ഓണം – ഫ്യൂഡൽ കാപട്യത്തിന്റെ മറ്റൊരു മുഖം? – (ജയൻ വർഗീസ്)

Facebook
Twitter
WhatsApp
Email

മാവേലി നാട് വാണീടും കാലം,

മാനുഷരെല്ലാരും ഒന്ന് പോലെ!

എന്തൊരു സുന്ദരമായ അവസ്ഥ? അറബിക്കടലിന്റെ തീരത്തെ ഈ ചുവന്ന മണ്ണിൽ അങ്ങിനെയൊരവസ്ഥ നിലനിന്നിരുന്നുവത്രെ? കാല പ്രവാഹത്തിന്റെ കടും തുടികളിൽ ബുദ്ധനും, ക്രിസ്തുവും,  നബിയും, കാറൽ മാർക്‌സുംമുതൽ ഗാന്ധിയും, മാർട്ടിൻ ലൂഥറും, ശ്രീ നാരായണനും വരെയുള്ളവർ കൊട്ടിപ്പാടിയത്‌ ഈയൊരവസ്ഥക്ക്വേണ്ടിയായിരുന്നുവല്ലോ? എന്നിട്ടൊന്നും നടപ്പാവാതിരുന്ന ഈയൊരവസ്ഥ, ദക്ഷിണ ഇന്ത്യയിലെ ഒരു വിസ്തൃതപ്രദേശത്ത്‌ എന്നോ ഒരിക്കൽ എങ്ങിനെയോ നില നിന്നിരുന്നുവത്രെ!?...നമുക്കഭിമാനിക്കാം!

സ്മരണകളിൽ മധുരം കിനിയുന്ന മനോഹരമായ ഈ അവസ്ഥയുടെ ഉപജ്ഞാതാവും, ഉപകർത്താവുമായഒരാളെ, ദൈവത്തിന്റെ സ്വന്തം ആൾക്കാരായ ദേവന്മാരുടെ ഒരു പ്രതിനിധി യാതൊരു കാരണവുമില്ലാതെ, ‘ അഹങ്കാരിയായ അസുരൻ’ എന്ന അപഖ്യാതിയും തലയിൽ ചാർത്തി ചുമ്മാ മണ്ണിന്നടിയിലേക്ക്ചവിട്ടിത്താഴ്‌ത്തിക്കളഞ്ഞു എന്ന് പറഞ്ഞാൽ, ‘ ഇതത്ര ശരിയായില്ലാ ‘ എന്ന് ഏതൊരു പിള്ളാച്ചനും പറഞ്ഞുപോകും എന്നുള്ളതല്ലേ ശരിയായ ശരി ?

ദേവൻ, അസുരൻ എന്നീ പദങ്ങൾ അതിന്റെ ശരിയായ അർഥത്തിൽ പ്രയോഗിക്കുകയാണെങ്കിൽ, ഇവിടെവാമനൻ അസുരനും, മഹാബലി ദേവനുമായിത്തീരുന്നു! എന്തു കൊണ്ടെന്നാൽ, ദേവൻ എന്നും നന്മയുടെസംരക്ഷകനായിരുന്നുവെന്ന് ദേവന്മാരുടെ കഥകൾ തന്നെ പറയുന്നുണ്ട്. അതായത്, ‘ ധർമ്മ സംസ്ഥാപനാർഥായ ‘ ആണ് ‘ സംഭവാമി യുഗേ യുഗേ ‘ സംജാതമാകുന്നത്? ഇതിനു വേണ്ടി നടത്തിയ ആരും കൊലകളുടെപരമ്പരയാണ് അവതാര കഥകൾ. ഹയഗ്രീവാസുരൻ, ഹിരണ്യാക്ഷൻ, ഹിരണ്യ കശിപു, കാർത്ത വീര്യൻ, രാവണൻ, പ്രലംബാസുരൻ, കംസൻ തുടങ്ങി എത്ര പേരാണ് കാലപുരി പൂകിയത്‌? മഹാബലികൊല്ലപ്പെട്ടില്ലങ്കിലും, ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. അതും, ‘ ധർമ്മ സംസ്ഥാപനാർഥായ’ എന്ന മാസ്റ്റർ പ്ലാനിന്റെഭാഗമായിട്ടുള്ള മറ്റൊരു സംഭവാമി?

