‘അമ്മേ… എന്റെ അമ്മേ ഒരു നോക്കു കാണുവാന്‍ ഇതാ ഈ മകളെത്തിയിരിക്കുന്നു…’ ഹൃദയം ഒരു കടലു പോലെ അലറുന്നത് ഞാനറിഞ്ഞു. ഓട്ടോയില്‍ നിന്നിറങ്ങി തറവാട്ടിനകത്തേയ്ക്ക് ഞാന്‍ ഓടിക്കയറുകയായിരുന്നുന്നോ? പടിക്കെട്ടുകള്‍ കയറി സിറ്റൗട്ടിലെത്തുമ്പോള്‍ അവിടെ നനഞ്ഞ മിഴികളോടെ മായ നില്പുണ്ടായിരുന്നു.
”എവിടെ മോളെ അമ്മ? അമ്മയ്‌ക്കെന്തു പറ്റി?” ഉദ്വേഗത്തോടെയുള്ള എന്റെ ചോദ്യം കേട്ടിട്ടാവണം മായ മിഴികള്‍ തുടച്ച് പറഞ്ഞു.
”അമ്മ അകത്ത് ബെഡ്‌റൂമില്‍ കിടക്കുകയാണ് ചേച്ചി. ബാംഗ്ലൂരില്‍ വച്ച് ഒന്നു വീണു. അതിനെത്തുടര്‍ന്ന്..”
മുഴുമിക്കാന്‍ കഴിയാതെ അവള്‍ മൂകയായി നിന്നു. പിന്നെ ഇടറുന്ന വാക്കുകളോടെ തുടര്‍ന്നു. അവിടെ ഹോസ്പിറ്റലിയായിരുന്നു കുറെനാള്‍. എന്നാല്‍ വലിയ വ്യത്യാസമൊന്നും കാണാത്തതിനാല്‍ ഇങ്ങോട്ടു പോരണം എന്ന് അമ്മ നിര്‍ബന്ധം പിടിച്ചു. വീഴ്ചയില്‍ നട്ടെല്ലിനാണ് പരുക്കേറ്റത്. നേരത്തെ രോഗിയായിരുന്ന അമ്മയെ അത് കൂടുതല്‍ ബാധിച്ചു. ഇവിടെ വന്ന് ആയുര്‍വേദമൊക്കെ കുറെ നോക്കി. പക്ഷേ കൂടുതല്‍ കൂടുതല്‍ സീരിയസ്സായിക്കൊണ്ടിരിക്കുന്നതല്ലാതെ കുറവൊന്നും കാണുന്നില്ല ചേച്ചീ. അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു. പിന്നെ അകത്തേയ്ക്കു തിരിഞ്ഞു നടന്ന അവളുടെ പുറകേ നടക്കുമ്പോള്‍ ഹൃദയം കനല്‍ തീയിലെന്ന പോലെ വെന്തു നീറി.
ഒരു കാലത്ത് അമ്മയായിരുന്നു തനിക്കെല്ലാമെല്ലാം. ഏതു ദുഃഖവും ഇറക്കിവെയ്ക്കാനുള്ള അത്താണി. അച്ഛന്റെ ക്രൂരമായ സമീപനത്തില്‍ ഞാന്‍ പിടഞ്ഞപ്പോള്‍ അകലെ മാറി നിന്നാണെങ്കിലും, കണ്ണീരൊഴുക്കാനും, സ്വയം നീറിയുരുകാനും അമ്മയുണ്ടായിരുന്നു. അന്നൊക്കെ എന്റെ വേദനകള്‍ അമ്മ പങ്കിട്ടെടുത്ത് സമാശ്വസിപ്പിക്കാന്‍ ശ്രമിച്ചു. പിന്നെ ഞാന്‍ ഡല്‍ഹിയ്ക്കു പോയപ്പോള്‍ അകന്നു നിന്നാണെങ്കിലും എല്ലായ്‌പ്പോഴും എന്റെ ദുഃഖങ്ങള്‍ അമ്മ കണ്ടറിഞ്ഞിരുന്നു. അടുത്തിരുന്ന്
ആശ്വസിപ്പിയ്ക്കാനായില്ലെങ്കിലും അകന്നു നിന്ന് എന്റെ വേദനകള്‍ പങ്കിട്ടെടുക്കാന്‍ അമ്മയ്ക്കു കഴിഞ്ഞു. പലപ്പോഴും കത്തുകളിലൂടെ എന്നെ സമാശ്വസിപ്പിച്ചു.
