”അവനവനാത്മ സുഖത്തിനാചരിക്കുന്നത് അപരന്നു സുഖത്തിനായ് വരേണം…” എന്ന് നമ്മുടെ നാട്ടിലെ ഒരു ഋഷി പറഞ്ഞിട്ടുണ്ട്. മനുഷ്യജീവിതത്തിന്റെ ഭദ്രതയും സൗന്ദര്യവും ഈ ധര്‍മബോധത്തില്‍ അധിഷ്ഠിതമാണ്. എന്നാല്‍,ഇങ്ങനെ നോക്കിയാണോ നാം ജീവിക്കുന്നത്?നമുക്കു സുഖമെന്നു തോന്നുന്നത് നാം ചെയ്യുന്നു.അത് അപരന് ഗുണമോദോഷമോ എന്നു ചിന്തിച്ചു നാം വേവലാതിപ്പെടാറില്ല. അന്യരെ കയ്യേറ്റംചെയ്യാനും പീഡിപ്പിക്കാനും വേണമെങ്കില്‍ കൊന്നുതള്ളാനും പ്രേരിപ്പിക്കുന്ന ഹിംസ്ര ഭാവം നമ്മില്‍ രൂഢമൂലമായിക്കഴിഞ്ഞു.
സോക്രട്ടീസിന്റെ ശിഷ്യന്‍അരിസ്റ്റപ്പോയാണ് ,’അഭിലാഷമുണ്ട് അതുകൊണ്ട് അതു നിറവേറ്റാനുള്ള അവകാശമുണ്ട് ‘എന്ന ആശയം ഒരു ധാര്‍മിക സമവാക്യമായി അവതരിപ്പിച്ചത്. അതിനാല്‍ നമുക്ക് വിശപ്പുണ്ടെങ്കില്‍ കൊന്നു തിന്നാം, അപരന്റെ കൈയിലെ വസ്തു നമുക്കു കാമ്യമാണെങ്കില്‍ അത് പിടിച്ചുപറിക്കാം എന്നവസ്ഥയിലായത്.
ഈ ചിന്ത വ്യാപിക്കുന്നതിനാലാണ് ചെന്നായ്ക്കള്‍ വംശനാശം വന്നുകൊണ്ടിരിക്കയാണെങ്കിലും നമുക്കിടയില്‍ ചെന്നായ്ക്കള്‍ നവീന വേഷത്തില്‍ പുനരവതരിച്ചു കൊണ്ടിരിക്കുന്നത്. വാഹനത്തിന് മാര്‍ഗതടസ്സമുണ്ടാക്കിയെന്നാരോപിച്ച് ആദിവാസി യുവാവ് സിജുവിനെ മര്‍ദിച്ച് വൈദ്യുതി തൂണില്‍ കെട്ടിയിട്ടത് ഈ ചെന്നായ് മനോഭാവമല്ലേ..?












