കാലാന്തരങ്ങള്‍-കാരൂര്‍ സോമന്‍ (നോവല്‍ അധ്യായം 15)

Facebook
Twitter
WhatsApp
Email

തെളിഞ്ഞ ആകാശം, ഇരുണ്ട ഭൂമി

ഹോസ്പിറ്റലില്‍ നിന്നും കാറില്‍ മടങ്ങുമ്പോള്‍ മോഹന്റെ മനസിനെ ഇരുള്‍മൂടിയിരുന്നു. പ്രതീക്ഷകളുടെ വര്‍ണങ്ങള്‍ കെട്ടുപോകുന്നത് അയാള്‍ അറിഞ്ഞു. എന്തോ എവിടെയോ ചില പാളിച്ചകള്‍. ആരുമത് മുന്‍കൂട്ടി തയാറാക്കി തനിക്കെതിരേ പ്രവര്‍ത്തിക്കുന്നതല്ല. എല്ലാം അനുകൂലമാകുമ്പോഴും അവസാന നിമിഷങ്ങളിലെ തകിടംമറിച്ചിലുകളില്‍ കൈവിട്ടുപോകുന്ന ഭാഗ്യത്തെ നോക്കി നിരാശപ്പെടാനല്ലാതെ മറ്റെന്തുചെയ്യാന്‍. ദൈവം ചില തീരുമാനങ്ങളായി തനിക്കെതിരേ പുറംതിരിഞ്ഞുനില്‍ക്കുകയാണോ. അതോ ദൗര്‍ഭാഗ്യത്തിന്റെ ഒടുക്കത്തെ ആണികളെല്ലാം തന്റെ സ്വപ്നത്തിന്റെ ശവപ്പെട്ടിയില്‍ ആഞ്ഞുതറയ്ക്കുന്നുവോ.

ഡോക്റ്ററുടെ വാക്കുകള്‍ അയാളിലെ അവസാന പ്രതീക്ഷകളെയും തല്ലിക്കെടുത്തുകയായിരുന്നു. എന്തൊരാശ്വാസത്തോടെയാണ് ഡോക്റ്റര്‍ തന്നോട് അതു പറഞ്ഞത്. ബിന്ദുവിന്റെ ശരീരത്തില്‍ ഇതുവരെ അര്‍ബുദത്തിന്റെ ഒരു കണികയേയും കാണുവാന്‍ കഴിഞ്ഞിട്ടില്ലത്രെ. ഒരു ദിവസം നീണ്ടുനിന്ന പരിശോധനയുടെ ഫലം അതാണ് കാണിക്കുന്നത്. ഓപ്പറേഷന്‍ ചെയ്ത ഭാഗത്ത് യാതൊരു വളര്‍ച്ചയുടേയും ലക്ഷണമില്ല. ഇനിയൊരു പ്രതീക്ഷയ്ക്കും വകയില്ലെന്നു ഒരിക്കല്‍ നിശ്ചയിച്ചിടത്താണ് ആരേയും അമ്പരപ്പിക്കുന്ന മാറ്റം ബിന്ദുവില്‍ കാണുന്നത്. ഓപ്പറേഷനില്‍ പോലും ചെറിയൊരു ശതമാനം മാത്രമായിരുന്നു ജീവന്‍ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷ. അതു വിജയിച്ചു എന്നു മാത്രമല്ല. ഇപ്പോഴത്തെ കണക്കുകൂട്ടലില്‍ രോഗം തിരിച്ചുവരാനുള്ള സാധ്യതയുടെ അളവ് തികച്ചും കുറവാണ്… എങ്കിലും ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. മരുന്നുകള്‍ കുറെ നാള്‍ കൂടി കഴിക്കേണ്ടിവരും. ഇടയ്ക്കിടെ ചില പരിശോധനകള്‍ നടത്തേണ്ടതുണ്ട്. അതിനി അമേരിക്കയില്‍ ചെന്നിട്ടായാലും മതിയാകും…

