പ്രതികാരദാഹത്തോടെ അയാളവളെ മാറോടടുപ്പിച്ച് പുണര്‍ന്നു. അവളില്‍ പകയുടെ തീ ആളിക്കത്തി. കണ്ണുകളില്‍ രക്തം ഇരച്ചുകയറി. മുഖമാകെ ചുവന്നു. പെട്ടന്നവള്‍ അയാളുടെ നാഭിക്ക് കാല്‍മുട്ടുകൊണ്ടിടിച്ചു. അട്ടചുരുളുന്നത് പോലെ അയാള്‍ താഴേക്ക് ചുരുണ്ടിരുന്നു. കണ്ണുകള്‍ ഭയവിഹ്വലമായി. വേദനയോടെ അയാള്‍ മുരണ്ടു. മാഹിയുടെ സുന്ദര മുഖം വികൃതമായി പുളഞ്ഞു. ശരീരം വിറച്ചു. അയാള്‍ വലത്തു കൈകൊണ്ട് നാഭിയില്‍ മുറുകെ പിടിച്ചു. വേദന സഹിക്കാനാവുന്നില്ല.
ആകാശത്ത് വീണ്ടും നിലാവും നക്ഷത്രങ്ങളും തെളിഞ്ഞു. മഴയും കാറ്റും മാറി പ്രപഞ്ചം തെളിമയാര്‍ന്നു. മാഹി ഉള്ളില്‍ സംഭരിച്ചു വെച്ചിരുന്ന എല്ലാ ധൈര്യവും അവളുടെ പ്രഹരത്തില്‍ ചോര്‍ന്നുപോയി. അവളുടെ ശബ്ദം കനത്തു. ശ്വാസഗതി കുറഞ്ഞു.
‘എറങ്ങടാ നായേ പുറത്ത് നിനക്ക് പെണ്ണിനെയറിയില്ല. എടാ, സിനിമയില്ലെങ്കിലും എന്ത് ജോലി ചെയ്യാനും ഈ കൈക്ക് കരുത്തുണ്ട്. നീ വലിയ നടനായിരിക്കും, പക്ഷേ, എനിക്കത് പുല്ലാ.’
മാഹിയുടെ മുഖത്തേ മാംസപേശികള്‍ വലിഞ്ഞുമുറുകി. അടിയുംകൊണ്ട് പുളിയും കുടിച്ചു. എത്രയും വേഗം ഇവിടെ നിന്ന് രക്ഷപെടുന്നതാണ് നല്ലത്. അവള്‍ ഒച്ചവെച്ച് ആള്‍ക്കാരെ കൂട്ടാതിരുന്നത് മഹാഭാഗ്യം. അവള്‍ വേഗത്തില്‍ കതക് തുറന്നിട്ടു. വേദന കടിച്ചമര്‍ത്തി മാഹി പുതക്കെ പുറത്തേയ്ക്കിറങ്ങി. നാഭിയില്‍ ബലമായി പിടിച്ചു. ആരെങ്കിലും കാണുന്നുണ്ടോ എന്നു നോക്കിയിട്ടു വരാന്തയിലൂടെ വേച്ചു വേച്ചു നടന്നു.
അവള്‍ വിദ്വേഷത്തോടെ കതകടച്ചു.
എന്തെന്നില്ലാത്ത നിശബ്ദത ആ മുറിയില്‍ തളം കെട്ടി. ആ മുഖത്ത് ഒട്ടും തളര്‍ച്ചയോ ദുഃഖമോ കണ്ടില്ല. അവന്‍ കരുതിയിത് വന്യമൃഗത്തിന് മുന്നിലെ പേടിച്ചരണ്ട മാനിനെപ്പോലെ ഞാന്‍ മാറുമായിരിക്കുമെന്നാണ്. അവളുടെ മുഖത്ത് സംതൃപ്തി നിഴലിച്ചു നിന്നു. ഒരു പക്ഷേ, അവന്റെ സാന്നിദ്ധ്യം പല സ്ത്രീകളും സ്വപ്നം കാണുന്നുണ്ടാകും. അവരുടെ ആഗ്രഹങ്ങള്‍ പൂവണിയുമ്പോള്‍ സ്പതവര്‍ണ്ണങ്ങള്‍ തെളിയുമായിരിക്കും. അങ്ങനെ അവരുടെ ഭാവി കൂടുതല്‍ പ്രശോഭിതമായി മാറുമായിരിക്കും. അവന്‍ കാശുകൊടുത്ത് വാങ്ങിയ സിംഹാസനമൊന്നും എനിക്ക് വേണ്ട. നീണ്ട രണ്ട് വര്‍ഷങ്ങള്‍ അവന്‍ കാട്ടിയ വൃത്തികേടുകള്‍ അന്തരാത്മാവിന്റെ അനന്തതയില്‍ ഒളിച്ചുവെക്കുകയായിരുന്നു.
