കുഞ്ഞമ്മയുടെ കൈയ്യില്‍ വലിയ വടി കണ്ടപ്പോള്‍ ചാര്‍ളിയുടെയുള്ളില്‍ ഒരു നടുക്കമുണ്ടായി. തത്തമ്മയെ അടിച്ചുകൊല്ലാനുള്ള ശ്രമമാണ്. കുഞ്ഞമ്മ പതുക്കെ കാല് മുന്നോട്ട് വെച്ചപ്പോള്‍ അവന്‍റെ മുഖം വിളറി. കുഞ്ഞമ്മ വടി മുകളിലേക്ക് ഉയര്‍ത്തുന്നത് കണ്ട് അവന്‍റെ മനസ്സ് തളര്‍ന്നു. അവന്‍റെ പ്രതികരണം പെട്ടെന്നായിരുന്നു.
‘കുഞ്ഞമ്മേ, തത്തമ്മയെ കൊല്ലരുത്’ അത്രയും പറഞ്ഞിട്ട് മുകളിലേക്കുയര്‍ത്തിയ വടിയില്‍ കയറിപിടിച്ചു. തത്ത പെട്ടെന്ന് പറന്നുപോയി. അതവന് ആഹ്ലാദം പകര്‍ന്നു. റീന അത് ഒരിക്കലും പ്രതീക്ഷിച്ചതല്ല. അതിനുള്ള അടി മുഴുവന്‍ ഏറ്റുവാങ്ങിയത് ചാര്‍ളിയായിരുന്നു.
കുഞ്ഞമ്മ അവനെ പുറത്തേക്കിറക്കി. കൈയ്യിലിരുന്ന വലിയ വടികൊണ്ട് ആഞ്ഞടിച്ചു. ആ ഒറ്റയടിയില്‍ അവന്‍ അട്ടയെപ്പോലെ ചുരുണ്ടു. ‘അഹങ്കാരീ. നീ ഇത്രക്ക് വളര്‍ന്നോ. എന്‍റെ വടിയില്‍ പിടിക്കാന്‍.’ കൈയ്യിലിരുന്ന വടി കളഞ്ഞിട്ട് കൈകൊണ്ട് പുറത്തും കാലിലും തല്ലി. മാവിന്‍കൊമ്പില്‍ മൂകമായിരുന്ന തത്തമ്മ പറന്നുവന്ന് റീനയുടെ തലയില്‍ കൊത്തിയത് പെട്ടെന്നായിരുന്നു. ഒന്ന് തല ഉയര്‍ത്തി നോക്കാന്‍പോലും ശ്രമിക്കാതെ റീന അകത്തേക്ക് ഭയന്നോടി. ഓടുന്നതിനിടയില്‍ തറയിലേക്ക് വഴുതിവീണു. കാല്‍മുട്ട് തറയില്‍ ഇടിക്കുകയും ചെയ്തു.
ചാര്‍ളിയുടെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പി നിന്നെങ്കിലും കുഞ്ഞമ്മ വീഴുന്നത് കണ്ടപ്പോള്‍ സങ്കടം തോന്നി.
ഓടി ചെന്ന് അവന്‍ കൈയ്യില്‍ പിടിച്ചെങ്കിലും ആ കൈ റീന തട്ടിമാറ്റി ദേഷ്യപ്പെട്ടു. ‘നീ ഒരുത്തനാ ഈ വീടിന്‍റെ നാശം. ഇപ്പം തത്തയും എന്‍റെ തലയില്‍ കൊത്തി.’ റീന തലയില്‍ കൈ വെച്ച് മുടികളുടെയിടയില്‍ വിരലുകള്‍കൊണ്ട് പരത്തിനോക്കി. രക്തം പൊടിക്കുന്നുണ്ടോ? കൈവിരലുകള്‍ നോക്കിയപ്പോള്‍ രക്തമെടുത്തിട്ടില്ലെന്ന് മനസ്സിലായി. എന്നാലും നല്ല വേദന തോന്നി.
