LIMA WORLD LIBRARY

വർണ്ണങ്ങൾ വൈരുദ്ധ്യങ്ങൾ , അദ്ധ്യായം 23 – ( മേരി അലക്സ് {മണിയ} )

അദ്ധ്യായം 23

                   എല്ലാം ഒരു സ്വപ്നം പോലെ തോന്നിച്ചു. വിവാഹം കഴിഞ്ഞ് ഒരു വർഷം തികയുന്നതിനു മുൻപെ ഭാര്യ മരിക്കുക. അതും പ്രത്യേകമൊരു സാഹചര്യത്തിൽ. ഗർഭിണിയാകാതിരിക്കാൻ വർഷങ്ങൾക്കു മുമ്പ് ചെയ്ത ഒരോപ്പറേഷൻ. അതിന്റെ പ്രതിവിധിയായി പിന്നീടൊരോപ്പറേഷൻ അതിലുണ്ടായ പാളിച്ച.പുറത്തു പറയാൻ കൊള്ളാമൊ?ഇത് എങ്ങനെ നാട്ടുകാരുടെ മുന്നിലവതരിപ്പിക്കും? എല്ലാവരും ഹോട്ടൽ മുറിയിൽ ഒരുമിച്ചിരുന്ന് ആലോചിച്ചത് അതു മാത്രമായിരുന്നു. കുളിയും ഭക്ഷണവും ഒരു വിധത്തിൽ കഴിച്ചു എന്നു പറയുന്നതാവും ശരി. സോജുമോൻ മാത്രം മുറിയിലെ പതുപതുത്ത മെത്തയിൽ ഉറങ്ങി. ബാക്കിയുള്ളവർ ഒരോ വിധ ചിന്തയിലും ചർച്ചയിലുമായി നേരം വെളുപ്പിച്ചു.
ഗീതയുടെ വീട്ടിൽ പോയി മടങ്ങിയെത്തിയപ്പോൾ കാറിൽക്കയറി പോയ സോളി, ഇന്നു ആശുപത്രിയിൽ മരണത്തെ പുൽകാൻ കാത്തു കിടക്കുന്നു.ബേവച്ചന്റെ നിരന്തരമായ ചോദ്യശരങ്ങളിൽ നിന്ന് രക്ഷ നേടാൻ,അതോ ഭർത്താവിന്റെ ആഗ്രഹപൂര ണത്തിനോ? എന്തായാലും സിന്ധുവുമൊത്ത് ആലോചിച്ചു ചെയ്ത ഒരു പോംവഴി,ആരും അറിയാതെ നടത്താൻ എടുത്ത തീരുമാനം. അതീവിധത്തിലാണ് വന്നു ഭവിക്കുക എന്ന്‌ സോളിയോ സിന്ധുവോ ഓർത്തിട്ടുണ്ടാവില്ല. ആരും അറിയരുതെന്നു കരുതിയത് അറിയേണ്ടവരും അറിയണ്ടാത്തവരും അറിഞ്ഞുകഴിഞ്ഞെന്നും.
              ഒരിക്കൽക്കൂടി ആശുപത്രിയിലെത്തി സോളിയെക്കണ്ട്, ബേവച്ചൻ മാത്രം അവിടെ തങ്ങിയിട്ട് ബാക്കിയുള്ളവർ തലേന്നത്തെ കാറിൽത്തന്നെ തിരികെ പോകാനുള്ള ഏർപ്പാടുകൾ ചെയ്തു. പല കാര്യങ്ങളും ചെയ്തു തീർക്കേണ്ടതുണ്ട് , വീട്ടുകാര്യങ്ങളായും പള്ളിക്കാര്യങ്ങളായും . എന്തായാലും ഭാര്യയല്ലേ? ഒപ്പം ജീവിച്ച നാളുകൾ എത്ര കുറവായിരുന്നാലും തന്റെ
ഭാര്യാ പദവിയിൽ കൂട്ടി ചേർക്കപ്പെട്ടവളല്ലേ? അങ്ങനെയുള്ളപ്പോൾ അവിടത്തെ പള്ളിയുടെ സെമിത്തേരിയിലല്ലേ സംസ്‌ക്ക രിക്കേണ്ടത്? അതു വേണൊ, അടക്കം ഇവിടെത്തന്നെ ആ യാലൊ? ആകുന്നതല്ലേ നല്ലത് ? എന്നൊരു പക്ഷം . എന്തിനു നാട്ടുകാരെക്കൊണ്ട് അതുമിതും പറയിക്കണം? ചോദിപ്പിക്കണം?
അവിടെത്തന്നെ ആകുന്നതാണ് ശരി.അടുത്ത പക്ഷം. ആലോചിച്ചപ്പോൾ അതു തന്നെയാണ് വേണ്ടത് എന്ന് എല്ലാവർക്കും തോന്നി.
