LIMA WORLD LIBRARY

പമ്പരങ്ങൾ – (ബാല നോവലെറ്റ് : അദ്ധ്യായം -5) – മിനി സുരേഷ്

അദ്ധ്യായം -5
രാത്രി എട്ട് മണിക്കാണ് ട്രെയിൻ. രാജഗോപാൽ
ആറര മണിയായപ്പോഴേക്കും സ്റ്റേഷനിലേക്ക്
പോകുവാൻ തയ്യാറായി.വിച്ചു അച്ഛനെ ചുറ്റിപ്പറ്റി
നടക്കുകയാണ്. അച്ഛനെ പിരിയുന്നതിൽ അവന്
നല്ല സങ്കടമുണ്ട്.
“വിച്ചുക്കുട്ടാ ,അച്ഛമ്മയെ ബുദ്ധിമുട്ടിക്കരുത്.
മിടുക്കനായി പഠിക്കണം കേട്ടോ. അവനെ ചേർത്തു
നിർത്തിക്കൊണ്ട് രാജഗോപാൽ പറഞ്ഞു.
“മിടുക്കനാണ് എന്റെ വിച്ചുക്കുട്ടൻ. മോൻ സമാധാനമായിട്ട് പോയിട്ട് വരൂ.”അച്ഛമ്മ സമാധാനിപ്പിച്ചു.
 ഗേറ്റ് കടന്ന് അച്ഛൻ പോകുന്നതും നോക്കി ഏറെ
നേരം അവൻ ഉമ്മറപ്പടിയിലിരുന്നു.
“മോൻ പോയി മേൽ കഴുകിയിട്ട് വരൂ. വിളക്ക് കൊളുത്തി നാമം ജപിക്കാം.ആ പിന്നെ നിങ്ങൾ
സ്കൂളിൽ പോയിരുന്ന സമയത്ത് മനോജും
സവിതയും കൂടി അന്വേഷിച്ചു വന്നിരുന്നു.നാളെ വരും”
ചെറിയ കീർത്തനങ്ങളാണ് സന്ധ്യാ വന്ദനത്തിന്
അച്ഛമ്മ ചൊല്ലിയത്.അവനതെല്ലാം പെട്ടെന്ന്
ഹൃദ്യസ്ഥമാക്കി.
അത്താഴത്തിന് കഞ്ഞിയും ,ചെറുപയർതോരനുമായിരുന്നു. കഞ്ഞി
അവനത്രക്ക് ഇഷ്ടമല്ല. അച്ഛമ്മയെ വിഷമിപ്പിക്കണ്ടെന്ന് കരുതി അവനൊന്നും മിണ്ടിയില്ല.
പണ്ടുള്ളവർ ചൂടുകഞ്ഞിയും,ചമ്മന്തിയുമൊക്കെ കഴിച്ചിട്ടാണ് പാടത്തും പറമ്പിലുമൊക്കെ പണിയെടുത്തിരുന്നത്. തൊടിയിൽ നിന്ന് പറിച്ചെടുക്കുന്ന മായം ചേർക്കാത്ത പച്ചക്കറികളുമെല്ലാം കഴിച്ചിരുന്നത് കൊണ്ട് ഇന്നത്തെക്കാലത്തുള്ള പല അസുഖങ്ങളും അന്ന്
കേൾക്കുവാൻ പോലുമില്ലായിരുന്നു.മോന് അച്ഛമ്മ
നാളെ മുതൽ ഇഷ്ടമുള്ളതൊക്കെ ഉണ്ടാക്കി തരാം കേട്ടോ. ന്യൂഡിൽസൊക്കെ ഉണ്ടാക്കുവാൻ അച്ഛമ്മക്കറിയാം.
“അയ്യേ ,ന്യൂഡിൽസൊന്നും എന്നും കഴിക്കുവാൻ
നല്ലതല്ല അച്ഛമ്മേ”അവന്റെ നിഷ്കളങ്കമായ ചിരി
കണ്ട് വസുമതിയമ്മയ്ക്കും സന്തോഷമായി.
ഉറങ്ങുവാൻ പോകുന്നതിന് മുൻപ് വിച്ചു മുറിയെല്ലാം അടുക്കിപ്പെറുക്കി വച്ചു.എല്ലാ കാര്യങ്ങളും ചിട്ടയായി ചെയ്യണമെന്ന് അച്ഛമ്മ
എപ്പോഴും വീഡിയോ കാൾ ചെയ്യുമ്പോൾ അവനോട്
പറയാറുള്ളതാണ്.
വീടിന്റെ പുറത്തായി ചീവിടുകളുടെ സംഗീതം
മുഴങ്ങുന്നതും കേട്ട് അവൻ കിടന്നു.അച്ഛമ്മ
തൊട്ടടുത്തുണ്ടെങ്കിലും ഏറെ നേരം തിരിഞ്ഞും .മറിഞ്ഞും കിടന്നു. അച്ഛൻ ജനിച്ചു വളർന്ന നാടാണ്.ഇവിടുത്തെ സ്കൂളിൽ പഠിച്ചാണ്
◦അച്ഛൻ ഉയർന്ന ഉദ്യോഗം വാങ്ങിയതും. ജന്മനാടിന്റെ നന്മകളറിഞ്ഞ് അച്ഛമ്മയുടെയും , അച്ഛന്റെയും അഭിമാനമായി താനും മാറും.പുതിയ തീരുമാനങ്ങൾ അവന്റെ മനസ്സിന് ഉത്സാഹവും ,ആത്മവിശ്വാസവുമേകി.ആകാശത്തിന്റെ കോണിലുള്ള
◦അമ്പിളി അമ്മാവന്റെ പുഞ്ചിരി നിലാവെളിച്ചമായിജനാലവിടവിലൂടെമുറിയിലേക്ക് അപ്പോൾ കടന്നു വരുന്നുണ്ടായിരുന്നു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px