ആരോടും പരാതിപ്പെട്ടില്ല. മായക്കാഴ്ചകള്‍ കണ്ട് രസിച്ചവര്‍ അവനെ മഹാനടനാക്കിയിരിക്കുകയല്ലേ. കുറെ വിഡ്ഢികളുടെ ലോകം. പടത്തിന്റെ നിര്‍മ്മാതാവും സംവിധായകനും ഇനി അവനൊപ്പമായിരിക്കും. തന്നെപോലെയുള്ള സഹനടിമാരും നടന്മാരും അവര്‍ക്കൊന്നുമല്ല. അവര്‍ക്കായി തിരക്കഥകള്‍ എഴുതിക്കൊടുക്കാനും ആള്‍ക്കാരുണ്ട്. പത്ത് നോവലുകള്‍ വായിച്ചാല്‍ ഒരു തിരക്കഥയെഴുതാന്‍ എളുപ്പമെന്നാണ് കേട്ടിട്ടുളളത്. എല്ലാം കണ്‍കെട്ടുകാരന്റെ മുന്നിലെ മായാജാലങ്ങള്‍. ഇവര്‍ക്കാണ് കലയുടെ അംഗീകാരങ്ങള്‍. പിണ്ണാക്കിലുമുണ്ട് മധുരമെന്ന് കേട്ടിട്ടുണ്ട്.
അവളുടെ മനസ്സില്‍ ഒരായിരം ചോദ്യങ്ങളുയര്‍ന്നു. ഈ നടന്മാരെ കയറൂരി വിട്ടിരിക്കുന്നത് ആരാണ്? ഇണയും തുണയുമില്ലാത്തവരോട് ഒരല്‍പം ദയ മനുഷ്യന് ഇല്ലാത്തത് എന്താണ്? തൊട്ടതിനെല്ലാം എരിവും പുളിയും ചേര്‍ത്ത് കഥകളുണ്ടാക്കുന്നവരാണ് ഒപ്പം അഭിനയിക്കുന്നവര്‍. അവരില്‍ ചിലര്‍ മാത്രമാണ് സ്‌നേഹം ചൊരിയുന്നത്. പലപ്പോഴും വാടകവീട്ടില്‍ നിന്ന് ഒരിക്കലും കാണാത്ത ഒരു സ്ഥലത്തേക്ക് യാത്ര ചെയ്യുന്നു. എനിക്കൊപ്പം ആരുമില്ല. മറ്റുള്ളവര്‍ക്കൊപ്പം ആരെങ്കിലുമൊക്കെ കാണും. അതിനാല്‍ അവരുടെ പ്രേമ സല്ലാപങ്ങളൊക്കെ മൊബൈല്‍ ഫോണില്‍ അവസാനിച്ചുകൊള്ളും. അതല്ലെങ്കില്‍ ഷൂട്ടിംഗ് ഇല്ലാത്ത വേളകളില്‍ അവര്‍ എവിടെയെങ്കിലും വെച്ച് സംഗമിക്കും. അതൊന്നും ആരും ശ്രദ്ധിക്കുന്നില്ല. ഈ തൊഴിലിന് ഇറങ്ങിത്തിരിച്ചത് എത്ര പ്രതീക്ഷയോടെയായിരുന്നു. സ്വന്തമായി ആറടി മണ്ണുപോലുമില്ല. സ്വയം അദ്ധ്വാനത്തില്‍ ജീവിക്കുന്നു. എന്നിട്ടും. ജീവിതം എന്നെ എന്തിനാണ് ഇങ്ങനെ വേട്ടയാടുന്നത്?
അടുത്ത മുറികളില്‍ ആള്‍ക്കാര്‍ കൂര്‍ക്കം വലിച്ചുറങ്ങുമ്പോള്‍ മെത്തയില്‍ മുട്ടിനുമേല്‍ കൈകളമര്‍ത്തി തലകുനിച്ചുകൊണ്ടവള്‍ തന്നെത്തന്നെ നോക്കി. കണ്ണുകള്‍ നിറഞ്ഞുതുളുമ്പി. ഒരു മൂലയില്‍ തണുത്ത് വിറച്ചിരിക്കുന്ന കുട്ടിയെപ്പോലെ അവളിരുന്ന് കണ്ണുനീര്‍ വാര്‍ത്തു. മനസ്സിനെ നൊമ്പരപ്പെടുത്തുന്ന ചിന്തകള്‍ കടന്നുവരുന്നു. നീ എന്താണ് വ്യഭിചരിക്കാത്തത്? എത്രയോ സ്ത്രീകള്‍ എത്രയോ പേരുടെയൊപ്പം ശയിക്കുന്നു. നിന്നെക്കാള്‍ സുന്ദരിമാരും തടിച്ച് കൊഴുത്തവരും ഈ മണ്ണില്‍ പ്രായഭേദമില്ലാതെ വ്യഭിചരിക്കുന്നുണ്ട്. അതൊന്നും നീ കാണുന്നില്ല. നീയിപ്പോള്‍ നോവിച്ച് വിട്ടത് ഏറ്റവും വലിയ വിഷമുള്ള ഒരു പാമ്പിനെയാണ്. അവന്‍ തിരിഞ്ഞ് കൊത്താതിരിക്കില്ല.
