LIMA WORLD LIBRARY

കാലയവനിക-കാരൂര്‍ സോമന്‍ (നോവല്‍: അധ്യായം 6)

മകനിപ്പോള്‍ പ്ലസ് ടു പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണ്. മാതാപിതാക്കളുടെ പരിചരണം, സ്‌നേഹം, വാത്സല്യം, കരുതല്‍ ല്ലാം ലഭിക്കേണ്ട സമയം. ഒരമ്മയുടെ സ്‌നേഹവാത്സല്യങ്ങള്‍ അവന് ലഭിക്കാത്തതുകൊണ്ടല്ലേ മിഠായി പാത്രം അവന്‍ വലിച്ചെറിഞ്ഞത്. ഒരമ്മയുടെ സ്‌നേഹപരിചരണങ്ങള്‍ ലഭിക്കാനാണ് കന്യാസ്ത്രീകളുടെ ബോര്‍ഡിംഗില്‍ ചേര്‍ത്തത്. അവര്‍ വേണ്ടുന്ന സ്‌നേഹവും പരിചരണങ്ങളും കൊടുക്കുന്നില്ലേ? ഇതിന് മുന്‍പ് വന്നപ്പോള്‍ കന്യാസ്ത്രീകള്‍ പറഞ്ഞിരുന്നു. ആരുമായും വലിയ കൂട്ടൊന്നുമില്ല. ഒറ്റതിരിഞ്ഞാണ് നടപ്പും ഇരിപ്പും എല്ലാം. പന്തുകളിക്കാന്‍ മാത്രം കൂട്ടുകാര്‍ക്കൊപ്പം പോകും. വഴക്കൊന്നും പറയാതെ അവരും താലോലിച്ച് വളര്‍ത്തുന്നു.

ഈയിടെയായി അവനില്‍ ചില മാറ്റങ്ങള്‍ സിന്ധുവും കണ്ടു. ആദ്യമായിട്ടാണ് അവന്‍ മിഠായി വലിച്ചെറിയുപന്നത്. മറ്റ് കുട്ടികളുടെ മാതാപിതാക്കള്‍ അവരെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകുമ്പോള്‍ എന്റെ മകന്‍ അനാഥകുട്ടികള്‍ക്കൊപ്പമാണ് അവധിക്കാലം ചെലവഴിക്കുന്നത്. അമ്മയുണ്ടായിട്ടും അമ്മയില്ലാത്ത മകന്‍. കളിക്കളത്തിനടുത്തുള്ള ബഞ്ചിലിരുന്ന് രണ്ട് കന്യാസ്ത്രീകള്‍ അമ്മയേയും മകനെയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അമ്മ കാറില്‍ വന്നിറങ്ങുന്നത് കണ്ടിട്ടും അവനത് കാണാതെ നിന്നപ്പോള്‍ കന്യാസ്ത്രീകളാണ് അവനെ അമ്മയുടെ അടുത്തേക്ക് നിര്‍ബന്ധിച്ച് പറഞ്ഞുവിട്ടത്. കന്യാസ്ത്രീകള്‍ അവരുടെ അടുത്തേക്ക് നടന്നു. നിര്‍വികാരതയോടെ അവരെ നോക്കി. കന്യാസ്ത്രീകള്‍ മാണിയുടെ നേരെ ദേഷ്യുപ്പെട്ട് നാക്കിയിട്ട് പറഞ്ഞു.
‘മാണി നീ എന്താ കാണിച്ചത്? ഭക്ഷണ സാധനങ്ങള്‍ വലിച്ചെറിയുന്നത് തെറ്റല്ലേ? നിനക്ക് എന്താപറ്റിയത് മോനെ?’
കന്യാസ്ത്രീ കുനിഞ്ഞിരുന്ന് ആ കണ്ണുകളിലേക്ക് നോക്കി. അവന്‍ മുഖം താഴ്ത്തി. അവന്റെ മനസ്സില്‍ എന്തൊക്കെയോ നുരഞ്ഞുപൊന്തുന്നുണ്ട്. സിന്ധു ഒന്നും മനസ്സിലാകാതെ മകനെ നോക്കി. മനസ്സിന് വല്ലാത്തൊരു മരവിപ്പ്. നിമിഷങ്ങള്‍ക്കുള്ളില്‍ അന്തരീക്ഷംതന്നെ അവളുടെ മുന്നില്‍ ഇരുണ്ടുപോയിരുന്നു. അടുത്തുനിന്ന കന്യാസ്ത്രീ പറഞ്ഞു.