എല്ലാമറിഞ്ഞപ്പോള്‍ മിഴിച്ചുനില്‍ക്കാനെ അയാള്‍ക്കു കഴിഞ്ഞുള്ളൂ. നിശബ്ദമായി തലകുമ്പിട്ടിരുന്നപ്പോള്‍ അവിശ്വസനീയമായ ഒരു സന്തോഷവാര്‍ത്ത കേട്ടതിന്റെ ഞെട്ടലിലാണ് മോഹന്‍ എന്നാണ് ഡോക്റ്റര്‍ കരുതിയത്. മോഹന്‍ ഞെട്ടലില്‍ തന്നെയായിരുന്നു. പക്ഷെ പ്രതീക്ഷകളെല്ലാം അപ്രതീക്ഷിതമായി തകര്‍ന്നടിഞ്ഞതിന്റെ ഞെട്ടലില്‍.

ആശുപത്രിയിലെ രോഗികള്‍ക്കുള്ള വിശ്രമമുറിയില്‍ കിടക്കുകയായിരുന്ന ബിന്ദുവിനോട് ഡോക്റ്റര്‍തന്നെയാണ് വിവരങ്ങള്‍ അറിയിച്ചത്. എല്ലാ സന്തോഷങ്ങളും ഉള്ളിലൊതുക്കി മനസിന്റെ കണ്ണാടിയെന്നപോല്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞു. കിടക്കയില്‍നിന്നും പതിയെ എഴുന്നേറ്റു. ആശുപത്രിയില്‍ കൂടെ വന്നിരുന്ന മീനാക്ഷിയമ്മയുടെ കയ്യിലിരുന്ന ആനന്ദിനെ അവള്‍ മാറോടുചേര്‍ത്തു. ഏതോ അത്ഭുത ലോകത്തില്‍പ്പെട്ട പോലെ അവള്‍ മോഹനെ നോക്കി. അയാള്‍ ചിരിക്കുകയാണോ അതോ കരയുകയാണോ എന്നു മനസിലാക്കാന്‍ അവള്‍ക്കു കഴിഞ്ഞില്ല. എന്തിന്, തന്നില്‍ എന്താണു സംഭവിക്കുന്നതെന്നു പോലും അവള്‍ക്കു തിരിച്ചറിയാന്‍ കഴിഞ്ഞില്ല.

ആശുപത്രിയില്‍ നിന്നുമിറങ്ങുമ്പോള്‍ ഉച്ചകഴിഞ്ഞിരുന്നു. തിരിച്ചുപോക്ക് ബിന്ദുവിന്റെ വീട്ടിലേക്കാണെന്നു നേരത്തെ തീരുമാനിച്ചിരുന്നു. അതുകൊണ്ടുതന്നെയാണ് മീനാക്ഷിയമ്മയെ ആശുപത്രിയില്‍ വരുത്തിച്ചത്. എന്തായാലും ദു:ഖകരമായ ഒരു വാര്‍ത്തയായിരിക്കും ഉണ്ടാകുകയെന്നാണ് എല്ലാവരും കരുതിയത്. അത് പ്രതീക്ഷിച്ചാണ് ബിന്ദുവിനെ അവളുടെ വീട്ടിലേക്കു കൊണ്ടുപോകാമെന്ന മീനാക്ഷിയമ്മയുടെ ആഗ്രഹത്തിനു മോഹന്‍ എതിരു നില്‍ക്കാഞ്ഞത്. അച്ഛന്‍ മരിക്കുംമുന്‍പ് ബിന്ദുവിനെ രണ്ടുദിവസം അവളുടെ വീട്ടില്‍ നിര്‍ത്തണമെന്നാവശ്യപ്പെട്ടു മീനാക്ഷിയമ്മ വന്നിരുന്നു. അവളുടെ വീട്ടിലേക്കു ഒരു യാത്രയാകാമെന്നു കരുതിയിരിക്കുമ്പോഴായിരുന്നു ഗോപാലന്‍ മരിച്ചത്.

