ഒരിക്കല്‍ എന്റേതു മാത്രമായിരുന്ന ആ മുറിയിലെ ഓരോ വസ്തുവും എന്നെ ഏതോ ഓര്‍മ്മകളിലേയ്ക്കു മാടി വിളിക്കുന്നതായി തോന്നി. ഞാനുറങ്ങിയിരുന്ന കട്ടില്‍, ഞാനുപയോഗിച്ചിരുന്ന മേശ, ബുക്ക് ഷെല്‍ഫ് എല്ലാം അതേ പടി നിലനിര്‍ത്തിയിരിക്കുന്നു.
തെക്കോട്ടു തുറക്കുന്ന ജനല്‍, അവിടെ തളിര്‍ത്തു നില്‍ക്കുന്ന മാവ്. താഴെ വീണു കിടക്കുന്ന ഇനിയും വാടാത്ത മാമ്പൂക്കള്‍ എന്നിലെ നഷ്ടസ്വപ്നങ്ങളെ ഉണര്‍ത്തുന്നുവോ? എന്റെ ഓര്‍മ്മകളില്‍ മുല്ലപ്പൂ സുഗന്ധം വിരിയിച്ചു കൊണ്ട് പടര്‍ന്നു കിടക്കുന്ന മുല്ലച്ചെടി ഒരിക്കല്‍ കൂടി എന്റെ ഹൃദയത്തില്‍ രാഗമഴ പെയ്യിക്കുകയാണോ?
ഫഹദ് സാര്‍ ഇപ്പോഴെവിടെയായിരിക്കും? ഭാര്യയും മക്കളുമൊക്കെയായി സുഖമായി കഴിയുകയായിരിക്കുമോ? അതോ എന്നെയോര്‍ത്ത് ഏതോ നഷ്ട സ്വര്‍ഗ്ഗത്തില്‍ സ്വയം നഷ്ടപ്പെട്ട് കഴിയുകയാണോ? ഇവിടെ ഈ അന്തരീക്ഷത്തില്‍ കഴിയുമ്പോള്‍ ആ ആത്മാവിന്റെ തേങ്ങലുകള്‍ എങ്ങു നിന്നോ അലയടിച്ചെത്തുന്നതായി എനിക്കനുഭവപ്പെടുന്നു.
”എന്താ താന്‍ സ്വപ്നം കാണുകയാണോ? ഈ മുറിയും, പരിസരവും പഴയ ഓര്‍മ്മകള്‍ തന്നിലുണര്‍ത്തുന്നതായി തോന്നുന്നുണ്ടോ.”
നരേട്ടന്റെ വാക്കുകള്‍ കേട്ടുഞെട്ടി ഉണര്‍ന്നപ്പോള്‍ മാത്രമാണ് ഞാനിത്ര നേരവും ജനാലയ്ക്കല്‍ തന്നെ നില്‍ക്കുകയായിരുന്നു എന്നോര്‍ത്തത്. ജാള്യത തോന്നി. നരേട്ടന്‍ എന്തു വിചാരിച്ചു കാണും?
ഒരിക്കലും ഇനി തട്ടിയുണര്‍ത്തുകയില്ലെന്നു കരുതി ഉള്ളിന്റെ ഉള്ളില്‍ കുഴിച്ചു മൂടിയിരുന്ന ഓര്‍മ്മകള്‍. ഒരു ശവക്കല്ലറയില്‍ നിന്നെന്നപ്പോലെ അവ പൂര്‍വ്വാധികം ഊര്‍ജ്ജസ്വലതയോടെ ഉയിര്‍ത്തെഴുന്നേറ്റു തുടങ്ങിയത് നരേട്ടനും മനസ്സിലാക്കിയിരിക്കുന്നു. അല്ലെങ്കിലും എന്റെ ഹൃദയം വായിക്കുവാനുള്ള കഴിവ് ഇന്ന് മറ്റാരെക്കാളും നരേട്ടന്‍ സ്വായത്തമാക്കിയിട്ടുണ്ടല്ലോ എന്ന് ഞാനോര്‍ത്തു. നിരീക്ഷണപാടവമുള്ള ആ കണ്ണുകള്‍ക്കു മുന്നില്‍ ഒന്നും എനിക്ക് ഒളിക്കാനാവുകയില്ലെന്നും ഞാന്‍ പഠിച്ചു കഴിഞ്ഞിരിക്കുന്നു. എന്നിട്ടും പറഞ്ഞു.
