നന്ദിനിയെ വീട്ടിലാക്കി ജോണ്‌സണ് തിരിച്ചു പോന്നു. അന്നവിടെ തങ്ങാന് അയാള് തയ്യാറായില്ല. ദിനേശന്റെ വീട്ടില് കയറണമെന്ന് പറഞ്ഞാണ് ഇറങ്ങിയത്. ജോണ്‌സണ് വന്നത് കണ്ടു ദിനേശന് വലിയ സന്തോഷമായി. പലഹാരങ്ങളും ചായയുമൊക്കെ തോട്ടത്തിലേക്കെടുത്തു രണ്ടാളും അവിടെ കൂടി. പുല്ത്തകിടിയില് ഇരുന്നു രണ്ടാളും ചായ കുടിച്ചു. ജോണ്‌സണ് പലഹാരങ്ങളും കഴിച്ചു. ഉച്ചയ്‌ക്കൊന്നും കഴിച്ചില്ലല്ലോ. അത് പറഞ്ഞു നന്ദിനി ഒരുപാട് നിര്ബന്ധിച്ചതാണ് ഭക്ഷണം കഴിഞ്ഞു പോകാന്.
‘നമുക്ക് ഈ ശനിയാഴ്ച തന്നെ മദ്രാസില് പോകണം’ ജോണ്‌സണ് പറഞ്ഞു. ‘നന്ദിനിക്കും എനിക്കും റെക്കോര്ഡിംഗ് ഉണ്ട്. ദിനേശനും കൂടെ വേണം ‘
‘നിങ്ങള് പോയാല് പോരെ? ഞാന് എന്തിനാ? ‘ ദിനേശന് സംശയം.
‘പോരാ..നീ കൂടെ വേണം. ഞാനും നന്ദിനിയും ഒറ്റയ്ക്ക് പോയാല് ശരിയാവില്ല…’
‘അതെന്താ? നന്ദിനിക്ക് ജോണ്‌സേട്ടന് പോരെ കൂട്ടിന്? ‘
‘ പോരാ…… ഞങ്ങള് ഇപ്പോള് കുറേശ്ശെ പ്രശസ്തരായിരിക്കയാണ്. പേരു ചീത്തയാവാന് എളുപ്പമാണ് ‘
‘ ജോണ്‌സേട്ടനെ ആര്ക്കും ഒന്നും ചെയ്യാന് ആവില്ല ‘
‘അതൊക്കെ വെറുതെ തോന്നുന്നതാ..’ഇന്നലെ തന്നെ ഒരു അനുഭവം ഉണ്ടായി ജോണ്‌സണ് ഹോട്ടലിലെ കാര്യങ്ങള് ദിനേശനോട് പറഞ്ഞു.
‘ നീയും കൂടെ ഉണ്ടെങ്കില് ആരുടെ മുന്പിലും എനിക്ക് ധൈര്യമായി നന്ദിനി നിന്റെ സഹോദരിയാണെന്ന് പറയാം. നിങ്ങളുടെ നാട്ടുകാര്ക്കും വീട്ടുകാര്ക്കും പ്രശ്‌നവും ഉണ്ടാവില്ലല്ലോ.’
‘ശരി..ഞാന് വരാം. നിങ്ങള്ക്ക് എല്ലാ സഹായത്തിനും ഞാന് കൂട്ടുണ്ടായിരിക്കും: ദിനേശന് പറഞ്ഞു.
‘ തങ്കമണി എവിടെ? ‘ ജോണ്‌സണ് ചോദിച്ചു. ‘അവള്ക്കും ഒഴിവു ദിവസങ്ങളല്ലേ?പോന്നോട്ടെ നമ്മുടെ കുടെ’
‘ ചോദിച്ചു നോക്കാം. ‘ ദിനേശന് പറഞ്ഞു.
‘എനിക്ക് ഒഴിവു ദിവസങ്ങളിലും ക്ലാസ്സ് ഉണ്ട്. ഞാന് ഇക്കൊല്ലം വന്നാല് പറ്റില്ല.’ തങ്കമണി ഒഴിഞ്ഞു മാറി. അവള്ക്ക് ആഗ്രഹമൊക്കെ ഉണ്ട്. പക്ഷെ പഠിക്കാതിരുന്നാല് പറ്റില്ലല്ലോ.
എന്തായാലും ദിനേശനും ജോണ്‌സണും നന്ദിനിയോടൊത്തു മ്രദാസില് പോകാന് തീരുമാനിച്ചു ടിക്കറ്റ് എടുത്തു. രാവിലെ സെൻട്രൽ സ്റ്റേഷനില് ഇറങ്ങിയപ്പോള് ഡേവിഡിന്റെ മാനേജര് കാറുമായി കാത്തു നിന്നിരുന്നു. ഡേവിഡ് ഗസ്റ്റ് ഹൗസില് അവരെ കാത്തിരിക്കുന്നുമുണ്ടായിരുന്നു. ദിനേശനും കൂടെ ഉള്ളതിനാല് അയാള്ക്കും സന്തോഷമായി. രാത്രി ഗിറ്റാറില് ദിനേശന്റെ പാടവം കണ്ടു ഡേവിഡ് പറഞ്ഞു.
