വർണ്ണങ്ങൾ വൈരുദ്ധ്യങ്ങൾ , അദ്ധ്യായം 20 – ( മേരി അലക്സ് {മണിയ} )

Facebook
Twitter
WhatsApp
Email
അദ്ധ്യായം 20

       മടങ്ങിച്ചെല്ലുമ്പോൾ ഒരു കാർ മുറ്റത്തു നിൽക്കുന്നതും സോളി പോകാനുള്ള ഒരുക്കത്തിൽ കാറിൽ കയറുന്നതും പിന്നാലെ ബാഗുമായി സിന്ധു കയറിയിരിക്കുന്നതും കണ്ടു. ഗീതയുടെ വീട്ടിലേക്കു പോകുമ്പോൾ സോളിയും ബേവച്ചനും അകത്തു ഒന്നും രണ്ടും പറഞ്ഞു ഉടക്കിന്റെ വക്കിൽ നിൽക്കുന്നതു കണ്ടിരുന്നു. അതിന്റെ പരിണിത ഫലമാണൊ ഈ യാത്ര. എന്തായാലും വഴിയെ അറിയാം .ചാക്കോച്ചനും ശോശാമ്മയും പൂമുഖത്തുണ്ട്.
ബേവച്ചൻ മുറിയിൽ നിന്ന് പുറത്തേക്ക് വന്നു പറഞ്ഞു.
“സോളി! ഇപ്പോൾ നീ എന്തിനു പോകുന്നു? അവർ പോയി വരട്ടെ.”
“രണ്ടു ദിവസത്തേക്കല്ലേ അവൾ വരുമ്പോൾ ഞാനും എത്താം”
” എത്ര ശ്രമിച്ചിട്ടും സോളി കാറിൽ നിന്നിറങ്ങിയില്ല.”
കാർ സ്റ്റാർട്ട് ചെയ്ത് കണ്ണിൽ നിന്നു മറഞ്ഞപ്പോൾ ശോശാമ്മ മേരിമ്മയോടായി പറഞ്ഞു
“ആ പെണ്ണിന്റെ അമ്മയ്ക്കു സുഖമില്ലെന്നു പറഞ്ഞ് കൂട്ടിക്കൊണ്ടു ചെല്ലാൻ കാറയച്ചതാണ്.”
 കാർ പതിവായി വരുന്നത് , ഡ്രൈവറും അങ്ങനെ തന്നെ.
“മേരിമ്മെ അവർ പോകുന്ന തിരക്കിൽ കാപ്പി കുടി നടന്നില്ല. “
ചാക്കോച്ചനാണതു പറഞ്ഞത്. മേരിമ്മക്ക് സന്തോഷമായി ,
അവൾ വേഗംഅടുക്കളയിലേക്കു കയറി. ഒരു പ്രത്യേക സ്വാതന്ത്ര്യം അനുഭവപ്പെട്ട പ്രതീതി ആയിരുന്നു മേരിമ്മക്ക് അന്നാ അടുക്കളയിൽ. പെട്ടെന്ന് കാപ്പി തിളപ്പിക്കാൻ വച്ചു.അവൽ എടുത്ത് തേങ്ങാ തിരുമ്മിയിട്ട് ശർക്കരയും അല്പം ചുക്കും ജീരകവും ചേർത്തു നനച്ചു. ഏലക്കയും കൂടി വേണ്ടിയിരുന്നു. അത് തീർന്നു പോയിരിക്കുന്നു. കാപ്പിയും അവൽ നനച്ചതും പഴവും മേശയിൽ നിരത്തി എല്ലാവരുമൊത്ത് കാപ്പി കുടിച്ചു. പഴയ രീതിയിലേക്ക് വീട് എത്തു കയാണോ എന്ന് ശോശാമ്മയും ചാക്കോച്ചനും ഒപ്പം ചിന്തിച്ച്
അൽപ്പം സന്തോഷിക്കുകയും ചെയ്തു.
            അത്താഴം കഴിഞ്ഞ് പാൽ മൂവർക്കുമായി എടുത്തു. രണ്ടു ഗ്ലാസ്സ് അവരുടെ മുറിയിലും ഒരു ഗ്ലാസ്സ് സോജു മോനും കൊടുത്തു. മേരിമ്മ പാത്രങ്ങളെല്ലാം കഴുകി വൃത്തിയാക്കി അടുക്കളയും തൂത്തുവാരി അകത്തേക്കു പോകാനൊരുങ്ങുമ്പോൾ ശോശാമ്മ ഗ്ലാസ്സുകളുമായി അടുക്കളയിൽ വന്നു.
” മേരിമ്മേ ഇന്ന് പാലിനൊരു പ്രത്യേകത കുറച്ചു ദിവസങ്ങളായി പാൽ കുടിക്കാൻ തോന്നാത്ത വിധം എന്തൊ അരുചി തോന്നുമായിരുന്നു.”
       അവൾ വിചാരിച്ചു ശോശാമ്മ തന്നെ കളിയാക്കിയതാണെന്ന് സോജു മോനു പാൽ കിട്ടാതായതിന്റെ പിറ്റേന്നു മുതൽ പാൽ കൂടുതൽ വാങ്ങുന്നുണ്ട്. അന്നു മുതൽ അവനുള്ളതു കൂടി സിന്ധു ആണ് എടുക്കാറ്. താൻ ഒന്നിലും കൈ കടത്താറില്ല. എടുത്തു വയ്ക്കുന്നത് താനെടുത്തു കൊടുക്കുമെന്നു മാത്രം. പക്ഷെ ഒരു ദിവസം അത്താഴം കഴിഞ്ഞ് എന്തൊ ആവശ്യത്തിന് താനാവഴി കടന്നുപോകുമ്പോൾ കേട്ട സംഭാഷണം, സോളിയും സിന്ധുവും തമ്മിൽ.
