പമ്പരങ്ങൾ – (ബാല നോവലെറ്റ് : അദ്ധ്യായം -4) – മിനി സുരേഷ്

Facebook
Twitter
WhatsApp
Email

അദ്ധ്യായം: 4

പിറ്റേന്ന് രാവിലെ വിച്ചുവിനെയും കുട്ടി അച്ഛൻ
സ്കൂളിലേക്ക് പോയി. അച്ഛൻ പഠിച്ച ഗവൺമെൻറ്
ഹയർസെക്കണ്ടറി സ്കൂളിൽ തന്നെയാണ് അവനെയും ചേർത്തത്. അവധിക്കാലമായതിനാൽ
പ്രിൻസിപ്പലും ,ഒന്ന് രണ്ട് അധ്യാപകരും മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ.

സ്കൂളും ,പരിസരവുമെല്ലാം അവന് ഇഷ്ടമായി. നിറയെ മാങ്ങകളുള്ള കുഞ്ഞൻ മാവുകളും ,പേരറിയാത്ത പൂമരങ്ങളും ,ചെടികളുമെല്ലാമുള്ള സ്കൂൾഅങ്കണം.കുഞ്ഞിക്കിളികളും ,അണ്ണാറക്കണ്ണന്മാരുമെല്ലാമുണ്ട്.
പഴമയുടെ പ്രൗഡിവിളിച്ചോതുന്ന ക്ലാസ്സ് മുറികൾ.’

“വിഘ്നേഷിന്റെ അച്ഛൻ ഈ സ്കൂളിലെ ഏറ്റവും
മിടുക്കനായ വിദ്യാർത്ഥിയായിരുന്നു.ഈ നാട്ടിൽ നിന്ന് ആദ്യമായി ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അഡ്മിഷൻ വാങ്ങി സ്കൂളിന്റെയും ,നാടിന്റെയുംതന്നെ അഭിമാനമായ ആൾ.മോനും അതു പോലെ നന്നായി പഠിക്കണം” .വിച്ചു സന്തോഷത്തോടെ തല കുലുക്കി.
രാജഗോപാലിന്റെ സഹപാഠിയായിരുന്നു പ്രിൻസിപ്പൽ അശോകൻ സാർ.
“ബാംഗ്ലൂരിൽ നിന്ന് പറിച്ചു നടുകയാണ്.ഇവന് നാട്ടിലെ രീതികളുമായി പൊരുത്തപ്പെടാനാകുമോ?”സംശയത്തോടെ സാർ
രാജഗോപാലിനോട് ചോദിച്ചു.

“അവന് നാടും ,ഇവിടുത്തെ രീതികളുമെല്ലാം വലിയ
ഇഷ്ടമാണ്. പിന്നെ മലയാളം എഴുതുവാനും ,വായിക്കുവാനും കുറച്ച് ബുദ്ധിമുട്ടുണ്ട്.അമ്മ രണ്ടു മാസം കൊണ്ട് പഠിപ്പിച്ചു
കൊടുത്തു കൊള്ളും.”
“അത് നന്നായി. വസുമതിയമ്മ ടീച്ചറാണല്ലോ
നമ്മളെയെല്ലാം ലോവർപ്രൈമറിയിൽ മലയാളം
പഠിപ്പിച്ചിരുന്നത് .അപ്പോൾ സ്കൂൾ തുറക്കാറാകുമ്പോഴേക്ക് മലയാളമെല്ലാം നന്നായി
പഠിച്ചു വരണം” .പ്രിൻസിപ്പലിനോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ വിച്ചുവിന്റെ മനസ്സിൽ എത്രയും
പെട്ടെന്ന് സ്കൂൾ തുറന്നാൽ മതിയെന്നുള്ള ആഗ്രഹമായിരുന്നു.സ്കൂളും ,പരിസരവും അവന്
അത്രക്കങ്ങ്ഇഷ്ടപ്പെട്ടു
“നടന്നു പോയാൽ മതിയച്ഛാ.ഓട്ടോ വിളിക്കണ്ട.”വിച്ചുവിന് അച്ഛമ്മയുടെ വീട്ടിൽ നിന്ന്
സ്കൂളിലേക്ക് പോകുന്ന വഴിയറിയുവാൻ തിടുക്കമായി.