തത്ത മനസ്സില്‍ നിന്ന് മാറുന്നില്ല. റീന ചിന്തിച്ചു. എങ്ങനെയും അതിനെ വകവരുത്തണം. അത് വടികൊണ്ടാകരുത്. ചാര്‍ളി സ്ക്കുളില്‍ പോകുന്ന ദിവസങ്ങളില്‍ ഉച്ചക്ക് ചോറ് പുറത്തേക്കിട്ടാല്‍ അത് കൊത്തിത്തിന്നാന്‍ വരും. വിഷം പുരട്ടിയ ചോറുകൂടിയായാല്‍ സ്വയം എവിടെയെങ്കിലും പോയി ചത്തൊടുങ്ങും.
ഭക്ഷണവും കഴിച്ചിട്ട് ചാര്‍ളി എഴുന്നേറ്റ് പാത്രം കഴുകി. മുഖം കഴുകുമ്പോള്‍ അവന്‍റെ കണ്ണുനീര്‍ത്തുള്ളികളും പുറത്തേക്കൊഴുകി. ഇളം കാറ്റ് അവനെ സാന്ത്വനപ്പെടുത്തി പറഞ്ഞു.
‘അടി കൊണ്ടാലെന്താ? തത്തമ്മയെ രക്ഷപ്പെടുത്തിയില്ലേ?’ കവിള്‍ത്തടത്തിലൂടെ ഒഴുകിയ കണ്ണുനീര്‍തുടച്ചിട്ട് അവന്‍ മുഖമുയര്‍ത്തി മാവിലേക്ക് നോക്കി. തത്തമ്മയെ കാണാനില്ല. ഇനി കടല്‍പുറത്ത് പോകുമ്പോള്‍ തത്തമ്മയുടെ ഒരു മനോഹര ശില്പം തീര്‍ക്കണം. കടലമ്മയും എന്‍റെ ശില്പത്തിനായി കാത്തിരിക്കയല്ലേ.
തത്തമ്മയെ കാണാന്‍ അവന് കൊതി തോന്നി. ഇത്ര അഴകുള്ള തത്തമ്മയെ കൊല്ലാന്‍ കുഞ്ഞമ്മക്ക് എങ്ങനെ മനസ്സ് വന്നു. ഇനിയും കുഞ്ഞമ്മ വെറുതെ ഇരിക്കില്ല. തത്തമ്മ തലക്കല്ലേ കൊത്തിയത്? തത്തമ്മയോട് പറയണം. ഇവിടെ വരുമ്പോള്‍ സൂക്ഷിക്കണം. കാല് വേദനിച്ചപ്പോള്‍ അവന്‍ നോക്കി. കാലില്‍ അടികൊണ്ട പലയിടവും കരിഞ്ഞുണങ്ങിയിട്ടുണ്ട്. ഇന്ന് എത്ര അടികൊണ്ടു എന്നത് ഒരു നിശ്ചയവുമില്ല.
കതകടക്കുന്ന ശബ്ദം കാതുകളില്‍ പതിഞ്ഞു. കുഞ്ഞമ്മക്ക് ഉറങ്ങാനുള്ള സമയമായി. അവന്‍ മുന്നോട്ട് നടന്നു.
തൊഴുത്തിന്‍റെ ഒരു കോണില്‍നിന്ന് കൂന്താലിയും മമ്മട്ടിയും എടുത്ത് പറമ്പിലേക്ക് നടന്നു. ഒപ്പം കുട്ടനുമുണ്ടായിരുന്നു. പൂച്ചക്കും ഉറങ്ങാനുള്ള സമയമായി. കുഞ്ഞമ്മ ഉറങ്ങുമ്പോഴാണ് പൂച്ചയും ഉറങ്ങുന്നത്. തെങ്ങിന്‍ ചുവട്ടില്‍ ചെല്ലുമ്പോഴാണ് പശു അമറുന്നത് കേട്ടത്. പശുവിന് കാടിവെള്ളം കൊടുത്തില്ലായെന്ന് അപ്പോഴാണ് ഓര്‍ത്തത്. വേഗത്തില്‍ വീട്ടിലേക്കോടി. കുഞ്ഞമ്മ അറിഞ്ഞാല്‍ അടുത്ത അടി അതിനായിരിക്കും.
