കാവല്‍ക്കാരുടെ സങ്കീര്‍ത്തനങ്ങള്‍, അദ്ധ്യായം 4 – (കാരൂര്‍ സോമന്‍)

Facebook
Twitter
WhatsApp
Email

അദ്ധ്യായം 04

പോര്‍നിലങ്ങള്‍

 

പകല്‍ വാഴേണ്ടതിന്നു വലിപ്പമേറിയ വെളിച്ചവും രാത്രി വാഴേണ്ടതിന്നു വലിപ്പം കുറഞ്ഞ വെളിച്ചവും ആയി രണ്ടു വലിയ വെളിച്ചങ്ങളെ ദൈവം ഉണ്ടാക്കി; നക്ഷത്രങ്ങളെയും ഉണ്ടാക്കി. ഭൂമിയെ പ്രകാശിപ്പിപ്പാനും പകലും രാത്രിയും വാഴുവാനും വെളിച്ചത്തെയും ഇരുളിനെയും തമ്മില്‍ വേര്‍പിരിപ്പാനുമായി ദൈവം അവയെ ആകാശവിതാനത്തില്‍ നിര്‍ത്തി; നല്ലതു എന്നു ദൈവം കണ്ടു. സന്ധ്യയായി ഉഷസ്സുമായി, നാലാം ദിവസം.

കുപ്പായം ശരീരത്തോടെ വിയര്‍ത്തൊട്ടി.
സീസ്സറിന്‍റെ തുടുത്ത കവിളുകള്‍ ഒന്നുകൂടി ചുവന്നു.
എന്തെന്നില്ലാത്ത നിസ്സഹായത കത്തനാര്‍ക്ക് അനുഭവപ്പെട്ടു. പിതാക്കന്മാരൊക്കെ ബഹുമാനിക്കുന്ന ആളിനെ അത്ര പെട്ടെന്ന് വെറുക്കാനായില്ല. വീഞ്ഞ് കുടിക്കരുതെന്ന് പറഞ്ഞാല്‍ മുന്തിരിത്തോട്ടം എന്തിനാണ്? മഞ്ഞും മഴയും ആകാശത്ത് നിന്ന് പെയ്തിറങ്ങുന്നത് മണ്ണില്‍ വിത്ത് വിതയ്ക്കാനും ഫലം കായ്ക്കാനും ഫലമെടുക്കാനുമല്ലേ? അവിടെ മുന്തിരിയും വിളയുന്നു. മുന്തിരിയെ നോക്കി നീ മനുഷ്യന് നാശം വിതയ്ക്കുന്നവനെന്ന് പറഞ്ഞാല്‍ മറ്റ് മരങ്ങള്‍ കൈകൊട്ടി ചിരിക്കും. മനോഹരമായ മുന്തിരിയില്‍ പുഴുക്കളെ അരച്ച് ചേര്‍ത്ത് ലഹരിയുണ്ടാക്കുന്നു. അത് തലച്ചോറിനെ മന്ദബുദ്ധിയാക്കുന്നു. അവന്‍റെ തല തീക്കല്ലുപോലെ എരിയുന്നു. അതിന്‍റെ മണമോ ചത്തുനാറുന്ന മത്സ്യത്തിന് തുല്യം. മുന്നിലിരുന്ന് അത് കുടിച്ചു വറ്റിക്കുന്നവനെ വീണ്ടെടുക്കാന്‍ കഴിയുമോ? കത്തനാര്‍ വീര്‍പ്പടക്കിയിരുന്ന നിമിഷം സീസ്സര്‍ അറിയിച്ചു:
“കല്യാണവിരുന്നിന് ഈശോയും വീഞ്ഞ് അടിച്ച ആളല്ലേ? കത്തനാര്‍ കരുതുന്നുണ്ടോ ഈശോ കുടിച്ചിട്ടില്ലെന്ന്.”
