തുടരുന്നു…..
അവർ കടന്നു വന്നതും അവളിലെ ആകാംക്ഷയുടെ ചുരുൾ നിവർന്നു. അവളുടെ ചോദ്യങ്ങൾക്ക് ഒരു പൊട്ടിച്ചിരി
ആയിരുന്നു മറുപടി.
“അതു നമ്മുടെ ജോസ് സാറല്ലേ, സാറിന്റെ വീട് ഈ ഓഫീസിന്റെ തൊട്ടടുത്തല്ലേ. സാറ് കാരണമല്ലേ ഈ ഓഫീസ് ഇവിടെ വന്നതു തന്നെ. അല്ലേൽ വല്ല ഓണം കേറാമൂലേലും ആയി പോയേനെ.”
“സാറെന്താ ഇത്ര രാവിലെ അതും അങ്ങനെ ഒരു വേഷത്തിൽ?”
“അതോ അതു രാവിലെ ഇവിടെ പട്ടാളക്കാർ കളിക്കാൻ കൂടും അവരുടെ ഒപ്പം കളിയുണ്ട്, ഒറ്റത്തടിയല്ലേ,രാവിലെ അവർക്കും വൈകുന്നേരം നമുക്കും.അപ്പോൾ അവരൊക്കെ സ്കൂളിൽ ആയിരിക്കില്ലേ. ദൂരെയൊക്കെ.”
പിന്നെ മാറ്റൊന്നും ചോദിച്ചില്ല. ഇനി എന്തറിയാൻ. പതുക്കെ സീറ്റിലേക്ക് വലിഞ്ഞു. ജോലികൾ തലേന്നത്തേത് അൽപ്പാല്പം ബാക്കി കാണും. ഇപ്പോഴിപ്പോൾ മറ്റു സെക്ഷൻകാരും ചെറിയ സഹായങ്ങൾ ചോദിച്ചു തന്നെ സമീപിക്കാറുണ്ട് .തന്റെ ജോലികൾ പെട്ടെന്നു തീരും. പിന്നെ തനിക്കു സഹായിക്കാൻ എന്താണ് തടസ്സം? ഒന്നുമല്ലെങ്കിലും എല്ലാം പഠിക്കാമല്ലോ.ആ ചിന്താഗതി മനസ്സിലാക്കി എല്ലാരും സ്വന്തം ജോലികൾ തന്നെ ഏൽപ്പിക്കുന്നത് പതിവാക്കി. മാത്രമല്ല തന്റെ ഹാൻഡ് റൈറ്റിങ് വളരെ മെച്ചമെന്ന സർട്ടിഫിക്കറ്റും കിട്ടി. ജോസ് സാറും സാറിന്റെ ജോലികൾ ഏല്പിച്ചുതുടങ്ങി.
എല്ലാവരും ജോലിയുടെ സ്വഭാവം പറഞ്ഞു തരാൻ അടുത്തു വരുന്നതു പോലെ ജോസ് സാറും തന്റെ അടുത്തു വരും. എന്നാൽ മറ്റുള്ളവർ വരുമ്പോൾ തനിക്കു ഒന്നും തോന്നാറില്ല. പക്ഷെ സാർ വരുമ്പോൾ എന്തോ ഒരു പന്തികേട് തനിക്ക് അനുഭവപ്പെട്ടു തുടങ്ങി. നേരെ എതിർ സീറ്റിൽ ഇരിക്കുന്ന കൂട്ടുകാരിയുടെ നോട്ടവും അതിനു ആക്കം കൂട്ടി.
ഒരു ദിവസം താൻ കടന്നു ചെല്ലുമ്പോൾ ജോസ് സാറിന്റെ മുറിയിൽ ഒരു ഗൂഢാലോചന. എന്തായിരിക്കും? എന്തായാലും താൻ ആ ഓഫീസിൽ എല്ലാവരേക്കാളും പ്രായം കുറഞ്ഞ ആൾ മാത്രം. എല്ലാവർക്കും പല വർഷങ്ങളുടെ സർവീസും. പരിചയവും.താൻ സീറ്റിൽ വന്നിരുന്ന് വെറുതെ അന്നത്തെ പത്രം മറിച്ചുനോക്കി.
ഒരു കാറിന്റെ ശബ്ദം കേട്ടു. സമയം ആയി എന്ന തോന്നലാൽ എല്ലാവരും അവരവരുടെ സീറ്റിലേക്ക് കടന്നിരുന്നു.
“കുട്ടി!എന്താ ഇന്ന് അറ്റന്റൻസ് വയ്ക്കുന്ന കാര്യം മറന്നു പോയോ?”
