നരേട്ടനോടു പറഞ്ഞ അന്നു തന്നെ അവള്‍ ദേവാനന്ദിനെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞു. ഉടനെ തന്നെ ഡല്‍ഹിയിലെത്തി ചേരുമെന്ന് ദേവാനന്ദ് തിരിച്ചുമറിയിച്ചു. എന്നാല്‍ അത്ര പെട്ടെന്ന് ദേവാനന്ദ് സമ്മതിക്കുമെന്ന് കൃഷ്ണമോളും ഞങ്ങളും വിചാരിച്ചിരുന്നില്ല. അയാള്‍ക്ക് കുറേശേ മാനസാന്തരം വന്നു തുടങ്ങിയെന്നും, ഞങ്ങളോട് അടുക്കുവാന്‍ താല്‍പര്യം പ്രകടിപ്പിച്ചു തുടങ്ങിയെന്നും കൃഷ്ണമോളുടെ വാക്കുകളില്‍ നിന്നും ഞങ്ങള്‍ക്ക് വ്യക്തമായി. എന്നാലിപ്പോഴും അക്കാര്യത്തില്‍ അയാളുടെ വീട്ടുകാര്‍ എതിരാണത്രെ! അവര്‍ക്ക് കൃഷ്ണമോള്‍ക്ക് കിട്ടേണ്ടിയിരുന്ന സ്ത്രീധനമാണ് പ്രധാനം. അതു കിട്ടുന്നതു വരെ അവര്‍ കൃഷ്ണമോളോട് അതേപ്പറ്റി പറഞ്ഞ് കലഹം നടത്താറുണ്ടത്രെ.
ദേവാനന്ദിന് രണ്ടു സഹോദരികളുണ്ട്. അവര്‍ക്കു നല്‍കേണ്ടുന്ന സ്ത്രീധനം കൃഷ്ണമോളുടെ പക്കല്‍ നിന്നും ഈടാക്കാനാണ് അവരുടെ ശ്രമം. എന്നാല്‍ അവര്‍ പറയുന്നത്രയും തുക ഞങ്ങള്‍ക്ക് നല്‍കാനാകുമോ എന്ന് സംശയമായിരുന്നു. കാരണം നരേട്ടന്റെ ഓപ്പറേഷന് നല്ലൊരു തുക വേണ്ടി വന്നു. അതിനു മുമ്പ് രാഹുല്‍മോനു വേണ്ടിയും നല്ലൊരു തുക ചിലവാക്കിയിരുന്നു.
നരേട്ടന്റെ ഓപ്പറേഷനു വേണ്ടുന്ന തുക നാട്ടിലുള്ള എന്റെ പ്രോപ്പര്‍ട്ടികള്‍ വിറ്റാണ് കണ്ടെത്തിയത്. ഭൂമിയ്‌ക്കൊന്നും അത്ര വില കിട്ടാത്ത കാലമായിരുന്നു അത്. പിന്നെ അച്ഛന്റെ ബാങ്ക് ബാലന്‍സ് അനിയത്തിമാരുടെ കല്യാണത്തോടെ ശോഷിച്ചിരുന്നു. ബാക്കി തുക അമ്മയ്ക്ക് ജീവിയ്ക്കാനുള്ളതു മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഏതായാലും ഡല്‍ഹിയിലുള്ള വീടിന് അന്നും നല്ല വിലയുണ്ടായിരുന്നു. എന്നാല്‍ അത് വിറ്റ് മകള്‍ക്ക് സ്ത്രീധനക്കാശ് കൊടുക്കാന്‍ ഞങ്ങള്‍ തയ്യാറായിരുന്നില്ല. എങ്കിലും കൃഷ്ണമോള്‍ ഇടയ്ക്കിടെ അക്കാര്യം ഞങ്ങളെ ഓര്‍മ്മിപ്പിച്ചു കൊണ്ടിരുന്നു.
ഒരു പുഞ്ചാബി കര്‍ഷക ഫാമിലിയില്‍പ്പെട്ടവനാണ് ദേവാനന്ദ്. സ്ത്രീധനത്തിന്റെ പേരില്‍ പെണ്‍കുട്ടികളെ പീഡിപ്പിക്കാനും, കൊല്ലാനും മടിയില്ലാത്തവര്‍. കൃഷ്ണമോള്‍ അക്കാര്യം ഓര്‍മ്മിപ്പിച്ചും ഞങ്ങളെ ഇടയ്ക്കിടയ്ക്ക് അലട്ടിയിരുന്നു. ഒരു ദിവസം ഞാനവളോട് അന്വേഷിച്ചു.
”എങ്കില്‍ പിന്നെ അന്ന് വിവാഹത്തിന് മുമ്പ് അവര്‍ക്കത് ആവശ്യപ്പെട്ടു കൂടായിരുന്നോ?”
”അന്നവര്‍ക്ക് എങ്ങിനെയും വിവാഹം നടത്തി കിട്ടിയാല്‍ മതിയെന്നായിരുന്നു. കാരണം ദേവേട്ടന് എന്നെത്തന്നെ വേണമെന്ന പിടിവാശിയിലായിരുന്നു. പിന്നെ അന്ന് സ്ത്രീധനം ആവശ്യപ്പെടാന്‍ ദേവേട്ടന്‍ സമ്മതിച്ചുമില്ല. ഇന്നിപ്പോള്‍ അക്കാര്യം പറഞ്ഞ് അവര്‍ ദേവേട്ടനോട് ഇടയ്ക്കിടയ്ക്ക് കലഹിക്കാറുണ്ട്.
ദേവേട്ടന്റെ ഇളയ സഹോദരിയുടെ വിവാഹം നിശ്ചയിച്ചു കഴിഞ്ഞു. ഒരു സാധാരണ മിഡില്‍ ക്ലാസ്സ് ഫാമിലിയില്‍പ്പെട്ടവരാണ് ദേവേട്ടന്റെ വീട്ടുകാര്‍. അവര്‍ വിചാരിച്ചാല്‍ അത്രത്തോളം സ്ത്രീധനമൊന്നും കൊടുക്കുവാന്‍ കഴിയുകയില്ല. മൂത്ത സഹോദരിയുടെ വിവാഹം നടത്തിയപ്പോള്‍ കൊടുക്കേണ്ടിയിരുന്ന തുക മുഴുവന്‍ അവര്‍ നല്‍കിയിട്ടുമില്ല. അതിന്റെ പേരില്‍ ആ സഹോദരിയുടെ വീട്ടുകാരുമായി ദേവേട്ടന്റെ വീട്ടുകാര്‍ കലഹത്തിലുമാണ്. ഒരു പക്ഷേ ആ സഹോദരിയുടെ വിവാഹമോചനം വരെ നടന്നേയ്ക്കുമെന്നാണ് പറയുന്നത്.
കൃഷ്ണമോള്‍ പറഞ്ഞു നിര്‍ത്തി ഞങ്ങളെത്തന്നെ ആകാംക്ഷയോടെ നോക്കിയിരുന്നു. ഒരുപക്ഷേ ഏതെങ്കിലും രീതിയില്‍ ഞങ്ങളെവളെ സഹായിക്കുമെന്ന് അവള്‍ കരുതിയതു പോലെ തോന്നി. അതിനുവേണ്ടി കൂടിയാണ് അവള്‍ ഇപ്രാവശ്യം ഞങ്ങളെക്കാണാന്‍ വന്നത്. നേരത്തെ ഞാന്‍ ഊഹിച്ചതു പോലെ തന്നെയാണ് കാര്യങ്ങള്‍.
