അധ്യായം-8
ഗോപാലന്‍
കൊടുംതണുപ്പു നിറഞ്ഞ ദിവസവും ഗോപാലന്‍ പുലര്‍ച്ചെ അഞ്ചുമണിക്കുതന്നെ ഉണരും. രാവിലെ എഴുന്നേറ്റു ശുദ്ധവായു ശ്വസിച്ചില്ലെങ്കില്‍ ആ ദിവസം പോക്കാണെന്നാണ് അയാളുടെ വിശ്വാസം. ജീവിതത്തിന്‍റെ അടക്കുംചിട്ടയുമാണ് ഇത്രയും കാലം തന്നെ നിലനിര്‍ത്തുന്നതെന്നും അയാള്‍ക്കറിയാം. പത്തുപൈസ കൈവിട്ടു ചെലവാക്കാത്തതുപോലെ തന്‍റെ ചിട്ടകളിലും കടുംപിടുത്തക്കാരനാണ് ഗോപാലന്‍. വയസ് എഴുപത്തിനാലു കഴിഞ്ഞെങ്കിലും അയാളുടെ ശീലങ്ങളില്‍ അണുവിട വ്യത്യാസമില്ല. പ്രായത്തിന്‍റെ അസ്കിതകള്‍ ശരീരത്തെ ബാധിക്കാതിരുന്നിട്ടില്ല. നെഞ്ചില്‍ കുറുകുന്ന കഫക്കെട്ടിന്‍റെയും ചുമയുടേയും അടയാളങ്ങള്‍ മുറുക്കാന്‍ ചുവപ്പുമായിചേര്‍ന്നു മുറ്റത്തു കാണാം. ഇടയ്ക്കിടെ കനത്തുവരുന്ന ശ്വാസംമുട്ടലും കഷ്ടപ്പെടുത്തുന്നുണ്ട്.
തന്‍റെ അപ്പന്‍ വാങ്ങിയ കല്ലും കാടും നിറഞ്ഞ ഒരേക്കര്‍ പറമ്പില്‍ നിന്നാണ് ഗോപാലന്‍ ഇത്രയും ഉണ്ടാക്കിയത്. നാലഞ്ചേക്കര്‍ തോട്ടത്തില്‍ നല്ല പാലൊഴുക്കുമായി മരങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട് അയാളുടെ തോട്ടത്തില്‍. ഗോപാലന്‍റെ പന്ത്രണ്ടാം വയസിലാണ് അപ്പന്‍ ഇവിടെ താമസമാക്കുന്നത്. സ്വന്തം നാട്ടില്‍നിന്നും കിട്ടിയതെല്ലാം വിറ്റുപെറുക്കി അപ്പന്‍ ഇവിടെ കുറച്ചു സ്ഥലം വാങ്ങി ജീവിതം പച്ചപിടിപ്പിക്കാന്‍ തുടങ്ങുമ്പോള്‍, പന്ത്രണ്ടാം വയസില്‍ അപ്പനൊപ്പം തൂമ്പയെടുത്തു വിയര്‍ത്തതില്‍ പിന്നെ അയാള്‍ ആ മണ്ണിനെക്കുറിച്ചും പണത്തെക്കുറിച്ചുമല്ലാതെ മറ്റൊന്നും ചിന്തിച്ചില്ല. തന്‍റെ പതിനഞ്ചാം വയസില്‍ അപ്പനെ കല്ലുപാറ കുന്നിന്നപ്പുറത്തെ ചുടുകാട്ടിലേക്കെടുക്കുമ്പോള്‍ കിളിര്‍ത്തുവരുന്ന റബര്‍ തയ്കള്‍ മാത്രമെ അയാള്‍ക്കുമുന്നില്‍ ഉണ്ടായിരുന്നുള്ളൂ. വസൂരി വന്ന് അമ്മ നാരായണിയും കുഴികുത്തി മുടപ്പെട്ടപ്പോള്‍ പിന്നെ ഒറ്റയ്ക്കായിരുന്നു അയാള്‍ ആ മണ്ണിനെ പൊന്നാക്കിയത്. കൂട്ടിനു ഒരാള്‍ വേണമെന്നു തോന്നിയപ്പോള്‍ ശാരദയെ കെട്ടി.