“പണ്ട് ഇവിടെ മുഴുവൻ പാടങ്ങളായിരുന്നു.പാടവരമ്പത്ത് കൂടെ നീലപ്പൊന്മാനുകളെയും, കിളികളേയുമെല്ലാംനോക്കി രസിച്ചായിരുന്നു
ഞങ്ങൾ സ്കൂളിൽ പോയിരുന്നത്.
കാറ്റടിക്കുമ്പോൾ വിളഞ്ഞു കിടക്കുന്ന നെൽപ്പാടങ്ങളിൽ നിന്ന് നെൽച്ചെടികൾ തലയാട്ടുന്ന ശബ്ദം കേൾക്കുവാൻ അച്ഛന് വലിയ ഇഷ്ടമായിരുന്നു.അന്നീ തോട്ടിലൂടെ ധാരാളം വള്ളങ്ങൾ
പോകുമായിരുന്നു.ഇപ്പോഴതെല്ലാം പോയി .കൃഷി
ചെയ്യുന്ന പാടങ്ങൾ വളരെ കുറവാണ്.അധികവും
കള പിടിച്ചു കിടക്കുന്നത് കണ്ടില്ലേ.നല്ല റോഡും .പാലവുമൊക്കെ വന്നപ്പോൾ പ്രകൃതിഭംഗിക്ക് മങ്ങലേറ്റു.”
വിച്ചു കൗതുകത്തോടെ അതെല്ലാം കേട്ടു കൊണ്ട്
നടന്നു.
പെട്ടെന്ന് അവരുടെ അടുത്തായി ഒരു ഓട്ടോ റിക്ഷ ഇരച്ച് വന്ന് നിന്നു .രാജഗോപാൽ വിച്ചുവിന്റെ
കൈ പിടിച്ച് പുറകോട്ട് ഒറ്റച്ചാട്ടം ചാടിയത് കൊണ്ട്
കാലിൽ കയറിയില്ല.
“രാജു ,നീയെപ്പോളെത്തിയെടാ “കാക്കി ഷർട്ടിട്ട്
ചാടിയിറങ്ങിയ ആളെക്കണ്ടപ്പോൾ രാജഗോപാലിനും അതിശയമായി.
“മനുഷ്യരെ കൊല്ലുമല്ലോടാ .മാമച്ചാ ഇങ്ങനാണോടാ വണ്ടിയോടിക്കുന്നത്” എപ്പോഴും തമാശകളൊപ്പിച്ച് നടക്കുന്ന ബാല്യകാലസുഹൃത്ത്
മാമച്ചനങ്കിളിന്റെ വീരകഥകൾ അച്ഛൻ
ഇടക്ക് പറഞ്ഞിട്ടുള്ളതോർത്തപ്പോൾ
വിച്ചുവിനും ചിരിപൊട്ടി.
“നമ്മുടെ സ്കൂൾ ഗെറ്റ് ടുഗതറിന്റെ കാര്യം പറയുവാൻ ഇന്ന് നിന്നെ വിളിക്കുവാനിരിക്കുകയായിരുന്നു. തേടിയ വള്ളി കാലിൽ ചുറ്റിയെന്ന് കേട്ടിട്ടേയുള്ളൂ.അടുത്ത മാസം
പന്ത്രണ്ടിനാണ് .തരകൻ വിശദമായി കാര്യങ്ങളൊക്കെ പറയും”വിച്ചുവിന്റെ തലയിൽ മാമച്ചൻ സ്നേഹപൂർവ്വം തലോടിക്കൊണ്ട് പറഞ്ഞു.

