പമ്പരങ്ങൾ – (ബാല നോവലെറ്റ് : അദ്ധ്യായം -2) – മിനി സുരേഷ്

Facebook
Twitter
WhatsApp
Email

അദ്ധ്യായം:2

 

അപ്പാർട്ട്മെന്റിന്റെ വാതിൽക്കലെത്തിയതും
വിച്ചു ഞെട്ടിപ്പോയി.ഷൂ റാക്കിൽ ചെറിയമ്മയുടെ
ചെരിപ്പുകൾ ഇരിക്കുന്നു. ദൈവമേ ഇന്നു നേരത്തെയെത്തിയോ.സാധാരണ ചെറിയമ്മ
ഓഫീസിൽ നിന്നെത്തുമ്പോൾ രാത്രി എട്ടു മണിയെങ്കിലും കഴിയാറുണ്ട്.

അവൻ ശബ്ദമുണ്ടാക്കാതെ വാതിൽ തുറന്ന്
അകത്തേക്ക് കയറി.കുളിമുറിയുടെ വാതിൽ പതുക്കെ
തുറക്കുവാനൊരുങ്ങുമ്പോളാണ് ഊക്കനൊരു
അടി തോളിൽ വീണത്.
“അമ്മേ”അവൻ അലറി വിളിച്ചു പോയി.
“ഷൗട്ട് ചെയ്യാതെടാ.അനുസരണയില്ലാത്തവനേ.
ചുമ്മാതല്ല ഭൂമിയിൽ പിറന്ന് വീണപ്പോളേക്കും
തള്ളയെ മുകളിലോട്ട് വിളിച്ചത്”
“ചെറിയമ്മാ ,എന്റെ അമ്മയെ ഒന്നും പറയരുത് കേട്ടോ.ഞാനത് ടോളറേറ്റ് ചെയ്യുകയില്ല.”
“പറഞ്ഞാൽ നീയെന്തു ചെയ്യുമെടാ “.ചെറിയമ്മ
അവനെ തലങ്ങും,വിലങ്ങും അടിക്കുവാൻ തുടങ്ങി.

“മതി ചേച്ചി. കൊച്ചിന്റെ നെറ്റി പൊട്ടി ചോരയൊലിക്കുന്നത് കണ്ടില്ലേ”അനുജനെ നോക്കുവാൻ നിൽക്കുന്ന രാജിച്ചേച്ചി ഓടിവന്ന് തടയുവാൻ
ശ്രമിച്ചു. അതൊന്നും വകവെയ്ക്കാതെ ചെറിയമ്മ
വീണ്ടും അവനെ അടിക്കുവാൻ കയ്യോങ്ങി.വിച്ചു
പേടിച്ച് വിറച്ച് മുറിയുടെ മൂലയിലേക്ക് ചുരുണ്ടിരുന്നു.
“സ്മൃതീ ..”വാതിൽ തുറന്ന് അകത്തേക്ക് കയറിയ
രാജഗോപാലിന് അത് കണ്ട് സഹിക്കുവാനായില്ല.
അയാൾ ഓടിച്ചെന്ന് അവനെയെഴുന്നേൽപ്പിച്ച്
ചേർത്തു നിർത്തി.വിച്ചു ഏങ്ങലടിച്ച് കരയുവാൻ
തുടങ്ങി.
“കുറെക്കൂടി കൊഞ്ചിക്ക് ചെറുക്കനെ.കുറച്ചു കൂടി
കഴിയുമ്പോൾ ഇവിടെ ഏതെങ്കിലും ഗുണ്ടാസംഘത്തിലും ചേർന്ന് ലഹരിമരുന്നിനും
അടിമയായി നടക്കുന്നത് കാണാം. അസോസിയേഷൻ ഗ്രൂപ്പിൽ വന്ന വീഡിയോ നിങ്ങളൊന്ന് കണ്ട് നോക്ക്. ചന്തപ്പിള്ളേരെപ്പോലെ
കിടന്ന് അടി കൂടുന്നു. പ്രീതി സാഗറും ,സെൽവിയുമൊക്കെ ഫോൺ ചെയ്തു
പറഞ്ഞപ്പോൾ എന്റെ തൊലിയുരിഞ്ഞു പോയി .
ഇവന്റെ കൂടെവളർന്നാൽ എന്റെ കുഞ്ഞും തല തിരിഞ്ഞു പോകുമോ എന്നാണ് പേടി.”ചെറിയമ്മയുടെ കണ്ണുകളിലേക്ക് നോക്കിയ കിച്ചു വിറച്ചു പോയി.
“അല്ലെങ്കിലും കുഞ്ഞുണ്ടായതിൽപ്പിന്നെ നിനക്കിവനെ എങ്ങനെയെങ്കിലും ഒഴിവാക്കണമെന്ന ചിന്തയാണ്.കുറച്ചായി ഞാനത്
ശ്രദ്ധിക്കുന്നു.ഗ്രൂപ്പിലെ വീഡിയോയെല്ലാം ഞാനും
കണ്ടതാണ്.അവന്റെ ഭാഗത്ത് ഒരു തെറ്റുമില്ല”.