‘മാണി, നീ തട്ടിക്കളഞ്ഞത് നീ തന്നെ എടുത്തുകൊണ്ടുവരണം. എന്നെ ദേഷ്യം പിടിപ്പിക്കാതെ മോന്‍ ചെന്നത് എടുക്ക്.’

അവന് എന്തോ പറയണമെന്നുണ്ട്. അമ്മയുടെ വേഷംകെട്ടി ഈ സ്ത്രീ എന്തിനാണ് എന്നെ കാണാന്‍ വരുന്നത്? കഴിഞ്ഞ വര്‍ഷം ഓണത്തിന് ബോര്‍ഡിംഗില്‍ പഠിക്കുന്ന എല്ലാ കൂട്ടുകാരും അവരവരുടെ വീട്ടില്‍ പോയിരുന്നു. അവരൊക്കെ തിരിച്ചുവന്ന് നാട്ടില്‍ നടക്കുന്ന ഓണക്കളികളെപ്പറ്റിയൊക്കെ പറഞ്ഞപ്പോള്‍ കണ്ണുനിറഞ്ഞു പോയി. എന്റെ അമ്മ ഷൂട്ടിംഗ് സ്ഥലത്ത് ഓണമൊരുക്കി അതില്‍ ആഹ്ലാദം പങ്കിട്ടു. എപ്പോഴും കൂട്ടുകാരായി ആശ്വാസം പകരുന്നത് ഹോസ്റ്റല്‍ വളപ്പിലെ പൂക്കളാണ്. വിടര്‍ന്ന നില്‍ക്കുന്ന റോസാപ്പൂവിനോടും ലില്ലിപൂക്കളോടും ഞാനെന്റെ സങ്കടം പറയും. അവരുടെ ചുണ്ടുകള്‍ കാറ്റിലാടിപറയും. അമ്മ നിന്നെ കാണാന്‍ വരും. വിഷമിക്കാതെ. സൂര്യനുദിച്ചാല്‍ തിളങ്ങി നില്‍ക്കുന്ന പൂക്കള്‍ മനസ്സിന് ഒരാനന്ദം തന്നെയാണ്.
തറയില്‍ കിടന്ന മിഠായി പാത്രത്തിലേക്ക് അവന്‍ സൂക്ഷിച്ചുനോക്കി. മനസ്സിന് വിഷമം തോന്നി, അമ്മയോട് അങ്ങനെ പെരുമാറാന്‍ പാടില്ലായിരുന്നു. അവന്‍ മിഠായി പാത്രം കൈയ്യിലെടുത്തിട്ട് അമ്മയോട് ക്ഷമ ചോദിച്ചു. അത് കേട്ട് കന്യാസ്ത്രീകള്‍ ചിരിച്ചു, ‘ഗുഡ് ബോയി’. സിന്ധുവിന്റെ നെഞ്ചിടിപ്പുകള്‍ കുറഞ്ഞുവന്നു. വരണ്ട തൊണ്ട നനഞ്ഞു. ഇരുണ്ട അന്തരീക്ഷം തെളിഞ്ഞു. നീണ്ട മുടി കാറ്റിലാടിക്കളിച്ചു. ഇരുണ്ടുപോയ മനസ്സില്‍ വെളിച്ചം കണ്ടു. ചുറ്റിനും കാറ്റ് ചൂളം വിളിച്ചാടി.

സിന്ധു മകനെ വേദനയോടെ വിളിച്ചു. ‘മോനെ’ വീണ്ടും അവന്റെ കവിളില്‍ ചുംബിച്ചു. സിന്ധുവിന്റെ പുതിയ പടം ഏതാണ്, കന്യാസ്ത്രീ വിശേഷം തിരക്കി. അവള്‍ പടത്തിന്റെ പേര് പറഞ്ഞു. സിന്ധു തെല്ല് സംശയത്തോടെ ചോദിച്ചു, ”സിസ്റ്ററെ ശനി, ഞായര്‍ അവധിയല്ലേ. ഞാനവനെ വന്ന് വീട്ടിലേക്ക് കൊണ്ടുപൊയ്‌ക്കോട്ടെ.”

