വൈകി വന്ന വിവേകം 5
തുടരുന്നു …….
മെയിൻ റോഡിൽ എത്തിയപ്പോൾ കൂട്ടുകാരി
അല്പം കൂടി മുന്നോട്ടു നടന്നു “ഇതെന്താ ഇങ്ങോട്ട്. അവിടെ നിന്നാൽ മതിയാരുന്നല്ലോ.”
താൻ സംശയത്തോടെ ചോദിച്ചു.
“അതേയ് നമ്മുടെ ജോസ് സാറിന്റെ അമ്മയ്ക്ക് നല്ല സുഖമില്ല. അവിടൊന്നു
കയറിയിട്ടു പോകാം.തനിക്കും വീടും അമ്മേം കാണാമല്ലോ.”
ഓ അതു ശരി. അപ്പൊ അതായിരുന്നു എല്ലാരും ഒത്തു കൂടി നിന്ന് സംസാരിച്ചത്. എന്നിട്ട് തന്നോട് ഒന്നും തന്നെ പറഞ്ഞില്ലല്ലോ ആരും. ഇതെന്താ ഒരാൾക്ക് അസുഖം എന്നത് ഒളിച്ചു വക്കേണ്ട കാര്യമാണോ?
ഒന്നും ചോദിച്ചില്ല മനസ്സിൽ പറഞ്ഞതേയുള്ളു. എന്തിന് അലോസരം ഉണ്ടാക്കണം.
ഒരു ഇടവഴിയിലേക്ക് തിരിഞ്ഞു. അല്പം നടന്നു. ഗേറ്റ് ഒന്നുമില്ല തുറന്ന വഴി.നടന്നു കയറുന്നത് മുറ്റത്തേക്ക്. പിന്നെ പഴയ ഒരു
വീട്ടിലേക്കും.
മുറ്റത്തെ അയയിൽ ഇട്ടിരുന്ന തുണികൾ എടുക്കുകയാണ് ഒരു പ്രൗഡ്ഢയായ സ്ത്രീ. അകലെ നിന്നെ അവർ തങ്ങളെ കണ്ടു.
” വരൂ വരൂ,ഇതാണോ പുതുതായി വന്ന ആൾ?”
അവർ രണ്ടു പേരെയും ഉമ്മറത്തേക്ക് ആനയിച്ചുകൊണ്ട് ചോദിച്ചു.
“അതേ “
കൂട്ടുകാരി മറുപടി പറഞ്ഞു.
“ജോസ് മോൻ പറഞ്ഞിരുന്നു.”
അവർ രണ്ടുപേരെയും അവിടെ ക്കിടന്ന കസേരയിൽ ഇരുത്തി അവരും ഒപ്പമിരുന്നു. തന്നോട് അവർ പലതും ചോദിച്ചു, വീട്ടുകാര്യങ്ങളും പഠനകാര്യങ്ങളും അങ്ങനെ പലതും. ആളെ കണ്ടിട്ട് വലിയ അസുഖം ഒന്നും ഉള്ളതായി തോന്നിയില്ല. വെറുതെ പറഞ്ഞതാവുമോ? ഒരു സംശയം.
അല്പം കഴിഞ്ഞ് അവർ അകത്തേക്കു പോയി. കൂട്ടുകാരി തന്നെയും കൂട്ടി പുറകെയും. അവർ പറഞ്ഞു
“കൂട്ടുകാരിയെ വീടൊക്കെ ഒന്നു കാണിച്ചോളു. ഞാൻ അല്പം കുടിക്കാൻ എടുക്കാം.”
