കൗമാരത്തില്‍ നിന്ന് യൗവ്വനത്തിലേക്ക് കടന്ന പ്രായത്തിലെപ്പോഴോ ഞാന്‍ മദ്യത്തെ പ്രണയിക്കാന്‍ തുടങ്ങി…
പതിയെ പതിയെ മദ്യവും എന്നെ പ്രണയിക്കാന്‍ തുടങ്ങി…
നല്ല കൂട്ടുകാരോടൊപ്പമുള്ള സായാഹ്നങ്ങളില്‍ മദ്യത്തേയും ഞങ്ങള്‍ കൂടെ കൂട്ടി…
ഒരു വൈകുന്നേരം ആറ്റിങ്ങലിലെ ബാറിലേക്ക് ഞങ്ങള്‍ ഏഴുപേര്‍ കടന്നു ചെന്നു…
അരണ്ട വെളിച്ചത്തില്‍ ഞങ്ങളും ഇരിപ്പിടങ്ങള്‍ കണ്ടെത്തി…
മേശമേല്‍ വാശിയോടെ ഉശിര് പകരുന്ന വിഭവങ്ങള്‍ നിരന്നു…
തണുത്ത മുറിയിലെ, അരണ്ട വെളിച്ചത്തില്‍, നീണ്ട ഗ്ലാസിനുള്ളിലെ വെള്ളി കണക്കേ തിളങ്ങുന്ന ഐസ് കട്ടകള്‍ക്ക് മുകളിലൂടെ
സ്വര്‍ണ്ണ വര്‍ണ്ണമുള്ള ദ്രാവകം ഒഴുകിയിറങ്ങി…
ദ്രാവകത്തിലലിഞ്ഞ ഐസ് കട്ടകള്‍ തണുത്ത വെള്ളമായി ചുണ്ടുകളിലൂടെ തൊണ്ട വഴി വണ്ടുകളേ പോലെ മൂളിയിറങ്ങി…
സിരകളില്‍ ലഹരി പൂത്തിറങ്ങാന്‍ തുടങ്ങിയപ്പോള്‍ കൂട്ടത്തിലൊരുവന്‍ മേശമേല്‍ താളമിട്ടു…
തബലിസ്റ്റായതു കൊണ്ട് അവന്റെ താളത്തിനൊരു താളമുണ്ടായിരുന്നു…
മറ്റൊരുവന്‍ 50 പൈസ നാണയം കൊണ്ട് ഗ്ലാസില്‍ മുട്ടാന്‍ തുടങ്ങി…
വേറൊരാള്‍ താളങ്ങള്‍ക്കൊത്ത് ഒരു പാട്ട് പാടി…
അവിടെയിരുന്നവര്‍ ഞങ്ങളുടെ സംഗീതത്തെ ആസ്വദിക്കാന്‍ കൂടി…
അവന്‍ അടുത്ത പാട്ട് പാടാന്‍ തുടങ്ങി…
‘ക്ഷേത്രമേതെന്നറിയാത്ത തീര്‍ത്ഥ യാത്ര,
മൂര്‍ത്തിയേതെന്നറിയാത്ത കൊടും തപസ്….’
അരണ്ട വെളിച്ചത്തില്‍ ആ വിഷാദഗാനത്തിലൂടെ ബാറിനകം നിശ്ശബ്ദമായി…
എന്റെ കൂട്ടുകാരന്‍ മധുരമായി പാടുകയാണ്…
എല്ലാവരും ആ പാട്ടിലേക്ക് ലയിച്ചിറങ്ങി…
ഞങ്ങളുടെ തൊട്ടടുത്തുള്ള മേശയില്‍ ഒരാള്‍ ഒറ്റക്കിരുന്ന് ആ പാട്ട് ആസ്വദിക്കുകയാണ്…
ഇടക്കിടക്ക് ആ മനുഷ്യന്‍ നിരാശയോടെ തല കസേരയിലേക്ക് ചാരി വെച്ചു…
പാട്ട് തീര്‍ന്നപ്പോള്‍ കൈയടിക്കാന്‍ പോലും മറന്ന് ആളുകള്‍ ഇരുന്നു…
ഒറ്റയ്ക്കിരുന്ന മനുഷ്യന്‍ എഴുന്നേറ്റ് കൈയടിച്ചപ്പോള്‍ എല്ലാവരും കൈയടിച്ചു…
വീണ്ടും നിശ്ശബ്ദത പരന്നു…
അയാളുടെ കണ്ണുകളില്‍ കണ്ണീര് നിറഞ്ഞോ എന്നറിയില്ല,
പക്ഷേ,ശബ്ദം വിറങ്ങലിച്ചിരുന്നു…
ദുര്‍ബലതയോടെ,
ദയനീയമായി അയാള്‍ ആവശ്യപ്പെട്ടു: ‘അനിയാ ഒന്നു കൂടി ആ പാട്ട് പാടാമോ…?’
ഒരിക്കല്‍ കൂടി ആ പാട്ട് അവന്‍ ആര്‍ദ്രതയോടെ പാടി…
പാടി തീര്‍ന്നപ്പോള്‍ അദേഹം ഞങ്ങളുടെ അടുത്ത് വന്നിട്ട് ചോദിച്ചു:’ഈ പാട്ട് പാടിയത് ആരെന്നറിയാമോ…’
ഞങ്ങള്‍ പറഞ്ഞു:’ബ്രഹ്‌മാനന്ദന്‍…’
അദേഹം ചോദിച്ചു:’ബ്രഹ്‌മാനന്ദനെ കണ്ടിട്ടുണ്ടോ…?’
ഞങ്ങള്‍ പറഞ്ഞു:’ഇല്ല…’
അദേഹം പറഞ്ഞു:’ഞാനാണ് ബ്രഹ്‌മാനന്ദന്‍…’
സിനിമാ സംഗീത യാത്രയില്‍ പാതി വഴിയില്‍ തിരികെ നടക്കേണ്ടി വന്ന വേദനയോടെ അദേഹം ദീര്‍ഘനിശ്വാസം വിട്ടു…
ചെറിയ നിശബ്ദതക്ക് ശേഷം ആരവത്തോടെ അവിടെയിരുന്നവര്‍ ബ്രഹ്‌മാനന്ദനെ ഏറ്റെടുത്തു…
അറിഞ്ഞോ അറിയാതെയോ പാടിയത് മുഴുവന്‍ വിഷാദ ഗാനങ്ങള്‍ ആയിരുന്നു…
അതെ,
അന്ന് അവിടെ ആ രാത്രിയില്‍ വിഷാദഗാനങ്ങളുടെ പെരുമഴയാണ് പെയ്‌തൊഴിഞ്ഞത്…
ലഹരിയാണ് പല ജീവിതങ്ങളേയും നാശത്തിലേക്ക് തള്ളിയിടുന്നത്…
About The Author
No related posts.