ആത്മധൈര്യം ചോര്‍ന്നു പോകുന്നതുപോലെ തോന്നി. വേണ്ട ഈ വിഷയത്തില്‍ മനസ്സ് ദുര്‍ബലപ്പെടുത്തേണ്ട. എല്ലാം വരുന്നിടത്ത് വെച്ച് കാണാം. സമൂഹത്തില്‍ ചെങ്കോലും കിരീടവുമായി പലരും ജീവിക്കുന്നുണ്ട്. സ്വന്തം ഭര്‍ത്താവിന്റെ ഇംഗിതങ്ങള്‍ക്ക് വഴങ്ങിയാണ് ഇന്നുവരെ ജീവിച്ചത്. എന്റെ ഭര്‍ത്താവ് മറ്റൊരു സ്ത്രീയുടെ പിറകെപോയിട്ടില്ല. അദ്ദേഹം ഇല്ലാതിരിക്കുമ്പോള്‍ എനിക്കും മറ്റൊരു പുരുഷനൊപ്പം ശയിക്കാനാവില്ല. മറ്റുള്ളവരുടെ സമ്പത്തിലും മുഖസ്തുതിയിലും ഞാനെന്തിന് മയങ്ങണം. മറ്റൊരുത്തന്‍ എന്നും എന്റെ ശരീരത്തെയും ഭരിക്കുക അത് എന്റെ സ്വാതന്ത്ര്യത്തില്‍ നടത്തുന്ന കൈയ്യേറ്റമാണ്. ജീവിതത്തില്‍ അവിചാരിതമായുണ്ടായ ഒരനുഭവം. തീര്‍ച്ചയായും അയാളുടെ മനസ്സില്‍ പകയുണ്ട്. അയാള്‍ക്ക് എന്ത് ചെയ്യാനാകും. മറ്റുള്ള നിര്‍മ്മാതിവിനോടോ സംവിധായകരോടോ എന്നെ സിനിമകളില്‍നിന്ന് പുറത്താക്കുമായിരിക്കും. ആ വെല്ലുവിളിയും നേരിടാന്‍ തയ്യാറാണ്, ഇനി മേലിലും ഇയാള്‍ക്കൊപ്പം അഭിനയിക്കില്ല. അത് എത്ര ലക്ഷങ്ങള്‍ തന്നാലും അഭിനയിക്കില്ല.
അവളുടെ കൈത്തണ്ടയില്‍ മിഴിനീര്‍ വീണ് പൊള്ളി. പ്രതീക്ഷകളോടെ ഭാവിയിലേക്ക് നോക്കി. ഇവനെപ്പോലുള്ളവരെ വെച്ച് സിനിമ നിര്‍മ്മിക്കുന്നവരോട് പുച്ഛമാണ് തോന്നിയത്. എല്ലാം വിചിത്രമായി തോന്നുന്നു. കേന്ദ്രകഥാപാത്രത്തെ സ്വന്തമാക്കി സ്വന്തം ഇഷ്ടത്തിന് കഥയുണ്ടാക്കുന്ന വിരുതന്മാര്‍. ചെപ്പടി വിദ്യക്കാരന്‍ അമ്പലം വിഴുങ്ങുംപോലുണ്ട്. കലയുടെ എല്ലാ സ്വപ്നങ്ങളെയും ആരവങ്ങളെയും മൂല്യങ്ങളെയും തച്ചുടച്ച് കൊഴുത്ത് തടിക്കുന്നവര്‍. ഇവനൊക്കെ കൊടുക്കേണ്ടത് കള്ളനോട്ടുകളാണ്. ഇവനൊപ്പം നിഴല്‍ രൂപങ്ങളായി ഇരുന്നവരെ ഒരു നിമിഷം ഓര്‍ത്തു. അവരൊക്കെ ഇവരുടെ പട്ടുമെത്തയിലെത്തിയ പട്ടുനൂള്‍പ്പുഴുക്കള്‍.
ഭാവി ജീവിതം നിരന്തരമായി അവളെ വേട്ടയാടി. ഇനിയുള്ള അഭിനയം ഇയാള്‍ തടസ്സപ്പെടുത്തുമെന്ന് ഉറപ്പാണ്. പുറത്തെ മഴയും കാറ്റും വീണ്ടും ക്ഷുഭിതമായി. കാറ്റ് ചീറിയടിക്കുന്ന ശബ്ദം കേള്‍ക്കുന്നുണ്ട്. അത് തന്നിലേക്ക് ആഞ്ഞടിക്കുന്നതായി തോന്നി. തെങ്ങോലകള്‍ കാറ്റിലാടി. അത് ആകാശത്ത് പുളഞ്ഞു വളഞ്ഞു. കാറ്റ് മരങ്ങളെ ആക്രമിച്ചുകൊണ്ടിരുന്നു. നേരമൊന്ന് പുലരാന്‍ കാത്ത് കാത്തിരുന്ന് അവളറിയാതെ കണ്ണുകള്‍ ഗാഢനിദ്രയിലേക്കു വഴുതി.
