അദ്ധ്യായം -3
ബാനസ് വാടി സ്റ്റേഷനിൽ നിന്നും ട്രെയിൻ പുറപ്പെട്ടു. വിച്ചു ജനാലക്കരികിലുള്ള സീറ്റിലാണ്
ഇരുന്നത്.ബഹുനിലക്കെട്ടിടങ്ങളും ,വാഹനങ്ങൾ
തിങ്ങി നിറഞ്ഞ റോഡുകളുമെല്ലാം മാഞ്ഞ് പുതിയ
ലോകത്തേക്ക് യാത്ര തുടങ്ങുന്നു. ഇത്രയും കാലം
ജീവിച്ച മാരിഗോൾഡ് ഗാർഡൻസ് .കൂട്ടുകാർ,അച്ഛൻ ഇടക്കിടക്ക് കൊണ്ടുപോകാറുള്ള ഭാരതീയസിറ്റിയിലെ പ്ലേ ഏരിയ ,മാളുകൾ എല്ലാം ഓർമ്മകളിലടരാത്ത
മഞ്ഞുതുള്ളിയായി മാറുന്നു.
യാത്ര പറഞ്ഞപ്പോൾ ‘ശല്യം ഒന്ന് പോയിക്കിട്ടിയാൽ
മതിയായിരുന്നു ‘എന്ന ഭാവമായിരുന്നു ചെറിയമ്മയുടെ മുഖത്ത്. കുഞ്ഞനുജന് ഉമ്മ കൊടുത്തിറങ്ങുമ്പോൾ അവൻ വാവിട്ട് കരയുന്നുണ്ടായിരുന്നു.ഫ്ലാറ്റിന്റെ ഗേറ്റ് കടന്ന് ഊബർ ടാക്സിയിൽ കയറുമ്പോൾ നിറമിഴികളുമായി സാൻവി നോക്കി നിൽക്കുന്നുണ്ടായിരുന്നു. എല്ലാ വർഷവും അവധിക്ക് തൃശൂരുള്ള അമ്മൂമ്മയുടെ വീട്ടിൽവരുമ്പോൾ കോട്ടയത്ത് വന്ന് തന്നെ കണ്ടുകൊള്ളാം എന്നാണ് വാക്ക് നൽകിയിരിക്കുന്നത്.
“മോന് കിടക്കുവാൻ ബെർത്തിൽ കമ്പിളി വിരിക്കട്ടെ.”
“ഇപ്പോൾ നമ്മൾ എവിടെയായി അച്ഛാ”.ട്രെയിൻ വേഗത കുറക്കുന്നത് ശ്രദ്ധിച്ച് അവൻ ചോദിച്ചു.
“ഹൊസൂർ സ്റ്റേഷനിലേക്ക് കയറുകയാണ്.”
“ഓ ,പകൽ സമയമായിരുന്നെങ്കിൽ നിറയെ റോസാച്ചെടികളുടെയും ,കാബേജിന്റെയുമൊക്കെ
കൃഷിയിടങ്ങൾ കാണാമായിരുന്നു”.
റോസാപ്പൂക്കൾ നിറഞ്ഞ കൃഷിയിടങ്ങൾ കണ്ടിട്ടുള്ളത് അവന്റെ ഓർമ്മയിൽ വന്നു.
മിഡിൽ ബർത്തിൽ അച്ഛനവന് കമ്പിളിയും .ഷീറ്റുമെല്ലാം വിരിച്ചു കൊടുത്തു.
“രാവിലെ ആറു മണിക്ക് കോട്ടയത്തെത്തും .അച്ഛൻ
അലാറം വച്ചിട്ടുണ്ട്.വിച്ചുക്കുട്ടൻ ഉറങ്ങിക്കോളൂ.അച്ഛനവന്റെ നെറ്റിയിൽ ഒരു മുത്തം
കൊടുത്തു.,
കുറെ സമയം തിരിഞ്ഞും ,മറിഞ്ഞുമൊക്കെ കിടന്ന്
എപ്പോഴോ അവനുറങ്ങിപ്പോയി.
