LIMA WORLD LIBRARY

സാഗര സംഗമം-സുധ അജിത്ത് (നോവല്‍: പാര്‍ട്ട്-8)

‘ഇപ്പോള്‍ മനസ്സിലായില്ലെ?…. ഗോതമ്പു പാടങ്ങള്‍ നിറഞ്ഞ നിങ്ങളുടെ നാടിനെക്കാള്‍ എത്ര മനോഹരമാണ് ഞങ്ങളുടെ നാടെന്ന്…’
ഹിന്ദിയില്‍ അവള്‍ പറഞ്ഞതു കേട്ട് ദേവാനന്ദ് തല കുലുക്കി. എന്നിട്ടയാള്‍ ഹിന്ദിയില്‍ തന്നെ ഉത്തരവും നല്‍കി.
”അതെ, ഞാന്‍ നിന്റെ മുമ്പില്‍ തോറ്റു തന്നിരിക്കുന്നു. ഇവിടം ഇത്രയേറെ ഭംഗിയേറിയതാണെന്ന് ഞാന്‍ വിചാരിച്ചില്ല. പക്ഷേ ഞങ്ങളുടെ നാടിനും അതിന്റേതായ ഭംഗിയുണ്ട് കേട്ടോ…’
ദേവാനന്ദ് സ്വന്തം നാടിനെക്കുറിച്ചുള്ള അഭിമാനബോധത്തോടെ പറഞ്ഞു, അതുകേട്ട് കൃഷ്ണ മുഖം വീര്‍പ്പിച്ചു.
”എന്ത് പറഞ്ഞാലും ദേവേട്ടന് സ്വന്തം നാട്. സ്വന്തം ആള്‍ക്കാര്‍ എന്നെയും എന്റെ നാടിനേയും വീട്ടുകാരെയും ദേവേട്ടന്‍ സ്വമനസ്സാലെ അംഗീകരിക്കുന്നില്ല എന്നല്ലെ അതിനര്‍ത്ഥം…’
‘എന്ന് ഞാന്‍ പറഞ്ഞില്ലല്ലോ കൃഷ്ണ… നീയെന്തിനാണ് ഇല്ലാത്ത അര്‍ത്ഥം കണ്ടെത്തുന്നത്. എല്ലാവര്‍ക്കും സ്വന്തം നാടിനോടും വീട്ടുകാരോടും അല്‍പം മമത കൂടുതലുണ്ടാകും. അത്രയേ ഞാനുദ്ദേശിച്ചുള്ളൂ. ‘
അവരുടെ വഴക്കു കേട്ട് നരേട്ടന്‍ ചിരിച്ചു കൊണ്ടു പറഞ്ഞു.
”നിങ്ങള്‍ ഇക്കാര്യം പറഞ്ഞ് വഴക്കിടേണ്ട… നമ്മള്‍ പല നാടുകളിലും സംസ്‌കാരത്തിലും ജനിച്ചു വളര്‍ന്നവരാണെങ്കിലും നാമെല്ലാം ഭാരതീയര്‍ തന്നെയാണ്. ഒരമ്മ പെറ്റമക്കളെപ്പോലെ. അതുനാമെപ്പോഴും ഓര്‍ക്കണം. നമ്മുടെ കുഞ്ഞുമക്കളേയും അതു മനസ്സിലാക്കി കൊടുത്ത് തന്നെ വളര്‍ത്തണം.” നരേട്ടന്റെ ഉപദേശം ചെവിക്കൊണ്ടതു പോലെ അവര്‍ പിന്നീട് മിണ്ടാതിരുന്നു.
അപ്പോള്‍ ഞാനോര്‍ക്കുകയായിരുന്നു. ഇവര്‍ പ്രേമിച്ചിരുന്നപ്പോള്‍ ആലോചിക്കാതിരുന്ന കാര്യങ്ങളാണല്ലോ കുടുംബ ജീവിതത്തില്‍ പ്രവേശിച്ചപ്പോള്‍ പ്രശ്‌നമാക്കുന്നതെന്ന്… ഇത്തരം ചിന്തകള്‍ അവരുടെ കുടുംബ ജീവിത ഭദ്രത തന്നെ തകര്‍ത്തേക്കാം… ഞാനോര്‍ത്തു.
മൂന്നു നാലു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ഞങ്ങളുടെ വണ്ടി ഗുരുവായൂരെത്തിച്ചേര്‍ന്നു. ഇടയ്ക്ക് പല സ്ഥലങ്ങളിലും ദേവാനന്ദ് ഫോട്ടോകള്‍ എടുക്കാനായി വണ്ടി നിര്‍ത്തിച്ചിരുന്നു. പിന്നെ ആഹാരം കഴിയ്ക്കാനായി അരമുക്കാല്‍ മണിക്കൂര്‍ പാഴായിപ്പോയിരുന്നു. പക്ഷേ അവയൊന്നും വെയിസ്റ്റല്ല എന്നായിരുന്നു ദേവാനന്ദിന്റെ അഭിപ്രായം. എന്നെന്നും ഓര്‍മ്മയില്‍ സൂക്ഷിക്കുവാനായി ഉതകുന്ന നിമിഷങ്ങള്‍.
ജീവിതത്തിന്റെ ഏടുകളില്‍ വര്‍ണ്ണപ്പകിട്ടോടെ കുറിച്ചു വയ്ക്കാനാവുന്നവയാണ് അവയെന്ന് ഞങ്ങള്‍ക്കും തോന്നിയിരുന്നു. വിഷാദത്തിന്റെ പൂവിതളുകള്‍ മാത്രം വിരിഞ്ഞിരുന്ന ഞങ്ങളുടെ തോട്ടത്തിലും അത് നിറപ്പകിട്ടാര്‍ന്ന ഒരു വസന്തം വിരിയ്ക്കുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ടായിരുന്നു.
