കുഞ്ഞാത്തോൽ – ശാന്തിനി ടോം | നോവൽ അധ്യായം- 2

Facebook
Twitter
WhatsApp
Email

അധ്യായം- 2

വാര്യത്ത് നിന്നും നടക്കെട്ടുകള്‍ ഇറങ്ങിയാല്‍ പാടമായി. മഴക്കാലത്തു നെല്‍കൃഷിയും വേനലില്‍ പയറും പാവലും മറ്റ് പച്ചക്കറികളും കൃഷി ചെയ്യുന്ന കരപ്പാടം. പാടത്തിനു നടുവിലൂടെ വീതിയുള്ള നടവരമ്പ് ഇല്ലവുമായി വാര്യത്തെ കൂട്ടിയിണക്കുന്നു. നടവരമ്പിന്റെ കൃത്യം മധ്യത്തില്‍ വിലങ്ങനെയുള്ള മറ്റൊരു വരമ്പ് ഗ്രാമത്തിലേക്കുള്ള നടപ്പാതയുമായി ഇല്ലത്തെയും വാര്യത്തെയും ബന്ധിപ്പിക്കുന്നു. പട്ടാമ്പി ടൗണില്‍ നിന്നും ഏകദേശം പത്ത് കിലോമീറ്റര്‍ ദൂരത്തിലുള്ള ഈ ഗ്രാമത്തിലേക്ക് രവി ആദ്യമായെത്തുന്നത് ഉമയെ പെണ്ണു കാണാന്‍ വന്നപ്പോഴാണ്. അയാള്‍ ഉമയില്‍ നിന്നും കേട്ടറിഞ്ഞ കാര്യങ്ങള്‍ ഓര്‍ത്ത് നോക്കി. കോയിക്കല്‍ മനയിലെ കുഞ്ഞാത്തോലും ഉമയും കളിക്കൂട്ടുകാരായിരുന്നു, ഒരേ പ്രായം. പഠനവും കളിയും എല്ലാം രണ്ടാളും ഒരുമിച്ചു മാത്രം. ഇണപിരിയാത്ത കൂട്ടുകാര്‍ എന്ന് നാട്ടിലും വീട്ടിലും പേര് വീണവര്‍.

ഡിഗ്രിക്ക് ചേരും മുന്‍പേ കുഞ്ഞാത്തോലിന്റെ വിവാഹം കഴിഞ്ഞു. അമ്മായിയുടെ മകന്‍, പഞ്ചായത്തോഫീസിലെ ക്ലര്‍ക്കായ വിനയനുമായി. അതിനൊരു കാരണവുമുണ്ടായിരുന്നു. അച്ഛനില്ലാതെ വളര്‍ന്ന കുട്ടിയായിരുന്നു നിര്‍മ്മലയെന്ന കുഞ്ഞാത്തോല്‍. ആയിടെയൊരിക്കല്‍ മനയിലെ നടുമുറ്റത്ത് നിര്‍മ്മലയുടെ അമ്മ തലചുറ്റി വീഴുകയുണ്ടായി. ആ വീഴ്ചയില്‍ തലച്ചോറില്‍ രക്തം കട്ടപിടിക്കുകയും അവര്‍ക്ക് ബുദ്ധിഭ്രമത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുകയും ചെയ്തു. വിഗദ്ധചികില്‍സയ്ക്ക് മംഗലാപുരത്തോ വെല്ലൂരോ കൊണ്ട് പോകാനുള്ള ആളും അര്‍ത്ഥവും ഇല്ലാതിരുന്ന പാവങ്ങളായിരുന്നു അവര്‍. ഇടയ്‌ക്കെപ്പൊഴോ ഓര്‍മ്മ തിരിച്ചുകിട്ടിയ സമയം ആ അമ്മ എത്രയും വേഗം മകളെ വിവാഹം കഴിക്കണമെന്ന് ഭര്‍ത്താവിന്റെ അനന്തരവനോട്, നിര്‍മ്മലയുടെ മുറച്ചെറുക്കനോട് അപേക്ഷിച്ചു. അങ്ങനെയാണു പതിനേഴിന്റെ പടി കടക്കും മുന്‍പേ കുഞ്ഞാത്തോല്‍ സുമംഗലി ആയത്.

വളരെ ശാന്തനും സല്‍സ്വഭാവിയുമായിരുന്നു വിനയന്‍. അയാള്‍ക്ക് നിര്‍മ്മലയെ ജീവനായിരുന്നു. വിവാഹം കഴിഞ്ഞതോടെ കുഞ്ഞാത്തോലിനെ കൂട്ടിനു കിട്ടാതെ ഉമ വലഞ്ഞു. കോളേജില്ലാത്ത അവധി ദിവസങ്ങളില്‍ കുഞ്ഞാത്തോലിനെ കാണാന്‍ മനയ്കലെത്തിയിരുന്നെങ്കിലും വിനയന്റെയും നിര്‍മ്മലയുടെയും വര്‍ത്തമാനങ്ങളുടെയും പൊട്ടിച്ചിരികളുടെയും ശബ്ദശകലങ്ങള്‍ അവരെ ശല്യപ്പെടുത്താതെ മടങ്ങിപോവാന്‍ അവളെ എപ്പോഴും പ്രേരിപ്പിക്കുമായിരുന്നു. തന്റെ കളിക്കൂട്ടുകാരിയെ നഷ്ടമായതില്‍ വേദനയുണ്ടായെങ്കിലും അവള്‍ സന്തോഷമായി ജീവിക്കുന്നു എന്ന അറിവില്‍ ഉമ സന്തുഷ്ടയായിരുന്നു. മാസങ്ങള്‍ക്ക് ശേഷം ഒരു ദിവസം രാവിലെ കാവില്‍ പോയി വരുമ്പോള്‍ എതിരെ വരുന്ന നിര്‍മ്മലയേയും വിനയനേയും കണ്ട് ഉമയുടെ കണ്ണു നിറഞ്ഞു. ഉമയെ കണ്ട് നിര്‍മ്മല വിനയന്റെ കൈ വിടുവിച്ച് വരമ്പിലൂടെ ഓടി വന്നു. കൂടെ ഓടി എത്തിയ വിനയന്‍ അവളെ ശാസിച്ചു…

‘എന്തായിത്? ഓടാന്‍ പാടുണ്ടോ? കൂട്ടുകാരിയെ കണ്ടപ്പോള്‍ എല്ലാം മറന്നോ?’

അത് കേട്ടതും നാണിച്ച് രണ്ടുകൈ കൊണ്ടും മുഖം മറച്ച് ചിരി തൂകുന്ന നിര്‍മ്മലയെ നോക്കി ഉമ അത്ഭുതത്തോടെ നിന്നു.

ഉമ ഒരു ചെറിയമ്മയാവാന്‍ പോവുന്നു എന്ന രഹസ്യം നിര്‍മ്മലയുടെ തോളില്‍ കൈ ചേര്‍ത്ത് വിനയന്‍ അറിയിച്ചപ്പോള്‍ ഉമയ്ക് സന്തോഷം കൊണ്ട് തുള്ളിച്ചാടണമെന്ന് തോന്നി…

About The Author

Leave a Reply

Your email address will not be published. Required fields are marked *