കണ്ണുകള്‍ക്ക് ചലനമില്ല, നാവനങ്ങുന്നില്ല. കണ്‍പോളകള്‍ പത്രത്തിലേക്ക് തുറന്നിരുന്നു. മുഖത്തിന്റെ ചലനശേഷി തന്നെ നഷ്ടപ്പെട്ടിരിക്കുന്നു. നിര്‍മാതാവും നടിയും ഒരുമിച്ച് ഹോട്ടല്‍ മുറിയില്‍. തമ്പി തന്റെ കൈയില്‍ പിടിച്ചിരിക്കുന്ന പടവും കൂടെയുണ്ട്. വെറുപ്പും പുച്ഛവുമാണ് തോന്നിയത്. വായനക്കാര്‍ക്കായി വാര്‍ത്തകള്‍ സൃഷ്ടിക്കുന്നവര്‍, ഉള്ളില്‍ വല്ലാത്തൊരു പൊട്ടിത്തെറിതന്നെയുണ്ടായി. എന്നെപ്പറ്റി ഇങ്ങനെയൊരു വാര്‍ത്ത പരത്തിയ പത്രത്തെ കോടതിയില്‍ കയറ്റി ഞാന്‍ സമാധാനം പറയിപ്പിക്കും. മാനഹാനിക്കാണ് ക്ഷതമേറ്റിരിക്കുന്നത്. മുഖമാകെ വിളറി വെളുത്തു. എന്റെ ജീവിതത്തിലേക്ക് നുഴഞ്ഞു കയറി എന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ആരാണ്? ഉള്ളില്‍ ഉത്കണ്ഠകള്‍ വളര്‍ന്നു. ഒരു നടനോ നടിക്കോ സംവിധായകനോ ഹോട്ടലില്‍ കയറി ആഹാരം കഴിക്കാന്‍ പാടില്ലേ? അതും വാര്‍ത്തയാക്കുന്ന മാധ്യമ സംസ്‌ക്കാരം. ഇവര്‍ എന്തിനാണ് മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിലേക്ക് കടന്നുവരുന്നത്? നിസ്സഹായതയോടെ തീവ്രമായ വേദനയോടെ പത്രത്തിലേക്ക് നോക്കിയിരിക്കെ ഏലീ അടുത്തേക്ക് വന്നു ചോദിച്ചു.
‘നീയെന്താ കൊച്ചേ അണ്ടികളഞ്ഞ അണ്ണാനെപ്പോലെ ഇരിക്കുന്നേ…?’
അവള്‍ വേദനയോടെ ആ പേപ്പര്‍ ഏലിയാമ്മയെ ഏല്‍പ്പിച്ചു.
‘അമ്മച്ചി ഇതൊന്ന് വായിക്ക്.’
ഏലി സംശയത്തോടെ നോക്കി, ‘എന്തോന്നാ. നെനക്ക് വല്ല അവാര്‍ഡും കിട്ടിയോ?’
‘ഒരു സ്ത്രീക്ക് ലഭിക്കാവുന്ന ഏറ്റവും വലിയൊരു അവാര്‍ഡാണ്. അമ്മച്ചി വായിക്ക്….’
ഏലി അകത്തേക്ക് നോക്കി., ‘എടീ കൊച്ചേ. എന്റെ ആ കണ്ണട ഇങ്ങ് തന്നേ.’
തുളസി തീന്‍മേശയ്ക്ക് മുകളിലിരുന്ന കണ്ണട ഏലിയെ ഏല്‍പ്പിച്ച് മടങ്ങിപ്പോയി. ഏലി തോളില്‍ കിടന്ന തോര്‍ത്തുകൊണ്ട് കണ്ണട തുടച്ച് മൂക്കില്‍ പ്രതിഷ്ഠിച്ചു. പത്രത്തിലേക്ക് ശ്രദ്ധയോടെ നോക്കി. വായിക്കുന്തോറും മനസ്സില്‍ അസ്വസ്ഥതയേറി. ഏലി ഒരു നിമിഷം തലയുര്‍ത്തി സിന്ധുവിനെ നോക്കി. ആ കണ്ണുകളില്‍ അമര്‍ഷം തിരകളായി ഉയരുന്നു. സിന്ധു ദയനീയഭാവത്തില്‍ ഇരുന്നതല്ലാതെ ഒന്നും പറഞ്ഞില്ല. ഇത് ആരായിരിക്കും വാര്‍ത്തയാക്കിയത്? ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് ആരായിരിക്കും? എന്റെ ജീവിതത്തെ, എന്റെ ആത്മവിശ്വാസത്തെ തകര്‍ക്കാന്‍ ആരോ ശ്രമം നടത്തുന്നുണ്ട്. അല്ലെങ്കില്‍ ഞാന്‍ ഹോട്ടലില്‍ പോയത് മാത്രം എന്തുകൊണ്ട് വാര്‍ത്തയാകുന്നു?
