LIMA WORLD LIBRARY

കണ്ണീരുപ്പ് കലര്‍ന്ന പായസത്തിന്റെ കഥ ഒരിക്കല്‍ കൂടി-ഉല്ലാസ് ശ്രീധര്‍

ഞാന്‍ ബിരുദത്തിന് പഠിക്കുന്ന കാലം…

ഒരു ദിവസം ചെമ്പകമൂട് ദേവീ ക്ഷേത്രത്തില്‍ തൊഴുത് നിന്ന സ്ത്രീകള്‍ക്കിടയില്‍ നിന്ന്,
നാട്ടിലെ ഏറ്റവും മര്യാദക്കാരിയായ പെണ്ണിന്റെ രണ്ട് നക്ഷത്ര കണ്ണുകള്‍ എന്നെ നോക്കുന്നതു പോലെ…

സംശയത്തോടെ വീണ്ടും ശ്രദ്ധിച്ചപ്പോള്‍ അവളുടെ കണ്ണുകളില്‍ തിളങ്ങുന്നത് പ്രണയ നക്ഷത്രങ്ങളാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു…

ഓന്ത് ബാബുവിന്റെ കൈയിലിരുന്ന പായസപ്പാത്രം പിടിച്ചു വാങ്ങി ഞാന്‍ വിളമ്പാന്‍ തുടങ്ങി…

അവള്‍ക്ക് കൂടുതല്‍ പായസം വിളമ്പിയിട്ട് ഞാന്‍ പതിയെ ചോദിച്ചു -‘മതിയോ…?’

മതി എന്ന അര്‍ത്ഥത്തില്‍ പുഞ്ചിരിയോടവള്‍ തലയാട്ടി…

ആ പുഞ്ചിരിയിലെന്റെ നെഞ്ചില്‍ പുതിയ സ്വപ്നം വിരിയാന്‍ തുടങ്ങി…

അമ്പലത്തില്‍ നിന്ന്
വായനശാലയില്‍ ചെന്നയുടനെ
പഞ്ചാര മധുരമുള്ള പുഞ്ചിരി കിട്ടിയ കാര്യം രഹസ്യമായി ദുബായ് അനിയോട് പറഞ്ഞു…

പിറ്റേന്ന് രാവിലെ ഞാനും
ദുബായ് അനിയും കൂടി സൈക്കിളില്‍ അവളുടെ വീടിന്റെ മുന്നിലെ റോഡിലൂടെ,
വശത്തുള്ള ഇടവഴിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും പല തവണ പോയിട്ടും കാണാന്‍ കഴിയാതെ
നിരാശയോടെ ഞങ്ങള്‍ മടങ്ങി…

അവധി ദിനമായതിനാല്‍ അവള്‍ അമ്പലത്തില്‍ വരുമെന്ന പ്രതീക്ഷയോടെ വൈകുന്നേരം ഞാന്‍ നോക്കി നിന്നു…

ഇന്ന് ചിരിക്കുമോ?
മിണ്ടുമോ?
മിണ്ടണോ?
ഞാന്‍ മിണ്ടിയിട്ട് അവള്‍ മിണ്ടിയില്ലെങ്കില്‍ നാണക്കേടാകുമോ?

സംശങ്ങളാകുന്ന തീയുലുരുകി വെന്തു വെണ്ണീറായ ഹൃദയത്തില്‍ കുളിര്‍മഴ പൊഴിച്ചു കൊണ്ട് അവള്‍ എന്റെ മുന്നില്‍ വന്നു നിന്ന് ചിരിച്ചു…

ഹാവൂ,ആശ്വാസമായി…

കണിക്കൊന്ന പൂവിന്റെ നിറമുള്ള പാവാടയും ബ്ലൗസുമായിരുന്നു വേഷം…

ഈറന്‍ മാറാത്ത മുടിയിലൊരു റോസാപ്പൂവ് തിരുകിയിരുന്നു…

ആദ്യമാണെങ്കിലും ചിരിച്ചു കൊണ്ട് ചിരപരിചിതയെ പോലെ ചോദിച്ചു-‘ഉല്ലാസണ്ണന്‍ എന്തിനാ രാവിലെ വീടിന് മുന്നിലൂടെ അങ്ങോട്ടുമിങ്ങോട്ടും സൈക്കിളില്‍ പോയത്…?’

ആകാംഷയോടെ ഞാന്‍ ചോദിച്ചു-‘എന്നെ കണ്ടോ…?’

