LIMA WORLD LIBRARY

നീലിമ-ലാലി രംഗനാഥ് (നോവല്‍: ഭാഗം-5)

രിച്ചിറങ്ങുന്ന തണുപ്പിലും കുളിച്ച്,വസ്ത്രം മാറി മുറിയിലേക്കുവന്ന ശാരി , ആകാശനീലിമ ഉമ്മവച്ചുറക്കുന്ന മലനിരകളിലേക്ക് കണ്ണുനട്ട്, ജനലഴിയില്‍ പിടിച്ചുനില്‍ക്കുന്ന നീലുവിന്റെ കണ്ണുകളിലൂടെയൊഴുകുന്ന കണ്ണുനീരിന്റെ അര്‍ത്ഥം വളരെ വേഗത്തില്‍ തിരിച്ചറിഞ്ഞു. കാരണം ശാരിക്കറിയാമായിരുന്നു അത്രമേല്‍ ആഴത്തില്‍ കൂട്ടുകാരിയുടെ മനസ്സിന്റെ ചിന്തകളെ. ഒന്നായലിഞ്ഞുചേരാന്‍ കൊതിക്കേ അടര്‍ത്തിമാറ്റപ്പെട്ട ഇണ സര്‍പ്പങ്ങളുടെ ഉള്ളുരുക്കത്തിലമരുകയാണ് അവളുടെ ചിന്തകളെന്ന് കണ്ണുനീരൊഴുകുന്ന നീലുവിന്റെ കണ്ണുകള്‍ പറയുന്നതുപോലെ..

ശാരി കുറച്ചുനേരമായി തന്റെയടുത്ത് വന്ന് നില്‍ക്കുന്നത് നീലു അറിയുന്നതുപോലുമു ണ്ടായിരുന്നില്ല. ബംഗ്ലാവിലെ ആ വലിയ മുറിയിലെ നിശബ്ദതയെ മുറിച്ചുകൊണ്ടപ്പോഴേക്കും സരളമ്മ മുറിയിലേക്ക് കടന്നുവന്നു.

‘നീലൂ ..മോളെ.. നിങ്ങള്‍ക്ക് ഭക്ഷണം കഴിക്കാറായില്ലേ.. സമയം ഒരു മണി കഴിഞ്ഞല്ലോ.. സന്തുമോന്‍ വൈകുമോ ഇന്ന്.’?

നീലു പെട്ടെന്ന് സ്ഥലകാലബോധത്തിലേക്ക് തിരിച്ചെത്തി. കൈകള്‍കൊണ്ട് കണ്ണുതുടയ്ക്കുന്നത് ശാരിയും സരളമ്മയും കണ്ടെങ്കിലും രണ്ടുപേരും അത് കണ്ടില്ലെന്ന് നടിച്ചു.

‘ ആ വേണം..വേണം. നീലൂ..എനിക്ക് ഭയങ്കരമായിട്ട് വിശക്കുന്നുണ്ട് ട്ടോ.. സന്ദീപ് ലഞ്ചിന് വരുമോ? ‘

‘ ഞാനൊന്നു വിളിച്ചു നോക്കട്ടെ ‘..
എന്നുപറഞ്ഞ് നീലു ഫോണെടുത്ത് മെസ്സേജ് വായിച്ചിട്ട് പറഞ്ഞു.

‘സന്ദീപ് നാലുമണിക്കേ വരുള്ളൂ.
ആറരക്കാണ് മദ്രാസിനുള്ള ബസ്.. നീ വാ..നമുക്ക് കഴിക്കാം’.
അവര്‍ ഡൈനിങ് ഹാളിലേക്ക് നടന്നു.

ശാരി നേരെ അടുക്കളയിലേക്ക് ചെന്ന്,മൂടിവച്ചിരുന്ന ഓരോ പാത്രങ്ങളും തുറന്നുനോക്കിയിട്ട്,സരളമ്മയുടെ കയ്യില്‍ പിടിച്ചിട്ട് പറഞ്ഞു.

‘ എന്തെല്ലാം വിഭവങ്ങളാണ് സരളമ്മ ഒരുക്കിയിരിക്കുന്നത്? എല്ലാത്തിലും കൈപ്പുണ്യത്തിന്റെ ഒരു മണം പരക്കുന്നുണ്ട് കേട്ടോ..?
ഇതും പറഞ്ഞ് അവള്‍ ചിരിച്ച്‌കൊണ്ട് അവരുടെ കവിളില്‍ സ്‌നേഹത്തോടെ തട്ടിയിട്ട്
‘ ചുന്ദരി സരളമ്മ’ ‘എന്ന് കൂടി കൂട്ടിച്ചേര്‍ത്തു.