‘പരസ്പര പൂരകങ്ങള് ‘ ജോണ്‌സണ് പൊട്ടിച്ചിരിച്ചു. ‘ഗിറ്റാറും ഇയാളുമോ? ‘
‘അല്ല..ഇയാളും നമ്മുടെ ഗായികയും.’ ദിനേശന്റെ മുഖം വിവര്ണ്ണമായി.
പകലൊക്കെ മദ്രാസ് നഗരത്തിലൂടെ കറക്കമായിരുന്നു. അണ്ണാനഗര്, വെളാശേരി, അടയാര്, രാമപുരം ഒക്കെ ചുറ്റി അവസാനം നുങ്കംപാക്കത്തും ഒക്കെ ചുറ്റിക്കറങ്ങിയ ശേഷമാണ് കൂടണഞ്ഞത്. അതും തലേന്നത്തെ യാത്രയും കൂടെ അവരെ അവശരാക്കിയിരുന്നു. മദ്രാസിലെ കൊടും ചൂടും പൊടിയും നന്ദിനിക്ക് അല്പ്പം ജലദോഷത്തിന്റെ കോളും ഉണ്ടാക്കിയിരുന്നു. രാത്രി ഡേവിഡ് അവര്ക്ക് ഗസ്റ്റ് ഹൗസില് തന്നെ ഭക്ഷണം ഒരുക്കി.
‘എന്താ ഡേവിഡ് ഇന്നത്തെ സ്‌പെഷ്യല്? ‘ ജോണ്‌സണ് ചോദിച്ചു.
‘ അത് ഇത്ര ചോദിക്കാന് എന്തിരിക്കുന്നു? നിന്റെ പ്രിയപ്പെട്ട ‘കായല്’ തന്നെ. അയാള് മറുപടി പറഞ്ഞു.
‘ചതിച്ചല്ലോടാ..ഇതൊക്കെ നമ്മുടെ ഇനം അല്ല ‘ദിനേശനെയും നന്ദിനിയേയും ചൂണ്ടി അയാള് പറഞ്ഞു.
‘കായല് എന്നാല് മലയാളിക്ക് വേമ്പനാട്ടു കായലും, അഷ്ടമുടി കായലുമൊക്കെ ആണെങ്കില്, തമിഴന് അത് മത്സ്യമാണ്.’
‘എടാ..ഇഡ്യുലിയും സാമ്പാറുമാണോ? ‘ ഡേവിഡ് ചോദിച്ചു.
‘സാരമില്ല ജോണ്‌സേട്ടാ..ഞങ്ങള് സഹകരിക്കാം ‘ ദിനേശനും നന്ദിനിയും ഒരേ
സ്വരത്തിൽ പറഞ്ഞു. മേശപ്പുറത്തു നിരന്ന വിഭവ സമൃദ്ധിയുടെ വിവിധ രുചിഭേദങ്ങള് ഏതൊരു ആളുടെ വായിലും വെള്ളം ഊറിക്കും. കരിമീന് പൊള്ളിച്ചത്, താറാവ് ഇറച്ചി ഉലര്ത്ത് , കപ്പയും ഞണ്ടിറച്ചിയുമൊക്കെ കണ്ടു ജോണ്‌സണു വായില് വെള്ളം ഊറി.പക്ഷെ തന്റെ കൂട്ടുകാര്‌ഡേവിഡ് മാനേജരെ അയച്ചു വേഗം തന്നെ പച്ചക്കറി വിഭവങ്ങള് വരുത്തി. ഇഡ്ഡലിയും സാമ്പാറും, പുട്ടും പപ്പടവും, ചെറുപയര് കറിയുമൊക്കെ നിരന്നു.
‘എടാ.. ഇത് രാജകീയമാണല്ലോ..’ ജോണ്‌സണ് പറഞ്ഞു.
‘നിങ്ങള് എനിക്ക് വിശിഷ്ടാതിഥികള് തന്നെ, എടാ.. നിന്റെ മമ്മിയും പപ്പയുമായിരുന്നു ചെറുപ്പത്തില് എന്റെ ദൈവങ്ങള് | അവിടെ നിന്റെ വീട്ടില് ആണ് ജീവിക്കുന്ന ദൈവങ്ങളെ ഞാന് കണ്ടിരിക്കുന്നത്.’
‘ മതി..നിന്റെ പരിദേവനം..’ജോണ്‌സണ് അയാളെ വിലക്കി.
ഡേവിഡ് എല്ലാവരെയും മേശയിലേക്ക് വിളിപ്പിച്ചു. ഭക്ഷണമേശ കണ്ടു നന്ദിനി അത്ഭുതപ്പെട്ടു.
‘ഇതെന്താ…ബകനു വേണ്ടി ഒരുക്കിയതാണൊ? ‘
നന്ദിനിയുടെ തമാശയും ജോണ്‌സന്റെ നേരെയുള്ള നോട്ടവും എല്ലാവരെയും പൊട്ടിച്ചിരിപ്പിച്ചു. ചില ഇറച്ചി മീന് വിഭവങ്ങള് നന്ദിനിയും ദിനേശനും രുചിച്ചു നോക്കി. അവര്ക്ക് ഇഷ്ടപ്പെട്ടു. ജോണ്‌സണ് അല്പ്പം സമാധാനമായി. ഭാവിയില് നന്ദിനി തനിക്കിണങ്ങാന് ശ്രമിക്കുന്നത് അയാളെ ആശ്വസിപ്പിക്കതന്നെ ചെയ്തു.