”സിന്ധുവിനറിയാമല്ലോ ക്രിസ്മസിനും ഓണത്തിനുമാണ് കുട്ടികള്‍ക്ക് അവധി കൊടുക്കാറുള്ളത്. പിന്നെ ചില സന്ദര്‍ഭങ്ങളില്‍ മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ കുട്ടികളെ ഞങ്ങള്‍ അനുവദിക്കാറുണ്ട്. സിന്ധു മുന്‍പൊന്നും ഇങ്ങനെ ആവശ്യപ്പെട്ടിട്ടില്ലാത്തതുകൊണ്ട് മാസത്തില്‍ ഏതെങ്കിലും ഒരാഴ്ച അവനെ കൊണ്ടുപോകാം.”

സിന്ധുവിന്റെ മുഖത്ത് സംതൃപ്തി തെളിഞ്ഞു. പഴയതുപോലെ ഇപ്പോള്‍ പടങ്ങള്‍ ഇല്ലാത്തതുകൊണ്ട്, മകനൊപ്പം കുറെ സമയം ചിലവിടാനാണ് ആഗ്രഹിച്ചത്. തന്റെ ആവശ്യം അവര്‍ നിരാകരിക്കാത്തതില്‍ സന്തോഷം. ഒരു കന്യാസ്ത്രീ മുന്നോട്ട് വന്ന് വിസില്‍ ഊതി. കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ കളിനിറുത്തി. ഓരോരുത്തരായി കെട്ടിടത്തിനുള്ളിലേക്ക് നടന്നു. ‘മോനും പോയി കുളിക്ക്.’ കന്യാസ്ത്രീ പറഞ്ഞപ്പോള്‍ അവന്‍ തലകുലുക്കി മുന്നോട്ട് നടന്നു. വീണ്ടും വീളിച്ചു. അവന്‍ തിരിഞ്ഞു നോക്കി. ‘അമ്മയ്ക്ക് ഒരുമ്മ കൊടുത്തിട്ട് പോ.’ അവന്‍ ചെറുതായൊന്ന് പുഞ്ചിരിച്ചിട്ട് മടങ്ങി വന്ന് സിന്ധുവിനൊരു മുത്തം കൊടുത്തിട്ട് മടങ്ങി. സിന്ധു ശിരസ്സുയര്‍ത്തി അവന്‍ പോകുന്നതും നോക്കി നിന്നു.

പടിഞ്ഞാറെ ചക്രവാളം തിളങ്ങി. പ്രപഞ്ചമാകെ നിശ്ശബ്ദമായി. മകന്‍ പോയതും നോക്കി വേദനയോടെ നില്‍ക്കുമ്പോള്‍ കന്യാസ്ത്രീ പറഞ്ഞു. ‘അവന്‍ പഠിക്കാന്‍ മിടുക്കനാണ്. പ്ലസ്ടു കഴിയുമ്പോള്‍ നല്ലൊരു കോളേജില്‍ ചേര്‍ക്കണം.’സിന്ധുവിന് അഭിമാനം തോന്നി.