കുസൃതിച്ചിരിയോടെ അവള്‍ പറഞ്ഞു-‘കാണുകയും ചെയ്തു,
എണ്ണുകയും ചെയ്തു.
അങ്ങോട്ട് ആറ് പ്രാവശ്യം.
ഇങ്ങോട്ട് ആറ് പ്രാവശ്യം…’

‘എന്നെ കണ്ടിട്ടുമെന്തേ പുറത്തിറങ്ങാത്തത്…?’

മറു ചോദ്യമാണ് അവള്‍ ചോദിച്ചത് -‘സഖാവെന്താ ആറില്‍ നിര്‍ത്തിയത്…’

‘ഏഴാമതും വരണമെന്നുണ്ടായിരുന്നു.നിന്റെ അമ്മ അടുക്കള വാതില്‍ക്കല്‍ പേടിപ്പിക്കുന്ന നോട്ടവുമായി നില്‍ക്കാന്‍ തുടങ്ങി…’

കണ്ണുകളില്‍ പ്രണയവും ചുണ്ടുകളില്‍ വശ്യതയും മുഖത്ത് നിഷ്‌കളങ്കതയും വാക്കുകളില്‍ സ്‌നേഹവും വാരി വിതറിക്കൊണ്ടവള്‍ ചോദിച്ചു…

‘ഉല്ലാസണ്ണന് അമ്മയെ കണ്ടപ്പോള്‍ പേടി തോന്നിയോ.സഖാവിന്റെ താടിയും ഗൗരവമുള്ള മുഖവും കാണുമ്പോള്‍ നേരത്തെ എനിക്കാണ് പേടി തോന്നിയിരുന്നത്.ഇപ്പോഴല്ലേ മനസിലായത് പാവമാണെന്ന്…’

അതൊരു തുടക്കമായിരുന്നു…

പിന്നീട് ഞങ്ങളെന്നും കത്തുകളിലൂടെ കഥകള്‍ കൈമാറി കൊണ്ടിരുന്നു…

രാവിലെ കോളേജില്‍ പോകുമ്പോള്‍ ട്രാന്‍സ്‌പോര്‍ട്ട് ബസിനുള്ളില്‍ തട്ടിയും മുട്ടിയുമുള്ള ഞങ്ങളുടെ യാത്ര സന്തോഷം നിറഞ്ഞതായിരുന്നു…

പ്രണയം പാതിവഴിയില്‍ നഷ്ടപ്പെടുന്നതാണ് എന്റെ പതിവ്…

ഗള്‍ഫുകാരനുമായി അവളുടെ കല്യാണം നിശ്ചയിച്ചു…

അന്നത്തെ കാലത്ത് വേതനമില്ലാതെ സേവനത്തിന്റെ ഭാഗമായുള്ള കല്യാണ സദ്യ വിളമ്പലും പൊതുപ്രവര്‍ത്തനമായിരുന്നു…

അവളുടെ കല്യാണത്തിന് ഞാനും സദ്യ വിളമ്പാന്‍ പോയി…

അതിഥികളെ ഊട്ടിയതിന് ശേഷം ഞങ്ങള്‍ വളഞ്ഞിരുന്ന് തമാശകള്‍ പറഞ്ഞും പൊട്ടിച്ചിരിച്ചും സദ്യയുണ്ടപ്പോള്‍
ഞാന്‍ കുടിച്ച പായസത്തിന് ഉപ്പ് രസമായിരുന്നു…

നഷ്ട പ്രണയത്തിന്റെ കണ്ണീരുപ്പ് കലര്‍ന്ന പായസം കുടിക്കുന്ന എന്നെ മേശക്കപ്പുറമിരുന്ന ദുബായ് അനി കണ്ണുകള്‍ കൊണ്ട് ആശ്വസിപ്പിച്ചു…

എന്റെയുള്ളിലെ കടലോളം സങ്കടം അനിക്ക് അല്ലാതെ ആര്‍ക്കാണ് അറിയുന്നത്…

കഴിഞ്ഞ തിങ്കളാഴ്ച പൗര്‍ണ്ണമിക്കാവില്‍ എന്റെ പുസ്തക പ്രകാശനം നടന്നപ്പോള്‍ ആള്‍ക്കൂട്ടത്തിനിടയിലെ രണ്ട് കണ്ണുകള്‍ എന്നെ നോക്കുന്നത് ഞാനറിഞ്ഞു…

കണ്ണുകളിലെ
അന്നത്തെ അതേ നക്ഷത്ര തിളക്കം വീണ്ടും ഞാന്‍ കണ്ടു…

ദൈവമേ..,
ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം ഞങ്ങള്‍ വീണ്ടും കണ്ടു…

പുസ്തക പ്രകാശനവും പഴയ കൂട്ടുകാരിയെ കണ്ടതും ഒരു വേദിയിലായപ്പോള്‍ എനിക്ക് മധുരം ഇരട്ടിയായി…

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px