കാശിന്‍റെ കാര്യത്തില്‍ ഇങ്ങനെയൊരു മനുഷ്യനെ കാണാനാവില്ലെന്നു ഭാര്യ ശാരദ എപ്പോഴും പറയുമായിരുന്നു. ശരിയാണ് അക്കാര്യത്തില്‍ അറുത്ത കൈക്ക് ഉപ്പുതേയ്ക്കാത്തവനാണ് ഗോപാലന്‍. പന്ത്രണ്ടുവര്‍ഷങ്ങള്‍ക്കു മുന്‍പ് ശാരദയ്ക്കു ഹൃദയത്തിലെ തടസത്തിനു ഓപ്പറേഷന്‍ പോലും വേണ്ട എന്നു തീരുമാനിച്ചയാള്‍. അതു മരുന്നുകൊണ്ടു മാറും എന്ന് ആ പാവത്തിനെ വിശ്വസിപ്പിച്ചു. കഷ്ടിച്ചു ഒരു വര്‍ഷം കൂടി ജീവിച്ചു ശാരദ. തനിക്കാണ് ആ രോഗമുള്ളതെങ്കിലും അയാള്‍ അങ്ങിനെ തന്നെ ചെയ്യുമായിരുന്നുള്ളൂ. ഇപ്പോഴും ശ്വാസംമുട്ടലിനും ചുമയ്ക്കും മരുന്ന് അങ്ങാടിയിലെ കേശുവൈദ്യന്‍റെ കഷായം മാത്രമാണ്. വൈദ്യന്‍ പറഞ്ഞിട്ടുപോലും ആശുപത്രിയില്‍ പോകാന്‍ അയാള്‍ തയാറായിരുന്നില്ല.
മക്കളുടെ കാര്യത്തിലും അയാള്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറായിരുന്നില്ല. തലയ്ക്കൊപ്പമായപ്പോഴും മക്കളെ രണ്ടുപേരെയും ഒരു കാര്യത്തിലും ഗോപാലന്‍ വകവച്ചില്ല. അവര്‍ക്കവരുടെ വഴി തനിക്കു തന്‍റെ വഴി. കഷ്ടപ്പെട്ടുണ്ടാക്കിയതെല്ലാം മക്കള്‍ നശിപ്പിച്ചു കളയും എന്നൊരു വിശ്വാസം എങ്ങിനെയൊ അയാളുടെ മനസില്‍ കൊരുത്തുപോയിരുന്നു. മാമ്പൂവും മക്കളേയും കണ്ട് മദിക്കരുതെന്നു അയാള്‍ എപ്പോഴും പറയും. തനിക്കു മക്കളുടെ ഔദാര്യവും മക്കള്‍ക്കു തന്‍റെ ഔദാര്യവും വേണ്ട എന്ന പക്ഷക്കാരനായിരുന്നു ഒരുകാലത്ത് അയാള്‍. ഇന്ന് പ്രായമേറെയായിയെങ്കിലും അതിനൊന്നും മനസില്‍ വലിയ മാറ്റം അയാള്‍ വരുത്തിയിട്ടില്ല. എന്നാല്‍ ശരീരത്തിന്‍റെ ഏനക്കേടുകൊണ്ട് ചില വിട്ടുവീഴ്ചകള്‍ ചെയ്യുന്നു എന്നുമാത്രം. ഇനി തഞ്ചത്തില്‍ നിന്നില്ലെങ്കില്‍ ഒന്നു വീണു പോയാല്‍ ഒരു പട്ടിച്ചാത്തനും തിരിഞ്ഞു നോക്കില്ലെന്നു അയാള്‍ക്കു നല്ലപോലെ അറിയാം.