വിച്ചുവിന് സമാധാനമായി.അച്ഛനെങ്കിലും തന്നെ
മനസ്സിലാക്കിയല്ലോ.
“നാട്ടിലെ സ്കൂളിൽ ഞാനിവനെ ചേർക്കുവാൻ
പോകുകയാണ്. അവിടെ പഠിച്ചിട്ടാണല്ലോ ഞാനും
നീയുമൊക്കെ ഇത്രയുമായത്”
“ഈ തല തിരിഞ്ഞ ചെറുക്കനെ നിങ്ങളെന്തെങ്കിലും
ചെയ്യ്.ഐ ഡോൺഡ് ബോദർ”മനസ്സിൽ അലയടിച്ചുയർന്ന സന്തോഷം പുറത്ത് കാണിക്കാതെ സ്മൃതി പറഞ്ഞു.
“അത്രക്ക് നീയങ്ങ് സന്തോഷിക്കുകയൊന്നും വേണ്ട.എന്റെ മകനെ ഞാൻ ഉപേക്ഷിക്കുകയൊന്നുമല്ല.നിന്റെ സ്നേഹമില്ലാത്ത
പെരുമാറ്റം അവന്റെകുഞ്ഞു മനസ്സിനെ നോവിക്കുന്നത് കുറെ നാളായി ഞാൻ ശ്രദ്ധിക്കുന്നുണ്ട്.കുട്ടികളുടെ വളർച്ചക്ക് സന്തോഷവും ,മാനസികമായ പിന്തുണയും അത്യാവശ്യമാണ്. ഹൈ ടെക്ക് സൗകര്യങ്ങളെല്ലാമുണ്ടെങ്കിലും ഇവിടെ താമസിച്ചാൽ വിച്ചുവിന് അതൊരിക്കലും ലഭിക്കുകയില്ല”
അച്ഛൻ പറയുന്നത് കേട്ടപ്പോൾ വിച്ചുവിന് തുള്ളിച്ചാടുവാൻ തോന്നി. അച്ഛമ്മയുടെ വീട്ടിൽ
പോകുവാൻ അവന് വലിയ ഇഷ്ടമാണ്. കോവിഡ്
വന്നതിൽ പിന്നെ അവൻ നാട്ടിൽ പോയിട്ടേയില്ല.കുഞ്ഞനുജനെയും കൊണ്ട്
യാത്ര ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് ചെറിയമ്മ തടസ്സമിടും .അച്ഛമ്മയുടെ വീട്ടിനടുത്തായി പച്ചപ്പു നിറഞ്ഞ
പാടങ്ങളും ,പുഴയുമൊക്കെയുണ്ട്. പാട്ടു പാടുന്ന കുയിലമ്മയുണ്ട്. അയൽപക്കത്തുള്ള മണിമലവീട്ടിലെ
മനോജും ,സവിതയുമെല്ലാം അവന്റെ കൂട്ടുകാരാണ്.
അച്ഛമ്മ വീഡിയോകോളിൽ വിളിക്കുമ്പോഴെല്ലാം
വിച്ചു അവരെ അന്വേഷിക്കാറുണ്ട്.

