കഴിഞ്ഞ 8 വര്‍ഷത്തിനിടയില്‍ 130 പോലീസുകാര്‍ ആത്മഹത്യ ചെയ്‌തെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക റിപ്പോര്‍ട്ട്. ജോലിഭാരവും മാനസിക സമ്മര്‍ദ്ദവുമാണ് ഇത്തരം ആത്മഹത്യയുടെ മുഖ്യ കാരണങ്ങള്‍. മേലുദ്യോഗന്മാരുടെ പലതരത്തിലുള്ള മാനസിക പീഢനങ്ങളും പോലീസുകാരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നുണ്ട്. 12 മണിക്കൂര്‍ മുതല്‍ 18 മണിക്കൂര്‍ വരെ പോലീസുകാര്‍ ജോലി എടുക്കാന്‍ നിര്‍ബന്ധിതമാകുന്ന സാഹചര്യങ്ങളാണ് സംസ്ഥാനത്തുള്ളത്.
പോലീസുകാര്‍ നേരിടുന്ന ഇങ്ങനെയുള്ള ദുരിതകരമായ അവസ്ഥയെപ്പറ്റി സര്‍ക്കാര്‍ നിരുത്തരവാദപരമായ നിലപാട് സ്വീകരിച്ചാല്‍, നമ്മുടെ സംസ്ഥാനത്തെ പോലീസ് സേനയുടെ അവസ്ഥ എന്താകും. പോലീസുകാരും മനുഷ്യരല്ലേ. അവര്‍ക്കും ഭാര്യയും മക്കളും കുടുംബവുമെക്കെ ഇല്ലേ. അവരും നല്ല ഒരു കുടുംബജീവിതം സ്വപ്നം കാണുന്നവരല്ലേ. ഗവണ്‍മെന്റ് ഇതിനൊക്കെ ഉത്തരം പറയാന്‍ ബാധ്യസ്ഥമാണ്. പരിഷ്‌കൃത ജനാധിപത്യസമൂഹത്തിലെ പോലീസിന് അടിസ്ഥാനപരമായ ജീവിത സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായും കര്‍മ്മപരിപാടികള്‍ ആവിഷ്‌കരിക്കണം.
പോലീസിന്റെ ജോലിഭാരവും മാനസിക സമ്മര്‍ദ്ദവും കുറക്കാന്‍ കഴിയുന്ന ഭരണനടപടികള്‍ എടുക്കാനുള്ള ആര്‍ജ്ജവവും ഉത്തരവാദിത്വവും കാണിക്കാന്‍ ഗവണ്‍മെന്റ് തയ്യാറാവണം. പോലീസുകാരുടെമേല്‍ കുതിര കയറുന്ന മേലുദ്യോഗസ്ഥന്മാരെ നിലയ്ക്ക് നിര്‍ത്താനും ശിക്ഷാനടപടികള്‍ സ്വീകരിക്കാനുമുള്ള ഇച്ഛാശക്തി ഗവണ്‍മെന്റ് കാണിക്കണം. കാര്യക്ഷമവും സമാധാനപരവും സംഘര്‍ഷരഹിതവുമായ ഒരു പോലീസ് സംവിധാനം ജനാധിപത്യ രാഷ്ട്രീയ വ്യവസ്ഥയുടെ മുന്നുപാധിയാണ്. ജനാധിപത്യ വ്യവസ്ഥയുടെ അനിവാര്യ ഭാഗമായ Law and order പാലിക്കുന്ന പോലീസുകാരുടെ ഔദ്യോഗിക ആഭ്യന്തര ജീവിതത്തില്‍ Law and order ഇല്ല എന്നുള്ളത് ലജ്ജാകരമാണ്.
സേനയ്ക്കുള്ളിലെ മേലുദ്യോഗസ്ഥന്മാരുടെ അച്ചടക്കരാഹിത്യവും പോലീസുകാരോടുളള അപമര്യാദയോടെയുള്ള പെരുമാറ്റവും കര്‍ശനമായ നിയന്ത്രണത്തിന് വിധേയമാക്കണം. ജനാധിപത്യത്തിലെ പോലീസ് സംവിധാനം സമ്പൂര്‍ണ്ണമായി ജനാധിപത്യവല്‍ക്കരിക്കപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. പോലീസിന്റെ ട്രെയനിങ് ശൈലിയും മനുഷ്യത്വപരമായി ജനാധിപത്യവല്‍ക്കരിക്കപ്പെടേണ്ടതുണ്ട്. പോലീസുകാര്‍ക്ക് അന്തസ്സോടെയും അഭിമാനത്തോടെയും ജീവിക്കാനാവശ്യമായ സാഹചര്യവും അന്തരീക്ഷവുമൊരുക്കേണ്ടത് സര്‍ക്കാരിന്റെ ജനാധിപത്യപരമായ കടമയും ഉത്തരവാദിത്വവുമാണ്.
പോലീസിനോടുള്ള പഴയ ബ്രിട്ടീഷ് കൊളോണിയല്‍ ശൈലി ഉപേക്ഷിക്കാന്‍ മേലുദ്യോഗസ്ഥന്മാരും ആഭ്യന്തര വകുപ്പും സര്‍ക്കാരും അടിയന്തിരമായും തയ്യാറാവണം. ഒരു പരിഷ്‌കൃത ജനാധിപത്യ സിവിള്‍ സമൂഹത്തിന്റെ അവിഭാജ്യഭാഗമായി പോലീസ് സേനയെ ട്രീറ്റ് ചെയ്യാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാര്‍ക്കും ആഭ്യന്തരവകുപ്പിനും സര്‍ക്കാരിനും കഴിഞ്ഞെങ്കിലേ നമ്മുടെ ജനാധിപത്യ ജീവിതവ്യവസ്ഥ പരിപൂര്‍ണ്ണമാകുകയുള്ളൂ. അതിനുള്ള ഭരണനടപടികള്‍ എടുക്കാന്‍ സര്‍ക്കാരിന് കഴിയട്ടെ എന്ന് പ്രത്യാശിക്കുകയാണ്.