”ഓ… ഞാന്‍ വെറുതെ കാറ്റുകൊള്ളാന്‍ നിന്നതാണ് നരേട്ടാ… അല്ലാതെ…’ അര്‍ദ്ധോക്തിയില്‍ വിരമിച്ച് നിറഞ്ഞു തുടങ്ങിയ കാതരമിഴികളുയര്‍ത്തി ഞാന്‍ നരേട്ടനെ നോക്കി.”
”ഉം… താന്‍ കള്ളം പറയാന്‍ പഠിച്ചു തുടങ്ങിയിരിക്കുന്നു. ഒരു കാര്യം മറക്കണ്ട താന്‍ ഒരദ്ധ്യാപികയാണ്. ഞാന്‍ വിരമിച്ച ഒരദ്ധ്യാപകനും. വിദ്യാര്‍ത്ഥികളെ കപടതയില്‍ നിന്നുമകറ്റി നേര്‍വഴി കാണിച്ചു കൊടുക്കുന്നവരാണ് നമ്മള്‍…’
‘എനിക്കു മാപ്പുതരൂ നരേട്ടാ… ഞാന്‍… ഞാന്‍ എല്ലാം മറന്നു കഴിഞ്ഞതായിരുന്നു. പക്ഷേ ഈ അന്തരീക്ഷവും പരിസരവും ആ ഓര്‍മ്മകള്‍ എന്നില്‍ വീണ്ടുമുണര്‍ത്തുന്നു. ഞാനെന്തു ചെയ്യാനാണ്?” ഞാനാ മാറില്‍ വീണു തേങ്ങിക്കൊണ്ടു പറഞ്ഞു.
”ശരി…ശരി… എനിക്കെല്ലാം മനസ്സിലാകുന്നുണ്ട്. നമുക്കീ നാട്ടില്‍ അധികം നില്‍ക്കണ്ട. എത്രയും വേഗം നമുക്കിവിടെ നിന്നു മടങ്ങാം. മാത്രമല്ല തനിക്കിനി ലീവും അധികമില്ലല്ലോ…’
നരേട്ടന്‍ എന്നെ സമാശ്വസിപ്പിച്ചു കൊണ്ടു പറഞ്ഞു. പക്ഷേ എന്റെ മനസ്സ് ഒരു വടംവലിയില്‍ മുഴുകി. ചെകുത്താനും കടലിനും നടുക്കെന്നപോലെ ഉഴറി.
ഇവിടെ നിന്നാല്‍ ഫഹദ് സാറിന്റെ ഓര്‍മ്മകള്‍ എന്നെ വീണ്ടും ചുട്ടു പൊള്ളിക്കും. പക്ഷേ പോകാതിരുന്നാല്‍ ഒരു ജന്മം മുഴുവന്‍ ഞങ്ങള്‍ക്കായി ഉഴിഞ്ഞു വച്ച അമ്മയോടുള്ള കടപ്പാടുകള്‍ നിറവേറ്റാന്‍ കഴിയാതെ പോകും. രണ്ടു ദിനമെങ്കിലും അമ്മയുടെ സമീപം നിന്ന് രോഗ ശുശ്രൂഷകള്‍ ചെയ്യണമെന്ന എന്റെ മോഹം. മൂത്തപുത്രി എന്ന നിലയില്‍ എന്റെ കടമ കൂടിയാണത്. എന്തു ചെയ്യേണ്ടു എന്നറിയാതെ നിലക്കൊണ്ട എന്നോട് നരേട്ടന്‍ വീണ്ടും പറഞ്ഞു.
”തന്റെ മനസ്സിലെ കണ്‍ഫ്യൂഷന്‍ എനിക്കു മനസ്സിലാകുന്നുണ്ട്. തനിക്ക് അമ്മയെ ശുശ്രൂഷിക്കണമെന്നുണ്ടെങ്കില്‍ ഒരാഴ്ച കൂടി നമുക്കിവിടെ താമസിയ്ക്കാം. അതിനുശേഷം ഡല്‍ഹിയിക്കു മടങ്ങാം.”