‘എടാ… ഇത് തമിഴ്‌നാടല്ലെ.. ചെന്നൈ സെന്ട്രലിലെയും നുങ്കംപാക്കത്തെയു മൊക്കെ തിരക്കും സിനിമയുടെ മടുപ്പും ഒക്കെ ഒന്ന് വിട്ട് ആശ്വാസം തേടുന്നത് ഈ വിഭവ സമൃദ്ധിയിലാണ്. ‘
നന്ദിനിയുടെ ഇലയില് നിന്നും അല്പ്പം മാങ്ങാക്കറി തൊട്ടു നക്കി ജോണ്‌സണ് പറഞ്ഞു, ‘ഉഗ്രന്!’
നന്ദിനി വിളറിപ്പോയി. ഈ ജോണ്‌സേട്ടന് ഒരു ഒളിവും മറയുമൊന്നുമില്ല. ഇവരൊക്കെ എന്ത് കരുതും? നന്ദിനിയുടെ നോട്ടത്തില് നിന്നും അതയാള് മനസ്സിലാക്കി. അവളെ ഭയപ്പെടുത്തരുതല്ലോ. ബിയര് കുപ്പി പൊട്ടിച്ചു ഗ്ലാസ്സുകളില് ഒഴിക്കുമ്പോള് നന്ദിനിയെ നോക്കി തമാശയായി ചോദിച്ചു
‘രുചി നോക്കുന്നോ? ഉറങ്ങാന് നല്ലതാ..’
നന്ദിനി ക്രുദ്ധയായൊന്നു നോക്കി. അതിനര്ത്ഥം ‘ അല്പ്പം കൂടുന്നുണ്ട്, കേട്ടൊ’ എന്നാണെന്ന് ജോണ്‌സണ് മനസ്സിലാക്കി. അയാള് സ്വയം നിയന്ത്രിച്ചു. ഒരു ഗ്ലാസ് ബിയറില് നിര്ത്തി എഴുന്നേറ്റു. തൂശനിലയില് വിളമ്പിയ കുത്തരിച്ചോറ് അവിടെ കിട്ടിയതില് നന്ദിനി ആശ്വസിച്ചു. ഒരു ജലദോഷത്തിന്റെ ‘അസ്‌കൃത’ അവളെ അസ്വസ്ഥ ആക്കിയിരുന്നു.
നന്ദിനിക്ക് മുറി ശരിയാക്കി കൊടുത്ത പയ്യനോട നന്ദിനി ചോദിച്ചു ‘ ഇവിടെ ഒരു ചേച്ചി ഉണ്ടായിരുന്നല്ലോ..അവര് എവിടെ? ‘
‘ഓ..ദമയന്തിയമ്മ.. അവര് അവരുടെ വീട്ടില് മകളുടെ കല്ല്യാണത്തിനു പോയിരിക്കയാണ്. രണ്ടാഴ്ച കഴിയും വരാന് ‘
നന്ദിനി വാതിലൊക്കെ ഭദ്രമായി അടച്ചു കിടന്നു. ഡേവിഡ് കൊടുത്തിരുന്ന ജലദോഷത്തിനുള്ള ഗുളിക കഴിച്ചിരുന്നു. പെട്ടെന്ന് ഉറങ്ങി. രാവിലെ എഴുന്നേറ്റപ്പോള്
ജലദോഷം വിട്ടു പോയിരുന്നു. രണ്ടു പാട്ടുകള് അന്ന് തന്നെ റെക്കോര്ഡ് ചെയ്തു. ഇനി മൂന്നു പാട്ടുകള് കൂടെ ഉണ്ട്. ജോണ്‌സണും നന്ദിനിയും ചേര്ന്നു പാടുന്നതായിരുന്നു രണ്ടെണ്ണം. അധികം ‘ടേക്ക്’ വേണ്ടി വരാതിരുന്നതിനാല് ഉദ്ദേശിച്ചതിലും വേഗം കാര്യങ്ങള് കഴിഞ്ഞു. തിരിച്ചു പോയിട്ടു വേണം അടുത്ത സിനിമയുടെ ഗാനങ്ങളുടെ ചര്ച്ച നടത്താന്. പ്രതിഫലമൊക്കെ ഡേവിഡ് കൃത്യമായി നല്കി.
‘പാട്ടിന്റെ മെച്ചം എന്റെ സിനിമ ഹിറ്റാക്കും’ അയാള് ആത്മാര്ത്ഥമായി പറഞ്ഞു.
ജോണ്‌സന്റെ കുടുംബം ശരിക്കും തനിക്കു രക്ഷയ്ക്കായി ദൈവം നിയോഗിച്ചതാണെന്ന് അയാള് ഒരുപാടു തവണ നന്ദിയോടെ സ്മരിച്ചു. തിരിച്ചു പോരാന് പ്ലെയിന് ടിക്കറ്റ് ശരിയാക്കി വച്ചിരുന്നു അയാള്. യാത്രയുടെ പ്രയാസമറിയാതെ വേഗം നാട്ടിലെത്തി. ആദ്യം ജോണ്‌സന്റെ വീട്ടില് എത്തി. നന്ദിനി ആര്ക്കും സമ്മാനങ്ങള് വാങ്ങിയിരുന്നില്ല. അതിനാല് വൈകുന്നേരത്തിനു മുന്പ് കുറച്ചു ഷോപ്പിങ്ങും ഉണ്ടായിരുന്നു.