സിന്ധുവിന്റെ കണ്ണുകള്‍ നിറഞ്ഞത് ഏലി കണ്ടു. ഏലിക്ക് സിന്ധു സ്വന്തം മകളെപോലെയാണ്. അവള്‍ ഏതൊരു പാതിരാവില്‍ കയറി വന്നാലും അവളെ ഒരു വ്യഭിചാരിണിയായി കാണാനാകില്ല. അടക്കവും ഒതുക്കവും ദൈവഭയവുമുള്ള പെണ്ണാണവള്‍. അവളുടെ ഇച്ഛകളും ആഗ്രഹങ്ങളും നേരിട്ടറിയാം. എന്നിട്ടും ഈ പത്രക്കാര്‍ എന്തിനാണ് ഇങ്ങനെയൊക്കെ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്. ഒരു സ്ത്രീയെ ഇങ്ങനെ അപമാനിക്കുന്നതില്‍ അവര്‍ക്ക് എന്ത് ആനന്ദമാണ് കിട്ടുന്നത്. വിധവയാണെങ്കിലും സ്വന്തം ഭര്‍ത്താവിനെ ഇന്നും ഹൃദയത്തോട് ചേര്‍ത്താണവള്‍ ജീവിക്കുന്നത്. അങ്ങനെ പതറാതെ ഇത്രയും കലം പിടിച്ചുനിന്നവള്‍ക്ക് ഇപ്പോള്‍ എങ്ങനെ ഈയൊരവസ്ഥയുണ്ടായി. ഇല്ല, അവളെ ഒരു കളങ്കിതയായി കാണാനാകുന്നില്ല. ജീവിതത്തില്‍ ലക്ഷ്യബോധത്തോടെ ജീവിക്കുന്ന ഒരു സ്ത്രീക്കും വഴിതെറ്റാനാകില്ല. ഒരു നിമിഷം ഏലി ആ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി. നിരാശയോടെ അവളുടെ വലതുകരം ഗ്രഹിച്ചു.
‘പറ മോളെ. എന്താ സംഭവിച്ചേ? ഓരോ മണിക്കൂറും നീ എനിക്ക് ഫോണ്‍ ചെയ്യാറുണ്ടല്ലോ. ഇതെന്താ മറച്ചുവെച്ചേ?’
ഏലിയുടെ മുഖത്ത് പരിഭവം പടര്‍ന്നു. അവള്‍ എല്ലാം വിവരിച്ചു പറഞ്ഞു. കണ്ണുകള്‍ നിറഞ്ഞൊഴുകിയതും പെട്ടെന്നായിരുന്നു. ഏലിയുടെ മുഖം പെട്ടെന്ന് രൂക്ഷമായി. ചോദ്യങ്ങളും ഉത്തരങ്ങളുമുയര്‍ന്നു. ഒടുവില്‍ അവജ്ഞയോടെ പറഞ്ഞു.
‘ഇതിന്റെയെല്ലാം പിന്നില്‍ ആ മാഹിയാ. അവന്‍ വിഷപപ്പാമ്പാണ്.’
ഈ പ്രശ്‌നങ്ങള്‍ക്കു നടുവിലും അവന്റെയൊക്കെ മുന്നില്‍ തലയുര്‍ത്തി നടക്കുന്ന സിന്ധുവിനെ ഒന്നഭിനന്ദിക്കാനും ഏലി മറന്നില്ല. എഴുന്നേറ്റ് ഫോണിനടുത്തേക്ക് നടന്നു. കണ്ണട നേരെയാക്കി ഡയലിലേക്ക് ഉറ്റുനോക്കി ഫോണ്‍ നമ്പര്‍ കത്തി. റിസീവര്‍ ചെവിയോട് അമര്‍ത്തി പിടിച്ചു. അങ്ങേതലയ്ക്കല്‍ ആരോ ‘ഹലോ’ ശബ്ദമുയര്‍ന്നു.
‘എടാ കൊച്ചുവര്‍ക്കി, ഞാനാ.’
‘ങഹാ എന്താ അമ്മാമ്മേ? അസുഖം വല്ലതുമുണ്ടോ?’
‘നീ ഇങ്ങോട്ട് ഒടനെ വരണം.’
ആശുപത്രീ പോവാനെങ്കി ഡ്രൈവവറെ വിടാം. എനിക്ക് ഒരു കേസുണ്ട്. പുതിനൊന്നിന് കോടതീ പോണം.
‘അസുഖം എനിക്കല്ല, വേറൊരുത്തനാ, അതു തീര്‍ക്കാന്‍ ആശുപത്രീലല്ല, കോടതീലാ പോണ്ടത്, അതിനു നിന്റെ ഡ്രൈവറ് പോരാ…. എടാ നീ ഇന്നത്തെ ഇവിടുത്തെ ലോക്കല്‍ പത്രമൊന്ന് നോക്കണം. അതില് നമ്മുടെ സിന്ധുവിനെപ്പറ്റി അനാവശ്യം എഴുതിയിട്ടുണ്ട്. ആ പത്രക്കാരന്റെ പേരില് പത്ത് ലക്ഷത്തിന് മാനനഷ്ടക്കേസ് കൊടുക്കണം. എന്താ പറ്റ്വോ?’