അച്ഛനോടുള്ള വൈരാഗ്യത്താല്‍ കുടുംബത്തില്‍ നിന്നും അകന്നു മാറാനും, പൂര്‍വ്വ ബന്ധങ്ങളെ മറക്കുവാനും ശ്രമിച്ച എന്നെ സ്‌നേഹത്തിലൂടെ ആവാഹിച്ച് വലിച്ചടുപ്പിച്ചു കൊണ്ടിരുന്നത് അമ്മയാണ്. എല്ലാമെല്ലാം ഓര്‍ത്തപ്പോള്‍ അമ്മയോടുള്ള എന്റെ സ്‌നേഹം കൂടുതല്‍ കൂടുതല്‍ കത്തിജ്വലിച്ചു. വിറയ്ക്കുന്ന കാലടികളോടെ കിടപ്പു മുറിയിലെത്തി നിന്ന എന്നെ, കാളിമ പൂണ്ട രണ്ടു മിഴിയിണകളാണ് വരവേറ്റത്. അമ്മ! കിടക്കയില്‍ അനങ്ങാനാവാതെ… സജലങ്ങളായ കണ്ണുകളോടെ എന്നെ നോക്കി കിടക്കുന്നു.
”ങ്ഹാ… നീയെത്തിയോ? നിന്നെക്കാണാതെ മരിക്കേണ്ടി വരുമെന്നാണ് വിചാരിച്ചത്. ഭഗവാന്‍ കാത്തൂ. നിന്നെ കണ്ടല്ലോ. എന്റെ പൊന്നുമോളെ കണ്ടല്ലോ.”
”അതെ അമ്മെ… ഞങ്ങള്‍ ഗുരുവായൂര്‍ക്ക് പോയതായിരുന്നു. തിരികെയെത്തിയപ്പോള്‍ അമ്മയെ കാണണം എന്നു തോന്നി.”
ആ കിടക്കയ്ക്കരികിലിരുന്നു കൊണ്ട് ഇടറുന്ന മനസ്സോടെ ഞാന്‍ പറഞ്ഞു.
”അതു നന്നായി മോളെ, എവിടെ എല്ലാവരും? നരനും മറ്റും വന്നില്ലെ?”
ആകാംക്ഷ തുടിയ്ക്കുന്ന അമ്മയുടെ ചോദ്യത്തിനു മുന്നില്‍ ആ കരങ്ങളെടുത്ത് മടിയില്‍ വച്ചു കൊണ്ടു ഞാന്‍ പറഞ്ഞു.
”എല്ലാവരുമുണ്ടമ്മേ… നരേട്ടനും, കൃഷ്ണമോളും, ദേവാനന്ദും പിന്നെ ടുട്ടുമോനും അപ്പോഴേയ്ക്കും വാതില്‍ക്കലെത്തി നിന്ന നരേട്ടനേയും കൃഷ്ണമോളെയും കണ്ട് അമ്മ അമിതാഹ്ലാദത്തോടെ പറഞ്ഞു.
”ങ്ഹാ… എത്രനാളായി എല്ലാവരേയും കണ്ടിട്ട് കൃഷ്ണമോളിങ്ങടുത്തു വന്നേ… മുത്തശ്ശി ഒന്നു നല്ലോണം കാണട്ടെ…’
കൃഷ്ണമോള്‍ വളരെ പതുക്കെ അമ്മയുടെ അടുത്ത് നടന്നെത്തി ആ കട്ടിലിനു സമീപം നിന്നു.