           പറഞ്ഞൊത്തതുപോലെ കോരച്ചനും കൂട്ടരും രാവിലെ തന്നെ ആശുപത്രിയിൽ എത്തി സോളിയെ അവസാനമായി ഒരു നോക്കു കണ്ട്,വന്ന കാറിൽ ത്തന്നെ തിരികെ പുറപ്പെട്ടു. കാറിൽ ഇരുന്ന് ആരുമാരും ഒന്നും മിണ്ടിയില്ല എല്ലാവരും അവരവരുടെ ചിന്താസരണിയിൽ വ്യാപൃതരായിരുന്നു. മോൻ മാത്രം പുറത്തെ കാഴ്ചകളും കണ്ട് പല പല സംശയങ്ങളും ചോദിച്ച് സമയം പോക്കി.
                ബേവച്ചന് അവിടെ തങ്ങാതെ പറ്റില്ലല്ലോ.കാര്യങ്ങൾ നോക്കി നടത്തി, ഏറ്റെടുക്കേണ്ട ആളല്ലേ? ഒരു സപ്പോർട്ടിനു പ്രഭാകരൻ കൂടി വേണമെന്ന് ബേവച്ചനു തോന്നിയതു കൊണ്ട് അറിയിച്ചതിൻ പ്രകാരം പ്രഭാകരൻ എത്തി ബേവച്ചന് താങ്ങായി നിന്നു സോളിയുടെ വീട്ടിൽ നിന്നും അപ്പനും വിശ്വസിക്കാൻ കൊള്ളാവുന്ന ചിലരുമായി എത്തിച്ചേർന്നു. ഡോക്ടർ കാണിച്ചു കൊടുത്ത കടലാസ്സുകളിൽ രണ്ടു പേരും ഒപ്പിട്ടു കൊടുത്തു. മറ്റു ചില പേപ്പറുകളിൽ,കൂടെ വന്നതിലൊരാളും. സോളിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റുവാനുള്ള സമ്മതപത്രവും സാക്ഷിപത്രവുമൊക്കെ ആയിരുന്നു അത്. ബേവച്ചൻ ഒരു മരപ്പാവ കണക്കെ അവരോടൊപ്പം ആ ആശുപത്രി വരാന്തയിൽ കഴിച്ചുകൂട്ടി. സോളിയുടെ അമ്മ മാത്രം അവിടെ നിന്നിട്ട് സിന്ധു ഉൾപ്പെടെ ബാക്കി എല്ലാവരും വീട്ടിലേക്കു പോയി.പിന്നെയെല്ലാം ധൃതഗതിയിലായിരുന്നു.
            ഒരു രാത്രി സ്വന്തം വീട്ടിൽ വച്ച് പള്ളിക്കാരും വീട്ടുകാരും എത്തി കാണേണ്ടവരെല്ലാം കണ്ട് പ്രാർത്ഥനകളും എത്തിച്ച് പിറ്റേന്ന് സോളിയുടെ മൃതദേഹം ബേവച്ചന്റെ വീട്ടിലേക്കും കൊണ്ടു വന്നു .അവിടെനിന്നും അത്യാവശ്യം ആൾക്കാരെ ഒപ്പം കൂടിയുള്ളു. ബേവച്ചന്റെ വീട്ടിലും അറിയിക്കേണ്ടവരെയെല്ലാം അറിയിച്ചു എത്തേണ്ടവരെല്ലാം എത്തുകയും ചെയ്തിരുന്നു. ആക്‌സിഡന്റ് ആണെന്നാണെല്ലാവരോടും പറഞ്ഞത്‌. പള്ളിക്കാര്യത്തിലും അങ്ങനെ തന്നെ. അറിയിച്ചതനുസരിച്ച് മൂന്നുമണിക്ക്‌ തന്നെ അച്ചനും ശുശ്രൂഷകനും എത്തി ശുശ്രൂഷകൾ ആരംഭിച്ചു, നാലുമണിയോടെ പള്ളിയിലേക്കും എടുത്തു. അടക്കവും കാര്യങ്ങളും മുറപോലെ നടന്നു. പലരും മുക്കത്ത് വിരൽ വച്ചു നിന്ന്‌ മൃതദേഹം സംസ്‌ക്കരിക്കുന്നത് കാണുന്നുണ്ടായിരുന്നു. ആരും ഒന്നും പറഞ്ഞില്ല. ചോദിച്ചുമില്ല. മരണവീടല്ലേ, മരണാനന്തര ച്ചടങ്ങുകളല്ലേ? അവിടെ സംസാരത്തിനോ ചോദ്യോത്തര ങ്ങൾക്കോ പ്രസക്തിയില്ലല്ലോ.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px