മാവേലി  നാടിന് എന്തായിരുന്നൂ ധർമ്മച്യുതി? കള്ളപ്പണവും, ചെറുനാഴിയും കള്ളത്തരങ്ങളും, കയ്യേറ്റങ്ങളുംഒന്നുമില്ലാതെ, എല്ലാ മനുഷ്യരും തുല്യാവകാശത്തോടെ കഴിഞ്ഞിരുന്ന അന്ന് എവിടെ എന്തായിരുന്നൂ ധർമ്മവിധ്വംസനം? ധർമ്മം അതിന്റെ എല്ലാ അർത്ഥത്തിലും നിലനിന്നിരുന്ന ഇവിടെ ‘ ധർമ്മ സംസ്ഥാപനാർഥായ’ എന്നപേരിൽ എന്തിനായിരുന്നൂ ഈ പൊറാട്ടു നാടകം?

‘മാനുഷരെല്ലാരുമൊന്നുപോലെ ‘ എന്ന ഒറ്റ കൊടിപ്പടത്തിന് കീഴിൽ, അടിമകളുടെ കാലുകൾ മോചിപ്പിച്ചമാർക്സിയൻ സോഷ്യലിസവും, ‘ ‘അപരൻ (അയൽക്കാരൻ) നിന്നെപ്പോലെ ‘ എന്ന ക്രൈസ്തവ തത്വദർശനവും, സ്വന്തം ജീവിതത്തിൽ പ്രയോഗിച്ചു നടപ്പിലാക്കിയ മനുഷ്യ സ്നേഹിയായ മഹാബലിയെ, കേവലമൊരുആൾമാറാട്ടത്തിൽ കുടുക്കി അധികാര ഭൃഷ്ടനാക്കി അധോലോകത്തിലേക്ക് ആട്ടിപ്പായിച്ചു എന്ന് പറഞ്ഞാൽ, ഏതുദേവേന്ദ്രനായാലും, ‘ ഇത് നീതിയായില്ലാ ‘എന്ന് മുഖത്തുനോക്കി പറയാൻ അത്ര വലിയ പാണ്ഡിത്യമൊന്നുംവേണമെന്ന് തോന്നുന്നില്ല.

