കാളിദാസന്‍ പറഞ്ഞത് വാകപ്പൂവിന് ചിത്രശലഭത്തിന്‍റെ ഭാരം താങ്ങാനാകും. എന്നാല്‍ പക്ഷികളുടെ ഭാരം പേറാനാകില്ല. തൃശൂര്‍ കറന്‍റ് ബുക്സ് പ്രസിദ്ധീകരിച്ച ശാസ്ത്ര-സാഹിത്യത്തിലെ ബഹുമുഖ പ്രതിഭ കാരൂര്‍ സോമന്‍റെ ‘കൗമാരസന്ധ്യകള്‍’ എന്ന നോവല്‍ വായിച്ചപ്പോഴാണ് കാളിദാസന്‍റെ വാക്കുകള്‍ ഓര്‍മ്മയിലെത്തിയത്. ഒരു സര്‍ഗ്ഗപ്രതിഭയുടെ അഴകും അദ്ധ്വാനവും അവരുടെ കൃതികളില്‍നിന്ന് കണ്ടെത്താന്‍ കഴിയും. എന്ന് പറഞ്ഞാല്‍ അവരുടെ ഭാവന, ഭാഷ, പദം, വാക്യം, അര്‍ത്ഥം, വര്‍ണ്ണം, അലങ്കാരം ഇതിലെല്ലാം അത് തെളിഞ്ഞു നില്‍ക്കും. ഓരോ കൃതിയും നമ്മള്‍ വായിക്കപ്പെടുന്നത് ആ കാലത്തിന്‍റെ ചൈതന്യം ഉള്‍ക്കൊണ്ടുതന്നെയാണ്. അതില്‍ ചിലത് കാലത്തിന്‍റെ അടയാളമായും കാണാറുണ്ട്. മുന്‍കാലങ്ങളില്‍ അനുഭവസമ്പത്തുള്ള ധാരാളം പേരുടെ സര്‍ഗ്ഗസൃഷ്ടികള്‍ വായിക്കാനിടയായിട്ടുണ്ട്. അത് ഇന്നുള്ളതുപോലെ സമ്പത്ത്, പ്രശസ്തി ഇവയുടെസ്വാധീനവലയത്തിലായിരുന്നില്ല. ഇത്തരത്തിലുള്ളവരെകൊണ്ടും കൊടുത്തും ഒപ്പം നില്‍ക്കുന്നവര്‍ സര്‍ഗ്ഗ സാഹിത്യത്തിന്‍റെ അന്ത:സത്ത എന്തെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
‘കൗമാരസന്ധ്യകള്‍’ എന്ന നോവല്‍ കാലത്തെ അതിജീവിക്കുന്ന ചെത്തി മിനുക്കിയ സാഹിത്യശില്പമെന്നും നോവല്‍ രംഗത്തെ അടിമുടി മാറ്റിമറിച്ചു എന്നൊക്കെ വീമ്പിളക്കാന്‍ ഞാനാഗ്രഹിക്കുന്നില്ലെങ്കിലും കഥ കേള്‍ക്കാനും വായിക്കാനും ഇഷ്ടപ്പെടുന്ന ആത്മാംശം നിറഞ്ഞ ഒരു കുട്ടിയുടെ പച്ചപ്പുകള്‍ തേടിയുള്ള യാത്ര ഇഷ്ടപ്പെടാതിരിക്കില്ല. ശാസ്ത്രജ്ഞന്‍മാര്‍ മനുഷ്യന്‍റെ പിറവിയെപ്പറ്റിപോലും ഗവേഷണം നടത്തുമ്പോള്‍ മാനവികതയെപ്പറ്റി