അദ്ധ്യായം 19
ഗീത പ്രസവിച്ചു. മിടുക്കനൊരാൺകുട്ടി. പ്രസവത്തിനു മുൻപും പിൻപുമായാണ് അവധി. കുഞ്ഞിനായി അതു പരമാവധി ലഭിക്കട്ടെ എന്ന കരുതലിൽ പോകാവുന്നിടത്തോളം ഗീത ജോലിക്കു പോയിരുന്നു. പ്രഭാകരൻ പ്രസവസമയത്തും പിന്നീട് ആഴ്ചയിൽ രണ്ടും മൂന്നും ദിവസവും ഗീതയുടെ വീട്ടിൽ പോയി കുഞ്ഞിനെ കാണുകയും ക്ഷേമമന്വേഷിച്ച് വേണ്ടതു ചെയ്യുകയും ചെയ്തുപോന്നു.
ഇരുപത്തെട്ടു കെട്ട് നല്ലൊരു ചടങ്ങായി തന്നെ വീട്ടുകാർ നടത്തി. നാണിയമ്മക്കു നിർബന്ധം തളയും അരഞ്ഞാണവും സമ്മാനമായി നൽകണം. അതും രണ്ടു പവന്റെ അരഞ്ഞാണവും ഓരോ പവന്റെ തളയും. എല്ലാം തന്റെ കയ്യിൽ നിന്നു വേണം, അമ്മ പറഞ്ഞ കണക്കിൽ നല്ലൊരു തുക ചെല വാകും.ടാക്സി പിടിക്കണം പത്തു പതിനഞ്ചു പേരെങ്കിലും പോയി വരാൻ. എല്ലാറ്റിനും തന്റെ പോക്കറ്റിൽ നിന്ന്. തൽക്കാലം ഒന്നര പവന്റെ അരഞ്ഞാണം
മതി എന്ന നിഗമനത്തിൽ പ്രഭാകരനുറച്ചു നിന്നു. കാൽത്തള നടന്നു തുടങ്ങുമ്പോൾ ഇട്ടു കൊടുക്കാം എന്ന വാക്കും അമ്മയ്ക്ക് കൊടുത്ത്.
ചടങ്ങുകൾ ഭംഗിയായി നടന്നു.കുട്ടൻ നായരും നാണിയമ്മയും പ്രഭാകരനും സൗദാമിനിയും കുടുംബവും മറ്റു ചിലരും മാത്രമാണ് പോയത് . ഉമയമ്മയെ എത്ര വിളിച്ചിട്ടും കൂട്ടാക്കിയില്ല വീട്ടിലെത്തുമ്പോൾ കുഞ്ഞിനെ കണ്ടു കൊള്ളാമെന്ന്. അങ്ങനെ അങ്ങോട്ടു ചെന്നു കാണുന്നില്ലെന്ന്.കാലായിക്കാരെ പ്രഭാകരൻ കൂടെ ചെല്ലാൻ ക്ഷണിച്ചെങ്കിലും .അവിടെ നിന്ന് പിന്നീട് പൊയ്ക്കൊള്ളാമെന്ന് ബേവച്ചനും കോരച്ചനും പറഞ്ഞൊഴിഞ്ഞു. ചടങ്ങിനു ചെല്ലേണ്ടവർ വീട്ടുകാരല്ലേ, അവർ പോകട്ടെ. അതാണല്ലൊ നല്ലത്.
പ്രസവാവധി കഴിയാറായിട്ടും പ്രഭാകരൻ ഗീതയേയും കുഞ്ഞിനേയും വീട്ടിലേക്കു കൂട്ടിക്കൊണ്ടു വന്നില്ല. ഉമയമ്മയോടുള്ള കോപ മായിരുന്നു ഉള്ളിൽ നിറയെ. അതു മാത്രമല്ല അവധി തീർന്നാൽ സ്വന്തം വീട്ടിൽ കുഞ്ഞിനെ ആക്കിയിട്ട് പോകുന്നതിനോടു പ്രഭാകരന് യോജിപ്പും ഉണ്ടായിരുന്നില്ല. ഗീതയുടെ അമ്മയോടൊപ്പം നിർത്തി ജോലിക്കു പോകാം എന്ന തീരുമാനത്തിൽ പ്രഭാകരൻ ഉറച്ചു നിന്നു. അവിടെയാകു മ്പോൾ അനുജത്തിയും അനുജനും ഉണ്ട്. തന്നെയല്ല ഗീതക്ക് സ്വന്തം വീടിന്നടുത്തുളള ഓഫീസിലേക്ക് ട്രാൻസ്ഫർ വാങ്ങാനുള്ള ശ്രമവും പ്രഭാകരൻ തുടങ്ങിവച്ചിരുന്നു .