എന്നിട്ടും ഓണപ്പാട്ടുകളും, ഓണക്കഥകളുമെഴുതി നമ്മുടെ എഴുത്തുകാർ മഹാകവികളും, മഹാകാഥികൻമാരുമൊക്കെ ആയിക്കൊണ്ടിരിക്കുന്നു! അകത്തെ വെള്ളത്തിൽ തുഴയെറിഞ് അസ്സോസിയേഷൻകാർ പുറത്ത് വള്ളം തുഴയുന്നു! ഓണച്ചന്തകളും, ഓണക്കളികളും ഉദ്ഘാടിച്ചുകൊണ്ട്മന്ത്രിമാർ നാടുചുറ്റുന്നു! മഹാബലിക്കാലത്തിന്റെ മഹത്തായ നന്മ്മകൾ സ്വതം നിയോജക മണ്ഡലത്തിൽഅടിയന്തിരമായി നടപ്പിലാക്കുമെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നു! അതിനുള്ള ഫണ്ടുകളുടെ റിസോഴ്സുകൾകണ്ടെത്തുന്നതിനായി മത്തായിയും, മമ്മതും, കുടിയേറിപ്പാർക്കുന്ന ഗൾഫ്- അമേരിക്കൻ നാടുകളിൽ ഉടൻസകുടുംബം പര്യടനം നടത്തുന്നതാണെന്ന് വിളംബരം ചെയ്യുന്നു. എന്നിട്ട് , എല്ലുന്തി, പല്ല് കൊഴിഞ്ഞുചുക്കിച്ചുളിഞ്ഞ ഗ്രാമീണ ദരിദ്ര വർഗ്ഗത്തിലെ തന്റെ പ്രിയപ്പെട്ട വോട്ടർ പാവകൾക്ക്, തക്കാളിപ്പഴം പോലെ ചുവന്നുതുടുത്ത തന്റെ സ്വന്തം മുഖത്തുനിന്ന്, തികച്ചും കലാപരമായി ആവിഷ്‌ക്കരിച്ച ഒരു ‘ടെക്‌സ്‌റ്റൈൽ പുഞ്ചിരി’സൗജന്യമായി സമ്മാനിച്ചു കൊണ്ട്, കൊടിവച്ച കാറിൽക്കേറി മീശക്കാരൻ സാറമ്മാരുടെ അകന്പടിയോടെഅകലങ്ങളിൽ അപ്രത്യക്ഷരാകുന്നു! മാവേലി നാടിന്റെ മധുര സ്വപ്നങ്ങളും പേറി ചോരുന്ന കൂരകളിൽദാരിദ്ര്യരേഖപ്പുതപ്പിനടിയിൽ പാവങ്ങൾ കൂർക്കം വലിച്ചുറങ്ങുന്നു!!

ഓ!  ടെക്‌സ്റ്റൈൽ പുഞ്ചിരിയോ? അത് നമ്മുടെ ടെക്‌സ്റ്റൈൽ ഷോറൂമുകളിലെ വില്പനക്കാരികൾ കസ്റ്റമേഴ്‌സിന്വേണ്ടി പ്രത്യേകം വിരിയിച്ചെടുക്കുന്നതും, തെരഞ്ഞെടുപ്പുകാലത്ത് രാഷ്ട്രീയക്കാർ കോപ്പി ചെയ്യുന്നതും, വിൽപ്പനയും, തെരഞ്ഞെടുപ്പും കഴിഞ്ഞാൽ പെട്ടന്നസ്തമിക്കുന്നതുമായ ആ ഒലിപ്പിക്കലുണ്ടല്ലോ- അത്തന്നെയാണ് ടെക്സ്റ്റൈൽ പുഞ്ചിരി.

ഇങ്ങിനെയൊക്കെ ചിന്തിക്കുന്പോൾ എവിടെയോ ഒരു പന്തികേട്. ഒരു വല്ലായ്മ! ഈ വല്ലായ്മകളുടെകല്പടവുകളിലൂടെ നമുക്കല്പം പിറകോട്ട് നടക്കാം. കാലാന്തരങ്ങളുടെ പടിവാതിലുകൾ കടന്നു കടന്ന്, കൽപ്പനയും, യാഥാർഥ്യവും കെട്ടുപിണഞ്ഞു കിടക്കുന്ന മാവേലിക്കാലത്തിന്റെ മനോഹര തീരത്തിലേക്ക് .