രണ്ടുമക്കളേയും നന്നായി പണിയെടുപ്പിച്ചുതന്നെയാണ് അയാള്‍ വളര്‍ത്തിയത്. കൂടുതലായി പഠിച്ച് കളക്റ്ററാകേണ്ട എന്ന് അയാള്‍ മക്കളോട് എപ്പോഴും പറയുമായിരുന്നു. മുത്തമകന്‍ രാജന്‍ ചെറിയ ബിസിനസൊക്കെയായി പ്രേമിച്ചു കല്യാണമൊക്കെ കഴിച്ചു കരുനാഗപ്പള്ളിയില്‍ സ്ഥിരതാമസമാക്കിയിരുന്നു. തലതെറിച്ചവനാകും എന്നു കരുതിയിരുന്നത് മോഹനാണ്.
പണിയെടുക്കാതെ ലോകം ചുറ്റിനടക്കുന്നതിലായിരുന്നു അവനു കമ്പം. പഠിക്കാനെന്നും പറഞ്ഞ് കാശുചോദിച്ചപ്പോള്‍ ഒരിക്കല്‍ വീട്ടില്‍നിന്നും ഇറക്കിവിടുകകൂടി ചെയ്തു ഗോപാലന്‍. പിന്നെ വീട്ടില്‍ കയറിവരുന്നത് വല്ലപ്പോഴുമായിരുന്നു. അന്നു പലപ്പോഴും റബര്‍ഷീറ്റുകള്‍ മോഷണം പോകുന്നതിനു പിന്നില്‍ മോഹന്‍ തന്നെയാണെന്നു കണ്ടുപിടിച്ചപ്പോള്‍ പൊലീസില്‍ പരാതി നല്‍കാനും അയാള്‍ മടിച്ചില്ല. പരാതിക്കാരന്‍റെ മകന്‍ തന്നെയാണു പ്രതിയെന്നു മനസിലാക്കാതെ നന്നായി പെരുമാറിയ പൊലീസുകാര്‍ തന്നെയാണ് കാര്യങ്ങള്‍ അറിഞ്ഞപ്പോള്‍ പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടത്.
പിന്നീട് അമേരിക്കയില്‍ പോകുന്നു എന്ന് പറഞ്ഞ് പോയ ആള്‍ തിരിച്ചുവന്നത് യോഗ്യനായിട്ടായിരുന്നു. പത്തു കാശു മോഹന്‍റെ കയ്യില്‍ വന്നപ്പോള്‍ അവനോടുള്ള അയാളുടെ ഇടപെടലിനും മാറ്റമുണ്ടായി. മകനായാലും തോളൊപ്പമെത്തിയാല്‍ മാനിക്കണമല്ലോ. അവനും തിരിച്ചു അങ്ങിനെ തന്നെയായിരുന്നു. തന്നോടുള്ള അവന്‍റെ രീതികള്‍ക്കും മാറ്റമുള്ളതായി അയാള്‍ക്കു തോന്നി. എന്നാല്‍ ആവശ്യമില്ലാതെ അവന്‍റെ കാര്യത്തില്‍ ഇടപെടാനുള്ള അവകാശം ഇല്ലെന്ന തോന്നല്‍ അയാളുടെ മനസില്‍ എപ്പോഴുമുണ്ടായിരുന്നു. അതു കൊണ്ടാണ് എന്തോ അസുഖമുള്ള പെണ്ണിനെ കെട്ടിയപ്പോള്‍ തിരിച്ചൊന്നും പറയാനില്ലാതെ പോയത് അതുകൊണ്ടാണ്. അച്ഛനെന്ന സ്ഥാനം വെറും പെരുമാറ്റത്തില്‍ മാത്രമാണോ എന്ന സംശയവും അയാള്‍ക്കിപ്പോഴുണ്ട്.
എന്തായാലും, ആരോടുള്ള വാശിയായാലും അവനിപ്പോ നല്ല നിലയിലായി. അപ്പന്‍ തല്ലിയതുകൊണ്ട് ഗുണമുണ്ടായി എന്നാണ് നാലു ആളുകൂടുന്നിടത്ത് ഗോപാലന്‍റെ പക്ഷം. ഇന്നിപ്പോള്‍ അമേരിക്കക്കാരന്‍ മകന്‍റെ അപ്പനെന്ന പത്രാസും ഗോപാലനുണ്ട്. രണ്ടു ദിവസത്തിനകം അവനും കുടുംബവും വരുമെന്നു ഫോണുണ്ടായിരുന്നു. എത്ര കാലത്തേക്കാണോ ആവോ.
