പറങ്കിമാവിന്‍ കമ്പ് ചാര്‍ളിയെ വഹിച്ചു താഴേക്ക് കുതിച്ചെങ്കിലും തറയില്‍ വീഴാതെ മറ്റൊരു മരകൊമ്പില്‍ ഇടിച്ചു നിന്നു. ഭയങ്കരമായ ശബ്ദത്തോടെ താഴേക്ക് വന്ന മരക്കൊമ്പിനെ ആരോ പിടിച്ചു നിര്‍ത്തുകയായിരുന്നു. കോരി ചൊരിയുന്ന മഴയില്‍ അവന്‍ തെല്ലുനേരം അതുതന്നെ ചിന്തിച്ചു. ഇടയ്ക്കിടെ മിന്നല്‍ പിണരുകള്‍ മണ്ണിനെ പ്രകാശിപ്പിച്ചു. തണുത്ത കാറ്റില്‍ ശരീരം വിറയ്ക്കാന്‍ തുടങ്ങി. ശരീരത്തിലെ എല്ലാ വേദനകളും അവന്‍ മറന്നിരുന്നു. എങ്ങനെയും താഴേക്ക് ഇറങ്ങി മുറിക്കുള്ളിലെത്തണം. മണ്ണില്‍ പതിഞ്ഞ് കാലൊടിക്കാതെ തലയടിക്കാതെ കാത്ത് രക്ഷിച്ച ദൈവത്തെ ഒരു നിമിഷം ഓര്‍ത്തു. പതുക്കെ അടുത്ത കമ്പില്‍ പിടിച്ച് താഴേക്ക് ഇറങ്ങാന്‍ ശ്രമിക്കുമ്പോള്‍ കൈയ്യെത്തും ദൂരത്ത് താന്‍ സ്വന്തമാക്കാന്‍ ശ്രമിച്ച പഴം എനിക്കായി കാത്തിരിക്കിന്നു. ചീറിയടിക്കുന്ന മഴത്തുള്ളികള്‍ ശരീരത്തിലൂടെ ഒഴുകി. അവന്‍ ആ പഴം സ്വന്തമാക്കി തൂത്ത് തുടച്ച് തിന്നു.
മുറിക്കുള്ളിലെത്തി മഴയില്‍ കുതിര്‍ന്ന നിക്കര്‍ പിഴിഞ്ഞ് വരാന്തയില്‍ കെട്ടിയിട്ടുള്ള അയയില്‍ നിവര്‍ത്തിയിട്ടു. കട്ടിലില്‍ ഉറങ്ങാന്‍ കിടന്നു. മനസ്സിന് അപ്പോഴാണ് ഒരാശ്വാസം തോന്നിയത്. പെട്ടെന്ന് കണ്ണുകള്‍ അറിയാത്തവിധം അവന്‍ ഉറങ്ങി.
കിഴക്കേ മലമുകളില്‍ വെളിച്ചത്തിന്‍റെ പൊന്‍പൂക്കള്‍ വിരിഞ്ഞു! ചാര്‍ളീ ഉണര്‍ന്നിരുന്നില്ല. കുഞ്ഞമ്മ ആടയാഭരണങ്ങളണിഞ്ഞ് തിളങ്ങുന്ന വസ്ത്രത്തില്‍ പള്ളിയില്‍ പോകാന്‍ തിടുക്കം കൂട്ടുമ്പോഴായിരുന്നു ചാര്‍ളിയെ ഓര്‍ത്തത്. ഓടിയെത്തി കതക് തുറക്കുമ്പോള്‍ ചാര്‍ളി നല്ല ഉറക്കത്തിലായിരുന്നു. റീനയുടെ മുഖം തുടുത്ത് വന്നു. നേരം ഇത്രയായിട്ടും പോത്തു പോലെ കിടന്ന് ഉറങ്ങുന്നത് കണ്ടില്ലേ?
“എഴുന്നേക്കെടാ അനുസരണയില്ലാത്തവനെ.”