ഉറുമ്പുകള്‍ വരിയിടുമ്പോലെ ഒരറ്റത്തു നിന്നും മറ്റേഅറ്റം വരെ നീണ്ടു കിടക്കുന്ന ക്യൂ കണ്ടപ്പോള്‍ ഇന്നിനി ദര്‍ശനം സാദ്ധ്യമല്ലെന്ന് മനസ്സിലായി. പിറ്റേന്ന് രാവിലെ മോന് ചോറും കൊടുത്ത് മടങ്ങാമെന്ന് ഞങ്ങളുറച്ചു. ഇന്ന് രാത്രിയില്‍ തങ്ങുവാനായി പലയിടത്തും മുറിയന്വേഷിച്ചു. എന്നാല്‍ സീസണായതിനാല്‍ റൂം എല്ലായിടത്തും ബുക്കു ചെയ്തു കഴിഞ്ഞിരുന്നു. ഒടുവില്‍ അല്‍പം ദൂരെ ഒരു സത്രത്തില്‍ മുറി ഒഴിവുണ്ടെന്നറിഞ്ഞ് ഞങ്ങള്‍ അവിടേയ്ക്കു തിരിച്ചു. എന്നാല്‍ വൃത്തിഹീനമായ ആ പരിസരം കണ്ടപ്പോള്‍ തന്നെ കൃഷ്ണമോള്‍ പറഞ്ഞു. ”അയ്യോ… വേണ്ട… ഇവിടെ താമസിയ്ക്കാന്‍ ഞാനില്ല…’ പൊട്ടിയൊലിച്ച കാനകളും ദുര്‍ഗ്ഗന്ധപൂരിതമായ ആ അന്തരീക്ഷവും വിട്ട് ഞങ്ങള്‍ എത്രയും വേഗം തന്നെ മടങ്ങിപ്പോന്നു. വീണ്ടുമൊരാള്‍ പറഞ്ഞ് അല്‍പമകലെ വാടകയ്ക്ക് കൊടുക്കാനിട്ടിരിക്കുന്ന ഒരു അപാര്‍ട്ട്‌മെന്റില്‍ മുറി ഒഴിവുണ്ടെന്നറിഞ്ഞ് ഞങ്ങള്‍ അങ്ങോട്ടേയ്ക്ക് തിരിച്ചു. ഒരു സ്റ്റുഡിയോ അപ്പാര്‍ട്ട്‌മെന്റായിരുന്നു അത്. എങ്കിലും വൃത്തിയുള്ള ആ അന്തരീക്ഷവും ഒരു ദിവസം തങ്ങാനുള്ള താമസസൗകര്യവും ഉള്ള അവിടെത്തന്നെ തങ്ങാന്‍ ഞങ്ങള്‍ തീരുമാനിച്ചു.
കൃഷ്ണമോളുടെ മുഖം വിടര്‍ന്നത് അപ്പോള്‍ മാത്രമാണ്. അവള്‍ സ്വസ്ഥതയോടെ ഒരൊഴിഞ്ഞ മൂലയിലിരുന്ന്, അപ്പോഴെയ്ക്കും വിശന്നു കരഞ്ഞു തുടങ്ങിയിരുന്ന ടുട്ടുമോനെയെടുത്ത് പാലു കൊടുത്തു. കൂടിയ നിരക്കു കൊടുത്തിട്ടാണെങ്കിലും അങ്ങനെയൊരപ്പാര്‍ട്ട്‌മെന്റ് താമസിക്കാന്‍ കിട്ടിയതില്‍ ഞങ്ങളെല്ലാം സംതൃപ്തരായിരുന്നു.
ഞാനും, നരേട്ടനും ആ അപ്പാര്‍ട്ടമെന്റിലെ ഡ്രോയിംഗ് റൂമിലെ സെറ്റിയിലിരുന്നു. പുറത്തേയ്ക്ക് എന്തിനോ പോയിരുന്ന ദേവാനന്ദ് അപ്പോഴേയ്ക്കും തിരിച്ചെത്തി അറിയിച്ചു.
”അല്‍പം നേരത്തേ എത്തിയിരുന്നുനെങ്കില്‍ അമ്മയ്ക്കുമച്ഛനും വേണമെങ്കില്‍ സീനിയര്‍ സിറ്റിസണ്‍സിനുള്ള ക്യൂവിലൂടെ അകത്തേയ്ക്ക് കയറാമായിരുന്നു. പിന്നെ അസുഖബാധിതര്‍ക്കും പ്രത്യേക ക്യൂ ഉണ്ട്. പക്ഷേ അതിന്റെ സമയവും കഴിഞ്ഞു. ഇനിയിപ്പോള്‍ പൊതുവായി എല്ലാവര്‍ക്കുമുള്ള ക്യൂവില്‍ നിന്ന് കാല്‍ കഴയ്ക്കുക മാത്രമാവും മിച്ചം.”
ദേവാനന്ദ് മറ്റൊന്നു കൂടി പറഞ്ഞു. ”കനത്ത കൈമടക്കു കൊടുക്കാമെങ്കില്‍ ഒരു പക്ഷേ അധികം നില്‍ക്കാതെ ക്യൂവില്‍ക്കൂടി കയറിപറ്റാമായിരുന്നു. അതിനു സഹായിക്കുന്ന ചിലര്‍ ആള്‍ക്കൂട്ടത്തിലുണ്ട്.” ഹിന്ദിയിലാണ് ദേവാനന്ദ് അതെല്ലാം അറിയിച്ചത്. ഈശ്വരന്റെ തിരുമുമ്പില്‍ നടക്കുന്ന അഴിമതിയെക്കുറിച്ചോര്‍ത്ത് അയാള്‍ വ്യസനിക്കുന്നുണ്ടായിരുന്നു.
ഈശ്വരനെക്കാള്‍ പണത്തിന് പ്രാധാന്യം നല്‍കുന്ന മനുഷ്യരാണല്ലോ നമ്മുടെ ചുറ്റിനും എന്ന് ദുഃഖത്തോടെ ഓര്‍ത്തു പോയി.
”വിദ്യാഭ്യാസവും, മറ്റു പലതും കച്ചവടച്ചരക്കായതു പോലെ ഭക്തിയും…’ നരേട്ടന്‍ പറഞ്ഞു.
”അതെ… ഇന്നിപ്പോള്‍ മനുഷ്യനും ഒരു കച്ചവടച്ചരക്കാണല്ലോ… മനുഷ്യക്കടത്തിലൂടെയും അവയവ ദാനത്തിലൂടെയും മറ്റും കള്ളനാണയങ്ങള്‍ എവിടെയുമുണ്ടെന്ന് നാമോര്‍ക്കണം.” ദേവാനന്ദ് പറഞ്ഞു നിര്‍ത്തി.
”അതെ നല്ലവരേയും, ചീത്ത മനുഷ്യരേയും തിരിച്ചറിയാന്‍ നാം പഠിക്കണം. അങ്ങനെ തന്നെ സ്ഥാപനങ്ങളുടെ കാര്യത്തിലും… അല്‍പം നിര്‍ത്തി നരേട്ടന്‍ തുടര്‍ന്നു. പക്ഷേ ഒരിയ്ക്കല്‍ ഈ സമ്പാദിച്ചു കൂട്ടുന്ന പണത്തെക്കാളെല്ലാം വലുത് മറ്റ് പലതുമൈണെന്നുള്ള ആത്മബോധം ഈ മനുഷ്യര്‍ക്കുണ്ടാവും. പക്ഷേ അപ്പോഴേയ്ക്കും ദുരന്തപൂര്‍ണ്ണമായ ജീവിതാവസാനമായി കഴിഞ്ഞിരിക്കും. പ്രത്യേകിച്ച് പണത്തിനു വേണ്ടി സ്വന്തം മാതാപിതാക്കളെപ്പോലും തള്ളിപ്പറയുന്ന മക്കളുള്ള ഇക്കാലത്ത്.”