‘ശരീ. ഞാന്‍ നോക്കാം. ഇന്നത്തേടം ഒന്ന് കഴിയട്ടെ.’
‘എന്നാലങ്ങനെ, സിന്ധു ഇവിടെ തന്നെ കാണും. പേപ്പര്‍ സൈയിന്‍ ചെയ്യിക്കാന്‍ ഡ്രൈവറെ വിട്ടാലും മതി. നിനക്കങ്ങ് എപ്പോഴും തെരക്കല്ലേ.’
ശരി, ഞാന്‍ ഹര്‍ജി തയാറാക്കി ഗുമസത്‌ന്റേല്‍ കൊടുത്തു വിടാം. എന്നാ വെക്കട്ടെ….’
ഏലി ഫോണ്‍ വെച്ചിട്ട് സിന്ധുവിന്റെ അടുത്ത് വന്നു.
എളേ ആങ്ങളയാ, അവന്‍ ഹൈക്കോടതീല് സീനിയര്‍ വക്കീല്ലല്ലേ. എന്റെ ആങ്ങളയായതുകൊണ്ട് പറയുകയല്ല. ഒരു കേസും തോറ്റ് കണ്ടിട്ടില്ല. നീ വെഷമിക്കേണ്ട. ആ പത്രക്കാരനെക്കൊണ്ട് സമാധാനം പറയിപ്പിക്കാം.’
‘അതിന്റെയൊന്നും ആവശ്യമില്ലാരുന്നു. ഇനി കോടതീല്‍ കേറിയെറങ്ങണ്ടേ….’
‘ഇതാ ഈ നാട്ടിലെ പെണ്ണുങ്ങളുടെ പ്രശ്‌നം. കോടതീം പോലീസും എന്നൊക്കെ പറഞ്ഞാ പേടിയ. കുറ്റം ചെയ്യാത്തവര്‍ എന്തിന് പേടിക്കണം. ആണുങ്ങളെപോലുള്ള ധൈര്യം പെണ്ണുങ്ങള്‍ക്കും വേണം. ഇല്ലെങ്കി ആണുങ്ങള് നെഞ്ചത്തോട്ട് കേറി നെരങ്ങും.’
ഏലിയുടെ വര്‍ത്തമാനവും കൈയാംഗ്യവും കണ്ട് സിന്ധുവിനു ചിരി വന്നു, ‘ഹേയ് എനിക്കങ്ങനെ പേടിയൊന്നുമില്ല’, അവള്‍ പറഞ്ഞു
‘സ്ത്രീകള്‍ പേടിക്കരുത്. നീ പ്രേമിച്ചല്ലേ കെട്ടിയത്. എന്നിട്ട് പേടിച്ചോ. ഇല്ലല്ലോ. ഈ നാട്ടി കേസുകളായി നടക്കുന്ന എത്രയോപെണ്ണുങ്ങളുണ്ട്. അവരെപ്പറ്റി ആര്‍ക്കും ഒന്നും പറയേണ്ട. മാനവും മര്യാദയുമായി ജീവിക്കുന്നവരെ ക്രൂശിക്കുന്ന കാലമാ.’
‘അമ്മച്ചീ പറയുന്നത് സത്യമാ.’
‘ക്രൂശിച്ചാലും യേശുവിനെപ്പോലെ ഉയര്‍ത്തെഴുന്നേല്‍ക്കണം.’
ആവേശത്തോടെ അത്രയും സംസാരിച്ചപ്പോഴേക്ക് ഏലിക്ക് ശ്വാസം മുട്ടാന്‍ തുടങ്ങി. പെട്ടെന്ന് സിന്ധു എഴുന്നേറ്റ് പുറവും നെഞ്ചും തടവിക്കൊടുത്തു.
‘അമ്മച്ചിയൊന്ന് കിടക്ക്.’
ചെറുതായിട്ടൊന്ന് ചുമച്ച്‌കൊണ്ട് അടുത്തിരുന്ന വടിയെചുത്തിട്ട് പറഞ്ഞു.
‘മോള് വെഷമിക്കാതിരിക്ക്.’