കരുന്നാഗപ്പള്ളിയില്‍ താമസിച്ചിരുന്ന രാജന്‍ സുനാമിയില്‍പ്പെട്ടാണ് മരിച്ചത്. കടപ്പുറത്ത് കൂട്ടുകാരുമൊത്ത് ഇരിക്കുകയായിരുന്നു രാജനെ അപ്രതീക്ഷിതമായി ഉയര്‍ന്നടിച്ച തിരമാലകള്‍ മരണത്തിലേക്കു കൂട്ടിക്കൊണ്ടു പോയി. മരണാനന്തരം മരുമകള്‍ സരളയേയും മകനേയും ഗോപാലന്‍ വീട്ടിലേക്കു കൊണ്ടുവരികയായിരുന്നു. അവര്‍ വീട്ടില്‍ താമസിച്ചാല്‍ ചെലവു കൂടുമെങ്കിലും വീട്ടിലെ കാര്യങ്ങള്‍ക്കു സഹായവുമാകും എന്നുള്ള വിചാരമാണ് അയാളെ അതിനു പ്രേരിപ്പിച്ചത്. അമേരിക്കയില്‍നിന്നും മോഹനും കുടുംബവുമാകട്ടെ അടുത്തെങ്ങും നാട്ടിലേക്കു സ്ഥിരമായി തിരിച്ചുവരില്ല താനും. ഇനി തനിക്കു വല്ലതും പറ്റി കിടപ്പിലായാല്‍ മരുന്നെടുത്തു തരാനെങ്കിലും ആരെങ്കിലും വേണ്ടേ?
സരളേ ഇച്ചിരി ചായവെള്ളമെടുത്തേ- അയാള്‍ ഉറക്കെ വിളിച്ചു പറഞ്ഞു. അടുക്കളയില്‍ നിന്നും സരള അയാളുടെ വിളി കേട്ടുവോ ആവോ. ചായ ഇപ്പോള്‍ വരുമെന്ന പ്രതീക്ഷയില്‍ അയാള്‍ അകത്തേക്കു നോക്കി. ഇനിയിപ്പോ തൊഴുത്തിലായിരിക്കുമോ അവള്‍. ഒരാവശ്യത്തിനും വേണ്ട സമയത്ത് അവളെ വിളിച്ചാല്‍ ഉണ്ടാകില്ല. അയാള്‍ ദേഷ്യത്താല്‍ പല്ലു ഞെരിച്ചു. ആദ്യം ഒരു കപ്പു ചായ അയാള്‍ കുടിച്ചതാണ്. തോട്ടത്തിലേക്കു പണിക്കാര്‍ പോയിക്കഴിഞ്ഞു. രവി വന്നിട്ടുവേണം തനിക്കും തോട്ടത്തിലേക്കിറങ്ങാന്‍.
കണ്ണിനു നേരിയ മങ്ങലുണ്ട്. പഴയതുപോലെ കാര്യങ്ങളൊന്നും ഓടിനടന്നു ചെയ്യാനാകുന്നില്ല. പണിക്കാരെയൊക്കെ വേണ്ടപോലെ നോക്കാനും ഷീറ്റടിക്കാനുമായാണ് രവിയെ നിര്‍ത്തിയിരിക്കുന്നത്. എന്നിട്ടെന്താ കാര്യം അവന്‍ വരുമ്പോഴേക്കും സൂര്യന്‍ തലയ്ക്കു നേരെയായിട്ടുണ്ടാകും. വിശ്വസിച്ചു ആരേയും ഒരു കാര്യം ഏല്‍പ്പിക്കാനാവാത്ത കാലമാണ്. ഇവനെപ്പോലെ ഒരുത്തനെയെങ്കിലും കിട്ടിയത് നന്നായി എന്നു കരുതുകതന്നെ.