സ്വര്‍ഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങള്‍ ആകട്ടെ കര്‍ത്തൃത്വങ്ങള്‍ ആകട്ടെ വാഴ്ചകള്‍ ആകട്ടെ അധികാരങ്ങള്‍ആകട്ടെ സകലവും അവന്‍ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവന്‍ മുഖാന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അവന്‍ സര്‍വ്വത്തിന്നും മുമ്പെയുള്ളവന്‍; അവന്‍ സകലത്തിന്നും ആധാരമായിരിക്കുന്നു.

 

ഇരുന്നിടത്തുനിന്ന് എഴുന്നേറ്റിട്ട് പറഞ്ഞു.
“അത് ഈ വീഞ്ഞല്ലായിരുന്നു. അതിന് മധുരമായിരുന്നു. ഇത് കയ്പുള്ളതല്ലേ?”
സീസ്സര്‍ കത്തനാരുടെ മുഖത്തേക്ക് കാര്യമായൊന്നു നോക്കി. മൂര്‍ച്ചയുള്ള വാക്കുകളാണല്ലോ. ആ വാക്കുകളെ കുത്തിക്കീറാന്‍ സീസ്സറും തീരുമാനിച്ചു.
“അതിന്‍റെ അര്‍ത്ഥം കത്തനാരും ഈ വീഞ്ഞ് കുടിച്ചിട്ടുണ്ട്.”
ഒരു നിമിഷം സീസ്സറുടെ മുഖത്ത് നോക്കിയിട്ട് പറഞ്ഞു.
“ഒരിക്കല്‍ കുര്‍ബാനയ്ക്ക് കൊടുക്കുന്ന വീഞ്ഞും മായം ചേര്‍ത്ത വീഞ്ഞും ഞാന്‍ ഒരു പരീക്ഷണത്തിനായി കുടിച്ചു. അന്നെനിക്ക് മനസ്സിലായി ഇത് കാനാവിലെ കല്യാണത്തിന് വിളമ്പിയ വീഞ്ഞല്ലെന്ന്. മറിച്ച് കലഹത്തിനും വിരോധത്തിനുമുള്ള വീഞ്ഞെന്ന്.”
ആ വാക്കുകള്‍ ഒരു സൂചിമുന പോലെ സീസ്സറുടെ ശരീരത്ത് തറച്ചു. ആ വിഷയം തുടരാന്‍ സീസ്സര്‍ ആഗ്രഹിച്ചില്ല. ചില മനുഷ്യര്‍ തീയില്‍ കുരുത്തവെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ഇത് ആത്മാവില്‍ കുരുത്തതായിരിക്കും. ഈശോയുടെ നാമത്തില്‍ കൊടുക്കുന്ന വീഞ്ഞ് സ്നേഹമെന്നും മധുരമെന്നും നിങ്ങള്‍ കുടിക്കുന്ന വീഞ്ഞ് കലഹക്കാരനെന്നുകൂടി ഇങ്ങേരുടെ വായില്‍ നിന്ന് കേള്‍ക്കണ്ട. സീസ്സര്‍ നിശബ്ദനായിരുന്നു.
പുറമെ ലിന്‍ഡ ജയിംസുമായി മൊബൈല്‍ ഫോണില്‍ സ്നേഹസല്ലാപങ്ങള്‍ നടത്തുന്നു.
“എടാ മണ്ടൂസേ, നീ ഇങ്ങനെ പിണങ്ങിയാല്‍ എങ്ങനെയാ? നല്ല പെമ്പിള്ളാരെ സ്വന്തമാക്കണമെങ്കില്‍ കുറെ കാത്തിരിപ്പും കഷ്ടപ്പാടുമൊക്കെ ആവശ്യമാ.”
“ദേ, നിന്നെക്കാള്‍ മുടുക്കരായ പെണ്‍പിള്ളാരെ കെട്ടാന്‍ ഇട വരുത്തരുത്.”