”അതെ നരേട്ടാ… അന്യായമായ പണത്തിനു വേണ്ടി നെട്ടോട്ടമോടുന്നവര്‍ ഒടുവില്‍ കുണ്ഠിതപ്പെടേണ്ടി വരിക തന്നെ ചെയ്യും. ബന്ധവും, സ്വന്തവും മറന്ന് അവര്‍ പരക്കം പാഞ്ഞത് എന്തിനു വേണ്ടിയായിരുന്നു എന്നോര്‍ത്ത്” ഞാനും നരേട്ടനെ പിന്താങ്ങി.
ഞങ്ങളുടെ വേദാന്ത ചിന്തകള്‍ അകത്തിരുന്ന് കേട്ടു കൊണ്ടിരുന്ന കൃഷ്ണമോളില്‍ അത് വിമ്മിഷ്ടമുളവാക്കി എന്നു തോന്നി. അവള്‍ വിളിച്ചു പറഞ്ഞു.
”പപ്പയും മമ്മിയും ഇങ്ങനെ വേദാന്തവും പറഞ്ഞോണ്ടിരുന്നോ. നാളെ വെളുപ്പിനെ എഴുന്നേറ്റ് പോകേണ്ടതാ അതു കഴിഞ്ഞ് മോന് ചോറു കൊടുക്കാനും…’
‘ശരിയാണ് നമുക്ക് പുറത്തു പോയി വേഗം ആഹാരം കഴിച്ചു വന്ന് കിടക്കാന്‍ നോക്കാം… അല്ലെങ്കില്‍ വെളുപ്പിനെ എഴുന്നേല്‍ക്കാന്‍ പറ്റുകയില്ല…’
ദേവാനന്ദും ധൃതികൂട്ടി പുറത്തേയ്ക്കിറങ്ങിക്കൊണ്ടു പറഞ്ഞു. ഞങ്ങള്‍ മുറിപൂട്ടി ദേവാനന്ദിനോടൊപ്പം നടക്കാന്‍ തുടങ്ങി. നടവഴിയിലെ കച്ചവട സ്ഥാപങ്ങള്‍ കണ്ട് കൃഷ്ണമോള്‍ പറഞ്ഞു. ”ഇവിടെ എന്തെല്ലാം കൗതുക വസ്തുക്കളാണ് നിരത്തി വച്ചിരിക്കുന്നത്. എനിക്ക് ഓഫീസിലുള്ളവര്‍ക്കു സമ്മാനിക്കാന്‍ ചിലതു വാങ്ങണം.”
ദേവാനന്ദും കൃഷ്ണമോളും അടുത്തുള്ള കൗതുക വില്‍പനശാലയിലേയ്ക്കു കയറിപ്പോയപ്പോള്‍ ഞങ്ങള്‍ നടവഴിയില്‍ കാഴ്ചകള്‍ കണ്ടു നിന്നു. അപ്പോള്‍ നരേട്ടന്റെ കണ്ണ് അടുത്തുള്ള ഒരു കളിപ്പാട്ടക്കടയിലേയ്ക്ക് നീണ്ടു ചെന്നു. അവിടെക്കണ്ട എന്തോ ഒന്ന് അദ്ദേഹത്തെ ആകര്‍ഷിച്ചുവെന്ന് തോന്നി.
ടുട്ടുമോനു വേണ്ടി എന്തു വാങ്ങിക്കൊടുക്കുന്നതിലും ഒരു പ്രത്യേക ആനന്ദം തന്നെ നരേട്ടനുണ്ടായിരുന്നു. അവനെ കളിപ്പിച്ചിരിക്കുമ്പോള്‍ അദ്ദേഹത്തിന് സ്വര്‍ഗ്ഗം കിട്ടിയ പ്രതീതിയാണെന്നു തോന്നിയിട്ടുണ്ട്. അപ്പോള്‍ അദ്ദേഹം സ്വയം മറക്കുന്നതായും എല്ലാ വേദനകളും അവന്റെ കളിചിരികളില്‍ ലയിപ്പിച്ച് അദ്ദേഹം ആനന്ദിച്ചിരിക്കുന്നതും എത്രയോ തവണ ഞാന്‍ കണ്ടിരിക്കുന്നു. അല്ലെങ്കില്‍ തന്നെ വാര്‍ദ്ധക്യം നമ്മെ പുറകോട്ടു നടത്തിക്കുകയും കുട്ടികളെപ്പോലെയാക്കിത്തീര്‍ക്കുകയും അങ്ങനെ അവരുടെ ലോകത്തില്‍ നമ്മെക്കൊണ്ടെത്തിക്കുകയും ചെയ്യാറുണ്ടല്ലോ? ഞാനോര്‍ത്തു പോയി.
”നമുക്ക് ടുട്ടുമോനു വേണ്ടി എന്തെങ്കിലും വാങ്ങണ്ടേ… വരൂ ആ കളിപ്പാട്ടക്കടയിലേയ്ക്കു പോകാം…’ നരേട്ടന്‍ മുന്നേ നടന്നു കൊണ്ടു പറഞ്ഞു. ഞാന്‍ വഴിവക്കിലെ പൂക്കടയില്‍ നിന്നും പൂക്കള്‍ വാങ്ങി പുറകേ നടന്നെത്തുമ്പോഴെയ്ക്കും നരേട്ടന്‍ ചില കളിപ്പാട്ടങ്ങള്‍ സെലക്ടു ചെയ്തു കഴിഞ്ഞിരുന്നു.
ആയിടെ പുറത്തിറങ്ങിയ പുതിയ മോഡല്‍ കാറുകളുടെ ചെറുരൂപങ്ങള്‍, പിന്നെ ചെറുതോക്കുകള്‍ ചെറുബോളുകള്‍ അങ്ങിനെ നിരവധി കളിപ്പാട്ടങ്ങള്‍ നരേട്ടന്‍ വാരിക്കൂട്ടി.
”ഇതെല്ലാം അവന്‍ കളിക്കാറാകുന്നതല്ലേയുള്ളൂ നരേട്ടാ… ഇപ്പോഴെ വാങ്ങിക്കൊടുക്കേണ്ട ആവശ്യം ഉണ്ടോ?” ഞാന്‍ തിരക്കി.
അവന്‍ സ്വയം കളിച്ചില്ലെങ്കിലും നമുക്ക് അവനെ കളിപ്പിക്കാമല്ലോ… നരേട്ടന്‍ എന്നെ സമാധാനിപ്പിച്ചു കൊണ്ടു പറഞ്ഞു.