‘ ഞാന് ആദ്യമായാണ് പ്ലെയിന് യാത്ര ചെയ്യുന്നത്. നിങ്ങള് രണ്ടു പേരും കൂടെ ഉണ്ടായിരുന്നത് നന്നായി. ‘ കാറില് ഇരുന്നു നന്ദിനി പറഞ്ഞു.
‘ ഞാനും ആദ്യമാണ്. ‘ ദിനേശനും പറഞ്ഞു. ഷോപ്പിങ്ങ് വിപുലമായി നടത്തി. ജോണ്‌സന്റെ സഹായം വളരെ ഉപകാരപ്പെട്ടു. ജോണ്‌സണും ദിനേശനും ഒന്നും സമ്മാനമായി സ്വീകരിക്കാന് തയാറല്ലായിരുന്നു. സ്ത്രീകള്ക്കുള്ള വിഭാഗത്തില് കയറിയപ്പോള് ദിനേശന് കേള്ക്കാതെ ജോണ്‌സണ് നന്ദിനിയുടെ ചെവിയില് പറഞ്ഞു..
‘അളവൊത്ത ബ്രായും മറ്റു സാധനങ്ങളുമൊക്കെ ഇവിടെ നിന്നും വാങ്ങിച്ചുകൊള്ളൂ.. വില്പ്പനക്കാരികള് ഉണ്ട്. ഈ സൌന്ദര്യം വച്ച് ആണുങ്ങളുടെ അടുത്തു അളവ് എടുക്കാന് പോവല്ലേ ‘
‘ പോ ജോണ്‌സേട്ടാ..കളി പറയാന് ഒരു കാര്യം! ‘
ഉച്ച കഴിഞ്ഞു വീട്ടിലേക്കു തിരിച്ചപ്പോള് ജോണ്‌സണ് വന്നില്ല. ദിനേശനും നന്ദിനിയും ടാക്‌സിയിലാണു യാത്ര പുറപ്പെട്ടത്. സീറ്റിന്റെ രണ്ടറ്റത്തിരുന്നു പുറത്തെ കാഴ്ചകള് കണ്ടു മടുത്തപ്പോള് ദിനേശന് നന്ദിനിയെ നോക്കി. നന്ദിനി ഒരുപാട് അകലെയാണെന്നു അയാള്ക്ക് തോന്നി.
‘ നന്ദിനി…എന്താ ഒന്നും മിണ്ടാതെ..ഇങ്ങനെ? ‘
‘ ഒന്നുല്ല്യ..ദിനേശേട്ടാ…ഞാന് ഓര്ക്കുകയായിരുന്നു..ഡേവിഡ് സാര് പറഞ്ഞത്..ഇനി തമിഴില് പാടരുതോ എന്ന്..അതെങ്ങനെയാ? എനിക്കതൊട്ടും അറിയാത്ത ഭാഷയാ…’
‘അതൊക്കെ അവര് പരിശീലനം തരും. മലയാളത്തില് എഴുതി എടുത്തു വായിച്ചു പഠിക്കാലോ..’
‘എന്റെ ക്ലാസ്സിലെ പട്ടത്തികുട്ടികളൊക്കെ തമിഴാണ് പറയുക. എനിക്കത് കേട്ടാലെ ചിരി വരും.’
‘അവരുടെ കൂടെ കൂടിയാല് ഭാഷ പഠിക്കാനും എളുപ്പമാകും. നീ എല്ലാ ഭാഷയിലും പാടണം..എനിക്കത് കേട്ടാല് മതി ‘ ദിനേശന്റെ ശബ്ദത്തില് ഒരു നഷ്ടബോധം ഉണ്ടോ എന്നൊരു സംശയം തോന്നി.
‘എന്താ ദിനേശേട്ടാ..ഒരു..ഒരു..’ നന്ദിനി ചോദിച്ചു
‘ഒന്നുമില്ല… ഓരോ ഗാനവും അത് പാടുന്നവര്ക്കുള്ള സ്മാരകമാണ്. കാലം എത്ര കഴിഞ്ഞാലും ജനമനസ്സുകള് ആ ഗാനങ്ങള് മൂളിക്കൊണ്ടേ ഇരിക്കും.’ ദിനേശന് തുടര്ന്നു.
‘ഗായകര് നിശബ്ദര് ആയാലും, ഗാനം എന്നും അലയടിച്ചു കൊണ്ടേ ഇരിക്കും. ഇത് എപ്പോഴും സംഭവിച്ചു കൊണ്ടിരിക്കയാണ് ‘
‘ദിനേശേട്ടനും തുടങ്ങിയോ തത്വചിന്ത? ‘ നന്ദിനി ചോദിച്ചു.
‘തത്വചിന്തയല്ല. സത്യമാണ്. കൃത്യമായ കൈകളില് തന്നെ നീ ചെന്ന് പെട്ടു. അതും ഈശ്വരന്റെ ഒരു കളിയായിരുന്നില്ലേ? ജോണ്‌സേട്ടന്റെ മുന്നിലേക്ക് നിന്നെ കൊണ്ട് എത്തിച്ചതാരാ!’
നന്ദിനി മൂകയായിരുന്നു. ദിനേശേട്ടൻ പറയുന്നത് തന്റെ ഹൃദയധ്വനിയാണ്.