അത് കേട്ടപ്പോള്‍ മനസ്സൊരു സമരപ്പന്തലായി. ഒരു വര്‍ഷമായി തുടരുന്ന പ്രേമസമരമാണ്. അത് ശീതസമരമാകുമോ? ഇതില്‍ വിജയമാണ് ലക്ഷ്യം. മറ്റാരും അറിയാത്ത ഈ രഹസ്യം പപ്പയറിഞ്ഞാല്‍… അടി കൊള്ളുക മാത്രമല്ല അടിച്ച് പുറത്താക്കുകയും ചെയ്യും. ആ ശൂന്യത നികത്താന്‍ ഒരു തൊഴില്‍ ആവശ്യമാണ്. ഇത് പപ്പ ജനിച്ച നാടല്ല. ആ നാടിന്‍റെ സംസ്കാരം ഇവിടെ മക്കളുടെ മേല്‍ അടിച്ചേല്പിക്കാനുമാകില്ല. ആ നിശബ്ദ നിമിഷങ്ങളില്‍ അവന്‍റെ ശബ്ദം വീണ്ടുമുയര്‍ന്നു.
“എന്താ നാവിറങ്ങിപ്പോയോ?”
വീട് വിട്ടുപോയ മനസ്സ് വീണ്ടും വീട്ടിലെത്തി.
“നീ എന്നെ പേടിപ്പിക്കല്ലെ, നിന്നെക്കാള്‍ മിടുക്കന്മാരെ ഞാന്‍ സ്നേഹിക്കും കേട്ടോ. പിന്നെ എനിക്ക് ഊണു കഴിക്കാതെ വരാന്‍ പറ്റില്ല. ഇന്ന് നിനക്ക് കുറെ ക്ഷമിക്കാന്‍ പറ്റില്ലെങ്കില്‍ പോയി കുറെ തണുത്ത വെള്ളത്തില്‍ കുളിക്ക്. ബൈ.”
അവള്‍ മൊബൈല്‍ സംസാരം അവസാനിപ്പിച്ചു. അവള്‍ മുകളിലെ മുറിയില്‍ നിന്ന് താഴേക്ക് നോക്കി അരിശമടക്കി അങ്ങോട്ടുമിങ്ങോട്ടും നടന്നു. അവരൊന്ന് പുറത്തുവന്നാല്‍ എനിക്ക് പുറത്തേക്ക് ചാടാമായിരുന്നു. വീട്ടിലുള്ളപ്പോള്‍ പപ്പായ്ക്ക് ഒപ്പമിരുന്ന് കഴിക്കണമെന്ന് നിര്‍ബന്ധമാണ്. എത്രനേരമായി കാത്ത് നില്ക്കുന്നു. കത്തനാരും പപ്പയെക്കാള്‍ കുടിയനാണോ?
വെറുപ്പും നീരസവും തോന്നി. അവിടേക്ക് പോകണമെന്ന് മനസ്സ് മന്ത്രിച്ചു. പിന്നെ വേണ്ടെന്നു വച്ചു. മമ്മിപോലും ആ സമയം അങ്ങോട്ടു പോകാറില്ല. അവള്‍ പിറുപിറുത്തു.
“പപ്പ പ്ലീസ് കമോണ്‍. ഒരുത്തന്‍ എന്നെ കാണാന്‍ കാത്തിരിക്കുന്നു.”
താഴെ ജോബ് കുട്ടികളെപ്പോലെ അവന്‍റെ കംമ്പ്യൂട്ടറില്‍ ശബ്ദമുണ്ടാക്കി കളിക്കുന്നു. മമ്മി അടുക്കളയില്‍ തിരക്കിലാണ്. ഹോട്ടലില്‍ നിന്നു കോഴിയും മറ്റും കൊണ്ടുവന്നിട്ടുണ്ട്. ഇതിനിടയില്‍ ആരുമായിട്ടോ മമ്മി മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നു.
ഒടുവില്‍ സീസ്സറും കത്തനാരും ഭക്ഷണം കഴിക്കാനായി മുകളിലേക്ക് വരുന്നു. ലിന്‍ഡ എന്തെന്നറിയില്ലാത്ത ആവേശത്തോടും ഉണര്‍വ്വോടും ഗോവണിപ്പടികള്‍ ചവുട്ടി താഴേയ്ക്ക് ഓടി. മമ്മിയെ സഹായിക്കാന്‍ അടുക്കളയിലെത്തി. മമ്മി പരിഭവിച്ചു.
