അധ്യായം-9
സരള
അപ്പന്‍റെ ചായയ്ക്കു വേണ്ടിയുള്ള വിളി കേള്‍ക്കുമ്പോള്‍ സരള തൊഴുത്തിലെ മൂലയില്‍ നിന്നിരുന്ന പുള്ളിപ്പശുവിന്‍റെ അകിടില്‍ നിന്നും അവസാന തുള്ളിയും ഊറ്റിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു.
ഇന്നും കറവക്കാരന്‍ നാണു വരില്ലെന്നു പറഞ്ഞിരുന്നു. അവന്‍റെ കെട്ട്യോളുടെ അനിയത്തീടെ കല്യാണത്തിരക്കായെത്രെ. അവന്‍ വന്നില്ലേല്‍ കറവയുള്ള മൂന്നു പശുവിന്‍റെയും അകിട്ടില്‍ സരളയുടെ വിരലുകള്‍ തന്നെ എത്തണം. വല്ലാത്തൊരു എടങ്ങേറു തന്നെ. ഒരു കണക്കിനു കറവ കഴിഞ്ഞു എഴുന്നേല്‍ക്കുമ്പോഴാണ് കെളവന്‍റെ വിളി. ഒരു കപ്പ് ചായ എഴുന്നേറ്റപ്പോള്‍ തന്നെ കൊടുത്തതാണ്. ചെയ്താലും ചെയ്താലും തീരാത്ത പണി ഈ വീട്ടിലുണ്ട്. സഹായിക്കാന്‍ ആരെയെങ്കിലും നിര്‍ത്തണമെന്നു പറഞ്ഞാല്‍ കെളവന്‍റെ മട്ടുമാറും. ആര്‍ക്ക് കൊണ്ടുപോകാനാണാവോ കെളവന്‍ ഇങ്ങനെ സ്വരുക്കൂട്ടുന്നത്. അങ്ങേരോ തിന്നുകേം ഇല്ല, മറ്റുള്ളവരെക്കൊണ്ട് തീറ്റിക്കേമില്ല- സരള അമ്മായിഅപ്പനേയും കറവക്കാരന്‍ നാണുവിനേയും ഒരു പോലെ പ്രാകി.
കലത്തിലുണ്ടായിരുന്ന ചായ വെറുതെയൊന്നു ചൂടാക്കി അരമതിലില്‍ വയ്ക്കുമ്പോള്‍ കെളവന്‍ മുറ്റത്തേയ്ക്കും നോക്കിയിരിപ്പായിരുന്നു. രവി ഇതുവരെ വന്നിട്ടില്ലെന്നു ആ ഇരിപ്പു കണ്ടപ്പോഴേ മനസിലായി. ഇനിയിന്ന് രവിക്കു തെറിയുടെ പൂരമായിരിക്കും. ചെറുക്കന്‍ ഇതുവരെയും എഴുന്നേറ്റിട്ടില്ല. ഇന്നലെ കിടക്കുമ്പോള്‍ വല്ലാത്ത ചുമയുണ്ടായിരുന്നു. തണുപ്പുകാലമായാല്‍ അവനിങ്ങനെയാണ്. രാവിലെ തന്നെ അവനെ വൈദ്യരുടെ അടുത്തു കൊണ്ടുപോകണമെന്നു കരുതിയിരിക്കുകയാണ്. ഇനിയിപ്പോ വീട്ടിലെ പണിയൊക്കെയും കഴിഞ്ഞ്…. ഡോക്റ്ററെ കാണിക്കാമെന്നു വച്ചാല്‍ കെളവന്‍ സമ്മതിക്കില്ല- അവള്‍ മകന്‍ കിടക്കുന്നിടത്തേയ്ക്കു ചെന്നു.