”മുത്തശ്ശിയ്‌ക്കെന്തു പറ്റി? ആകെ ക്ഷീണിച്ച് കോലം കെട്ടു പോയല്ലോ? അമ്മയുടെ കൈയ്യിലിരിക്കുന്ന മുത്തശ്ശിയുടെ പഴയ ഫോട്ടോയില്‍ മുത്തശ്ശിയെക്കാണാനെന്ത് ഭംഗിയാണ്?”
”മുത്തശ്ശിക്കിപ്പോള്‍ തീരെ വയ്യാണ്ടായി കുട്ടി. ഇനി അധികകാലമൊന്നും മുത്തശ്ശിയില്ല. അതിനുമുമ്പ് നിങ്ങളെയൊക്കെ കാണാന്‍ കഴിഞ്ഞുവല്ലോ. അതു തന്നെ വലിയ സമാധാനം.” അതുകേട്ട് കൃഷ്ണമോള്‍ ചിരിച്ചു കൊണ്ടു പറഞ്ഞു.
”മുത്തശ്ശിയ്ക്കത്ര പ്രായമൊന്നും ആയിട്ടില്ലല്ലോ. മുത്തശ്ശി ഇപ്പോഴും നല്ല ചെറുപ്പമല്ലേ? സ്വീറ്റ് സെവന്റീ ഓര്‍ എയിറ്റീ? അതൊന്നും ഇന്നത്തെക്കാലത്ത് മരിയ്ക്കാനുള്ള പ്രായമല്ലല്ലോ മുത്തശ്ശി?”
”അതെയതെ… വയസ്സ് എണ്‍പത്തിയഞ്ചാകുന്നു. ഇനിയും അധികം കിടന്ന് നരകിപ്പിയ്ക്കാതെ അങ്ങ് വിളിച്ചാല്‍ മതിയായിരുന്നു.”
അല്‍പം നിര്‍ത്തി അമ്മ വീണ്ടും ചോദിച്ചു.
”അല്ല… നരനും നിന്റെ ഭര്‍ത്താവും കുഞ്ഞുമെല്ലാം അവിടെത്തന്നെ നില്‍ക്കുകയാണോ? എല്ലാവരോടും എന്റെയടുത്തേയ്ക്ക് വരാന്‍ പറയൂ. ഞാന്‍ എല്ലാവരേയും ഒന്നു നല്ലോണം കാണട്ടെ.”
വാതിക്കല്‍ തന്നെ നിന്ന് അമ്മയെത്തന്നെ വീക്ഷിച്ചു കൊണ്ടു നിന്ന നരേട്ടനും, ദേവാനന്ദും കുഞ്ഞിനെയും കൊണ്ട് അമ്മയുടെ സമീപത്തെത്തി നിന്നു.
”അല്ലാ…. വിഷ്ണു നീയെന്താ വല്ലാതെ ക്ഷീണിച്ചു പോയല്ലോ? നീയിപ്പോള്‍ ഡോക്ടറെ കാണാറും, മരുന്നു കഴിക്കാറുമൊന്നുമില്ലെ” അമ്മ ഉദ്വേഗത്തോടെ അന്വേഷിച്ചു. അതുകേട്ട് നരേട്ടന്‍ വ്യാകുല ചിത്തനായി അറിയിച്ചു.”
”എല്ലാം മുറപോലെ നടക്കുന്നുണ്ട് അമ്മേ. പക്ഷേ വയസ്സായില്ലെ. അതിന്റെ ക്ഷീണവും കാണും. .”