പിന്നെ അവയെല്ലാം വാങ്ങി പുറത്തിറങ്ങുമ്പോഴേയ്ക്കും കൃഷ്ണമോളും, ദേവാനന്ദും ടുട്ടുമോനേയും കൊണ്ട് ഞങ്ങളുടെ അടുത്തെത്തി.
”പപ്പാ എന്തൊക്കെയാ വാങ്ങിക്കൂട്ടിയിരിക്കുന്നത്? ഇതെല്ലാം ടുട്ടുമോനു വേണ്ടിയാണോ?” കൃഷ്ണമോള്‍ വിടര്‍ന്ന കണ്ണുകളോടെ ചോദിച്ചു.
”അതെ മോളെ… എല്ലാം അവനു വേണ്ടിയാണ്. പക്ഷേ അമ്മ പറയുന്നു ഇതൊന്നും അവന്‍ കളിയ്ക്കാറായിട്ടില്ലെന്ന്. എങ്കില്‍ സൂക്ഷിച്ചു വച്ചോളൂ… കുറച്ചു കൂടി വളരുമ്പോള്‍ കൊടുക്കാം.”
”എന്തിനാ പപ്പാ വെറുതെ കാശുകളയുന്നത്. എല്ലാം അവന്‍ കുറച്ചു കൂടി വളരുമ്പോള്‍ വാങ്ങിയാല്‍ പ്പോരേ…’
‘അന്ന് എനിക്കതിനു പറ്റിയില്ലെങ്കിലോ മോളെ… മനുഷ്യന്റെ കാര്യമല്ലെ. നാളെ എന്താണ് സംഭവിക്കുകയെന്ന് ആര്‍ക്കറിയാം.”
നരേട്ടന്റെ ആ വാക്കുകള്‍ അറംപറ്റിയതു പോലെയായിരുന്നു. പിന്നീടുള്ള സംഭവവികാസങ്ങള്‍. അന്ന് നരേട്ടന്‍ ആ വാക്കുകള്‍ ഉരുവിടുമ്പോള്‍ ഞാന്‍ നരേട്ടനെ സ്‌നേഹപൂര്‍വ്വം ശാസിച്ചു കൊണ്ടു പറഞ്ഞു. ”എന്തിനാ ഇപ്പോഴിങ്ങനെയൊക്കെ പറയുന്നത്? കുട്ടികള്‍ക്കെന്തു തോന്നും?”
നരേട്ടന്‍ ഒന്നും മിണ്ടാതെ പുഞ്ചിരിച്ചു കൊണ്ടു നടന്നു. ഞാന്‍ അറിയാതെ ഒരു ഉള്‍ക്കിടിലം എന്നിലുണ്ടായി കഴിഞ്ഞിരുന്നു.
ഫ്‌ളാറ്റില്‍ മടങ്ങിയെത്തി ഏതാനും ദിവസങ്ങള്‍ക്കകം അദ്ദേഹം എനിക്കത് ബോദ്ധ്യമാക്കിത്തന്നിരുന്നു.
അന്ന് പിന്നെ അടുത്തുള്ള ഒരു വെജിറ്റേറിയന്‍ ഹോട്ടലില്‍ നിന്ന് ആഹാരം കഴിച്ച് ഞങ്ങള്‍ മടങ്ങി. നരേട്ടന്‍ ഏറെ ശാന്തചിത്തനും, അതേ സമയം ആഹ്ലാദവാനുമായിരുന്നു. താന്‍ വാങ്ങിയ കളിപ്പാട്ടങ്ങളുമായി ടുട്ടുമോനെ കളിപ്പിച്ചു കൊണ്ട് അദ്ദേഹം അവന്റെ അടുത്തിരുന്നു.
അവന്‍ അവന്റേതായ ഭാഷയില്‍ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് മുത്തച്ഛന്റെ മടിയിലിരുന്നു. ആ കളിപ്പാട്ടങ്ങള്‍ അവനെ ഏറെ സന്തോഷിപ്പിച്ചുവെന്ന് അവന്റെ സന്തോഷ പ്രകടനങ്ങളില്‍ നിന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. മുത്തച്ഛനും അവനും മാത്രമായ ആ ലോകത്തില്‍ മറ്റാര്‍ക്കും പ്രവേശനമില്ലെന്നു തോന്നി. ഞങ്ങള്‍ നേരത്തെ ബെഡില്‍ക്കയറിക്കിടന്ന് ഉറക്കത്തെ പുല്‍കി.
നരേട്ടന്‍ സ്വയം മറന്ന് കൊച്ചു മകനുമായി കളികളില്‍ മുഴുകി, രാത്രി ഏറെ വൈകും വരെ ഇരുന്നു. അര്‍ദ്ധരാത്രിയോടടുത്ത് അവന്‍ ഉറങ്ങിക്കഴിഞ്ഞപ്പോഴാണെന്നു തോന്നുന്നു നരേട്ടന്‍ അവനേയും കൊണ്ട് ബെഡ്ഡില്‍ വന്നു കിടന്നു. അവനെ പിരിയാനാവാത്തവിധം അദ്ദേഹം അവനെ തന്നോടു ചേര്‍ത്ത് ഇറുകെപ്പുണര്‍ന്നു കിടന്നു. ഉറക്കത്തില്‍ എപ്പോഴൊ നരേട്ടന്‍ ടുട്ടുമോനെ പുല്‍കിക്കൊണ്ട് രാഹുല്‍മോനെ എന്ന് അസ്പഷ്ടമായി വിളിക്കുന്നുണ്ടായിരുന്നു. രാവിലും പകലിലും ടുട്ടുമോനില്‍ അദ്ദേഹം കാണുന്നത് ഞങ്ങളുടെ രാഹുല്‍ മോനെയാണെന്ന് അതോടെ എനിക്കുറപ്പായി.
പുലരിയുടെ തുടിപ്പുകള്‍ കിഴക്ക് പൊട്ടിവിടരാന്‍ തുടങ്ങുന്നതിനു മുമ്പു തന്നെ ഞങ്ങള്‍ എഴുന്നേറ്റ് കുളിച്ച് ദേഹ ശുദ്ധിവരുത്തി. ഞാനും കൃഷ്ണമോളും സെറ്റുമുണ്ടുടുത്ത് രൂപവതികളായി അണിഞ്ഞൊരുങ്ങുന്നതു കണ്ടപ്പോള്‍ നരേട്ടന്‍ ഒരു ചെറു ചിരിയോടെ കളിയാക്കി…’എന്താ അമ്മയും മോളും കൃഷ്ണന്റെ ഗോപികമാരാകാനുള്ള ഭാവമാണെന്നു തോന്നുന്നു.” തുടര്‍ന്ന് ഒരു കള്ളച്ചിരിയോടെ നരേട്ടന്‍ തുടര്‍ന്നു.