കാറിന്റെ മുന്‍വശത്തായാണ് മോഹന്‍ ഇരിക്കുന്നത്. പിറകില്‍ ബിന്ദുവും മീനാക്ഷിയമ്മയും. മീനാക്ഷിയമ്മയുടെ കയ്യിലിരുന്നു ആനന്ദ് ഉറങ്ങുന്നു. റോഡില്‍ ഉച്ചവെയില്‍ കനലുപോലെ തിളങ്ങുന്നു. പകുതിയടച്ച കാര്‍ വിന്‍ഡോയിലൂടെ ചൂടുകാറ്റ് വീശിയടിക്കുന്നു. ഉച്ചവെയിലിന്റെ പൊള്ളല്‍ തന്റെ നെഞ്ചിലേക്കു പടരുന്നതായി മോഹനു തോന്നി. വലിയൊരു ശൂന്യതയാണ് തന്റെ മുന്നില്‍ ഇരുണ്ടുകിടക്കുന്നത്. അയാള്‍ കാറിന്റെ മിററിലൂടെ പിറകിലെ സീറ്റിലേക്കു നോക്കി. ബിന്ദു കാറിനു പുറത്തെ കാഴ്ചകളിലാണ്. ഇന്നുവരെ കാണാത്തതുപോലെ അവള്‍ എല്ലാം കണ്ണുകളിലേക്കാവാഹിക്കുകയാണ്. ഇടയ്ക്കിടെ നനയുന്ന കണ്ണുകള്‍ അവള്‍ തുടയ്ക്കുന്നുണ്ട്. കണ്ണീരിന്റെ നനവിലും ആത്മാവറിഞ്ഞ ആഹ്ലാദത്തിന്റെ അടക്കിവച്ച തിരയിളക്കങ്ങള്‍ കാണുവാനാകുന്നുണ്ട്. ആ കവിളുകളില്‍ കാണാതിരുന്ന തുടിപ്പുകള്‍ ഉണരുന്നുണ്ടോ. അവളുടെ വിരലുകള്‍ മീനാക്ഷിയമ്മയുടെ മടിയിലുറങ്ങുന്ന ആനന്ദിന്റെ കുഞ്ഞുകാലുകളില്‍ മുറുകെ പിടിച്ചിരിക്കുന്നു…. . മോഹനില്‍ വല്ലാത്തൊരു അസ്വസ്തത മുളപൊട്ടി.

പക്ഷെ ബിന്ദുവിന്റെ കണ്ണുനീരിനു ഇപ്പോള്‍ പറയാനുള്ളതു മറ്റൊന്നായിരുന്നു. ഡോക്റ്ററുടെ വാക്കുകള്‍ വെയിലില്‍ പൊള്ളുന്ന മണല്‍ത്തരികള്‍ക്കുമീതെ പതിച്ച ആദ്യ മഴപോലെയായിരുന്നു. വിശ്വസിക്കാനായില്ല. കാലമെത്രയായാലും മരണമെന്നത് തൊട്ടടുത്തെന്നു കരുതി ജീവിക്കേണ്ടി വന്നവള്‍ക്കു കിട്ടിയ ദൈവാനുഗ്രഹത്തിന്റെ ആള്‍രൂപമായായിരുന്നു ആ ഡോക്റ്റര്‍ തന്നോടത് പറഞ്ഞത്. തന്നില്‍ ജീവിതത്തിലേക്കുള്ള തിരിച്ചുപോക്കിന്റെ സാധ്യതകള്‍ ഏറിയെന്ന്. ഏതു സന്തോഷ നിമിഷത്തിലും മരണം തനിക്കും മറ്റുള്ളവര്‍ക്കുമിടയില്‍ തീര്‍ക്കുന്ന മതില്‍ പൊളിഞ്ഞുപോയിരിക്കുന്നു. ആ തിരിച്ചറിവ് ഏറ്റവും കൂടുതല്‍ പങ്കുവയ്‌ക്കേണ്ടത് മോഹനേട്ടനോടൊപ്പമാണ്. ആ മനസാണ് തന്റെ ശക്തിയായി പ്രവര്‍ത്തിച്ചത്. ആ സാന്നിധ്യമാണ് തന്നെ ഇന്നിങ്ങിനെ ലോകത്തോടടുപ്പിച്ചു നിര്‍ത്തിയിരിക്കുന്നത്.