‘ രണ്ടാളും പോയിരിക്കു..ഞാന്‍ വിളമ്പിത്തരാം’

‘ ഏയ് അത് പറ്റില്ല.. നമുക്ക് മൂന്നാള്‍ക്കുംകൂടി ഒരുമിച്ചിരുന്ന് കഴിക്കാം ട്ടോ.. എല്ലാം മേശപ്പുറത്ത് എടുത്തുവയ്ക്കാം. ‘

‘ വേണ്ട മക്കളെ, എല്ലാവരും കഴിച്ചിട്ട് ഭക്ഷണം കഴിച്ചാലേ എനിക്ക് തൃപ്തിയാവുള്ളൂ. എന്റെ സന്തുമോന്റെ അമ്മയുടെ കൂടെ നില്‍ക്കാന്‍ തുടങ്ങിയപ്പോഴേയുള്ള ശീലമാണ്. ‘ ഒരു ദീര്‍ഘനിശ്വാസമുതിര്‍ത്തുകൊണ്ട് സരളമ്മ പറഞ്ഞു.

നീലുവും ശാരിയും ഭക്ഷണം കഴിച്ച്,തിരിച്ചു ഹാളിലേക്ക് വന്നു.

‘ ശാരി, നിനക്കുറങ്ങണമെങ്കില്‍ കുറച്ച് കിടക്കു ട്ടോ. ‘

‘ വേണ്ടടി.. നിന്നെക്കണ്ടാല്‍ പിന്നെ എനിക്ക് ഉറക്കമൊന്നും വരില്ലെന്നറിയില്ലേ.? സന്ദീപിന്റെ ഡ്രസ്സെല്ലാം റെഡിയാക്കി വച്ചോ നീയ്? ഇല്ലെങ്കില്‍ ചെയ്തിട്ട് വാ. നമുക്ക് കുറച്ചുനേരം പണ്ടത്തെ കഥകളൊക്കെ പറഞ്ഞിരിക്കാം. നമ്മുടെ വാച്ച്മാന്‍ വിജയന്‍ നായരും ലാബ് അസിസ്റ്റന്റ് വിമലയും തമ്മിലുള്ള പഞ്ചാര ഞാന്‍ പൊളിച്ചതൊക്കെ.. ഓര്‍മ്മയില്ലേ?എപ്പോഴോര്‍ത്താലും എനിക്ക് ചിരിയടക്കാന്‍ പറ്റില്ല

‘. തമാശ പറഞ്ഞ് നീലുവിന്റെ മൂഡ് ഒന്നു മാറ്റാന്‍ ശാരി ശ്രമിച്ചെങ്കിലും, അതൊരു പരാജയമായി മാറി.

‘പണ്ടത്തെ കഥകള്‍.??അതെ, ആ കഥകളില്‍ തന്നെയാണിപ്പോഴും എന്റെ മനസ്സ്.. പക്ഷേ അത് നീ പറയുന്നതല്ല…’

പാതി നിര്‍ത്തിയ നീലുവിന്റെ വാക്കുകള്‍ ശാരിയെയും ഒരു നിമിഷം മൗനത്തിലാഴ്ത്തി.

അല്പം കൂടി അവളുടെ അടുത്തേക്ക് ചേര്‍ന്നിരുന്നിട്ട് ,ശാരി ചോദിച്ചു.

‘ മോളെ… നിനക്കിനിയും മറന്നൂടെ അതെല്ലാം ? ‘

‘ ഞാന്‍ ശ്രമിക്കുന്നു…മുന്‍പും ഇപ്പോഴും.വിഷാദത്തിലേക്ക് വഴുതിവീണപ്പോഴും, നീയുള്‍പ്പെടെ എല്ലാവരും ചേര്‍ന്ന് ജീവിതത്തിലേക്കെന്നെ കൊണ്ടുവന്നപ്പോഴും ഞാന്‍ ശ്രമിച്ചിരുന്നു.. എല്ലാം മറക്കാന്‍.
എങ്കിലും ശാരീ.. എന്തിനായിരുന്നു സൂര്യയില്‍ നിന്നെന്നെ പറിച്ചെടുത്തത്. സൂര്യയെ ഇല്ലാതാക്കിയത്?