”അല്ല… കൃഷ്ണമോള്‍ ചെറുപ്പമായതു കൊണ്ട് ഈ അണിഞ്ഞോരുങ്ങല്‍…. പക്ഷേ താനീ വയസ്സുകാലത്ത്…’
നരേട്ടന്‍ അര്‍ദ്ധോക്തിയില്‍ നിര്‍ത്തി പുഞ്ചിരി തൂകി നിന്നപ്പോള്‍ ഞാന്‍ കൃത്രിമ കോപം നടിച്ച് പറഞ്ഞു.
”ഞാന്‍ അങ്ങിനെ മനഃപൂര്‍വ്വം അണിഞ്ഞൊരുങ്ങിയിട്ടൊന്നുമില്ല. അല്ലെങ്കിലും നരേട്ടന് അസൂയയാ… ഞാന്‍ സുന്ദരിയായി നില്‍ക്കാന്‍ പാടില്ല. ഇങ്ങനെയൊരു സ്വാര്‍ത്ഥന്‍…’
അതുകേട്ട് നരേട്ടന്‍ പുഞ്ചിരിയോടെ പറഞ്ഞു. ”താന്‍ മനഃപൂര്‍വ്വം അണിഞ്ഞൊരുങ്ങിയതല്ലായിരിക്കാം. പക്ഷേ ഈ സെറ്റുടുത്തു കാണുമ്പോള്‍ തനിക്ക് ഒരു പ്രത്യേക ഭംഗിയാണെടോ.”
പെട്ടെന്ന് നരേട്ടന്റെ മുഖത്ത് ഒരു ചെറുഗൗരവം നിറഞ്ഞു.
”അതേടോ… ഞാന്‍ തന്നെ വിട്ടു കൊടുക്കുകയില്ല. തന്റെ കാര്യത്തില്‍ ഞാന്‍ അത്രയ്ക്കു സ്വാര്‍ത്ഥനാണെടോ…’
നരേട്ടന്റെ ആ വാക്കുകള്‍ പൂര്‍ണ്ണമായും സത്യമാണെന്ന് എനിക്കറിയാമായിരുന്നു. വിവാഹം കഴിഞ്ഞ നാളുകള്‍ തൊട്ട് ഞാനതറിയുന്നതാണ്. ഫഹദ് സാറിന്റെ കാര്യത്തില്‍ ആ സ്വാര്‍ത്ഥത ഞാന്‍ കുറെയൊക്കെ തൊട്ടറിഞ്ഞതാണ്. ഹൃദയം പറിച്ചെറിയുന്ന വേദനയോടെയല്ലാതെ അദ്ദേഹത്തിന് എന്നെ വേര്‍പെടുത്താനാവുകയില്ലെന്ന്. എന്നിട്ടും ചിലപ്പോഴൊക്കെ ഞങ്ങളുടെ കോളേജ് പ്രേമത്തിന്റെ അഗാധത മനസ്സിലാക്കി അദ്ദേഹം എന്നെ മനസ്സിലാക്കാന്‍ ശ്രമിച്ചിരുന്നു. അദ്ദേഹം മരണത്തോടടുത്തപ്പോള്‍, എപ്പോഴെങ്കിലും ഫഹദ്‌സാറിനെ കണ്ടുമുട്ടിയാല്‍ ഒന്നിയ്ക്കാനുള്ള പ്രേരണയും അദ്ദേഹം നല്‍കി. അതിവിശാല മനസ്സിന്റെ പ്രത്യേകതയാണെന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നു. നരേട്ടന്‍ സ്വന്തം സ്വാര്‍ത്ഥത വെളുപ്പെടുത്തിയപ്പോള്‍ ഞാന്‍ പരിഭവം നടിച്ച് പറഞ്ഞു.
”അല്ലെങ്കിലും ഭഗവാന് എല്ലാ സ്ത്രീകളും ഒരുപോലെയാണ്. കളങ്കമില്ലാത്ത ഭക്തിയിലാണ് അദ്ദേഹം പ്രേമം കാണുന്നത്…’
എന്റെ പരിഭവം തുടിക്കുന്ന വാക്കുകള്‍ കേട്ട് നരേട്ടന്‍ എന്നെ സമാശ്വസിപ്പിക്കാനായി പറഞ്ഞു. ”ഭഗവാനു പോലും ഇഷ്ടം തോന്നുന്ന വിധത്തില്‍ താന്‍ ഇപ്പോഴും അതിസുന്ദരിയാണെടോ അതാണെനിക്ക് പേടി. പിന്നെ തന്റെ ഭക്തിയും സാക്ഷാല്‍ ഭക്തമീരയെപ്പോലും തോല്‍പ്പിക്കുന്നതാണല്ലോ…’
‘ഒന്നു പോ നരേട്ടാ… ഈ വയസ്സു കാലത്തല്ലെ ഇത്തരം പേടികള്‍ മനസ്സില്‍ വച്ചോണ്ടിരിക്കുന്നത്. ഒന്നുമറക്കണ്ട. നമ്മള്‍ അപ്പൂപ്പനും അമ്മൂമ്മയുമായി കഴിഞ്ഞു.”
”ഓ… ശരിയാണ്, അത് ഞാന്‍ മറന്നു പോയി. അപ്പോള്‍ പിന്നെ താന്‍ പറഞ്ഞതു പോലെ പേടിയ്‌ക്കേണ്ട ആവശ്യമില്ല. അല്ല… നമ്മുടെ ടുട്ടുമോനെവിടെ?… അവനെ ഞാന്‍ കണ്ടില്ലല്ലോ… ‘അദ്ദേഹം ടുട്ടുമോനെ തിരഞ്ഞു പോയപ്പോള്‍ സത്യത്തില്‍ ഞാന്‍ ഏറെ ആഹ്ലാദവതിയായിരുന്നു. ജീവിതത്തില്‍ മനസ്സറിഞ്ഞു സന്തോഷിച്ച നിമിഷങ്ങളായിരുന്നു അവ. നരേട്ടന്റെ മുമ്പില്‍ പരിഭവം നടിച്ചുവെങ്കിലും അദ്ദേഹത്തിന്റെ കളിവാക്കുകള്‍ മനസ്സില്‍ കുളിര്‍മഴ പെയ്യിച്ചിരുന്നു.