”എന്തു വയസ്സ്. നിങ്ങളെക്കാള്‍ എത്രയോ മൂത്ത ഞാനിപ്പോഴാണ് കിടപ്പിലായത്. ഇത്രയും നാള്‍ വലിയ കുഴപ്പമൊന്നും കൂടാതെ ഓടി നടന്നതാണ്. പക്ഷേ ബാംഗ്ലൂരില്‍ വച്ചുണ്ടായ ആ വീഴ്ച അതെന്നെ കിടത്തിക്കളഞ്ഞു. ങ്ഹാ… അങ്ങോട്ടു ചെല്ലാന്‍ സമയമായെന്ന് ഭഗവാന് തോന്നിക്കാണും. അതിന് വല്ല കാരണവും വേണ്ടേ.”
അങ്ങനെ പറഞ്ഞ് അല്‍പം നിര്‍ത്തി അമ്മ നരേട്ടന്റെ പുറകില്‍ നില്‍ക്കുന്ന ദേവാനന്ദിനെ സൂക്ഷിച്ചു നോക്കിക്കൊണ്ടു ചോദിച്ചു.
”ആ നില്‍ക്കുന്നത് കൃഷ്ണമോളുടെ ഭര്‍ത്താവും, കുഞ്ഞുമല്ലേ? ഇങ്ങടുത്തു വാ മക്കളെ. മുത്തശ്ശി നല്ലോണം കാണട്ടെ.”
പക്ഷെ മുത്തശ്ശിയുടെ മലയാളം മനസ്സിലാകാതെ നിന്ന ദേവാനന്ദ് അനങ്ങാതെ നിന്നപ്പോള്‍ കൃഷ്ണമോള്‍ അടുത്തെത്തി ഹിന്ദിയില്‍ അറിയിച്ചു.
”ദേവേട്ടാ… മുത്തശ്ശി വിളിക്കുന്നത് നിങ്ങളെയാണ്. മോനേയും കൊണ്ട് അടുത്തേയ്ക്കു ചെല്ലൂ.”
അതുകേട്ട് ഒരു ചെറുമന്ദസ്മിതത്തോടെ ദേവാനന്ദ് മുത്തശ്ശിയുടെ അടുത്തേയ്ക്ക് നീങ്ങി നിന്നു. അപ്പോള്‍ കൃഷ്ണമോള്‍ അറിയിച്ചു.
”മുത്തശ്ശി, ദേവേട്ടന്‍ പഞ്ചാബിയാണ്. ഹിന്ദിയും പഞ്ചാബിയും മാത്രമേ അറിയൂ…’
‘ഓ… അങ്ങിനെയാണോ? അതു ഞാനറിഞ്ഞില്ല. ഏതായാലും കൊച്ചുമോനെ ഞാനൊന്നു കണ്ടോട്ടെ…’
കൃഷ്ണമോള്‍ ദേവാനന്ദിന്റെ കൈയ്യില്‍ നിന്ന് ടുട്ടുമോനെ വാങ്ങി മുത്തശ്ശിയുടെ അടുത്തെത്തിപ്പറഞ്ഞു.
”ഇതാ മുത്തശ്ശി. നല്ലോണം കണ്ടോളൂ. മുത്തശ്ശിയുടെ പേരക്കിടാവിനെ.
അവനെക്കണ്ട് അമ്മ നിറകണ്ണുക
ളോടെ പറഞ്ഞു.
”നമ്മുടെ രാഹുല്‍മോന്‍ കൊച്ചിലെ ഇരുന്നതുമാതിരിത്തന്നെയുണ്ട്. ഈശ്വരന്റെ മായാലീല… അല്ലാതെന്തു പറയാന്‍.”
അതുകേട്ട് നരേട്ടന്റേയും, എന്റേയും കണ്ണുകള്‍ നിറഞ്ഞു വന്നു. നരേട്ടന്‍ നിറകണ്ണുകളോടെ പറഞ്ഞു.
