വർണ്ണങ്ങൾ വൈരുദ്ധ്യങ്ങൾ , അദ്ധ്യായം 24 – ( മേരി അലക്സ് {മണിയ} )

Facebook
Twitter
WhatsApp
Email

അദ്ധ്യായം 24


കീച്ചേരിയിലെ കുട്ടൻ നായർ മരിച്ചു. ഒരു സുപ്രഭാതത്തിൽ കേട്ട വാർത്ത. കുറച്ചു ദിവസം സൗദാമിനിയുടെ വീട്ടിൽ പോകുന്നു എന്നു പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയതാണ്. മകളോടൊപ്പം രണ്ടു മൂന്നു ദിവസം ആ വീട്ടിൽ നിന്നിട്ട് പ്രഭാകരന്റെ കൂടെയും രണ്ടു ദിവസം തങ്ങി മടങ്ങണം എന്നു പറഞ്ഞ് പുറപ്പെടാൻ ഒരുങ്ങുമ്പോൾ
“ഞാനും വരുന്നു ,കുഞ്ഞിനെ കണ്ടിട്ട് കുറച്ചായില്ലേ, അച്ഛനു കൂട്ടുമാകും” എന്നു ചിന്തിച്ചും പറഞ്ഞും സൗദാമിനിയും ഒപ്പം കൂടി. പ്രഭാകരന്റെ ഭാര്യവീട്ടിൽ നല്ല സ്വീകരണം തന്നെയായിരുന്നു അച്ഛനും മകൾക്കും. പോകുന്ന വഴിയിൽ സൗദം ഗീതയുടെ വീട്ടിലേക്കും, കുഞ്ഞിനുള്ളതും വേണ്ടത് വേണ്ടപോലെ വാങ്ങി ക്കരുതിയിരുന്നു. ഏൽപ്പിക്കുമ്പോൾ ഗീതയുടെ അമ്മ പറഞ്ഞു,
“ഇതൊന്നും വേണ്ടായിരുന്നു. കുഞ്ഞിനുള്ളതു മാത്രം മതിയായിരുന്നല്ലൊ.”
അച്ഛൻ പറഞ്ഞു.
 “അതൊരവകാശവും കൊടുക്കുന്നവരുടെ സന്തോഷവുമല്ലേ?”
      ആൾ സംഭാഷണ പ്രീയൻ മാത്രമായിരുന്നില്ല നല്ലൊരു സൽക്കാരപ്രീയനും ആയിരുന്നു. കുട്ടൻ നായരെ നന്നായി അറിയാം ഇഷ്ടാനിഷ്ടങ്ങളും. അയാൾ പുറത്തുപോയി വേണ്ടതൊക്കെ വാങ്ങിക്കൊണ്ടു വന്ന് ഭാര്യയെ ഏൽപ്പിച്ചു. ഒരു പൊതി മാത്രം അയാൾ അകത്തെ മുറിയിൽ കൊണ്ടുചെന്ന് ഭദ്രമായി വച്ചു. അതു കണ്ട് ഭാര്യയുടെ ചുണ്ടത്തൊരു പുഞ്ചിരി വിരിഞ്ഞു. അവർക്കറിയാം അതെന്താണെന്ന്.അതിഥിയെ വേണ്ട വിധം സൽക്കരിക്കാനും അതിഥിയോടൊപ്പം കുറച്ചുനേരം സൊറ പറഞ്ഞിരിക്കാനുമുള്ള മരുന്ന്. വന്നയാൾ വെറുമൊരു
