വൈകി വന്ന വിവേകം 10
തുടർച്ച.. ..
എന്നും ചെന്നു കയറുന്ന പടികൾ പോലെ അന്ന് ആ പടികൾ കയറാൻ അവളുടെ മനസ്സ് അനുവദിച്ചില്ല.മനസ്സിൽ എന്തോ പിടഞ്ഞു കൊണ്ടിരുന്നു. എന്തുകൊണ്ട്, എന്തുകൊണ്ട് അത്രയും വിശ്വസിച്ച ആ കൂട്ടുകാരി തന്നോട് അങ്ങനെ പെരുമാറി? ആ സാറും.
അവൾക്കു എന്തോ അതുവരെ ആ ഓഫീസിൽ ഉള്ളവരോട് ഉണ്ടായിരുന്ന ബഹുമാനവും സ്നേഹവും അപ്പാടെ കുറഞ്ഞ്
ഇല്ലാതായതു പോലെ.
അവൾ പതിവുപോലെ കയ്യും മുഖവും കഴുകി കൊണ്ടുവന്ന ബ്രേക്ക് ഫാസ്റ്റ് കഴിച്ചു, പതിവു മേക്ക് അപ്പും നടത്തി, തന്റെ സീറ്റിൽ പോയിരുന്നു. ആൾക്കാർ വരാൻ തുടങ്ങുന്നതേ ഉള്ളു. അവൾ അന്നത്തെ പത്രം മറിച്ചു നോക്കി. ഒന്നും തലയിൽ നിൽക്കുന്നില്ല എന്നുവേണം പറയാൻ. ഹെഡ് ക്ലർക്ക് വന്നു, മേശ തുറന്ന് അറ്റന്റൻസ് രജിസ്റ്റർ എടുത്ത് ഒപ്പിട്ട് മേശപ്പുറത്തു വച്ചു. അവൾ എഴുന്നേറ്റു ചെന്ന് ഒപ്പിട്ടു. സാർ ചോദിച്ചു,
“എന്തായി?”
“വീട്ടിൽ എന്തു പറഞ്ഞു.”
അവൾ ഒന്നും മിണ്ടാതെ അൽപനേരം നിന്നു, ഒരു ആൾ കൂടി അങ്ങോട്ടു കടന്നു വന്നപ്പോൾ അവൾ താനിരിക്കുന്ന മുറിയിലേക്കു നടന്നു.
ഇപ്പോൾ അവർ വന്നേക്കും. താൻ ജോലിയിൽ വ്യാപൃതയായി. അതു വെറും
നാട്യം ആയിരുന്നു എന്ന് തനിക്കു മാത്രമെ അറിയാമായിരുന്നുള്ളു. അവരുടെ ശബ്ദം അപ്പുറത്തെ മുറിയിൽ കേട്ടു. ഒപ്പിട്ടിട്ട് ധൃതിയിൽ കടന്നു വന്ന് ബാഗ് മേശപ്പുറത്തു വച്ച് തന്റെ അടുത്തേക്ക്.
“എന്തുപണിയാ കാണിച്ചേ ഒന്നും പറയാതെ എന്താ വീട്ടിൽ പോയത്.ഞങ്ങൾ ഒരു ദിവസമല്ലേ ലീവ് എടുത്തുള്ളൂ. ആ ഒറ്റദിവസം കൊണ്ട് ഇത്ര അത്യാവശ്യം എന്താ ഉണ്ടായത് “
“നിങ്ങളും ഒന്നും പറയാതെ അല്ലേ വീട്ടിൽ
വന്നത്. പെട്ടെന്നെടുത്ത തീരുമാനം ഒന്നുമല്ലല്ലോ.”
“ഓ അപ്പോൾ പകരത്തിനു പകരം ആയിരുന്നു അല്ലേ. ആൾ മോശമല്ലല്ലോ “
ഒന്നും മിണ്ടാതിരുന്നു. എന്തെങ്കിലും പറഞ്ഞാൽ പിടി വിട്ടു പോകും. ഒരു ഓഫീസ് അല്ലേ.
“വീട്ടിൽ എന്തു പറഞ്ഞു?ഞങ്ങൾ വന്ന കാര്യം “
വിഷയത്തിലേക്കു കടക്കാൻ ഉള്ള നീക്കമാണെന്നു മനസ്സിലായി. അതിനും ഒന്നും മിണ്ടിയില്ല, അപ്പോഴും മിണ്ടാൻ തോന്നാത്തവിധം ഒരകൽച്ച.
