എങ്ങും ശാന്തത നടമാടി. മുറ്റത്തെ മരത്തില്‍ ഏതോ കിളികള്‍ ചിലക്കുന്നു. ഇനിയൊരിക്കവും ഇതുപോലൊരു അവസരം ലഭിക്കില്ല. എത്രവര്‍ഷങ്ങളാണ് ഇവള്‍ക്കായി കാത്തിരുന്നത് ധൈര്യത്തോടെ കട്ടിലില്‍ ഇരുന്ന സിന്ധുവിനെ നോക്കി തമ്പി പുഞ്ചിരിച്ചു. അവള്‍ തമ്പിയുടെ നേരെ കണ്ണുകള്‍ പായിച്ചു. കണ്ണുകളില്‍ രോഷം. കൈകള്‍ വിറയ്ക്കുന്നു. അവള്‍ പുഞ്ചിരിക്കുന്നത് കണ്ട് തമ്പി ആദ്യം സന്തോഷിച്ചു. പെട്ടെന്നത് അട്ടഹാസചിരിയായി. ഒരല്‍പം ഭയം തോന്നി. മനസ്സ് ശാന്തമാക്കാന്‍ ശ്രമിച്ചു. പൊട്ടിച്ചിരി ആദ്യമായിട്ടല്ലല്ലോ കാണുന്നത്. എന്തെല്ലാം സംഭവിച്ചാലും അവളെ സ്വന്തമാക്കണം. അയാള്‍ ഊശാന്‍ താടി തടവി.
അവള്‍ പൊട്ടിച്ചിരിച്ചുകൊണ്ട് തമ്പിയുടെ അടുത്തേക്ക് വന്ന് ആ മുഖത്തേക്ക് നോക്കി ചോദിച്ചു.
‘എന്നെ ഇഷ്ടാണോ. എന്റെ കൂടെ കിടക്കണോ. ഈ ഉടുപ്പ് താ….’
തമ്പി ധരിച്ചിരുന്നത് വെള്ളയുടുപ്പായിരുന്നു. വെള്ളയുടുപ്പ് കണ്ടാല്‍ അവള്‍ക്ക് കലിയിളകുമെന്ന് ഡോക്ടര്‍ മുന്‍പ് പറഞ്ഞിരുന്നു.
‘സിന്ധുവിന് ഉടുപ്പ് വേണോ?’
അവള്‍ പൊട്ടിച്ചിരിച്ചു. ഏത് വിധേനെയും ഇവളെ കട്ടിലില്‍ കിടത്തണമെന്നായിരുന്നു തമ്പിയുടെ മനസില്‍.
‘ഉടുപ്പ് താടാ….’ അവള്‍ ഗര്‍ജ്ജിച്ചു. പിന്നീട് പൊട്ടിച്ചിരിയുടെ അലകളുയര്‍ന്നു.
തമ്പിയുടെ ഉള്ളില്‍ വികാരം പൂത്തുനിന്നു. ശാന്തനായി പറഞ്ഞു. ‘ഉടുപ്പ് തരാം. ഇങ്ങോട്ട് കിടക്ക്.’
കൈയ്യില്‍പിടിച്ച് കട്ടിലില്‍ കിടത്താനൊരുങ്ങിയപ്പോള്‍ അവളുടെ മുഖഭാവം ഒരു വന്യമൃഗത്തിന്റേതുപോലെയായി. അവള്‍ അവന്റെ ഉടുപ്പില്‍ പിടിമുറുക്കി. അവളെ കട്ടിലില്‍ കിടത്താന്‍ തമ്പിയും ഉടുപ്പ് സ്വന്തമാക്കാന്‍ സിന്ധുവും തീവ്രശ്രമം തന്നെ നടത്തി. തമ്പിയുടെ ശ്വാസഗതി കൂടിവന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ അവള്‍ അലറി വിളിച്ചുകൊണ്ട് തമ്പിയുടെ ഉടുപ്പ് വലിച്ചുകീറുകമാത്രമല്ല കട്ടിലില്‍ മറിച്ചിടുകയു ചെയ്തു. അവളുടെ മുഖഭാവം തമ്പിയെ അമ്പരിപ്പിച്ചു. ആ മുഖം രക്തത്താല്‍ ചുവന്നു. കണ്ണുകള്‍ ഒരു വന്യമൃഗത്തിന്റെതുപോലെ തിളങ്ങി.