ഞങ്ങളില്‍ നിന്നും അകലം സൂക്ഷിച്ചിരുന്ന ദേവാനന്ദിനെ നയരൂപത്തില്‍ വിളിച്ചു വരുത്തി, ഞങ്ങളെ തൃപ്തിപ്പെടുത്താന്‍ അവള്‍ ശ്രമിക്കുന്നതും അതിനുവേണ്ടിയാണ്. അവള്‍ പെട്ടെന്ന് കരഞ്ഞു കൊണ്ട് ഇങ്ങിനെ പറയാന്‍ തുടങ്ങി.
”ഇത്തവണ ഞാന്‍ മടങ്ങിച്ചെല്ലുമ്പോള്‍ കുറച്ചെങ്കിലും പണവും കൊണ്ട് ചെന്നില്ലെങ്കില്‍ ദേവേട്ടന്റെ അമ്മയും സഹോദരിമാരും എനിക്കൊരു സൈ്വര്യവും തരില്ല. ദേവേട്ടന്‍ മലയാളിയായ എന്നെ വിവാഹം കഴിച്ചതു കൊണ്ടാണ് അവര്‍ക്കീ ഗതി വന്നതെന്നാണവരിപ്പോള്‍ പറയുന്നത്. അല്ലെങ്കില്‍ അവര്‍ പഞ്ചാബികളുടെ ഇടയില്‍ നിന്ന് നല്ല പെണ്‍കുട്ടികളെത്തന്നെ, കമ്പനിയില്‍ ഉയര്‍ന്ന തസ്തികയില്‍ ജോലി ചെയ്യുന്ന ദേവേട്ടന് കിട്ടുമായിരുന്നുവത്രെ…’
കൃഷ്ണമോളുടെ വാക്കുകള്‍ എന്റേയും, നരേട്ടന്റെയും ഉറക്കം കെടുത്തി. രാത്രിയില്‍ ഞങ്ങളൊരുമിച്ച് ആലോചിച്ചു. ബാങ്കില്‍ നരേട്ടന്റെ ഓപ്പറേഷനു ശേഷമുള്ള അല്‍പം പൈസ ബാക്കി കിടപ്പുണ്ട്. അതിപ്പോള്‍ നല്‍കി ഈ പ്രശ്‌നം തല്‍ക്കാലത്തേയ്ക്ക് അവസാനിപ്പിക്കാമെന്ന് ഞങ്ങള്‍ കരുതി. ആ തുക ബാങ്കില്‍ നിന്നുമെടുത്ത് കൃഷ്ണമോള്‍ക്കു നല്‍കുമ്പോള്‍ അവള്‍ പറഞ്ഞു.
”ഇതുകൊണ്ട് ഒന്നുമാവില്ല മമ്മീ…’
‘ബാക്കി പിന്നെ എപ്പോഴെങ്കിലും തരാം…’ ഞങ്ങള്‍ പറഞ്ഞു. അങ്ങിനെ മൂന്നു ദിനങ്ങള്‍ കൂടി കടന്നു പോയി. മൂന്നാം ദിനം വൈകുന്നേരം ദേവാനന്ദ് ഞങ്ങളുടെ വീട്ടിലെത്തി. വിവാഹത്തിന് കണ്ടതു പോലെ ഒരു പഞ്ചാബിയുടെ എല്ലാ രൂപഗുണവും ഒത്തിണങ്ങിയ ഒരു ചെറുപ്പക്കാരന്‍. സാധാരണ പഞ്ചാബികള്‍ ചെയ്യുന്നതു പോലെ ഒരു ടര്‍ബനും അയാള്‍ തലയില്‍ കെട്ടിയിരുന്നു. ഒരു ടാക്‌സി പിടിച്ചാണ് അയാള്‍ റയില്‍വേ സ്റ്റേഷനില്‍ നിന്നും വന്നെത്തിയത്. ടാക്‌സിയില്‍ നിന്നിറങ്ങി ഞങ്ങളെക്കണ്ടയുടനെ അയാള്‍ കൈകള്‍ കൂപ്പിക്കൊണ്ട് പറഞ്ഞു.
”നമസ്‌തേ….” ഒരു മലയാളിയുടെ എല്ലാ ഭാവഹാവാദികളും ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചു കൊണ്ടാണ് ദേവാനന്ദ് അതു പറഞ്ഞത്. വിവാഹ ശേഷം ആദ്യമായിട്ടാണവന്‍ ഞങ്ങളുടെ വീട്ടിലെത്തുന്നത്. ഞങ്ങളുടെ ഓരേയൊരു മരുമകന്‍! ഞങ്ങള്‍ അവനെ സ്വീകരിക്കാന്‍ വേണ്ടുന്ന എല്ലാ ഏര്‍പ്പാടുകളും ചെയ്തിട്ടുണ്ടായിരുന്നു.
”ഹലോ ദേവേട്ടാ…’ എന്ന് പറഞ്ഞ് കൃഷ്ണമോളും അപ്പോഴേയ്ക്കും അകത്തു നിന്നും ഓടിയെത്തി. അവളുടെ കൈയ്യിലുണ്ടായിരുന്ന ടുട്ടുമോനെ അവള്‍ ദേവാനന്ദിനു നല്‍കി. പിന്നെ അയാളോടു ചേര്‍ന്നു നിന്നു കൊണ്ട് ഹിന്ദിയില്‍ എന്തോ കളിവാക്കുകള്‍ പറഞ്ഞു. ഞാനപ്പോള്‍ കൈയ്യില്‍ കരുതിയിരുന്ന ആരതി ഉഴിഞ്ഞ് അവരെ അകത്തേയ്ക്ക് ആനയിച്ചു. നരേട്ടന്‍ തന്റെ ക്യാമറയില്‍ ആ ചിത്രങ്ങള്‍ പകര്‍ത്തി.
”ഔവര്‍ ഹേര്‍ട്ടി വെല്‍ക്കം ടു ഹോം മൈ സണ്‍…’
നരേട്ടന്‍ മരുമകനെ സ്വാഗതം ചെയ്ത് ഷേക്ക് ഹാന്റ് നല്‍കിക്കൊണ്ടു പറഞ്ഞു.
”വി ആര്‍ സീയീംഗ് യൂ ഫോര്‍ ദി ഫസ്റ്റ് ടൈം ആഫ്റ്റര്‍ യൂ മാരിഡ് മൈ ഡോട്ടര്‍… വൈല്‍ക്കം ടു ദി ഫാമിലി… ഹാവ് എ ബ്ലെസ്സ്ഡ് ഈവനിംഗ്…’
നരേട്ടന്‍ ദേവാനന്ദിന്റെ കൈകളില്‍ പിടിച്ചു കുലുക്കി പുഞ്ചിരി തൂകി കൊണ്ടു വീണ്ടും പറഞ്ഞു. അതുകേട്ട് ദേവാനന്ദ് വികാര വിക്ഷുബ്ധതയോടെ കൃഷ്ണമോളെ നോക്കി. അടുത്ത ക്ഷണം ഞങ്ങളുടെ കാലുകളില്‍ വീണ് മാപ്പപേക്ഷിക്കും മട്ടില്‍ പറഞ്ഞു.