“കോട്ടയമാകാറായി വിച്ചുക്കുട്ടാ.എഴുന്നേറ്റ് ടോയ്ലറ്റിലൊക്കെ പോയിട്ട് വാ” അച്ഛൻ വിളിച്ചപ്പോഴാണ് അവനുണർന്നത്.ജനാലവിരി
മാറ്റി അവൻ പുറത്തേക്ക് നോക്കി.
ആകാശം തെളിഞ്ഞു വരുന്നതേയുള്ളൂ .
റെയിൽവേസ്റ്റേഷനിൽ നിന്ന് കുറച്ച് അകലെയായി
തിരുവാർപ്പ്എന്ന സ്ഥലത്താണ് അച്ഛമ്മയുടെ വീട്.
“തിരുവാർപ്പെന്ന് അച്ഛമ്മയുടെ വീടിരിക്കുന്ന സ്ഥലത്തിന് പേരു വരുവാൻ കാരണമെന്താണച്ഛാ ”
ഓട്ടോയിലേക്ക് കയറുമ്പോൾ വിച്ചു ചോദിച്ചു.
“അതോ ,കോട്ടയം പട്ടണത്തിൽ നിന്നുംഎട്ടു കിലോമീറ്റർ ദൂരത്തിൽ പടിഞ്ഞാറുഭാഗത്തായി
അപ്പർ കുട്ടനാടിനോട് ചേർന്ന്
കിടക്കുന്ന ഗ്രാമമാണ് തിരുവാർപ്പ്.കുന്നമ്പള്ളിക്കര
എന്നായിരുന്നു പ്രദേശത്തിന്റെ മുൻ നാമം.
ആയിരത്തി അഞ്ഞൂറ് വർഷം പഴക്കമുള്ള പ്രസിദ്ധമായ ശ്രീകൃഷ്ണക്ഷേത്രവുമായി ബന്ധപ്പെട്ട
ഒരു ഐതിഹ്യമാണ് തിരുവാർപ്പ് എന്നാ സ്ഥലത്തിന്
പേരു വരുവാൻ കാരണം.മഹാഭാരതകഥ അച്ഛമ്മ
മോന് പറഞ്ഞു തന്നിട്ടില്ലേ.”
“ഉണ്ടല്ലോ ,പാണ്ഡവരുടെയും ,കൗരവരുടെയും സ്റ്റോറി”
“യെസ് ,പാണ്ഡവർക്ക് വനവാസകാലത്ത്
പൂജിക്കുവാൻ ഭഗവാൻ കൃഷ്ണൻ ഒരു വിഗ്രഹം
നൽകിയിരുന്നു. വനവാസം കഴിഞ്ഞു മടങ്ങുമ്പോൾ
ആ വിഗ്രഹം ദ്രൗപദിക്ക് നൽകിയ അക്ഷയപാത്രത്തിൽ വച്ച് കടലിൽ ഒഴുക്കി വിട്ടു.ഈ വിഗ്രഹം വില്വമംഗലം സ്വാമിയാർ എന്ന സന്യാസിശ്രേഷ്ഠൻ കാണുകയും വാർപ്പോടു കൂടി
പ്രതിഷ്ഠിക്കുകയും ചെയ്തു എന്നാണ് സങ്കൽപ്പം.ഇനി മോന് അച്ഛമ്മയുടെ കൂടെപ്പോയി
തിരുവാർപ്പ് കൃഷ്ണനെ തൊഴാമല്ലോ”.വിച്ചു സന്തോഷത്തോടെ തലകുലുക്കി.
“മറ്റൊരു പ്രത്യേകത കൂടിയുണ്ട്.ഇന്ത്യയിൽ ആദ്യം
നട തുറക്കുന്ന ക്ഷേത്രം ഇതാണ്. വെളുപ്പിന് രണ്ടുമണിക്കോ അതിനടുത്ത സമയത്തോ ആണ്
ക്ഷേത്രനട തുറക്കുന്നത്.അവിടുത്തെഉഷ പായസം
വളരെ പ്രധാനമാണ്.”
“സാർ മോനോട് കഥയൊക്കെ പറഞ്ഞത് കൊണ്ട്
എനിക്കും അതൊക്കെ മനസ്സിലാക്കുവാൻ കഴിഞ്ഞു.