അയാളുടെ ഉടുപ്പ് അവള്‍ കടിച്ചുകീറി, തമ്പിയുടെ അല്ലാ വികാരങ്ങളും ആര്‍ത്തടങ്ങി. ഈറ്റപ്പുലിയെപ്പോലുള്ള അവളുടെ മുരള്‍ച്ച തമ്പിയെ നടുക്കി. മനസ്സ് പതറി. അവള്‍ ഉടുപ്പ് കടിച്ചുകീറിക്കഴിഞ്ഞാല്‍ തന്നെയും അതുപോലെ അവള്‍ കടിച്ചുകീറുമെന്ന് അയാള്‍ ഭയന്നു. ഒന്നു പ്രതികരിക്കാന്‍ പോലുമാകാതെ, ഒന്ന് അലറിക്കരയാന്‍ പോലുമാകാതെര അശക്തനായിപ്പോകുന്ന നിമിഷങ്ങള്‍. ക്ഷണിക്കാതെ വന്നാല്‍ ഉണ്ണാതെ പോകാം എന്ന ഗതിയായി. നെറ്റിത്തടമാകെ വിയര്‍ത്തു. ഉടുപ്പു കടിച്ചുകീറിക്കഴിഞ്ഞ് ഇനിയെന്തെന്ന് സിന്ധു ചിന്തിച്ചിരുന്ന ഒരു നിമിഷത്തില്‍ കിട്ടിയ ഇടവേളയില്‍ അയാള്‍ അവലെ തട്ടിമാറ്റി പുറത്തേക്കു കുതിച്ചു. കാറിന്റോ ഡോര്‍ തുറന്ന് അതിലേക്ക് ചാടിവീഴുകയായിരുന്നു. ആവുന്നത്ര വേഗത്തില്‍ കാര്‍ മുന്നോട്ടെടുക്കുമ്പോഴും അയാല്‍ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. ഇല്ല, അവള്‍ പിന്നാലെ വരുന്നില്ല. മുറ്റത്തുനിന്നിറക്കി റോഡ് സൈഡിലായി വണ്ടി ഒതുക്കിയിട്ടു. നോക്കാനേറ്റതാണ്, ഇവളെ ഇവിടെ ഒറ്റയ്ക്കാക്കി പോകാന്‍ പറ്റില്ല.
എന്നാലും, ഒരു സ്ത്രീക്ക് ഇത്രമാത്രം കരുത്തോ? ആ ചുണ്ടുകളില്‍ ഒന്ന് ചുംബിക്കാന്‍ എത്ര പണിപ്പെട്ടു. അവളന്നേ വളച്ചൊടിച്ച് കട്ടിലില്‍ മലര്‍ത്തി അടിക്കുകയായിരുന്നു. അവളെ നഗ്നയാക്കാന്‍ ശ്രമിച്ചിട്ട് അവളെന്നെ നഗ്നയാക്കി. സ്ത്രീകള്‍ക്ക് പുരുഷന്‍മാരെക്കാള്‍ ശക്തിയോ? വിശ്വസിക്കാനാവുന്നില്ല. കടിച്ചുകീറാന്‍ വന്ന ആ പല്ലുകള്‍ ഇപ്പോഴും കണ്‍മുന്നില്‍ ഭീതി വിടര്‍ത്തുന്നു. ഇടതൂര്‍ന്ന മുടികള്‍ മുഖത്തേക്ക് അഴിഞ്ഞുവീണപ്പോള്‍ ഏതോ ഇരുട്ടറയില്‍ വീണതുപോലെ തോന്നി. ഇവള്‍ മനുഷ്യസ്ത്രീതന്നെയോ അതോ പിശാചോ?.
