കറിയാം. നാട്ടുകാര്ക്കറിയില്ല. ഏതെങ്കിലും ഒരു എമ്പോക്കി ഒരു ന്യൂസ് അടിച്ചു വിട്ടാല് രണ്ടും പറയാന് ആളുകള് കാണും. ഇന്നലെ തന്നെ ആ ഫിലിപ്പിന്റെ നോട്ടവും ഭാവവും..നന്ദിനി കൂടെ ഇല്ലായിരുന്നെങ്കില് ഞാന് അവന്റെ രണ്ടൂ പല്ലെടുത്തേനെ, അതവനും അറിയാം. ‘

പോകാന് കാര് ഇറക്കിയപ്പോള് ജോണ്‌സണെ നോക്കി നന്ദിനി ചോദിച്ചു. ‘മുന്നില്

ഇരിക്കണോ പുറകില് ഇരുന്നു ഡ്രൈവര് ആക്കണോ? ‘

‘ മുന്നില് ഇരിക്ക് നന്ദു! നീ പുറകില് ഇരുന്നാല് കാര് മുന്നോട്ട് ഓടില്ല’

നന്ദിനി മുന്നില് കയറി. കാര് വളരെ സാവകാശം ഓടിക്കൊണ്ടിരുന്നു. നന്ദിനി തിരിച്ചു പോകുന്നതു മമ്മിയ്ക്കു തീരെ ഇഷ്ടപ്പെട്ടില്ലെന്നു മുഖം കണ്ടാല് അറിയാം. ഇറങ്ങുമ്പോള് കെട്ടിപ്പിടിച്ചുമ്മ വച്ച് പറഞ്ഞു.

‘ ഇനിയും വരണം കേട്ടോ? ‘

‘ ഈ കുട്ടി എന്ത് ജാതിയിലുള്ളതായാലെന്താ? എന്തൊരു ആഢ്യത്വം ! എന്റെ മകന് ഇതിനെ മതിയെങ്കില് ഇത് തന്നെ എന്റെ ഇഷ്ടവും.’ചാക്കോച്ചേട്ടന്റെ ഫോണ് സംസാരത്തിനു മമ്മി കൊടുത്ത ഉത്തരം അതായിരുന്നു. പക്ഷെ മമ്മി അത് ആരോടും പറയാതെ ഉള്ളില് തന്നെ വച്ചു. ജോണ്‌സണ് മമ്മിയുടെ അടുത്ത് ഒരു ഒളിവും മറയുമില്ലെന്നു മമ്മിയ്ക്കറിയാം.

‘ സാധാരണ രീതിയില് മഹര്ഷിമാര് ഉപദേശം ചോദിക്കാതെ ഒന്നും കയറി പറയാറില്ല. ഒരു കാര്യം നമ്മള് തീരുമാനിച്ചിട്ടു മഹര്ഷിയോട് അഭിപ്രായം ചോദിച്ചാല് അങ്ങനെയാവട്ടെ എന്നേ മഹര്ഷി പറയൂ. അതേ സമയം ഇതാണ് വിഷയം..അതില് എന്താണ് തീരുമാനിക്കേണ്ടത് എന്ന് ചോദിച്ചാല് അവര് ഉത്തരം പറയും.’ജോണ്‌സണ് പറഞ്ഞു.

‘അതെന്താ ജോണ്‌സേട്ടന് മഹര്ഷി ‘

‘കളിയാക്കേണ്ട..എന്താണിതെന്ന് നന്ദിനി സംശയിച്ചില്ലേ, പറയാം..മൂന്നു കാലങ്ങളും കാണാന് കാഴിയുമ്പോഴേ മഹര്ഷി ആകൂ!’

‘എന്റെ മൂന്നു കാലവും ഒന്ന് പറയു.. ‘ നന്ദിനി കളിയാക്കി.