നേത്തേ തീരുമാനിച്ചിരുന്നതാണ്, നല്ലൊരു കോളേജില്‍ തന്നെ നെ ചേര്‍ക്കണം. കേരളത്തിലെ കോളേജുകളില്‍ പഠിപ്പിക്കാന്‍ താല്‍പര്യമില്ല. അതിന്റെ പ്രധാന കാരണം കോളേജുകളില്‍ അരങ്ങേറുന്ന രാഷ്ട്രീയ കൊലപാതകങ്ങളും സമരങ്ങളും തന്നെയാണ്. മാതാപിതാക്കള്‍ ഇത് കണ്ട് അവശരും വിവശരും അസ്വസ്ഥരുമായിട്ടു കര്യമില്ല, പ്രതികരിക്കണം, കുറഞ്ഞ പക്ഷം മക്കളെ നിന്ത്രക്കുകയെങ്കിലും വേണം. സത്യത്തില്‍ രാഷ്ട്രീയ അവബോധമാണ് പഠനകാലത്ത് കുട്ടികള്‍ക്കുണ്ടാകേണ്ടത്. പഠനം കഴിഞ്ഞ് അവര്‍ പുറത്ത് വരുമ്പോള്‍ ഇതിലൊക്കെ താല്‍പര്യമുണ്ടെങ്കില്‍ പ്രവര്‍ത്തിക്കാവുന്നതേയുള്ളൂ. അതൊന്നും ഈ നാട്ടില്‍ സ്വപ്നത്തില്‍പോലും നടക്കുമെന്ന് തോന്നുന്നില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ ചട്ടുകങ്ങളായി വിദ്യാര്‍ത്ഥി സംഘടനകള്‍ മാറുമ്പോള്‍ പഠനത്തെക്കാളുപരി രാഷ്ട്ര നിര്‍മ്മാണമാണ് അവരില്‍ കുടിയിരിക്കുന്നത്. അതോ സമരങ്ങളും ബന്ദുകളുമാണെന്ന് അവര്‍ തെറ്റിദ്ധരിക്കുന്നു. ഒരുപറ്റം സ്ഥാപിത താത്പര്യക്കാരും സ്വാര്‍ത്ഥരുമായ മനുഷ്യര്‍ കുട്ടികളെ വഴിയാധാരമാക്കുന്നു. എല്ലാം വോട്ട് നേടാനുള്ള കുതന്ത്രങ്ങള്‍. പാവങ്ങളുടെ വോട്ടു വാങ്ങി അധികാരത്തില്‍ വന്നവനെ വോട്ടുകൊടുത്തവന്‍ പോലും ഭയക്കുന്നു. മറ്റൊരു കൂട്ടര്‍ കടന്നുവരുന്നത് മതത്തിന്റെ പേരിലാണ്. അവരുടെ ലക്ഷ്യം മറ്റ് മതക്കാരെ കൊല്ലുകയാണ്. സമൂഹത്തില്‍ വെറുപ്പും വൈരാഗ്യവും വളര്‍ത്തി എങ്ങനെയും വോട്ടുകള്‍ വാങ്ങി അധികാരക്കസേര ഉറപ്പാക്കണം. മരണം വരെ അതില്‍ അള്ളിപ്പിടിച്ചിരിക്കും. ഇന്ത്യയിലെ ജനാധിപത്യം ഒരു കച്ചവടമാണ്. അതില്‍ പാവങ്ങള്‍ വഞ്ചിതരാകുന്നു. അത്തരത്തിലുള്ള ഒരു രാഷ്ട്രീയത്തില്‍ എന്റെ മകന്‍ വഴിപിഴച്ച് പോകാന്‍ പാടില്ല. അതിനാല്‍ ഈ രാഷ്ട്രീയ കോലാഹങ്ങളില്ലാത്ത ഒരു കോളേജില്‍ എന്റെ മകന്‍ പഠിക്കണം.
മനസ്സിന്റെ ഇടനാഴികകളില്‍ ഒളിപ്പിച്ചുവച്ച സത്യം സിന്ധു തുറന്നു പറഞ്ഞു.