സൂര്യഭ്രഭ കൂടുതല്‍ തിളക്കമാര്‍ന്നു. മനസ്സാകെ ഭയത്താലും നിരാശയാലും നിറഞ്ഞു. നീണ്ടനാളത്തെ കാത്തിരിപ്പിന് അന്ത്യം കുറിച്ചിരിക്കുന്നു. നിലാവ് കണ്ട കുറുക്കനെപ്പോലെയല്ലോ ഓടിയത്. എന്തിനായിരുന്നു ഇതൊക്കെ? സ്വന്തം മനസ്സാക്ഷിയോട് ഒന്ന് ചോദിച്ചു നോക്കൂ. അന്തസുള്ള ഒരാണിന് ചേര്‍ന്ന പണിയാണോ ചെയ്യാന്‍ നോക്കിയത്. അച്ഛന്‍ രാഷ്ട്രീയത്തില്‍ വേരുറച്ച് വളര്‍ന്ന് ധാരാളം വാരിക്കൂട്ടി. എന്നിട്ട് പാവങ്ങള്‍ക്ക് വീടുവെച്ചുകൊടുക്കുന്നു ക്ഷേത്രപുനരുദ്ധാരണം നടത്തുന്നു. അച്ഛനെപോലെ മകനും സ്വാര്‍ത്ഥതാല്‍പര്യത്തിനായി ജീവിക്കുന്നു. മറ്റുള്ളവരെ കാണിക്കാന്‍ അമ്പലത്തില്‍ പോയി ലക്ഷാര്‍ച്ചനയും കോടിയര്‍ച്ചനയും പൂജയും നടത്തുന്നു. ഈശ്വരന് കണ്ണില്ല കാണുന്നില്ലയെന്നാണോ ധരിച്ചിരിക്കുന്നത്. അവളുടെ സൗന്ദര്യം ഒരലങ്കാരമായി കൊണ്ടുനടക്കുമ്പോള്‍ നീ മറക്കുന്ന മറ്റൊരു കാര്യമുണ്ട്. ഒരു വ്യക്തിയുടെ സൗന്ദര്യം പുറംമോടിയിലല്ല. ബാഹ്യസൗന്ദര്യം നശ്വരമാണ്. ആന്തരിക സൗന്ദര്യം തിളങ്ങേണ്ടത് സ്വഭാവത്തിലാണ്. അത് അനശ്വരമാണ്. അങ്ങനെ തിളങ്ങണമെങ്കില്‍ അതിന് ജ്ഞാനം വേണം. ജ്ഞാനമുണ്ടാകാന്‍ പുസ്തകം വായിക്കണം. പ്രായം മധ്യവയസിനോടടുക്കുന്നു, ഇതുവരെ ഒരു പുസ്തകം മുഴുവനായി വായിച്ച ഓര്‍മയില്ല. അച്ഛന്‍ സമ്പാദിച്ചുകൂട്ടിയ കുറെ നോട്ടുകെട്ടുകളല്ലേ കടലാസുമായുള്ള നിന്റെ ബന്ധം.
തമ്പി ചിന്താഭാരത്തോടയിരുന്നു. പശു കറുപ്പായാല്‍ പാല്‍ കറുക്കില്ല. മനുഷ്യന്റെ അന്ത്യവും അതുപോലെതന്നെ ആറടി മണ്ണില്‍ തീരുന്നു. മനസ്സില്‍ പശ്ചാത്താപമുണ്ടായി. കുറ്റബോധം മനസ്സിനെയലട്ടി. ഉറച്ച ഒരു തീരുമാനമെടുത്തു. ഇനി മേലില്‍ മനസ്സും ശരീരവും സ്ത്രീകളുടെ ബാഹ്യസൗന്ദര്യത്തില്‍ അടിമപ്പെടരുത്. പണത്തോട് ആര്‍ത്തിപൂണ്ടുവരുന്ന സുന്ദരിമാരുടെ കളിപ്പാവയാകരുത്. ഇതിന് ഒരു പരിഹാരമേയുളളൂ. നല്ല സ്വഭാവഗുണമുള്ള ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കുക. അത് എല്ലാ തിന്മകളില്‍ നിന്നും മനസ്സിനെ പിന്‍തിരിപ്പിക്കും. ഇത്രയും നാള്‍ അമ്പലത്തില്‍ പോയത് ഒരു കപടഭക്തനായിട്ടായിരുന്നു. ഇനിയും യഥാര്‍ത്ഥ ഭക്തനായി തന്നെ ഭപോകണം. അച്ഛന്റെ കള്ളപ്പണം തൊടാതെ, സ്വയം അധ്വാനിച്ചു ജീവിക്കണം. മനസ്സിന് ശാന്തിയും സമാധാനവും ലഭിപ്പാന്‍ ഈശ്വരകടാക്ഷം ആവശ്യമാണ്. പുസ്തകങ്ങള്‍ വായിച്ച് വളരണം.