‘അന്നങ്ങനെ സംഭവിക്കാതിരുന്നെങ്കില് നീ വെറും മാസികകളില് കവിത എഴുതി കാലം കളഞ്ഞേനെ. ചിലപ്പോള് അറിയപ്പെടുന്ന ഒരു ‘കവയിത്രി’ ആയെന്നിരിക്കും, അത്ര തന്നെ. ഇപ്പോഴോ?’ ‘സൗപര്ണ്ണികാമൃത വീചികള് പാടും നിന് സഹസ്രനാമങ്ങള്…’ ദിനേശന് ഒരു പാട്ട് മൂളി.
നന്ദിനിക്ക് എന്ത് പറയണമെന്ന് അറിയില്ല. ദിനേശേട്ടൻ സന്തോഷവാനാണ്. ഒരു നഷ്ടബോധം ഒന്നും ആ സ്വരത്തിലില്ല.
‘എന്തൊരു മാന്യനായ വ്യക്തി! ആ വൃക്തിത്വത്തിലാണ് ഞാന് ആകൃഷ്ടനായിരിക്കുന്നത്. നന്ദിനി ഒരു കണക്കില് ഭാഗ്യവതി തന്നെ’
‘പക്ഷെ, എനിക്ക് പേടിയാണ് ദിനേശേട്ടാ! കുടുംബ പശ്ചാത്തലങ്ങള്! ജോണ്‌സേട്ടന് ഒരു കൂസലുമില്ല…എനിക്ക്? ‘
‘നന്ദിനി ഉയരങ്ങളില് എത്തിയാല് ഒന്നും പേടിക്കേണ്ടി വരില്ല..കാലവും മാറുകയല്ലേ?’
‘ദിനേശേട്ടൻ ആണ് എന്റെ ഒരേ ഒരു സമാധാനം. ‘ നന്ദിനി നെടുവീര്പ്പിട്ടു.
വീടെത്തി, നന്ദിനിയെ ഇറക്കി, ആ കാറില് തന്നെ ദിനേശന് തിരിച്ചു പോയി. ദിനേശന്റെ വീട്ടിലേക്കും നന്ദിനി സാധനങ്ങള് വാങ്ങി സമ്മാനമായി കൊടുത്തയച്ചിരുന്നു. സാധനങ്ങള് ഓരോന്നും തിരിച്ചും മറിച്ചും നോക്കി നാരായണി അഭിപ്രായങ്ങള് പറഞ്ഞു കൊണ്ടിരുന്നു. ശ്രീദേവിയുടെ മകനുള്ള കുഞ്ഞുടുപ്പുകള് തിരഞ്ഞെടുക്കാന് ജോണ്‌സണും കൂടിയിരുന്നു. ഓരോന്നും എടുത്തു നന്ദിനിയെ ഏറു കണ്ണിട്ടു നോക്കി തമാശകള് പറഞ്ഞാണ് തിരഞ്ഞെടുത്തിരുന്നത്. നാരായണി എല്ലാം വിശദമായി പരിശോധനാവിധേയമാക്കി.
‘ഇതിനൊക്കെ ജോണ്‌സണ് ടച്ചോ..ദിനേശന് ടച്ചോ? ‘ഓരോന്നും പൊക്കിപ്പിടിച്ച് അവള് ചോദിച്ചു കൊണ്ടിരുന്നു.
‘അതെന്താ? എന്റെ ടച്ച് ഒന്നും നീ കാണാത്തെ? ‘ നന്ദിനി ചോദിച്ചു.
‘ആ ടച്ച് എനിക്കറിയില്ലേ..വെള്ളയില് വെള്ള ഡിസൈന്..അതല്ലേ നന്ദിനി ടച്ച്.’
‘നീ പോടി.’ നന്ദിനി ചിരിച്ചു കൊണ്ട് അകത്തു പോയി.
‘കാശ് മുഴുവന് ഇങ്ങനെ പീടികയില് കളയരുത് ട്ടോ കുട്ട്യേ… നിനക്ക് ആവശ്യം വരും.. ‘ അമ്മുക്കുട്ടിയമ്മ പറഞ്ഞു.
നന്ദിനി വേഗം തിരിച്ചു വന്നു കെട്ടില് നിന്നും ഒരു പൊതി എടുത്തു നാരായണിയുടെ ദേഹത്തു വച്ച് ഭംഗി നോക്കി.
‘നാരായണി..ഇത് ദിനേശന് ടച്ച് ഉള്ളതാ.. നിനക്ക് വേണ്ടി പുള്ളി തന്നെ തിരഞ്ഞെടുത്തതാ…നിനക്ക് ഇഷ്ടപ്പെട്ടില്ലേ? ‘നന്ദിനി ചോദിച്ചു. ‘നന്നായിട്ടുണ്ട്…പക്ഷെ ഒരു വയസ്സന് ലുക്ക് ഉണ്ട്..ഒരമ്മാവന് ടച്ച്! കുറച്ചും കൂടെ ചെറുപ്പക്കാരുടെ ഹൃദയം പടപടാ മിടിക്കുന്ന തരം വസ്ത്രങ്ങളാ എനിക്കിഷ്ടം’ നാരായണി വച്ചടിച്ചു.
നന്ദിനി പെട്ടെന്ന് മുകയായി. ”ഇവളെ സ്വന്തമാക്കാന് ദിനേശേട്ടൻ പോരാന്നാ തോന്നണേ.. ‘ നന്ദിനി മനസ്സില് പറഞ്ഞു.