രാവിലെ ഹോട്ടല്‍ വെയിറ്റര്‍ വന്ന് കതകില്‍ മുട്ടുമ്പോഴാണ് കണ്ണു തുറന്നത്. കഴിഞ്ഞ രാത്രിയിലെ നൊമ്പരം മനസ്സില്‍ നിന്നു മാഞ്ഞിരുന്നില്ല. നാട്ടിലേക്കുള്ള ട്രയിന്‍ യാത്രയിലുടനീളം അതു തന്നെയാണ് മനസ്സിനെ പിടിച്ചുലച്ചുകൊണ്ടിരുന്നത്. ആര്‍ക്കും മനസ്സിലക്കാന്‍ കഴിയാത്ത നിഗൂഢതയാണ് മനുഷ്യര്‍ എന്നു തോന്നി.
അതേവര്‍ഷം തന്നെ മാഹിക്കൊപ്പം അഭിനയിച്ച ചിത്രത്തിന് അയാള്‍ക്ക് സര്‍ക്കാര്‍ അവാര്‍ഡ് കിട്ടി. അയാളുടെ താരപ്രഭ ചക്രവാളത്തോളം പടര്‍നന്നു. അയാളുടെ സാമ്രാജ്യത്തില്‍ കയറിപ്പറ്റിയവരൊക്കെ രക്ഷപെട്ടു. അമ്പത് വയസ്സ് കഴിഞ്ഞവനൊപ്പം പുതുമുഖ നടികള്‍ കാമുകിയായും ഭാര്യയായും വേഷമിട്ടു. പിടിച്ചുവെച്ചാല്‍ ഗണപതി. ചവുട്ടിത്തേച്ചാല്‍ ചാണകം. അപ്പോഴൊക്കെ മനസ്സില്‍ ഒരു ചോദ്യമുയര്‍ന്നു. തന്നോട് കാട്ടിയതുപോലെ ഇയാള്‍ അവരോടും കാട്ടുന്നുണ്ടാവില്ലേ? അങ്ങനെയൊരനുഭവം ഇന്നത്തെ പെണ്‍കുട്ടികള്‍ക്കുണ്ടാവില്ലെന്നാണ് വിശ്വാസം.
മനസ്സിലൊന്നുദിച്ച മോഹമായിരുന്നു ചെറിയൊരു പറമ്പും വീടും. സിനിമയില്‍ നിന്ന് അതിനുള്ള ഭാഗ്യം ലഭിച്ചു. താമസിച്ചിരുന്ന വാടകവീടും ഇരുപത് സെന്റ് പുരയിടവും തന്നെ ഏലിയാമ്മയില്‍ നിന്നു വിലയ്ക്കു വാങ്ങി. പല നിര്‍മാതക്കളും തന്ന വണ്ടിച്ചെക്കുകള്‍ ഇപ്പോഴും കൈയ്യിലുണ്ട്. അതൊക്കെ മാറാന്‍ സാധിച്ചെങ്കില്‍ വീടിനു പകരം കൊട്ടാരം തന്നെ വാങ്ങാമായരുന്നു. സ്വന്തം അമ്മയെപോലെ സ്‌നേഹിക്കുന്ന ഏലി സിന്ധുവിന് വലിയ ആശ്വാസമായിരുന്നു. അവര്‍ക്കും സിന്ധു ഒരു മകളെപ്പോലെയായിരുന്നു. വെറുപ്പും വിദ്വേഷവും നിറഞ്ഞ രക്തബന്ധങ്ങളെക്കാള്‍ ഇവരൊക്കെ എത്രയോ വലിയ മനുഷ്യരെന്ന് തോന്നും. നാട്ടിലെത്തുമ്പോഴൊക്കെ ഏലിക്കൊപ്പമാണ് ഉറക്കം. ഒറ്റയ്ക്ക് ആ വീട്ടില്‍ ഉറങ്ങണ്ടായെന്ന് ഏലി പറയും. പകല്‍ സമയം സ്വന്തം വീട്ടിലും കഴിയും. ഏലിക്കു കൂട്ടിന് ഒരാളുള്ളത് ബ്രിട്ടനില്‍ പാര്‍ക്കുന്ന മക്കള്‍ക്കും സന്തോഷമുള്ള കാര്യമായിരുന്നു.