ചിന്തയിലാണ്ടിരുന്ന തമ്പി റിയര്‍വ്യൂ മിററിലൂടെ കണ്ടു, സിന്ധു പൂമുഖത്തു വന്ന് അനന്തതയിലേക്ക് നോക്കിനില്‍ക്കുന്നു.ഉള്ളില്‍ പരിഭ്രാന്തിയുണര്‍ന്നു. അവളുടെ മുഖം സൂര്യപ്രകാശത്തില്‍ തിളങ്ങി നിന്നു. പുറത്തേക്കെങ്ങാനും പോകുമോ? എന്നെ കണ്ടാല്‍ ഇനിയും ഓടിക്കുമോ? ഓടിപ്പോകാതെ അവളെ തടഞ്ഞുനിര്‍ത്തണം. എന്തെങ്കിലും പറ്റിയാല്‍ ഏലിത്തള്ളയോട് സമാധാനം പറയണം. അവളുടെ കൈയ്യില്‍ എന്റെ ഉടുമുണ്ട്. കീറിപ്പറഞ്ഞി തുണിയില്‍ തെരുപ്പിടിച്ച് അവള്‍ എന്തോ ഉരുവിടുന്നുണ്ട്.
അവള്‍ മുന്നോട്ടും പിന്നോട്ടും ഇടത്തോട്ടും വലത്തോട്ടുമൊക്കെ നടക്കുന്നുണ്ട്. മനസ്സില്ലാ മനസ്സോടെ കാറിന്റെ കതക് തുറന്ന് പുറത്തിറങ്ങി. ഹൃദയമിടിച്ചു. കണ്ണുകളില്‍ ഭയം നിഴലിച്ചു. കാറ്റില്‍ ഇലകള്‍ ഇളകിയാടുന്നതുപോലെ മനസ്സും ഇളകിയാടി. പെട്ടെന്ന് ആ കാഴ്ച കണ്ടു. അവള്‍ രണ്ട് കോഴികളുടെ പിറകെ പായുകയാണ്. കോഴികള്‍ ശബ്ദിക്കുന്നതുപോലെ അവളും ‘കൂ..കൂ..കൂ..’ പറയുന്നു. പുറത്തെ കാറ്റില്‍ മുറിക്കുള്ളിലെ ഒരു ജനാല വലിഞ്ഞടഞ്ഞ ശബ്ദം കേട്ടു. മനസ്സ് ശാന്തമായി. കൊച്ചുകുട്ടികളെപ്പോലെ കോഴിക്ക് പിറകെ നടക്കുന്നു. വീടിന് ചുറ്റും മതിലുണ്ട്. പതുങ്ങി ചെന്ന് അത അടച്ച് തഴുതിട്ടു. അടുത്ത പറമ്പിലേക്ക് പോകാനുള്ള ഒരു ചെറിയ ഗേറ്റുണ്ട്. അതിലൂടെ ഒരാള്‍ക്കെ പോകാനാകൂ. അതടയ്ക്കണമെങ്കില്‍ പക്ഷേ വളപ്പിനകത്തു കയറണം, അത്രയ്ക്കു ധൈര്യമായിട്ടില്ല.
കോഴികള്‍ മുറ്റത്തേക്ക് ഓടിവന്നു. അവളും കൂ…കൂ എന്ന് പറഞ്ഞ് പുറകെ വന്നു. മുന്നിലൂടെ ഒരു വണ്ട് മൂളിപ്പറന്നു. അവളും മുറ്റത്തേക്ക് വന്ന് എന്റെ നേരെ നോക്കി. ഉള്ളില്‍ ഭയം ഉടലെടുത്തു. എന്താണ് അവളുടെ കണ്ണുകള്‍ എന്നെ തുറിച്ച് നോക്കുന്നത്. മുഖത്തേ സൗന്ദര്യത്തിന് ഒരു മങ്ങലുണ്ടെങ്കിലും കണ്ണുകളുടെ തിളക്കം നഷ്ടപ്പെട്ടിട്ടില്ല. അവള്‍ അടുത്തേക്ക് വന്നു. തമ്പിയുടെ മുഖത്തേ പ്രസന്നത പെട്ടെന്ന് നഷ്ടപ്പെട്ടു. എന്താണ് ഇവള്‍ എന്നെനോക്കി ഇത്ര ഗാഢമായി ചിന്തിക്കുന്നത്. എന്റെ കറുത്തമീശയും നെഞ്ചത്തേ രോമങ്ങളും അവള്‍ ഏറെ താല്‍പ്പര്യത്തോടെ നോക്കുന്നു. അവളില്‍ ഒരു മാറ്റം കാണുന്നുണ്ട്. മുന്‍പ് കണ്ട മുഖമല്ല ഇപ്പോഴുളളത്. മുഖത്ത് ശാന്തത കളിയാടുന്നു. തമ്പി വിസ്മയത്തോടെ നോക്കി.
