മാവേലിക്കര എ.ആര്‍.രാജരാജ വര്‍മ സ്മാരക ഗവ.ഗേള്‍സ് എച്ച്എസ്എസില്‍ വേനല്‍ കുളിര് എന്ന അവധിക്കാല ഏകദിന ക്യാംപില്‍ നേര്‍വഴി എന്ന പേരിലുള്ള ക്ലാസ് എടുക്കാനാണെത്തിയത്. ക്ലാസ്സ് ആരംഭിക്കുന്നതിനു മുന്‍പ് ഒരു കൊച്ചു മിടുക്കി ഓടിയടുത്തെത്തി. സാറിന് എന്നെ അറിയാമോ ? എന്റെ അമ്മയെ സാര്‍ പഠിപ്പിച്ചിട്ടുണ്ട്.
ആശ്ചര്യത്തോടെ, എന്താ അമ്മയുടെ പേര് എന്ന് ഞാന്‍ ചോദിച്ചു.
അപര്‍ണ എന്ന് മറുപടി.
ഒത്തിരി അപര്‍ണമാരുടെ മുഖം മനസ്സിലേക്ക് ഓടിയെത്തി ഏത് അപര്‍ണ എന്ന് ഉറപ്പിക്കാന്‍ കണ്ടിയൂരില്‍ ഉള്ളതാണോ എന്ന് ചോദിച്ചു.
അല്ല, അമ്മയുടെ പേര് അപര്‍ണ കൃപാല്‍ജി എന്നു പറഞ്ഞപ്പോള്‍ ചെട്ടികുളങ്ങരക്കാരിയായ എന്റെ പഴയ വിദ്യാര്‍ഥിനിയുടെ മുഖം പെട്ടെന്ന് ഓര്‍മ്മയിലെത്തി. പ്രിയ സുഹൃത്ത് രാജേഷ് ആര്‍.ചന്ദ്രന്റെ പത്‌നിയാണ് അപര്‍ണ മൃണാളിനി കൃപാല്‍ജി എന്ന അപര്‍ണ. എപ്പോള്‍ എവിടെവച്ച് കണ്ടാലും പഴയ ഗുരുശിഷ്യ ബന്ധത്തിന്റെ സ്‌നേഹം ആത്മാര്‍ത്ഥമായി പ്രകടിപ്പിക്കുന്ന ഒരു നല്ല വിദ്യാര്‍ത്ഥിനിയാണ് അപര്‍ണ.
മോളുടെ പേര് എന്താ എന്ന് ചോദിച്ചപ്പോള്‍ പാര്‍വണ എന്ന് മറുപടി.
ക്ലാസ്സിനായി ഞാനെത്തുമ്പോള്‍ എന്റെ അടുക്കലേക്ക് പാര്‍വണ ഓടിയെത്തി പരിചയപ്പെട്ടെങ്കില്‍ അമ്മയായ അപര്‍ണ എന്നെക്കുറിച്ച് ആ കൊച്ചു മിടുക്കിയോട് സമ്മാനിച്ച നന്മയുടെ വാക്കുകള്‍ എത്രത്തോളം ഉണ്ടെന്ന് ഞാന്‍ ഊഹിക്കുന്നു. ഒരു അധ്യാപകന് ജീവിതത്തില്‍ ലഭിക്കാവുന്ന വലിയ സന്തോഷം ഇതാണ്.
ക്ലാസ്സില്‍ കഥകളും കൊച്ചുകൊച്ചു സംസാരങ്ങളും ആയി മുന്നേറിയപ്പോള്‍ പാര്‍വണയും സജീവമായിരുന്നു. ക്ലാസിന്റെ സമാപനത്തില്‍ ക്ലാസിനെക്കുറിച്ച് അഭിപ്രായം പറയാന്‍ പങ്കെടുത്ത കുരുന്നുകളെ വിളിച്ചപ്പോള്‍ പാര്‍വണയും ഓടിയെത്തി. എനിക്ക് സാറിന്റെ ക്ലാസ് ഒത്തിരി ഇഷ്ടമായി, നല്ല കഥകളായിരുന്നു ഇനിയും സാറിന്റെ ക്ലാസ്സ് വേണം, കൂട്ടുകാരെ നിങ്ങള്‍ക്ക് ഇഷ്ടമായില്ലേ സാറിന്റെ ക്ലാസ്സ് എന്ന പാര്‍വണയുടെ ചോദ്യം മനസ്സില്‍ മുഴങ്ങുന്നു.
ക്ലാസിലേക്ക് എന്നെ ക്ഷണിച്ച ആശാരാഘവന്‍ ടീച്ചറെ വിളിച്ച് ഒരു ഫോട്ടോയെടുത്ത് തരണേ ടീച്ചറെ എന്നു പറഞ്ഞു. പാര്‍വണയെ ചേര്‍ത്തുനിര്‍ത്തി ഒരു പടവും എടുപ്പിച്ചാണ് ഞാന്‍ മടങ്ങിയത്.
അഞ്ചു മുതല്‍ എട്ടുവരെ ക്ലാസില്‍ പഠിക്കുന്ന കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുത്തത്. നല്ല മിടുക്കരായ കുട്ടിക്കൂട്ടം എന്റെ മറ്റൊരു വിദ്യാര്‍ത്ഥിനിയുടെ ഇളയ സഹോദരിയും കൂട്ടത്തില്‍ ഉണ്ടായിരുന്നു.
ക്ലാസിന് വിളിച്ച പ്രിയപ്പെട്ട ആശ ടീച്ചര്‍, ഹെഡ്മിസ്ട്രസ് അനിത ടീച്ചര്‍ സ്‌കൂളിലെ കായിക അധ്യാപകന്‍ കൂടിയായ പ്രിയ വൈദികന്‍ ജോബി ജോണ്‍ അച്ചന്‍, ശ്രീജ ടീച്ചര്‍ പിടിഎ ഭാരവാഹികള്‍ എല്ലാവരോടും നന്ദി……… കുട്ടിപ്പട്ടാളത്തോടൊപ്പം രണ്ടുമണിക്കൂറോളം സന്തോഷിക്കാന്‍ അവസരം നല്‍കിയതിന്. ഇടയ്ക്ക് പെയ്ത മഴ ക്ലാസിന്റെ കുളിരായി മാറി. വേനല്‍ കുളിര് മഴക്കുളിര് പകര്‍ന്ന പകലായി മാറി.