‘ നീലൂ…നീ വിശ്വസിക്കുന്നു സൂര്യ മരിച്ചുപോയെന്ന്. നിന്റെ ഏട്ടന്‍ കൊന്നുവെന്ന്. പക്ഷേ എന്ത് തെളിവാണതിനുള്ളത്? സൂര്യ ആരോടും പറയാതെ നിന്റെ ജീവിതത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ തീരുമാനിച്ചതാണെങ്കിലോ’?

‘ നിനക്കെങ്ങനെ സാധിക്കുന്നു ഇങ്ങനെയെല്ലാം പറയാന്‍? നിനക്കറിയാം, ഞാന്‍ സൂര്യയോടടുക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം എത്രമാത്രം അകന്നു മാറിയവനാണെന്ന്.? നിനക്ക് മാത്രമല്ലേ അത് അറിയുള്ളൂ. അവസാനം കടുത്ത നിരാശയില്‍ ഞാന്‍ മൗനിയായപ്പോള്‍ നീ തന്നെയല്ലേ സൂര്യയോട് എല്ലാം തുറന്നു പറഞ്ഞത്. എന്റെ മനസ്സ് തുറന്നുകാണിച്ചത്.?

ഒരു ദിവസം സൂര്യയുടെ വീട്ടില്‍ച്ചെന്ന്,
ശിവപാര്‍വ്വതി ശില്പത്തിന് മുന്നില്‍ എന്നെ പിടിച്ചു നിര്‍ത്തി സൂര്യയോട് നീ പറഞ്ഞത്, നീ മറന്നോ?

‘ഈ ശില്‍പ്പത്തെ രണ്ടായി വേര്‍പിരിക്കാനാവുമെങ്കില്‍ സൂര്യയ്ക്ക് ഇവളുടെ മനസ്സ് കാണാതിരിക്കാം’. എന്നല്ലേ?

അതും പറഞ്ഞ് മുറിയില്‍നിന്ന് നീ ഇറങ്ങിപ്പോയപ്പോള്‍ എന്നോട് സൂര്യ പറഞ്ഞതെന്തായിരുന്നുവെന്ന് നീയും ഓര്‍ക്കുന്നുണ്ടാവും .

‘ നീലൂ . നീ എന്നെ പ്രണയിക്കുന്നതിന്റെ നൂറിരട്ടി ഇഷ്ടം എനിക്ക് നിന്നോടുണ്ട്.
എന്റെ പ്രണയം അഗ്‌നിയാണ്. തീഷ്ണമായ അതിന്റെ ജ്വാലയില്‍ വര്‍ണ്ണശബളമായ നിന്റെ ജീവിതം വെന്തുരുകിയാലോ എന്ന് ഞാന്‍ ഭയക്കുന്നു’.

ഈ വാക്കുകള്‍ കേട്ട്, പൂത്തുലഞ്ഞ മനസ്സുമായി സൂര്യയുടെ നെഞ്ചോട് ചേരുമ്പോള്‍ ശിവപാര്‍വതി ശില്പത്തിന് ജീവന്‍ വച്ചതു പോലെ…

‘എന്റെ നെഞ്ചില്‍ ഞാന്‍ നിന്നെ ചേര്‍ത്തു പിടിച്ചാല്‍, മരണം വേര്‍പെടുത്തുംവരെ നമ്മുടെ ശ്വസനതാളമൊന്നായിരിക്കും.എന്റെ പ്രണയത്തിലുരുകാന്‍ തയ്യാറാണെങ്കില്‍ ഈ വിഗ്രഹം സ്വയം വേര്‍പെടുംവരെ നമ്മളുമൊന്നായിരിക്കും.’

സൂര്യയുടെ അന്നത്തെ വാക്കുകള്‍ നീലുവിന്റെ കാതുകളില്‍ പ്രതിധ്വനിച്ചു ഒരു നിമിഷം.

‘എടി .. സൂര്യ ഭീരുവായിരുന്നില്ല.. മൂന്ന് ദിവസം എന്റെ മോഹങ്ങളെ, എന്റെ ചേതനയെ,തഴുകി യുണര്‍ത്തിയിട്ട്, മരണത്തിലൂടെയല്ലാതെ എന്നെ തനിച്ചാക്കി സൂര്യ എവിടേക്കും പോവില്ല.. ഒരിക്കലും.ഒരിക്കലും.’