”ആപ് നേമുഛേ മാഫ് കീജിയേ… മൈംനേ ഗലത്കിയാ… മൈം ആപ് ലോഗോം കൊ ഗലത് സമത്സാ… ആപ് സബ് ഫൂല്‍ കര്‍കേ മുഛേ ആശീര്‍വാദ് ദേ ദോ…’ (അങ്ങ് എനിക്കു മാപ്പു തരണം.. ഞാന്‍ തെറ്റു ചെയ്തു… ഞാന്‍ നിങ്ങളെ തെറ്റിദ്ധരിച്ചു. നിങ്ങള്‍ എല്ലാം മറന്ന് എന്നെ അനുഗ്രഹിച്ചാലും…) നരേട്ടന്‍ കുനിഞ്ഞ് ദേവാനന്ദിനെ പിടിച്ചെഴുന്നേല്‍പ്പിച്ച് ആലിംഗനം ചെയ്തു കൊണ്ടു പറഞ്ഞു.
”തും കുഛ് ഭീ ഗലത് നഹിം കിയാ. ഹം തും സേ ബഹുത് പ്രേം കര്‍താ ഹൈം…’
അതുകേട്ട് ദേവാനന്ദിന്റെ മുഖം വിടര്‍ന്നു. പിന്നെ അല്‍പ ദിവസങ്ങള്‍ കൊണ്ട് ദേവാനന്ദ് ഞങ്ങളുടെ വീട്ടിലെ പ്രിയപ്പെട്ട മരുമകനായിത്തീര്‍ന്നു. മറ്റുള്ളവരെ കൈയ്യിലെടുക്കുവാന്‍ ദേവാനന്ദിനു പ്രത്യേക കഴിവുണ്ടായിരുന്നു. എന്നാല്‍ കൃഷ്ണമോളെപ്പോലെ സ്വാര്‍ത്ഥനല്ല ദേവാനന്ദെന്നു ഞങ്ങള്‍ക്കു തോന്നി. ഞങ്ങള്‍ക്കു നഷ്ടമായ മകന്റെ സ്ഥാനം ദേവാനന്ദ് വീണ്ടെടുത്തു കൊണ്ട് ഞങ്ങളോട് ഇഴുകിച്ചേര്‍ന്നു.
പഞ്ചാബികള്‍ക്ക് പൊതുവെയുള്ള ധീരതയും ആത്മാര്‍ത്ഥതയും അവനും ഉള്ളതു പോലെ ഞങ്ങള്‍ക്കു തോന്നി.
ഒരാഴ്ച കടന്നു പോയത് ഞങ്ങളറിഞ്ഞില്ല. ആഹ്ലാദവും പൊട്ടിച്ചിരികളും ഞങ്ങളുടെ ഭവനത്തിലും വിരുന്നിനെത്തി. ദേവാനന്ദിനോടും, കൃഷ്ണമോളോടും ടുട്ടുമോനോടുമൊപ്പം ഞങ്ങള്‍ ഡല്‍ഹിയിലെ ഗുരുദ്വാരയിലും, മറ്റും കറങ്ങി.
ഗുരുദ്വാരയില്‍ ഏവര്‍ക്കും പ്രവേശനമുണ്ടായിരുന്നു. ഗുരുനാനാക്ക് ഗീതികള്‍ നിറഞ്ഞ ആത്മീയമായ ആ അന്തരീക്ഷത്തില്‍ അലയടിച്ചു നിന്ന പ്രശാന്തത ഞങ്ങളെ ഹഠാദാകര്‍ഷിച്ചു. ദേവാനന്ദിനോടൊപ്പം ഞങ്ങളും അവിടെ പ്രാര്‍ത്ഥനാ നിരതരായി നിന്നു. അപ്പോള്‍ അവിടെ ഞങ്ങളെ തലോടിയിരുന്ന മന്ദമാരുതന്‍ ഇങ്ങിനെ മന്ത്രിക്കുന്നതായി തോന്നി.
ശാന്തിയുടെ ഈ തീരത്ത് നിങ്ങള്‍ തേടുന്നതെന്തോ അത് നിങ്ങള്‍ക്ക് ലഭിക്കും.
അതെ! മനഃശാന്തിയുടെ ഒരു അലകടല്‍ ഞങ്ങളെ വന്ന് പൊതിയുന്നതായി തോന്നി. ഭൗതികതയും തലം വിട്ട്, ആത്മീയതയുടെ തലങ്ങളിലേയ്ക്ക് ആ അന്തരീക്ഷം ഞങ്ങളോരോരുത്തരേയും ആവാഹിച്ചു കൊണ്ടു പോയി.
മനസ്സിന്റെ എല്ലാ ആകുലതകളും, വ്യഥകളും അകന്ന് പാപമുക്തമായ ഗംഗയില്‍ മുങ്ങി നിവര്‍ന്നാലെന്ന പോലത്തെ അനുഭവം.
(ആപ് ലോഗ് കേരള്‍ സേ ആയേ ഹൈക്യാ?)… നിങ്ങള്‍ കേരളത്തില്‍ നിന്നാണോ വരുന്നത്?… പ്രാര്‍ത്ഥനയില്‍ മുഴുകി നിന്ന ഞങ്ങളോരുത്തരും ഞെട്ടി ഉണര്‍ന്ന് ശബ്ദം കേട്ടിടത്തേയ്ക്ക് നോക്കി. പ്രശാന്തമയമായ ആ അന്തരീക്ഷത്തില്‍ ഘനഗംഭീരമായ ആ ശബ്ദം ഒരു ഇടിമുഴക്കം പോലെ തോന്നിച്ചു.
ഏതോ പ്രശാന്തമായ മലനിരകളില്‍ തട്ടി പ്രതിധ്വനിക്കുന്ന അഭൗമമായ എന്തോ ഒന്നിന്റെ അനുരണനം പോലെ ആ ശബ്ദം ഞങ്ങളെ പിടിച്ചു നിര്‍ത്തി.
തലയില്‍ ടര്‍ബന്‍ കെട്ടി, നരച്ചതായി തടവി ദിവ്യതേജസ്സോടെ അതാ ഒരു ഫക്കീര്‍ മുന്നില്‍ നില്‍ക്കുന്നു.
”ഗുരുജി ആപ് യഹാം…’ ദേവാനന്ദ് അദ്ദേഹത്തെ തിരിച്ചറിഞ്ഞതു പോലെ കൈകൂപ്പിത്തൊഴുതു.
”ഹാം… മൈംഹും… ആപ് മേരേ സവാല്‍ കേ ജവാബ് ദോ… ‘ അദ്ദേഹം ചോദിച്ചു. ദേവാനന്ദ് ചിരിച്ചു കൊണ്ട് അദ്ദേഹത്തിന് മറുപടി നല്‍കി. ”സിര്‍ഫ് മൈം ഹി സിക്ക് ഹും. ബാക്കി സബ് ലോഗ് കേരള്‍ സേ ഹൈം…
ഞങ്ങള്‍ സ്ത്രീകളുടെ വസ്ത്രധാരണം കണ്ടിട്ടാകാം അദ്ദേഹം അങ്ങിനെ ചോദിച്ചതെന്ന് ഞങ്ങള്‍ക്കു തോന്നി. ഞാനും, കൃഷ്ണയും അപ്പോള്‍ മലയാളികള്‍ ധരിക്കുന്നതു പോലെ സാരിയാണ് ധരിച്ചിരുന്നത്.