ഗേറ്റിന്റെ അഴികളില്‍ പിടിച്ച് അവള്‍ ചോദിച്ചു, ‘എന്നെ ഇഷ്ടമാണോ?’
മനസ്സില്ലാ മനസ്സോടെ അവനൊന്ന് മൂളി. ആത്മഗതം പറഞ്ഞു. നിന്നെ ഇഷ്ടപ്പെട്ടതിന്റെ ഫലം ഞാന്‍ ധാരാളം അനുഭവിച്ചു. ഇനിയും എന്റെ മനസ്സിലേക്ക് നിന്നെ ഞാന്‍ ക്ഷണിക്കത്തില്ല. ഇനിയെങ്കിലും മനസമാധാനമായി ഞാനൊന്ന് ജീവിച്ചോട്ടെ.
അവളുടെ മുഖഭാവം പെട്ടെന്ന് മാറി. ‘എന്നെ ഇഷ്ടാണോ?’ ഇപ്പോള്‍ ചോദ്യം കൂടുതല്‍ ഉച്ചത്തിലാണ്. ഉള്ളില്‍ ഭയം വര്‍ധിച്ചു. ഇനിയും ഉപദ്രവിക്കാനുള്ള ഭാവമെങ്കില്‍ ഓടുകയേ നിവത്തിയുള്ളൂ. കാറിലിരുന്നാല്‍ അത് തല്ലിപൊട്ടിക്കില്ലെന്ന് പറയാനാകില്ല. അവള്‍ ഒന്നുകൂടി മുഖമടുപ്പിച്ചപ്പോള്‍ മുഖം ഇരരുളുകയല്ല മഞ്ഞളിക്കുകകൂടി ചെയ്തു. ഹൃദയമിടിപ്പ് കൂടിക്കൊണ്ടിരുന്നു. ഇഇവള്‍ എന്നെക്കൂടി ഭ്രാന്തമാക്കുമെന്ന് തോന്നു. ഇനിയും ആലോചിക്കാനൊന്നുമില്ല. ഓടുക തന്നെ മാര്‍ഗ്ഗം. അവളുടെ നോട്ടം ശരീരത്തിലേക്ക് തുളച്ചു കയറിയപ്പോള്‍ അവിടെ നിന്നും ഓടി. വീടിന്റെ വലതുഭാഗത്തായി ഉറങ്ങിക്കിടന്ന നായ് കൂടിളക്കി കുരച്ചു. അതും ഭയത്തിന് ആക്കം കൂട്ടി. അത് കൂട്ടിലായത് ഭാഗ്യം. ഇല്ലെങ്കില്‍ കുരച്ചുകൊണ്ട് പിറകെ വരുമായിരുന്നു. അവള്‍ ഗേറ്റ് തുറന്ന് പിന്നാലെ ഓടാനാണ് ഭാവമെന്നു കണ്ടപ്പോള്‍ തമ്പി വീട്ടുമുറ്റത്തേക്കു തന്നെ കയറി. രണ്ട് പേരും വീട് വലംവെച്ചോടി. പട്ടിയും അവരെ കണ്ട് കുരച്ചു. വീടിനുള്ളി കയറി കതകടച്ചാല്‍ രക്ഷപെടാമെന്നായിരുന്നു തമ്പിയുടെ പ്രതീക്ഷ. പുറത്ത് എവിടെ പോയാലും നാട്ടുകാരുടെ നടുവിലിട്ട് ഇവള്‍ നാണം കെടുത്തും, ഏലിത്തള്ളയോട് താന്‍ തന്നെ സമാധാനവും പറയേണ്ടിവരും.