ഉള്ളു കൊണ്ട് അവിടെ നിന്നു പറന്നു പൊങ്ങാന്‍ വെമ്പല്‍ കൊള്ളുമ്പോഴും അമ്മയോടുള്ള കടമ നിര്‍വ്വഹിക്കുവാന്‍ ഞാന്‍ തയ്യാറായി. ഇത്തരം അനുഭവങ്ങള്‍ എനിക്കു പുതുമയല്ലല്ലോ. അല്ലെങ്കില്‍ തന്നെ ഇതുപോലെ ഹൃദയവും, തലച്ചോറും ചുട്ടുപൊള്ളുന്ന അനേകം രാത്രികള്‍ ഞാനീ മുറിയില്‍ കഴിച്ചു കൂട്ടിയിട്ടുള്ളതോര്‍ത്തു.
അച്ഛന്‍ എനിക്കായി സൃഷ്ടിച്ച തടവറയില്‍ അമ്പേറ്റു വീണ ഇണപക്ഷിയുടെ വേപഥുവോടെ പിടഞ്ഞു തീര്‍ന്ന രാവുകള്‍. ഒരിറ്റു ദാഹജലത്തിനായി വേഴാമ്പലിനെപ്പോലെ മനസ്സും ശരീരവും കൊതിച്ച നാളുകള്‍. കരുണയുടെ ഒരു കൊച്ചു നീരുറവയ്ക്കായി കൈനീട്ടിയ പകലുകള്‍. അപ്പോഴൊക്കെ ആരും കാണാതെ അമ്മ അനുജത്തിമാരുടെ കൈയ്യില്‍ എനിക്കുള്ള ആഹാരം കൊടുത്തയ്ക്കാന്‍ ശ്രമിച്ചിരുന്നു.
എന്നാല്‍ അച്ഛന്റെ സൂക്ഷ്മ ദൃഷ്ടിക്കു മുന്നില്‍ അമ്മയുടെ ആ ശ്രമങ്ങളെല്ലാം മിക്കപ്പോഴും പരാജയപ്പെടുകയായിരുന്നു. അച്ഛന്റെ നിഷ്ഠൂരമായ നീതിപീഠത്തിനു മുന്നില്‍ ഒരു കുറ്റവാളിയെപ്പോലെ തലതാഴ്ത്തി നിന്ന അമ്മ ഒടുവില്‍ പട്ടിണി കിടന്ന് മരിക്കാറായെന്നു തോന്നിയപ്പോള്‍ അച്ഛനില്ലാത്ത നേരത്ത് രണ്ടും കല്‍പിച്ച് എന്നെ തുറന്നു വിട്ട അമ്മയും അനുജത്തിമാരും.
ഓര്‍മ്മയുടെ കല്പടവുകളിലിരുന്ന് അവര്‍ക്കായി കൃതജ്ഞതയുടെ പൂച്ചെണ്ടുതെറുക്കുകയായിരുന്നു ഞാന്‍. ”എന്താ ചേച്ചി, ഇവിടെ ഒറ്റയ്ക്കിരിക്കുന്നത്. മുറിയില്‍ അമ്മ ചേച്ചിയെ അന്വേഷിക്കുന്നുണ്ട്.” ഇളം തെന്നല്‍ ശിരസ്സു തലോടുമ്പോള്‍ ഞാന്‍ മുല്ലത്തറയിലാണെന്നറിഞ്ഞു. മായയുടെ ശബ്ദം തൊട്ടുണര്‍ത്തിയപ്പോള്‍ ഞെട്ടലോടെ ഞാന്‍ മുഖം തിരിച്ചു.
”എന്താ ചേച്ചീ… ചേച്ചീ പഴയ ഓര്‍മ്മകളില്‍ മുഴുകിയിരിക്കുകയാണെന്നു തോന്നുന്നു. ഇനിയും അതൊക്കെ മറക്കാറായില്ലെ ചേച്ചീ…’
തന്റെ നനഞ്ഞ കവിള്‍ത്തടങ്ങളില്‍ നോക്കിക്കൊണ്ട് മായ ചോദിച്ചു. അപ്പോഴാണ് ഞാന്‍ ഇതുവരെ കരയുകയായിരുന്നു എന്നോര്‍ത്തത്.