അതിഥി മാത്രമല്ലല്ലോ മകളുടെ ഭർത്താവിന്റെ അച്ഛനാണ്. അവർ മുറിയിൽ കയറിയപ്പോൾ സൗദാമിനിയും അടുക്കളയിൽ ഗീതയുടെ അമ്മയോടൊപ്പം സഹായത്തിനെത്തി. കുഞ്ഞിനെ നോട്ടവും സംഭാഷണവും ഒപ്പം നടത്തിക്കൊണ്ട്. അയല്പക്കമായ കാലായിലെ മരണവും സംഭാഷണവിഷയമായി. ഒരു കണക്കിന് നന്നായെന്നു രണ്ടു പേരും പറയാതെ പറഞ്ഞു വച്ചു. ഗീതയിൽ നിന്ന് അമ്മ ലിസായോടുള്ള ബേവച്ചന്റെ അളവറ്റ സ്നേഹത്തെപ്പറ്റി അറിഞ്ഞിരുന്നു. സോളിയോടൊത്തുള്ള കൂട്ടുകാരന്റെ ജീവിതവിശേഷങ്ങളും. സൗദാമിനിക്കും ഒരുവിധപ്പെട്ട എല്ലാക്കാര്യങ്ങളും അറിയാമായിരുന്നു.അപ്പോൾ പിന്നെ സംഭാഷണങ്ങൾ ഒന്നിൽ നിന്നു മറ്റൊന്നിലേക്ക് ഇടതടവില്ലാതെ മുന്നേറുന്നതിനു തടസ്സം ഉണ്ടാവുകയില്ലല്ലോ.
           വിഭവസമൃദ്ധമായ ഒരു ഊണൊരുക്കിക്കഴിഞ്ഞപ്പോഴേക്ക് ഗീത എത്തി. കുഞ്ഞിനെ പ്രതി ഓഫീസിൽ നിന്ന് അല്പസ്വല്പം വിട്ടുവീഴ്ചകളൊക്കെ ചെയ്തു കൊടുത്തിരുന്നു. അല്പനേരം ഗീതയോട് സംസാരിച്ചിരുന്ന്‌ ഊണും കഴിഞ്ഞ് സൗദാമിനി പുറപ്പെട്ടു , കുട്ടൻനായരും ഗീതയുടെ അച്ഛനും ചേർന്ന് സൗദാമിനിയെ യാത്രയാക്കാനി
റങ്ങി . ബസ് കയറ്റിവിട്ട് വെറുതെ ഒരു ചുറ്റലും കഴിഞ്ഞ് തിരികെയെത്തി ചായ കുടിച്ചപ്പോഴേക്ക് സ്കൂളിൽ പോയിരുന്നവരും പ്രഭാകരനും എത്തിച്ചേർന്നു .സോളിയുടെ മരണം സംബന്ധിച്ച് പ്രഭാകരൻ രണ്ടുമൂന്നു ദിവസം കീച്ചേരിയിൽ ഉണ്ടായിരുന്നു . അവിടുന്ന് പിറ്റേന്ന് പോന്നതാണ്.ഇപ്പോൾ ഒന്നൊന്നര മാസമായിരിക്കുന്നു.
        മകന് അച്ഛനെ കണ്ടപ്പോൾ അതിരറ്റ സന്തോഷം. ഊണു കഴിച്ചോ, ചായ കുടിച്ചോ, അങ്ങനെ പല പല കുശലങ്ങൾ പറഞ്ഞ് അച്ഛനും മകനും ഒത്തു ചേർന്നു. ഗീതയുടെ അച്ഛനാകട്ടെ അതുമാത്രമല്ല മറ്റുചിലതും കുട്ടൻ നായർ കഴിച്ചു എന്നു തമാശ പറഞ്ഞു പൊട്ടിച്ചിരിച്ച് ഒപ്പം കൂടി. സൗദാമിനിയും അച്ഛനോടൊപ്പം എത്തി കുഞ്ഞിനെക്കണ്ട്‌ ഊണു കഴിച്ചാണ് മടങ്ങിയതെന്നറിഞ്ഞ പ്പോൾ പ്രഭാകരന് സന്തോഷവും ഒപ്പം അല്പം ദുഃഖവും തോന്നി. അത് ഉമയമ്മയെക്കുറിച്ച് ഓർത്തായിരുന്നു കുഞ്ഞുണ്ടായിട്ട് ഇരുപത്തെട്ടിനു വിളിച്ചു,വന്നില്ല. വീട്ടിൽ വരുമ്പോൾ കണ്ടോളാമെന്ന്. താനോ! അങ്ങനെ കാണിക്കുന്നില്ലെന്നും തീരുമാനിച്ചു. എന്നിട്ടോ പിന്നൊരിക്കൽ പോലും ഞാൻ പോയി ഒന്നു കണ്ടിട്ട്