“ങ്ഹാ! നീയിങ്ങെത്തിയോ? കഴിക്കാനെങ്കിലും നിന്നെ കാണുന്നുണ്ടല്ലോ സന്തോഷം.”
അവര്‍ പുഞ്ചിരിച്ചു.
“എന്‍റെ പുന്നാരമോള് പപ്പായോട് പരാതി പറഞ്ഞ് നല്ലപിള്ള ചമയല്ലേ.”
റെയ്ച്ചലിന്‍റെ കണ്ണുകള്‍ വിടര്‍ന്നു. ഒപ്പം കുറ്റപ്പെടുത്തലും.
“അതെ. പുന്നാരമോളെ പപ്പ കൊഞ്ചിച്ചല്ലേ വളര്‍ത്തിയെ. അതാ ഇത്ര വഷളായത്.”
അവള്‍ മമ്മിയുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി ചോദിച്ചു.
“എന്‍റെ പൊന്നുമോളെ പപ്പ കൊഞ്ചിച്ചിട്ടില്ലേ? എത്രയോ വര്‍ഷങ്ങള്‍. ഇപ്പഴല്ലേ മുഖം വീര്‍പ്പിച്ചു നടക്കുന്നേ?”
അതുകേട്ട് റെയ്ച്ചലിന്‍റെ മുഖം നിലാവുപോലെ തിളങ്ങി. ഈ പെണ്ണിന്‍റെ ഒരു കാര്യം. ഉള്ളില്‍ പറഞ്ഞു.
അവളൊരു പരിഹാസച്ചിരിയോടെ ഭക്ഷണങ്ങളുമായി തീന്‍മേശയിലേക്ക്. കൈയും മുഖവും കഴുകി കത്തനാര്‍ കഴിക്കാനിരുന്നു. മേശപ്പുറത്ത് വിവിധ വിഭവങ്ങള്‍ നിരന്നു. കോഴി, മാട്, മീന്‍, പച്ചക്കറികള്‍. കോഴിക്കറിയുടെ മണത്തേക്കാള്‍ കത്തനാര്‍ക്ക് ഇഷ്ടപ്പെട്ടത് പച്ചക്കറിയുടെ മണമായിരുന്നു. അവര്‍ക്കൊപ്പം സ്റ്റല്ലയും ലിന്‍ഡയുമിരുന്നു. കത്തനാര്‍ ചോദിച്ചു.
“ജോബ് കഴിക്കുന്നില്ലേ?”
അവനപ്പോള്‍ കമ്പ്യൂട്ടറില്‍ കളിയായിരുന്നു.
“അവന് നമ്മുടെ ആഹാരമൊന്നും വേണ്ട. അവനൊരു പ്യുവര്‍ യൂറോപ്യനാ. നമ്മടെ മീന്‍ കറി വലിയ ഇഷ്ടമാ. ചോറിനൊപ്പം മാത്രം.”
റെയ്ച്ചല്‍ മറുപടി പറഞ്ഞു.
“അപ്പോള്‍ ലിന്‍ഡയ്ക്കോ?”
കത്തനാരുടെ അടുത്ത ചോദ്യം.
“അവള്‍ക്ക് എന്ത് കൊടുത്താലും കഴിച്ചോളും.”
“എനിക്ക് ഏറ്റവും ഇഷ്ടം കപ്പയും മീന്‍കറിയുമാ.”
ലിന്‍ഡ പറഞ്ഞു
“അത് ഞാന്‍പോലുമറിയാതെ എന്‍റെ ഹോട്ടലില്‍ പോയിരുന്നു കഴിക്കും.”
സീസ്സറുടെ കൂട്ടിച്ചേര്‍ക്കല്‍.
“പക്ഷെ, അച്ചോ ഞാന്‍ കാശു കൊടുത്തിട്ടാ കഴിക്കുന്നെ. സ്വന്തം കടയെന്ന് പറഞ്ഞിട്ട് എന്ത് കാര്യം. മോള്‍ക്ക് ഒരു ഡിസ്കൗണ്ടുപോലും തരില്ല. മോളല്ല ആരായാലെന്താ? ലാഭം വേണം. അല്ലേ പപ്പാ.”