ഫഹദ്‌സാറിനെ പൂര്‍ണ്ണമായും മനസ്സില്‍ നിന്ന് തുടച്ചു കളഞ്ഞ ആ നാളുകളില്‍ നരേട്ടനു മാത്രമായിരുന്നു മനസ്സില്‍ സ്ഥാനം. നരേട്ടുമൊത്തുള്ള ജീവിതത്തില്‍ ഏറെ സന്തോഷിച്ച കാലഘട്ടം. പക്ഷേ ജീവിതം എത്ര പെട്ടെന്നാണ് മാറിമറിയുന്നത്? തെളിഞ്ഞു നിന്ന ഞങ്ങളുടെ ജീവിതത്തിന്റെ ആകാശ നീലിമയ്ക്കപ്പുറത്ത് കാറുകള്‍ വന്നു നിറയുന്നത് ഞങ്ങളാരും കണ്ടിരുന്നില്ല. ഒരു തുലാവര്‍ഷത്തിനുള്ള ഒരുക്കങ്ങളുമായി ആ മേഘക്കീറുകള്‍ വെണ്‍മേഘങ്ങള്‍ക്കപ്പുറത്ത് ഒളിഞ്ഞു നിന്നു.
നരേട്ടന്‍ ടുട്ടുമോനെ കണ്ടെത്തുമ്പോള്‍ അവന്‍ അണിഞ്ഞൊരുങ്ങിയിരുന്നു. അവനെ അണിയിച്ചൊരുക്കിക്കൊണ്ട് കൃഷ്ണമോള്‍ പറഞ്ഞു.
”കണ്ടോ പപ്പാ… നമ്മുടെ ടുട്ടുമോന്‍ മറ്റൊരു ഉണ്ണിക്കണ്ണനായില്ലേ? ഒരു ഓടക്കുഴലും കൂടി കിട്ടിയാല്‍ മതി, അവന്‍ സാക്ഷാല്‍ ഉണ്ണിക്കണ്ണന്‍. ആ നിഷ്‌കളങ്കത തുളുമ്പി നില്‍ക്കുന്ന സന്തോഷപ്പുഞ്ചിരിയില്‍ മതിമറന്ന് നരേട്ടന്‍ പറഞ്ഞു.
”അതെ, കൃഷ്ണമോളെ…’ ആ പൂപ്പുഞ്ചിരിയില്‍ മതി മറന്ന് അവന്റെ ഇരുകവിളുകളിലും ഞങ്ങള്‍ മാറി മാറി മുത്തം നല്‍കി.
പിന്നെ അവനേയുമെടുത്ത് നരേട്ടന്‍ മുന്നേ നടന്നു. നടയിലെത്തിയപ്പോള്‍ ചോറൂണിനുള്ള റസീപ്റ്റ് കൗണ്ടറില്‍ നിന്നുമെടുത്ത് ദേവാനന്ദ് ഞങ്ങളുടെ സമീപമെത്തി നിന്നു.
”നമുക്ക് മാമുണ്ണണ്ടേ മോനേ…’ കൃഷ്ണമോള്‍ മോനെ കൊഞ്ചിച്ചു കൊണ്ട് ചോദിച്ചു. അവിടെ ഞങ്ങളെക്കൂടാതെ ഏതാനും പേര്‍ കൂടി കുഞ്ഞുങ്ങള്‍ക്ക് ചോറൂണു നല്‍കാനായി ഉണ്ടായിരുന്നു.
അല്‍പം കഴിഞ്ഞപ്പോള്‍ ഒരു ഇലക്കീറില്‍ ചോറും എത്തി. നരേട്ടന്‍ മോനെ മടിയില്‍ വച്ച് ആ ചോറില്‍ അല്‍പമെടുത്ത് ആ കുഞ്ഞിളം വായില്‍ വച്ചു കൊടുത്തു. ഒരു പുതിയ സ്വാദിന്റെ എരിവും മധുരവും പുളിയും നുണഞ്ഞിറക്കി അവനിരുന്നു. അവയോരോന്നും ആസ്വദിക്കുന്നതനുസരിച്ച് അവന്റെ കുഞ്ഞുമുഖവും ചുളിയുന്നുണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക് അവന്‍ അസ്വസ്ഥതയോടെ പുളയുകയും ചെയ്തു കൊണ്ടിരുന്നു.
കയ്പും, മധുരവും നിറഞ്ഞ ജീവിതത്തിലേയ്ക്കുള്ള ആദ്യത്തെ കാല്‍ വയ്പായിരുന്നു അവനത്. അവന്റെ ഭാവഹാവാദികള്‍ കണ്ട് പുഞ്ചിരിയോടെ ഞങ്ങളോരുത്തരായി ആ പിഞ്ചിളം വദനത്തിലേയ്ക്ക് കുറേശേയായി ചോറുരുള വച്ചു കൊടുത്തു. ഒടുവില്‍ അസഹ്യത തോന്നി അവന്‍ കരയുമെന്നായപ്പോള്‍ നരേട്ടന്‍ പറഞ്ഞു. ”മതി… മതി ഇനിയും കൊടുത്താന്‍ ചിലപ്പോള്‍ അവനതിഷ്ടപ്പെടുകയില്ല. മാത്രമല്ല കുഞ്ഞിനു വയറിനു വല്ല അസുഖവും വന്നുവെന്നു വരും.”
നരേട്ടന്റെ വിലക്കിനെ മാനിച്ച് ഞങ്ങള്‍ അവന് ചോറു വാരിക്കൊടുക്കുന്നത് നിര്‍ത്തി.
നിങ്ങള്‍ക്കാര്‍ക്കെങ്കിലും ക്യൂവില്‍ നില്‍ക്കാനാവാത്ത അസുഖമുണ്ടെങ്കില്‍ ദേവസ്വം ഓഫീസില്‍ പറഞ്ഞാല്‍ മതി പാസ്സ് ലഭിക്കും. എല്ലാ വേദനകളും, വ്യഥകളും ആ തിരുമുമ്പിലിറക്കി വച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍ എന്തുകൊണ്ടോ എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി കൊണ്ടിരുന്നു. ഒപ്പം നരേട്ടന്റേയും കണ്ണുകള്‍ നിറയുന്നത് ഞാന്‍ കണ്ടു.
നിറഞ്ഞ മനസ്സോടെ പിന്തിരിഞ്ഞു നടക്കുമ്പോള്‍ ഒരു ദീര്‍ഘനിശ്വാസം നരേട്ടനില്‍ നിന്നും അടര്‍ന്നു വീഴുന്നതും ഒപ്പം സംതൃപ്തി നിറഞ്ഞ അദ്ദേഹത്തിന്റെ വാക്കുകളും ഞാന്‍ കേട്ടു.