‘കാക്കാലത്തി അന്ന് പറഞ്ഞില്ലേ? അത് പോരെ? എന്റെ നന്ദു, ഒരു ജീവന്റെ ഭൂതവും, വര്ത്തമാനവും, ഭാവിയും ഉള്ക്കണ്ണില്, തെളിഞ്ഞ വെള്ളത്തില് കിടക്കുന്ന സ്വര്ണ്ണമാല പോലെ കാണാന് ആകുന്നതാണ് മഹര്ഷിയുടെ യോഗ്യത! ‘

‘ജോണ്‌സേട്ടന് അറിയാത്ത വേദാന്തം പോലും ഇല്ലല്ലോ’

‘ഷേക്‌സ്പീയറുടെ ‘മാക്ബത്ത് ‘ വായിച്ചിട്ടില്ലേ നന്ദു? അതില് മന്ത്രവാദിനികള് ഭാവി പറഞ്ഞു കൊടുത്തതിനാല് എന്ത് സംഭവിച്ചു?

മാക്ബത്തിന് അമിത പ്രതീക്ഷ ലഭിച്ചപ്പോള് എന്തുണ്ടായി? അതയാളുടെ വഴി തെറ്റിച്ചു. കൊലപാതക പരമ്പര തന്നെ നടന്നു. ഉത്കണ്ഠയിലും ഭീതിയിലും അയാള് സ്വയം നശിച്ചു.

‘അതൊക്കെ കഥയല്ലേ. ‘ നന്ദിനി പറഞ്ഞു.

‘കഥ തന്നെ. ജീവിതാനുഭവത്തിലൂടെയാണ് ഒരാള് പക്വമതിയാകുന്നത്. അതിനു മുന്പ് ഭാവി അറിഞ്ഞാല് ആത്യന്തികമായി അതയാളുടെ നാശത്തിന് ഇടയാക്കും. ഇന്ന് ജ്യോതിഷ കേന്ദ്രങ്ങള് ആളുകളെ നശിപ്പിക്കുകയാണ് ‘

‘ജോണ്‌സേട്ടന് ഒരു മഹര്ഷിയാവുന്നല്ലോ. എന്തിനാ? ‘

‘അതല്ലാ നന്ദു..ഞാന് എന്റെ പ്രിയയോടു കുറച്ചു കാര്യങ്ങള് പറഞ്ഞതല്ലേ.ഒരാളോട് പറയേണ്ടതേ പറയാവൂ,നിത്യ ജീവിതത്തിലും നമ്മള് മനസ്സിലാക്കേണ്ട പാഠമാണത്.’

‘ പ്രശ്‌നങ്ങള് ഉണ്ടാക്കുന്നവരെ പേടിച്ചു നമുക്ക് ജീവിക്കാതിരിക്കാന് പറ്റുമോ? ‘ നന്ദിനിയുടെ ചോദ്യം കേട്ടു ജോണ്‌സണ് ചിരിച്ചു.

‘ഇപ്പോള് എന്റെ നന്ദു ധൈര്യവതിയായിരിക്കുന്നല്ലേ? ‘

‘മുല്ലപ്പുമ്പൊടി ഏറ്റു കിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം’ ജോണ്‌സണ് അവളെ ചേര്ത്തു പിടിച്ചു.

‘അപ്പോള് ഞാനൊരു കല്ലായിരുന്നുവോ?’

‘ഓ! തോറ്റു.. ഞാന് തോറ്റു എന്റെ പൊന്നേ.. ഇത് കല്ലല്ല! മാനല്ല… മയിലല്ല.. മധുരകരിമ്പല്ല.. മാരിവില്ലൊത്ത പെണ്ണല്ലേ?’

അയാള് അവളെ ചേര്ത്തു പിടിച്ചു ചുംബിച്ചു. വണ്ടി പാളിപ്പോയി. ഭാഗ്യം ഇപ്പോഴും തുണച്ചു! ഒരു വളവില് കലുങ്കില് മുട്ടാതെ തന്നെ വണ്ടി നിന്നു. കളകളം വെള്ളം ഒഴുകുന്ന ഒരു തോടാണു തൊട്ടടുത്ത്. തല കുത്തി മറിഞ്ഞ് ആ തോട്ടില് വീഴാതിരുന്നത് ഭാഗ്യം! റോഡരികിലെ വീട്ടു വളപ്പില് തെങ്ങിന് തടം എടുത്തു കൊണ്ട് നിന്ന ഒരു മധ്യവയസ്‌ക്കന് ഞെട്ടിത്തിരിഞ്ഞു നോക്കി നിന്നു. ഒന്നും സംഭവിച്ചില്ലെന്നു മനസ്സിലാക്കി അയാള് ജോലി തുടര്ന്നു.. വണ്ടി പിന്നോട്ട് എടുത്തു നേരെയാക്കി ജോണ്‌സണ് നന്ദിനിയെ നോക്കി. നന്ദിനി നെഞ്ചത്ത് കൈ വച്ചിരിക്കയായിരുന്നു.