വിഷ്ണുപുരാണത്തിലെ മഹാബലി എന്ന അസുരനാണ് മാവേലി എന്ന് വിശ്വസിക്കപ്പെടുന്നു. വിഷ്ണുവിന്റെഅഞ്ചാമത്തെ അവതാരമായ വാമനനാണ് മഹാബലിയെ ചവിട്ടിത്താഴ്ത്തിയതെന്നു പറയുന്പോൾ ഈകാലഗണന യുക്തിക്ക് നിരക്കുന്നതാവുന്നില്ല. എന്തുകൊണ്ടെന്നാൽ, വാമനന് ശേഷമുള്ള അവതാരമായപരശുരാമനാണ് തന്റെ മഴുവെറിഞ്ഞു കേരളം വീണ്ടെടുത്തത്. ഓരോ അവതാരങ്ങൾക്കിടയിലും യുഗങ്ങളുടെകാല ദൈർഘ്യം ഉണ്ട് എന്നിരിക്കുന്പോൾ, ഇവിടെ ചില കല്ലുകടികൾ ഉണ്ടാവുന്നുണ്ട്. ഒന്ന്: വാമനാവതാരകാലത്ത് കേരളമില്ലാ, അത് ഭരിക്കാൻ ഒരു മാവേലിയുമില്ല. രണ്ടു: വാമനാവതാര കാലത്ത് ഒരിടത്തും യാതൊരുധർമ്മച്യുതിയും സംഭവിച്ചിരുന്നതായി പറയുന്നില്ലാത്ത നിലക്ക് വെറുതേ ഒരവതാരത്തിന്റെ ആവശ്യവുമില്ലാ. കാരണം, ‘ധർമ്മ സംസ്ഥാപനാർഥായ ‘ ആണല്ലോ അവതാരങ്ങൾ സംഭവിക്കേണ്ടത്?

അതും പോകട്ടെ, വാമനൻ അങ്ങ് അവതരിച്ചു പോയി എന്നുതന്നെ കരുതുക. പക്ഷെ, പരശുരാമൻ വന്നിട്ടില്ലാ, മഴുവെറിഞ്ഞിട്ടില്ലാ? വീണ്ടും എത്രയോകാലത്തിനു ശേഷമാണ്, പരശുരാമൻ അവതരിച്ചതും, ‘അമ്മ രേണുകയെവെട്ടിക്കൊന്ന മഴുവുമായി ‘ തെക്കോട്ട് വന്നതും, ആ ചോരമഴുവെറിഞ് നമ്മുടെ കേരളം വീണ്ടെടുത്തതും? കണ്ണൂരിലും, നാദാപുരത്തും, തൃശ്ശിലേരിയിലും,തിരുനല്ലൂരും ഇന്നും ഒഴുകിക്കൊണ്ടിരിക്കുന്ന ചോരപ്പുഴകൾ ആഅമ്മച്ചോരയിൽ നിന്ന് കിനിഞ്ഞു കിനിഞ്ഞു വരുന്നതാവില്ലേ എന്ന് ആരെങ്കിലും സംശയിച്ചാൽ, അവരെകുറ്റപ്പെടുത്താനാവുമോ?

ഭൂമി ബ്രാഹ്‌മണർക്കു ദാനം ചെയ്ത ശേഷം, പരശു കൈവിട്ട രാമൻ തപസിനു പോവുകയാണ്. അന്നൊന്നുംഒരസുരനെപ്പറ്റി കേട്ടുകേൾവി പോലുമില്ലാ കേരളത്തിൽ. പിന്നെയും എത്രയോ കാലങ്ങൾക്കു ശേഷമായിരിക്കണം, ഈ ബ്രാഹ്മണ മേധാവികൾക്കിടയിൽ നിന്ന് ഒരസുര ചക്രവർത്തി ഉയിർത്തെഴുന്നേറ്റു വന്നതും, സോഷ്യലിസത്തിന്റെ റിയാലിറ്റി ധീരമായി നടപ്പിലാക്കുകവഴി ‘ മാനുഷരെല്ലാരുമൊന്നുപോലെ’ എന്ന കൊടിപ്പടംമാനത്തുയർത്തി നിർത്തിയതും? ആകെ കുഴഞ്ഞു മറിഞ്ഞു കിടക്കുന്നു.ഒന്നും യാഥാർഥ്യമാവാനിടയില്ല. എല്ലാംകെട്ടുകഥകൾ മാത്രമായി തരം താണിരിക്കുന്നു! ഈ കെട്ടുകഥകൾ നിർമ്മിച്ചവർക്കാകട്ടെ, ചിട്ടയോടെ അത്പറഞ്ഞുവയ്‌ക്കാനും സാധിച്ചല്ലാ.(ഹൈന്ദവ പണ്ഡിത ശിരോമണികളിൽ നിന്ന് വിശദീകരണംഅഭ്യർത്ഥിക്കുന്നു.)