തുടര്‍ന്നദ്ദേഹം ടൂറിസ്റ്റുകളായ ഞങ്ങള്‍ക്ക് സ്വാഗതമോതി, ആ ഗുരുദ്വാരയുടെ പ്രാധാന്യത്തെക്കുറിച്ചും അവിടത്തെ പ്രത്യേക മതാനുഷ്ഠാനങ്ങളെക്കുറിച്ചും പറഞ്ഞു തന്നു. ദേവാനന്ദൊഴിച്ച് ഞങ്ങളെല്ലാവരും കൗതുകത്തോടെ അതുകേട്ടു നിന്നു. ദേവാനന്ദിന് ചിരപരിചിതമായിരുന്നു ആ ഗുരുദ്വാരയും, അവിടത്തെ പൂജാവിധികളും. ആ ഫക്കീറിനെയുമെല്ലാം. ഡല്‍ഹിയിലായിരുന്നപ്പോള്‍ ദേവാനന്ദ് മിക്കവാറും അവിടെ പോകാറുണ്ടായിരുന്നുത്രെ.
”അദ്ദേഹം ദിവ്യനായ ഒരു ഫക്കീറാണ്. പലപ്പോഴും അദ്ദേഹം പ്രവചിച്ചിട്ടുള്ളതെല്ലാം ശരിയായി വന്നിട്ടുണ്ട്.” ദേവാനന്ദ് പറഞ്ഞു.
മടങ്ങിപ്പോരുമ്പോള്‍ ടുട്ടുമോനെക്കണ്ട് അദ്ദേഹം പറഞ്ഞു.” ഈ പൈതല്‍ നിങ്ങളുടെ മരിച്ചു പോയ മകന്റെ പുനഃര്‍ജന്മമാണ്.”
നരേട്ടനും എനിക്കും ഇതില്‍പ്പരം ആഹ്ലാദമുണ്ടാകാനില്ല. പിന്നീട് ഞങ്ങള്‍ക്കദ്ദേഹം ചില മധുര പലഹാരങ്ങള്‍ പ്രസാദമായി നല്‍കി. വീണ്ടും വരുവാനാവശ്യപ്പെട്ട് യാത്രാമംഗളമോതി.
അവിടെ നിന്ന് തിരികെ പ്പോരുമ്പോള്‍ ഞങ്ങളെല്ലാവരും ആ ഗുരുദ്വാരയുടെ ആത്മീയമായ പരിവേഷത്താലാകര്‍ഷിക്കപ്പെട്ടു കഴിഞ്ഞിരുന്നു. വീണ്ടും വീണ്ടും അങ്ങോട്ടു പോകുവാനുള്ള ഒരുപ്രേരണ ഞങ്ങളുടെ ഉള്ളിലുണ്ടായി.
മടക്കയാത്രയില്‍ എല്ലാവരും ക്ഷീണിതരായിരുന്നുവെങ്കിലും ഉള്ളില്‍ ഒരു പ്രത്യേക ഉന്മേഷം തുടിച്ചിരുന്നു. നാനാത്വത്തില്‍ ഏകത്വം എന്ന ഭാരതീയ ദര്‍ശനം തികച്ചും അന്വര്‍ത്ഥമാണെന്ന് ആ യാത്രയില്‍ ഞങ്ങള്‍ക്കും ബോദ്ധ്യമായി. അതോടെ ദേവാനന്ദ് എന്ന പഞ്ചാബി മരുമകനോടു തോന്നിയിരുന്ന അകല്‍ച്ചയുടെ അവസാനത്തെ തരിമ്പും അപ്രത്യക്ഷമായി. വീട്ടില്‍ മടങ്ങിയെത്തുമ്പോള്‍ മനസ്സ് ശാന്തമായിരുന്നു. ഏതോ ഗിരിശൃംഗങ്ങളില്‍ തപസ്സു ചെയ്‌തെത്തിയ മുനിയുടെ പ്രശാന്തത മനസ്സിനെ ആവരണം ചെയ്തിരുന്നു.
”എത്ര പ്രശാന്തമായ സ്ഥലം. അല്ലേ മീരാ… മനസ്സിനെ പിടിച്ചു നിര്‍ത്തുന്ന ആത്മീയ പരിവേഷം… ഏറെ നാളുകള്‍ക്കു ശേഷം മനസ്സില്‍ ശാന്തി വന്നു നിറയുന്നു. പ്രത്യേകിച്ച് ആ ഫക്കീറിനെ കാണുകയും അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കുകയും ചെയ്ത ശേഷം…’ നരേട്ടന്‍ ഒരു നിമിഷനേരത്തേയ്ക്ക് വാചാലനായി.
”അതെ നരേട്ടാ… ഞാനും അതനുഭവിച്ചറിയുന്നു… രാഹുല്‍ മോന്റെ വേര്‍പാടിനു ശേഷം ഏറെ നാളുകളായി അനുഭവിച്ചു കൊണ്ടിരുന്ന എല്ലാ ആകുലതകളില്‍ നിന്നും മുക്തി നേടിയതു പോലെ.” ഞാന്‍ മെല്ലെ പ്രതിവചിച്ചു.
”ശരി…ശരി… രണ്ടു ദിവസം കഴിഞ്ഞ് ഇനി ഗുരുവായൂര്‍ക്ക് പോകാനുള്ളതാണ്. ആ തിരുസന്നിധിയിലെത്തുമ്പോള്‍ നമ്മുടെ ഹൃദയങ്ങളില്‍ കുറെക്കൂടി ആശ്വാസം വന്നു നിറയും.”
”ശരിയാണ് നരേട്ടാ… ഇങ്ങനെ കുറെ പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കേണ്ടത് നമ്മുടെ ഒരാവശ്യമായി ഇപ്പോള്‍ തോന്നുന്നു. ഇനിയും മക്കള്‍ തിരികെ പോയാലും നമുക്കൊന്നിച്ച് അങ്ങനെയൊരു യാത്ര പുറപ്പെടാം. അനേകം തീര്‍ത്ഥ ഭൂമികള്‍ സന്ദര്‍ശിച്ച്…. തീര്‍ത്ഥസ്‌നാനം ചെയ്ത്. ഒരു പക്ഷേ ഈ ജന്മത്ത് നാമറിഞ്ഞോ അറിയാതെയോ ചെയ്ത എല്ലാ പാപകര്‍മ്മങ്ങളും കഴുകിക്കളഞ്ഞ്… അങ്ങിനെ ഒരു യാത്ര കഴിയുമെങ്കില്‍ ഗംഗയില്‍ ഒരു പുണ്യസ്‌നാനം കൂടി ചെയ്തു കഴിയുമ്പോള്‍ ഈ ജന്മത്തിലെ എല്ലാ പാപ കര്‍മ്മങ്ങള്‍ക്കും ദോഷ പരിഹാരമാകുമെന്ന് എനിക്കു തോന്നുന്നു.”