അവള്‍ പപ്പായ്ക്കൊരു കൊട്ടു കൊടുത്തു. അതു മനസ്സിലാക്കി ചെറിയൊരു ചിരിയോടെ ചോദിച്ചു.
“യെന്ന്. കാശ് കൊടുത്തിട്ടേ കഴിക്കാവൂ. ജോലിക്കേ കൂലി വാങ്ങാവൂ.”
“കത്തനാരെന്താ ചിക്കനൊന്നും കഴിക്കാവത്തെ.”
റെയ്ച്ചല്‍ ചോദിച്ചു.
“ഞാനൊരു സസ്യഭുക്കാണ്. മാംസമൊന്നും കഴിക്കാറില്ല. കറികള്‍ക്കൊക്കെ നല്ല രുചിയുണ്ട് കേട്ടോ.”
റെയ്ച്ചല്‍ പുഞ്ചിരിച്ചു.
“പണ്ട് നമ്മുടെ കേരളത്തിലെ നമ്പൂതിരിമാരും ഇങ്ങനെയായിരുന്നു. ഈ നാട്ടിലെ ആരോഗ്യം മാംസത്തിലും മദ്യത്തിലുമാണ്.”
സീസ്സര്‍ അത്രയും പറഞ്ഞിട്ട് കോഴിക്കാലുകള്‍ കടിച്ചു കീറിത്തുടങ്ങി. ലിന്‍ഡ പെട്ടെന്ന് എഴുന്നേറ്റിട്ട് പറഞ്ഞു.
“എക്സ്ക്യൂസ് മി ഫാദര്‍, എനിക്ക് മൂന്നു മുതല്‍ അഞ്ച് വരെ എക്ട്രാ ക്ലാസ്സുണ്ട്.”
“ഓ.കെ. സീയൂ ലേറ്റര്‍.”
കത്തനാര്‍ മറുപടി പറഞ്ഞു. അവള്‍ കൈ കഴുകിയിട്ട് മുകളിലേക്ക് പോയി. ഹാന്‍റ് ബാഗുമായി മടങ്ങി വന്ന് എല്ലാവരോടും ബൈ പറഞ്ഞിട്ട് പുറത്തേക്ക്.
അവള്‍ കാറോടിച്ചു പോയത് ലൂയിസിന്‍റെ മുറിയിലേക്കായിരുന്നു. ലൂയിസിന്‍റെ സ്ഥലം മാവേലിക്കരക്കടുത്തുള്ള താമരക്കുളമാണ്. മാവേലിക്കര ബിഷപ് മൂര്‍ കോളേജില്‍ നിന്ന് ബി.എസ്സി പാസ്സായതിന് ശേഷം ലണ്ടനിലെ ഒരു യൂണിവേഴ്സിറ്റിയില്‍ എം.ബി.എ.യ്ക്ക് പ്രവേശനം ലഭിച്ചു. പഠിക്കുന്ന കൂട്ടത്തില്‍ ബ്രിട്ടനിലെ പ്രമുഖ ബിസിനസ്സ് സ്ഥാപനമായ സെയില്‍സ്ബെറിയില്‍ ക്യാഷ്യറായി ജോലിയും കിട്ടി. നാല് മാസം കൂടി കഴിഞ്ഞാല്‍ പഠനം പൂര്‍ത്തിയാകും. അതേ സ്ഥാപനത്തില്‍ത്തന്നെ ജോലി തുടരാമെന്നു പ്രതീക്ഷയിലാണ്. പക്ഷേ, ഇതിനെക്കാള്‍ നല്ല സ്ഥാപനത്തില്‍ നല്ലൊരു ജോലി വേണം അതാണ് ആഗ്രഹം. രാജ്യത്തെ പൗരന്മാര്‍ക്ക് ലഭിക്കുന്ന നാഷണല്‍ ഇന്‍ഷുറന്‍സ് നമ്പര്‍ ലഭിച്ചയുടനെതന്നെ ജോലി ലഭിച്ചു. അത് ആശ്വാസമായി. അതിനാല്‍ നാട്ടില്‍ നിന്ന് കാശു വരിത്തേണ്ടിയും വന്നില്ല.