തൊഴുത്തിലെ വരാന്തയില്‍ നിന്നും കുറേ പുല്ല് വാരി പശുവിന്‍റെ മുന്നിലേക്കിട്ടു. പുല്ല് കൊടുത്തത് അമറാതിരിക്കാനാണ്. രണ്ട് ദിവസത്തേക്കാണ് പശുവിന് പുളിയരി തിളപ്പിച്ചുവെക്കുന്നത്. വലിയ കലത്തില്‍ പുളിയരി കുറച്ചുകൂടിയുള്ളത് അവനറിയാം. കലത്തില്‍നിന്നുള്ള പുളിയരി ഒരു ചരുവത്തിലാക്കി വെള്ളവുമായി കൂട്ടിക്കലര്‍ത്തി പശുവിന്‍റെ മുന്നിലെത്തിച്ചു.
തെങ്ങിന്‍തടം എടുത്തുകൊണ്ടിരിക്കെ തത്തമ്മ ആ ചെറിയ തെങ്ങോലയിലിരുന്ന് വിളിച്ചു. ‘ചാര്‍ളീ’ അവന്‍ മുകളിലേക്ക് നോക്കി പുഞ്ചിരി തൂകി. എന്താണ് തത്തമ്മ താഴെക്ക് വരാത്തത്? കുട്ടന്‍ തെങ്ങിനരികെ കിടക്കുന്നതുകൊണ്ടാണെന്ന് മനസ്സിലായി. കൂന്താലി വെച്ചിട്ട് തലയില്‍ കെട്ടിയിരുന്ന തോര്‍ത്ത് എടുത്ത് മുഖത്തെ വിയര്‍പ്പ് തുടച്ചു.
അടുത്ത തെങ്ങിന്‍ ചുവട്ടില്‍ ചെന്നപ്പോള്‍ തത്തമ്മ താഴെക്ക് വന്ന് അവന്‍റെ തോളിലിരുന്നു.
‘തത്തമ്മേ ഇനിയും ആ വീടിന്‍റെ മുറ്റത്ത് വരരുത്. കുഞ്ഞമ്മ വടികൊണ്ട് അടിക്കും.’
‘ക….ക… കള്ളീ….’ തത്തമ്മ മറുപടി പറഞ്ഞു.
‘തത്തമ്മ അങ്ങനെ പറയാതെ. കുഞ്ഞമ്മക്ക് ദേഷ്യം കാണും. തലക്കല്ലേ കൊത്തിയത്’
‘കൊ..കൊ…’ ഉടനടി തത്തമ്മ കൊത്തുമെന്ന് ഉത്തരം കൊടുത്തു. ചാര്‍ളി വിഷമത്തോടെ നോക്കി.
‘തത്തമ്മേ ഇനിയും കുഞ്ഞമ്മയെ കൊത്തരുത്. ആ മുറ്റത്ത് വരികയും ചെയ്യരുത്.’
‘ചാ….ളി…ചാ…ളി….’ തത്തമ്മ പറഞ്ഞത് എനിക്ക് ചാര്‍ളിയെ കാണണം എന്നാണ്. അവന്‍ മറുപടിയായി പറഞ്ഞു.
‘തത്തമ്മക്ക് എന്നെ കാണണമെങ്കില് ആ മാവിലിരുന്നാമതി. മനസ്സിലായോ? ആ …മാ…മാ…’ തത്തമ്മയും പറഞ്ഞു.
‘മാ….മാ….മാ….’ അവന്‍ സന്തോഷത്തോടെ തത്തമ്മയെ കൈയ്യിലെടുത്ത് അതിന്‍റെ ചിറകില്‍ തടവി. തത്തമ്മക്കും അത് ഇഷ്ടമായി. ഉടനെ തത്തമ്മ ‘പാ…പാ..’ ഞാനിതാ പോകുന്നു. മരങ്ങള്‍ക്കിടയിലൂടെ തത്തമ്മ പറന്നു പോകുന്നത് അവന്‍ നോക്കി നിന്നു.
