ചില പുസ്തകങ്ങളുടെ ജാതകം അങ്ങനെയാണ്. വായിച്ചാലും വീണ്ടും വായിക്കാന്‍ തോന്നുന്ന എന്തോ ഒരു ഇസം അതില്‍ പ്രവര്‍ത്തിക്കുന്നുണ്ടാവും. ബംഗ ആ ഗണത്തില്‍ പെടുത്താവുന്ന നോവലാണ് അതിശയോക്തിയുടെ മരീചികയല്ല, സത്യത്തിന്റെ പ്രായോഗിക വായനയുടെ ന്യായീകരണം മാത്രം.
വെറുമൊരു നക്‌സല്‍ നേതാവിന്റെ ജീവചരിത്രക്കുറിപ്പല്ല ബംഗ. ചരിത്രവും രാഷ്ട്രീയവും (ഇടതും വലതും) വിപ്ലവവും സംഗീതവുമെല്ലാം മിശ്രണം ചെയ്ത ഒരുകൂട്ടം മനുഷ്യരുടെ അതിജീവനത്തിന്റെ കാല്പനിക കാഴ്ച.
സാധാരണയായി മഹാരഥന്മാരെ വിപ്ലവ സിംഹം എന്ന് വിശേഷിപ്പിക്കാറുണ്ട്. എന്നാല്‍ കനു സന്യാലിനെ വിപ്ലവ സിംഹം എന്നല്ല കടുവ-അസ്സല്‍ ബംഗാള്‍ കടുവ-എന്ന് വിശേഷിപ്പിക്കാം. കാരണം കടുവകള്‍ ഏകാകികള്‍ ആണല്ലോ. ആ ഒറ്റയാന്‍കടുവ ആത്മഹത്യയെക്കുറിച്ച് മനനം ചെയ്യുന്നതില്‍ നിന്നും കഥയുടെ കര്‍ട്ടന്‍ ഉയരുന്നു. പിന്നീട് വിവിധ സന്ദര്‍ഭങ്ങളിലൂടെ ചരിത്രസ്മരണകളുടെ നേര്‍വരകള്‍ നമ്മള്‍ അറിയുന്നു.
ബംഗയുടെ വായനയില്‍ ചില സന്ദര്‍ഭങ്ങള്‍ മനസ്സില്‍ വല്ലാതെ തട്ടുന്നതാണ്. ഉദാഹരണത്തിന് കുട്ടിയായിരുന്ന വേളയില്‍ കനു ആദ്യമായി കല്‍ക്കത്ത കാണാന്‍ പോകുന്ന രംഗം. മുളങ്കാലില്‍ തട്ടി വീണ ആരുടെയോ ചവിട്ടുകൊണ്ട് വേദന കാര്‍ന്നു തിന്നുമ്പോഴും ദൂരെ സ്റ്റേജില്‍ ഇരിക്കുന്ന മുത്തശ്ശന്‍നേതാവിന്റെ ചിരി- അതെ മഹാത്മാഗാന്ധിയുടെ ചിരി -കണ്ട് സര്‍വ്വം മറക്കുന്ന കാഴ്ച. ദേശീയതയുടെ വളവില്ലാത്ത ശുദ്ധത. ചരിത്രപരമായ കഥ പറച്ചിലിനിടയില്‍ ഈ സന്ദര്‍ഭം വേറിട്ട് നില്‍ക്കുന്നു.
മറ്റൊന്ന് സരളാദേവി എന്ന കഥാപാത്രമാണ് ഒരുപക്ഷേ ഇന്നത്തെ സ്ത്രീപക്ഷ ചിന്തകര്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലും ആകാത്ത ഇരുമ്പ് മറ നിലനിന്ന കാലത്ത് സ്ത്രീപക്ഷ ചിന്തയുടെ നല്ല തിലകക്കുറിയായി മാറുകയായിരുന്നു സരളാ ദേവി.
ടാഗോറിന്റെ ജനഗണമനയും വിപ്ലവഗാനങ്ങളും പരമ്പരാഗത ബാവുല്‍ സംഗീതവും തൊട്ട് അപ്പാ ഗോകുലുവിന്റെ തൊണ്ടയില്‍ നിന്നും ഒഴുകിവന്ന തെരുവ്പാട്ട് വരെ… ബംഗയുടെ വായനയിലുള്ള അനക്കങ്ങളില്‍ വായനക്കാരുടെ സ്മൃതിപണ്ഡപത്തില്‍ ഒളിമങ്ങാതെ നില്‍ക്കാന്‍ ഇത്തരം നിരവധി മുഹൂര്‍ത്തങ്ങള്‍ ഉണ്ട്.
തേയിലയുടെ ചരിത്രം വളരെ വിശദമായി നോവല്‍ വിവരിക്കുന്നു. ചൈനയില്‍ ആദ്യമായി തേയില മൊട്ടിട്ടതും അവിടെനിന്ന് സായിപ്പന്മാര്‍ ഇന്ത്യയിലേക്ക് തേയിലവിത്തുകള്‍ കടത്തിയതും കൗതുകത്തോടെ വായിച്ചു പോകാം. സത്യത്തില്‍ മലയാളിക്ക് വൈകിട്ടത്തെ ചായകുടിയിലും രാവിലത്തെ വീണ്ടും വീണ്ടുമുള്ള ചായ കുടിയിലും മനസ്സില്‍ വിരുന്നെത്താവുന്ന സന്ദര്‍ഭമാണിത്
ചരിത്രം, കല, സംസ്‌കാരം, സാഹിത്യം, സംഗീതം ,ദേശീയത, വിപ്ലവം എന്നു വേണ്ട സര്‍വ്വതിനെയും തഴുകുന്ന ഗന്ധം പേറുന്ന ഹൂഗ്ലി നദി പോലെയാണ് ബംഗയുടെ വായനാനുഭവം.
വായന കഴിഞ്ഞ് നോവല്‍ നെഞ്ചോട് ചേര്‍ത്ത് വെറുതെ മനോരാജ്യത്തില്‍ മുഴുകുമ്പോള്‍ ഈ വാചകങ്ങള്‍ മനസ്സില്‍ മുഴങ്ങുകയായിരുന്നു.
1. നമ്മള്‍ പലവഴിക്കല്ല ഒരേ വഴിക്ക് എന്നല്ലേ ഇതിനര്‍ത്ഥം?
2. Where is a tea, there is hope!