മറ്റേതോ അലൗകികമായ ലോകത്തില്‍ നിന്നെന്നപോലെ എന്റെ ശബ്ദമപ്പോള്‍ ശാന്തവും ദീപ്തവുമായിരുന്നു. സത്യത്തില്‍ അങ്ങിനെയൊരു യാത്രയ്ക്കായി എന്റെ ഹൃദയം ഏറെ നാളായി തുടി കൊട്ടിയിരുന്നു. ആത്മാവിന്റെ ആഴങ്ങളെ വലയം ചെയ്തിരുന്ന അസ്വസ്ഥതയുടെ മുകുളങ്ങളെ പറിച്ചെറിയാനുള്ള ആവേശം എന്റെ വാക്കുകളില്‍ നിറഞ്ഞു നിന്നു. പോരാത്തതിന് രാഹുല്‍ മോന്റെ ആത്മശാന്തിയ്ക്കായി എന്തെങ്കിലും ചെയ്യണമെന്ന മോഹം. അവനു വേണ്ടി ഗംഗയുടെ പുണ്യതീരങ്ങളില്‍ ഒരു ബലിയിടല്‍.
കാലത്തിന്റെ കൈവഴികളിലൂടെ ഒരു പൊങ്ങു തടി പോലെ ഒഴുകി പോകുമ്പോഴും ശാന്തിയുടെ തീരം പ്രാപിക്കാനാവാതെ ആ പൊങ്ങുതടി എവിടെയാണ് പൊട്ടിത്തകരുക എന്ന് പലപ്പോഴും ഞാനോര്‍ത്തിരുന്നു. പിന്നീടുള്ള ദിനരാത്രങ്ങള്‍ എന്റെ ആ നിഗമനത്തെ ശരിവയ്ക്കുന്നതായിരുന്നു.
ആത്മശാന്തിയ്ക്കായി ഞങ്ങള്‍ തുടരുവാന്‍ നിശ്ചയിച്ചിരുന്ന ആ യാത്രകള്‍… അവ എന്നേയ്ക്കുമായി ഞങ്ങള്‍ക്കുപേക്ഷിയ്‌ക്കേണ്ടി വരുമെന്ന് അന്ന് ഞാനറിഞ്ഞിരുന്നില്ല. ഗുരുദ്വാരയിലേയ്ക്കുള്ള യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ അന്നും, പിറ്റേന്നും അതിന്റെ പിറ്റേന്നും ഞങ്ങള്‍ ടുട്ടുമോന്റെ കളിചിരികളില്‍ മുഴുകി കഴിഞ്ഞു. അവന്റെ അവ്യക്തമായ വാമൊഴികളില്‍ ഞങ്ങള്‍ സ്വര്‍ഗ്ഗം കണ്ടു. രാഹുല്‍ മോന്റെ മുഖസാദൃശ്യവും, ഫക്കീറിന്റെ വാക്കുകളും ആ കുരുന്നിനെ വേര്‍പിരിയാനാവാത്ത വിധം ഞങ്ങളോടടുപ്പിച്ചു.
നരേട്ടന്‍ ജീവിതത്തില്‍ അന്നേവരെ അനുഭവിച്ചിട്ടില്ലാത്ത ആനന്ദം അനുഭവിക്കുന്നത് ഞാന്‍ കണ്ടു. നരേട്ടന്റെ എല്ലാം മറന്നുള്ള പൊട്ടിച്ചിരികള്‍ ആ വീടിനുള്ളില്‍ മുഴങ്ങി. ഒരുപക്ഷേ അണയാറായ ഒരു ദീപത്തിന്റെ ആളിക്കത്തലായിരുന്നു അതെന്ന് ഞാന്‍ വൈകിയാണറിഞ്ഞത്. ഒരുപക്ഷേ അന്നതറിഞ്ഞിരുന്നുവെങ്കില്‍ ഞാന്‍ ഏറെ കരുതല്‍ നല്‍കുമായിരുന്നല്ലേ?… എങ്കില്‍ ഒരുപക്ഷേ എന്റെ ജീവിതത്തില്‍ നിന്നും നരേട്ടനെ പറിച്ചെടുക്കാന്‍ ഒരു ശക്തിക്കുമാകുമായിരുന്നില്ല. ഒരു മാടപ്രാവിന്റേതു പോലെ നിര്‍മ്മലമായ ആ സ്‌നേഹത്തെ ഞാന്‍ കൈക്കുമ്പിളിലൊതുക്കി നിര്‍ത്തുമായിരുന്നു. ഒരു ശക്തിക്കും വിട്ടുകൊടുക്കാതെ… കൂടുതല്‍ ഇറുകെപ്പുണര്‍ന്ന് അപ്പോഴേയ്ക്കും കാലം എന്നെ അതിനു പ്രാപ്തയാക്കിയിരുന്നു.
മറ്റൊരാളെ വിവാഹം കഴിച്ച്, ചാരിത്യ്രഭംഗം വന്ന ഒരു സ്ത്രീയെ വിവാഹം കഴിക്കുമ്പോള്‍ ആത്മാര്‍ത്ഥ പ്രേമം എന്നത് കേവലം ശാരീരികമായ ഒരാകര്‍ഷണമല്ല, മറിച്ച് ആത്മാവിന്റെ ലയിച്ചു ചേരലാണെന്ന് അദ്ദേഹമറിഞ്ഞിരുന്നു. നരേട്ടന്റെ ഹൃദയവും എന്നോടുള്ള വികാരങ്ങളും എത്രമാത്രം നിര്‍മ്മലമാണെന്ന് തിരിച്ചറിഞ്ഞ കാലം തൊട്ട് ഞാനദ്ദേഹത്തെ അകമഴിഞ്ഞ് സ്‌നേഹിക്കാന്‍ പരിശ്രമിച്ചിരുന്നു. ആ പരിശ്രമം വിജയപഥത്തിലെത്തിയ നാളുകളിലൊന്നില്‍ മരണം ഒരു കഴുകനെപ്പോലെ പറന്നെത്തി എന്റെ കൈക്കുമ്പിളില്‍ നിന്ന് ആ ഹൃദയത്തെ കൊത്തിയെടുത്ത് പറന്നു കഴിഞ്ഞിരുന്നു. അതെ… നരേട്ടനും… ഫഹദ്‌സാറും… രണ്ടുപേരും എനിക്കു പകര്‍ന്നു നല്‍കിയത് ആത്മാര്‍ത്ഥ പ്രണയത്തിന്റെ ദീപ്തജ്വാലകളായിരുന്നു. ലോകത്തില്‍ രണ്ടു പുരുഷന്മാരെ വിവാഹം കഴിക്കേണ്ടി വന്ന ചുരുക്കം ചില സ്ത്രീകള്‍ക്കു മാത്രം ലഭിച്ചിട്ടുള്ള ആ സൗഭാഗ്യം. പക്ഷേ ആ ഭാഗ്യം ദൗര്‍ഭാഗ്യമാക്കി മാറ്റി ഈശ്വരന്‍ എന്നില്‍ നിന്നും അടര്‍ത്തിയെടുത്ത്, അവരിരുവരേയും എനിക്കു നഷ്ടപ്പെടുത്തിയത് വളരെ പെട്ടെന്നാണ്.