”അതെ! രാഹുലിനു പകരം ഈശ്വരന്‍ ടുട്ടുമോനെ നല്‍കി ഞങ്ങളെ സമാശ്വസിപ്പിക്കുവാന്‍ ശ്രമിക്കുകയാണ്. പക്ഷേ അദ്ദേഹം വിളിച്ചു കൊണ്ടു പോയ ഞങ്ങളുടെ പൊന്നുമോനെ തിരിച്ചു നല്‍കാന്‍ ഭഗവാനാവുകയില്ലല്ലോ… മനുഷ്യന്റെ മുമ്പില്‍ പലപ്പോഴും ഈശ്വരനും നിസ്സഹായനായിത്തീരുന്നു എന്നല്ലെ അതിനര്‍ത്ഥം.”
”അതെ! മരണത്തെ തോല്‍പിക്കുവാന്‍ ഈശ്വരനുമാവുകയില്ല കുഞ്ഞെ. മരണമാണ് ആത്യന്തികമായ സത്യം. തിരശ്ശീലയ്ക്കപ്പുറത്ത് നമ്മുടെ ഊഴമെത്താന്‍ കാത്തു നില്‍ക്കുന്ന കാലമെന്ന സത്യത്തെ പലപ്പോഴും നാം തിരിച്ചറിയാതെ പോകുന്നു. മിക്കപ്പോഴും നിഴല്‍ പോലെ നമ്മുടെ തൊട്ടു മുന്നില്‍ നില കൊള്ളുന്ന മരണമെന്ന ആത്യന്തിക സത്യത്തെ തിരിച്ചറിയുന്ന മനുഷ്യന് ഒരിക്കലും തെറ്റുപറ്റുകയില്ല കുഞ്ഞെ… ലൗകീകമായ സുഖഭോഗങ്ങളില്‍ മയങ്ങി ജീവിക്കുമ്പോള്‍ പലപ്പോഴും നമ്മളാ സത്യത്തെക്കുറിച്ചോര്‍ക്കുന്നില്ല. ജീവിതം അനന്തമായി നീളുമെന്ന് വിശ്വസിക്കുന്നവര്‍ പലപ്പോഴും ലൗകിക സുഖഭോഗങ്ങള്‍ക്കായി തെറ്റുകളില്‍ നിന്ന് തെറ്റുകളിലേയ്ക്ക് വഴുതി വീണു പോകുന്നു.”
അമ്മ ഒരു സന്യാസിനിയെപ്പോലെ വേദാന്ത ചിന്തകള്‍ ഉരുവിട്ടു കൊണ്ടിരുന്നു. ജീവിതപ്പൊരുളറിഞ്ഞ മരണത്തോടടുത്ത ഒരു വ്യക്തിയുടെ മൊഴികളായിരുന്നു അവ. അതുകൊണ്ടു തന്നെ ആ വാക്കുകളുടെ പൊരുള്‍ എനിക്കും നരേട്ടനും തിരിച്ചറിയാന്‍ കഴിഞ്ഞു. എന്നാല്‍ ഞങ്ങളുടെ സമീപം നിന്ന കൃഷ്ണമോള്‍ അസ്വസ്ഥയായി.
”എന്താ മുത്തശ്ശിയും പപ്പായെയും മമ്മിയെയും പോലെ വേദാന്തിയായി മാറുകയാണോ?” അതുകേട്ടു കൊണ്ടിരുന്ന കൃഷ്ണമോള്‍ അല്‍പം നീരസത്തോടെ ചോദിച്ചു.
”അതെ മോളെ… അനുഭവങ്ങളാണ് മനുഷ്യനെ പലപ്പോഴും വേദാന്തിയാക്കി മാറ്റുന്നത്. കുറച്ചു കൂടി പ്രായമാവുമ്പോള്‍ നിനക്കതു മനസ്സിലാകും.”
അമ്മയുടെ വാക്കുകള്‍ കൃഷ്ണമോള്‍ക്ക് ദഹിക്കാത്തതു പോലെ തോന്നി. അവള്‍ പുറം തിരിഞ്ഞ് നടന്നു കൊണ്ടു പറഞ്ഞു.