ഏറ്റവും കൂടുതല്‍ ഗവേഷണം നടത്തുന്നതും സാഹിത്യകാരന്മാരും കവികളുമാണ്. ഇവര്‍ സാഹിത്യ സൗന്ദര്യത്തിന്‍റെ ആനന്ദസാന്ദ്രമായ അനുഭൂതിയുണര്‍ത്തി നമ്മില്‍ ആസ്വാദ്യത ആവിഷ്കരിക്കുന്നവരാണ്. അത് സാഹിത്യസൃഷ്ടികളിലാണെന്നു മാത്രം. മനുഷ്യരിലെന്നപോലെ സാഹിത്യസൃഷ്ടികളിലും രോഗങ്ങളെ കാണാന്‍ കഴിയും. അത് കണ്ടെത്തുന്നവര്‍ ഡോക്ടറല്ല നിരൂപകരാണെന്ന് മാത്രം. അതിനാവശ്യം വെറും വായനയോ കേവല വീക്ഷണങ്ങളോ അല്ല അതിലുപരി വൈജ്ഞാനിക ദാര്‍ശനീക ചിന്തകളാണ്. ഏതൊരു സാഹിത്യകൃതിയും മനുഷ്യന്‍റെ വികാര വിചാരങ്ങളുടെ അനുഭവങ്ങളാണ് നല്കുന്നത്. അതും അനുഭവസമ്പത്തുള്ളവര്‍ എഴുതുമ്പോള്‍ ഒന്നുകൂടി മഹത്വരമാകും. അതൊരിക്കലും ലൈംഗീകതയുടെ അലമാലകളില്‍ മുങ്ങിതാഴുന്നതോ ചില പ്രസാദക പ്രസ്ഥാനങ്ങളുടെ ബുള്ളറ്റിന്‍, സൗഹൃദയ പ്രസിദ്ധീകരണങ്ങളില്‍ പാടിപുകഴ്ത്തുന്നതോ ആയിരിക്കില്ല. ഇവിടെയാണ് ഒരു നോവലിസ്റ്റ് അര്‍ജ്ജിച്ചിരിക്കേണ്ട അഗാധമായ രചനാപാടവവും തിളക്കവും തെളിയിക്കുന്നത്. ഒരു നോവലിന്‍റെ പാദമുദ്രകള്‍ ചവുട്ടിത്തന്നെയാണ് കൗമാരസന്ധ്യകള്‍ സഞ്ചരിക്കുന്നത് സാധാരണ ശൈലിയെക്കാള്‍ ഉദാത്തമായ ഒരു സാഹിത്യശൈലി വായിക്കാന്‍ കഴിയുമെങ്കിലും അര്‍ത്ഥങ്ങളുടെ വ്യത്യസ്ഥമാര്‍ന്ന വൈവിധ്യം ഇതില്‍ തുലോം ചുരുക്കം എന്നു തന്നെയാണ്എനിക്ക് മനസ്സിലായത്. അത് വായനക്കാര്‍ക്ക് ആശയദാരിദ്ര്യം ഉണ്ടാകാതിരിക്കാനാണോ അതുമറിയില്ല. എന്നാല്‍ ഉള്ളടക്കമാകെ ആശയത്തില്‍നിന്നു മാറി വ്യത്യസ്തമായ അര്‍ത്ഥതലങ്ങളിലൂടെ സഞ്ചരിക്കുന്നുണ്ട്. അത് ആസ്വാദനത്തിന് നല്ലൊരു മാധുര്യം നല്കുന്നു. അതിനാലാണ് സമകാലിക പ്രസക്തിയുള്ള ഒരു നോവലായി കൗമാരസന്ധ്യകള്‍ മാറുന്നത്.