മാഹിയുമായുള്ള ഉരസലിനു ശേഷം സിനിമയല്‍ അവസരങ്ങള്‍ കുറഞ്ഞു. സനിമയില്‍ അയാള്‍ക്കൊരു മാഫിയ ന്നെയണ്ട്. സന്ധുവില്‍നിന്നേറ്റ് അപമാനം അയാള്‍ പുറത്താരോടും പറഞ്ഞില്ലെങ്കിലും, പക മസില്‍ പതഞ്ഞുകൊണ്ടിരുന്നു. ചില സംവിധായകരുമായി സംസാരിച്ചപ്പോഴാണ് മാഹിയുമായി എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് ചോദിച്ചത്? അയാളുടെ തനിസ്വഭാവം പറഞ്ഞാല്‍ അവരൊന്നും വിശ്വസിക്കില്ലെന്നറിയാം. ഇനി അയാളുമായി അടുപ്പമുള്ളവര്‍ക്ക് ഈ സ്വഭാവം അറിയമെങ്കില്‍, അവരോടു പറഞ്ഞിട്ടും കാര്യമില്ല. അതിനാല്‍ സിന്ധുവും അതൊന്നും വിസ്തരിക്കാന്‍ നിന്നില്ല.
മനസില്‍ നിരാശ മാത്രം, കുറ്റബോധമില്ല. അയാള്‍ നിര്‍ലോഭം അയാളുടെ പക വീട്ടട്ടെ. അയാള്‍ക്കൊപ്പം അഭിനയിക്കുന്നത് മറ്റ് പലര്‍ക്കും ഒരു സൗഭാഗ്യമായിതോന്നാം ആ വൃത്തികെട്ട സ്വഭാവം മനസ്സിലാക്കുന്നവര്‍ പിന്നീടൊരിക്കലും അയാള്‍ക്കൊപ്പം അഭിനയിക്കില്ല. അല്ലെങ്കില്‍ അവരും അത്ര വൃത്തികെട്ടവരായിരിക്കണം. ആ രസതന്ത്രം നേരില്‍ അനുഭവിച്ചതാണ്. ആ പ്രസരിപ്പുള്ള മുഖവും ഒരു കൂടെപ്പിറപ്പിനേ പോലുള്ള ഇടപെടലും കണ്ടാല്‍ അയാളില്‍ ഒരു വന്യമൃഗം ഒളിഞ്ഞു കിടപ്പുണ്ടെന്ന് ആര്‍ക്കു പെട്ടെന്നു തോന്നില്ല. അയാള്‍ക്കൊപ്പം അഭിനയിക്കാനുള്ള അവസരത്തിനു പ്രതിഫലമെന്നോണമാണ് നായികമാരെ കൂടെ കിടത്തുന്നത്.
ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ പോകുന്നത് അഭിനയിക്കുവാനാണ്. അല്ലാതെ ഇവനെപ്പോലുള്ളവരുടെ മുന്നില്‍ അടിവസ്ത്രം വരെ അഴിച്ചുകാണിക്കാനല്ല. ഒറ്റനോട്ടത്തില്‍ ശുഭവസ്ത്രധാരിയായ ബ്രാഹ്‌മണനെന്ന് തോന്നും. സൂപ്പര്‍ സ്റ്റാര്‍ എന്ന ലേബല്‍ പ്രേക്ഷകര്‍ ചാര്‍ത്തക്കൊടുത്തു കഴിഞ്ഞപ്പോള്‍ മറ്റുള്ളവരെ മനസ്സിലാക്കാനുള്ള മനസക്ഷി പോലും നഷ്ടപ്പെട്ടു കാണും. നിര്‍മ്മാതാക്കളടക്കമുള്ള ഒരു പരിചാരകവൃന്ദമല്ലേ ഒപ്പമുള്ളത്.
എന്തെല്ലാമാണ് കണ്‍മുന്നില്‍ തെളിഞ്ഞുവരുന്നത്. തമ്പിയെ പലവെട്ടം മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് ഒരു ചെറിയ വേഷം കിട്ടിയത്. ഷൂട്ടിംഗ് തുടങ്ങുന്നതിന് മുന്‍പേ പറഞ്ഞിരുന്നു, ഷൂട്ടിംഗ് കഴിഞ്ഞാലുടന്‍ മോന്റെയടുക്കല്‍ ഒന്ന് കൊണ്ടുപോകണമെന്ന്. പലപ്പോഴും തിരുവല്ല വഴി തെക്കോട്ട് കാറില്‍ പോകുന്നവര്‍ക്കൊപ്പമാണ് സിന്ധുവും നാട്ടിലേക്ക് മടങ്ങാറുള്ളത്. അവര്‍ മകന്‍ പഠിക്കുന്ന കന്യാസ്ത്രീകളുടെ ബോര്‍ഡിംഗിനു മുന്നില്‍ കൊണ്ടിറക്കും. എംസി റോഡില്‍ തന്നെയാണ്. അമ്മ ഷൂട്ടിംഗിന് പോയിരിക്കുന്നതുകൊണ്ടാണ് മകനെ കാണാന്‍ വരാത്തതെന്ന് അവനറിയാം. മകനെ കാണാന്‍ അമ്മയുടെ ഹൃദയം തുടിക്കന്നുണ്ടാകും. പക്ഷേ, സഹിക്കയല്ലാതെ നിവൃത്തിയല്ല.