മുറ്റത്തെ മാതള നാരകത്തില് രണ്ടു വിഷുപ്പക്ഷികള് ഇരുന്നു കിന്നാരം പറയുന്നു. നന്ദിനി ജനല് ചുവട്ടില് നിന്നും അവയെ ശ്രദ്ധിച്ചു. അവ പരസ്പരം എന്തോ പറയുന്നുണ്ട്. മാതള നാരങ്ങ മൂത്ത് പഴുത്തുവോ എന്നായിരിക്കുമോ? അതോ,മുട്ട ഇടാന് കൂട് പണിയുന്നതിനെ പറ്റിയായിരിക്കുമോ? കുറെ നേരം ആലോചിച്ചതിനു ശേഷം മാതള നാരകത്തിന്റെ ഒരു ഉണങ്ങിയ കമ്പ് എടുത്തു ആൺപക്ഷി പറന്നു പോയി. പെണ്പക്ഷി പിന്നെ സമയം കളഞ്ഞില്ല. പെട്ടെന്ന് പറന്നകന്നു.
അപ്പോള്, വീട് പണിയാണോ?പ്രേയസ്സിക്കു മുട്ട ഇടാന് സമയം ആയെന്നു മുന്കുട്ടി മനസ്സിലാക്കി പ്രവര്ത്തന നിരതനാകുന്ന ഇണ. നന്ദിനി അത് ഓര്‌ത്തോര്ത്ത് ഇരുന്നു. ആ അനുഭവം ഒരു ഗാന ശകലം ഉയര്ത്തി. കടലാസും പേനയും എടുത്ത് ആ ജനല് അരികില് തന്നെ വന്നിരുന്നു. വിഷുപ്പക്ഷി വീണ്ടും വന്നിരിക്കുന്നു. ഇപ്പോള് ഒറ്റയ്ക്കാണ്. പെണ്കിളി കൂട്ടിനില്ല. വരികള് വന്നിറങ്ങി…അലയലയായി..അതിന്റെ ഗാനവീചികള് തിരയിളക്കി… അതില് കര അലിഞ്ഞില്ലാതെയായി. പാറിപറന്നു പിന്നെയും പിന്നെയും വരുന്ന ആണ്കിളി മാത്രം ചെറിയ തടസ്സം സൃഷ്ടിക്കുന്നു ണ്ടായിരുന്നു. ഒരേ വേല തുടരുന്ന കിളിക്ക് ഒരു ക്ഷീണവുമില്ല, മടുപ്പുമില്ല. ഇരുട്ടിന്റെ കൈ വീശി പരന്നപ്പോള് പിന്നെ ആണ്കിളി വന്നില്ല. അവര് ഇരുവരും കൊക്കുരുമ്മി ഇരുന്നുറങ്ങിയിരിക്കും. പാതി പണി തീര്ന്ന കൂട്ടില്!
ഫോണ് ബെല് അടിക്കുന്നു. ഉദ്ദേശിച്ച ആള് തന്നെ..ജോണ്‌സേട്ടന്
‘ഹലോ..’ നന്ദിനി മെല്ലെ ശബ്ദിച്ചു.
‘ ഹലോ..നന്ദു…’ജോണ്‌സേട്ടന് ആദ്യത്തെ ചുംബനം അയച്ചു കഴിഞ്ഞു.
‘വെറുതെ വിളിച്ചതാ..ഉറങ്ങിയോ എന്ന് അറിയാന്. ‘
‘ഉറങ്ങാനോ? നേരം ഇരുളുന്നെ ഉള്ളു ‘
‘പിന്നെന്തു ചെയ്യുന്നു? ‘
‘ഒരു കവിത മെനയുന്നു. മുറ്റത്തെ മാതളത്തിലെ ഉണക്ക കൊമ്പുകള് ശേഖരിച്ചു കൂടുണ്ടാക്കാന് പാട് പെടുന്ന ഒരാണ്കിളിയെ നോക്കിനോക്കി ഇരുന്നെഴുതി. ഇരുട്ടായപ്പോള് പെണ്കിളി വന്നു അവനെ കൂട്ടിക്കൊണ്ട് പോയി കളഞ്ഞു. ‘
‘ഒന്ന് വരാമോ..ഈ ആണ്കിളി ഏകനാണ്. ‘
‘ കൂടുണ്ടാക്കാനുള്ള അദ്ധ്വാനം കൊണ്ട് വലയട്ടെ! ‘
‘ ഞാനിവിടെ പിന്നെ എന്താണ് ചെയ്യുന്നത്? വേറെ ഒരു ആണ്കിളിക്ക് ഒരു കൂട കൂട്ടണമെന്ന് ‘
‘അതേതാ ആണ്കിളി വേറെ? ‘
‘നമ്മുടെ ഡേവിഡ്..അവന് ഒരു പെണ്ണ് വേണം. പണ്ട് നന്ദു എനിക്കായി കണ്ടു പിടിച്ച ലില്ലി ഡോക്ടറെ അവനുമായി ബന്ധപ്പെടുത്തി. അത് ഉടനെ നടക്കും.’