.അതു കൊണ്ടായിരിക്കണം അവർ നേരെ സീറ്റിലേക്ക് പോയി. ടൈപ്പ് ചെയ്യാൻ പെൻഡിങ് വച്ചിരുന്ന കടലാസ്സുകൾ
ഓരോന്നായി എടുത്ത് ജോലിയിൽ ഏർപ്പെട്ടു. താനും തന്റെ ജോലിയിൽ വ്യാപൃതയായി
പതിനൊന്നു മണിക്ക് പതിവുപോലെ കാപ്പിക്കാരൻ വന്നപ്പോൾ താൻ എല്ലാ മേശയിലും നെയ്യപ്പവും പഴവും വിളമ്പി.അവർക്കും കൊടുത്തു. എല്ലാവരും പുതിയ ഒരു പലഹാരം കണ്ട പ്രതീതിയിൽ വളരെ സന്തോഷത്തോടെ സ്വീകരിച്ചു. ഇനി ഇത്തരം ഒന്നു കിട്ടണമെങ്കിൽ അടുത്ത പെരുന്നാള് വരണമല്ലോ എന്നു തമാശ പറഞ്ഞു ചിരിക്കുകയും ചെയ്തു. ഒരു സാർ സ്വകാര്യമായി തന്നോട് രണ്ടു മൂന്നെണ്ണം കൂടുതൽ വാങ്ങി. ഗർഭിണിയായ ഭാര്യക്ക് കൊടുക്കാൻ.
ബാക്കിയുണ്ടായിരുന്നത് കൂട്ടുകാരിയുടെ മേശയിൽ വച്ചു. ഒപ്പം താൻ അവർക്കായി വാങ്ങിയ പെരുന്നാൾ വിഹിതവും.എന്തായാലും അവർ തനിക്ക് ഒരു ചേച്ചി പോലെയാണ്. മാത്രമല്ല അവിടെ പിള്ളാരും മറ്റുള്ളവരും ഉണ്ടല്ലോ.
ഉച്ചവരെ രണ്ടു പേരും ഒന്നും പ്രത്യേകിച്ച് ഉരിയാടിയില്ല. ഉച്ചക്ക് ഉണ്ണാൻ ഇരുന്നപ്പോൾ അവൾ കൊണ്ടുചെന്ന ഇറച്ചി ഉലർത്തിയത് വിളമ്പി. എപ്പോഴും അവരല്ലേ വല്ലതുമൊക്കെ തരുന്നത് അപ്പോൾ ഇങ്ങനെയും ആവണമല്ലോ.ഒരുമിച്ചു ടോയ്‌ലെറ്റിലും പോയി.പക്ഷെ താഴേക്കു നടന്നു ആ നീരോഴുക്കു വരെ പോകാൻ അവൾ മടിച്ചു.
“കുറച്ചു ജോലി തീർക്കാനുണ്ട്. “
അവൾ കാരണം പറഞ്ഞത് തികച്ചും വിശ്വസിക്കാവുന്നതും. രണ്ടു മൂന്നു ദിവസം നേരത്തെ പോയതല്ലേ?
വൈകുന്നേരത്തെ കാപ്പി വന്നപ്പോൾ അവൾ വീണ്ടും കയ്യിൽ കരുതിയിരുന്ന അപ്പവും ഇറച്ചി ഒലർത്തും ചേർത്ത് എല്ലാ മേശയിലും എത്തിച്ചു. രാവിലെ അതെടുക്കാഞ്ഞതിനു പ്രത്യേകകാരണം ഉണ്ട്. ഉച്ചവരെ പട്ടാളക്കാർ ഒപ്പം കാണും. പലരും വെജ് ആണ്. ഇതാകുമ്പോൾ ഓഫീസിലുള്ളവർ മാത്രമേ കാണു.അവർക്ക് താത്പര്യം ആണു താനും.
“ഉച്ചക്ക് ഊണു കൂടി തന്നിരുന്നെങ്കിൽ വെറുതെ ഹോട്ടലിലും വീട്ടിലും ഒന്നും പോകണ്ടായിരുന്നല്ലോ,”
“ഇപ്പോൾ ഇങ്ങനെ ആണെങ്കിൽ കല്യാണത്തിന് എന്തായിരിക്കും?”
“ബിരിയാണിയോ ഫ്രൈഡ് റൈസോ?അതോ വെറൈറ്റി കോഴ്സൊ ?”
” ഇപ്പൊ എല്ലാം ലൈവ് ആണല്ലോ അപ്പപ്പോ ആവശ്യപ്പെടുന്നത്.”
പലരും തമാശകൾ പറഞ്ഞു ആസ്വദിച്ചു കഴിച്ചു. ആദ്യത്തെ തമാശ അവൾക്കു ബോധിച്ചു. രണ്ടാമത്തേത് അവൾക്കു ഉൾക്കൊള്ളാൻ ആയില്ല. എല്ലാവരോടും ഇല്ലെങ്കിലും ചിലരോടുള്ള നീരസം ഉള്ളിൽ
ക്കിടന്നു പിടഞ്ഞു.അതു പുറത്തു കാണാതിരിക്കാൻ പണിപ്പെട്ട് അവൾ തിരികെ സീറ്റിലേക്ക് പോയിരുന്നു.
(തുടരും .. )