ചാര്‍ളി കണ്ണു തുറന്നു. ചുഴലിക്കാറ്റു പോലെ മുന്നില്‍ കുഞ്ഞമ്മ! അവന്‍ ചാടിയെഴുന്നേറ്റു. എല്ലാം ദിവസവും രാവിലെ ആറുമണിക്ക് എഴുന്നേല്‍ക്കുന്നവന്‍ ഇന്ന് ഏഴുമണിയായിട്ടും എഴുന്നേറ്റിട്ടില്ല. പള്ളിയില്‍ ആദ്യകുര്‍ബാന എട്ടുമണിക്കാണ്. പതിനഞ്ച് മിനിട്ട് നടന്നാലെ പള്ളിയില്‍ ചെല്ലൂ. പിന്നെ ഒരാശ്രയം ചേട്ടന്‍ ബോബിയാണ്. ബോബിക്ക് മറ്റ് തടസ്സങ്ങള്‍ ഒന്നുമില്ലെങ്കില്‍ എല്ലാ ഞായറാഴ്ചയും ഏഴരയാകുമ്പോള്‍ വീട്ടിലെത്തും കുശലവര്‍ത്തമാനവും ചായകുടിയും കഴിഞ്ഞ് ബോബിയുടെ കാറിലാണ് പള്ളിയില്‍ പോകുന്നത്.
കുഞ്ഞമ്മയെ കണ്ട് അവന്‍ എഴുന്നേറ്റു. ഒന്നും മിണ്ടിയില്ല.
‘എടാ’ സമയം എത്രയായെന്ന് അറിയോ? നെനക്കു വല്ലോം കഴിക്കണോ? .’
അതു കേട്ടപ്പോള്‍ അവന് സന്തോഷമായി. കഴിഞ്ഞരാത്രിയില്‍ പട്ടിണിക്കിട്ടതല്ലേ. കൂഞ്ഞമ്മക്കും സങ്കടം കാണും. അല്ലെങ്കില്‍ ഇങ്ങനെ വന്ന് വിളിക്കുമോ? സാധാരണ ഭക്ഷണ സമയമാകുമ്പോള്‍ അടുക്കളവാതില്‍ക്കല്‍ നിന്ന് മുഖം കാണിക്കയാണ് പതിവ്. കുഞ്ഞമ്മക്ക് ഞാനൊരു ശത്രുവാണെങ്കിലും ദയ ഇല്ലെന്ന് പറയാനാകില്ല.
അവന്‍റെ കണ്ണുകള്‍ വിടര്‍ന്നു.
“കുഞ്ഞമ്മേ ഞാന്‍ തെങ്ങിന്‍റെ തടം എടുത്തോട്ടെ.” മടിച്ച് മടിച്ച് ചോദിച്ചു.
“എടുത്തോ പക്ഷെ പത്ത് രൂപയേ തരൂ. പറഞ്ഞേക്കാം”
“അതുമതി. കുഞ്ഞമ്മ പള്ളി പോകുമ്പം ഞാന്‍ വീടും പശുവിനെ കോഴിയെ ഒക്കെ നോക്കികൊള്ളാം”
“നീ ഈ വീട്ടിലെ മൂത്തവനല്ലേ. അതൊക്കെ പ്രത്യേകം പറയണോ?” റീന അത്രയും പറഞ്ഞിട്ട് പൂറത്തേക്ക് പോയി. പല്ല് തേക്കുമ്പോഴും ചാര്‍ളിക്കും കുഞ്ഞമ്മയുടെ വാക്കുകള്‍ വിശ്വസിക്കാനായില്ല. ഒരൂ തെങ്ങിന്‍റെ തടം എടുക്കുന്നതിന് കുഞ്ഞമ്മ മറ്റുള്ളവര്‍ക്ക് കൊടുക്കുന്നത് ഇരുപത് രൂപയാണ്. തനിക്ക് പത്തുരൂപ തരുമെന്നല്ലേ പറഞ്ഞത്. അത് നന്നായി.
കുഞ്ഞമ്മ ഉണ്ടാക്കിയ ദോശ ചാര്‍ളി ആര്‍ത്തിയോടെ കഴിച്ചു. കെവിന്‍ കഴിക്കുമ്പോള്‍ റീനയുടെ കണ്ണുകള്‍ അവന്‍റെ മുഖത്തായിരുന്നു. മകനെ തീറ്റിക്കുവാന്‍ റീന വളരെ ശ്രദ്ധിച്ചു. അവനോട് കെഞ്ചി പറയുകയും ചെയ്തു. “ഒരു ദോശകൂടി കഴിക്ക് മോനെ?” അവന്‍ ദേഷ്യത്തോടെ പറഞ്ഞു. “മമ്മീ ദോശയില്ലാതെ പറ്റ്വോ?”-അപ്പോഴാണ് ദോശ കൊണ്ടുവെച്ച പാത്രത്തിലേക്ക് റീന നോക്കിയത്. ഭക്ഷണത്തിനുമുന്നില്‍ ഒരു മര്യാദയുമിലാതെ ചാര്‍ളിയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.