ഇത് പറയുമ്പോള്‍ ഭ്രാന്തമായ ഒരു വികാരത്തിന് അടിമപ്പെട്ടവളെപ്പോലെയായിരുന്നു നീലു. അവളുടെ ശബ്ദം നേര്‍ത്ത് നേര്‍ത്തില്ലാതാകുമ്പോള്‍

‘എന്റെ സൂര്യ ഒരു ഭീരുവല്ല’
എന്ന വാക്കുകള്‍ അവ്യക്തതയിലാണ്ടിരുന്നു.

സാന്ത്വനത്തിന്റെ തണലില്‍ അഭയം തേടിയെന്നോണം ശാരിയുടെ മടിയില്‍ തല വച്ച് അവള്‍ ഒരു കൊച്ചുകുട്ടിയുടെ നൈര്‍മ്മല്യതയോടെ പാതിയുറക്കത്തിലേക്ക് വഴുതിവീണു. അവളുടെ തലയില്‍ മെല്ലെ തലോടിക്കൊണ്ടിരിക്കുമ്പോള്‍ രണ്ടുവര്‍ഷം മുന്‍പുണ്ടായ നടുക്കുന്ന ആ ഓര്‍മ്മയിലേക്ക് ശാരിയുടെ ചിന്തകളും ചേക്കേറി.
…………………………………………

ആറുമാസത്തെ മനയിലെ വര്‍ക്ക് പൂര്‍ത്തിയാക്കി സൂര്യയും അമ്മയും സ്വന്തം സ്ഥലത്തേക്ക് മടങ്ങാന്‍ തുടങ്ങുമ്പോഴേക്കും നീലവും സൂര്യയും രണ്ട് ശരീരവും ഒരു മനസ്സുമായി ജീവിക്കാന്‍ തുടങ്ങിയിരുന്നു. ചപലമായ നാട്യങ്ങളില്‍ രണ്ടുപേരും വിശ്വസിച്ചില്ലാതിരുന്നതുകൊണ്ട് മെസ്സേജുകളിലൂടെയാണവര്‍ കൂടുതലും മനസ്സ് കൈമാറിയിരുന്നത്. കൂടിക്കാഴ്ചകള്‍ വളരെ കുറവും.
അന്നൊക്കെ അവള്‍ പറയുമായിരുന്നു സൂര്യയുടെ ചില മെസ്സേജുകളെപ്പറ്റി..

‘ നിന്റെ നിശബ്ദതയെ പോലും എനിക്ക് വായിച്ചെടുക്കാനാവും നീലൂ.. എന്തെന്നോ ഞാന്‍ തന്നെയാണ് നീ.. എന്നെക്കാളും കൂടുതലായി ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. നീ പറയുംപോലെ ഏതോ മുജ്ജന്മബന്ധത്താല്‍ നമ്മള്‍ ഇഴ ചേര്‍ക്കപ്പെട്ടിരിക്കുന്നു. ‘
എന്നൊക്കയുള്ള തീക്ഷ്ണമായ ഭാഷയിലെഴുതിയ ചിലത്.

എംഫില്‍ ന് പഠിച്ചിരുന്ന നീലുവിന്റെ ദിവസങ്ങളും ഒരു പ്രത്യേക താളത്തില്‍ ഒഴുകിക്കൊണ്ടിരുന്നു.

രമേശിന്റെ ധാര്‍ഷ്ട്യങ്ങളില്‍ ഉറക്കെയൊന്ന് ദീര്‍ഘശ്വാസം വിടാന്‍പോലും ഭയപ്പെട്ടിരുന്നു നീലുവിന്റെ അമ്മയും അമ്മൂമ്മയും അവളുടെ വീട്ടില്‍. അവള്‍ പക്ഷേ മറ്റൊരു ലോകത്തായിരുന്നു. സൂര്യ എന്ന നക്ഷത്രത്തെമാത്രം ചുറ്റിപ്പറ്റിയുള്ള ഒരു ലോകത്ത്.

സൂര്യ സ്വന്തം നാട്ടിലേക്ക് മടങ്ങുന്നതിന്റെ തലേദിവസം അവര്‍ രണ്ടുപേരും സര്‍പ്പക്കാവില്‍ വച്ച് കണ്ടുമുട്ടി. നാട്ടില്‍പ്പോയി ചെറിയൊരു ബിസിനസ് തുടങ്ങാമെന്നും നീലു വിന്റെ കോഴ്‌സ് കഴിയുമ്പോള്‍ ഒരുമിച്ച് ജീവിതം തുടങ്ങാമെന്നുമെല്ലാം അന്നവര്‍ സ്വപ്നങ്ങള്‍ നെയ്തു.