കാറിലിരിക്കുമ്പോഴും അവളുടെ കണ്ണുകള്‍ നിറയുന്നത് തമ്പി കണ്ടില്ല. മകനെ കാണാന്‍ വരുമ്പോഴൊക്കെ മനസ്സ് നീറിപ്പിടയാറുണ്ട്. സ്‌നേഹവും വാത്സല്യവും കൊടുത്ത് വളര്‍ത്തേണ്ട മക്കളെ ബോര്‍ഡിംഗിലാക്കുന്നതു ക്രൂരത തന്നെയാണ്. പക്ഷേ, തനിക്കു മുന്നില്‍ മറ്റു വഴികളില്ല. അവന്റെ നല്ല ഭാവിക്കു വേണ്ടി തന്നെയാണ്. ഷൂട്ടിംഗിനായി പല ദേശങ്ങളിലായി പോകുന്നതിനാല്‍ മകന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കാനാകുന്നില്ല. ശനിയും ഞായറുമാണ് അവിടെ ചെല്ലാറുള്ളത്. അവന് വേണ്ടിയല്ലേ ഈ കഷ്ടപ്പാടുകള്‍ എന്നൊക്കയോര്‍ക്കുമ്പോള്‍ മനസ്സിന് ഒരാശ്വാസമുണ്ട്. എല്ലാ മാസവും ഫീസിനും മറ്റ് ചിലവുകള്‍ക്കായി നല്ലൊരു തുക കൊടുക്കണം. കന്യാസ്ത്രീകള്‍ അവനെ പൊന്നുപോലെ നോക്കുന്നുണ്ട്. മകനെ കാണാന്‍ അമ്മ ഒരു സന്ദര്‍ശകയെപ്പോലെ വരുന്നു പോകുന്നു. അതൊക്കെ അവന്‍ വളര്‍ന്ന് വരുമ്പോള്‍ മനസ്സിലാക്കികൊള്ളും. രമേശ് ഉണ്ടായിരുന്ന കാലം മകനെ ആവോളം താലോലിച്ചും സ്‌നേഹിച്ചുമാണ് വളര്‍ത്തിയത്. അച്ഛനെപ്പോലെ അവനും മിടുക്കനാകണം. അതിനാല്‍ സൈ്വരമായിരിക്കാനും വിശ്രമിച്ചിരിക്കാനും കഴിയുന്നില്ല. രമേശിന്റെ ഇംഗിതംപോലെ മകനെ പഠിപ്പിച്ച് വലിയവനാക്കണം. മക്കളെപ്പറ്റി മാതാപിതാക്കള്‍ക്കുള്ള ആഗ്രഹമാണത്. പൂന്തോപ്പില്‍ പുളകം ചാര്‍ത്തി നില്‍ക്കുന്ന പൂക്കള്‍ ഏത് നിമിഷത്തിലാണ് പവിഴവും ഇന്ദ്രനീലവും ആയിത്തീരുക എന്ന് പറയാനാവില്ല. മക്കളുടെ ഭാവിയും അതുപോലെയാണ്.
കോട്ടയത്ത് വരുമ്പോള്‍ സൂര്യന്‍ ചക്രവാളത്തിലേക്ക് യാത്രയായിരുന്നു. അവര്‍ തമ്പിയോട് പറഞ്ഞു, എനിക്ക് ആ മുന്നിലുള്ള കടയിലൊന്ന് കയറണം. തമ്പി കാര്‍ കടയുടെ മുന്നില്‍ നിറുത്തി. എല്ലാ പ്രാവശ്യവും ആ കടയില്‍ നിന്നാണ് മകനു വേണ്ടി ബിസ്‌ക്കറ്റും ചേക്ലേറ്റുമൊക്കെ വാങ്ങുന്നത്. അവള്‍ ഡോര്‍ തുറന്ന് പുറത്തിറങ്ങി, ചെറിയ ചൂടുള്ള കാറ്റ് ആഞ്ഞുവീശുന്നു. അവള്‍ കടയ്ക്കുള്ളിലേക്ക് കയറി.