ഉണ്ണിക്കുട്ടാ… അവളവനെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചു. അവന്‍ മുക്കിയും മൂളിയും തിരിഞ്ഞുകിടന്നു. നെറ്റിയില്‍ തൊട്ടുനോക്കിയപ്പോള്‍ പനിയില്ല. അത്രയും ആശ്വാസം. ഇന്നിപ്പോള്‍ ഏതായാലും അവനെ സ്കൂളില്‍ വിടേണ്ട. അവന്‍ കുറച്ചുനേരം കൂടി കിടന്നുറങ്ങട്ടെ- അവള്‍ കരുതി. പിന്നെ അടുക്കളയിലേക്കു നടന്നു.
കാരുനാഗപ്പള്ളിയില്‍വച്ച് അമ്മച്ചി വാങ്ങിയ പലിശപ്പണത്തിന്‍റെ നവംബര്‍ മാസത്തെ അടവു തീര്‍ക്കാന്‍ ചെന്നപ്പോഴാണ് സരള ആദ്യമായി രാജനെ കാണുന്നത്. സ്വര്‍ണപണയവും പലിശയുമായി രാജന്‍ കരുനാഗപ്പള്ളിയിലുള്ള തന്‍റെ കടയില്‍ മെച്ചപ്പെട്ട നിലയിലായിരുന്നു. കഴുത്തില്‍ കുതിരപ്പവന്‍ ലോക്കറ്റുള്ള അഞ്ചുപവന്‍റെ മാലയും വിരലില്‍ ഒന്‍പതു കല്ലുകള്‍ പതിപ്പിച്ച മുഴുപ്പുള്ള മോതിരവുമിട്ട രാജന്‍റെ ആദ്യത്തെ ചിരിയില്‍ മറുപടിയായി അവളും ചിരിച്ചുപോയത് സത്യം. ഡിസംബറും ജനുവരിയും കഴിഞ്ഞ് ഫെബ്രുവരിയിലെ പലിശകാശ് അടയ്ക്കാന്‍ ചെന്നപ്പോള്‍ രാജന്‍ അവളോട് കെട്ടിക്കോട്ടെയെന്നു ചോദിച്ചു. പിറ്റേ ദിവസം അവളുടെ അമ്മച്ചി വന്നു കാര്യങ്ങള്‍ ഉറപ്പിക്കുകയായിരുന്നു.
അന്നവള്‍ കരുനാഗപ്പള്ളിയിലുള്ള നാരായണവിലാസം പാരലല്‍ കൊളേജില്‍ ഡിഗ്രി രണ്ടാം വര്‍ഷം. വിജയപ്രതീക്ഷകള്‍ വളരെ അന്യമാണെന്നു അവളുടെ പ്രീഡിഗ്രി രണ്ടാം തവണ ജയിച്ച മാര്‍ക്കുകള്‍ കണ്ടാലറിയാം. അതുകൊണ്ടും ഒരു കാശുകാരനാണല്ലോ തന്നെ ഇഷ്ടപ്പെട്ടു വന്നത് എന്ന അഹങ്കാരത്തിലും അവളും മറിച്ചൊന്നും പറഞ്ഞില്ല. അന്ന് തന്നോടും തനിക്കങ്ങോട്ടും പ്രണയമുണ്ടായിരുന്ന ബസ് കണ്ടക്റ്റര്‍ സാബുവിന്‍റെയും പാരലല്‍ കോളെജിലെ അക്കൗണ്ടന്‍സി മാഷ് ജെയിംസിന്‍റെയും സഹകരണ സംഘത്തിലെ ലോണ്‍ പിരിക്കാനെത്തുന്ന പാഞ്ചിയുടെയും മുഖങ്ങള്‍ മനസില്‍നിന്നും കഴുകിക്കളഞ്ഞ് അവള്‍ രാജനു സ്വന്തമായി.
കരുനാഗപ്പള്ളിയില്‍ വച്ചുതന്നെയായിരുന്നു കല്യാണം. സരളയുടെ വീടിനടുത്തുതന്നെ കുറച്ചു സ്ഥലം വാങ്ങി അവിടെ വീടുവച്ചു ഇരുവരും താമസമായി. അല്ലലില്ലാതെയായിരുന്നു ജീവിതം.