“ഉറപ്പ് പറയാനൊക്കില്ലെടാ .ഔദ്യോഗികമായ യാത്രകൾ വരുമോയെന്നറിയില്ല”രാജഗോപാൽ
നിസ്സഹായതയോടെ പറഞ്ഞു.
“റീബാ തോമസ് ഒക്കെ വരൂടാ”
“കൊച്ച് നിൽക്കുമ്പോഴാണ് അവന്റെയൊരു തമാശ”
മാമച്ചനങ്കിൾ കുസൃതിയോടെ പറയുന്നത് കേട്ട്
വിച്ചുവിനും തമാശ തോന്നി.
“അച്ഛന്റെ ഗേൾഫ്രണ്ട് ആയിരുന്നോ ഈ റീബാ തോമസ്”
“ആഹാ .മോന് മലയാളമൊക്കെ അറിയാമോ”അതിശയത്തോടെ മാമച്ചൻ ചോദിച്ചു.
“പിന്നേ,ഇവനെ നമ്മൾ പഠിച്ച സ്കൂളിൽ ചേർത്തു.
അമ്മയ്ക്ക് പ്രായമായി വരുകയല്ലേ.നിങ്ങളൊക്കെ ഇവിടെയുണ്ടെന്നതാണ് എന്റെസമാധാനം.”
“നീയെന്ത് മണ്ടത്തരമാണ് രാജു കാണിച്ചത്. ഇവിടുത്തെ ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ്
ഞങ്ങളുടെയൊക്കെ മക്കൾ പഠിക്കുന്നത്.ബാംഗ്ലൂരിൽ നല്ല നിലയിൽ പഠിച്ചു കൊണ്ടിരുന്ന കൊച്ചിന്റെ ഭാവി കളയാനായിട്ട് ” മാമച്ചൻ രോഷം കൊണ്ടു.
“നമ്മുടെ സ്കൂളിൽ പഠിച്ച്നല്ലനിലയിലെത്തിയ
എത്രയോ വിദ്യാർത്ഥികളുണ്ട്.”
“ശരിയാ ,നമ്മുടെയിടയിൽ നിന്ന് ഐ.ഐ.റ്റിയിൽ അഡ്മിഷൻ കിട്ടിയ ആളല്ലേ എന്റെ മുന്നിൽ നിൽക്കുന്നത്.സമീറും ,ബിന്നിയും പേരെടുത്ത ഡോക്ടർമാരുമാണ്.ഞങ്ങളൊക്കെ പഠിക്കാതെ
ഉഴപ്പി നടന്നതു കൊണ്ടല്ലേ ഒന്നുമാകാതെ പോയത്”മാമച്ചന്റെ ശബ്ദത്തിൽ ചെറിയ നിരാശകലർന്നിരുന്നു.
“അങ്ങനെയൊന്നും ചിന്തിക്കരുത് മാമച്ചാ.ഏത്
തൊഴിലിനും അതിന്റേതായ മഹത്വമുണ്ട്. നീ ഓട്ടോ
ഓടിക്കുന്നത് കൊണ്ട് നടക്കുവാൻ ബുദ്ധിമുട്ടുള്ളവർക്ക് സഹായമാകുന്നുണ്ട്.എല്ലാവരും ഡോക്ടറും ,എഞ്ചിനീയറുമായാൽ മറ്റു ജോലികൾക്കും ആളുകൾ വേണ്ടേ .കുട്ടികളുടെ
അഭിരുചിയറിഞ്ഞ് പഠിപ്പിക്കുകയാണ് വേണ്ടത്.
മാതാപിതാക്കൾക്ക് പൊങ്ങച്ചംകാണിക്കുവാനുള്ള
ഉപകരണങ്ങളല്ല കുട്ടികൾ.സ്വന്തമായി ചിന്തിക്കുവാനും ,തീരുമാനങ്ങളെടുക്കുവാനും
കഴിവുള്ള നന്മയുള്ള മനുഷ്യരാക്കി വളർത്തണം.അങ്ങനെയുള്ള കുഞ്ഞുങ്ങളാണ്
ഒരു നാടിന്റെ സമ്പത്ത്”

“നീയെന്റെ കണ്ണു തുറപ്പിച്ചു രാജു..എന്റെ മകനെയും നമ്മുടെ സ്കൂളിൽ ചേർത്താലോ എന്ന് മനസ്സിലൊരു വിചാരം തോന്നുന്നു.കുട്ടികളെല്ലാവരും മുന്തിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ തേടിപ്പോകുന്നത് കൊണ്ട് സർക്കാർ സ്കൂളുകളൊക്കെ അടച്ചു പൂട്ടലിന്റെ ഭീഷണിയിലാണ്. ഇവനിവിടെ വന്നത് നമ്മുടെ നാട്ടുകാർക്കൊക്കെ ഒന്നു ചിന്തിക്കുവാൻ പ്രേരണ
നൽകും.ബാ ,ഞാൻ നിങ്ങളെ വീട്ടിലാക്കാം.”

“ഓട്ടോയിൽ പോയേക്കാം വിച്ചുക്കുട്ടാ.അച്ഛന് ഒരു
ഫോൺകോളുള്ളതാണ്. വൈകിട്ട് തിരിച്ചു പോകാനുള്ള ഒരുക്കങ്ങളും നടത്തണം”
ഓട്ടോയിൽ കയറിയത് മുതൽ അച്ഛനും ,മാമച്ചനങ്കിളും പഴയ വിശേഷങ്ങളെല്ലാം
പങ്കു വച്ചു രസിക്കുകയാണ്. പുതിയ കാഴ്ചകളുമായി നാടിന്റെ
സിരാപടലങ്ങളിലൂടെ വണ്ടി നീങ്ങുമ്പോൾ വിച്ചു ഓരോ കാഴ്ചകളും സന്തോഷപൂർവ്വം
ഹൃദയത്തിലേക്കേറ്റുകയായിരുന്നു.

About The Author

One thought on “പമ്പരങ്ങൾ – (ബാല നോവലെറ്റ് : അദ്ധ്യായം -4) – മിനി സുരേഷ്”

Leave a Reply

Your email address will not be published. Required fields are marked *