ചാര്‍ളി തെങ്ങിന്‍ തടം കിളക്കുന്നതില്‍ വ്യാപൃതനായി. രണ്ട് തെങ്ങിന്‍തടം എടുത്തപ്പോഴേക്കും അവന്‍ പരവശനും ക്ഷീണിതനുമായി. കൂന്താലിയും മമ്മട്ടിയുമായി വീട്ടിലേക്ക് നടന്നു. പൈപ്പില്‍ നിന്ന് വെള്ളം കുടിച്ചു. പശുവിനെ അഴിച്ച് തൊഴുത്തില്‍ കെട്ടി. വൈക്കോലും വലിച്ചിട്ട് കൊടുത്തു. കുളിക്കാനായി കിണറ്റിന്‍കരയിലേക്ക് പോയി.
അടുത്തുള്ള പറങ്കിമാവില്‍ നല്ല ചുവപ്പുനിറത്തിലുള്ള പറങ്കിപ്പഴം മണ്ണിലേക്ക് നോക്കി കിടക്കുന്നു. അതിലൊന്ന് സ്വന്തമാക്കണമെന്ന ഉദ്ദ്യേശത്തോടെ അതില്‍ കയറി. തലേ രാത്രിയില്‍ ഇതേ മരത്തില്‍നിന്ന് വീണതൊക്കെ അവന്‍ മറന്നിരുന്നു.
കുളികഴിഞ്ഞ് മുറിക്കുള്ളില്‍ എത്തുമ്പോഴും കുഞ്ഞമ്മയും കെവിനും ഉറങ്ങുകയായിരുന്നു. അവന്‍ പഠിക്കാനുള്ള പുസ്തകങ്ങള്‍ എടുത്ത് മേശപ്പുറത്ത് വെച്ചു.
ആ കൂട്ടത്തില്‍ കുട്ടികളുടെ നോവലുമുണ്ടായിരുന്നു. എല്ലാ വെള്ളിയാഴ്ചയും സ്ക്കൂള്‍ ലൈബ്രറിയില്‍ നിന്ന് ഒരു കഥയോ നോവലോ അവന്‍ കൊണ്ടുവരാറുണ്ട്. കുഞ്ഞമ്മ കാണാതെ പുസ്തകത്തിനൊപ്പമാണ് വെക്കുന്നത്. കഥകള്‍ വായിക്കുന്നത് അവന് ഏറെ ഇഷ്ടമായിരുന്നു.
ദിനങ്ങള്‍ മുന്നോട്ട് പോയി.
ചാര്‍ളി സ്ക്കൂളില്‍ പോകുന്നതിന് മുമ്പും സ്ക്കൂളില്‍നിന്ന് വന്നതിനുശേഷവും തത്തമ്മയുമായി സൗഹൃദം പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ തെങ്ങിന്‍ തടങ്ങള്‍ എടുക്കുന്നതുകൊണ്ട് അവിടെയാണ് അവരുടെ കൂടിക്കാഴ്ച.
തത്തമ്മയെ കൊല്ലാനായി റീന കടയില്‍നിന്ന് എലിവിഷം വാങ്ങി. ഒരു ഉച്ച നേരം. മനസ്സില്‍ കരുതിയതുപോലെ വിഷം പുരട്ടിയ ചോറ് വാഴയിലയില്‍ മുറ്റത്ത് വച്ചു. സൂര്യരശ്മികളുടെ ശോഭ ആ ചോറില്‍ തെളിഞ്ഞു കണ്ടു. തത്തമ്മ മണ്ണിലേക്ക് പറന്നു വന്നിരുന്നു. കതകിന് പിന്നില്‍ മറഞ്ഞുനിന്ന് റീന പ്രതീക്ഷയോടെ കാത്തിരുന്നു.
About The Author
No related posts.