തനിക്കിഷ്ടപ്പെട്ടതെല്ലാം ഭര്‍ത്താവ് നല്‍കുമായിരുന്നു. കല്യാണം കഴിഞ്ഞു ഒരു വര്‍ഷം തികയുന്നതിനു മുന്നേ ഉണ്ണിക്കുട്ടന്‍ ജനിച്ചു. സന്തോഷകരമായി ജീവിതം മുന്നോട്ടു പോകുമ്പോഴായിരുന്നു വലിയൊരു ദുരന്തം കുടുംബത്തെ വേട്ടയാടിയത്. ക്രിസ്മസിന്‍റെ ആഘോഷത്തിന്‍റെ ബാക്കിയായി കൂട്ടുകാരുമൊത്ത് കടപ്പുറത്ത് മിനുങ്ങിയിരിക്കുമ്പോഴാണ് സുനാമിതിരമാലകള്‍ രാജനു മേലെ അടിച്ചുകയറിയത്. കടലില്‍നിന്നുമടിച്ചു കയറിയ പായലുകള്‍ക്കിടയില്‍ തിരകളുടെ ശക്തിയില്‍ ഞെരിഞ്ഞമര്‍ന്നുപോയ രാജന്‍റെ ശരീരം ഒരു നോക്കുമാത്രമെ അവള്‍ക്കു നോക്കാനായുള്ളൂ.
എല്ലാം നിമിഷങ്ങളുടെ വ്യത്യാസത്തില്‍ പൊലിഞ്ഞുപോകുന്നത് അവളറിഞ്ഞു. ജീവിതത്തിന്‍റെ വെളിച്ചത്തിലേക്ക് മരണത്തിന്‍റെ ഇരുള്‍നിഴലുകള്‍ പതിയുന്നത് എത്രപെട്ടന്നാണ്. കഴിഞ്ഞ ദിവസം പോലും തന്‍റെ ശരീരത്തിനു ചൂടും ലഹരിയും പകര്‍ന്നവന്‍ ഇന്ന് വെളുത്ത തുണിക്കുള്ളില്‍ ചലനമറ്റുകിടക്കുന്നു. ഇനി തിരിച്ചുവരവ് എന്നൊന്നില്ല. എല്ലാ മനുഷ്യനും തിരിച്ചുവരുവുകളില്ലാത്ത യാത്രയെ തേടിയാണ് അലയുന്നത്.
പൊതുശ്മശാനത്തില്‍ ശവമടക്കു കഴിഞ്ഞ് എല്ലാവരും പിരിഞ്ഞപ്പോള്‍ വീട്ടില്‍ അവളും മകനും അവളുടെ അമ്മയും മാത്രമായി. എന്തിനു അന്നുതന്നെ രാജന്‍റെ അച്ഛനും അനുജനും തിരിച്ചുപോയി. പിന്നെയും നാലുദിവസം കഴിഞ്ഞ് മോഹന്‍ അമേരിക്കയിലേക്കു തിരിച്ചുപോയതിനുശേഷമാണ് ഗോപാലന്‍ കരുനാഗപ്പിള്ളിയിലെത്തി സരളയെയും മകനേയും വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നത്. തന്‍റെ വീട്ടില്‍ നിന്നാല്‍ മകന്‍റെ അവസ്ഥ ഗതികിട്ടാതെയാകുമെന്നു സരളയ്ക്കു നല്ല നിശ്ചയമുണ്ടായിരുന്നു. ആളുകള്‍ക്കുകൊടുത്ത പലിശപ്പണം പിരിപ്പിക്കാന്‍ രാജന്‍റെ കൂട്ടുകാരനെ ഏല്‍പ്പിച്ചു. കൊടുത്തതില്‍ വലിയ തുകയോളം ഇന്നും തിരിച്ചു കിട്ടാനുണ്ട്. ഇനി കരുനാഗപ്പിള്ളിയില്‍ നില്‍ക്കുന്നതിനേക്കാള്‍ നല്ലത് രാജന്‍റെ നാട്ടിലേക്കു പോകുന്നതാണെന്നു അവള്‍ക്കു മനസിലായി. അപ്പന്‍റെ മരണശേഷം എല്ലാം തന്‍റെയും മകന്‍റെയും നിയന്ത്രണത്തിലാകും എന്നതും അവളെ ഇങ്ങോട്ടു പോരാന്‍ പ്രേരിപ്പിച്ചു. മോഹനാകട്ടെ അമേരിക്കയില്‍ തന്നെ സ്ഥിരതാമസമാക്കുമല്ലോ.
