LIMA WORLD LIBRARY

അര്‍ദ്ധനാരിയുടെ പോരാട്ടങ്ങള്‍-മോഹന്‍ദാസ്‌

നല്ലപാതിയുമായി വേര്‍പെട്ട സ്ത്രീയാണ് അര്‍ദ്ധനാരി…
അവളുടെ കഥയാണിത്..

ജീവിതത്തില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില ദുരന്തങ്ങളില്‍ തകര്‍ന്നു പോയി എന്ന് തോന്നുമ്പോഴും ജീവിതത്തിന്റെ സൗന്ദര്യം ഇനിയും ബാക്കിയുണ്ടാവും എന്ന പ്രതീക്ഷ മാഞ്ഞുപോകാതെ നിലനിര്‍ത്താന്‍ കഴിയണം.

തകര്‍ച്ചകളില്‍ തളരാതെ പിടിച്ചു നില്‍ക്കുകയും ജീവിതത്തെ സധൈര്യം അഭിമുഖീകരിക്കുകയും വേണം.
ഒപ്പം ജീവിതത്തിന്റെ ഓരോ നിമിഷവും സ്വപ്രയത്‌നത്താല്‍ ദീപ്തമാക്കുകയും വേണം. അര്‍ദ്ധനാരിയിലൂടെ നോവലിസ്റ്റ് നല്‍കുന്ന ശക്തമായ സന്ദേശമാണിത്.

കഥയിലെ നായിക ഐറിന്‍ തന്റെ മേല്‍ അശനിപാതം പോലെ വന്നു പതിച്ച രോഗം മൂലം ചുവടുറപ്പിക്കാന്‍ ചലനശേഷി നഷ്ടപ്പെട്ട പാദങ്ങളുമായി വീല്‍ ചെയറില്‍ അഭയം തേടുകയും അവരുടെ ജീവിതം അപ്രതീക്ഷിത വേദനകളിലൂടെ കടന്നു പോവുകയും ചെയ്യുന്നു.

ടാംഗോ എന്ന നൃത്തരൂപത്തിനായി സ്വജീവിതം സമര്‍പ്പിച്ച ഐറിന്‍ എന്ന നര്‍ത്തകിയുടെ ജീവിതകഥയാണിത്.

ടാംഗോ എന്ന നൃത്തരൂപം ഒരു പുരുഷനും സ്ത്രീയും ഒറ്റ ശരീരമായി നൃത്തമാവിഷ്‌കരിക്കുന്ന രീതിയാണ്. ഭര്‍ത്താവായ ജോസഫിനൊപ്പമാണ് ഐറിന്‍ ടാംഗോ നൃത്തം ചെയ്യുന്നത്.

ജോസഫിനു വേറെ ജോടിയോടൊപ്പം നൃത്തം ചെയ്യേണ്ടി വരും…അതായിരുന്നു ഐറിന്റെ മനസ്സിനെ മഥിച്ച ധര്‍മ്മസങ്കടം…

”വിരല്‍ത്തുമ്പില്‍ വട്ടം ചുറ്റുന്ന…. മണിക്കൂറുകളോളം നൃത്തം വെക്കുന്ന തന്റെ പാദങ്ങള്‍.. അവയ്ക്ക് ചലന ശേഷി നഷ്ടമാകുന്നത് ചിന്തിക്കാന്‍ പോലും അവള്‍ക്കാവില്ലായിരുന്നു .”

ഐറിന്റെ പ്രാണന്‍ പുളയുന്ന ആത്മനൊമ്പരങ്ങള്‍ വായനക്കാരുടെ ഉള്ളില്‍ത്തട്ടും വിധം നോവലിസ്റ്റ് വരച്ചുകാട്ടുന്നുണ്ട്-

”മേനിയിഴുകുന്ന, കണ്ണുകളിടയുന്ന,നെഞ്ചുകള്‍ ചേരുന്ന നൃത്തം..
മറ്റൊരുവളുടെ അരയില്‍ കൈചുറ്റി……
ജോസഫിന്റെ കൂടെ ചുവടുവച്ചാല്‍…