”ഈ വേദാന്തമൊന്നും എനിക്ക് ദഹിക്കുന്നില്ല മുത്തശ്ശി. ഇങ്ങനെയൊക്കെ ചിന്തിക്കുവാന്‍ തുടങ്ങിയാല്‍ ജീവിതമുണ്ടാവുകയില്ല. എനിക്കേതായാലും ഈ വേദാന്തമൊക്കെ കേട്ടു കേട്ടു മടുത്തു. ഞാന്‍ പോവുകയാണ്.”
അവള്‍ കുഞ്ഞിനെയുമെടുത്ത് മുറിയ്ക്കു പുറത്തു കടന്നപ്പോള്‍ അമ്മ വിഷാദമഗ്‌നമായി പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു.
”അവള്‍ ചെറുപ്പമല്ലേ? ഇത്തരം കാര്യങ്ങളെ ഉള്‍ക്കൊള്ളാന്‍ അവള്‍ക്ക് കഴിഞ്ഞെന്നു വരികയില്ല. സാരമില്ല… നിങ്ങള്‍ അകത്തു പോയി ഡ്രസ്സൊക്കെ മാറ്റി എന്തെങ്കിലും കഴിയ്ക്കൂ. മായമോളെ ഇവര്‍ക്കവരുടെ റൂം ഒരുക്കി കൊടുക്കൂ. കുളിക്കുകയോ, എന്തെങ്കിലും ആഹാരം കഴിക്കുകയോ ഒക്കെ ചെയ്ത് യാത്രാക്ഷീണം മാറ്റട്ടെ അവര്‍…’
ഞങ്ങളുടെ സംസാരം ശ്രദ്ധിച്ച് മുറിയില്‍ ഒതുങ്ങി നിന്ന മായമോള്‍ ഞങ്ങളുടെ അടുത്തെത്തിപ്പറഞ്ഞു.
”വരൂ ചേച്ചി… നരേട്ടനെയും കൂട്ടി ചേച്ചിയുടെ മുറിയിലേയ്ക്ക് വന്നോളൂ. ഞാനെല്ലാം ഒരുക്കിയിട്ടുണ്ട്.”
മായയുടെ പുറകെ റൂമിലേയ്ക്കു നടക്കുമ്പോള്‍ മനസ്സ് വല്ലാതെ പിടഞ്ഞു കൊണ്ടിരുന്നു.
ഏതോ നടുക്കുന്ന ഓര്‍മ്മകള്‍ എന്നെ പിന്തുടര്‍ന്നെത്തുന്നതായി തോന്നി. ഒരിക്കല്‍ വിസ്മൃതിയുടെ കയങ്ങളില്‍ ഞാനുപേക്ഷിച്ചു പോയ ദുരന്ത സ്മൃതികള്‍ വീണ്ടും എന്നെ തേടിയണയുകയാണോ?
ഏതോ അനുരാഗ കഥയുടെ ദുരന്തപൂര്‍ണ്ണമായ പരിസമാപ്തിയല്ലേ ഇവിടുത്തെ കാറ്റില്‍ അലയടിക്കുന്നത്? …..
തടവറയില്‍ പീഡിപ്പിക്കപ്പെട്ട ഒരാത്മാവിന്റെ തേങ്ങലുകള്‍ ഇപ്പോഴും ഇവിടെ തങ്ങി നില്‍ക്കുന്നില്ലേ? …..
വിറപൂണ്ട പാദപതനങ്ങളോടെ നരേട്ടനു പുറകെ ഞാനാ മുറിയില്‍ പ്രവേശിച്ചു.
ഞങ്ങളെ മുറിയിലാക്കി മായമോള്‍ തിരിഞ്ഞു നടന്നപ്പോള്‍ ഞാനാ മുറിയാക വീക്ഷിച്ചു.