കൊച്ചിയിലെ ഷൂട്ടിംഗ് കഴിഞ്ഞ് കോട്ടയം വരെ കാറിലിരുന്നിട്ടും തമ്പി അധികമൊന്നും സംസാരിച്ചില്ല. അയാളുടെ മനസ്സ് മറ്റെങ്ങോ വ്യാപരിക്കുകയായിരുന്നു. എന്നാല്‍, ആ ചിന്തയിലെല്ലാം സിന്ധു മാത്രമായിരുന്നു. എത്രയോ വര്‍ഷങ്ങളായി മനസ്സില്‍ താലോലിച്ചു വളര്‍ത്തിക്കൊണ്ടു വന്നതാണ് ഇവളെക്കുറിച്ചുള്ള മോഹം. ഓരോ അവസരങ്ങള്‍ വരുമ്പോഴും മനസ്സ് പിടയും. മുന്‍വാതിലിലൂടെ മാഹിയെ ഉപയോഗിച്ചത് അതിനാണ്. അവന് അവള്‍ വശംവദയായിരുന്നെങ്കില്‍ ആ വഴിയിലൂടെ തനിക്കും ആഗ്രഹപൂര്‍ത്തി വരുത്താം എന്നായിരുന്നു പ്രതീക്ഷ. സൂപ്പര്‍സ്റ്റാറിനു സാധിക്കാത്തത് ഇടത്തരം നിര്‍മാതാവ് മാത്രമായ താന്‍ ഇനി എങ്ങനെ സാധിച്ചെടുക്കാന്‍! അവളുടെ മുട്ടുകാല്‍ പ്രയോഗം അവനെ രണ്ടു ദിവസമാണ് ശയ്യാവലംബിയാക്കിയത്. ജീവിതത്തില്‍ ആദ്യമായി ഒരു സ്ത്രീയില്‍ നിന്ന് ലഭിച്ച പ്രഹരമായിരുന്നു അവന്. അതുകൊണ്ടു തന്നെ ശരീരത്തെക്കാള്‍ വിങ്ങിയത് മനസാണ്. അതൊര്‍ക്കുമ്പോല്‍ ഇപ്പോഴും അവന്റെ നാഭി കലങ്ങുന്ന പോലെ തോന്നുമത്രെ.
അവനിപ്പൊള്‍ കഴിയുന്നത്ര സിനിമകളില്‍നിന്ന് അവളെ ഒഴിവാക്കാന്‍ സുഹൃത്തുക്കളായ സംവിധായകരോട് ആവശ്യപ്പെടുന്നു. ആദ്യം ഇതൊക്കെ കേട്ടപ്പോള്‍ ഞാനൊന്ന് ഞെട്ടുകതന്നെ ചെയ്തു. ഉണ്ടായിരുന്ന എല്ലാ വികാരങ്ങളും അതോടെ ഉള്‍വലിഞ്ഞു. മനസ്സിലെ മോഹങ്ങള്‍ അവളോട് പറയാതിരുന്നത് മഹാഭാഗ്യമായി തോന്നി. അല്ലെങ്കില്‍ അവനു പകര തന്റെ നാഭിക്കായിരുന്നേനേ അവളുടെ മുട്ടുകാല്‍ കയറിയിട്ടുണ്ടാകുക. മാഹി സ്ത്രീകളെ വളയ്ക്കാന്‍ മിടുക്കനായതുകൊണ്ട് ഈ കാര്യം അയാളെ ഏല്‍പ്പിച്ചത്. അങ്ങനെയെങ്കിലും അവളെ സ്വന്തമാക്കാനായിരുന്നു മോഹം. എല്ലാം പിഴച്ചു. ഇപ്പോള്‍ നിസ്സഹായനായി എല്ലാം കാണാനെ കഴിയുന്നുളളൂ. അവളെ അഭിനയിപ്പിച്ചാല്‍ മാഹി പിണങ്ങും. അവളെ പിണക്കിയാല്‍ അവള്‍ ചോദിക്കും, രമേശിന്റെ സുഹൃത്ത് ഇത്രവേഗം തന്നെ മറന്നോ? സഹോദരിയെ വേണ്ടായോ? കാറിലിരിക്കുമ്പോള്‍ അവള്‍ ചോദിച്ച ഒരു ചോദ്യമുണ്ട്, ജീവിതത്തില്‍ വഴിതുറന്നു തന്നയാള്‍ ഇപ്പോള്‍ വഴിമുടക്കുകയാണോ? കണ്ണുകള്‍ അറിയാതെ തന്നെ അവളിലേക്ക് പാറിവീണു. മനസ്സൊന്നു പുകഞ്ഞു.
താനാണ് ഇങ്ങനെയൊരു ഗൂഢനീക്കം നടത്തിയതെന്ന് ഇവള്‍ മനസ്സിലാക്കിയോ? ഉള്ളിലെ സംഭ്രമം പുറത്ത് കാട്ടാതെ പറഞ്ഞു. ‘സിന്ധുവിനറിയാമല്ലോ., ഞാനിപ്പോള്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നു. പടത്തില്‍ സമയം ചിലവിടാനില്ല’.
സ്‌നേഹത്തോടെ നിര്‍ന്നിമേഷം നോക്കിയതല്ലാതെ മറ്റൊന്നും അവള്‍ പറഞ്ഞില്ല. തന്റെ അഭിനയത്തെ എപ്പോഴും പ്രശംസിക്കും. ജീവിതത്തില്‍ തന്നെ മറ്റുള്ളവരെക്കാളേറെ സ്‌നേഹിക്കുകയും ചെയ്യുന്ന വ്യക്തിയോട് മറ്റെന്ത് പറയാനാണ്. അകലെ നിന്ന് ഉച്ചഭാഷിണിയിലൂടെ രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ കേട്ടു. അവിടുള്ളവര്‍ പ്രസംഗം രസിച്ച് കേള്‍ക്കുന്നു. പലരുടെയും തല നേരെ നില്‍ക്കുന്നില്ല. അവള്‍ സാധനങ്ങളുമായി കാറില്‍ കയറിയിരുന്നു.
