വർണ്ണങ്ങൾ വൈരുദ്ധ്യങ്ങൾ , അദ്ധ്യായം 21 – ( മേരി അലക്സ് {മണിയ} )

Facebook
Twitter
WhatsApp
Email

അദ്ധ്യായം 21


പക്ഷെ എല്ലാവരുടേയും കണക്കു കൂട്ടലുകൾ തെറ്റി. അല്ല തെറ്റിച്ചുകൊണ്ട് ബേവച്ചൻ പോയതിന്റെ രണ്ടാം ദിവസം ഒരു കാർ വന്നു നിന്നു. അവൻ കൊടുത്തയച്ച ഒരു കത്തുമായി. എല്ലാവരേയും കൂട്ടിക്കൊണ്ടു ചെല്ലാൻ.സോളിയുടെ വീട്ടിൽ നിന്നാണൊ? ഡ്രൈവർ പുതിയ ആളാണ്? സാധാരണ വരുന്ന ആളല്ല. കാറും അതല്ല.എന്താണ്, എന്താണുണ്ടായത്, എന്താണ്‌ പറ്റിയത്? അവർ ഡ്രൈവറോട് ചോദിച്ചു. അയാൾക്ക് ഒന്നുമറിയില്ല.അവർ? അവർ ഡ്രൈവറോട് ചോദിച്ചു. അയാൾക്ക് ഒന്നുമറിയില്ല.അവർ പരസ്പരം ചോദിച്ചു. എന്തായിരിക്കും ഇങ്ങനെ ? കത്തിൽ ഉള്ളത് ഒന്നൊ രണ്ടൊ ദിവസത്തെ താമസത്തിനുള്ള കരുതൽ വേണമെന്നാണ്. എന്തായാലും പോവുക തന്നെ അവർ നാലു പേരും സോജു മോനെയും കൊണ്ട് രണ്ടു ദിവസത്തെ ആവശ്യത്തിനുള്ളതെല്ലാം ഒരു പെട്ടിയിൽ എടുത്ത് വീട് മറിയയേയും മകനേയും ഏൽപ്പിച്ച് പുറപ്പെട്ടു.
          ഇടയ്ക്കെവിടെയോ നിർത്തി ഒരു ഹോട്ടലിൽ കയറി. വേണ്ടെന്നു എല്ലാവരും ഒരുമിച്ചു പറഞ്ഞെങ്കിലും ഡ്രൈവറുടെ നിർബന്ധത്താൽ അല്പം കഴിച്ചെന്നു വരുത്തി.ബേവച്ചൻ പ്രത്യേകം പറഞ്ഞേൽപ്പിച്ചിട്ടു ണ്ടത്രെ,സ്ത്രീകൾ ഒപ്പമുള്ളതല്ലേ ദീർഘദൂരയാത്രയിൽ അവർക്ക് എന്തെങ്കിലും ആവശ്യങ്ങൾ ഉണ്ടാകുമല്ലോ അതിനാണ് കഴിക്കാനെന്നപേരിൽ ഹോട്ടലിൽ കയറ്റിയതെന്ന്. പിന്നെ ഒരു വിധം നല്ല സ്പീഡിൽ തന്നെ കാർ പൊയ്ക്കൊണ്ടിരുന്നു.
       കാർ ചെന്നു നിന്നത് കുറച്ചകലെ ഒരു വലിയ ആശുപത്രി കെട്ടിടത്തിന്റെ മുന്നിൽ. എന്താണ് സംഭവിച്ചത് ഒരെത്തും പിടിയുമില്ല. ഡ്രൈവർ പറഞ്ഞു
 ” സാധനങ്ങൾ ഇതിലിരിക്കട്ടെ. “