”അങ്ങനെ അതു സാധിച്ചു. അവസാനമായി ഈയൊരു ആഗ്രഹമെ ബാക്കിയുണ്ടായിരുന്നുള്ളൂ. പെട്ടെന്ന് നരേട്ടന്റെ വായ് പൊത്തിപിടിച്ച് ഞാന്‍ വിലക്കി ”അരുത് നരേട്ടാ ഇങ്ങനെ അറം പറ്റുന്ന വാക്കുകള്‍ പറയരുത്.”
നിറയുന്ന എന്റെ കണ്ണുകളിലേയ്ക്ക് നോക്കി നരേട്ടന്‍ ഒരു വിഷാദസ്മിതം തൂകിക്കൊണ്ട് പ്രതിവചിച്ചു.
”എന്തുകൊണ്ടോ ഇനി അധികകാലമില്ല എന്നൊരു തോന്നല്‍ എന്നില്‍ ശക്തമാവുകയാണ്. ഇവിടെ വന്ന് ഭഗവാനെ കണ്ടു കഴിഞ്ഞപ്പോള്‍ ആരോ എന്റെ മനസ്സിലിരുന്ന് അതു തന്നെ മന്ത്രിക്കുന്നു.”
ഒരു പക്ഷേ നിഷ്‌ക്കന്മഷം നിറഞ്ഞ നരേട്ടന്റെ മനസ്സിലിരുന്ന് ഭഗവാന്‍ തന്നെ മന്ത്രിച്ചതാകാം അത്. എന്നാല്‍ ആ വാക്കുകള്‍ എന്നെ ഒട്ടൊന്നുമല്ല ദുഃഖിപ്പിച്ചത്. നരേട്ടന്റെ വായ്‌പൊത്തിപ്പിടിച്ച് ഞാന്‍ പറഞ്ഞു.
”നരേട്ടന്‍ ഇനി ഇത്തരം വാക്കുകള്‍ പറയരുത്. അതെന്നെ എത്രമാത്രം വേദനിപ്പിക്കുന്നുവെന്ന് നരേട്ടനറിയില്ല. ഒരു പക്ഷേ നരേട്ടനെക്കാള്‍ മുമ്പേ ഞാനായിരിക്കും കടന്നു പോവുന്നത്. നരേട്ടന്‍ ഇനിയും ഇതാവര്‍ത്തിച്ചാല്‍ അതായിരിക്കും സംഭവിക്കുക.”
എന്റെ വാക്കുകള്‍ നരേട്ടന്റെ ഹൃദയത്തില്‍ തറച്ചുവെന്നു തോന്നി. അദ്ദേഹം പിന്നെ ഏതോ ചിന്തയില്‍ ലയിച്ച് മൂകനായി നടന്നു നീങ്ങി. തിരികെ ഫ്‌ളാറ്റിലെത്തുമ്പോള്‍ എല്ലാവരും മ്ലാനവദനരായിരുന്നു. ടുട്ടുമോന്‍ മാത്രം അവ്യക്തമായി എന്തോ ശബ്ദിച്ച് ആഹ്ലാദസ്വരം പുറപ്പെടുവിച്ചു കൊണ്ടിരുന്നു.
എറണാകുളത്തേയ്ക്ക് പിന്നീടുള്ള യാത്രയില്‍ എല്ലാവരും മൂകരായിരുന്നു. അശുഭ സൂചകമായ അവ്യക്തമായ ഏതോ ഒന്നിന്റെ നിഴല്‍ ഞങ്ങളെ പൊതിയുന്നതു പോലെ തോന്നി.
കാലവും, സമയവും ഒരു പ്രവാചകനെപ്പോലെ ഞങ്ങള്‍ക്കുമന്നേ നടന്നു, ഏതോ ദുരന്തത്തിന്റെ ഭാണ്ഡവും പേറി. എന്നാല്‍ കാലത്തിന്റെ ആ പ്രവചനങ്ങളും ഉദ്‌ഘോഷങ്ങളും നരേട്ടന്‍ മാത്രം തിരിച്ചറിഞ്ഞിരുന്നു എന്നു തോന്നി. ആറാമിന്ദ്രിയം പ്രവര്‍ത്തിച്ചാലെന്ന പോലെ താന്‍ നടന്നടുക്കുന്നത്. എങ്ങോട്ടാണെന്ന് ഏതോ അജ്ഞാത ശക്തി അദ്ദേഹത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതാണദ്ദേഹം അമ്പലനടയില്‍ വച്ച് സ്വയമറിയാതെ ഉരുവിട്ടത്. എന്നാല്‍ ഈ വാക്കുകളെ ഉള്‍ക്കൊള്ളാനാവാതെ എന്റെ ഹൃദയം മാത്രം ആ യാത്രയിലുടനീളം വല്ലാതെ പിടഞ്ഞു കൊണ്ടിരുന്നു.
ഒടുവില്‍ ഓടിത്തളര്‍ന്ന സമയഖണ്ഡങ്ങളെ തിരിച്ചറിയാനാവാതെ, ഒരു മന്ദബുദ്ധിയെപ്പോലെ ടാക്‌സി കാറില്‍ നിന്നുമിറങ്ങുമ്പോള്‍ കൃഷ്ണമോള്‍ പറയുന്നതു കേട്ടു.
”മമ്മീ… നമ്മള്‍ കൊച്ചിയിലെത്തി. ഇനി എന്താണ് പ്ലാന്‍? പപ്പാ… മമ്മിയുടെ തറവാട്ടിലേയ്ക്ക് പോകുന്നുണ്ടോ? ഇനിയിപ്പോള്‍ അങ്ങോട്ടു പോയില്ലെങ്കില്‍ അതുമതി മമ്മി മൂഢിയായിട്ടിരിയ്ക്കാന്‍…’
കൃഷ്ണമോളുടെ കുറ്റപ്പെടുത്തുന്ന വാക്കുകള്‍ കേട്ട് ഏതോ ഭൂതകാലത്തില്‍ നിന്നെന്നപ്പോലെ ഞാന്‍ ഞെട്ടി ഉണര്‍ന്നു. വേരുകള്‍ ഭൂമിയ്ക്കടിയിലേയ്ക്ക് ആഴ്ന്നിറങ്ങിയ ഒരു വന്‍ വൃക്ഷം കണക്കെ ഞാന്‍ അനക്കമറ്റിരുന്നു. ഇവിടെ എന്നെ പുറകോട്ടു പിടിച്ചു വലിയ്ക്കുന്ന ഏതോ ശക്തിയുടെ സാന്നിദ്ധ്യം എനിക്കനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു.