എന്നാല്‍ എല്ലാ ആഹ്ലാദത്തോടും കൂടി ആ മുഖത്തേയ്ക്കു നോക്കിയപ്പോള്‍ എന്താണ് തനിക്കു വായിക്കാന്‍ കഴിഞ്ഞത്. എല്ലാം നഷ്ടപ്പെട്ടവന്റെ നിരാശയുടെ ആഴം വെളിവാക്കുന്ന നിര്‍വികാരതയോ. ആര്‍ക്കോ വേണ്ടിയെന്നവണ്ണം തന്നെ നോക്കി പുഞ്ചിരിക്കാന്‍ ശ്രമിച്ച മോഹന്റെ ആ രൂപം ഇന്നുവരെ താന്‍ കണ്ടിട്ടേയില്ല. തന്റെ മുഖത്തുനോക്കാന്‍ പോലും മോഹന്‍ കഴിയാത്തതുപോലെ. ഓടിവന്നു ആശ്ലേഷിക്കേണ്ട കരങ്ങള്‍ മരവിച്ചിരിക്കുന്നുവോ. തന്നെ ചുംബിക്കാന്‍ കൊതിയോടെ തുടിക്കേണ്ട ചുണ്ടുകള്‍ വരണ്ടിരിക്കുന്നുവോ. ആദ്യമൊക്കെ വെറുമൊരു തോന്നലായാണ് താന്‍ കരുതിയത്. പക്ഷെ ഇപ്പോഴും മോഹന്റെ മനസ് ഒറ്റയ്ക്കാണ്. ആത്മാവ് നഷ്ടപ്പെട്ടവനെപ്പോലെ അയാള്‍ ചകിതനാണ്. ഇങ്ങനെ അസ്വസ്ഥനാകാന്‍ എന്താണ് സംഭവിച്ചത്. തന്റെ രോഗം പിന്‍വാങ്ങിയെന്ന സത്യം അറിഞ്ഞതോ. അതില്‍ സന്തോഷിക്കേണ്ട മോഹന്‍ ഇങ്ങനെ വികാരശൂന്യനായതെന്താണ്. അവള്‍ക്കൊന്നും മനസിലാകുന്നില്ല. എത്ര നിയന്ത്രിച്ചിട്ടും കണ്ണിലുരുണ്ടുകൂടുന്ന കണ്ണുനീരിനു ശമനമുണ്ടാകുന്നില്ല. അവള്‍ അറിയാതെ തന്നെ തേങ്ങിപ്പോയി.

കാര്‍ ബിന്ദുവിന്റെ വീട്ടിലെത്തുമ്പോള്‍ അന്തിവെയില്‍ വീണുതുടങ്ങിയിരുന്നു. മീനാക്ഷിയമ്മയെ സഹായിക്കാന്‍ നില്‍ക്കുന്ന അകന്ന ബന്ധത്തിലെ സ്ത്രീ അവരേയും കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. ബിന്ദുവും മീനാക്ഷിയമ്മയും അകത്തേയ്ക്കു നടന്നു. ആനന്ദ് ഇപ്പോഴും മീനാക്ഷിയമ്മയുടെ തോളില്‍ ഉറക്കത്തിലാണ്. കാര്‍ ഡ്രൈവറോട് കാത്തുനില്‍ക്കാന്‍ പറഞ്ഞ്, ബിന്ദുവിന്റെ ബാഗുമെടുത്ത് മോഹനുമിറങ്ങി.