‘സിസ്റ്ററെ, അവനെ കേരളത്തില്‍ പഠിപ്പിക്കാന്‍ എനിക്ക് താത്പര്യമില്ല. പ്ലസ്ടു കഴിയുമ്പോള്‍ വലിയ ചിലവില്ലാതെ മറ്റേതെങ്കിലും സംസ്ഥാനത്തെ നല്ലൊരു കോളേജില്‍ ചേര്‍ക്കാനാണ് ആഗ്രഹം. സാമ്പത്തികമായി ഒരല്‍പം പ്രയാസത്തിലാണ്. പഴയതുപോലെ പടങ്ങളൊന്നും കിട്ടുന്നില്ല.’
കന്യാസ്ത്രീകള്‍ മുഖാമുഖം നോക്കി. അത്രയും പറയുമ്പോള്‍ സിന്ധുവിന്റെ മനസ്സ് തെല്ലൊന്ന് പതറുന്നുണ്ടായിരുന്നു. അവര്‍ ആശങ്കയോടെ അവളുടെ മുഖത്തേക്ക് നോക്കി. ഇതിന് മുമ്പൊക്കെ എത്ര സന്തോഷവതിയായി ചിരിച്ചുകൊണ്ട് മകനെ കാണാന്‍ വന്ന അമ്മയ്ക്ക് ഇത്ര വേഗത്തില്‍ സിനിമാ ലോകത്ത് എന്താണ് സംഭവിച്ചത്. ഇപ്പോഴും ആ മുഖത്ത് നോക്കിയാല്‍ മധുരപ്പതിനേഴിന്റെ മാധുര്യമാണ്. മുഖത്ത് ചായം തേച്ച് സ്‌ക്രീനില്‍ കാണുമ്പോള്‍ എത്ര സുന്ദരിയാണ്. സിനിമയില്‍ കത്തിനിന്നിരുന്ന സിന്ധുവിന് എന്ത് സംഭവിച്ചു ഇത്ര പെട്ടെന്ന്. പോട്ടെ, അതിലേക്കൊക്കെ എന്തിനു വെറുതേ തലയിടണം. ഇവളെക്കാള്‍ സുന്ദരിമാര്‍ വീണു പോയിട്ടുണ്ട്, പുതിയ ആളുകള്‍ വരുമ്പോള്‍ പഴയവര്‍ മാറിക്കൊടുക്കണം, അതാണ് സിനിമ എന്നാണ് കേട്ടിട്ടുള്ളത്.
കന്യാസ്ത്രീ വിഷയത്തിലേക്ക് തിരിച്ചുവന്നു.

‘അവനെ പുറത്തുപഠിപ്പിക്കാനാണ് ആഗ്രഹിക്കുന്നെങ്കില്‍, ലണ്ടനില്‍ പഠിപ്പിക്കണമെന്നേ ഞാന്‍ പറയൂ. പക്ഷേ, പണചിലവുണ്ട്. എന്ത് പറയുന്നു?’
അവളുടെ കണ്ണുകളില്‍ സന്തോഷം അലയടിച്ചു. ലണ്ടനില്‍വിട്ടു പഠിപ്പിക്കാന്‍ മാര്‍ഗമൊന്നും കണ്ടിട്ടല്ല. പക്ഷേ, അതിനൊരു സാധ്യതയെങ്കിലും കേട്ടപ്പപ്പോള്‍ വല്ലാത്തൊരു ആഹ്ലാദം.

‘അത് മതി സിസ്റ്ററെ, എന്റെ കിടപ്പാടം വിറ്റായാലും വേണ്ടില്ല. അവനെ വിടാം.’
‘എങ്കില്‍ ഞാന്‍ വിശദമായി തിരക്കിയിട്ട് ഫോണില്‍ വിളിച്ചു പറയാം.’

സിന്ധു സമ്മതം മൂളി. മാണി കുളികഴിഞ്ഞ് ഉടുപ്പു മാറ്റി ബാഗുമായി വന്നു. ഗേറ്റിനരികിലുള്ള കാറില്‍ ഇരുവരും കയറുമ്പോള്‍ കന്യാസ്ത്രീകള്‍ പരസ്പരം പറഞ്ഞു.
‘സത്യത്തില്‍ ഇവള്‍ പണത്തിന്റെ പിറകെയാണ്. ഓരോ പ്രാവശ്യം വരുമ്പോഴും ഓരോരോ കാറുകള്‍. ആര്‍ക്കറിയാം ഇവളുടെ സ്വഭാവം.’
കൂടെയുണ്ടായിരുന്ന കന്യാസ്ത്രീ മറുപടി പറയാതെ ചിന്തകളിലേക്കാണ്ടു. ആത്മാവിനെപ്പറ്റി ചിന്തിക്കേണ്ട കന്യാസ്ത്രീകള്‍ ശരീരത്തെപ്പറ്റി എന്തിാണ് ചിന്തിക്കുന്നത്? സൂര്യന്‍ കത്തിയടങ്ങിയിട്ടും കന്യാസ്ത്രീയുടെ മനസ്സ് എരിഞ്ഞുകൊണ്ടിരുന്നു.
കാറില്‍ യാത്ര തുടരുമ്പോള്‍ മാഹിയുടെ ഹിറ്റായിക്കൊണ്ടിരിക്കുന്ന പടങ്ങളെപ്പറ്റി തമ്പി സംസാരിച്ചു. അതില്‍ അവള്‍ക്ക് താത്പര്യമൊന്നും തോന്നിയില്ലെങ്കിലും അശ്രദ്ധയോടെ കേട്ടിരുന്നു.