അതെ! അന്ന് രണ്ടുനാളുകള്‍ കഴിഞ്ഞ് ഒരു പുലര്‍ കാലത്ത്, കേരളത്തിലേയ്ക്കുള്ള ഫ്‌ളൈറ്റില്‍, ഞങ്ങള്‍ ഗുരുവായൂര്‍ക്ക് യാത്ര പുറപ്പെട്ടു. നരേട്ടന്റെ മടിയില്‍ ടുട്ടുമോന്‍ ഉല്ലാസവാനായിരുന്നു. അവന്‍ തന്റെ പിഞ്ചിളം കാല്‍ നരേട്ടന്റെ നെഞ്ചത്തമര്‍ത്തി കുതിച്ചു കൊണ്ടിരുന്നു. പല്ലില്ലാത്ത മോണ കാട്ടിയുള്ള ചിരിയ്ക്കിടയില്‍ അവന്‍ അവ്യക്തമായി അപ്പൂപ്പാ എന്ന് വിളിക്കുന്നുണ്ടായിരുന്നു. അതു കണ്ട് ദേവാനന്ദ് ചിരിച്ചു കൊണ്ട് ഇംഗ്ലീഷില്‍ തിരുത്തി കൊടുത്തു ഗ്രാന്‍ഡാ പാ എന്ന്.
യാത്രയ്ക്കിടയില്‍ മുഴുവന്‍ സമയവും അവന്‍ നരേട്ടന്റെ കൈകളില്‍ തന്നെയായിരുന്നു. ഇത്രയധികസമയം അവനെ കൈകളിലെടുത്തു ലാളിക്കുന്നത് നരേട്ടന്റെ ആരോഗ്യത്തെ ബാധിക്കുമോ എന്ന സംശയം എനിയ്ക്കുണ്ടായിരുന്നു. എന്നാല്‍ ഒരിയ്ക്കലും വേര്‍പിരിയാനാവാത്ത വിധം ആ ഹൃദയങ്ങള്‍ ഒട്ടിച്ചേര്‍ന്നു കഴിഞ്ഞുവെന്ന് ആര്‍ക്കും ഊഹിക്കാനാവുമായിരുന്നു.
”അവന് പപ്പായെത്തന്നെ മതിയല്ലോ… ഇനി ഞങ്ങളുടെ ഒപ്പം അവന്‍ വരികയില്ലെന്നു വരുമോ?…’ കൃഷ്ണമോള്‍ സംശയം പ്രകടിപ്പിച്ചു.
”അതെ… അവനിനി എന്റെ കൂടെത്തന്നെയുണ്ടാകും. നിങ്ങള്‍ അവനെ എന്റടുത്ത് നിര്‍ത്തിയിട്ടു പൊയ്‌ക്കോളൂ… ഞങ്ങള്‍ അവനെ നോക്കി വളര്‍ത്തിക്കോളാം… നരേട്ടന്റെ വാക്കുകള്‍ കേട്ട് കൃഷ്ണമോള്‍ ചിരിച്ചു കൊണ്ടു പറഞ്ഞു.
”അത് നല്ല കാര്യമാണല്ലോ പപ്പാ… എനിക്കും ദേവേട്ടനും സുഖമായി ഓഫീസില്‍ പോയി വരാം…’
‘അതെ, അങ്ങനെ തന്നെ മതി എനിക്കിനി ഇവനില്ലാതെ ജീവിയ്ക്കാന്‍ പറ്റുകയില്ല…’
ആ വാക്കുകള്‍ യഥാര്‍ത്ഥത്തിലുള്ളതായിരുന്നു. നരേട്ടന് ഒരിയ്ക്കലും അവനെ വേര്‍പിരിയാന്‍ കഴിയുമായിരുന്നില്ല. അവനെ കണ്ടതു മുതല്‍ രാഹുല്‍മോന്റെ നഷ്ടം ഞങ്ങള്‍ രണ്ടുപേരും മറന്നു തുടങ്ങിയിരുന്നു. ഇനിയുമൊരു വേര്‍പാട്… അത് എന്നെക്കാളേറെ നരേട്ടന് അസഹ്യമാകുമെന്നു തോന്നി. കൃഷ്ണമോള്‍ പകുതി കാര്യമായും, പകുതി തമാശയായും ആ വാക്കുകളെ ചിരിച്ചു തള്ളി. എന്നാല്‍ അവളുടെ ഉള്ളിന്റെ ഉള്ളില്‍ ഒരു നിമിഷത്തേയ്‌ക്കെങ്കിലും അത്തരമൊരു മോഹം ഉടലെടുത്തു കാണുമെന്ന് എനിക്കറിയാമായിരുന്നു.
ഓഫീസിലെ തിരക്കുള്ള ജോലിയ്ക്കിടയില്‍ പലപ്പോഴും കുഞ്ഞിന്റെ കാര്യം അവര്‍ക്കൊരു ബാധ്യതയാകുന്നുണ്ടായിരുന്നു. പ്രത്യേകിച്ച് ഒരു വേലക്കാരിയെ കിട്ടാനില്ലാത്ത അവസരങ്ങളില്‍. പലപ്പോഴും ലീവെടുത്ത് അവര്‍ മാറി മാറി നിന്ന് കുഞ്ഞിനെ നോക്കേണ്ടി വരാറുണ്ടായിരുന്നു. പെട്ടെന്ന് എന്തോ ആലോചിച്ച് കൃഷ്ണമോള്‍ പറഞ്ഞു.
”എങ്കില്‍ പപ്പയും മമ്മിയും ഡല്‍ഹിയിലെ വീട് വിറ്റ് ഞങ്ങളുടെ കൂടെ പോരൂ… പപ്പ റിട്ടയര്‍ ചെയ്തല്ലോ. മമ്മിയും വോളന്ററി റിട്ടയര്‍മെന്റ് എടുക്കൂ… നമുക്കെല്ലാവര്‍ക്കും കൂടി ബാംഗ്ലൂരില്‍ ഒരു ഫ്‌ളാറ്റു വാങ്ങി സുഖമായി കഴിയാം.” അവള്‍ നേരത്തെ മറ്റെന്തൊക്കെയോ കണക്കു കൂട്ടുന്നുണ്ടെന്ന് എനിക്കു തോന്നിയിരുന്നു.
അവളുടെ ഭര്‍ത്താവിന്റെ കൂട്ടുകുടുംബത്തില്‍ നിന്ന് രക്ഷനേടാനുള്ള മാര്‍ഗ്ഗം ചിലപ്പോള്‍ സ്വന്തമായി ഒരു ഫ്‌ളാറ്റു വാങ്ങി അങ്ങോട്ട് മാറുക എന്നുള്ളതായിരിക്കാം. അതിനുവേണ്ടി പണം സംഘടിപ്പിക്കുവാന്‍ വേണ്ടിയായിരിക്കണം അവള്‍ വീടു വില്‍ക്കുവാന്‍ ആവശ്യപ്പെടുന്നത്. കൃഷ്ണമോളുടെ വാക്കുകള്‍ കേട്ട് നരേട്ടന്‍ പറഞ്ഞു.
”അതെ… അതു ശരിയാണ്. അതിനെപ്പറ്റി ഗൗരവമായിട്ട് ആലോചിക്കേണ്ടിയിരിക്കുന്നു. തിരിച്ച് ഡല്‍ഹിയിലെത്തട്ടെ… നമുക്ക് ഒരു തീരുമാനത്തിലെത്താം.”
ആ വാക്കുകള്‍ എന്നിലൊരു നടുക്കമുളവാക്കി. അപ്പോള്‍ എന്റെ ജോലി. ഡല്‍ഹിയിലെ മറ്റു കാര്യങ്ങള്‍ എല്ലാമുപേക്ഷിക്കുകയോ… എന്താണ് നരേട്ടന്‍ ഉദ്ദേശിക്കുന്നത്.