“ആർക്കും മനസ്സിലായിട്ടില്ല. നീ ഒഴിച്ചോ സിന്ധു !എല്ലാവരും കുടിച്ച് നല്ല ആരോഗ്യം വക്കട്ടെ.എനിക്കുള്ളതിങ്ങു മാറ്റിയിട്ട്.”
എന്ത് എന്തിലൊഴിക്കുന്ന കാര്യമാണെന്ന് മനസ്സിലായില്ല. ഇപ്പോൾ അമ്മ പറഞ്ഞതും ആ സംഭാഷണവും തമ്മിൽ കൂട്ടിയിണക്കി നോക്കിയപ്പോൾ എന്തോ പാലിൽ ഒഴിക്കുന്ന കാര്യമല്ലേ എന്നു ചിന്തിച്ചു പോകയാണ്. അല്ലെങ്കിൽ പിന്നെ എനിക്കുള്ളത് മാറ്റിയിട്ട് എന്ന് പറയേണ്ടതുണ്ടൊ? എന്തായാലും രണ്ടു പേരും തിരികെ വരട്ടെ ഒന്നു ശ്രദ്ധിച്ചു കളയാം.
. . രണ്ടു ദിവസം കഴിഞ്ഞു വരുമെന്നു പറഞ്ഞു പോയവർ രണ്ടാഴ്ച കഴിഞ്ഞിട്ടും എത്തിയില്ല. ശോശാമ്മക്ക് എന്തൊ പന്തികേടു പോലെ. അവർ ഒന്നു രണ്ടു വട്ടം ചാക്കോച്ചനോടും പിന്നെ മകനോടും സൂചിപ്പിച്ചു. ബേവച്ചന് പ്രത്യേകിച്ചൊന്നും തോന്നിയില്ല. വരുമ്പോൾ വരട്ടെ എന്ന ഭാവം. അമ്മക്കെന്താ ഇപ്പോൾ ഉള്ള സ്വശ്ചതയും സമാധാനവും വീണ്ടും പണ്ടത്തെപ്പോലെ ആയിക്കാണാഞ്ഞിട്ടാണൊ?അവൻ പഴയ പടി ഓഫീസിൽ പോകയും വരികയും ചെയ്തു കൊണ്ടിരുന്നു. മേരിമ്മ അനുജന് വേണ്ടതു വേണ്ട പോലെ ചെയ്തും കൊടുത്ത്.
           കുഞ്ഞന്നാമ്മയുടെ ആദ്യ ശബളത്തിന്റെ പങ്കു കോരച്ചന്റെ പേരിൽ വന്നു. ബേവച്ചന്റെ തെങ്ങിൻ തോപ്പിലെ തേങ്ങ എടുത്തു വിറ്റു കിട്ടിയതിന്റെ ഇരട്ടിയുണ്ടായിരുന്നു അത്. അന്നു തന്നെ തേങ്ങ വിറ്റ പണം ബേവച്ചന്റെ കയ്യിൽ കൊടുത്തു . ബേവച്ചൻ ഓർത്തു സ്ത്രീധനം കിട്ടിയ പണത്തെക്കുറിച്ച് സോളി ചേടത്തിയോട് എന്തോ പറഞ്ഞതിന്റെ പരിണിത ഫലം . താനങ്ങനെ ഒരു സംഭവം അറിഞ്ഞിട്ടു പോലുമില്ല. എന്നിട്ടും ചേട്ടൻ ഒരു തെങ്ങിൻ തോപ്പ് തന്റെ പേരിൽ വാങ്ങിയിട്ടു. ഇപ്പോഴിതാ തേങ്ങയുടെ വിലയും തന്നിരിക്കുന്നു.എല്ലാം ആ മനസ്സിന്റെ നന്മ എന്നല്ലാതെ എന്തു പറയാൻ അല്ലെങ്കിൽ ആ പണം തനിക്കു തിരിച്ചു തരണമെന്നുണ്ടൊ?
      കുറച്ച് പണം കയ്യിൽ കിട്ടിയപ്പോൾ ബേവച്ചൻ രണ്ടാഴ്ച അവധി എടുത്തു.
ബാഗിൽ ഒരു യാത്ര പോകാനുള്ളതൊക്കെ എടുത്തു വച്ചു. മകന്റെ മട്ടും ഭാവവും കണ്ട്
വീട്ടിലെല്ലാവരും ചിന്തിച്ചു. പോയവർ വന്നു കൊള്ളുമെന്നു പറഞ്ഞെങ്കിലും ഭാര്യയല്ലേ? അന്വേഷിക്കാനുള്ള ഒരുക്കം തന്നെ. അന്വേഷിക്കട്ടെ. എല്ലാവർക്കും സന്തോഷമായി. ബേവച്ചനിൽ കണ്ട മാറ്റത്തിനും അവർ ദൈവത്തിനു നന്ദി പറഞ്ഞു.

About The Author

Leave a Reply

Your email address will not be published. Required fields are marked *