പെട്ടെന്നൊരു ബുദ്ധി മനസ്സിലുദിച്ചു. അടുത്തുകണ്ട മാവിലേക്ക് വലിഞ്ഞു കയറി. രക്ഷപെടാന്‍ മറ്റൊന്നും തെളിഞ്ഞില്ല. മുകളിരുന്നാല്‍ അവളെ കാണുകയും ചെയ്യാം. എന്നാല്‍ എത്രനേരം ഈ മരത്തില്‍ ഇങ്ങനെ ഇരിക്കും. മരംകയറി പരിചയമൊന്നുമുണ്ടായിട്ടല്ല, പ്രാണന്‍ പോകുമെന്നു വന്നാല്‍ മനുഷ്യന്‍ എന്തും ചെയ്തു പോകും. അങ്ങനെ കയറിപ്പറ്റിയതാണ്. ഇനി ഇറങ്ങണമെങ്കില്‍ ആരെയെങ്കിലും വിളിക്കേണ്ടി വരും സഹായത്തിന്.
അവള്‍ മാവിന്റെ ചുവട്ടില്‍ നിന്ന് മുകളിലേക്കു നോക്കി പൊട്ടിച്ചിരിച്ചു. മനസ്സ് ഒന്നുകൂടി ഇളകി. അവള്‍ അവിടെതന്നെ നില്‍ക്കയാണല്ലോ. കാലിന്റെ ഉപ്പൂറ്റിക്ക് നല്ലവേദന തോന്നി. ഇനിയെങ്ങാനും മരത്തേലോട്ടു കേറി വരുമോസ എന്തോ. അവള്‍ മുകളിലേക്ക് തന്നെ നോക്കി നല്‍ക്കയാണ്. മരത്തില്‍ നിന്ന് താഴെ വീണാല്‍ നടുവൊടിയും. ഇല്ലെങ്കില്‍ അവള്‍ ഒടിക്കും. നാശം പിടിച്ചവള്‍ ഒന്ന് പോയാല്‍ മതിയായിരുന്നു. അതിരാവിലെ എഴുന്നേറ്റ് രണ്ട് മണിക്കൂര്‍ കാറോടിച്ചാണ് ഈ നരകത്തിലെത്തിയത്.
വീണ്ടും താഴേക്കു നോക്കി. ഇപ്പോള്‍ അവളുടെ കൈയ്യില്‍ ഒരു കമ്പിവടിയും കണ്ടു. മുകളിലേക്ക് നോക്കി. മാവിന് നല്ല ഉയരമുണ്ട്. മുകളിലേക്ക് പോയാല്‍ താഴേക്ക് വീഴുമെന്നുറപ്പാണ്. കാല്‍പാദത്തിന്റെ വേദന സഹിക്കാനായില്ല. കൈകള്‍ മാറ്റി വീണ്ടും മുറുകെ പിടിച്ചു. അവളുടെ അടുത്തുകൂടി കോഴികള്‍ ശബ്ദമുണ്ടാക്കി പോയത് അവളുടെ ശ്രദ്ധയില്‍പ്പെട്ടു. അവള്‍ കോഴിക്ക് പിറകെ നടന്നു. തമ്പിക്ക് നേരിയ ആശ്വാസമായി. കാലിലെ വോദന കടിച്ചമര്‍ത്തി താഴേക്ക് ഊര്‍ന്നിറങ്ങി.