‘അപ്പോള് ബ്രോക്കര് പണിയുമുണ്ടോ? നല്ല കാശ് കിട്ടും ‘
‘ഉം…കാശ്, പണി എടുത്തു തളരും..എന്റെ അവധി എടുത്ത സമയം അവന് ഉപകാരപ്പെടുത്തി, കൂട്ടത്തില് നമുക്ക് അടുത്ത സിനിമയ്ക്ക് ആവശ്യവും വന്നിരിക്കുന്നു. ഞാന് അടുത്ത ഒരു യാത്ര പ്ലാന് ഇടുന്നു. കഥ കേള്ക്കാനും പാട്ടെഴുതാനും..’ *
‘ഉറങ്ങാറായോ?…വല്ലതും കഴിച്ചോ? ‘ നന്ദിനി ചോദിച്ചു.
‘ഏയ്…മനസ്സ് കൊണ്ട് കെട്ടിപ്പിടിച്ച് ഞാന് ഉറങ്ങും…മഴവില് കൊതുമ്പില് ഏറി വന്ന വെണ്‌നിലാക്കിളി..കദളി വനങ്ങള് താണ്ടി വന്നതെന്തിനാണ് നീ.. ‘
ഇമ്പമുള്ള ഗാനം കേട്ടു മയങ്ങി നിന്നു നന്ദിനി.
‘എന്താ…ശബ്ദം പോയോ? ‘ ചോദ്യം ആണ്.
‘ഇല്ല..ഇവിടെ ഞാന് ഒറ്റയ്ക്കല്ലല്ലോ..അതാ… ‘
‘ഗുഡ് നൈറ്റ്..സ്വീറ്റ് (ഡീംസ്.. ‘ഫോണ് വച്ചു.
ഡേവിഡ് സാറിന്റെ കല്ല്യാണ നിശ്ചയവും മനഃസമ്മതവുമൊക്കെ എടിപിടീന്നു നടന്നു. അടുത്ത സിനിമ ഓഡിഷന് മുന്പ് എല്ലാം കഴിയണം. ജോണ്‌സണ് ശ്വാസം വിടാന് നേരം ഇല്ലാതെയായി.
‘ലീവ് എടുത്തത് അവന് മുതലാക്കി’ ജോണ്‌സണ് പറഞ്ഞു.
നന്ദിനിയെ കാണാനോ സംസാരിക്കാന് പോലുമോ അധികം സമയം കിട്ടിയില്ല.
ഒരാഴ്ചയില് കൂടുതലായപ്പോള് ഒരു ദിവസം ഉറങ്ങാന് തയ്യാറാവുകയായിരുന്നു നന്ദിനി. പെട്ടെന്ന് ഫോണ് ബെല്ലടിച്ചു. കാതില് വെച്ച് ‘ഹലോ’പറഞ്ഞതും, മറുവശത്ത് നിന്നും ആര്ത്തിയോടെ പറഞ്ഞു. ‘പൊന്നേ..തൊട്ടുരുമ്മി ഇരിക്കാന് കൊതിയായി… ‘
നന്ദിനി ചുറ്റും നോക്കി…ആരും ഇല്ല. ഒരു ചുടു ചുംബനം ധൈര്യമായി നല്കി.
‘ കിട്ടിയോ? ‘നന്ദിനി ചോദിച്ചു.
‘ കിട്ടി…പക്ഷെ പോരാ! ഞാന് കട്ടോണ്ട് പോരും ! ‘
‘ അടങ്ങി ഇരുന്നോ! ‘നന്ദിനി പറഞ്ഞു.
‘ നാളെ ഞാന് വരുന്നുണ്ട്. എന്റെ കൂടെ വരണം. ‘
‘ എന്താ അത്യാവശ്യം?
‘ അത് ഞാന് പറഞ്ഞില്ലേ, തൊട്ടുരുമ്മി ഇരിക്കാന് കൊതിയായി ‘
‘ എന്ത് പറഞ്ഞു വരും? ‘
‘ അതൊക്കെ ഞാന് പണി പറ്റിക്കാം. വരണം..എന്നെ നിരാശനാക്കരുത്..ഞാന് തളർന്ന പോലെ, ഒരല്പ്പം ഊര്ജ്ജം നിറയ്ക്കണം. ‘ നന്ദിനി സമ്മതിച്ചു.
രാവിലെ പത്തു മണിയോടെ ജോണ്‌സന്റെ കാര് മുറ്റത്തെത്തി. ഇറങ്ങുന്നത് കിളി വാതിലിലൂടെ നന്ദിനി നോക്കി നിന്നിരുന്നു. കാണാന് അവളുടെ കണ്ണും കൊതിക്കുന്നുണ്ടായിരുന്നു.
വൈദ്യരും അമ്മുക്കുട്ടിയമ്മയും ബാലഗോപനുമൊക്കെ ഒരു വിശിഷ്ടാതിഥി വന്ന പോലെ ജോണ്‌സണെ സ്വീകരിച്ചു. മേശപ്പുറത്തു വിഭവങ്ങള് നിരന്നു. ജോണ്‌സണ് ചായ കുടിക്കുന്നതിനിടയില് ആര്ത്തിയോടെ തിരയുന്നുണ്ടായിരുന്നു നന്ദിനിയെ.
‘ മോളേ..നന്ദിനി..’അമ്മുക്കുട്ടിയമ്മ വിളിച്ചതും നന്ദിനി വന്നു. ജോണ്‌സണ് ശ്രദ്ധിക്കാത്തത് പോലെ വൈദ്യരുമായി ഡേവിഡിന്റെ കല്ല്യാണക്കാര്യം ചര്ച്ച ചെയ്തു
കൊണ്ടിരുന്നു.