സുനാമിയില്‍ മരിച്ചയാളുടെ ബന്ധുവെന്ന പേരില്‍ കിട്ടിയ തുകയെല്ലാം സരള ബാങ്കില്‍ നിക്ഷേപിച്ചിരിക്കുകയാണ്. കുറച്ചു രൂപ ഉണ്ണിക്കുട്ടന്‍റെ പേരിലുമുണ്ട്. കരുനാഗപ്പള്ളിയിലെ വീട്ടില്‍ ഇപ്പോള്‍ വാടകക്കാരാണ് താമസിക്കുന്നത്. അതു വിറ്റുകളയാന്‍ അപ്പന്‍ എപ്പോഴും പറയുന്നുണ്ട്. തോട്ടത്തിനോടു ചേര്‍ന്നു കുറച്ചു സ്ഥലം വില്‍ക്കാനുണ്ടത്രെ. അതങ്ങു വാങ്ങാമെന്നാണ് കെളവന്‍റെ മനസിലിരിപ്പ്. എന്തായാലും അവളതിനു സമ്മതിച്ചില്ല. ഒരു കാലത്ത് മോഹനു തിരിച്ചുവന്നു താമസിക്കണമെന്നു തോന്നിയാല്‍ തനിക്കൊരു കിടപ്പാടമില്ലാതെയാകുമെന്നു അവള്‍ക്കു നിശ്ചയമുണ്ട്. അല്ലെങ്കില്‍ തന്നെ സ്ഥലം വാങ്ങണമെങ്കില്‍ കിളവന് പണം മോഹനോട് തന്നെ ചോദിച്ചാല്‍ മതിയാകുമല്ലോ. അമേരിക്കയില്‍ അവന്‍ കാശു വാരുകയല്ലേ. ചോദിക്കില്ലെന്നു സരളയ്ക്കും നന്നായറിയാം. പണ്ടു മക്കളോടു ചെയ്ത ഉപകാരത്തിന്‍റെ ഫലം. അല്ലെങ്കില്‍തന്നെ കിളവന്‍റെ പക്കലും പൂത്ത കാശുണ്ട്. അതനക്കാന്‍ അയാള്‍ക്കു വയ്യ. അപ്പുറത്തെ പറമ്പിലെ തേങ്ങ കണ്ടുകൊണ്ടാണ് കിളവന്‍ സ്വപ്നം കാണുന്നത്. കാശു കൊടുക്കാത്തതില്‍ കിളവന് തന്നോട് കെറുവുണ്ടെന്നു സരളയ്ക്കറിയാം. എങ്കിലും ഒന്നും പറയാതിരിക്കുന്നുവെന്നുമാത്രം. താന്‍ പിണങ്ങിപ്പോയാല്‍ വീട്ടിലെ പണിക്കൊരാളെ നിര്‍ത്തണമെങ്കില്‍ കാശെത്ര എണ്ണിക്കൊടുക്കണം. കിളവന്‍ അതിനൊട്ടും മുതിരില്ലെന്നു സരളയ്ക്കറിയാം. പണ്ടൊരു പണിക്കാരത്തിയെ നിര്‍ത്തിയതിന്‍റെ കഥ ഇടയ്ക്കിടെ കിളവന്‍ പറയാറുമുണ്ട്. കിളവന്‍റെ കോണകമൊഴിച്ചു സകലതും അവര്‍ കട്ടുകൊണ്ടു പോയി. സ്വന്തം മരുമകളായാല്‍ അത്രയും ഉപദ്രവം ഉണ്ടാകില്ലല്ലോ. പിന്നെ സാധനങ്ങള്‍ എങ്ങോട്ടു കട്ടോണ്ടു പോകാന്‍. എങ്കിലും അപ്പന്‍റെ കണ്ണ് എപ്പോഴും തനിക്കു ചുറ്റും തിരിയുന്നുണ്ട്. വാങ്ങിക്കുന്ന പലചരക്കു സാധനങ്ങളുടെ കണക്കുകള്‍ വരെ ആ കുരുട്ടു മനസില്‍ കുറിച്ചിടും. ഒരു മാസം ഇത്തിരി പഞ്ചസാരയോ, വെളിച്ചെണ്ണയോ കൂടിയാല്‍ മതി, കിളവന്‍ കണക്കു പറച്ചില്‍ തുടങ്ങും. കള്ളിയെന്നു വിളിക്കുന്നില്ലന്നേയുള്ളു. അയാളുടെ നോട്ടം കണ്ടാലറിയാം അതു തന്നെയാണ് മനസിലെന്ന്.