ഏലി വോക്കിങ് സ്റ്റിക്ക് തറയിലൂന്നി അകത്തേക്ക് പോയി. സിന്ധു പുറത്തെ കതകടച്ച് സ്വന്തം വീട്ടിലേക്ക് നടന്നു. കൈയ്യിലിരുന്ന മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു. കൂട്ടുകാരിയായ നടിയാണ്. വിഷയം പത്രവാര്‍ത്തതന്നെ. കൂട്ടുകാരില്‍ നിന്ന് കേട്ട ഓരോ വാക്കും മനസ്സിനെ ദുര്‍ബലപ്പെടുത്തിക്കൊണ്ടിരുന്നു. മനുഷ്യര്‍ എങ്ങനെയെല്ലാമാണ് കാര്യങ്ങളെ വളച്ചൊടിക്കുന്നത്. അവള്‍ അവസാനം പറഞ്ഞ വാക്ക മനസ്സിന് ആശ്വാസം പകരുന്നതാ.#ിരുന്നു. ഇന്ന് സ്ത്രീക്ക് ചുറ്റും ഒളിക്യാമകളാണ്. പോലീസ്സില്‍ പരാതി കൊടുക്കണം.
വീടിന്റെ കതക് തുറന്ന് അകത്ത് കയറ്റി കതകിന് കുറ്റിയിട്ടു. കൈയ്യിലിരുന്ന പത്രത്തിലേക്ക് വീണ്ടും കണ്ണുകളോടിച്ചു. മറ്റുള്ളവര്‍ക്കു മുന്നില്‍ എന്നെ കളങ്കപ്പെടുത്താന്‍ കണ്ടെത്തിയ മാര്‍ഗ്ഗം. പ്രേക്ഷകര്‍ക്ക് എന്നോടുള്ള മനോഭാവം ഇനിയെന്തായിരിക്കും. സിനിമയില്‍ കത്തി നിന്ന കാലത്തുപോലും ഒരു ചീത്തപ്പേരും കേള്‍പ്പിച്ചിട്ടില്ല. ഈ വാര്‍ത്ത മറ്റ് പത്രങ്ങളില്‍ വന്നോ, അതുമറിയില്ല.
സിന്ധുവിന്റെ കണ്ണുകള്‍ അതിവേഗം മേശപ്പുറത്ത് രമേശന്റെ ഫോട്ടോയിലേക്ക് നീണ്ടു. കണ്ണുകള്‍ നിറഞ്ഞു. എന്നെ ഈ കണ്ണീര്‍പ്പുഴയില്‍ ഒറ്റയ്ക്കാക്കിയിട്ട് പോയില്ലേ? ഫോട്ടോ നെഞ്ചോട് ചേര്‍ത്തമര്‍ത്തി. നീരൊഴുക്ക് പോലെ കണ്ണുകള്‍ നിറഞ്ഞൊഴുകി. അവള്‍ വിങ്ങി വിങ്ങി പ്രിയതമനോട് സങ്കടങ്ങള്‍ പറഞ്ഞു. മറ്റുള്ളവരുടെ മുഖത്ത് എങ്ങനെ നോക്കും. സിനിമാ രംഗത്തുള്ളവര്‍ ശത്രുക്കളായി മാറിയിരിക്കുന്നു. എല്ലാറ്റിനും കാരണം ഈ ശരീരമാണ്. കാമവികാരവുമായി വരുന്നവരുടെല്ലൊം മുന്നില്‍ ഞാന്‍ ഈ ശരീരം അനാവൃതമാക്കിക്കൊടുത്താല്‍ ശത്രുക്കളൊക്കെ ഓരോ രാത്രികള്‍കൊണ്ട് മിത്രങ്ങളാകും, ആരാധകരാകും. പക്ഷേ, അങ്ങനെയൊരു ആരാധന തനിക്കു വേണ്ട. അന്ന് മുറിക്കുള്ളിലെ ഏകാന്തതയില്‍ മാഹി കടന്നുവന്നു. അവന്റെ ബലിഷ്ടമായ കൈകളില്‍ ഞെരിഞ്ഞമരാന്‍ നിന്നുകൊടുത്തിരുന്നെങ്കില്‍ ഇതൊന്നും സംഭവിക്കില്ലായിരുന്നു. സര്‍ക്കാര്‍ അവാര്‍ഡ് വരെ ചിലപ്പോള്‍ കിട്ടിയേനെ. ജീവിതം പിന്നോട്ട് പോകാതെ മുന്നോട്ട് പോകുമായിരുന്നു. പുതിയ പുതിയ പരവതാനികള്‍ വിരിച്ചു തരാന്‍ പടിപ്പുരവാതില്‍ക്കല്‍ കാത്ത് നില്‍ക്കാന്‍ അനവധി പേര്‍ ഉണ്ടാകുമായിയരുന്നു.