മോഹന്റെ പദ്ധതികളുടെ ആദ്യ ഘട്ടം ഈ മുറ്റത്താണ് തയാറാക്കിയത്. ബിന്ദുവിനെ പെണ്ണുചോദിച്ചുവരുമ്പോള്‍ എന്തായിരിക്കും മറുപടിയെന്നു അയാള്‍ക്കു നിശ്ചയമുണ്ടായിരുന്നില്ല. നല്ല സ്വത്തിനുടമയായ അസുഖക്കാരിപ്പെണ്ണിനെ കല്യാണമാലോചിച്ചു ചെല്ലുന്നത് എന്തുകണ്ടുകൊണ്ടാകുമെന്ന് സാധാരണയായി ചിന്തിക്കുന്നവര്‍ക്കെല്ലാം മനസിലാകും. എന്നാല്‍ അമേരിക്കയില്‍ ജോലിയുള്ള ചെറുക്കനാണെന്നും ബിന്ദുവിനെ എന്നും മനസില്‍ ആഗ്രഹിച്ചിരുന്നവനാണെന്നുമുള്ളത് ആരിലും സംശയമുണര്‍ത്തിയില്ല. എന്തിനു ഇന്നുവരെ ബിന്ദുവില്‍പോലും അങ്ങിനെയൊന്നുണ്ടായിട്ടില്ല. ഇനിയും അങ്ങിനെതന്നെയായിരിക്കണം. നാളെ ഒരുപക്ഷെ അവളുടെ മരണം എന്തെങ്കിലും രോഗം കൊണ്ടുമാത്രമാകണമെന്നു നിര്‍ബന്ധമില്ലല്ലോ.

അവളുടെ തലച്ചോറില്‍ വളര്‍ന്നുപടരാന്‍ മറന്നുപോയ അര്‍ബുദനാരുകള്‍ തകര്‍ത്തത് തന്റെ സ്വപ്നങ്ങളാണ്. ആ സ്വപ്നങ്ങള്‍ക്കു ജീവന്‍ കൊടുക്കാന്‍ പുതിയ വഴികള്‍ തേടിയേ മതിയാകൂ. ഏതൊരു അപകടവും അവളുടെ മരണത്തില്‍ കലാശിക്കാം. താന്‍ തയാറാക്കിയ തിരക്കഥയില്‍ ചെറിയൊരു മാറ്റം മാത്രം. ഇനിയും ഏറെ നാള്‍ കാത്തിരിക്കാന്‍ തനിക്കാവില്ല. കിട്ടേണ്ടത് കോടികളാണ്…. മോഹന്റെ നെറ്റിയില്‍ ചുളിവുകള്‍ വീഴാന്‍ തുടങ്ങി. ഇനി അധികകാലം നാട്ടില്‍ നില്‍ക്കേണ്ട ആവശ്യമില്ല എന്ന തോന്നല്‍ അയാളില്‍ ഉണ്ടായി. തിരിച്ചുപോകണം. എത്രയും വേഗം അമേരിക്കയിലെത്തിയാല്‍ അത്രയും നന്ന്. ബിന്ദുവിന്റെ ജീവനണയേണ്ടത് അവിടെയാണ്. നാട്ടിലാണെങ്കില്‍ നൂലാമാലകള്‍ ഏറെയാകും. ഇന്‍ഷുറന്‍സിന്റെ കാര്യങ്ങളെല്ലാം നടക്കേണ്ടത് അമേരിക്കയില്‍ തന്നെയാണ്. ഇവിടെയാണു മരണമെങ്കില്‍ അതിന്റെ കടലാസുപണികള്‍ തന്നെ ഏറെയുണ്ടാകും. അവിടെ അപ്പാര്‍ട്ടുമെന്റിലെ സ്റ്റെയര്‍കേസില്‍ നിന്നും കാല്‍തെറ്റിയുള്ള ഒരു വീഴ്ച മാത്രം മതിയാകും എല്ലാം അവസാനിക്കാന്‍… പിന്നെ എല്ലാം വിചാരിച്ചതുപോലെ തന്നെ…..