”ഇല്ല മോളെ… ഇവിടെ എത്ര ശ്രമിച്ചിട്ടും ഓര്‍മ്മകള്‍ അതിന്റെ സ്‌നേഹപാശം കൊണ്ട് എന്നെ ബന്ധിതയാക്കുകയാണ്. ഒരുപക്ഷേ തള്ളിക്കളയാന്‍ ശ്രമിക്കുന്തോറും അതെന്നെ കൂടുതല്‍ കൂടുതല്‍ വരിഞ്ഞു മുറുക്കുന്നു.” മനസ്സു പറഞ്ഞു.
”ചേച്ചിയ്ക്കറിയോ? ഫഹദ് സാര്‍ രണ്ടാമതും വിവാഹം കഴിച്ചുവെങ്കിലും ആ ഭാര്യയെ ഉപേക്ഷിച്ചു ആ ബന്ധത്തില്‍ അദ്ദേഹത്തിന് കുട്ടികളുമുണ്ടായില്ല.”
എന്ത്? ആ വാക്കുകള്‍ എന്നെ അല്‍പം ഞെട്ടിക്കുക തന്നെ ചെയ്തു. ഒരു പക്ഷേ എന്റെ ഓര്‍മ്മകള്‍ അദ്ദേഹത്തെ ഇന്നും വേട്ടയാടുന്നുണ്ടെന്നല്ലെ അതിനര്‍ത്ഥം. അല്ലെങ്കില്‍ ആ ദാമ്പത്യബന്ധം അദ്ദേഹത്തിന് തുടരാന്‍ കഴിയാതിരുന്നത് എന്തു കൊണ്ടാണ്? അരുത് സാര്‍… ഈ ശാപജന്മത്തെ ഓര്‍ത്തിരുന്ന് അങ്ങയുടെ വിലപ്പെട്ട ജീവിതം അങ്ങ് പാഴാക്കരുത്. അങ്ങനെ ഉറക്കെ വിളിച്ചു പറയണമെന്നുണ്ടായിരുന്നു. പക്ഷേ ആരോടാണ് ഞാനിതു പറയേണ്ടത്??
എന്റെ മനസ്സ് എത്ര ഉറക്കെ അലറിയാലും അതീ ശൂന്യതയില്‍ വലയം പ്രാപിക്കുകയേ ഉള്ളൂ. ചുറ്റിനു വലയം ചെയ്യുന്ന ഇരുട്ടിനെ തുറിച്ചു നോക്കി ഞാനിരുന്നു. അപ്പോള്‍ മായ എന്റെ കൈപിടിച്ച് കൊണ്ട് ക്ഷണിച്ചു.
”വരൂ… ചേച്ചീ… ഇവിടിങ്ങനെ ഒറ്റയ്ക്കിരിക്കേണ്ട. നമുക്ക് അമ്മയുടെ അടുത്തേയ്ക്കു പോകാം. അമ്മ കുറേനേരമായി ചേച്ചിയെ അന്വേഷിക്കുന്നു.”
ഒരു പ്രതിമ കണക്കെ മായയെ പിന്തുടര്‍ന്ന് ഞാന്‍ നടന്നു. ഒടുവില്‍ അമ്മ കിടക്കുന്ന മുറിയിലെത്തുമ്പോള്‍ പെട്ടെന്ന് നരേട്ടനെക്കുറിച്ചോര്‍ത്തു മായയോടു ചോദിച്ചു.
”നരേട്ടനെവിടെ മോളെ… അദ്ദേഹത്തെ അല്പനേരമായല്ലോ കണ്ടിട്ട് അദ്ദേഹം ഇവിടുണ്ടാകുമെന്നാണ് ഞാന്‍ കരുതിയത്.”
”നരേട്ടന്‍ നടക്കാനിറങ്ങിയതാണ് ചേച്ചീ… ചേച്ചീയോടു പറഞ്ഞിട്ടാണ് അദ്ദേഹം പോകുന്നതെന്നു പറഞ്ഞു.”
ശരിയാണ്, നരേട്ടന്‍ എന്നെ സമാശ്വസിപ്പിച്ച ശേഷം നടക്കാനിറങ്ങുകയാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഓര്‍മ്മകളില്‍ മുങ്ങിത്താണ് ശ്വാസം മുട്ടി പിടഞ്ഞിരുന്ന ഞാന്‍ അതൊന്നും കേട്ടില്ല എന്നതാണ് സത്യം. എങ്ങിനെയോ, അര്‍ദ്ധപ്രജ്ഞയായി ഞാന്‍ മുല്ലത്തറയില്‍ എത്തിച്ചേരുകയായിരുന്നു. ഏതോ ഓര്‍മ്മകള്‍ എന്നെ അങ്ങോട്ടേയ്ക്ക് നയിക്കുകയായിരുന്നു എന്നു പറയുന്നതാവും ശരി.
