അദ്ധ്യായം 22
വൈകുന്നേരം സമയമായപ്പോൾ ഒരറ്റൻണ്ടർ വന്നു ചെല്ലാൻ പറഞ്ഞു. എല്ലാവരേയും ഒരുമിച്ചു തന്നെ അകത്തു കയറ്റി. സോളിയുടെ അമ്മയും സിന്ധുവും മറ്റുള്ളവരും ആ റൂമിൽ തന്നെ ഇരുന്നു. രാവിലെ കണ്ടതാണ്. എന്തിനു കാണണം തിരിച്ചുകിട്ടുകയില്ലെന്ന നിലയിലാണവസ്ഥ. ഒരു പെറ്റമ്മ അതെങ്ങനെ സഹിക്കും? വന്നവർ കാണട്ടെ.അവരല്ലെ കാണാത്തവർ. കാണേണ്ടവരും അവകാശികളും. പെണ്ണിനെ കൊടുത്തവർക്ക് ഇനി എന്തവകാശം?
സോളിയുടെ കിടപ്പുകണ്ട് ശോശാമ്മയുടെ ഉള്ളു നൊന്തു. എങ്ങനെ സഹിക്കും! ചാക്കോച്ചനിൽ നിന്ന് ബേവച്ചൻ പറഞ്ഞറിഞ്ഞതിന്റെ ഏകദേശരൂപം പിടി കിട്ടിയിരുന്നു. എന്നാലും പൂർണരൂപം മനസ്സിലാക്കാൻ ആ പഴമനസ്സിന് പാടവമില്ലായിരുന്നു. എങ്കിലും ചിന്ത പോയത് മറ്റൊരു വിധത്തിൽ. എന്തൊരു പരീക്ഷണമാണിതു ദൈവമെ! ഒരു പെണ്ണും ഈ വിധത്തിൽ ചെയ്യരുത്. ജീവിതം സുഖിക്കാനുള്ളതാണു പോലും. അതും വിവാഹത്തിനു മുൻപ് എല്ലാ വിധ സുഖങ്ങളും അനുഭവിച്ചറിയണമത്രെ. അതിനു കാട്ടിക്കൂട്ടിയ വിക്രീയകൾ. അതിനു വേണ്ട ഒത്താശകൾ ചെയ്യാൻ കൂട്ടുനിൽക്കുന്ന കുറെ ആൾക്കാരും . ആണുമുണ്ട്, പെണ്ണുമുണ്ട്. പക്ഷെ ഇത്!ഇതല്പം കടന്ന കയ്യായിപ്പോയില്ലേ?
ഡോക്ടറന്മാരിങ്ങനെ?കേട്ടുകേൾവി പോലുമില്ല.
ഉപദേശിച്ചു പിൻ തിരിപ്പിക്കാനല്ലേ നോക്കേണ്ടത്. രോഗവിമുക്തി കൊടുക്കേണ്ട ആൾ രോഗിയാക്കുകയൊ ? രക്ഷിക്കേണ്ട ആൾ തന്നെ ശിക്ഷിക്കുകയൊ? ആണായാലും പെണ്ണായാലും വകതിരിവില്ലാത്ത പ്രായത്തിൽ പലതും തോന്നാം. വിവാഹം കഴിഞ്ഞവർ ഗർഭനിരോധനത്തിനു പല മാർഗ്ഗങ്ങളും അവലംബിക്കുമെന്ന് കേട്ടിട്ടുണ്ട് . വിവാഹം കഴിക്കാത്തവരാണെങ്കിലൊ ? അതും ഒരു പെൺകുട്ടി .അതിന്റെ അർത്ഥം അപഥ സഞ്ചാരത്തിനു തുനിഞ്ഞിറങ്ങാൻ തന്നെ എന്നല്ലെ ? ആ അവളെയാണൊ എന്റെ പൊന്നാങ്ങളേടെ പൊന്നു മരുമകൻ എന്റെ മരുമകളായി കൊണ്ടെത്തന്നത് .എന്നിട്ടിപ്പം ആരുമറിയാതെ അതിനു പ്രതിവിധി തേടിയെത്തി ഈ വിധത്തിലായിക്കിടക്കുന്നു. പാവം എന്റെ മോൻ അവൻ എന്തു മാത്രം കരഞ്ഞു പറഞ്ഞു താൻ കേട്ടില്ല. അപ്പോൾ ചിന്തിച്ചത് മേരിമ്മയെക്കുറിച്ചു മാത്രമായിരുന്നു. വന്നു കയറുന്നവർ ഒരു പോലെ മതി എന്നു ചിന്തിച്ചത് ഒരു തെറ്റാണൊ? എന്തായാലും വന്നത് വന്നു . ഇനി എന്തു ചെയ്യാൻ.