“എന്താടാ നെനക്ക് മാത്രം കഴിച്ചാ മതിയോ? എന്തോന്നാടാ നിന്‍റെ വയര്‍? വല്ല കുളമോ?… മോന്‍ വിഷമിക്കേണ്ട.അവിടിരിക്ക്. മമ്മി ഇപ്പം കൊണ്ടുവരാം.”
ചാര്‍ളിയെ ശകാരിച്ചിട്ട് റീന അകത്തേക്ക് പോയി. കെവിന്‍ രൂക്ഷമായി ചാര്‍ളിയെ നോക്കി. “എഴുന്നേറ്റു പോടാ വയറാ.”
ചാര്‍ളി ദുഃഖത്തോടെ അവനെ നോക്കി. പെട്ടെന്ന് എഴുന്നേറ്റ് പോയി കൈയ്യ് കഴുകി. മുറിക്കുള്ളില്‍ വന്നിരുന്ന് വിങ്ങി കരഞ്ഞു. കവിള്‍ത്തടങ്ങളിലൂടെ കണ്ണുനീര്‍ ഒഴുകി. ഇന്നുവരെ വയറു നിറയെ ആഹാരം കഴിച്ചിട്ടില്ല. ഇന്ന് രണ്ട് ദോശ കൂടുതല്‍ കഴിച്ചു. നല്ല വിശപ്പുണ്ടായിരുന്നു. മകനെ അടുത്തുനിന്ന് ഊട്ടിക്കുമ്പോള്‍ ദോശയുടെ എണ്ണം കുഞ്ഞമ്മയും ശ്രദ്ധിച്ചില്ല.
മുറ്റത്ത് കാര്‍ വന്നു. വല്യപ്പന്‍ ബോബിയാണ്. ബോബിയുടെ രണ്ടുമക്കളും രാവിലെ പള്ളിയിലേക്ക് പോയിരുന്നു, അവര്‍ പള്ളിയിലെ ക്വയറില്‍ പാടുന്നവരാണ്. പാട്ടു പരീശീലിക്കാന്‍ പോയതാണ്. ബോബിയും എല്‍സിയും വീടിനുള്ളിലേക്ക് കയറുന്നത് അവന്‍ കണ്ടു. ചാര്‍ളി കണ്‍തടങ്ങളില്‍ ഒഴുകിയ കണ്ണുനീര്‍ തുടച്ചു.
“അല്ലാ നിങ്ങളങ്ങ് എത്തിയോ? ദോശയുണ്ട് ചേച്ചി എടുക്കട്ടെ?” റീന ചോദിച്ചു.
“എനിക്ക് വേണ്ട റീന. ബോബിച്ചാന് വേണോ?”
“എനിക്കൊരു ചായ മതി.” എല്‍സി അടുക്കളയിലേക്കും ബോബി വരാന്തയിലേക്കും ചെന്നു. തത്തയുടെ കൂട് ബോബി പ്രത്യേകം ശ്രദ്ധിച്ചു. ഈ തത്ത എവിടെ പോയി?
“റീനെ ഇവിടുത്തെ തത്ത എവിടെ പോയി?”
“എന്‍റെിച്ചായാ ആ കുരുത്തം കെട്ടവന്‍ അതിനെ തുറന്നു വിട്ടു”
“ആരാ കെവിനോ?”
“എന്‍റെ മോനത് ചെയ്യുവോ? ആ ചാര്‍ളിയാ”
ബോബി അത് കേട്ട് നെടുവീര്‍പ്പിട്ടു. ചായ കുടി കഴിഞ്ഞ് എല്ലാവരും പള്ളിയിലേക്ക് കാറില്‍ യാത്രയായി. മുറിയില്‍ നിന്ന് പുറത്ത് വന്ന ചാര്‍ളിയെ തത്തമ്മ വിളിച്ചു. ‘ചാളീ’
അവന്‍റെ മുഖം പ്രസന്നമായി. ചാര്‍ളിയെ ആശ്വസിപ്പിക്കാനായി തൊഴുത്തിന്‍റെ വരാന്തയില്‍ തത്തമ്മ വന്നിരുന്നു. കഴിഞ്ഞ രാത്രിയില്‍ സംഭവിച്ചതൊന്നും തത്തമ്മ അറിഞ്ഞു കാണില്ല. തത്തമ്മ വീണ്ടും വിളിച്ചു’.’ചാളി’. ആ വിളിയില്‍ അവന്‍ അലിഞ്ഞു ചേര്‍ന്നു. അവന്‍ വലത്തുകരം മുന്നോട്ട് നീട്ടി. അവന്‍റെ കൈകളിലേക്ക് തത്തമ്മ ഒരാത്മസുഹൃത്തിനെ പോലെ പറന്നിരുന്നു. ആ കൈയ്യിലിരുന്ന് തിരിഞ്ഞും മറിഞ്ഞും ചുറ്റുപാടുകള്‍ നോക്കിക്കണ്ടു. ‘ചാളി.. ചാളി’എന്നുരുവിട്ടു. ചാര്‍ളി ചോദിച്ചു. “എവിടെ നിന്‍റെ കൂട്ടുകാരന്‍?” തത്തമ്മ മറുപടി പറഞ്ഞു. ‘കൂ…കൂ.. പോ…’അവന്‍ എങ്ങോ ആഹാരം തേടി പോയിരിക്കുന്നു.