”എന്താ മീര മോളെ നീ വല്ലാതെ ഇരിക്കുന്നത്. ഇവിടെ പഴയ ഓര്‍മ്മകള്‍ നിന്നെ വല്ലാതെ ശ്വാസം മുട്ടിയ്ക്കുന്നുണ്ടെന്നു തോന്നുന്നു.”
നരേട്ടനെപ്പോലെ അമ്മയും എന്റെ മനസ്സ് വായിച്ചെടുക്കാന്‍ കഴിവുള്ള വ്യക്തിയാണ്.
”എല്ലാം മറക്കണം കുട്ടീ… മറവി പലപ്പോഴും മനുഷ്യന് ഒരനുഗ്രഹമാണ്. പ്രത്യേകിച്ച് ഭൂതകാലം നമ്മെ വേട്ടയാടുമ്പോള്‍.”
”ശരിയാണ് അമ്മേ… എല്ലാം മറക്കുവാന്‍ പഠിച്ചു തുടങ്ങിയതായിരുന്നു ഞാന്‍. പക്ഷേ ഒരു നെരിപ്പോടിലെന്നപ്പോലെ ഓര്‍മ്മകള്‍ ഇപ്പോഴും അണയാതെ കിടക്കുന്നു എന്ന് ഞാനറിയുന്നത് ഇപ്പോഴാണ്.
അന്ന് അമ്മയും മായയും മഞ്ജുവും എന്നെ തടവറയിലെ അര്‍ദ്ധ പട്ടിണിയില്‍ നിന്നും രക്ഷിച്ചില്ലായിരുന്നുവെങ്കില്‍ ഞാനിന്ന് ജീവനോടെ ഉണ്ടാകുമായിരുന്നില്ല. ഇപ്പോള്‍ തോന്നുന്നു അതായിരുന്നു ഭേദം എന്ന്.
അന്ന് ഞാന്‍ മരിച്ചിരുന്നുവെങ്കില്‍, ഫഹദ്‌സാറും കുറെ കഴിയുമ്പോള്‍ എന്നെ മറന്നേനെ. ഇന്നിപ്പോള്‍ എല്ലാ സുഖഭോഗങ്ങളുടെയും നടുവില്‍ ജീവിക്കുമ്പോഴും ആ ആത്മാവിന്റെ വേദന ഒരു ശാപം പോലെ എന്നെ പിന്തുടരുന്നു.
ഞങ്ങളുടെ രാഹുല്‍ മോനെ ഞങ്ങള്‍ക്കു നഷ്ടപ്പെടുത്തിയത് ആ മനസ്സിന്റെ ശാപഫലമാണെന്നു ഞാന്‍ വിശ്വസിക്കുന്നു. എന്തൊക്കെ പീഢനങ്ങള്‍ നേരിട്ടപ്പോഴും ഞാന്‍ ഫഹദ് സാറിനു വേണ്ടി അന്ന് ഉറച്ചു നില്‍ക്കേണ്ടതായിരുന്നു. എങ്കില്‍ ഇന്നിപ്പോള്‍ എന്നെ നെരിപ്പോടിലെന്നപ്പോലെ ഉരുക്കിത്തീര്‍ക്കുന്ന ഈ കുറ്റബോധത്തില്‍ നിന്നും എനിക്ക് മോചനം ലഭിക്കുമായിരുന്നു.