“ഇന്നും ഡൊമാറ്റോയിൽ നിന്നാണോ ആഹാരം
വാങ്ങിയത്.പായ്ക്കറ്റ് ദോശ മാവ് വാങ്ങിയതുണ്ടായിരുന്നല്ലോ.”അച്ഛന്റെ ശബ്ദം
ഉയർന്നത് കേട്ടിട്ട് അവന് ഭയമായി. ചെറിയമ്മക്ക്
ദേഷ്യം വന്ന് വഴക്കു തുടങ്ങുവാൻ ഇതു മതി.”
“പിന്നേ പകൽ മുഴുവനും ഓഫീസിൽ കഷ്ടപ്പെട്ട്
ജോലിയെടുത്ത് വന്നിട്ട് പാചകമൊന്നും എനിക്ക് പറ്റില്ല. കുഞ്ഞിനെ മാത്രം നോക്കാമെന്ന കണ്ടീഷനിലാണ് രാജി നാട്ടിൽ നിന്നും വന്നത് തന്നെ.വേണവെങ്കിൽ കഴിച്ചാൽ മതി. ചെറിയമ്മ
കലി തുള്ളി ബെഡ് റൂമിലേക്ക് പോയി.
“നാട്ടിൽ ചെല്ലുമ്പോൾ അച്ഛമ്മയെനിക്ക് നല്ല നല്ലെണ്ണയിൽ മൊരിച്ച ദോശയും ,ഉണ്ണിയപ്പവുമെല്ലാം
ഉണ്ടാക്കിത്തരുമല്ലോ.അച്ഛന് അപ്പോഴും ഡൊമാറ്റോ തന്നെ ശരണം” അച്ഛനെ ഒന്നു തണുപ്പിക്കുവാനായി
വിച്ചു ചിരിച്ചു കൊണ്ട് പറഞ്ഞു.
“അമ്പടാ ,നീയാളു കൊള്ളാമല്ലോ. ഇടക്കിടക്ക്
വിച്ചുക്കുട്ടനെ കാണുവാൻ അച്ഛൻ ഓടിയെത്തില്ലേ.
അപ്പോൾ അച്ഛനും കഴിക്കാം അച്ഛമ്മയുടെ നല്ല മൊരിഞ്ഞ ദോശ”
രാജഗോപാൽ അവന്റെ നെറ്റിയിലെ മുറിവിൽ
മരുന്ന് പുരട്ടിക്കൊടുത്തു.
“ഇങ്ങനെ ശുഭാപ്തി വിശ്വാസത്തോടെ ജീവിക്കണം
മോനെ. നമ്മളെ തളർത്തുവാനും ,പരിഹസിക്കുവാനും ,കുറ്റപ്പെടുത്തുവാനുമൊക്കെ പലരും
ശ്രമിക്കും.പക്ഷേ ആത്മ വിശ്വാസം കൈ വിടാതെ
മുന്നോട്ട് നീങ്ങുവാൻ അറിയണം.സ്വയം സ്നേഹിക്കുന്ന ഒരാൾക്കേ മറ്റുള്ളവരെയും നാടിനെയും സ്നേഹിക്കുവാൻ കഴിയൂ.ജീവിതത്തിൽ വിജയിക്കുവാനുള്ള അവസരങ്ങൾ ധാരാളം വരും.സ്വപ്നങ്ങൾ
ഉള്ളവർക്കേ വിജയിക്കുവാൻ കഴിയൂ എന്ന്
പറഞ്ഞത് ആരാണെന്ന് പറയാമോ”
“മുൻ രാഷ്ട്രപതി അബ്ദുൾ കലാം ജി”
മിടുക്കൻ .നിനക്ക് വായനാശീലമുള്ളത് കൊണ്ട്
വേഗം ഉത്തരം പറയുവാൻ കഴിഞ്ഞു.കീപ്പ് ഇറ്റ് അപ്പ്”

കറിയിൽ മുക്കിയ ചപ്പാത്തി അവന്റെ വായിൽ രാജഗോപാൽ സ്നേഹത്തോടെ വച്ച്
കൊടുത്തു.
“വയസ്സ് പത്തായി. ള്ള ക്കുട്ടിയെപ്പോലല്ലേ കൊഞ്ചിക്കുന്നത്.ഒന്ന് ശബ്ദം കുറച്ച് പറയാമോ.കൊച്ച് കുഞ്ഞ് ഉറങ്ങുന്നുണ്ടെന്ന ചിന്ത
പോലുമാർക്കുമില്ല”.ബെഡ് റൂമിൽ നിന്നും തലനീട്ടി
സ്മൃതി ദേഷ്യപ്പെട്ടു. വിച്ചുവിന്റെ ചിരി പെട്ടെന്ന്
മാഞ്ഞു.
“മോനെന്തിനാണ് അത് കേട്ട് വാടുന്നത്. ചെറിയമ്മ
ഒരു കാര്യം പറഞ്ഞു. നമ്മൾ അതിലെ നല്ല കാര്യം
മാത്രം സ്വീകരിക്കണം.ആവശ്യമില്ലാതെ മറ്റുള്ളവരെ ഭയപ്പെടുന്നവർക്ക് ആത്മ വിശ്വാസത്തോടെ ഒരു കാര്യവും ചെയ്യുവാൻ സാധിക്കുകയില്ല.അവനെ ചേർത്ത് പിടിച്ചു
കൊണ്ട് രാജഗോപാൽ പറഞ്ഞു.
വലിയ സന്തോഷത്തോടെയാണവൻ ഉറങ്ങുവാൻ
കിടന്നത്. മാറിക്കിടക്കുന്ന ജനാലവരിക്കിടയിലൂടെ
നക്ഷത്രങ്ങൾ വാരി വിതറിയ ആകാശം കാണാമായിരുന്നു.ആകാശത്തെ നോക്കി ഫ്ലാറ്റിന്റെ മതിലരികിലുളള കാറ്റാടിമരങ്ങൾസ്നേഹപൂർവ്വം തലയാട്ടുന്നുണ്ടായിരുന്നു. അതു നോക്കിക്കിടന്ന്അവന്റെ കണ്ണുകൾ മെല്ലെ ഉറക്കത്തിലേക്ക് വഴുതി വീണു.
തുടരും.

About The Author

Leave a Reply

Your email address will not be published. Required fields are marked *