അനുവാദം കിട്ടിയാൽ പിന്നെന്ത്? സൂസൻ തന്നെയും കൂട്ടി ഓരോ മുറിയും കയറിയിറങ്ങി. കണ്ടാൽ പഴയ വീടാണെങ്കിലും ഏച്ചുകെട്ടിയും കൂട്ടി മുട്ടിച്ചും മുറികൾ ഏറെ. ഒരു മുറി മാത്രം നല്ല വൃത്തിയായി വിരിച്ചൊരുക്കിയിട്ടിരിക്കുന്നു. കൂട്ടുകാരി പറഞ്ഞു
“ഇതു സാറിന്റെ മുറിയാണ്. അനുജന്മാരൊക്കെ അവിടെയും ഇവിടെയും ജോലിസ്ഥലങ്ങളിൽ. ചേട്ടൻ കെട്ടി മാറി.പെങ്ങന്മാർ കെട്ടിച്ചിടത്തും. വലിയ കുടുംബം.അപ്പൻ നേരത്തെ മരിച്ചു. അമ്മയാണ് എല്ലാം നോക്കി നടത്തുന്നത്. നല്ല കഴിവുള്ള സ്ത്രീ. ഒരുപാടു സ്ഥലവും കാര്യങ്ങളും ഉണ്ട്.”
വാ തോരാതെ പറയാൻ കൂട്ടുകാരിക്ക് ഒരു പ്രത്യേക കഴിവാണ്.അതോ സാറിന്റെ
കാര്യം ആയതുകൊണ്ടോ? എന്തായാലും കേട്ടു നിൽക്കാൻ സുഖം തോന്നി. അവർ വന്ന് ഊണു മുറിയിലേക്ക് ക്ഷണിച്ചു. കാണാത്ത ഒരു മുറിയിലൂടെ കടന്നു. അതായിരുന്നു അമ്മയുടെ മുറി. പാവം നല്ല പ്രായത്തിൽ ഭർത്താവു മരിച്ചു. പാതിഭാഗം ശൂന്യമായ ഒരു ഡബിൾ കോട്ട്, വിരിച്ചൊരുക്കി ഇട്ടിരിക്കുന്നു.ഒരലമാര, ഒരു മേശ, ഒരു കസേര പുറകിൽ ഒരു വാതിൽ കണ്ടു ബാത്രൂം ആയിരിക്കും.
എട്ടു കസേരകളുള്ള ഒരു ഡൈനിംഗ് ടേബിൾ.കുടിക്കാൻ എടുക്കാനെന്നു പറഞ്ഞു പോയിട്ട് മേശ നിറയെ പലഹാരങ്ങൾ. ജോലിക്കാരിയോ സഹായത്തിനു മറ്റാരെങ്കിലുമൊ ഉണ്ടാവാം. കാപ്പിയോ ചായയോ വേറെയും. മൂന്നു കപ്പിൽ. ഒപ്പം ഇരിക്കും എന്ന് കരുതി, അപ്പോഴേക്കും
ജോസ് സാറും എത്തി. മൂന്നു പേരെയും ഇരുത്തി അമ്മ എല്ലാം കഴിക്കാൻ നിർബന്ധിച്ചു തന്നെ കഴിപ്പിച്ചു. വളരെ സന്തോഷം, നല്ല അമ്മ മനസ്സിൽ തോന്നി.യാത്ര പറഞ്ഞിറങ്ങുമ്പോൾ കൂട്ടുകാരി പറഞ്ഞു
“അമ്മ വലിയ മിടുക്കിയാണ്. ജോലിക്ക് ആളൊന്നും ഇല്ല. എല്ലാം തനിയെ”.
അടുത്തത് ഒരു ചോദ്യം ആയിരുന്നു.
“സാറിന്റെ വീടൊക്കെ ഇഷ്ടപ്പെട്ടോ? അമ്മേം “
ഇതെന്തു ചോദ്യം, താനെന്തിനു ഇഷ്ടപ്പെടണം.?പക്ഷെ മറുപടിക്ക് പകരം ഒരു മൂളൽ ആയിരുന്നു. എന്തു വേണമെങ്കിലും അർത്ഥമാക്കാം എന്ന രീതിയിൽ.
തുടരും
About The Author
No related posts.