ഇങ്ങിനെ വരുന്പോൾ, ചിലപ്പോഴെങ്കിലും നമുക്കിത് നിഷേധിക്കേണ്ടി വരുന്നതുകൊണ്ട്, ദേവന്റെയും, അസുരന്റെയും കഥയുടെ അയഥാർഥ്യത്തിൽ നിന്ന്, മണ്ണിന്റെയും, മനുഷ്യന്റെയും കഥയുടെ യാഥാർഥ്യത്തിലേക്ക്നമുക്ക് വഴി പിരിയേണ്ടി വരുന്നു. ഇവിടെ മാവേലി ഒരു യാഥാർഥ്യമായി നമുക്കിടയിലേക്ക് വരുന്നതു കാണാം. നമ്മുടെ മണ്ണിൽ ജനിച്ചു വളർന്ന നീതിമാനായ ഒരു ഭരണാധികാരിയായി.

തൃക്കാക്കര കേന്ദ്രമാക്കി ഭരണം നടത്തിയിരുന്ന ഒരു ഭരണാധികാരി ആയിരുന്നിരിക്കണം മഹാബലി.സവർണ്ണമഹിമയും, ബ്രാഹ്മണ്യത്തിന്റെ പൊലിമയും ഒന്നും അവകാശപ്പെടാനില്ലാതിരുന്ന സാധാരണക്കാരനായ ഈമനുഷ്യസ്നേഹി, ‘ മാനുഷരെല്ലാരുമൊന്നുപോലെ’ എന്ന തത്വം മാർക്സിനും മുന്പേ പ്രഖ്യാപിച്ചു നടപ്പിലാക്കിയനീതിമാനായിരുന്നു!

എന്പ്രാനപ്പം കട്ട് ഭുജിക്കാതിരുന്ന അന്നാട്ടിൽ സ്വാഭാവികമായും സത്യവും, നീതിയും, ധനവും, സമൃദ്ധിയുംനിറഞ്ഞു നിന്നു. ജനങ്ങൾ ക്ഷേമത്തിലും, ഐശ്വര്യത്തിലും കഴിഞ്ഞു. കള്ളവും, ചതിയും, കള്ളപ്പണവും, ചെറുനാഴിയും പൊയ്‌പ്പോയ അവിടെ സ്വർഗ്ഗം ഭൂമിയിലേക്ക് താണിറങ്ങി വന്നപ്പോളാണ്, മനുഷ്യരെല്ലാംഒന്നായി,ഒരു മനസോടെ ജീവിച്ചത്!

കേരളത്തിലെ മറ്റ് നാട്ടു രാജ്യങ്ങളിലെ ഫ്യൂഡൽ പ്രഭുക്കൾക്ക്  ഇത് രസിച്ചില്ല. ബ്രാഹ്മണരായ തങ്ങളേക്കാൾനന്നായി ഭരിക്കാൻ മറ്റൊരാൾക്ക് സാധിക്കുകയോ? അതും ഒരസുരനു? സഹിക്കില്ലാ, സഹിക്കില്ലാ.  അവനെതട്ടുക തന്നെ. അസൂയയുടെ തിമിരം ബാധിച്ച് അന്നവർ വിളിച്ച ഗോഗ്വാ വിളികൾ നമ്മുടെ സമൂഹത്തിന്റെതലങ്ങും, വിലങ്ങും ( പ്രത്യേകിച്ചും അമേരിക്കൻ മലയാള സാഹിത്യത്തിൽ ) ഇന്നും അലയടിക്കുന്നുണ്ട്; ശ്രദ്ധിച്ചാൽ മതി കേൾക്കാം?