പ്രിയതമന്റെ ഫോട്ടോയിലേക്ക് വീണ്ടും നോക്കി. സമൂഹത്തില്‍ അനീതിയും അയിത്തങ്ങളും കണ്ട്‌പൊട്ടിത്തെറിച്ച ഒരാദര്‍ശശാലിയുടെ ഭാര്യയാണ് നീ. എത്ര കണ്ടാലും കേട്ടാലും അനുവദിച്ചാലും മതിവരാത്തതാണ് സൗന്ദര്യം. സൗന്ദര്യത്തിന് മരണമില്ല. ജീവിതം മാത്രമേയുള്ളൂ. സ്ത്രീയുടെ വശ്യതയാര്‍ന്ന സൗന്ദര്യത്തില്‍ ഏത് പുരുഷനും ലയിച്ചുപോകും. അതൊരു അനുഭൂതിയാണ്. അതില്‍ അതിക്രമിച്ച് കടക്കുന്ന കാമഭ്രാന്തന്മാരെ നേരിടാന്‍ ഞാന്‍ നിനക്ക് പറഞ്ഞു തരണോ? ഒരു സ്ത്രീ എത്ര വിശുദ്ധിയുള്ളവളായാലും അവളെ സംശയത്തോടെ നോക്കുന്ന സമൂഹമാണ് ഇവിടെയുള്ളത്. അതാണ് സ്ത്രീയുടെ ഏറ്റവും വലിയ ശാപം. ഇതിനൊക്കെ മാറ്റം വരണമെങ്കില്‍ പാശ്ചാത്യ രാജ്യങ്ങളിലെ പോലെ സ്ത്രീ പുരുഷ സമത്വമുണ്ടാകണം ഇവിടെയും.
മൊബൈല്‍ വീണ്ടും ശബ്ദിച്ചു. തളര്‍ന്ന മുഖവുമായി അവള്‍ സംസാരിച്ചു. തമ്പി സിന്ധുവിനെ സമാധാനിപ്പിച്ചു. തമ്പിയെ സംബന്ധിച്ച് അതൊരു വലിയ വാര്‍ത്തയല്ല. അവളെ സ്വന്തമാക്കാന്‍ അയാള്‍ തന്നെ അവസാനമായി കണ്ടുപിടിച്ച ഒരു തന്ത്രമായിരുന്നു അത്. എന്നാല്‍ സിന്ധു ഇപ്പോഴും സംശയിക്കുന്നത് മാഹിയെ തന്നാണ്. ഒപ്പം നടക്കുകയും സഹകരിക്കുകയും ചെയ്യുന്ന തമ്പിയില്‍ നിന്ന് ഒരിക്കലുമവള്‍ അത് പ്രതീക്ഷിച്ചില്ല.
‘എന്തായാലും ഈ നാറിയ കളി കളിച്ചവനെ ഞാന്‍ വെറുതെവിടില്ല. കോടതിയില്‍ സമാധാനം പറയിപ്പിക്കും.’
അവളുടെ വാക്കുകള്‍ കേട്ട് തമ്പിയുടെ ഉള്ളില്‍ ശങ്കകള്‍ വര്‍ദ്ധിച്ചു. കണ്ണുകളില്‍ ഉത്കണ്ഠ വളര്‍ന്നു. സത്യം പുറത്ത് വന്നാല്‍ ഇതിനെക്കാള്‍ നാറും. എങ്ങനെയും അവളെ ഇതില്‍ നിന്ന് പിന്‍തിരിപ്പിക്കണം. അതോ വെറുതെ പറയുന്നതാണോ? ഞാനല്ലാതെ ആരാണ് അവളെ സഹായിക്കാന്‍. ഹോട്ടലില്‍ വെച്ച് രണ്ട് കൈകളും ഒന്നിക്കുന്ന ഒരു പടമുണ്ട്. അത് മൊബൈലില്‍ കണ്ട് ഏറെ സന്തോഷിച്ചു. പ്രണയനിലാവ് ഉള്ളില്‍ തെളിയുകയും ചെയ്തു. വിരല്‍തുമ്പിലൂടെ അവളുടെ ശരീരം കവര്‍ന്നെടുക്കാനുള്ള തത്രപ്പാടിലാണ്. ഇതിനിടയില്‍ കോടതിയും മറ്റുമായാല്‍ എല്ലാ പദ്ധതികളും പൊളിയും. വളരെ ശാന്തനായി പറഞ്ഞു.
‘സിന്ധു, പോലീസും കോടതിയും… ഇതൊന്നും നമ്മുക്ക് പറ്റിയതല്ല. ഇനിയും അടുത്ത വാര്‍ത്ത അതായിരിക്കും. ഈ പത്രം ഇവടുത്തെ പ്രമുഖ പത്രമൊന്നുമല്ലല്ലോ. എന്റെ മൊബൈല്‍ ഫോണില്‍ വന്ന ഒരു പടം കൂടി ഞാനങ്ങോട്ട് അയക്കാം. എന്നെക്കൂടി നാണം കെടുത്താന്‍ ചെയ്ത പണി. ഇപ്പോള്‍ തന്നെ അയക്കാം.’