ഗ്രാമത്തില്‍ നിന്നെത്തിയ ജയിംസ് നഗരത്തിന്‍റെ ഭാഷയും വേഷവിധാനവും അതിവേഗം സ്വാംശീയകരിച്ചു. മ്യൂസിക് ക്ലാസ്സില്‍ ചേര്‍ന്ന് സംഗീതത്തില്‍ പ്രാവീണ്യം നേടി. ഉപകരണ സംഗീതത്തിനൊപ്പം പാട്ടും പാടി പള്ളിയിലുള്ളവരുടെ പ്രിയങ്കരനായി. അവന്‍റെ മുറിയില്‍ നിന്നു പുറത്തേക്ക് എപ്പോഴും പിയാനോയുടെയോ വയലിന്‍റെയോ മാധുര്യമേറിയ ശബ്ദം കേള്‍ക്കുന്നുണ്ടാകും. ചിലപ്പോള്‍ വായനയിലായിരിക്കും. ലിന്‍ഡ വരുന്നതുപോലും ആ ശബ്ദം കേള്‍ക്കാനാണ്.
പ്രേമം അവരുടെ മനസ്സില്‍ വളര്‍ന്നുവെങ്കിലും ശരീരം പരിധിവിട്ട് അടുത്തിട്ടില്ല. വിവാഹദിനം വരെ ഒരു കന്യകയായി കഴിയണം. ഈ മഹാനഗരത്തില്‍ കാമം കത്തിച്ച് അതില്‍ കത്തി ചാമ്പലായി അജ്ഞാതരോഗങ്ങള്‍ക്ക് അടിമയാകാനും പുതിയ പുരുഷന്മാരെ തേടി പോകാനും അവള്‍ ഒരുക്കമല്ല. അവന്‍ താമസിക്കുന്ന മുറിയുടെ വാതില്‍ തുറന്നവള്‍ അകത്ത് കടന്നു. അകത്തേ മുറിയില്‍ നിന്നുള്ള വയലിന്‍റെ ഇമ്പനാദം അവളുടെ കാതുകളില്‍ മധുരം വിളയിച്ചു. കതകടച്ച് അകത്തേക്കു ചെന്നു. അവളുടെ സ്നേഹസ്പര്‍ശവും ചുംബനവുമൊന്നും അവനില്‍ യാതൊരു മാറ്റവുമുണ്ടാക്കിയില്ല. സാധാരണ ചെല്ലുമ്പോള്‍ പിയാനോ വായനയില്‍ നിന്നെഴുന്നേറ്റ് കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കാറുണ്ട്. പിയാനോ നെഞ്ചിന് മീതെ കിടക്കുന്നതുകൊണ്ട് കെട്ടിപ്പിടിക്കാനും കഴിയുന്നില്ല.
അവള്‍ ആശ്ചര്യപ്പെട്ടു നോക്കി. ഇവനെന്താ ഇങ്ങനെ. ആ മുഖം കണ്ടാലറിയാം, പിണക്കമെന്ന്. അവളും പിണങ്ങി മാറിയിരുന്നു. എത്രനേരമിങ്ങനെ വയലിന്‍ കേട്ടുകൊണ്ടിരിക്കും. അവന്‍റെ ഒരു ഗമ കണ്ടില്ലേ? ഒന്നു തിരിഞ്ഞുനോക്കുന്നുപോലുമില്ല. ഇനിയും ഉപേക്ഷിച്ചതാണോ? ഈ സമരം ഇങ്ങനെപോയാല്‍ ഒത്തുതീര്‍പ്പിനു യാതൊരു സാദ്ധ്യതയുമില്ല. വല്ലാത്തൊരു മടുപ്പുതോന്നി. കസേരയില്‍ തൂക്കിയിട്ട ഹാന്‍ഡ് ബാഗ് കൈയിലെടുത്ത് പോകാനായി തിരിഞ്ഞു നടന്നു. അവന്‍ തുറിച്ചുനോക്കി. വായന നിറുത്തി അവളെ വിളിച്ചു.
”ഹായ്, പോകാനാ വന്നേ?”