സ്വന്തം കുഞ്ഞിനെ കണ്ടും ലാളിച്ചും ഇരിക്കുന്ന പ്രഭാകരന് കൂട്ടുകാരനോട് ഒന്നു മാത്രമേ പറയാനുണ്ടായിരുന്നുള്ളു. ആ വീട്ടിലും ആണായാലും പെണ്ണായാലും ഒരു കുഞ്ഞിന്റ സാന്നിദ്ധ്യം എത്രയും വേഗം
ഉണ്ടാക്കുക. സ്വന്തമായി ഒരു കുഞ്ഞാകുമ്പോൾ സോളിയുടെ അലസതയും വിരസതയും മാറിക്കൊള്ളും. അതിനെ താലോലിച്ചും താരാട്ടിയും സമയം പോകയും ചെയ്യും. സ്വന്തം വീടിന്റെയും ജീവിച്ചു വന്ന രീതിയുടേയും ചുറ്റുപാടിൽ നിന്ന് പറിച്ചു നട്ട ഒരു പെണ്ണാണ്, പുതിയ അന്തരീക്ഷവുമായി ഇണങ്ങി വരാൻ അല്പം സമയം എടുക്കും. അതിന് ഇതേ ഒരു മാർഗ്ഗമുള്ളു. ബേവച്ചന്റെ മനസ്സിൽ ഈ ചിന്താഗതികൾ കൂടുതൽ കൂടുതലായി കടന്നു വന്ന് അവനെ അലട്ടിക്കൊണ്ടിരുന്നു. ഒരിക്കൽ അത് സോളിയോട് സംശയ രൂപേണ ചോദിക്കുകയും ചെയ്തു. എല്ലാ മാസത്തിലും അവൾ പതിവു പോലെ രണ്ടു മൂന്നു ദിവസം അകന്നു കിടക്കുകയും അല്ലാത്ത ദിവസങ്ങളിൽ അവനെ ഉറുപ്പടക്കം വരിഞ്ഞു മുറുക്കുകയും ചെയ്തിരുന്നു. എന്നിട്ടും എന്തുകൊണ്ട്?
“നമുക്കൊരു ഡോക്ടറെ കണ്ടാലൊ?”
“എന്തിനിത്ര ധൃതി? മുനിത്വമൊക്കെ മാറിയപ്പോ എല്ലാറ്റിനും ധൃതിയായൊ?”
പാതി കളിയാക്കിയും പാതി കാര്യമായും അവളുടെ മറുപടി. ആദ്യരാത്രിയും അതിനടുത്ത രാത്രികളിലും കാട്ടിയ അകൽച്ചയുടെ തിരിച്ചടി. എങ്കിലും താൻ ഇന്നൊരു ഉത്തമ ഭർത്താവു തന്നെ എന്നവൻ വിശ്വസിക്കുന്നു. ഇനി ഒരു കുട്ടി കൂടി ആയാലെ കുടുംബം പൂർണ്ണമാകൂ. പക്ഷെ ഇത്രയും മാസങ്ങൾ ആയിട്ടും……….
ആലോചിച്ചപ്പോൾ ഒരുമിച്ചു പഠിച്ച തോമസ് രാജനെക്കുറിച്ചോർത്തു. അവന് മെഡിസിന് അഡ്മിഷൻ കിട്ടിയിരുന്നു. അഞ്ചെട്ടു വർഷം കഴിഞ്ഞില്ലേ. ഇപ്പോൾ എവിടെ ആണെന്ന് ഒരു അറിവുമില്ല.