”എല്ലാം വിധിയാണു കുഞ്ഞെ… ഒന്നും നമ്മളല്ല തീരുമാനിക്കുന്നത്.?എല്ലാം ഈശ്വര ഹിതം. നീ ഫഹദ്‌സാറിന്റെ ഒപ്പമല്ല നരന്റെ ഒപ്പമാണ് ജീവിക്കേണ്ടതെന്ന് ഈശ്വരന്‍ നേരത്തെ തീരുമാനിച്ചിരുന്നു കുട്ടീ…’
‘അല്ല അമ്മേ… അപ്പറഞ്ഞതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. വരും വരായ്മകള്‍ കുറെയൊക്കെ മനുഷ്യ സൃഷ്ടിയാണ്. അന്ന് ഈശ്വരനല്ലാ അച്ഛനാണ് എന്റെ കാര്യത്തില്‍ തീരുമാനം എടുത്തത് അല്ലെങ്കില്‍ ഞാനും ഫഹദ്‌സാറും തമ്മിലുള്ള വിവാഹംബന്ധം ഒരിക്കലും മുറിയ്ക്കപ്പെടുമായിരുന്നില്ല.
”ശരിയാണ് കുഞ്ഞെ… ഒക്കെ കഴിഞ്ഞ കാര്യങ്ങളല്ലേ… ഇന്നിപ്പോള്‍ പഴയതെല്ലാം മറക്കുക. നീയിന്ന് ഒരമ്മയും മുത്തശ്ശിയുമായിക്കഴിഞ്ഞു. പിന്നെ നീ ആരേയും വഞ്ചിച്ചു എന്ന കുറ്റബോധം വേണ്ട. നരനും എല്ലാം അറിയാമാരുന്നല്ലോ നിന്നെ വിവാഹം കഴിക്കുമ്പോള്‍…’
‘ശരിയാണമ്മേ… ആ മനസ്സിന്റെ മഹത്വമാണ് എന്നെ ഇത്രത്തോളം എത്തിച്ചത്. എങ്കിലും ഇന്നിപ്പോള്‍ ഇവിടെ നില്‍ക്കുമ്പോള്‍ ഞാനറിയാതെ പഴയതെല്ലാം എന്നിലേയ്ക്കു കടന്നു വരുന്നു. ഈ വീട്ടിലെ ഓരോ മണല്‍ത്തരിയും എന്നെ പലതും ഓര്‍മ്മിപ്പിക്കുന്നു. എനിക്കു വല്ലാതെ ശ്വാസം മുട്ടുന്നതു പോലെ. ഫഹദ്‌സാറിന്റെ കൈയ്യൊപ്പു പതിഞ്ഞ ഓട്ടോഗ്രാഫ്. ഫഹദ് സാറിന്റെ വധുവായപ്പോള്‍ ഞാനണിഞ്ഞിരുന്ന വിവാഹ വസ്ത്രം. എല്ലാമെല്ലാം പഴയ ഓര്‍മ്മകളിലേയ്ക്കു എന്നെ നയിക്കുന്നു. ഓര്‍മ്മകള്‍ക്കും മരണത്തിനുമൊന്നും സ്ഥലകാല ബോധമില്ലല്ലോ അമ്മേ…’
‘ശരിയാണു കുഞ്ഞെ… നിന്റെ വേദന എനിക്കു മനസ്സിലാകുന്നുണ്ട്. നിന്നെ ഇങ്ങനെ എന്റെ കാല്‍ക്കീഴിലിരുന്ന് കണ്ണീരൊഴുക്കുന്നവളായി കാണാനല്ല ഞാനാഗ്രഹിച്ചത്. നിങ്ങളുടെയൊക്കെ ചിരിക്കുന്ന മുഖം കണ്ട് സന്തോഷത്തോടെ മരിക്കാനാണ്… അതിനു മാത്രമാണു കുഞ്ഞെ നിന്നെ ഈ അവസാന കാലത്തു കാണണമെന്ന് ഞാനാഗ്രഹിച്ചത്.”
നിറഞ്ഞൊഴുകുന്ന അമ്മയുടെ കണ്ണുകള്‍ കണ്ടപ്പോള്‍ മാത്രമാണ് ഞാന്‍ അമ്മയെ വേദനിപ്പിക്കുകയായിരുന്നുവെന്നോര്‍ത്തത്. ഈ അവസാന കാലത്ത് അമ്മയെ വേദനിപ്പിക്കുവാനായിട്ടാണ് ഞാനിങ്ങോട്ട് വന്നതെന്നോര്‍ത്തപ്പോള്‍ കുറ്റബോധം തോന്നി.
”എനിക്ക് എന്നെത്തന്നെ നിയന്ത്രിക്കുവാന്‍ കഴിഞ്ഞില്ല അമ്മേ… എന്നോടു ക്ഷമിക്കൂ. എനിക്കു മാപ്പു തരൂ.”