കിഴക്ക് വെളുപ്പ് തെളിഞ്ഞിരിക്കുന്നു. ഗോപാലനു വല്ലാത്ത അരിശം കയറുന്നുണ്ടായിരുന്നു. നേരം വെളുത്തിട്ടുപിന്നെ രവിയെത്തിയിട്ടു കാര്യമില്ല. പണിയൊക്കെ താറുമാറാകും. തോട്ടത്തില്‍ കയറിയിട്ടുള്ള പണിക്കാരില്‍ ചിലര്‍ പുതുതാണ്. അവര്‍ക്കു എല്ലാം പറഞ്ഞുമനസിലാക്കി കൊടുക്കണമെങ്കിലും അവന്‍ തന്നെ വേണം. ഇന്നലെയും പാര്‍ട്ടി പരിപാടികളുണ്ടായിട്ടുണ്ടാകും. നേതാവാണെത്രെ, എന്തു നേതാവ്. മലയാള അക്ഷരം പോലും കൃത്യമായിട്ടറിയാത്തവനാണ് നേതാവു കളിക്കാന്‍ പോകുന്നത്. നേരാം വണ്ണം പണിക്കുപോയാല്‍ പട്ടിണി കൂടാതെ കഴിയാം
അത്രതന്നെ.
സരളേ.. -അയാള്‍ ഒന്നു കൂടി വിളിച്ചു.
ചായ അരമതിലില്‍ വച്ചിട്ടുണ്ട്- സരള അടുക്കളിയില്‍ നിന്നും വിളിച്ചു പറഞ്ഞു.
ഇവളിതെപ്പോള്‍ ഇവിടെ ചായ കൊണ്ടുവന്നു വച്ചു. ചായയുടെ ചൂട് ആറിത്തുടങ്ങിയിരിക്കുന്നു. എങ്കിലും അതു കുടിക്കുക തന്നെ- അയാള്‍ കപ്പ് കയ്യിലെടുത്തു. തണുത്തുതുടങ്ങിയ ചായ വെറുതെ അയാള്‍ ഊതിക്കുടിച്ചു. ഊറാതെ കിടന്ന ചായയിലത്തരികള്‍ അയാളുടെ ചുണ്ടുകളില്‍ തടഞ്ഞു. കടുപ്പവും മധുരവുമില്ലാത്ത ചായയുടെ ബാക്കി മുറുമുറുപ്പോടെ അയാള്‍ മുറ്റത്തേയ്ക്കു വീശിയെറിഞ്ഞു.
ഇനിയും വൈകിയാല്‍ പണിക്കാര്‍ പരദൂഷണം പറഞ്ഞു നില്‍ക്കുമെന്ന് അയാള്‍ക്കറിയാം. കറയെടുത്ത് കൃത്യസമയത്തുതന്നെ മരംവെട്ടിയില്ലെങ്കില്‍ നാളെ കിട്ടുന്ന പാല്‍ പകുതിയായിരിക്കും. രാവിലെ തുറങ്ങിയെങ്കിലേ വെയിലു മൂക്കും മുന്‍പേ കറ ഷെഡിലെത്തിക്കാനാകൂ.
അരമതിലില്‍ വച്ചിരുന്ന ഇറുകിയ സ്വെറ്റര്‍ ദേഹത്തേക്കു വലിച്ചുകയറ്റി തലയില്‍വച്ചിരുന്ന കമ്പിളിത്തൊപ്പി നന്നായുറപ്പിച്ച് രവിയെ കാത്തുനില്‍ക്കാതെ തോട്ടത്തിലേക്കു ഇറങ്ങാന്‍ തുടങ്ങുമ്പോഴാണ് ദൂരെനിന്നും ടോര്‍ച്ചിന്‍റെ വെളിച്ചം മിന്നുന്നത് കണ്ടത്. രവി വരുന്നുണ്ട്. ആ നാറിയിങ്ങു വരട്ടെ. പച്ചത്തെറി മാത്രമെ അവനു മരുന്നായിട്ടുള്ളൂ. പാലെടുക്കാനുള്ള ബക്കറ്റ് അയാള്‍ ചായ്പില്‍നിന്നെടുത്തുവച്ചു. വാര്‍ തുന്നച്ചേര്‍ത്ത റബര്‍ചെരുപ്പ് കസേരയ്ക്കടിയില്‍നിന്നും വലിച്ചെടുത്ത് അയാള്‍ തോട്ടത്തിലേക്കു പോകാന്‍ തയാറായിനിന്നു.