ഓട്ടോ റിക്ഷ ഡ്രൈവർ പറഞ്ഞു.
“നിങ്ങളുടെ പേരെന്താണ് .വീട് കോട്ടയത്ത് തന്നെയാണോ”?മനുഷ്യർ തമ്മിൽ പണക്കാരനെന്നും ,പാവപ്പെട്ടവനെന്നൊന്നുമുള്ള വ്യത്യാസങ്ങളൊന്നും വിചാരിക്കുന്ന
ആളല്ല രാജഗോപാൽ.
“അബ്ദുൾ എന്നാണെന്റെ പേര് സാറേ.വീട് കഞ്ഞിക്കുഴിയിലാണ്.”
“കൃഷ്ണന്റെ കഥയൊക്കെ ചേട്ടന് ഇഷ്ടമായോ.”വിച്ചു ചോദിച്ചു
“ഈശ്വരന് ജാതിവ്യത്യാസങ്ങളൊന്നുമില്ല മോനെ.
മനുഷ്യരാണ് ജാതിയുടെ പേരിൽ വെറുപ്പ്
പsർത്തുന്നത്.
“നമ്മുടെ ഫ്ലാറ്റിൽ ശിവരാത്രിയും ,ദീപാവലിയുമൊക്കെ ആഘോഷിക്കുമ്പോൾ ചിലരൊക്കെ പങ്കെടുക്കാതെ
മാറി നടക്കുന്നത് കണ്ടിട്ടില്ലേ അച്ഛാ”
“എല്ലാ ആഘോഷങ്ങളുടെയും ലക്ഷ്യംമനുഷ്യരുടെ സാഹോദര്യവും ,സ്നേഹവും വളർത്തുക എന്നതാണ്.
പലരും അത് മനസ്സിലാക്കുന്നില്ല.”
ഓരോ വിശേഷങ്ങളും പറഞ്ഞ് വീടെത്തിയത് അവരറിഞ്ഞില്ല. ഗേറ്റിങ്കൽ അച്ഛമ്മ അവരെയും കാത്ത് നിൽക്കുന്നുണ്ടായിരുന്നു.
“അച്ഛമ്മേ”ഓട്ടോയിൽ നിന്നും ചാടിയിറങ്ങി അവനോടിച്ചെന്ന് അച്ഛമ്മയെ കെട്ടിപ്പിടിച്ചു.
“അച്ഛമ്മക്ക് കൂട്ടായി മോനെത്തിയല്ലോ.കൊച്ചച്ചനും,അമ്മായിമാരുമെല്ലാം
അമേരിക്കയിലാണല്ലോ.വയസ്സുകാലത്ത് അച്ഛമ്മയിവിടെ ഒറ്റക്ക് കഴിയുന്നത് കണ്ട് കൃഷ്ണഭഗവാൻ ഇങ്ങോട്ടയച്ചതാണ് കുട്ടനെ”
“ഒറ്റക്കിവിടെ കഴിയണ്ടെന്ന് എത്ര നാളായി അമ്മയോട് പറയുന്നതാണ് “രാജഗോപാൽ പരിഭവപ്പെട്ടു.
“അതാപ്പോ നന്നായത്. ജനിച്ചു വളർന്ന ഈ നാടും,എന്റെ തിരുവാർപ്പ് കൃഷ്ണനെയും വിട്ടിട്ട്
ഒരു നാട്ടിലേക്കും എനിക്ക് പോകുവാനിഷ്ടമേയില്ല.വർത്തമാനം പറഞ്ഞു
നിൽക്കാതെ കുളിച്ചിട്ട് വാടാ.കൊച്ചിന് വിശക്കുന്നുണ്ടാകും.”
അച്ഛമ്മ അവന് നല്ല മൊരിഞ്ഞ ദോശയും,ഉണ്ണിയപ്പവും, അടയുമെല്ലാം ഉണ്ടാക്കിയിട്ടുണ്ടായിട്ടുണ്ടായിരുന്നു. അച്ഛനും .മകനും സന്തോഷത്തോടെ അതെല്ലാം
കഴിക്കുന്നത് വസുമതിയമ്മ നിറകണ്ണുകളോടെ
നോക്കി നിന്നു.
തുടരും..