സിന്ധു കോഴികള്‍ക്കു പിന്നാലെ വീടിന്റെ പിന്നാമ്പുറത്തേക്കു പോയ തക്കം നോക്കി തമ്പി മെല്ലെ വീടിനുള്ളിലേക്കു കടന്നു. അടുക്കളയിലെത്തി വെള്ളമെടുത്ത് കുടുകുടാ കുടിച്ചു. ഒരു മുറിക്കുള്ളില്‍ കയറി വാതിലടച്ചിരിക്കാനായിരുന്നു പ്ലാന്‍. പക്ഷേ, അടുക്കളയില്‍നിന്ന് പുറത്തേക്ക് വന്നപ്പോള്‍ അവളതാ മുന്നില്‍. മുന്നോട്ട് നടക്കാന്‍ കഴിയില്ല. നിശ്ചലനായി നിമിഷങ്ങള്‍ നിന്നു. തിരിഞ്ഞോടി അടുക്കളയില്‍ അഭയം പ്രാപിച്ചു. കതകിന് കുറ്റിയിടാനും മറന്നില്ല. കാമത്തിന് കണ്ണില്ലെന്ന് പറഞ്ഞത് ആരാണ്? കാമനും കാലനും ചങ്ങാതികളായി ഒത്തു വന്നിരിക്കയല്ലേ? സത്യത്തില്‍ ഈ കാമം ഒരു കാലന്‍ തന്നെ. ഈ നരകത്തില്‍ നിന്ന് എന്നെ ആര് രക്ഷപെടുത്തും. തമ്പിക്ക് അകത്ത് നില്‍ക്കാനും ധൈര്യം വന്നില്ല. അവള്‍ എന്താണ് ചെയ്യുക. മുറ്റത്തൊരു കിണറുണ്ട്. അതിലെങ്ങാനും ചാടിയാല്‍ കൊലക്കുറ്റത്തിന് സമാധാനം പറയേണ്ടിവരും. അച്ഛന്‍ ഭരണപക്ഷത്തല്ല ഇപ്പോള്‍.
ഇവളെ സ്വപ്നം കണ്ട് ഉറക്കം വരാത്ത ദിവസങ്ങളുണ്ടായിരുന്നു. എന്തെല്ലാമാണ് മനസ്സില്‍ കൊണ്ടുനടന്നത്. എല്ലാറ്റിനെയും ഇപ്പോള്‍ ശപിക്കാനാണ് തോന്നുന്നത്. പുറത്ത് എന്തോ പൊട്ടുന്ന ശബ്ദം കാതുകളില്‍ മുഴങ്ങി. നിമിഷങ്ങള്‍ നിശബ്ദനായി നിന്ന് ശ്രദ്ധിച്ചു. അവള്‍ എന്തോ തല്ലിപ്പൊട്ടിക്കുകയാണെന്നാണ് തോന്നുന്നത്. കതക് തുറന്ന് പതുങ്ങി പതുങ്ങി പുറത്തേക്ക് വന്നു. ബെന്‍സ് കാര്‍ കമ്പികൊണ്ട് തലങ്ങും വിലങ്ങും അടി വാങ്ങുന്നു. ഗ്ലാസ്സും ഹെഡ്‌ലൈറ്റുമെല്ലാം ഇതിനകം തകര്‍ന്നു ചിതറിക്കഴിഞ്ഞു.
തമ്പി ഉച്ചത്തില്‍ പറഞ്ഞു. ‘നിറുത്തടീ. ഏടീ നിറുത്താന്‍….’
അവള്‍ അത് കേട്ടതായി ഭാവിച്ചില്ല. ഇടയ്ക്കവള്‍ തകര്‍ന്ന ചില്ലുകളില്‍ നോക്കിനിന്ന് ചിരിക്കുന്നു. അതില്‍ നിര്‍വൃതിയടയുന്നു. അവളോ എനിക്ക് നഷ്ടപ്പെട്ടു. ഇപ്പോഴിത ശിക്ഷകള്‍. കാറും കൂടി പോയാല്‍ അതിനും അച്ഛനോട് സമാധാനം പറയണം. അവളുടെ അടുത്തേക്ക് ചെല്ലാനും ഭയം. എന്താണ് ചെയ്യുക. തള്ളയൊന്ന് വന്നിരുന്നുവെങ്കില്‍. ആ ചെറുക്കനെ പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞുവിട്ടത് അമ്മയുടെ സൗഖ്യത്തിനായി പ്രാര്‍ത്ഥിക്കാനാണ്. അവളിതാ കുരിശ് കണ്ട പിശാചിനെപ്പോലെ ഭ്രാന്തിളകി നില്‍ക്കുന്നു. സത്യത്തില്‍ ഞാനായിരുന്നോ മാനസിക രോഗി. അപ്പോഴാണ് ഏലിയും മറ്റുള്ളവരും അവേടിക്കു വരുന്നത്. തമ്പിയുടെ കാറിന്റെ പരുവം കണ്ട് അവര്‍ പകച്ചു നിന്നു.
(തുടരും)