തിരുവല്ലായിലെത്തുന്നതു വരെയും വളരെ കുറച്ചുമാത്രമേ അവര്‍ സംസാരിച്ചുള്ളൂ. സ്‌കൂളിലെത്തി. ചുറ്റുപാടും നോക്കി. മകന്‍ മറ്റ് കുട്ടികള്‍ക്കൊപ്പം ടെന്നീസ് കളിക്കയാണ്. അവന്‍ ഓടിയെത്തി. അടുത്തുവന്ന മകനെ മാറോടമര്‍ത്തി തലോടി. അത് അവനു മാത്രമല്ല, അവള്‍ക്കും ഒരു സാന്ത്വനമായി.
ചെറുപ്പത്തില്‍ സണ്‍ഡേസ്‌കൂളില്‍ പഠിച്ച ഒരു വാചമകവള്‍ ഓര്‍ത്തു. ”യഹോവയെ ഭയപ്പെട്ട് അവന്റെ വഴികളില്‍ നടക്കുന്ന ഏവനും ഭാഗ്യവാന്‍ നിന്റെ കൈകളുടെ അദ്ധ്വാനഫലം നീ തിന്നും നിനക്ക് നന്മവരും. നിന്റെ ഭാര്യ നിന്റെ വീട്ടിനകത്തു ഫലപ്രദമായ മുന്തിരി വള്ളിപോലെയും നിന്റെ മക്കള്‍ നിന്റെ മേശയ്ക്ക് ചുറ്റും ഒലിവു തൈകള്‍ പോലെ ഇരിക്കും” ദൈവം ഒലിവു തൈകളോടാണ് മക്കളെ ഉപമിച്ചിരിക്കുന്നത്. എന്റെ മകനും നല്ലൊരു ഒലിവ് തൈപോലെ വളരുമെന്നാണ് പ്രതീക്ഷ. അവന്‍ നിഷ്‌കളങ്ക മുഖത്തോടെ അമ്മയോട് ചോദിച്ചു. ‘അമ്മ എന്റെ അമ്മയാണോ? എന്നിട്ട് എന്താ എന്നെ കാണാന്‍ വരാത്തത്?’
ആ വാക്കുകള്‍ അവള്‍ക്കുള്ളില്‍ ദുഃഖത്തിന്റെ ഒരു തിര ഉയര്‍ത്തി. അവന്‍ മുഖം കറുപ്പിച്ച് നില്‍ക്കുകയാണ്. അവള്‍ നിറകണ്ണുകളോടെ ഒരു ചുംബനം കൊടുത്തിട്ട് പറഞ്ഞു. ‘മോനെ ഞാനത്രയോവട്ടം പറഞ്ഞതാണ് അമ്മ ഷൂട്ടിംഗിനായി കേരളത്തിന് പുറത്താണെന്ന്. കേരളത്തിലുള്ളപ്പം പൊന്നുമോനെ കാണാന്‍ വരുന്നില്ലേ. ദേ ഇതൊക്കെ നോക്ക്…’
അവള്‍ മിഠായി ടിന്‍ മകന്റെ നേര്‍ക്ക് നീട്ടി. അവന്‍ അത് ദൂരേയ്ക്ക് തട്ടിയെറിഞ്ഞു. അവള്‍ സങ്കടപ്പെട്ടു. അവന്റെ മുഖത്തെ ഭാവം കണ്ടപ്പോള്‍ അവനും തന്നെ വെറുക്കുകയാണോ എന്നു പോലം അവള്‍ ചിന്തിച്ചു. വളരുന്തോറും അവനില്‍ അഹങ്കാരം കൂടുകയാണ്. കുഞ്ഞുങ്ങളുടെ ഇച്ഛകള്‍ മനസ്സിലാക്കി അവരെ സംതൃപ്തിപ്പെടുത്തേണ്ടവരാണ് അമ്മമാര്‍. അമ്മ അടുത്തില്ലാതെ വളരുന്ന കുട്ടികള്‍ ഇങ്ങനെയായിരിക്കും….!
പ്രായമാകുമ്പോള്‍ അവന്‍ അമ്മയെ മനസ്സിലാക്കും. അവനെ കുറ്റപ്പെടുത്താനും കഴിയുന്നില്ല. ദൈവവചനം തന്നെ പറയുന്നത് ”ബാലന്‍ നടക്കേണ്ടുന്ന വഴിയില്‍ അവനെ അഭ്യസിപ്പിക്ക, അവന്‍ വളര്‍ന്നാലും അത് വിട്ടുമാറുകയില്ല.”
(തുടരും)