എന്തായാലും ശരി, ഇവിടത്തന്നെ നില്‍ക്കാനാണു സരളയുടെ തീരുമാനം. ഒന്നുകില്‍ കിളവന്‍റെ
കാലശേഷം സ്വത്തില്‍ പകുതിയെങ്കിലും ബിജുക്കുട്ടനുള്ളതാണല്ലോ. കിളവനോട് ഉടക്കിയാല്‍ ഉള്ളതും കാക്കകൊത്തി കൊണ്ടു പോകും. അമേരിക്കക്കാരനാണെങ്കിലും പത്തുകാശു കിട്ടിയാല്‍ മോഹനും പുളിക്കുമോ. അവനും ഒരു മകനുള്ളതല്ലേ. മോഹന്‍റെ കെട്ട്യോളുടെ ഗുണവതികാരം കൃത്യമായി മനസിലാക്കിയിട്ടില്ല. നാട്ടില്‍ വരുമ്പോഴൊക്കെ വലിയ സ്നേഹമാണ് കാണിക്കാറ്. എന്തോ വലിയ രോഗം അവള്‍ക്കുള്ളതായി കേട്ടിട്ടുണ്ട്. അതേപ്പറ്റയൊന്നും വലുതായി ആര്‍ക്കുമറിയില്ല. അതു നാട്ടുകാരെയും വീട്ടുകാരെയും അറിയിക്കാന്‍ മോഹനു താത്പര്യവുമില്ല. അവനു വലിയ ആര്‍ത്തിയില്ലെങ്കില്‍ കിളവന്‍റെ സ്വത്തുമുഴുവനും ഉണ്ണിക്കുട്ടന്‍റെ പേരിലാകാനും മതി. അതിനു ഇവിടെതന്നെ നില്‍ക്കണം. ഏതായാലും തനിക്കു മേല്‍ഗതിയൊന്നുമില്ലാത്തതാണ്. കിട്ടാന്‍ സാധ്യതയുള്ളതെല്ലാം കൈക്കലാക്കണം. കിളവന്‍ മണ്ണടിഞ്ഞു കഴിഞ്ഞാല്‍ തനിക്കായിരിക്കണം ഈ വീടിന്‍റെയും തോട്ടത്തിന്‍റെയും നിയന്ത്രണമെന്നു അവള്‍ക്കു വലിയ ആഗ്രഹമുണ്ട്.