‘ഫാന്‍സ് അസോസിയേഷന്‍കാര്‍ തന്നെ മൊത്തം ടിക്കറ്റും വാങ്ങിയാല്‍ ഏത് പടവും ഹിറ്റാവും. ജനങ്ങളെപോലും കടത്തിവെട്ടുന്ന കാര്യങ്ങളല്ലേ നടക്കുന്നത്?’ ഇടയ്‌ക്കൊരു കുത്ത് കുത്താനും അവള്‍ മറന്നില്ല.

‘അത് സിനിമയില്‍ മാത്രമല്ലല്ലോ. സാഹിത്യത്തിലും രാഷ്ട്രീയത്തിലുമില്ലേ? താരശോഭക്ക് തിരികൊളുത്താന്‍ ആരെങ്കിലും വേണ്ടായോ? അറിയാന്‍ വയ്യാഞ്ഞിട്ട് ചോദിക്കുവാ നിങ്ങള്‍ തമ്മിലുള്ള പ്രശ്‌നം എന്താണ്?’

അണിയറയില്‍ നടക്കുന്നതൊന്നും അങ്ങാടിയില്‍ പാട്ടാകാന്‍ പാടില്ലെന്നാണ് സനിമയിലെ പ്രമാണം. ഇതിനെല്ലാം തിരികൊളുത്തിയ തമ്പി ഒന്നുമറിയാത്തവനെപ്പോലെ വീണ്ടും പറഞ്ഞു, ‘എന്നോടും മാഹി പറഞ്ഞു, സിന്ധുവിനെ എന്റെ പടത്തില്‍ അഭിനയിപ്പിക്കരുത്. ഞാനതിന് ചെവികൊടുത്തില്ല. എന്റെ പടത്തില്‍ ആരൊക്കെ അഭിനയിക്കണമെന്ന് ഞാനല്ലേ തീരുമാനിക്കുന്നത്? കുറെ ആരാധകര്‍ ഉണ്ടെന്ന് കരുതി മനുഷ്യര്‍ അങ്ങനെ അഹങ്കരിക്കരുത്.’
മാഹിയുടെ പേര് കേട്ടപ്പോള്‍ തന്നെ അവളുടെ മുഖം മങ്ങി. തമ്പിയുടെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി.
‘അയാളുടെ സ്വഭാവം നന്നല്ല തമ്പി. എന്നെ അയാള്‍ ഉപദ്രവിക്കാന്‍ നോക്കി.’

അത് കേട്ടയുടനെ തമ്പി സഡന്‍ ബ്രേക്കിട്ട് കാര്‍ നിറുത്തി. ഗൗരവത്തില്‍ സിന്ധുവിനെ നോക്കി. അവളുടെ മുഖത്തുനിന്നു നെഞ്ചിലേക്കു തന്നെ അപ്പോഴും അയാളുടെ കണ്ണുകള്‍ വഴുതിയിറങ്ങി. അവള്‍ തമ്പിയെ നോക്കി. പെട്ടെന്ന് ആ കണ്ണുകള്‍ വിദ്വോഷത്താല്‍ ജ്വലിച്ചു.
‘കഷ്ടം, അയാള്‍ ഇത്തരക്കാരെന്ന് ഞാനൊരിക്കലും പ്രതീക്ഷിച്ചതല്ല. എന്തായാലും അതൊന്ന് ചോദിച്ച് തന്നെ കാര്യം. വൃത്തികെട്ടവന്‍. സിന്ധുവിനിത് നേരത്തേ എന്നോട് പറയാമായിരുന്നു.’

തമ്പി പെട്ടെന്ന് നല്ലൊരു നടനായി മാറി. ‘വേണ്ട തമ്പി. ഒന്നും ചോദിക്കേണ്ട. നിങ്ങളുടെ ബന്ധം വഷളാക്കണ്ട. ഇത് മറ്റാരും അറിയാനും പാടില്ല. ഇതെന്റെ അപേക്ഷയാണ്. ഇന്നുവരെ ഒരു കൂടപ്പിറപ്പിനെ പോലെയാണ് തമ്പിയെ ഞാന്‍ കണ്ടത്. അതുകൊണ്ടാണ് തമ്പിയോടു മാത്രം ഇക്കാര്യം പറഞ്ഞത്.’