അങ്ങിനെയാണ്, അവർ എറണാകുളത്തിന് സമീപമുള്ള ഒരു സ്ഥലത്തു സമ്മേളിച്ചു ഗൂഡാലോചന നടത്തിയതും, മാവേലിയെ സ്ഥാന ഭൃഷ്ടനാക്കുമെന്ന് ശപഥം ചെയ്തതും. ഈ ‘തിരു ‘ മേനിമാർ നടത്തിയ ‘ തിരു ശപഥസ്ഥാനമാണ് ‘ പിൽക്കാലത്ത് ലോപിച്ച്‌ തൃപ്പൂണിത്തുറയായിത്തീർന്നത് എന്ന് ‘ സ്ഥല നാമ ചരിത്രങ്ങൾ ‘ എന്നഗ്രന്ഥത്തിൽ ബഹുമാന്യനായ ശ്രീ  വി.വി.കെ വാലത്ത് സ്ഥാപിക്കുന്നു.

സവർണ്ണ നാടുവാഴിസംഘം തങ്ങളുടെ സൈനിക ശക്തി ബലങ്ങളോടെ തൃക്കാക്കരയിലേക്ക് നീങ്ങി. ഇതൊരുഅത്തം നാളിലായിരുന്നു.തൃപ്പൂണിത്തുറയിലെ അത്തച്ചമയാഘോഷങ്ങളുടെ അടിവേരുകൾ ഇവിടെയാണ്!

കാക്കുവാൻ വേണ്ടി സൈന്യത്തെ വിന്യസിച്ച നാട് ‘ കാക്കാൻ നാട് ‘ അഥവാ കാക്കനാട്. ഇപ്പോൾ എറണാകുളംസിവിൽ സ്റ്റേഷൻ ഇവിടെയാണ്. കലക്ടറേറ്റ് ഉൾപ്പടെയുള്ള സർക്കാർ സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നു. ഇവിടെ ഉയർന്ന സ്ഥലത്ത് നിന്നാൽ തൃക്കാക്കരയുൾപ്പടെയുള്ള എറണാകുളം ജില്ലയുടെ ഒരു വിസ്‌തൃത പ്രദേശംനഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ കഴിയും എന്നതിനാലാവണം, കാക്കാനുള്ള നാടായി ഇവിടംതെരഞ്ഞെടുത്തത്.

മറ്റൊരു കൂട്ടം പടയെ വിന്യസിച്ച സ്ഥലമാണ് ‘പടമുകൾ’. ആനപ്പടയെ നിർത്തിയ മുകൾ അഥവാ കുന്ന് ആണ്’കരിമുകൾ’. വില്ലാളി വീരന്മാർ അന്പ് തൊടുത്തു നിന്നിടം ‘അന്പുനാട് ‘. ഈ സ്ഥലങ്ങളെല്ലാം തൃക്കാക്കരക്ക്ചുറ്റും സ്ഥിതി ചെയ്യുന്നതും, ഇവിടങ്ങളിലെ സൈനിക കാവൽ കൊണ്ട് അനായാസം തൃക്കാക്കരയെബന്ധനത്തിലാക്കി വളഞ്ഞു പിടിക്കാൻ സാധിക്കുന്നതുമാണ്.

