LIMA WORLD LIBRARY

വായനക്ക് തപാല്‍ വകുപ്പിന്റെ വക കൊള്ളയടി-സുജാദ് ജോസഫ്

അക്ഷര സ്‌നേഹിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റു ജനങ്ങള്‍ക്ക് നല്‍കിയ ആനുകൂല്യമായിരുന്നു പ്രിന്റഡ് ബുക്കുകള്‍ തപാല്‍ മാര്‍ഗം ചെലവ് കുറച്ച് അയക്കാനുള്ള തപാല്‍ സംവിധാനം. പുസ്തക പ്രസാധകര്‍ക്കും വായനക്കാര്‍ക്കും ഇത് വളരെ ഉപകാരപ്രദം ആയിരുന്നു. ഇരുവശവും തുറന്ന ബുക്ക് പാര്‍സലുകള്‍ 21 രൂപക്ക് അയക്കാമായിരുന്നു. പല പുസ്തക പ്രസാധകരും പോസ്റ്റേജ് പോലും ഈടാക്കാതെ ആയിരുന്നു തപാല്‍ മാര്‍ഗം പുസ്തകങ്ങള്‍ അയച്ചു കൊടുത്തിരുന്നത്.

ബുക്ക് പോസ്റ്റ് സംവിധാനം കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയതോടെ ഒരു പുസ്തകം തപാലിലൂടെ അയക്കാന്‍ ഇപ്പോള്‍ 61 രൂപ ചെലവാണുള്ളത്. 100 രൂപയുടെ ഒരു പുസ്തകം തപാല്‍ വഴി വാങ്ങാന്‍ ഇപ്പോള്‍ 161 രൂപയാണ് വേണ്ടി വരുന്നത്. ഭൂരിപക്ഷം പ്രസാധകര്‍ക്കും ഇത് താങ്ങാന്‍ കഴിയില്ല. പുസ്തകങ്ങള്‍ ആവശ്യപ്പെടുന്നവര്‍ ഈ തുകയും നല്‍കേണ്ട അവസ്ഥയാണുള്ളത്.

വായനക്കാര്‍ക്കും ഇത് പ്രയാസമാകും.ഇത് മൂലം പുസ്തകവും മാസികകളും തപാലിലൂടെ വാങ്ങുന്നവരുടെ എണ്ണം ഗണ്യമായി കുറയും എന്നതില്‍ സംശയമില്ല. പുസ്തക രംഗത്തെ പ്രതിസന്ധികള്‍ക്കിടെ കേന്ദ്ര സര്‍ക്കാരിന്റെ ഇത്തരം മണ്ടത്തരങ്ങള്‍ പുസ്തക പ്രസാധകരെയും വായനക്കാരെയും ഒരുപോലെ നിരാശപെടുത്തിയിരിക്കുകയാണ്. പോസ്റ്റേജിലുണ്ടായ ഈ വന്‍ വര്‍ദ്ധന പുസ്തക വില്‍പ്പന കുറയാന്‍ ഇടയാക്കും. മാസികകള്‍ പോലും തപാല്‍ വഴി വാങ്ങാന്‍ ആളില്ലാതാവും.

അക്ഷരങ്ങളെയും, പുസ്തകങ്ങളെയും സ്‌നേഹിക്കുന്ന, ജനങ്ങള്‍ വായിച്ചു വളരണം എന്നാഗ്രഹിക്കുന്ന ഒരു സര്‍ക്കാരും ഒരിക്കലും തപാല്‍ സംവിധാനത്തില്‍ ഇത്തരം നീചമായ ഒരു പരിഷ്‌കാരം കൊണ്ടു വരില്ല. ജീവിതത്തില്‍ ഒരു നോട്ടീസു പോലും വായിച്ചിട്ടില്ലാത്ത ചില മന്ദബുദ്ധികളാണ് പഴയ സംവിധാനത്തെ ഇപ്പോള്‍ അട്ടിമറിച്ചിരിക്കുന്നത്.

അക്ഷരങ്ങളെയും പുസ്തകങ്ങളെയും വെറുക്കുന്ന ചിലരുടെ ക്രൂരതയും വെല്ലുവിളിയുമാണ് തപാല്‍ വകുപ്പിന്റെ പ്രിന്റഡ് ബുക്ക് പോസ്റ്റ് വിതരണത്തില്‍ ഇപ്പോള്‍ നടപ്പാക്കിയ ഈ ജന ദ്രോഹം.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px