‘ ഈ വേദാന്തിയുടെ കൂടെ ഇരുന്നാല് മരണം നിശ്ചയം! ‘ നന്ദിനി പറഞ്ഞു.

‘ അപ്പോഴും ഒറ്റയ്ക്കാവില്ല…വണ്ടി പാളി ചെന്നത് എങ്ങോട്ടാണെന്ന് അറിയാമോ? കളകളം പാടുന്ന ഒരു തോട്ടിലേക്ക്.’

‘തോട് അതില് കയ്യും കാലും ഒടിഞ്ഞു കിടക്കാമായിരുന്നു.’

‘ഏയ്..നമ്മള് രണ്ടും കൈകാല് ഇട്ടടിച്ചു നീന്തി നീന്തി..രണ്ടു മീനുകളായി തുഴയും..ആ തോട്ടിലൂടെ ഒന്നിച്ച് ‘

നന്ദിനി ജോണ്‌സന്റെ തലയില് ഒരു കൊട്ടു കൊടുത്തു. ‘ശരിക്കും വട്ടു തന്നെ !’ അവള് പറഞ്ഞു.

കാര് ഓടിക്കൊണ്ടിരുന്നു. ഒരു സാധാരണ സിനിമ കൊട്ടകയില് മാറ്റിനിക്കു ടിക്കറ്റ് എടുക്കാന് ആളുകള് വരി നില്ക്കുന്നു. ജോണ്‌സണ് കാര് അങ്ങോട്ട് എടുത്തു. ടിക്കറ്റ് എടുത്തു രണ്ടാളും അകത്തു കയറി.

കപ്പലണ്ടിയുമായി വന്ന ചെക്കന്റെ കയ്യില് നിന്നും രണ്ടു പൊതി കപ്പലണ്ടി വാങ്ങി. സിനിമയുടെ പാട്ടുപുസ്തകം വാങ്ങി മറിച്ചു നോക്കി. നന്ദിനിയെ മാറില് ചേര്ത്തു പിടിച്ചയാള് സിനിമയില് ലയിച്ചിരുന്നു. നന്ദിനി മൂകയായി ഇരിക്കുകയായിരുന്നു. സിനിമയില് നായകന് പാടി.

‘വൈശാഖ സന്ധ്യേ. നിന് ചുണ്ടില് എന്തേ.. വദന മദന കിരണ കാന്തിയോ.. മോഹമേ പറയു നീ.. വിണ്ണില് നിന്നും പാറി വന്ന ലാവണ്യമേ..’

നന്ദിനിയുടെ ചുണ്ട് പിളര്ത്തി , അവള് കടിച്ചു ചവച്ച കടല മണികള് അയാള് ഉറിഞ്ചി എടുത്തു.

‘എന്താ ഈ കാട്ടുന്നെ? ആളുകള്..’ നന്ദിനി കുതറി.

‘ആരും നമ്മളെ നോക്കില്ല. അവരൊക്കെ നമ്മെ പോലെ തന്നെ.’ നന്ദിനിയുടെ ചെവിയില് പാട്ട് ഉതിര്ത്തു ജോണ്‌സണ് അവളെ ചേര്ത്തണച്ചു. നന്ദിനി വീണ്ടും തട്ടി മാറ്റി.

‘ചുമ്മായിരിക്കൂന്നേ..ഇതെന്താ?’

പിന്നെ ജോണ്‌സണ് അനങ്ങാതെ ഇരുന്നു സിനിമ കണ്ടു. തീരുന്നതിന് ഒരല്പം മുന്പ് എഴുന്നേറ്റു പുറത്തിറങ്ങി കാറില് കയറി.