അത്തം നാളിൽ തൃപ്പൂണിത്തുറയിൽ രൂപം കൊണ്ട ഈ സവർണ്ണ ഗൂഡ തന്ത്രം, പത്താം നാളിൽ തിരുവോണദിവസം തൃക്കാക്കരയിൽ ഫലം കണ്ടു. തന്റെ പ്രജകളിൽ ഒരാളുടെയെങ്കിലും ചോര വീഴുന്നത് സങ്കൽപ്പിക്കാൻപോലും മഹാബലിക്ക് സാധ്യമായിരുന്നില്ല.ഒരേറ്റുമുട്ടൽ ഒഴിവാക്കാനായി എന്തും ചെയ്യാൻ അദ്ദേഹം തയ്യാറായി. ദാന ശീലത്തിൽ അദ്വിതീയനായിരുന്ന തൃക്കാക്കരയിലെ ആ ജനകീയ ഭരണാധികാരിയെ, ആ ദാനശീലത്തിന്റെചൂണ്ടയിൽത്തന്നെ  കുടുക്കി അവർ എല്ലാം പിടിച്ചെടുത്തു. തന്റെ പ്രജകളുടെ രക്തച്ചൊരിച്ചിലും, ദുരിതവുംഒഴിവാക്കാൻ കൂടിയാവണം, തന്റെ ചെങ്കോലും, കിരീടവും അദ്ദേഹം വച്ചൊഴിഞ്ഞു. മണ്ണിനോളം താഴ്ന്ന ആകീഴടങ്ങലാണ്, മണ്ണിലേക്ക് ചവിട്ടിത്താഴ്‌ത്തിയതായി ചിത്രീകരിക്കപ്പെട്ടത്?.

ശിഷ്ടജീവിതം തന്റെ പ്രജകളോടൊത്ത്‌ വേണമെന്നുള്ള മഹാബലിയുടെ അപേക്ഷ അവർ നിരസിച്ചു. തൃക്കാക്കരക്ക്‌ നാലഞ്ച്  മൈൽ പടിഞ്ഞാറുള്ള ‘പാതാളം’ എന്ന അപരിഷ്കൃത പ്രദേശത്തേക്ക് അദ്ദേഹത്തെഅവർ മാറ്റി പാർപ്പിച്ചു. നാടുകടത്തൽ പോലെ അക്കാലത്തെ ഒരു വീട്ടു തടങ്കൽ!  ഇന്നും വലിയ വികസനമൊന്നുംഎത്തിച്ചേരാത്ത സ്ഥലമാണ് പാതാളം. എറണാകുളം- വടക്കൻ പറവൂർ റോഡ് കടന്നു പോകുന്നത്ഇതിലെകൂടിയാണ്.

സവർണ്ണ മേധാവികളുടെ കൊള്ളരുതായ്മകളെ ദൈവീക നിയോഗങ്ങളാക്കി ചിത്രീകരിക്കുന്ന പാരന്പര്യംഭാരതത്തിലുടനീളം കാണാം.കന്യാകുസുമങ്ങളെ കാമക്കഴുകന്മാർക്ക് എറിഞ്ഞു കൊടുക്കുന്ന ദേവദാസീസന്പ്രദായവും, അന്തികൂട്ടിനെത്തുന്ന ആഢ്യൻ നന്പൂതിരിക്ക് കിടക്കാപ്പായ വിരിച്ചു കൊടുക്കേണ്ട ഗതികേട്കേരളീയ സ്ത്രീത്വത്തിനുണ്ടാക്കി വച്ചതും ഈ പാരമ്പര്യത്തിന്റെ ഭാഗമാണ്.