മീനാക്ഷിയമ്മ ചായ കൊണ്ടുവന്നപ്പോഴാണ് അയാള്‍ ഓര്‍മകളില്‍നിന്നുമുണര്‍ന്നത്. ഇന്നു തിരച്ചുപോകേണ്ടതുണ്ടോ എന്ന മീനാക്ഷിയമ്മയുടെ ചോദ്യത്തിനു മറുപടി പോലും പറയാന്‍ അയാള്‍ മറന്നുപോയി. കസേരയില്‍ നിന്നും പതിയെ എഴുന്നേറ്റ് ബിന്ദു കിടക്കുന്ന മുറിയിലേക്കു നടന്നു. അന്ന് പെണ്ണുചോദിക്കാന്‍ വന്ന ദിവസം അവളുടെ മനസറിയാന്‍ നിന്ന മുറിയില്‍ തന്നെയാണ് ബിന്ദു കിടന്നിരുന്നത്. ആശുപത്രിയിലെ പരിശോധനകള്‍ കഴിഞ്ഞപ്പോഴേക്കും അവള്‍ ആകെ ക്ഷീണിതയായിരുന്നു. പിന്നെ തന്റെ ഭര്‍ത്താവിന്റെ ഭാവവും മനസില്‍ തികട്ടിവന്ന സംശയങ്ങളും അവളെയപ്പോള്‍ തളര്‍ത്തിക്കളഞ്ഞിരിക്കുന്നു.

താഴ്ന്നുനിന്നിരുന്ന വാതില്‍പ്പടിയിലൂടെ അയാള്‍ മുറിയിലേക്കു കടന്നു. അവള്‍ വെളിച്ചത്തെ വെറുത്തിട്ടെന്നവണ്ണം ഇരുളിലേക്കുമുഖമാഴ്ത്തി തിരിഞ്ഞുകിടക്കുകയാണ്. അയാള്‍ അവളെത്തന്നെ കുറച്ചു നിമിഷം നോക്കി നിന്നു. വരും ദിവസത്തേക്കു കാത്തുവച്ചിരിക്കുന്ന ഭക്ഷണത്തെ നോക്കിനില്‍ക്കുന്ന വന്യമൃഗത്തിന്റെ ശാന്തതയായിരുന്നു അയാള്‍ക്ക്.

ബിന്ദൂ…. അയാള്‍ പതിയെ വിളിച്ചു. നിറഞ്ഞ കണ്ണുകളോടെ അവള്‍ തിരഞ്ഞുനോക്കി. അയാള്‍ കട്ടിലിനരികിലിരുന്നു.

പോവുകയായോ…. അവളുടെ ചോദ്യത്തിനു മൂളല്‍ മാത്രമായിരുന്നു മറുപടി. അയാള്‍ പതിയെ അവളുടെ വിളറിയ കവിളില്‍ വിരലോടിച്ചു. മനസില്‍ ഇരുണ്ട ചിന്തകള്‍ പുറത്തുവരാതിരിക്കാന്‍ അയാള്‍ പാടുപെടുന്നുണ്ടായിരുന്നു. അയാള്‍ കട്ടിലില്‍ നിന്നെഴുന്നേറ്റു. വാതിലിനരികെ ഉറക്കമെഴുന്നേറ്റ ആനന്ദിനെയും എടുത്ത് മീനാക്ഷിയമ്മ നില്‍ക്കുന്നു. മറ്റാര്‍ക്കോ എന്നവണ്ണം ആനന്ദിന്റെ നെറ്റിയില്‍ മുത്തം വച്ച് അയാള്‍ പുറത്തേക്കിറങ്ങി. തിരിച്ചുവരാത്ത വണ്ണം മോഹന്‍ വിദൂരതയിലേക്കു മറയുന്നതു പോലെ ബിന്ദുവിനു തോന്നി. പുറത്ത് കാര്‍ സ്റ്റാര്‍ട്ടു ചെയ്യുന്ന ശബ്ദമുയര്‍ന്നു.

(തുടരും)

www.karoorsoman.net

 

About The Author

Leave a Reply

Your email address will not be published. Required fields are marked *