ഒരു പെണ്ണിന് പിന്നെ അയാളിലലിയാതെ അയാളോട് ചേര്‍ന്നു ഒഴുകാതെ നിവൃത്തി ഇല്ല. അത്രയും വശ്യമായ കണ്ണുകള്‍….
അയാളുടെ ശ്വാസത്തിന്റെ ചൂടില്‍ അവള്‍ ഉരുകും…
ചലനശേഷി പോയ തന്റെ കാലുകളില്‍ ജോസഫിന്റെ ആഹ്ലാദങ്ങള്‍ കരിഞ്ഞുണങ്ങും… അയാളുടെ യൗവനം കാംഷിക്കുന്നതൊന്നും നല്‍കാനാവാതെ വരുമ്പോള്‍ അയാള്‍ തന്നെ വെറുക്കും…”

സ്‌നേഹലാളനകള്‍ നഷ്ടമാവും മുന്നേ അപമാനിക്കപ്പെടും മുന്നേ എവിടേക്കെങ്കിലും ഓടിയകലാന്‍ ഐറിന്‍ കൊതിച്ചു. ഭര്‍ത്താവായ ജോസഫ് മകന്‍ ഫിലുമായി സ്‌കൂളില്‍ പോകുന്ന സമയത്താണ് പ്രിയപ്പട്ടവരോട് യാത്രാമൊഴിപോലും പറയാതെ
ഐറിന്‍ ഒറ്റയ്ക്ക് ഇന്ത്യയിലേക്ക് യാത്ര പോകുന്നത്.

ഐറിന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി സംഭവിച്ച തകര്‍ച്ചകളെ അവര്‍ ധീരമായി അഭിമുഖീകരിക്കുകയും അതിജീവിക്കുകയും ചെയ്തതിന്റെ കഥയാണ് ഡോ. മായാഗോപിനാഥ് അര്‍ദ്ധനാരി എന്ന നോവലിലൂടെ പറയുന്നത്.

ജീവിതത്തിന്റെ ആഡംബരങ്ങളില്‍, അഹങ്കാരത്തിന്റെ കൊടുമുടികളില്‍ മതിമറന്നുജീവിക്കുന്ന ആധുനികസമൂഹത്തിനുള്ള മുന്നറിയിപ്പുകള്‍ നോവലിസ്റ്റ് നല്‍കുന്നുണ്ട്.

”പലപ്പോഴും പല തിരിച്ചറിവുകളും വൈകിയ വേളകളിലാണ് നമ്മെ തേടിയെത്തുന്നത്.
ചുണ്ടുകളില്‍ ലിപ്സ്റ്റിക്ക് ഇടാനും മുഖത്ത് മേക്കപ്പ് ഇടാനും കണ്ണുകളില്‍ മഷി എഴുതാനും എത്രയെത്ര നേരം ചിലവിട്ടു…
കണ്ണുകളുടെ കാഴ്ചയാണ് ഏറ്റവും വലിയ അഴക്…എന്ന് ഒരിക്കലും താന്‍ തിരിച്ചറിഞ്ഞില്ല. ഇഷ്ടമുള്ളിടത്തൊക്കെ സ്വയം നടന്നെത്താനാവുന്നത് എത്ര വലിയ ഭാഗ്യമാണെന്ന തിരിച്ചറിവുണ്ടാവാന്‍ ഒരു രോഗിയാവേണ്ടി വന്നു.”

രോഗം ആരുടെയും കുറ്റമല്ല. എന്ന വലിയ സന്ദേശവും അര്‍ദ്ധനാരിയിലൂടെ നോവലിസ്റ്റ് നല്‍കുന്നുണ്ട്.

പാരായണസുഖമുള്ള നോവല്‍ എന്ന് അനുവാചകര്‍ വിലയിരുത്തിയ ഈ നോവലിന്റെ ഭാഷ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. അനുവാചകനുമായി നന്നായി സംവദിക്കുന്ന ദീപ്തമായ ഭാഷ ഈ നോവലിന്റെ മുഖ്യ സവിശേഷതയാണ്. ഐറിന്‍ എന്ന കഥാപാത്രത്തെ അനുവാചകമനസ്സില്‍ നിന്നും മങ്ങാതെ മായാതെ നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടുമുണ്ട്.

***

തിരുവനന്തപുരം പരിധി പബ്ലീഷേഴ്‌സാണ് അര്‍ദ്ധനാരിയുടെ പ്രസാധകര്‍. വില: 190 രൂപ

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px

Related posts