മൊബൈല്‍ ഫോണില്‍ മറ്റൊരു വാര്‍ത്ത വന്നു. അവള്‍ തുറന്നു. മനസ്സ് ഉമിത്തീപോലെയരിഞ്ഞു. തമ്പി തന്റെ കൈയ്യില്‍ മുറുകെ പിടിക്കുന്ന ഒരു ചിത്രം. ഒരു നിമിഷം അവള്‍ ആ സന്ദര്‍ഭം ഓര്‍ത്തു. തമ്പി തന്നെ ആശ്വസിപ്പിക്കാന്‍ കൈയ്യില്‍ പിടിച്ചതാണ്. അതിലേക്കവള്‍ നിമിഷങ്ങള്‍ നോക്കിയിരുന്നു.
തമ്പിയുടെ മനസ്സില്‍ വസന്തം വിരിയുകയായിരുന്നു. അടുത്ത് രംഗത്ത അവളെ കെട്ടിപ്പിടിച്ച് ഉമ്മ വെക്കണം. മാഹി പരാജയപ്പെട്ടിടത്ത് വിജയം കണ്ടെത്തണം. ഒരു ദിവസം അവള്‍ സെറ്റില്‍ കസവുമുണ്ടുടുത്ത് ഒരു രംഗം അഭിനയിച്ചപ്പോള്‍ ആ മുഖത്തും ശരീരത്തിലും എത്ര നേരമാണ് നോക്കിയിരുന്നതെന്ന് അറിയില്ല. സൂര്യ പ്രകാശത്തില്‍ അവള്‍ വെട്ടിത്തളങ്ങുകയായിരുന്നു. എത്രയോ നാളുകളായി അവളെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നു. ആസൂത്രണം ചെയ്യുന്ന ഒരു രംഗങ്ങളും ഇന്നുവരെ വിജയിച്ചില്ല. ആ ജോലി മാഹിയെ ഏല്‍പ്പിച്ചിട്ടും പരാജയം. ഇനി ഈ പത്രവാര്‍ത്തയിലൂടെയെങ്കിലും അവളെ സ്വന്തമാക്കണം. ഭര്‍ത്താവില്ലാത്തവള്‍ക്ക് ഒന്നു പ്രണയിച്ചാല്‍ വല്ലതും നഷ്ടപ്പെടുമോ? സ്വന്തം ശരീരം ഇങ്ങനെ ഉണക്കിക്കളയുന്ന സ്ത്രീകളുണ്ടോ? അതോ സുന്ദരികളായ സ്ത്രീകള്‍ക്ക് കാമവികാരം കുറവാണോ? അവളുടെ കവിളില്‍, ചുണ്ടില്‍, കഴുത്തില്‍, മാറില്‍ ഒന്ന് താലോലിക്കാന്‍ ഇതിലൂടെയെങ്കിലും അവസരമുണ്ടാകുമെന്നാണ് പ്രതീക്ഷ.
സിന്ധുവിനെ വീണ്ടും ഫോണില്‍ വിളിച്ചു.
‘സിന്ധു, നമ്മളെ രണ്ടു പേരെയും കരിവാരിതേക്കാന്‍ ആരോ മനഃപൂര്‍വ്വം ചെയ്തതാണ്. ഇത് കൂടി പത്രത്തില്‍ വന്നാല്‍ എന്താകും സ്ഥിതി. ഇനിയും നമ്മള്‍ വളരെ സൂക്ഷിക്കണം. കേസൊന്നും കൊടുത്ത് അവരെ പ്രകോപിപ്പിക്കരുത്. അല്ലാതെ തന്നെ ഇതു ഞാന്‍ ഡീല്‍ ചെയ്‌തോളാം.’
തമ്പിയുടെ മനസു ശരീരവും സിന്ധുവിലേക്ക് ഒരു പക്ഷിയെപ്പോലെ പറന്നു.
അവള്‍ തമ്പിയുടെ വാക്കുകള്‍ക്ക് ഒട്ടും വില കല്‍പ്പിച്ചില്ല. പുകഞ്ഞതുപോലെ നെറ്റി വിയര്‍ത്തു. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരായാലും രക്ഷപെടാന്‍ പാടില്ല. അവളുടെ മുഖം കൂടുതല്‍ രൂക്ഷമായിരുന്നു. മാഹി ആരെയും സ്വാധീനിക്കാന്‍ കരുത്തുള്ളവനാണ്. പ്രേക്ഷകരും ഭരണവും അവന് പൂമാല ചാര്‍ത്തുമ്പോള്‍ അവരുടെയിടയില്‍ നിന്ന് ഒരു ചെരുപ്പേറ് അവന് ആവശ്യമാണ്.
‘തമ്പി, ഞാന്‍ രമേശിന്റെ ഭാര്യ, ഇന്ന് വിധവ, ഞാനങ്ങനെ ഭയന്ന് വണ്ടിവിട്ടോടുന്ന ആളല്ലെന്ന് അറിയാമല്ലോ. പോലീസും കോടതീം ഈ കാര്യത്തില്‍ ഇടപെടണം. ഈ ദേശത്ത് കിരീടം ചൂടി നില്‍ക്കുന്നവരുടെ തനിനിറം നാട്ടുകാര്‍ ഒന്നറിയട്ടെ.’