കോരച്ചനും മേരിമ്മയും സോജൂ മോനെയും കൂട്ടി ഗീതയുടെ വീട്ടിൽ പോയി കുഞ്ഞിനെ കാണാൻ. ബേവച്ചനും ഒരുമിച്ചു പോകാമെന്നു കരുതി ഭാര്യയെ വിളിച്ചെങ്കിലും അവൾ അതിന് ഒരു താൽപര്യവും കാണിച്ചില്ല. അതിനാൽ ബേവച്ചൻ തന്റെ പോക്ക് പിന്നൊരിക്കലേക്കാക്കി. കോരച്ചൻ കുഞ്ഞിനെ കാണാൻ നല്ല ഒരു ജോഡി കാൽത്തളയും വാങ്ങിയാണ് പോയത്.ആ വീട്ടിലെ സർവകാര്യങ്ങളും അറിഞ്ഞുകൊണ്ടാണല്ലോ ഈ വീട്ടുകാർ ഇരിക്കുന്നത്. അവിടുള്ളവർ ഇവിടത്തെയും. ഇരുപത്തെട്ടു കെട്ടിന് പ്രഭാകരൻ മന:പ്പൂർവം വാങ്ങാഞ്ഞത് മനസ്സറിഞ്ഞു വാങ്ങി ആ നല്ല അയൽക്കാരൻ.
മേരിമ്മക്കും ഗീതക്കും അന്നത്തെ കൂടിക്കാഴ്ച വളരെ സന്തോഷം നിറഞ്ഞതായിരുന്നു. ചിരകാലസുഹൃത്തുക്കളെപ്പോലെഒരേ രക്തത്തിൽ പിറന്ന സഹോദരങ്ങളെപ്പോലെ അവർ വളരെ നേരം സംസാരിച്ചിരുന്നു. കോരച്ചൻ അപ്പോഴവിടെ ഉണ്ടായിരുന്ന പ്രഭാകരനുമായി അവരുടെ വീടും പരിസരവും നോക്കിക്കാണുകയായിരുന്നു. ഗീതയുടെ അമ്മ അടുക്കളയിൽ വിരുന്നുകാർക്കായി കാപ്പി സൽക്കാരത്തിന് വട്ടം കൂട്ടുകയും, ഗീതയുടെ അച്ഛൻ അവരെ സഹായിച്ചു കൊണ്ട് അടുത്തും. സോജുമോൻ ഇടയ്ക്കിടെ കടന്നുവന്ന് കുഞ്ഞിന്റെ കയ്യിലും മുഖത്തും ഒക്കെ തൊട്ട് അവന്റെ ഉള്ളിലുള്ള ഇഷ്ടം പ്രകടിപ്പിച്ചു കൊണ്ടിരുന്നു.ഗീതയുടെ ഇളയവർ സ്കൂളിൽ ആയിരുന്നതുകൊണ്ട് അവന് അവിടെ കളിക്കൂട്ടരും ഇല്ലാതെ പോയി.
പ്രഭാകരൻ രണ്ടു മൂന്നു പ്രാവശ്യം ബേവച്ചൻ എന്താണു വരാത്തതെന്ന് അന്വേഷിച്ചു . കോരച്ചൻ അവർ പിന്നീട് ആകട്ടെ എന്നു പറഞ്ഞു എന്ന് ഒഴികഴിവു പറഞ്ഞ് ആ സംഭാഷണം അവസാനിപ്പിച്ചു. പക്ഷേ അകത്തും ഈ വിഷയം തന്നെയായിരുന്നു ചർച്ച.മേരിമ്മ ഉണ്ടായ കാര്യം ഉണ്ടായ പോലെ പറഞ്ഞു ഗീതയെ മനസ്സിലാക്കി. അല്ലെങ്കിലും താനെന്തിന് സോളിയെ പിൻതാങ്ങി പറയണം. തന്നോടുളള അവളുടെ പെരുമാറ്റവും സംസാരവും അത്തരത്തിൽ ആണല്ലൊ അനുദിനം ഉണ്ടായിക്കൊണ്ടിരിക്കുന്നത്.