വീടു വിറ്റു കിട്ടുന്ന പണത്തില്‍ ഒരു ഭാഗം സ്ത്രീധനമായി ദേവാനന്ദിന്റെ വീട്ടുകാര്‍ക്കു കൊടുക്കുവാനും ബാക്കി പണം ഫ്‌ളാറ്റു വാങ്ങാനുപയോഗിക്കുവാനുമായിരിക്കും അവളുടെ പ്ലാന്‍. അങ്ങിനെയെങ്കില്‍ ഞങ്ങള്‍ തികച്ചും വഴിയാധാരമായതു തന്നെ. എന്റെ മനസ്സു പറഞ്ഞു. ഏതായാലും ഇപ്പോള്‍ അതേപ്പറ്റി ഒരു ചര്‍ച്ചവേണ്ടെന്നു നരേട്ടനെ പറഞ്ഞു ബോദ്ധ്യപ്പെടുത്തണം. ഞാന്‍ തീരുമാനിച്ചു.
ഞങ്ങളുടെ ഫ്‌ളൈറ്റ് മെല്ലെ മെല്ലെ എയര്‍പോര്‍ട്ടിലേയ്ക്ക് താണിറങ്ങിക്കൊണ്ടിരിക്കുകയായിരുന്നു അപ്പോള്‍. ജീവിതത്തില്‍ അനിശ്ചിതമായ പലതും ഞങ്ങളെ പിന്നിട്ടു കൊണ്ടിരുന്ന വെണ്‍മേഘങ്ങളില്‍ ഉപേക്ഷിച്ച് സുനിശ്ചിതമായ മറ്റൊരു യാത്ര തുടരുവാന്‍ ഞങ്ങള്‍ പ്രേരിതരായി.
എങ്കിലും എന്റെ മനസ്സപ്പോള്‍ എന്തിനെന്നറിയാതെ തുടിച്ചു കൊണ്ടിരുന്നു. അജ്ഞാതമായ ഏതോ അസ്വാസ്ഥ്യങ്ങളിലേയ്ക്ക് ഹൃദയം വഴുതി വീഴുന്നതു പോലെ.
ഞങ്ങളുടെ ഫ്‌ളൈറ്റ് നെടുമ്പാശേരിയില്‍ താണിറങ്ങുമ്പോള്‍ അസന്തുഷ്ടമായ ഒരു ഭൂതകാലം മുന്നില്‍ ഇതള്‍ വിടരുന്നതായി എനിക്കനുഭവപ്പെട്ടു. ഓര്‍മ്മകളില്‍ മനസ്സ് കൈവിട്ട് പോകുന്നതു പോലെയും.
ഒരു നിമിഷം മനസ്സു പതറിയോ? ഇനിയങ്ങോട്ട് ഏതോ ദുരനുഭവങ്ങള്‍ എന്നെ കാത്തിരിക്കുന്നതായി മനസ്സു പറഞ്ഞു.
മരവിച്ച മനസ്സുമായി തളര്‍ന്നിരിയ്ക്കുമ്പോള്‍ ആ അനൗണ്‍സ്‌മെന്റ് ഒഴുകിയെത്തി. ഞങ്ങളുടെ ഫ്‌ളൈറ്റ് കേരളമെന്ന മനോഹര ഭൂപ്രദേശത്തെ പുല്‍കുകയാണെന്ന അനൗണ്‍സ്‌മെന്റ്…
നെടുമ്പാശേരിയില്‍ ഞങ്ങളുടെ ഫ്‌ളൈറ്റ് മെല്ലെമെല്ലെ ഒരു കഴുകനെ പ്പോലെ താണിറങ്ങി എയ്‌റോഡ്രോമിലെ പുല്‍പ്പരപ്പില്‍ തൊട്ടയുടനെ ഒരു ദീര്‍ഘശ്വാസം എന്നില്‍ നിന്നും അടര്‍ന്നു വീണു. ഇതാ വീണ്ടും ഒരിയ്ക്കല്‍ കൂടി ഉപേക്ഷിക്കപ്പെട്ട പലതും എന്നില്‍ ഉയര്‍ന്നെഴുന്നേല്‍ക്കുവാന്‍ തുടങ്ങുന്നു.
ഇവിടെ ഈ മണ്ണിലുറങ്ങുന്ന എന്റെ സ്വപ്നങ്ങള്‍. കൈവിടാനാകാതെ മുറുകെപ്പിടിക്കാന്‍ തുനിഞ്ഞ ബന്ധങ്ങള്‍… ബന്ധനങ്ങള്‍ എല്ലാമെല്ലാം ഓര്‍മ്മയുടെ ആവനാഴിയില്‍ വീണ്ടും വീണ്ടും വന്നു നിറയാന്‍ തുടങ്ങുന്നു. വേണ്ട ഒന്നുമോര്‍ക്കേണ്ട… ആ ഓര്‍മ്മകള്‍ ഒരു പക്ഷേ വീണ്ടുമൊരിക്കല്‍ കൂടി മനസ്സിനേയും ശരീരത്തേയും ചുട്ടുപൊള്ളിച്ചേക്കാം. താനിന്നൊരമ്മയാണ്… ഭാര്യയാണ്… അതിലുപരി ഒരു മുത്തശ്ശിയായി കഴിഞ്ഞവളാണ്. നരേട്ടനിലും എന്റെ കുടുംബത്തിലും മാത്രം ഒതുങ്ങേണ്ടവള്‍. സ്‌നേഹത്തിന്റെ ആ സുവര്‍ണ്ണ ബലികുടീരം ഈ മണ്ണിലും എന്റെ മനസ്സിലും മാത്രം ഉറങ്ങിക്കിടക്കട്ടെ…
ഒരിയ്ക്കലും ഉണരാതെ…
‘വാഹ്…. ബ്യൂട്ടിഫുള്‍ പ്ലേസ്…’
ദേവാനന്ദ് ചുറ്റിനും നോക്കി അത്ഭുതത്തോടെ പ്രതിവചിക്കുന്നത് കേട്ടാണ് ഞാന്‍ ഞെട്ടിത്തിരിഞ്ഞത്. കേരളത്തിന്റെ രൂപഭംഗിയില്‍ മനം മയങ്ങിയെന്ന പോലെ ദേവാനന്ദ് അല്‍പനേരം നിന്നു. പിന്നെ ഫോട്ടോകള്‍ എടുക്കാന്‍ തുടങ്ങി. ഞങ്ങള്‍ ഓരോരുത്തരേയും, പിന്നെ എല്ലാവരെയും ഒന്നിച്ചു നിര്‍ത്തിയും, മോനോടൊപ്പം മാത്രമായിട്ടും, അങ്ങിനെ നിരവധി ഫോട്ടോകള്‍ നെടുമ്പാശേരി എയര്‍പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ദേവാനന്ദ് എടുത്തു. എല്ലാം കഴിഞ്ഞ് ടാക്‌സി കാറിലേയ്ക്കു കയറും മുമ്പ് നരേട്ടന്‍ പറഞ്ഞു.
”മോനോടൊപ്പം എടുത്ത ആ ഫോട്ടോകളില്‍ ചിലത് ഞങ്ങള്‍ക്ക് വേണം. ഞങ്ങളുടെ ആല്‍ബത്തില്‍ സൂക്ഷിക്കാന്‍.”