തമ്പിയുടെ മനസ്സില്‍ കുടികൊണ്ടിരുന്ന മോഹങ്ങളും വികാരങ്ങളും മെല്ലെ മെല്ലെ അലിഞ്ഞുതീര്‍ന്നു. മനസ്സില്‍ പൂത്ത് നിന്ന പൂവ് ഒരു മുള്ളായി ഹൃദയത്തില്‍ തറച്ചു. അതെ, രമേശ് എന്ന സാഹിത്യ വിപ്ലവകാരിയായ ഭാര്യയാണ്. മറ്റ് സ്ത്രീകളെപോലെ അവളെ വേട്ടയാടുക അത്ര എളുപ്പമല്ല. മറ്റുള്ളവരുടെ ഔദാര്യവും സ്‌നേഹവും പുഞ്ചിരിയോടെ അവള്‍ സ്വീകരിക്കാറുണ്ട്. എന്നാല്‍, മനസ്സിനെ നിയന്ത്രിക്കാനും ശരീരത്തെ സംരക്ഷിക്കാനും അവള്‍ക്കറിയാം. അവളിലെ കാമത്തിന്റെ ഉറവ വറ്റിപ്പോയിരിക്കും. വളരെ സ്‌നേഹാര്‍ദ്രമായി ആ കൈയ്യില്‍ മുറുകെ പിടിച്ചപ്പോള്‍ സ്വന്തം വികാരത്തെയുണര്‍ത്തി എന്നിലേക്ക് മടങ്ങി വരേണ്ടവള്‍, ഇപ്പോഴിതാ പോലീസില്‍ പരാതിപ്പെടാന്‍ പോകുന്നു. അങ്ങനെ സംഭവിച്ചാല്‍ തെളിവുകള്‍ പുറത്തുവരും. താന്‍ കുടുങ്ങും. മുറ്റത്ത് ചീറിയടിക്കുന്ന കാറ്റ് മനസ്സിലേക്ക് ഇരച്ചുകയറി.
എങ്ങനെയാണ് അവളെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കേണ്ടത്. കണ്ണുകള്‍ക്കു മുന്നില്‍ കോടതിയും പോലീസുമൊക്കെ അവ്യക്തമായി തെളിഞ്ഞുവന്നു. ഇതൊക്കെ പുറത്തായാല്‍ തലയുയര്‍ത്തി നില്‍ക്കാനാവില്ല. ഒരു അപേക്ഷാസ്വരത്തില്‍ പറഞ്ഞു നോക്കി.
‘സിന്ധു, ഞാന്‍ പറയുന്നത് കേള്‍ക്ക്. യേശുക്രിസ്തുപോലും ശത്രുവിനെ സ്‌നേഹിച്ചവനല്ലേ. ഇതിന്റെയെല്ലാം പിറകെ നടക്കാന്‍ നമ്മുക്ക് സമയമുണ്ടോ? എനിക്ക് ഇത്രയെ ഇതിനെപ്പറ്റി പറയാനുള്ളൂ.’
നിഷ്‌കളങ്കതയോടെ തമ്പി സംസാരം അവസാനിപ്പിച്ചു. എന്തായാലും ഞാനില്ലാതെ ഒറ്റക്ക് അവള്‍ക്ക് ഇതിനെയൊന്നും അഭിമുഖീകരിക്കാനാവില്ല. തമ്പി ആലോചനയില്‍ മുഴുകിയിരുന്നു.
ഭൂമിയിലെത്തിയ സൂര്യന്റെ കണ്ണുകള്‍ മഞ്ഞളിച്ചിരുന്നു. കാറ്റ് വൃക്ഷത്തലാപ്പുകളില്‍ നൃത്തംവെച്ചു. കുളിക്കുമ്പോഴും തുണി മാറുമ്പോഴും മനസ്സില്‍ വിദ്വോഷം മാത്രമായിരുന്നു. എത്രയോ പെണ്‍കുട്ടികളുടെ ജീവിതമാണ് ഈ ഇടങ്കണ്ണുള്ള മൊബൈലില്‍ തകര്‍ന്നിട്ടുള്ളത്. അവരുടെ മാനസികാവസ്ഥ മറ്റുളളവര്‍ മനസ്സിലാക്കുന്നില്ല. റോഡിലിറങ്ങി ഓട്ടോറിക്ഷയില്‍ പോലീസ് സ്റ്റേഷനിലേക്ക് പോകുമ്പോഴും ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. ഇതിന്റെ പിറകില്‍ ആരെന്നറിയണം. ഇതുമൂലമുണ്ടാകുന്ന പ്രയാസങ്ങള്‍ ധാരാളമായിരിക്കാം. എന്നാലും പിന്‍മാറുന്ന പ്രശ്‌നമില്ല. ആദ്യം പോയത് ബാങ്കിലേക്കായിരുന്നു. മാണിയെ ലണ്ടനില്‍ വിടാന്‍ വീടിന്റെ പ്രമാണം ബാങ്കില്‍ പണയം വെച്ചു. പണം ക്‌ന്യാസ്ത്രീയുടെ പേരില്‍ അയയ്ക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു.