അവസാനത്തെ സീന് കാണണമെന്നുണ്ടായിരുന്നു.’ നന്ദിനി പറഞ്ഞു.

‘അതെന്താ കാണാനുള്ളത്? പ്രണയത്തിന് അവസാനം എന്താ പ്രത്യേകിച്ച്? ‘

‘ സിനിമ മുഴുവനും കാണണ്ടേ? ഈ കലാകാരന് അത് വേണ്ടായിരിക്കും! ‘ നന്ദിനി മുഖം വീര്പ്പിച്ചു.

‘എന്റെ കരളേ..നമുക്ക് അടുത്ത പടം കുടെ കാണണോ? എനിക്ക് ഇഷ്ടമാണ്.  ഓമനയുടെ കൂടെ ഇരിക്കാന്.’

‘വേണ്ട വേണ്ട, കണ്ടതു മുഴുമിപ്പിച്ചില്ലല്ലോ..പിന്നെയാ? ‘

‘അതിന്റെ അവസാനം ഇനി കാണണോ? പ്രണയം സത്യസന്ധമാണെങ്കില് അത് പൂര്ത്തീകരിക്കാനുള്ള വഴികള് ഒരുങ്ങി വരും. പ്രകൃതിയും ദൈവവുമൊക്കെ അതിനായി പ്രവര്ത്തിക്കും.’ ജോണ്‌സണ് ആത്മവിശ്വാസത്തോടെ പറഞ്ഞപ്പോള് നന്ദിനി ആശ്വാസം കൊണ്ടു.

‘ ശരിയാണാ വാക്കുകള്.’ അവള് മനസ്സില് പറഞ്ഞു. കാര് ഓടി കൊണ്ടിരുന്നു. ജോണ്‌സണ് ഒന്നും മിണ്ടാതെ ഇരുന്നു ഡ്രൈവ് ചെയ്യുന്നു. നേരം സന്ധ്യ മയങ്ങുന്നു. ഉച്ചയ്ക്ക് ഒന്നും കഴിച്ചിരുന്നില്ല. കുറച്ചു കപ്പലണ്ടി അല്ലാതെ.

ഹോട്ടലില് ഒക്കെ കയറാന് ജോണ്‌സണ് ഭയമായിരിക്കയാണെന്നു നന്ദിനിക്ക് തോന്നി. ആ മനസ്സ് അവള്ക്കു വായിക്കാന് കഴിയും.

 

‘ഗോര് തേരാ ഗാവ് ബടാ പ്യാരാ..’ നന്ദിനി പാടി.. ജോണ്‌സണ് ഞെട്ടി ചിന്തയില് നിന്നും ഉണര്ന്നു . ചിറ്റ്‌ചോറിലെ പാട്ട്.

‘എന്താ നന്ദു നിര്ത്തിയത്?…പാട്…’

അവള് മടിച്ചിരുന്നു. ‘ പാട് നന്ദു…’

അവള് വീണ്ടും പാടി..പാടി കഴിഞ്ഞപ്പോള് നന്ദിനിയുടെ ശബ്ദം ഇടറി.

‘എന്താ നന്ദു വിശക്കുന്നോ? എന്തേ ശബ്ദം പതറി പോയത്? ‘

‘ ഒന്നുമില്ല…വീട്ടില് എത്തിയിട്ട് കഴിക്കാം. ‘ അവള് മൂകയായി. അവള് ജോണ്‌സന്റെ അടുത്തു നിന്നും നീങ്ങി വാതിലിനോടു ചേര്ന്ന് ഇരുന്നു. ജോണ്‌സണ് ചൂളം അടിച്ചു പാടി കൊണ്ടിരുന്നു.

 

‘ഒരു ദളം മാത്രം വിടര്‌ന്നൊരു ചെമ്പനീര്…മുകുളമായ് നീയെന്റെ മുന്നില് നിന്നു.. മൃദുല കപോലങ്ങള് നുള്ളി നോവിക്കാതെ തരളമായ് ഞാന് നോക്കി നിന്നു..’

 

വണ്ടി വൈദ്യ ഗൃഹത്തിന്റെ മുന്നില് ചെന്ന് നിന്നു.

About The Author

Leave a Reply

Your email address will not be published. Required fields are marked *