രണ്ടു ദിവസത്തിനകം മോഹനും കുടുംബവും വരുന്നുണ്ടെന്നു ഫോണ്‍ ചെയ്തിരുന്നു. എന്താണാവോ കാര്യം. കുറച്ചു ദിവസം മുന്‍പ് വിളിച്ചപ്പോള്‍ അടുത്തെങ്ങും നാട്ടിലേക്കില്ലെന്നാണ് അവന്‍ പറഞ്ഞിരുന്നത്. ഇതിപ്പോ പെട്ടെന്നാണ് വരവ്. ഇനി തോട്ടത്തിനടുത്ത സ്ഥലം വാങ്ങിക്കാനാകുമോ. അപ്പന്‍ ചിലപ്പോള്‍ സൂചിപ്പിച്ചിട്ടുണ്ടാകും. എന്തായാലും കിളവന്‍റെ പേരിലായിരിക്കില്ല വാങ്ങുക. അതു കൊണ്ടായിരിക്കും മോഹന്‍ നേരിട്ടുതന്നെ വരുന്നത്. അവനു പറമ്പിനോട് ഇത്ര ആഗ്രഹമാണെങ്കില്‍ തന്‍റേയും മകന്‍റേയും വിഹിതം കുറയാന്‍ സാധ്യതയുണ്ട്. രാജനോട് യാതൊരു വിരോധവും മോഹനുണ്ടായിട്ടില്ല. അപ്പന്‍റെ സ്വഭാവം കൊണ്ട് ചെറുപ്പത്തിലേ ഇരുവരും രണ്ടു വഴിക്കായെന്നു മാത്രം. രാജന്‍ മരിച്ചെന്നറിഞ്ഞപ്പോള്‍ കാശു ചെലവായെങ്കിലും അമേരിക്കയില്‍ നിന്നും അവന്‍ എത്തിയല്ലോ. സ്നേഹമില്ലാതെ അങ്ങിനെ ബുദ്ധിമുട്ടുകയില്ലായിരുന്നു. ചേട്ടനോടുള്ള സ്നേഹം മകനോടും കാണാതിരിക്കില്ല. അമേരിക്കയില്‍ നിന്നും വരുന്നവര്‍ക്കു എന്തു സഹായവും ചെയ്തു കൊടുക്കണം. ബിന്ദുവിനെ എങ്ങിനെയെങ്കിലും കയ്യിലെടുത്തേ മതിയാകൂ. അവളുടെ മനസിളക്കിയാല്‍ തന്നെ പകുതി രക്ഷയായി. എന്തായാലും അവര്‍ വരട്ടെ.
അടുപ്പത്തിട്ട അരി തിളക്കാറായിരിക്കുന്നു. അപ്പന്‍ ചന്തയില്‍ പോയിവന്നപ്പോള്‍ വാങ്ങിയ പച്ചക്കറിതന്നെയാണ് ഇന്നും. വല്ല മീനോ, ഇറച്ചിയോ കൂട്ടിയിട്ടു കാലം കുറെയായി. മുറ്റത്ത് അപ്പന്‍റെ ഒച്ച കേള്‍ക്കാനില്ല. രവിയെ കണക്കിനു പറയുന്നത് അകത്തു നിന്നു കേള്‍ക്കാമായിരുന്നു. ഇരുവരും തോട്ടത്തിലേക്കു പോയിട്ടുണ്ടാകും. അപ്പന്‍ വരുംമുന്‍പേ കഞ്ഞി ശരിയായില്ലെങ്കില്‍ അതിനായിരിക്കും ഇനി മുറുമുറുപ്പ്. അടുക്കളയില്‍ കറുമ്പിപ്പൂച്ച മണംപിടിച്ചു നില്‍ക്കുന്നു. വായ്ക്കു രുചിയുള്ളതൊന്നു അവിടെ കാണില്ലെന്നുറപ്പുള്ളതു കൊണ്ടാകാം പൂച്ച പതിയെ ഇറങ്ങിപ്പോയി. അകത്ത് ഉണ്ണിക്കുട്ടന്‍ എഴുന്നേറ്റിട്ടുണ്ട്. അവന്‍റെ ചിണുങ്ങല്‍ കേള്‍ക്കാം. സരളയുടെ ദിവസം ആരംഭിച്ചുകഴിഞ്ഞു. ഇനി രാത്രി പത്തു കഴിയണം ഒന്നു തല ചായ്ക്കാന്‍.