വരാം എന്നു പറഞ്ഞില്ല, അമ്മയോടോ അച്ഛനോടോ തന്നോടോ. എവിടെയെല്ലാം എന്തിനെല്ലാം ഒറ്റയ്ക്കു പോകുന്നു എന്തിനായാലും ഇത്രടം വന്നു കുഞ്ഞിനെ ഒരു നോക്കു കണ്ടിട്ടു പോകാത്തത് എന്തുകൊണ്ട്? ഒന്നും കൊടുക്കണ്ട അഥവാ കൊടുക്കണമെങ്കിൽ താൻ തന്നെ വാങ്ങി ഏൽപ്പിക്കുകയില്ലേ? കയ്യിൽ കൊണ്ടു വന്നാൽ മാത്രം പോരെ? എന്തൊരു സ്വഭാവം ആണോ എന്തോ?
                മകന്റെ ഇരുപ്പു കണ്ട് അച്ഛൻ ചോദിച്ചു
” എന്താടാ നീ ആലോചിച്ചിരുന്നു പോയത്?
“ഒന്നുമില്ലച്ഛാ ഞാൻ ഉമയമ്മയെ ക്കുറിച്ചാലോചിച്ചിരുന്നു പോയി . ഈ കുഞ്ഞെന്തു തെറ്റു ചെയ്തിട്ടാ അതിനെ ഒന്നു കാണാൻ കൂട്ടാക്കാത്തത്?”
“ഒന്നും പറയണ്ടെന്റെ കുഞ്ഞേ അതൊരു ജന്മം “
               അതൊരു തുടക്കം മാത്രമായിരുന്നു.അച്ഛനും മകനും തമ്മിൽ ഹൃദയം തുറക്കുന്ന നിമിഷങ്ങൾ. വിവാഹം കഴിഞ്ഞ അന്നു മുതൽ അമ്മ അച്ഛനെ അടക്കി വാഴുകയായിരുന്നത്രെ. അമ്മയുടെ ചൊല്പടിയിലായിരുന്നു മകളും. ഇളയവൾ മാത്രം അല്പം വ്യത്യാസം കാണിച്ചു. താനും. നല്ലൊരു അധ്വാനി ആയിരുന്നു എത്ര കൊണ്ടു വന്നാലും മതിയാകാത്ത ചിലവ്. കുഞ്ഞുങ്ങൾ കൂടി ആയപ്പോൾ പറയുകയും വേണ്ട.കുടി തുടങ്ങിയത് എല്ലാം മറക്കാനായിരുന്നു.കുഞ്ഞുങ്ങളോട് സ്നേഹം ഇല്ലാഞ്ഞോ ലാളിക്കാൻ ഇഷ്ടമില്ലാഞ്ഞോ അല്ല.
             മകൻ അച്ഛനെ മനസ്സിലാക്കിയ നിമിഷങ്ങൾ. താൻ കാണുമ്പോഴൊക്കെ അച്ഛൻ ഒരു കുടിയനായിരുന്നു. അച്ഛന്റെ ഉള്ളിൽ വിങ്ങുന്ന ഒരു ഹൃദയം ഉണ്ടെന്നു താൻ മനസ്സിലാക്കിയിരുന്നില്ല.അതുകൊണ്ടു തന്നെയായിരുന്നു കഴിവുള്ളിടത്തോളം സായാഹ്നങ്ങളിൽ ബേവച്ചന്റെ ഒപ്പം സമയം ചെലവഴിച്ച്‌ ഇരുട്ടു വീഴുമ്പോൾ പുരയിലെത്തിയിരു ന്നത്. ഇനിയെങ്കിലും അച്ഛനെ സ്നേഹിക്കണം. അച്ഛന് ആവശ്യമുള്ളത് കൊടുക്കണം. ഭക്ഷണമായാലും പണമായാലും ഇഷ്ടാനുസൃതം.അതേ ഇഷ്ടാനുസൃതം.
പക്ഷെ……

About The Author

Leave a Reply

Your email address will not be published. Required fields are marked *