ആ മുറിയിലെ ഓരോ വസ്തുവും മനസ്സിന്റെ ഉള്ളറകളില്‍ മരിക്കാതെ സൂക്ഷിച്ച ഏതോ സ്മരണകളിലേയ്ക്കു മനസ്സിനെ വീണ്ടും വീണ്ടും ക്ഷണിച്ചു കൊണ്ടിരുന്നു. സുഗന്ധം പൂശിയ ഓര്‍മ്മകളുടെ നറുമണം ഒരിക്കല്‍ കൂടി ഇന്ദ്രിയങ്ങളെ കുളിരണിയിച്ചു. അറിയാതെ വാര്‍ഡ്രോബിനടുത്തേയ്ക്ക് കാലുകള്‍ നടന്നെത്തി. ആരോ തന്നെ അങ്ങോട്ടേയ്ക്ക് നയിച്ചു എന്നു പറയുന്നതാവും ശരി.
വാര്‍ഡ്രോബിന്റെ താക്കോല്‍ അപ്പോള്‍ ആരെയോ പ്രതീക്ഷിച്ചെന്ന പോലെ അതിന്റെ കീഹോളില്‍ത്തന്നെ യുണ്ടായിരുന്നു. ഒരു നിമിഷം വാതില്‍ വലിച്ചു തുറന്ന ഞാന്‍ സ്തംബ്ധയായിപ്പോയി. ഇന്നും പുതുമ മങ്ങാതെ അതില്‍ സൂക്ഷിച്ചിരിക്കുന്ന എന്റെ കല്യാണ വസ്ത്രങ്ങള്‍. ഏതാനും ദിവസം ഉമ്മയുടെ ആഗ്രഹമനുസരിച്ച് മുസ്ലീം വധുവായിക്കഴിഞ്ഞ എന്നെ അദ്ദേഹത്തിന്റെ ഉമ്മ അണിയിച്ചൊരുക്കിയപ്പോള്‍ ഞാനണിഞ്ഞ ആഭരണങ്ങള്‍ ,കസവുതട്ടം, പിന്നെ ഏതാനും കുപ്പിവളകള്‍…
എല്ലാമെല്ലാം പുതുമ മങ്ങാതെ അതേപടി സൂക്ഷിച്ചിരിക്കുന്നു. മനസ്സിനുള്ളില്‍ ഒരായിരം മാലപ്പടക്കങ്ങള്‍ പൊട്ടിച്ചിതറി. അത് സന്തോഷത്തിന്റെയോ അതോ സന്താപത്തിന്റെയോ എനിക്കു തന്നെ നിശ്ചയമില്ലെന്നു തോന്നി.
പിന്നെ ഡ്രോയ്ക്കുള്ളില്‍ ഫഹദ്‌സാറിന്റെ കൈയ്യൊപ്പു പതിഞ്ഞ ഓട്ടോഗ്രാഫ്, ഭദ്രമായി സൂക്ഷിച്ചിരിക്കുന്നു. സുവര്‍ണ്ണ ലിപികളില്‍ അദ്ദേഹം കോറിയിട്ട അക്ഷരങ്ങള്‍.
”അനശ്വര സ്‌നേഹത്തിന്റെ താജ്മഹല്‍ ഹൃദയത്തില്‍ പണിതുയര്‍ത്തി നിനക്കായി ഞാന്‍ കാത്തിരിക്കുന്നു.”
ആ വാക്കുകളുടെ ആന്തരാര്‍ത്ഥത്തെക്കുറിച്ചോര്‍ക്കാതെ അദ്ദേഹം കുറിച്ച വരികള്‍. അവ അറം പറ്റിയോ? അദ്ദേഹത്തിന്റെ ഹൃദയത്തിലെ ആ മാര്‍ബിള്‍ കുടീരത്തില്‍ ഇന്ന് ഞാന്‍ യഥാര്‍ത്ഥത്തില്‍ മരിച്ചു ജീവിക്കുന്നവളാണല്ലോ.
നിറഞ്ഞുതുളുമ്പിയ കണ്ണുകള്‍ വീണ്ടും എന്തോ പരതി ചുറ്റും നോക്കി.
(തുടരും)