അയാൾ അവരേയും കൂട്ടി റിസപ്ഷനിലേക്കു ചെന്നു. അവിടിരുന്ന പെൺകുട്ടിയോട് എന്തൊക്കെയൊ പറഞ്ഞു. അവൾ ഒരു രജിസ്റ്റർ മറിച്ചു നോക്കി തിരിച്ചും എന്തോ പറഞ്ഞു ചൂണ്ടിക്കാട്ടി.അയാൾ അവരേയും വിളിച്ചു കൊണ്ട് എതിർദിശയിൽ കണ്ട സ്റ്റെയർകെയ്സ് ലക്ഷ്യമാക്കി നടന്നു. പക്ഷെ സ്റ്റെപ്പു കയറാതെ അതിനടുത്തുള്ള ഒരു ചെറിയ ചതുരക്കൂടിനകത്തേക്കാ ണയാൾ കയറിയത്. കൂടെ ബാക്കിയുള്ളവരേയും കയറ്റി, വാതിലടഞ്ഞു അതിനകത്തിരുന്ന ആളോട് ഒരു നമ്പർ പറഞ്ഞു. ആ ആൾ അതിനുള്ളിലെ ഒരു ബട്ടൺ അമർത്തി.നാട്ടുമ്പുറത്തുകാരായ അവർക്കത് പുതിയ ഒരനുഭവം തന്നെ ആയിരുന്നു. സോജുമോൻ ചോദിച്ചു
 “ഇതെന്താ നമ്മളീ കൂട്ടിൽ “
ബട്ടണമർത്തിയ ആൾ പറഞ്ഞു
 “ഇതാണു മോനെ ‘ലിഫ്റ്റ് ‘പടികൾ ചവുട്ടിക്കയറാതെ നമുക്ക് മുകളിലെത്താം”
സോജുമോൻ അന്തം വിട്ടു നിന്നു. ഒപ്പം മുതിർന്നവരും.
” ഇനിയുണ്ടു വേറെ ഒന്നാമത്തെ പടിയിൽ ചവിട്ടി നിന്നാൽ മതി അതു നമ്മളെ അടുത്ത നിലയിൽ എത്തിക്കും .വേറെ ചിലതൊണ്ട് നാലഞ്ചു പേരെ കേറ്റിയിരുത്തി ഒരു കമ്പി വഴി ഒറ്റ പറപ്പീര് അത് അങ്ങനെ പോയിപ്പോയി അങ്ങേ ത്തലക്കലൊ വെള്ളച്ചാട്ടത്തിനു മോളിൽ കൂടെ അങ്ങേ മലയിലൊ എത്തും.”സോജുമോൻ ഒരു കഥ കേൾക്കുന്ന ആകാംക്ഷയോടെ അയാൾ പറഞ്ഞത് കേട്ടു നിന്നു. മറ്റുള്ളവരും അങ്ങനെയാണറി ഞ്ഞത് തങ്ങൾ ഇപ്പോൾ നിൽക്കുന്നത് ലിഫ്റ്റിൽ ആണെന്നും വിദേശരാജ്യങ്ങളിലും എന്തിന് നമ്മുടെ തന്നെ വലിയ വലിയ പട്ടണങ്ങളിലും റെയിൽവേ സ്റ്റേഷനിലും എയർപോർട്ടിലും മറ്റു പല വിധ സംവിധാനങ്ങളും ഉണ്ടെന്നും. നാലഞ്ചു നില കടന്നുപോയി ആറ് എന്ന നമ്പർ കണ്ടപ്പോൾ അയാൾ പറഞ്ഞു ആറാം നിലയായെന്ന്. വാതിൽ തുറന്നു വന്നു. ഡ്രൈവർ സോജു മോനെയും കയ്ക്കൂ പിടിച്ച് പുറത്തേക്കിറങ്ങി. ഒപ്പം ബാക്കിയുളളവരും. സ്റ്റെപ്പു കയറാതെ മുകളിലത്തെ നിലയിൽ എത്തിയിരിക്കുന്നു . അവർ പരസ്പരം നോക്കി. അയാൾ മുന്നോട്ടു നടന്ന് ഒരു മുറിയുടെ വാതിലിൽ മുട്ടി. വാതിൽ തുറന്നത് ബേവച്ചനായിരുന്നു. മുറിക്കുള്ളിൽ ഒരു കട്ടിലിലും കസേരയിലുമായി നാലഞ്ചു പേരുണ്ട്.