നാഗങ്ങളെ സാക്ഷിനിര്‍ത്തി, ഒരു നിമിഷം വല്ലാത്തൊരാവേശത്തോടെ സൂര്യ അവളെ കരവലയത്തിലൊതുക്കി നെഞ്ചോട് ചേര്‍ത്തുപിടിച്ചെങ്കിലും വിവേകം വികാരത്തെ കീഴ്‌പ്പെടുത്തുക തന്നെ ചെയ്തു. വിരഹത്തിന്റെ നോവുള്ളിലൊതുക്കി അവര്‍ പിരിയുകയും ചെയ്തു.

പക്ഷേ, ആ രഹസ്യക്കൂടിക്കാഴ്ചയുടെ കൂരമ്പുകള്‍ ആരിലൂടെയോ രമേശിന്റെ കാതുകളില്‍ തുളച്ചുകയറി.

പിറ്റേന്ന് വൈകുന്നേരം ഒരു പൊട്ടിത്തെറിയായിരുന്നു അവളുടെ വീട്ടില്‍ നടന്നത്. കലിമൂത്ത് കണ്ണ് കാണാത്തവനെപ്പോലെ അയാള്‍ കണ്ടതെല്ലാം വലിച്ചെറിഞ്ഞു. ഒരു ഭ്രാന്തനെ പോലെ അലറി.

‘ നീലൂ.. ‘
ആ ശബ്ദം ദിഗന്തങ്ങള്‍ മുഴങ്ങുന്നതായിരുന്നു.

‘ നിനക്കെന്താടി ആ കൊത്തുപണിക്കാരന്‍ ചെറ്റയുമായി ബന്ധം?’

അവളുടെ മുടിയില്‍ കുത്തിപ്പിടിച്ചുകൊണ്ടയാള്‍ ചോദിച്ചു.

‘ചേട്ടാ.. സൂര്യയെ അങ്ങനെ വിളിക്കരുത്. എന്റെ ജീവനാണ് സൂര്യ…ജീവന്‍.
സൂര്യയില്ലാതെ എനിക്ക് ജീവിതമില്ല..’

അവളുടെ ഉറച്ച ശബ്ദത്തിനുമുന്‍പില്‍ രമേശിന്റെ ശബ്ദത്തിന് മൂര്‍ച്ചകുറഞ്ഞത് പോലെ.
എങ്കിലും,
സട കുടഞ്ഞെണീറ്റ അയാളുടെ വീര്യം ഒരു നിമിഷം അയാളെ അന്ധനാക്കി.

‘എടീ ..എരണം കെട്ടവളെ.. നിന്നെയും അവനെയും കൊന്ന് ഞാന്‍ ജയില്‍പ്പോയാലും ശരി,നിന്റെ ആഗ്രഹം നടക്കില്ല.. ഇന്ന്..ഇപ്പോള്‍..ഇവിടെ അവസാനിപ്പിക്കണം നിന്റെ പേക്കൂത്ത്. എല്ലാവരും കേള്‍ക്കാനാണ് പറയുന്നത്. ‘

അയാള്‍ കൈകള്‍ ചുരുട്ടി ചുമരി ലിടിച്ചുകൊണ്ടുച്ചത്തില്‍ പറഞ്ഞു.

ഭയന്നുവിറച്ച് മുറിയിലിരുന്ന അവളുടെ അമ്മൂമ്മ കട്ടിലിലേക്ക് ബോധം പോയി മറിഞ്ഞു വീണിട്ടും രമേശ് പടിയിറങ്ങി കാറോടിച്ചു പോവുകയാണ് ചെയ്തത്.നീലുവും അമ്മയും നിലവിളിച്ചുകൊണ്ടോടിച്ചെന്ന് അമ്മുമ്മയുടെ മുഖത്ത് വെള്ളം തളിച്ച്, എഴുന്നേല്‍പ്പിച്ചിരുത്താന്‍ ശ്രമിച്ചെങ്കിലും ഒരു യാത്ര പറയലിന്റെ വിതുമ്പല്‍ ആ വരണ്ട ചുണ്ടുകളില്‍ തെളിഞ്ഞിരുന്നത് അവര്‍ കണ്ടില്ലായിരുന്നു.

നീലു ഫോണിലൂടെ ശാരിയോടൊന്നു വീട്ടിലേക്ക് പെട്ടെന്ന് വരാന്‍ പറഞ്ഞപ്പോള്‍ത്തന്നെ എന്തോ പന്തികേടുണ്ടെന്ന് അവള്‍ക്ക് മനസ്സിലായിരുന്നു.

(തുടരും)

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px