അവള്‍ തിരിഞ്ഞുനോക്കിയിട്ട് പറഞ്ഞു.
“ഇവിടെ ഇരിക്കാന്‍ ഒരു സുഖം തോന്നുന്നില്ല.”
പിയാനോ അവിടെ വച്ചിട്ട് അടുത്തേക്ക് ചെന്ന് വികാരഭരിതനായി ചോദിച്ചു.
“എന്താ മോളെ സുഖിപ്പിക്കണോ? ദേ ബെഡ് കിടക്കുന്നു”

അവള്‍ മുഖം വീര്‍പ്പിച്ചു നോക്കി.
“മനസ്സിലായില്ല….?”
അവന്‍ താഴെയും മുകളിലുമായി നോക്കി ദീര്‍ഘമായിട്ടൊന്ന് നിശ്വസിച്ചു. എന്തു പറയാനാണ് ഇവളോട്. തിളങ്ങുന്ന കണ്ണുകളിലേക്ക് വീണ്ടും നോക്കി.
അവള്‍ കണ്ണിറുക്കി കാണിച്ചിട്ട് വീണ്ടും ചോദിച്ചു.
“ഹലോ, ആള് ഇവിടെത്തന്നെയാണോ? സുഖിപ്പിക്കല്‍ എവിടെവരെയായി? മറുപടി കിട്ടിയില്ല.”
അവന്‍ കൈ മലര്‍ത്തിക്കാണിച്ചിട്ട് വിക്കി വിക്കി പറഞ്ഞു.
“ഓ…. എന്തോന്നു സുഖിപ്പിക്കല്‍….”
അവള്‍ ഒട്ടും കൂസാതെ അടുത്തെത്തി അവന്‍റെ നെഞ്ചിലെ കറുത്ത രോമത്തിലേക്കും കണ്ണുകളിലേക്കും സൂക്ഷിച്ചുനോക്കി പറഞ്ഞു.
“നീ മനസ്സില്‍ വിചാരിച്ചത് ഞാന്‍ പറയാം.”
ജയിംസിന് ഒന്നുകൂടി പരിഭ്രമമായി. സന്ധ്യാവെളിച്ചംപോലെ മുഖം മങ്ങി.
“വേണ്ട വേണ്ടേ… ഞാനൊന്നും പറഞ്ഞിട്ടുമില്ല, നീയൊന്നും കേട്ടിട്ടുമില്ല….”
അവളുടെ കണ്ണുകള്‍ അവനിലേക്ക് തുളച്ചു കയറി.
“മോനേ ജയിംസേ, നീ മലയാളം നോവലേ വായിച്ചിട്ടുള്ളൂ. ഞാന്‍ ഇംഗ്ലീഷ് നോവല്‍ ധാരാളം വായിക്കുന്നവളാ. നിനക്ക് എന്നോട് അങ്ങനെ പറയാന്‍ എങ്ങനെ ധൈര്യം വന്നു. ജയിംസിനു മൂത്രമൊഴിക്കണമെന്നു വരെ തോന്നി. വല്ലാത്തൊരു വീര്‍പ്പുമുട്ടല്‍. ഒരു നിമിഷം അവന്‍ പകച്ചു നിന്നു. അവന്‍റെ മുഖം വിളറിയിരുന്നു. കുറ്റബോധത്തോടെ പറഞ്ഞു.
“അയാം സോറി ലിന്‍ഡ.”
അവളുടെ മുഖം ഒന്നുകൂടി ചുവന്നു. കണ്ണുകള്‍ നിറഞ്ഞു. അടക്കാനാവാത്ത ദേഷ്യത്തോടെ പറഞ്ഞു.
“നിനക്കെന്നെ സുഖിപ്പിക്കണം അല്ലേ. ഞാനൊന്ന് കാണട്ടെ.”
അവള്‍ ബാഗ് വലിച്ചെറിഞ്ഞ് അവന്‍റെ കട്ടിലില്‍ കയറി കിടന്നു. എന്ത് ചെയ്യണമെന്നറിയാതെ നോക്കിനിന്നു…..

About The Author

Leave a Reply

Your email address will not be published. Required fields are marked *