ആ കാലുകളില്‍ കെട്ടിപ്പിടിച്ച് മാപ്പിരക്കുമ്പോള്‍ ഒരിക്കല്‍ കൂടി അമ്മയുടെ പഴയ മീരയാകുവാന്‍ ഞാനൊരു ശ്രമം നടത്തുകയായിരുന്നു.
അന്നും അതിന്റെ പിറ്റേന്നും ഞാന്‍ പൂര്‍ണ്ണമായും പഴയ കോളേജ് കുമാരിയാകുവാന്‍, അമ്മയുടെ പഴയ മീരമോളാകുവാനുള്ള ശ്രമത്തിലായിരുന്നു. ഊര്‍ജ്ജസ്വലയായ ആ പഴയ പെണ്‍കുട്ടിയെ എന്നിലേയ്ക്കാവാഹിക്കുവാനുള്ള ആ ശ്രമത്തില്‍ ഞാന്‍ കുറെയൊക്കെ വിജയിച്ചു എന്നു തന്നെ പറയാം. അമ്പതു പിന്നിട്ട് മുത്തശ്ശിയായിക്കഴിഞ്ഞ ഈ കാലഘട്ടത്തില്‍ അത് ആത്യന്തം ശ്രമകരമായിരുന്നു, എങ്കിലും അമ്മയുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് രോഗശുശ്രൂഷ ചെയ്യുന്നതില്‍ ഞാന്‍ ഒട്ടൊക്കെ വിജയിച്ചു.
അമ്മയെ അത് ഏറെ സന്തോഷിപ്പിച്ചു. എന്നിലെ മാറ്റം കണ്ട് വിസ്മയം പൂണ്ട് അമ്മ പറഞ്ഞു.
”മീരമോളെ… നീയിപ്പോള്‍ എന്റെ പഴയ ചുണക്കുട്ടി തന്നെയായിരിക്കുന്നു. ഇങ്ങനത്തെ എന്റെ മീരമോളെ കാണുന്നതാണ് എനിക്കിഷ്ടം.”
അമ്മയുടെ വാക്കുകളില്‍ സന്തോഷം തുടിച്ചു നിന്നു. പത്തുമാസം ചുമന്ന് പ്രസവിച്ചു വളര്‍ത്തിയ അമ്മയ്ക്കു വേണ്ടി ഇത്രയെങ്കിലും ചെയ്തില്ലെങ്കില്‍ ഞാനൊരു മകളാവുകയില്ലെന്നു തോന്നി.
എന്നിലെ മാറ്റം നരേട്ടനടക്കം മറ്റെല്ലാവരേയും സന്തോഷിപ്പിച്ചു.
”താനിപ്പോഴാണ് എന്റെ പഴയ മീരയായത്. കഴിഞ്ഞ ദിവസങ്ങളിലെ തന്നിലെ ആ നനഞ്ഞ മട്ട് എനിക്കൊട്ടും പിടിക്കുന്നുണ്ടായിരുന്നില്ല മീര.”
നരേട്ടന്‍ സന്തോഷത്തോടെ എന്നെ ചേര്‍ത്തു നിര്‍ത്തി പറഞ്ഞു.
രാവിലെ കുളിച്ച് അമ്പലത്തില്‍ പോയി പ്രസാദമണിഞ്ഞു വന്ന എന്നെ അദ്ദേഹം ചേര്‍ത്തണച്ച് നെറ്റിയില്‍ മുത്തം നല്‍കി കൊണ്ട് പറഞ്ഞു. ”നിന്റെ ശ്രീത്വം തുളുമ്പുന്ന ഈ മുഖത്തെ പ്രസന്നത എനിക്ക് മരിക്കുന്നതു വരെ കാണണം.” ഞാന്‍ കൈകൊണ്ട് ആ ചുണ്ടുകള്‍ പൊത്തി എന്നിട്ടു പറഞ്ഞു.
”അരുത്… നരേട്ടാ… മരണത്തെ ഓര്‍മ്മിപ്പിക്കുന്ന ഒന്നും അങ്ങ് പറയുകയില്ലെന്നെനിക്ക് വാക്കു തന്നിരിക്കുന്നതാണ്.”
(തുടരും)