മേരിമ്മയും ചിന്തിച്ചുകൊണ്ടിരുന്നത് മറ്റൊന്നായിരുന്നില്ല. ഭർത്താവു പറഞ്ഞറിഞ്ഞ കാര്യങ്ങൾ മേരിമ്മക്ക് ഉൾക്കൊള്ളാൻ പോലും തോന്നിയില്ല. അനുജത്തി തന്നോട് രഹസ്യമായി പറഞ്ഞ കാര്യങ്ങൾ എല്ലാംശരിയായിരുന്നു എന്നു തികച്ചും വിശ്വസിക്കാം. അന്നു താൻ കോരച്ചായനോട് പറഞ്ഞപ്പോൾ നമ്മളറിഞ്ഞത് നമ്മിൽ തന്നെ ഇരിക്കട്ടെ ആരോടും പറയാൻ പോകണ്ട. അമ്മയോടു പോലും എന്നാണു പറഞ്ഞത്. അമ്മയും താനും തമ്മിൽ ഒന്നും ഒളിക്കാറില്ല എന്നറിയാം .എത്ര കഷ്ടപ്പെട്ടാണു താനത് ഇത്രനാൾ ഉള്ളിലൊതുക്കിക്കൊണ്ടു നടന്നത്. എത്ര പ്രാവശ്യം അമ്മയോടതു പറയാൻ തുനിഞ്ഞു. പാവം അനുജൻ എത്ര തങ്കപ്പെട്ട സ്വഭാവം അവന് ഈ അനുഭവം വന്നു ഭവിച്ചല്ലൊ. അവനെ ജീവനുതുല്യം സ്നേഹിച്ച അവനിഷ്ടപ്പെട്ട പെണ്ണിനെ കല്യാണം കഴിക്കാൻ പ്രഭാകരനും താനും എന്തിന് അപ്പൻ പോലും അമ്മയോട് പയറ്റി നോക്കി. അമ്മയുടെ പിടിവാശി ഒന്നു കൊണ്ടു മാത്രമല്ലേ അന്നതു നടക്കാതിരുന്നത്. അമ്മ അതിനു സമ്മതം മൂളിയിരുന്നെങ്കിൽ ഇതൊക്കെ കാണേണ്ടി വരുമായിരുന്നൊ? ഇനി പറഞ്ഞിട്ടെന്തു കാര്യം എല്ലാവരുടേയും കാഴ്ച കഴിഞ്ഞാൽ സോളി നിത്യതയിലേക്കെന്നല്ലേ കോരച്ചായൻ പറഞ്ഞതിന്റെ അർത്ഥം?ആർക്കറിയാം അവൾ എത്തിപ്പെടുന്നത് നിത്യതയിലേക്കാണൊ എന്ന്. ദൈവമെ എത്ര പാപം ചെയ്തവളാണെങ്കിലും അവളെ നിന്റെ വലതു ഭാഗത്തു സ്വീകരിക്കാൻ ദയ തോന്നണമെ! ശുദ്ധഗതിക്കാരിയായ മേരിമ്മ പെട്ടെന്ന് മനസ്സു മാറ്റിപ്രാർത്ഥിച്ചു.
പിറ്റേന്ന് ഇരുവീട്ടുകാരെയും ഒരുമിച്ചു കാണിച്ചിട്ട് തീരുമാനം അറിയിക്കാനാണ് മെയിൻ ഡോക്ടർ പറഞ്ഞിരിക്കുന്നത്. സോളിയുടെ അപ്പനും ഭർത്താവും ഒപ്പിട്ടു കൊടുക്കണം. പിന്നീടൊരിക്കൽ കേസുമായി വീട്ടുകാരൊ നാട്ടുകാരൊ ചെല്ലരുതല്ലൊ. താനെന്തു പറയാനാണ്. വിവാഹം കഴിച്ചു എന്നല്ലാതെ സോളിയുടെ ഭൂതകാലമൊന്നും ചുഴിഞ്ഞു നോക്കാൻ താൻ ഒരിക്കലും മിനക്കെട്ടിട്ടില്ല. താൻ തന്നെ കുറ്റവാളിയായി പിടിക്കപ്പെട്ടു നിൽക്കുന്ന അവസ്ഥയിൽ താൻ കഴിഞ്ഞു കൂടി എന്നല്ലാതെ നല്ലൊരു ദാമ്പത്യ ജീവിതം നയിക്കാൻ തന്നെക്കൊണ്ടു കഴിഞ്ഞിട്ടില്ല. പിന്നെ താനെന്തറിയാൻ?എന്തു പറയാൻ? എല്ലാം അപ്പൻ നിശ്ചയിക്കട്ടെ, താൻ ഒപ്പം നിൽക്കുമെന്നു മാത്രം.
ആ കാറിൽ തന്നെയാണ് അവർ ആശുപത്രിക്കടുത്ത് ബേവച്ചൻ താമസിക്കാനെടുത്ത റൂമിലേക്ക് പോയത്. സാധനങ്ങൾ എല്ലാം എടുത്ത് പണം കൊടുത്ത് ടാക്സിക്കാരനെ പറഞ്ഞയച്ചിട്ട് ബേവച്ചൻ എല്ലാവരോടുമായി സൂചിപ്പിച്ചു. ആവശ്യമില്ലാത്ത സംസാരവും ചോദ്യങ്ങളും ഒഴിവാക്കണം.നാട്ടിൽ പ്രത്യേകിച്ച്.
നാറ്റക്കേസാ.