വൈകിവന്ന വിവേകം 12
തുടരുന്നു ……
Mary Alex (മണിയ)
ബസ്സിലിരുന്ന് ചിന്തിച്ചതു മുഴുവൻ അതായിരുന്നു. എന്തു തീരുമാനിക്കണം, എന്തു പറയണം. കേട്ടിടത്തോളം മാത്രമല്ല
കണ്ടിടത്തോളവും വളരെ യോഗ്യൻ തന്നെക്കാൾ പഠിത്തവും.നല്ല പ്രകൃതം. എല്ലാവർക്കും നല്ല അഭിപ്രായവും. എങ്കിലും കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥ…… ചിലതൊക്കെ ആലോചിക്കുമ്പോൾ.
ഒരേ ഓഫീസിൽ ജോലി. തൊട്ടടുത്ത് വീട്. നല്ലതു തന്നെ. എന്നാൽ ഒരേ ഓഫീസിൽ കാലാകാലം.വീട്ടിലെ ഇണക്കങ്ങളും പിണക്കങ്ങളും പങ്കിടാൻ ആകെയുള്ള വേദി.അവിടെയുള്ളവർ എല്ലാം, നല്ലതും ചീത്തയും അറിയും. വല്ലപ്പോഴും ഒരിക്കലെ വീട്ടിൽ പോകാൻ പറ്റൂ.അവിടന്നു തിരിച്ചും.മാത്രമോ ഒരു സ്ഥലവും കാണാൻ അവസരം കിട്ടുകയില്ല. ട്രാൻസ്ഫറിൽ കൂടിയാണല്ലോ നാടുകൾ കാണാൻ പറ്റുക. എന്തായാലും പറയാതെ വയ്യ വീട്ടിൽ ചെന്നു ഒരു തീരുമാനം എടുത്തു വരണം. ബസ്സ് സ്റ്റോപ്പെത്താൻ കാത്തിരുന്നു.
വീട്ടിൽ എത്തി പതിവു പോലെ കാര്യപരിപാടികൾ.
നാട്ടിലെ വിശേഷങ്ങൾ
അവരുടെ വീതം. ഓഫീസിലെയും ഹോസ്റ്റലിലേയും അങ്ങോട്ടും. രണ്ടു കൂട്ടരും ഒരു കാര്യം മാത്രം തുടങ്ങി വച്ചില്ല,പിള്ളേരുടെ മുൻപിൽ ചർച്ച ചെയ്യേണ്ട കാര്യം അല്ലാത്തതുകൊണ്ട്.സന്ദർഭം കിട്ടിയപ്പോൾ അപ്പനാണ് തുടങ്ങിവച്ചത്.
.” മോളെ ഓഫീസിൽ എന്തു പറയുന്നു?”
“എന്തു പറയാനാ നിർബന്ധം പിടിക്കുന്നു അറിയാൻ. വീട്ടിൽ പോയി വന്നിട്ടു പറയാം എന്നു പറഞ്ഞു സമാധാനിപ്പിച്ചു പോന്നു.”
“ഇനിയിപ്പോൾ പറയാതെ ഒഴിവാകാനും പറ്റില്ല അല്ലേ “
അമ്മയുടെ വീതം.
“മോൾ വേണം തീരുമാനം എടുക്കാൻ. മോളുടെ ജീവിതമാ “
അപ്പൻ തീരുമാനം തനിക്കായി വിട്ടു. ശരിയാണ് ജീവിതം തന്റേതുതന്നെ എങ്കിലും……
എന്തായാലും രണ്ടു ദിവസം ഉണ്ടല്ലോ. അതു കഴിഞ്ഞല്ലേ, തല്ക്കാലം മറ്റു കാര്യങ്ങൾ ശ്രദ്ധിക്കാം അല്ലാതെ എപ്പോഴും ഒന്നു തന്നെ ചിന്തിച്ചരുന്നിട്ടു കാര്യമില്ലല്ലോ. എല്ലാവരും അവരവരുടെ
കാര്യങ്ങളിലേക്ക് കടന്നു. കൊച്ചു കൊച്ചു സന്തോഷങ്ങളുമായി കുട്ടികൾ കൂടെ നിന്നു. ഡ്രസ്സ് കഴുകി ഇസ്‌ത്തിരിയിടാനും
പിറ്റേന്നു പള്ളിയിൽ പോകാനുള്ളത് നോക്കാനും അവർക്കു വേണ്ടിയും അങ്ങനെ പലതിനും.അതിനിടയിൽ സൺഡേ സ്കൂൾപഠിപ്പീരും പഠിപ്പിക്കാനുള്ളത് ഒന്നു റെഫർ ചെയ്തല്ലേ പഠിപ്പിക്കാൻ ആകു.
ഞായറാഴ്ചയും കഴിഞ്ഞു. പിറ്റേന്ന് പുറപ്പെടണം അമ്മ അടുത്തു വന്നു.
“മോൾ എന്താ പറയാൻ പോകുന്നത് അഭിപ്രായം പറഞ്ഞല്ലേ പറ്റൂ”
.”ശരിയാ”
“ഇഷ്ടക്കേടൊന്നും കാണിക്കണ്ട ഇങ്ങോട്ടു ചോദിച്ചു വന്നതല്ലേ. നമുക്കു കുറച്ചു സാവകാശം വേണം. പെണ്ണിനെ കെട്ടിക്കുക എന്നത് ചില്ലറകാര്യമല്ല. തന്നെയല്ല മോൾക്ക് അധികം പ്രായവും ആയിട്ടില്ലല്ലോ.”
അപ്പന്റെ അഭിപ്രായം ആ യിരിക്കും അമ്മയിലൂടെ കേട്ടത്. അതിനെതിരായി അമ്മയ്ക്കു ഒരഭിപ്രായവും ഇല്ലല്ലോ. അവരുടെ ജീവിതം എത്ര കാലം കൊണ്ട് കാണുന്നു അതു തന്നെയാണല്ലോ അവരുടെ ജീവിതവിജയത്തിനു കാരണവും. താനും അതുപോലെ വേണം ഓരോരുത്തരും അവനവന്റെ വീട്ടിൽ കാണുന്നതല്ലേ പഠിക്കൂ. അവൾക്ക് ഒരു തീരുമാനത്തിൽ എത്താൻ പിന്നെ വൈകേണ്ടി വന്നില്ല.
എല്ലാം എടുത്തു ബാഗിൽ വക്കുമ്പോൾ അമ്മ എന്തൊക്കെയോ എടുത്തു കൊണ്ടുവന്നു.
” എന്താ ഇതൊക്കെ? ഇപ്പൊ ഇവിടെ വിശേഷം ഒന്നും ഉണ്ടായില്ലല്ലോ. എല്ലാർക്കും കൊടുക്കാൻ? “
“ഇതു എല്ലാർക്കും ഇല്ല കൂട്ടുകാരിക്ക് കുറച്ചു വറക്കാനുള്ള വകയാ.”
അവൾക്കു അമ്മയുടെ ആ
സ്നേഹപ്രകടനം അത്ര പിടിച്ചില്ല. എങ്കിലും വെളിയിൽ കാട്ടാതെ എടുത്തു ബാഗിൽ വച്ചു. കഴിക്കാനുള്ളത് വേറെയും.
(തുടരും…..)
About The Author
No related posts.