അതിൽ ഒന്നു രണ്ടു പേരെ എല്ലാവർക്കും മനസ്സിലായി സോളിയുടെ അമ്മയും സോളിയുടെ വീട്ടിൽ നിന്നു കൊണ്ടു വന്ന പെണ്ണം. ആരും ഒന്നും പറയുന്നില്ല ബേവച്ചൻ പോലും. ആർക്കും ഒന്നും മനസ്സിലായില്ല. ശോശാമ്മ സോളിയുടെ അമ്മയുടെ അടുത്തു ചെന്നു അവർ ശോശാമ്മയുടെ കയ്യിൽ പിടിച്ച് വിതുമ്പി. ആ സമയം മേരിമ്മ സിന്ധുവിന്റെ സമീപത്തു ചേർന്നു നിന്ന് വിവരങ്ങൾ അന്വേഷിക്കുക യായിരുന്നു. പക്ഷെ അവൾ ഒന്നും പറയാതെ മൗനമായി നിന്നു , മുറിയിൽ നിന്ന മറ്റുള്ളവരെ നോക്കിക്കൊണ്ട്. ബേവച്ചൻ വാതിൽ തുറന്നു കണ്ണു കൊണ്ട് ചേട്ടനേയും അപ്പനേയും ആംഗ്യം കാട്ടി. കോരച്ചനും ചാക്കോച്ചനും ബേവച്ചന്റ അടുത്തേക്കു ചെന്നു ,ബേവച്ചൻ അവരേയും കൂട്ടി ആ നിലയിൽ തന്നെ മറ്റൊരു ഭാഗത്തേക്കു നടന്നു. അവിടെ ഒരു മുറിയിൽ കട്ടിലുകൾ കിടക്കുന്നത് കണ്ണാടിച്ചില്ലിലൂടെ അവർ കണ്ടു.ഒരു കട്ടിലിൽ പരിക്ഷീണയായി സോളി കിടന്നിരുന്നു.സോളിയുടെ മുഖത്തും ദേഹത്തും ട്യൂബുകളൊ മറ്റെന്തൊക്കെയൊ ഉപകരണ
ങ്ങളോ പിടിപ്പിച്ചിരിക്കുന്നു. അടുത്തിരിക്കുന്ന സ്റ്റാന്റിൽ ഒരു കുപ്പി കമഴ്ത്തി തൂക്കിയിട്ടിരിക്കുന്നു അതിൽ നിന്ന് തുള്ളി തുള്ളിയായി എന്തോ ഒരു മരുന്ന് ട്യൂബുവഴി സോളിയുടെ ശരീരത്തിലേക്ക് കയറിക്കൊണ്ടിരിക്കുന്നു. ഭിത്തിയിൽ വച്ചിരിക്കുന്ന ഒരു കറുത്ത ബോർഡിൽ എന്തൊക്കെയൊ വരകൾ തെളിഞ്ഞു വരുന്നു. അടുത്തു നിലത്ത് വച്ചിരിക്കുന്ന ഒരു കുറ്റിയിൽ നിന്നും ട്യൂബിലൂടെ എന്തോ മുഖത്തു പിടിപ്പിച്ചിരിക്കുന്ന ഒരു പ്ലാസ്റ്റിക് ഉപകരണത്തിൽ കടത്തിവിട്ടു കൊണ്ടിരിക്കുന്നു .
“എന്താടാ എന്തു പറ്റിയിവൾക്ക്?” ചാക്കോച്ചൻ മകനോടു ചോദിച്ചു. ഒപ്പം കോരച്ചനും
 “എന്താ ബേവച്ചാ! ഈ കാണുന്നത് സോളിക്കെന്താ പറ്റിയത്.?”
 “നമുക്കിപ്പോൾ പോകാം അകത്തു കയറി കാണാൻ അവസരം തരും. അപ്പോൾ മാത്രം കാണാം , അതും അവർ പറയുന്ന അത്രയും ആൾക്കാർ മാത്രം . എല്ലാം വഴിയെ മനസ്സിലാകും”
    ബേവച്ചൻ കാര്യമൊന്നും പറയാതെ രണ്ടു പേരെയും കൂട്ടി തിരിച്ചു നടന്നു.

About The Author

Leave a Reply

Your email address will not be published. Required fields are marked *