പോലീസ് സ്റ്റേഷനിലെത്തി വളരെ ആര്‍ജ്ജവത്തോടെ സംസാരിച്ചു. പരാതി കൊടുത്തു. ഇന്‍സ്‌പെക്ടര്‍ അവളുടെ മൊബൈല്‍ പരിശോധിച്ചു. നമ്പരുകള്‍ രേഖപ്പെടുത്തി. സ്വന്തം മൊബൈലിലേക്ക് എല്ലാം പകര്‍ത്തി. പരാതിപ്പെട്ടതിന്റെ ഒരു കോപ്പി അവളും വാങ്ങി. ഇന്‍സ്‌പെക്ടറുടെ പെരുമാറ്റം വളരെ മാന്യമായിരുന്നു. വേണ്ടതു ചെയ്യാം, ആളെ കണ്ടുപിടിക്കാം.
അവള്‍ പുറത്തേക്ക് ഇറങ്ങാനൊരുങ്ങുമ്പോള്‍ ഒരു പോലീസുകാരന്‍ അവളെ അര്‍ത്ഥഗര്‍ഭമായി സൂക്ഷിച്ച് നോക്കിയത് അവള്‍ക്ക് ഇഷ്ടപ്പെട്ടില്ല. അയാളുടെ മുഖത്തേക്ക് അവളും അതേ ഭാവത്തില്‍ ശൃംഗാരത്തോടെ നിമിഷങ്ങള്‍ നോക്കി നിന്നു. ഉള്ളില്‍ പറഞ്ഞു. റാസ്‌ക്കല്‍, അവന്റെ നോട്ടം കണ്ടില്ലേ?
‘ഇയാളെന്താ ഇത്ര സൂക്ഷിച്ചുനോക്കാന്‍. പെണ്ണുങ്ങളെ കണ്ടിട്ടില്ലേ?’
ഒട്ടും പതറാതെയുള്ള അവളുടെ ശബ്ദം കേട്ട് അവിടെയിരുന്ന മറ്റ് പോലീസുകാര്‍ തലയുയര്‍ത്തി നോക്കി. വളരെ മാധുര്യത്തോടെ നോക്കിയ പോലീസുകാരന്റെ കണ്ണുകള്‍ മഞ്ഞളിച്ചു.
‘എന്താ ഇയാളുടെ പേരില്‍കൂടി ഒരു പരാതി കൊടുക്കണോ?’
പെട്ടെന്നയാള്‍ ഒരു ക്ഷമാപണം നടത്തിയപ്പോള്‍ അവള്‍ തണുത്തു.
‘ഇവിടെ വരുന്ന പരാതിക്കാരെ വിശിഷ്ടാതിഥികളായൊന്നും കാണണ്ട. പക്ഷേ, ഞങ്ങള്‍ വെറും പാവം പരാതിക്കാരാ. പാരവെക്കല്ലേ സാറെ.’ അത്രയും പറഞ്ഞിട്ടവള്‍ പുറത്തേക്ക് പോയി. പോലീസുകാര്‍ നിശബ്ദരായി. അവള്‍ പറഞ്ഞതില്‍ താക്കീത് മത്രമല്ല പരിഹാസവുമുണ്ടായിരുന്നു.
ദിവസങ്ങള്‍ മുന്നോട്ട് പോയി, പത്രക്കാരനെതിരെയും കോടതിയില്‍ പരാതി സമര്‍പ്പിച്ചു. അഭിനയമില്ലാത്ത ദിവസങ്ങളില്‍ ഏലിയുടെ പറമ്പില്‍ കൃഷിക്കു സഹായിച്ചു, അതൊരാശ്വാസമായിരുന്നു, മണ്ണുമായുള്ള സാമീപ്യം അമ്മയുടെ മടിത്തട്ട് പോലെ സുരക്ഷിതത്വം പകര്‍ന്നു. കുട്ടിക്കാലത്ത് അപ്പന്റെ കൂടെ കൃഷിപ്പണി ചെയ്ത പരിചയവുമുണ്ട്.
ഒരു ശനിയാഴ്ച അതിരാവിലെ എഴുന്നേറ്റ് മകന് ചോറും കറികളുമുണ്ടാക്കി വെച്ചിട്ട് അവനെ വീട്ടിലേക്ക് കൊണ്ടുവരാന്‍ സ്‌കൂളിലെത്തി. മകന്‍ അമ്മയ്‌ക്കൊപ്പം വരുന്നില്ലെന്ന് കന്യാസ്ത്രീ വന്ന് പറഞ്ഞപ്പോള്‍ അവളുടെ മുഖത്ത് ചുളിവുകള്‍ വീണു.
(തുടരും)