ഭൂതകാലത്തിന്റെ നനുത്ത പ്രകാശം സ്ഫുരിക്കുന്ന ആ സ്മരണകളെ ഒരു കുഞ്ഞിനെയെന്ന പോലെ തൊട്ടുതലോടുമ്പോഴോര്‍ത്തു, ആല്‍ബത്തില്‍ സൂക്ഷിയ്ക്കുവാനായി നരേട്ടന്‍ ചോദിച്ചു വാങ്ങിയ ആ ഫോട്ടോകളുടെ അവകാശി ഇന്ന് ഞാന്‍ മാത്രമാണ്.
എന്നെന്നും ഒരു വിഷാദസ്മിതം വിരിയിച്ചു കൊണ്ട്, ഉണരുന്ന ഓര്‍മ്മകളെ തഴുകാനായി മാത്രം ഞാനാഫോട്ടോകള്‍ ഇന്നും സൂക്ഷിക്കുന്നു. ഒരു നിധി പോലെ.
പ്രൊഫ. മീരാ നാരായണന്‍ തലയിണയ്ക്കിടയില്‍ താന്‍ സൂക്ഷിച്ചിരുന്ന ആല്‍ബം മെല്ലെ വലിച്ചെടുത്തു. ഹോസ്പിറ്റലിലേയ്ക്കു പോരുമ്പോള്‍ ഞാന്‍ ഒരു നിധി പോലെ കൈയ്യിലെടുത്ത ഏതാനും വസ്തുക്കളിലൊന്ന് ആ ആല്‍ബമായിരുന്നു. ഉണരുന്ന ഓര്‍മ്മകളെ ഹൃദയത്തോട് ചേര്‍ത്തു തഴുകാന്‍. ഒരു കാലഘട്ടത്തിന്റെ മരിയ്ക്കാത്ത മധുര സ്മരണകളിലൂടെ ജീവിതത്തെ വീണ്ടും വീണ്ടും പുണരാന്‍. എനിക്കതതാവശ്യമായിരുന്നു.
പക്ഷേ ഇന്നിപ്പോള്‍ ആ ഓര്‍മ്മകള്‍, ചിലപ്പോഴെങ്കിലും അണയാതെ കിടന്ന ഒരു കനല്‍ പോലെ എന്റെ മനസ്സിനെ ചുട്ടു പൊള്ളിക്കുകയാണ് ചെയ്യുന്നത്. എങ്കിലും ഒറ്റപ്പെടലിന്റെ ഈ തുരുത്തില്‍ ഒരു നനുത്ത പച്ചപ്പായി ആ ഓര്‍മ്മകള്‍ പെയ്തിറങ്ങിയെങ്കില്‍ എന്ന് ഞാനറിയാതെ ആഗ്രഹിച്ചു പോകുന്നു. അതിനുവേണ്ടിയാണ് ആ ഓര്‍മ്മകളെ വീണ്ടും വീണ്ടും ഞാനിന്നു ഹൃദയത്തിലിട്ടു താലോലിക്കുന്നത്. വീണ്ടും ഓര്‍മ്മകളുടെ താഴ്വരയില്‍ ഒരു കുളിര്‍മഴയായി പെയ്തിറങ്ങുമ്പോള്‍.
”മാഡം, ഈ ഇഞ്ചകഷ്ന്‍ ഒന്നെടുത്തോട്ടെ… ആ വലതുകരം ഒന്നു നീട്ടിത്തരൂ…’ ഹിന്ദിയിലുള്ള അഭ്യര്‍ത്ഥന കേട്ട് ഒരു നിമിഷം ഞെട്ടിത്തിരിഞ്ഞു നോക്കി. തൂവെള്ള ഡ്രസ്സണിഞ്ഞ് ഒരു വിശുദ്ധയെപ്പോലെ പുഞ്ചിരി തൂകി നില്‍ക്കുന്ന സിസ്റ്റര്‍.
ഒരു മായിക സ്വപ്നത്തില്‍ നിന്നുണര്‍ന്നാലെന്നപോലെ വര്‍ത്തമാന കാലത്തിന്റെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളിലേയ്ക്ക് വീണ്ടും. വലതുകരം സിസ്റ്ററിനു നേരെ നീട്ടിപ്പിടിക്കുമ്പോള്‍ കണ്ണുകള്‍ ഇറുക്കിയടച്ചു. ആ ഒരു വേദന പോലും സഹിയ്ക്കാനുള്ള ത്രാണിയപ്പോള്‍ ഇല്ലെന്നു തോന്നി. അല്‍പ സമയത്തിനുള്ളില്‍ ആ പാദപതനം അകന്നകന്നു പോയി. ഇറുകെപ്പൂട്ടിയ മിഴിയ്ക്കുള്ളില്‍ ഓര്‍മ്മകള്‍ വീണ്ടും തിരയിളകി.
പ്രകൃതി രമണീയത നിറഞ്ഞ സ്ഥലങ്ങള്‍ പിന്നിട്ടു കൊണ്ട് ഞങ്ങളുടെ കാര്‍ കുതിച്ചു പാഞ്ഞു കൊണ്ടിരുന്നു. പച്ചത്തഴപ്പാര്‍ന്ന മലനിരകളും, പാടവരമ്പുകളും വരമ്പത്തു പറന്നിറങ്ങുന്ന വെള്ള കൊക്കുകളും, ഇടയിലൂടൊഴുകുന്ന കൊച്ചു പുഴകളും. അവയില്‍ നിറഞ്ഞു നില്‍ക്കുന്ന ആമ്പലും കൂമ്പിയതും വിടര്‍ന്നതുമായ താമരപ്പൂക്കളം, എല്ലാ കൂടിച്ചേര്‍ന്ന് ഒരു സുന്ദര സുരഭില ഭൂപ്രദേശം ഞങ്ങളുടെ കണ്മുന്നില്‍ വിരിഞ്ഞു വന്നു. പ്രകൃതിയുടെ കാന്‍വാസില്‍ ആരോ വരച്ചിട്ട സുന്ദര ചിത്രം പോലെ… ദേവാനന്ദ് അവയെല്ലാം കണ്ടാസ്വദിച്ചിരുന്നു.
ഇടയ്ക്ക് പാടവരമ്പത്തു നിന്നും കൂട്ടത്തോടെ പറന്നുയരുന്ന കൊറ്റികളെ നോക്കി അയാള്‍ ആനന്ദതുന്ദിലനായി പറയുന്നതു കേള്‍ക്കാമായിരുന്നു.
”വാഹ്… ദിസീസ് റിയലി ഗോഡ്‌സ് ഓണ്‍ കണ്‍ട്രി… ഹൗ ബ്യൂട്ടി ഫുള്‍ ഈസ് ദിസ് വണ്ടര്‍ ഫുള്‍ പ്ലോസ്…’
‘വാഹ്… വാഹ്…’ പലപ്പോഴും അത്തരം ചില അതിശയോക്തികളും ദേവാനന്ദ് തുടരെ പുറപ്പെടുവിച്ചു കൊണ്ടിരുന്നു. അതെല്ലാം കേട്ട് തെല്ലഹങ്കാരത്തോടെ കൃഷ്ണമോള്‍ പറയുന്നുണ്ടായിരുന്നു ”ഇപ്പോള്‍ മനസ്സിലായില്ലെ?…. ഗോതമ്പു പാടങ്ങള്‍ നിറഞ്ഞ നിങ്ങളുടെ നാടിനെക്കാള്‍ എത്ര മനോഹരമാണ് ഞങ്ങളുടെ നാടെന്ന്…’
(തുടരും)