സ്വന്തം കുഞ്ഞമ്മയുടെ പീഡനങ്ങള്‍ സഹിച്ചുകൊണ്ട് ജീവിതത്തിന്‍റെ ഇടനാഴികകളില്‍ നിശ്ശബ്ദം തേങ്ങിക്കരയുന്ന കുട്ടിയാണ്. ആനന്ദ്. അവന്‍റെ ഹൃദയവ്യഥകളും വീര്‍പ്പുമുട്ടലുകളും സംഘര്‍ഷസങ്കീര്‍ണ്ണതകളും ഒരു ദീപം തെളിയുംപോലും അവനില്‍ നിന്നുണരുന്ന സംഗീത സാന്നിദ്ധ്യം പ്രത്യാശയുടെ കിരണങ്ങള്‍ തെളിയിക്കുന്നു. മറ്റ് കുട്ടികളെപ്പോലെ അവന്‍ സ്വതന്ത്രനല്ല. കളിയും ചിരിയും കുസൃതിയും നിറയേണ്ട ബാല്യത്തില്‍ ആത്മനൊമ്പരങ്ങള്‍ അടക്കിപ്പിടിച്ച് ഒറ്റയാനായി ആരോടും ഉരിയാടാതെ ദൈനം
ദിനം സ്കൂളില്‍ വന്നു പോകുന്ന ആനന്ദിനെ സഹാപാഠി ഓമന പ്രത്യേകം ശ്രദ്ധിച്ചു. എങ്ങുനിന്നോ ഒരു കാലൊച്ചപോലെ ഒരു ദിവസം സോപ്പു നീട്ടിക്കൊണ്ടവള്‍ പറഞ്ഞു. “ആനന്ദ് നിന്നില്‍ ചാണകത്തിന്‍റെ മണമുണ്ട്. ഈ സോപ്പിട്ടൊന്ന് കുളിക്ക്. നാറ്റം മാറും. ഒരു നിമിഷം അവളുടെ കണ്ണുകളുമായി ആനന്ദിന്‍റെ കണ്ണുകള്‍ ഇടഞ്ഞു. അവന്‍റെ വിഷാദം നിറഞ്ഞ കണ്ണുകളില്‍ മഞ്ഞുതുള്ളിപോലെ അവള്‍ അലിഞ്ഞു ചേര്‍ന്നു. അവര്‍ ചങ്ങാതിമാരായി. അവന്‍റെ വേദനകള്‍ അവളുമായി പങ്കുവെച്ചു. ചെറുപ്പം മുതലെ റബര്‍ വെട്ടുന്നതും ഷീറ്റടിക്കുന്നതും അവനാണ്. റബര്‍ ഷീറ്റടിക്കാന്‍ കരുത്തില്ലാത്ത കൈകള്‍ക്കു ഒരു തുണയായി എത്തുന്നത് വീട്ടുവേലക്കാരിയാണ്. സ്വന്തം വീട്ടില്‍ ഒരു വേലക്കാരനായി ജീവിക്കുന്നത് ആരോടും പരാതി പറയാനല്ല. അതിലുപരി പൊരുതി മുന്നേറാനാണാഗ്രഹം. നരകതുല്യമായ ജീവിതത്തിനിടയില്‍ രോഗിയായി അനാഥാശ്രമത്തില്‍ കഴിയുന്ന അമ്മ, പണ്ടെങ്ങോ അമ്മയെ ഉപേക്ഷിച്ച് അമേരിക്കയിലേക്ക് പോയ അച്ഛന്‍ ഇതിനിടയിലാണ് എല്ലാം നൊമ്പരങ്ങള്‍ക്കും മുറിവുകള്‍ക്കും ഒരു മരുന്നുപോലെ സംഗീതമെന്ന ഔഷധം മുറിവുകള്‍ ഉണക്കുന്നതിന് ഒന്നാകാന്‍ എത്തുന്നത്.
