വൈകി വന്ന വിവേകം 11.
തുടരുന്നു
ആ ആഴ്ചയുടെ മൂന്നാം ദിവസം.കടിച്ചു പിടിച്ചാണ് ഓരോദിവസവും പിന്നിട്ടത്. രണ്ടുപേർക്കിടയിലും എന്തൊക്കെയോ പുകയുന്നു. പുകയട്ടെ പുകഞ്ഞു പുകഞ്ഞു കത്തിപ്പിടിക്കും അപ്പോൾ കാണാം. പക്ഷെ കൂട്ടുകാരി ആ വിധത്തിൽ അല്ല ചിന്തിച്ചത്. എത്രയും പെട്ടെന്നു കൂട്ടു കൂടണം വർഷങ്ങൾ എത്ര കാത്തു കാത്തിരുന്നിട്ടാണ് ഒരു പെൺതരിയെ കൂട്ടിന് കിട്ടിയത്? അതില്ലാതാകുന്നത് ഉചിതമല്ല. അതു കൊണ്ടാണല്ലോ ഇറങ്ങി പുറപ്പെട്ടത്.എത്രയും താഴാമോ അത്രയും താഴ്ന്ന് അടുത്ത് ചെന്നു.
“കുട്ടി! ഇതു നല്ലതല്ല എന്താണെങ്കിലും തുറന്നു ചോദിക്കാം,പറയാം. അല്ലാതെ ഇങ്ങനെ മൂടിക്കുത്തി ഇരിക്കുന്നത് നല്ലതല്ല.”
“ഞാൻ അല്ലല്ലോ മൂടിവച്ചത് എന്നോട് പറയാതെ വീട്ടിൽ ഇക്കാര്യത്തിന് വന്നത് ശരിയാണോ?”
“ശരിയാ ഞാൻ പറയാൻ ഒരുങ്ങിയതാ പക്ഷെ അവർ സമ്മതിക്കാഞ്ഞിട്ടാ. ഒരു സർപ്രൈസ് ആയിക്കോട്ടെ എന്നു പറഞ്ഞു.”
വാസ്തവം അതായിരുന്നില്ല എന്നു നന്നായി അറിയാം. പെൺകുട്ടിയെയും അപ്പനെയും മാത്രമേ ഇവിടെ എല്ലാവരും കണ്ടിട്ടുള്ളു. വീടും വീട്ടുകാരും സ്ഥലവും ഒക്കെ കണ്ടു ബോധിക്കണ്ടേ ഒരു ബന്ധം ഉറപ്പിക്കുമ്പോൾ. ചെന്നുപെടാൻ പറ്റാത്ത സ്ഥലമാണെങ്കിലോ? വീടും മറ്റു കാര്യങ്ങളും മോശമാണെങ്കിലോ? അതു ഈ കുട്ടിയോട് പറയാൻ പറ്റുമോ. എല്ലാം തൃപ്തിയായി തോന്നിയതുകൊണ്ടു കാര്യം സൂചിപ്പിച്ചിട്ടു പോന്നു. അത്രമാത്രം.
ഊണു കഴിഞ്ഞപ്പോൾ നിർബന്ധിച്ചു നീരൊഴുക്കുവരെ കൊണ്ടുപോയി. പറഞ്ഞു തീർത്താലേ ഇനി മുന്നോട്ടു പോകാൻ പറ്റു. തന്നെയല്ല ആ സാർ മറുപടിക്കായി കാക്കുകയും ചെയ്യുന്നു.എല്ലാം അറിഞ്ഞിട്ടു പറയാനിരിക്കയാണ്.സംസാരിച്ചപ്പോൾ രണ്ടുപേരുടെയും പിണക്കം അകന്നു.
“എന്താണ് ഞാൻ പറയേണ്ടത്? രണ്ടു പ്രാവശ്യം ചോദിച്ചു.”
” ഏതായാലും ഇത്രയും ആയില്ലേ പോയി വരട്ടെ അടുത്ത ആഴ്ച പറയാം.”
രണ്ടുപേരും തിരികെ മുറിയിൽ വന്നു ജോലിയിൽ പ്രവേശിച്ചു. പിണക്കം പറന്നകന്നതിൽ ഒരാളിൽ സന്തോഷത്തിന്റെ പൂത്തിരി കത്തി. മറ്റേ ആളിൽ അടുത്ത ആഴ്ച എന്തു പറയും എന്ന ചിന്തയും. മറ്റൊരു ചിന്തയും അവളിൽ കടന്നു കൂടിയിരുന്നു. താൻ തിരികെ എത്തിയതിൽ പിന്നെ ആ മാന്യൻ തന്റെ മുന്നിൽ എത്തിയിട്ടില്ല. അയക്കാനുള്ളത് പ്യൂൺ വശം കൊടുത്തു വിടുക മാത്രം.ഒന്നും കോപ്പി എടുക്കാനോ എഴുതി കൊടുക്കാനോ കൊണ്ടു വന്നു തരികയും ചെയ്തില്ല. അതവളെ ആകുലപ്പെടുത്തി. താൻ ഒന്നും ആരോടും ചെയ്തിട്ടില്ല. തന്നോടല്ലേ എല്ലാരുംകൂടി ഒളിച്ചുകളി നടത്തിയത്. ഹെഡ് ക്ലർക്ക് സാർ പറഞ്ഞില്ലായെങ്കിൽ തനിക്ക് ഇത്രമാത്രം തോന്നുകയും ഇല്ലായിരുന്നു.
രാത്രി മുഴുവൻ ആലോചിച്ചു ഒരു തീരുമാനത്തിലുമെത്താൻ ആയില്ല. പ്ലസ് റ്റു പാസ്സായതേ
ഉള്ളു തുടർന്നു പഠിക്കണം എന്നുണ്ടായിരുന്നു. കൂട്ടുകാർ ഒരു പരീക്ഷ എഴുതുന്നെന്നു പറഞ്ഞ് തനിക്കും ഒരു ആപ്ലിക്കേഷൻ ഫോം വാങ്ങി കൊണ്ടു വന്നു. താനും പൂരിപ്പിച്ച് പണമടച്ച് അയച്ചു. ഹാൾ ടിക്കറ്റ് വന്നു സെന്റർ കിട്ടിയതിൽ പോയി പരീക്ഷ എഴുതി. പാസ്സായ ഉടൻ ജോലിയും കിട്ടി.ഇനി അവധി എടുക്കണം,ഡിഗ്രിക്കു ചേരണം പാസ്സായാൽ തുടർന്നു പഠിക്കണം പല കാര്യങ്ങൾ നാടിനു വേണ്ടി ചെയ്യാൻ പറ്റുന്ന ഒരു സ്ഥാനത്തെത്തണം.എല്ലാം മനസ്സിൽ കൊണ്ടു നടക്കുന്ന കാര്യങ്ങൾ. ഇപ്പോഴേ വിവാഹം കഴിഞ്ഞാൽ എല്ലാം തകിടം മറിയും. ഒരാഴ്ച കഴിഞ്ഞു പറയാം എന്നല്ലേ പറഞ്ഞത്. ഒരാഴ്ച കഴിയട്ടെ. എന്തെങ്കിലും വഴി കാണാൻ പറ്റും. അതാണ് വിശ്വാസം.
വിശ്വാസം അതാണല്ലോ എല്ലാം.
(തുടരും ……)
About The Author
No related posts.