“തത്തമ്മ ഇന്നലെ എവിടെയാ ഒറങ്ങിയേ?”
‘ആ…മാ…’ദൂരെയുള്ള ഏതോ മരത്തിലാണ്.
വീട്ടിലെ പൂച്ച ‘മ്യാവൂ’വിളിച്ച് അവന്‍റെയടുത്തേക്ക് വരുന്നത് കണ്ട് ‘ചാളി’യെ വിളിച്ച് പറന്നകന്നു. നിമിഷങ്ങള്‍ തത്തമ്മ പറന്നുപോയ ഭാഗത്തേക്കു നോക്കി. കുട്ടന്‍ റോഡിലേക്ക് നോക്കി കുരയ്ക്കുന്നത് കേട്ട് ചാര്‍ളി എഴുന്നേറ്റു. കുട്ടന്‍ സ്നേഹ വാത്സല്യത്തോടെ വാലാട്ടി നിന്നു. അവന്‍ പശു തൊഴുത്തിലേക്ക് നടന്നു. പശു അയവിറക്കി കൊണ്ടിരുന്നു. പള്ളിയില്‍ നിന്നുളള പാട്ട് അന്തരീക്ഷത്തില്‍ മുഴങ്ങി. പശുവിനെ അഴിച്ച് കെട്ടിയിട്ട് പുല്ലു പറിക്കണം. ചാണകം വാരണം. ഉച്ചക്ക് പശുവിനെ കുളിപ്പിക്കണം. കോഴികുഞ്ഞുങ്ങളെ തീറ്റണം. കുഞ്ഞമ്മ വന്നാല്‍ വീടിനകമെല്ലാം അടിച്ചു വാരണം. ജോലീകള്‍ ചെയ്യാന്‍ അവന് താല്പര്യമായിരുന്നു. പശുവിനെ അഴിച്ച് പുറത്തേക്കിറക്കി ഒരു തെങ്ങിന്‍ ചുവട്ടില്‍ കെട്ടിയിട്ടു. ജോലികള്‍ വേഗം തീര്‍ത്തിട്ടു വേണം തെങ്ങിന്‍തടങ്ങള്‍ എടുക്കാന്‍. ഉടനടി പുല്ലു പറിക്കാനായി പറമ്പിലേക്ക് പോയി.
പച്ചപുല്ല് വളര്‍ന്ന് കിടക്കുന്നത് കണ്ടപ്പോള്‍ സന്തോഷം തോന്നി. മഴ നനഞ്ഞ് മണ്ണ് കുതിര്‍ന്ന് കിടക്കുന്നതിനാല്‍ വേഗത്തില്‍ പുല്ല് വളരും. പ്രതീക്ഷിക്കാത്ത വിധം മുന്നില്‍ ഒരു മൂര്‍ഖന്‍ തലയുയര്‍ത്തി. അവന്‍ ഭയന്ന് പിറകോട്ടു മാറി. കൈയ്യിലിരുന്ന പുല്ലു താഴെ വീണു. അവിടേക്ക് തത്തമ്മ പറന്ന് വന്ന് ശബ്ദമുണ്ടാക്കി ചിലച്ചു. കൂട്ടുകാരനുമെത്തി. പാമ്പിന്‍റെ മുകളില്‍ പറന്നു. അവന്‍ ഉച്ചത്തില്‍ വിളിച്ചു. ‘കുട്ടാ..കുട്ടാ…’.ചാര്‍ളി ശ്വാസമടക്കി നിന്ന ഭാഗത്തേക്ക് കുട്ടന്‍ ഓടിയെത്തി.
About The Author
No related posts.