ജനങ്ങളിലെ വൻഭൂരിപക്ഷവും പ്രതിഷേധിക്കുമെന്ന് ഭയന്നിട്ടാവണം, മഹാബലിക്കാല നെറികേടും ദൈവവുമായികൂട്ടിയിണക്കപ്പെട്ടത്. ക്ഷേത്രത്തിൽ വാമനമൂർത്തി പ്രതിഷ്ഠ നടത്തിക്കൊണ്ടായിരുന്നു ആദ്യ പ്രതിരോധം. തൃക്കാക്കരക്കു സമീപമുള്ള ‘ മൂങ്ങനാട് ‘ എന്ന സ്ഥലം, അവതാരങ്ങളിലെ മുണ്ടനായ വാമനന്റെ പേരുമായികൂട്ടിയിണക്കി. മുണ്ടന്റെ (വാമനന്റെ ) നാടാണ് മുണ്ടൻ നാട്. ഇത് ചുരുങ്ങിയാണ് മുങ്ങനാട് ആയിത്തീരുന്നത്. തേവക്കൽ എന്ന സമീപ സ്ഥലം, തേവന്റെ, അതായത് ദേവന്റെ കാൽ വച്ചിടം എന്നും പറഞ്ഞു പരത്തി. ചുരുക്കത്തിൽ, തങ്ങളല്ലാ, ദൈവമാണ് ഇതൊക്കെ ചെയ്തു കൂട്ടിയത് എന്ന് വരുത്തിത്തീർക്കുക വഴി സവർണ്ണമേധാവികൾ തങ്ങൾക്കു ചുറ്റും ഒരു സുരക്ഷിത വേലി നിർമ്മിച്ചെടുക്കുകയായിരുന്നു!

ഇതൊക്കെ സഹിക്കാം, വാമനാവതാരം നടന്ന്  യുഗങ്ങൾക്ക് ശേഷം വന്ന പരശുരാമൻ വീണ്ടെടുത്ത കേരളമാണ്മഹാബലി ഭരിച്ചിരുന്നത് എന്നും, ഈ മഹാബലിയുടെ തലയിലാണ് വാമനൻ തൃക്കാൽ സ്പർശം നടത്തിയത്എന്നും ഒക്കെ പറഞ്ഞു വയ്‌ക്കുന്പോൾ, തലയിൽ ആൾ താമസമുള്ള ആരും പിൽക്കാലത്തുണ്ടാവുകയില്ലാഎന്നാവുമോ ഈ ബ്രഹ്മ ജ്ഞാനികൾ നിനച്ചിരിക്കുക?

കാഴ്ചക്കുലയും, കാണിക്കയുമായി തങ്ങളുടെ മുന്നിൽ ഓച്ഛാനിച്ചു നിൽക്കാനുള്ള അടിമകളെ സൃഷ്ടിച്ചെടുത്തപൗരാണിക സവർണ്ണ ഹീന തന്ത്രം, ഇന്ന് അടിപൊളി ആചാര്യന്മാരുടെ അജയ്യമായ വജ്രായുധമായിപുനർജനിച്ചിരിക്കുന്നു! അക്കൂട്ടരുടെ അട്ടഹാസങ്ങളിൽ നടുങ്ങി, സ്വന്തം ധർമ്മ ബോധത്തിന്റെസിംഹാസനങ്ങളിൽ നിന്ന് ക്രൂരമായി ചവിട്ടിത്താഴ്‌ത്തപ്പെടുന്ന മനുഷ്യ സ്നേഹികളുടെ തലയിൽ കാൽ വച്ച്നിൽക്കുന്ന മത-രാക്ഷ്ട്രീയ-സാമൂഹ്യ-സാംസ്ക്കാരിക വാമനന്മാർക്ക് ദൈവാവതാരത്തിന്റെ പരിവേഷം നൽകിഹുറേയ് വിളിക്കാൻ വിധിക്കപ്പെട്ട ‘ കരയുന്ന കഴുതകളുടെ ‘ ഒരു വലിയ കൂട്ടമായി മാറുകയാണ്, ദൈവത്തിന്റെസ്വന്തം നാട് എന്ന ലേബലിൽ അറിയപ്പെടുന്ന കേരളത്തിൽ നിന്നുള്ള  നമ്മൾ മലയാളികൾ!!

ചരിത്ര ഗവേഷകനായ പ്രൊഫസർ പി.മീരാക്കുട്ടിയോട് കടപ്പാട്.

കാലിക പ്രസക്തി കണക്കിലെടുത്ത് കൊണ്ടുള്ള പുനഃ പ്രകാശനം.

About The Author

Leave a Reply

Your email address will not be published. Required fields are marked *