‘അല്ല..വല്ലവരുടെ കല്ല്യാണമൊക്കെ നടത്തിയാല് മതിയോ? അമ്മയ്ക്ക് ഒറ്റ മകനല്ലേ? കല്ല്യാണത്തിന് എന്താ മടി?” വൈദ്യര് ചോദിച്ചു.
‘മടിയൊന്നും ഇല്ല. ആഗ്രഹിച്ച പെണ്ണിനെ കിട്ടാത്തത് കൊണ്ട് ഒന്ന് അമാന്തിച്ചു..അത്രേയുള്ളൂ.’ ജോണ്‌സണ് പറഞ്ഞു.
‘ഹ!ഹാ!ഹാ! ‘വൈദ്യര് പൊട്ടിച്ചിരിച്ചു.
‘ഇട്ടു മൂടാന് സ്വത്തും, വിദ്യാഭ്യാസവും ജോലിയും, സൌന്ദര്യവുമൊത്ത പുരുഷന് അങ്ങനെ ഒരു ദാരിദ്ര്യമോ?’ വൈദ്യര് പറഞ്ഞു.
ജോണ്‌സണ് ഒന്നും മറുപടി പറഞ്ഞില്ല. നന്ദിനിയുടെ ഹൃദയം പടപടാ മിടിച്ചു. ജോണ്‌സണ് എന്തെങ്കിലും വിട്ടു പറഞ്ഞാല്, അവള് തല താഴ്ത്തി നിന്നു.
‘ഇതൊന്നും പോരാ..അച്ഛാ! ‘ ജോണ്‌സന്റെ ആ വിളി അര്ത്ഥഗര്ഭമായിരുന്നു.
‘എന്താ എന്നെ വിളിപ്പിച്ചേ?’ നന്ദിനി കയറി ചോദിച്ചു.
ജോണ്‌സണ് സീരിയസായി കാര്യം പറഞ്ഞു. ‘ആ നന്ദിനി…നാളെ തന്നെ
കഥാസാരം പറയാന് നിര്മ്മാതാവും സംവിധായകനും വരും. നന്ദിനി നാളെ എന്റെ വീട്ടില് വേണം.’ ജോണ്‌സണ് അച്ഛനോട് സംസാരം തുടര്ന്നു.
‘ആ…അച്ഛാ..! മലയാളം അറിയാത്ത പാട്ടുകാരാ നമ്മുടെ സിനിമയില് ഇത്രയും കാലം പാടിയത്. ഒരു പുതിയ ശബ്ദം വന്നതോടെ സിനിമാ ലോകം ആകെ ഉഷാറിലാ…നന്ദിനിയെ എല്ലാവര്ക്കും പിടിച്ചു പോയി.’
‘അവള്ക്കു പ്രശസ്തി യോഗം ഉള്ള ജാതകമാ…’ വൈദ്യര് പറഞ്ഞു. ‘മോളെ, സാറിന് ഒരുപാട് ജോലി ഉള്ളതാ..നീ വേഗം കൂടെ പോ..’ വൈദ്യര് അനുവദിച്ചു.
‘ദിനേശന് വരുന്നുണ്ടോ? ‘
‘ദിനേശന് അവിടെ ഇല്ല… അവന് ഹോസ്റ്റലിലാ..ചില ആവശ്യങ്ങള്ക്കായി പോയിരിക്കയാ.’ ജോണ്‌സണ് പറഞ്ഞു. ഉച്ച ഭക്ഷണം കഴിഞ്ഞു ജോണ്‌സണും നന്ദിനിയും ഇറങ്ങി. ബാഗും മറ്റും കാറില് വച്ച് നന്ദിനി പുറകില് കയറി. കാര് ഓടിക്കൊണ്ടിരുന്നു. കുറെ ദൂരം എത്തിയപ്പോള് വണ്ടി നിന്നു. ജോണ്‌സണ് ഇറങ്ങി പുറത്തേക്ക് നോക്കി കൊണ്ട് നിന്നു.
‘എന്താ..എന്ത് പറ്റി? ‘ നന്ദിനി ചോദിച്ചു.
‘പെട്രോള് തീര്ന്നു . ഇനി തള്ളണം ‘
‘അയ്യോ..തള്ളാനോ? ‘ നന്ദിനി അസ്വസ്ഥയായി.
‘ഉം…കാറിനല്ല പെട്രോള് തീര്ന്നത്.. ഡ്രൈവര്ക്കാ.. ‘
‘പോ..ഒരു കള്ളന്’ നന്ദിനി മുന്നില് വന്നു കയറി. അവളെ ചേര്ത്തു പിടിച്ചു ജോണ്‌സണ് കാര് എടുത്തു. പഴയ ചായക്കടയുടെ മുന്നില് കാര് നിര്ത്തി. നന്ദിനി ഇറങ്ങി വന്നു. ചായയും പഴവും വാങ്ങി. ചായ കുടിച്ചിട്ട് പഴം കാറില് ഇട്ടു ജോണ്‌സണ് ചാടിക്കയറി.
‘വയര് ഇളകില്ലാട്ടോ’ ജോണ്‌സണ് പറഞ്ഞു
‘പോ… ജോണ്‌സേട്ടാ..’ നന്ദിനി ഒരു നുള്ള് കൊടുത്തു.
(തുടരും…..)
About The Author
No related posts.