സ്കൂളിലും കോളേജിലും യുവഗായകനായി, ഗാനരചയിതാവായി അവന്‍ വളര്‍ന്നു. അങ്ങനെയിരിക്കെയാണ് അമേരിക്കയിലേക്കു ക്ഷണം ലഭിക്കുന്നത്. അതുകേട്ടമാത്രയില്‍ അച്ഛനെ കണ്ടെത്താന്‍ കഴിയുമെന്നവന്‍ വിശ്വസിച്ചു. അച്ഛനെ കാണാനുള്ള ആവേശത്തിന്‍റെ സ്വരരാഗസുധ അവനില്‍ ഒഴുകി തുടങ്ങി. ഓമനയുടെ സാമീപ്യവും സഹകരണവും ഒരാശ്വാസമായി. എല്ലാ ദുഃഖത്തിന്‍റെ പിന്നിലും ഒരു സന്തോഷം ഒളിഞ്ഞിരിക്കുന്നതായി അവനറിഞ്ഞു. കുഞ്ഞമ്മയുടെയും മകന്‍റെയും ഹൃദയത്തില്‍ ഒരമ്പായിതന്നെ ആനന്ദിന്‍റെ വളര്‍ച്ച തറച്ചു നിന്നു. “ന്യൂയോര്‍ക്കിലെ പ്രകാശപൂരിതമായ ആകാശകാഴ്ചയില്‍ ലോവര്‍ മാന്‍ഹോട്ടന്‍ തിളങ്ങിനിന്നു. അതിന് ഏദന്‍ തോട്ടത്തിന്‍റെ പ്രതീതിയുണ്ടായിരുന്നു. ഒരു ചിത്രകാരന്‍ കോറിയിട്ടതുപോലെ കോരിയൊഴിച്ചിട്ട നിയോള്‍ ബള്‍ബുകളുടെ വെളിച്ചത്തില്‍ ന്യൂയോര്‍ക്ക് നഗരം ചിമ്മി നിന്നു.” അവന്‍റെ ഫോട്ടോ ഓണ്‍ലൈന്‍ പത്രങ്ങളിലും മലയാളം പത്രങ്ങളിലും മലയാളം ടി.വി. ചാനലുകളിലും പ്രത്യക്ഷപ്പെട്ടു ഒപ്പം അച്ഛന്‍റെ ഫോട്ടോയും ഉണ്ടായിരുന്നു. ആനന്ദും സംഘവും വന്‍ നഗരങ്ങളില്‍ താളമേളകൊഴുപ്പോടെ പാട്ടും നൃത്തവും അവതരിപ്പിച്ച് വസന്തകാല രാവുകളാക്കി കാണികളെ ആനന്ദത്തിലാറാടിച്ചു. അതില്‍ ആദ്യാനുരാഗത്തിന്‍റെ മാധുര്യം തുളുമ്പുന്ന ഗാനവുമുണ്ടായിരുന്നു. ആ വരികളില്‍നിറഞ്ഞു നിന്നത് പ്രിയസുഹൃത്തും സന്തതസഹചാരിയുമായ ഓമനയായിരുന്നു. ആ നിര്‍വൃതികൊള്ളുന്ന നിമിഷങ്ങളില്‍ മകനെ കാണാന്‍ അച്ഛന്‍ ഓടിയെത്തുന്നു. അതോടെ ആ ജീവിതം പുതിയരാഗത്തിലും ശൈലിയിലും മുഖരിതമാകുന്നു. പ്രിയ സുഹൃത്തിനോട് ആനന്ദ് പറഞ്ഞു “ജീവിതത്തില്‍ ഏറ്റവും വിലപിടിപ്പുള്ള മൂലധനം അച്ഛനും അമ്മയുമല്ലാതെ മറ്റെന്താണ്.” ഈ നോവല്‍ സൗന്ദര്യാത്മകമായ ആവിഷ്കരണത്തിലും ഉന്നതമായൊരു സ്ഥാനം ആസ്വാദകനു നല്കുന്നുണ്ട്. ആനന്ദ് സങ്കടങ്ങളുടെ ഉപാസകന്‍ മാത്രമല്ല ജീവിതത്തിന്‍റെ ആനന്ദം ഹൃദയങ്ങളില്‍ ഉണര്‍ത്തുന്നവന്‍ എന്നുകൂടി പഠിപ്പിക്കുന്നു.
കൗമാരസന്ധ്യകള്‍ – വില – 65.00