ദേഷ്യം നടിച്ച് തമ്പി കാറില്‍ നിന്ന് പുറത്തിറങ്ങി ആരോടോ ഫോണില്‍ സംസാരിച്ചിട്ട് വീണ്ടും ഡ്രൈവിങ് സീറ്റില്‍ കയറിയിരുന്നു, യാത്ര തുടര്‍ന്നു. അണിഞ്ഞൊരുങ്ങി നിന്ന പകല്‍ വിടപറഞ്ഞു. സന്ധ്യയെ അകറ്റി ഇരുള്‍ വന്നു. ഇതിനിടയില്‍ തമ്പിയുടെ മൊബൈലില്‍ ഫോണ്‍ ശബ്ദിക്കുകയും അയാള്‍ ഇയര്‍ ഫോണ്‍ കുത്തി സംസാരിക്കുകയും ചെയ്തു. ഇയര്‍ ഫോണ്‍ ഡിസ്‌കണക്റ്റ് ചെയ്യാന്‍ നേരത്ത് ഒരു ടിപ്പര്‍ ലോറി അതിവേഗം കടന്ന് മുന്നിലേക്ക് വന്നത് അവരെ പരിഭ്രാന്തിയിലാഴ്ത്തി. തമ്പി കാര്‍ പെട്ടെന്ന് ഒടിച്ചെടുത്തതുകൊണ്ട് അപകടമൊന്നുമുണ്ടായില്ല. താഴേക്ക് വീണ ഫോണ്‍ സിന്ധു എടുത്ത് ഡാഷ് ബോര്‍ഡില്‍ വച്ചു. മുഖത്ത് മിന്നിത്തെളിഞ്ഞ ലോറിയുടെ വെളിച്ചം അവളെ ഇരുളിലേക്ക് നയിച്ചത് പെട്ടെന്നായിരുന്നു. സിന്ധുവിന്റെ വലതുകരം പെട്ടെന്നയാള്‍ സ്വന്തം കയ്യോടമര്‍ത്തി ആശ്വസിപ്പിച്ചു. നിമിഷങ്ങള്‍ അവള്‍ക്ക് ശബ്ദിക്കുവാന്‍ പോലുമുള്ള കരുത്തുണ്ടായിരുന്നില്ല.

കാര്‍ വീണ്ടും മുന്നോട്ട് പോയി. തമ്പിയുടെ നിര്‍ബന്ധത്തിനു വഴങ്ങി ആഹാരം കഴിക്കാനായി ഒരു ബാര്‍ ഹോട്ടലില്‍ കയറി. സാധാരണ വീട്ടിലെത്തി ഏലിയാമ്മയുടെ വീട്ടില്‍ നിന്നാണ് എന്തെങ്കിലും കഴിച്ചുറങ്ങുക. ഹോട്ടലിന്റെ മങ്ങിയ വെട്ടത്തില്‍ അടുത്ത തീന്‍മേശയിലിരുന്ന ഒരാള്‍ അവരുടെ സംസാരവും ഓരോ ചലനങ്ങളും മൊബൈല്‍ ഫോണില്‍ ഒപ്പിയെടുക്കുന്നുണ്ടായിരുന്നു. അപ്പോഴും മനസ്സില്‍ ഉണ്ടായിരുന്ന അപകട ഭയം അവളില്‍ നിന്ന് വിട്ടുമാറിയിരുന്നില്ല. തമ്പി വളരെ സ്‌നേഹത്തോടെ അവളുടെ വലതുകരം പിടിച്ച് അവളെ ആശ്വസിപ്പിച്ചതും മൊബൈല്‍ ഫോണില്‍ കൃത്യമായി പതിയുനന്നുണ്ടായിരുന്നു. തമ്പിയുടെ കരലാളനത്തിലെ വികാരം അവള്‍ക്കു തിരിച്ചറിയാനായില്ല. ദിവസങ്ങള്‍ കഴിഞ്ഞ് ഒരു ദിനപത്രത്തില്‍ ഒരു ഞെട്ടലോടെയാണ് അവള്‍ ആ വാര്‍ത്ത വായിച്ചത്.

(തുടരും)

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px