ജന്മാന്തരങ്ങളിലും അലയടിക്കുന്ന ആത്മബന്ധങ്ങളുടെ നേര്‍ത്ത കാറ്റ് എന്നെ വലയം ചെയ്യുന്നുണ്ടോ? കടന്നു പോയ ഏതാനും മണിക്കൂറുകള്‍ ഏതോ ഉഷ്ണപ്രവാഹത്തിലെന്ന പോലെ ഞാന്‍ ഞെളിപിരിക്കൊള്ളുകയായിരുന്നു എന്നാലിപ്പോള്‍ ഇവിടെ… എന്റെ വേരുകള്‍ ആഴ്ന്നിറങ്ങിയ ഈ മണ്ണില്‍ കാലുകുത്തുമ്പോള്‍ ഉള്ളില്‍ സ്‌നേഹ പ്രവാഹം ഒളിപ്പിച്ചു വച്ച് ജീവിച്ചിരിക്കുന്ന ഏതാനും ആത്മാക്കളുടെ സാന്നിദ്ധ്യം ഞാനറിയുന്നു. എല്ലാമെല്ലാം എന്റെ കാലുകളെ അങ്ങോട്ടു തന്നെ നയിക്കുന്നു.
”മിയ്ക്കവാറും അമ്മ തറവാട്ടിലുണ്ടാകും. അല്ലെങ്കില്‍ നമുക്കൊന്നു ഫോണ്‍ വിളിച്ചു നോക്കാം… എന്നിട്ടു പോകാം.” ഞാന്‍ ഉത്സാഹത്തോടെ പറഞ്ഞു. കൈയ്യില്‍ ആയിടെ പുറത്തിറങ്ങിയ പുതിയ മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നു. അതിലൂടെ അമ്മയുടെ ഫോണിലേയ്ക്ക് വിളിച്ചു. അപ്പുറത്തു നിന്നും അമ്മയുടെ നേര്‍ത്ത ശബ്ദം ഒഴുകിയെത്തി. ആരാ വിളിക്കുന്നത്?
”ഞാനാണമ്മേ മീര… ഞങ്ങള്‍ അങ്ങോട്ടു വരികയാണ്. അമ്മയെ ക്കാണാന്‍. അമ്മ തറവാട്ടില്‍ തന്നെ ഉണ്ടല്ലോ… അപ്പുറത്തു നിന്നും തളര്‍ന്നതെങ്കിലും ഉത്സാഹം നിറഞ്ഞ അമ്മയുടെ ശബ്ദം ഒഴുകിയെത്തി.
”മീര മോളെ…. മരിക്കും മുമ്പ് നിന്നെ ഒന്നു കാണാണമെന്നുണ്ടായിരുന്നു. വേഗം വരൂ കുട്ടീ… ഞാന്‍ നിന്നെ കാത്തിരിയ്ക്കുകയാണ്
”അമ്മേ… അമ്മയ്‌ക്കെന്തുപറ്റി?”
”എല്ലാം ഇവിടെ വന്നിട്ടു പറയാം കുട്ടീ… ആദ്യം നിന്നെയൊന്നു കാണട്ടെ ഞാന്‍…’ തളര്‍ന്നതെങ്കിലും അമ്മയുടെ തിടുക്കം പൂണ്ട വാക്കുകള്‍ കേട്ടപ്പോള്‍ എന്തോ പന്തികേടു തോന്നി. അമ്മ ശയ്യാവലംബിയായിത്തീര്‍ന്നുവെന്നോ?? ഒരു പക്ഷേ ഒന്നുമറിയാതെ ഞാന്‍ ഇത്രനാളും കുടുംബമെന്ന വൃക്ഷത്തണലില്‍ കുളിര്‍ന്നു നിന്നപ്പോള്‍ പെറ്റവയറിനെ ഞാന്‍ മറക്കുകയായിരുന്നുവോ?… ഒരു പക്ഷേ എന്നെ ഒന്നുമറിയിക്കേണ്ടെന്ന് അമ്മയും കരുതിക്കാണും. മനസ്സിന്റെ തിടുക്കം കാലുകളുടെ വേഗം കൂട്ടി. മുന്നേ പോയ ഓട്ടോറിക്ഷ കൈകാണിച്ചു നിര്‍ത്തി അതില്‍ കയറുമ്പോള്‍ ആരൊക്കെ പിന്നാലെയുണ്ടെന്ന് ഞാന്‍ നോക്കിയില്ല. എന്നാല്‍ നരേട്ടന്‍ എന്നോടൊപ്പം ഓടിയെത്തി ഓട്ടോയില്‍ കയറിക്കഴിഞ്ഞിരുന്നു. പിന്നാലെ മറ്റൊരു ഓട്ടോയില്‍ കൃഷ്ണമോളും, ദേവാനന്ദും കുഞ്ഞിനേയും കൊണ്ട് വരുന്നുണ്ടായിരുന്നു.
”മുല്ലശേരിയില്‍ തറവാട്ടിലേയ്ക്ക്…’ ഓട്ടോക്കാരന് നിര്‍ദ്ദേശം നല്‍കുമ്പോള്‍ മനസ്സ് കൂടുപേക്ഷിച്ചു പോകേണ്ടി വന്ന കുഞ്ഞിക്കിളിയുടെ വേപഥുവാല്‍ പിടഞ്ഞിരുന്നു. തള്ളക്കിളിയുടെ സാന്നിദ്ധ്യത്തിനായി പിടയുന്ന കുഞ്ഞിക്കിളിയുടെ മനസ്സോടെ ഞാന്‍ ഓട്ടോയിലിരുന്നു. ഓടുന്ന വണ്ടിയ്ക്ക് വേഗത പോരാ എന്നു തോന്നിയ നിമിഷങ്ങള്‍. മനസ്സ് അമ്മയുടെ സമീപമെത്താന്‍ വെമ്പല്‍ പൂണ്ടു. ആയുസ്സിന്റെ കണക്കു പുസ്തകത്തിലെ അവസാന ദിനങ്ങളെണ്ണിക്കഴിയുകയായിരിക്കുമോ അമ്മ? ജന്മം നല്‍കിയ മക്കളെ ഒരു നോക്കു കാണുവാനുള്ള ദാഹവും വെമ്പലുമല്ലേ ആ വാക്കുകളില്‍ തുടിച്ചു നിന്നത്?
വണ്ടി മുല്ലശേരി തറവാടിന്റെ മുറ്റത്തെത്തി നിന്നപ്പോള്‍ ഹൃദയം അഗാധമായി മിടിയ്ക്കുന്നുണ്ടായിരുന്നു. പൊക്കിള്‍ക്കൊടിയുടെ ആത്മബന്ധം ഒരു ശക്തിയ്ക്കും അറുത്തു മാറ്റാനാവുന്നതല്ലല്ലോ? അതല്ലേ കൃത്യ സമയത്തു തന്നെ ഇവിടെ എത്തിച്ചേരാന്‍ തനിക്കു കഴിഞ്ഞത്.

(തുടരും)

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px