താൻ ഞെട്ടി ചാടിയെഴുന്നേറ്റു. ഹെഡ് ക്ലർക്ക് ആണ്. സാധാരണ ഗതിയിൽ എല്ലാവരും രജിസ്റ്ററിൽ മാർക്കു ചെയ്തേ സീറ്റിൽ വന്നിരിക്കാറുള്ളു. ഇന്ന് താൻ വന്നപ്പോൾ സാർ എത്തിയിരുന്നില്ല. സാറിന്റെ ടേബിളിൽ അതു കാണാതിരിക്കയും ജോസ് സാറിന്റെ മുറിയിൽ എല്ലാവരും കൂടി നിൽക്കുന്ന കാഴ്ചയും തന്നെ മറ്റെന്തോ ചിന്തയിലേക്ക് കൂട്ടിക്കൊണ്ടുപോയി.സോറി പറഞ്ഞു താൻ രജിസ്റ്റർ നോക്കാൻ അടുത്ത മുറിയിലേക്ക് പോകാൻ തുനിഞ്ഞു. അപ്പോഴതാ രജിസ്റ്ററുമായി സാർ തന്നെ തന്റെ തൊട്ടരികിൽ. വിസിറ്റേഴ്സ് ചെയർ വലിച്ചിട്ടു ഇരുപ്പും കഴിഞ്ഞു. പേജിൽ ഒപ്പു വാങ്ങി സാർ പ്യുണിനെ ഏൽപ്പിച്ചു. തിരികെ വക്കാൻ.
“ജോലിയൊക്കെ എങ്ങനെ?ഇഷ്ടപ്പെട്ടോ?,
തലയാട്ടി.
“ഹോസ്റ്റലിൽ എങ്ങനെ? താമസം ഭക്ഷണം ഒക്കെ “
“കുഴപ്പം ഒന്നുമില്ല സാർ.”
“ഞങ്ങൾക്കറിയാം.രാവിലെ റൊട്ടി,കടലക്കറി.ഉച്ചക്ക് ചോറും ഒരു തോരനും സമ്മന്തിയും
ഇത്തിരി പിക്കിൾ,വൈകുന്നേരം ചെല്ലുമ്പോൾ കാപ്പി, റൊട്ടി മൊരിച്ചത് അല്ലെങ്കിൽ ബൺ,രാത്രി കഞ്ഞിയും സമ്മന്തിയും. ഇതൊക്കെയല്ലേ എന്നും. എന്തായാലും കൂട്ടുകാരിയെ മുറുകെ പിടിച്ചോ നല്ല ഹോട്ടൽകാരാ.”
ശരിയായിരുന്നു. തിരക്കുപിടിച്ച ഒരു ഹോട്ടലിന്റെ ഉടമസ്ഥൻ ആയിരുന്നു സൂസന്റെ അപ്പൻ.
“പിന്നെ വീട്ടിൽ ആരൊക്കെയുണ്ട്.?പപ്പായെ മാത്രമേ അന്ന് കണ്ടുള്ളു.”
താൻ എല്ലാ വിവരങ്ങളും പറഞ്ഞു.
“ഓഹോ നല്ല സന്തുഷ്ട കുടുംബം. പിന്നെ എന്താ താൻ പഠിക്കാതെ ഈ ജോലിയിൽ കേറിയത്?”
“ഒരാൾ ഗവണ്മെന്റിൽ കയറണം എന്നു പപ്പക്ക് നിർബന്ധമായിരുന്നു അതുകൊണ്ട് ഈ ടെസ്റ്റ് എഴുതിച്ചു.”
“കൊള്ളാം പപ്പക്ക് നല്ല ദീർഘവിചാരം ഉണ്ട്, ഒന്നു രണ്ടു ടെസ്റ്റ് പാസ്സായാൽ മുകളിൽ വരെ എത്താം.ഇപ്പോഴേ പഠിച്ചു തുടങ്ങിക്കോ “
ആദ്യമായി തന്റെ സീറ്റിന്റെ അടുത്ത് ഒരു മേലുദ്യോഗസ്ഥൻ വരിക, അൽപനേരം കുശലം പറയുക. തനിക്ക് എന്നല്ല ഏതു കീഴുദ്യോഗസ്ഥരും വിലമതിക്കുന്ന കാഴ്ച്ചപ്പാട്.നല്ല സമീപനം.
ചിലപ്പോഴൊക്കെ അദ്ദേഹം വൈകുന്നേരത്തെ കളികളിൽ ഏർപ്പെടാറുണ്ടായിരുന്നെങ്കിലും തന്നോട് ഒരു കുശലവും പറയാറില്ലായിരുന്നു. എന്നാൽ തന്റെ കൂട്ടുകാരിയോടും ഭർത്താവിനോടും പലതും പറഞ്ഞ് രസിക്കാറുമുണ്ടായിരുന്നു.
ഒരു ദിവസം കൂട്ടുകാരി പറഞ്ഞു, നമുക്ക് മെയിൻ റോഡിലേക്ക് ഇറങ്ങി നിൽക്കാം. അവിടെ നിന്ന് കയറാം. ഞാനും ഇന്നു ബസ്സിൽ വരാം.
(തുടരും…… )
About The Author
No related posts.