ഞങ്ങളുടെ ഫ്‌ളൈറ്റ് ഡല്‍ഹിയിലെത്തുമ്പോള്‍ നേരം സന്ധ്യയോടടുത്തിരുന്നു. കേരളത്തില്‍ നിന്നും ഡല്‍ഹിയിലെത്തുമ്പോഴുള്ള കാലാവസ്ഥാ വ്യതിയാനം ഫ്‌ളൈറ്റ് ഇറങ്ങിയയുടനെ ശരീരം തൊട്ടറിഞ്ഞു.
കേരളത്തില്‍ മനുഷ്യ ഹൃദയത്തിലെന്ന പോലെ കാലാവസ്ഥയിലും മാറ്റങ്ങള്‍ അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു. മഴ പ്രതീക്ഷിച്ചിരിക്കുന്ന അവസ്ഥയില്‍ കനത്ത വേനല്‍ച്ചൂടാവും അനുഭവപ്പെടുക.
സ്‌നേഹത്തിന്റേയും ആത്മാര്‍ത്ഥതയുടേയും അഭാവം മൂലം മനുഷ്യഹൃദയം വരണ്ടുണങ്ങിയതു പോലെ പ്രകൃതിയും മഴയുടെ അഭാവത്തില്‍ വരണ്ടു തുടങ്ങിയിരിക്കുന്നു. കാലം തെറ്റി പെയ്യുന്ന മഴയാകട്ടെ ഒരു പ്രയോജനവും ചെയ്യുന്നുമില്ല. സമ്പത്തിലും, സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കും വേണ്ടി പാപങ്ങള്‍ ചെയ്തു കൂട്ടുന്ന മനുഷ്യരെ നോക്കി പ്രകൃതി പൊട്ടിച്ചിരിക്കുകയാണെന്നു തോന്നി. ഇടയ്ക്കിടയ്ക്കു പെയ്യുന്ന മഴയില്‍ പോലും ചൂടു കനത്തു കണ്ടപ്പോള്‍.
കേരളമെന്ന ദൈവത്തിന്റെ സ്വന്തം നാട്ടില്‍ അമ്പലങ്ങളില്‍ പോലും ഇന്നിപ്പോള്‍ ദൈവമുണ്ടോ എന്നു സംശയമാണ്.
നാം പരിപാവനത നല്‍കി ദൈവത്തെ ആരാധിക്കുന്ന ക്ഷേത്രങ്ങളില്‍ പലതും പണത്തിനു വേണ്ടി മാത്രം നിലകൊള്ളുന്നവയായി മാറിക്കഴിഞ്ഞു. ആരാധനാലയങ്ങളെല്ലാം കച്ചവട സ്ഥാപനങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. ദൈവത്തെ വിറ്റഴിക്കുന്ന ജനങ്ങള്‍.
”മീരാ, താനെന്താ ഗൗരവമായി ആലോചിച്ചു കൊണ്ടു നടക്കുന്നത്. ഡല്‍ഹിയിലെത്തിയിട്ടും തനിക്കൊരു സന്തോഷമില്ലല്ലോ.”
”ഞാന്‍… ഞാന്‍ വെറുതെ എന്തൊക്കെയോ ആലോചിച്ചു പോയി നരേട്ടാ. പൊതുവായ ചില കാര്യങ്ങള്‍.”
”നമുക്ക് എന്തെങ്കിലും ആഹാരം കഴിച്ചശേഷം വീട്ടിലേയ്ക്കു മടങ്ങാം. അതായിരിക്കും നല്ലത് അല്ലേ. നരേട്ടന്റെ തീരുമാനത്തെ കൃഷ്ണമോളും പിന്താങ്ങി.
”അതു ശരിയാണച്ഛാ. നല്ല വിശപ്പുണ്ട്. ടുട്ടുമോനും വിശക്കുന്നുണ്ടാവും. അവന് പാലു കൊടുക്കണം.”
എയ്‌റോ ഡ്രോമിനടുത്തുള്ള ഒരു നല്ല ഹോട്ടലില്‍ ഞങ്ങള്‍ കയറി. വിദേശിയരായ ചിലരേയും അവിടെ കണ്ടു. സിമ്മിംഗ് പൂളും മറ്റുമുള്ള അവിടെ വിദേശിയരില്‍ പലരും സുഖവാസത്തിനെത്താറുണ്ട്. ഓര്‍ഡര്‍ ചെയ്ത് മിനിട്ടുകള്‍ പിന്നിട്ടിട്ടും വിഭവങ്ങളെത്താതിരുന്നപ്പോള്‍ ഞാന്‍ പുറത്തെ കാഴ്ചകളിലേയ്ക്ക് കണ്ണുകള്‍ പായിച്ചു. സ്വദേശീയരും, വിദേശീയരുമായ അനേകം പേര്‍ വര്‍ണ്ണ വസ്ത്രങ്ങളണിഞ്ഞ് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. പെട്ടെന്ന് എന്റെ മുന്നിലേയ്ക്ക് കടന്നു വന്ന ചെറുപ്പക്കാര്‍ എന്നെ നോക്കി അഭിവാദ്യം ചെയ്തു. ”ഗുഡ്‌നൈറ്റ് മാഡം… ആപ് യഹാം…’ എന്റെ വിദ്യാര്‍ത്ഥികളാണവരെന്നു തിരിച്ചറിഞ്ഞപ്പോള്‍ പറഞ്ഞു.
”ഞാന്‍ കുടുംബത്തോടൊപ്പം കേരളത്തില്‍ പോയിട്ട് മടങ്ങുന്ന വഴിയാണ്.”
”ഓ… ആപ് അകേലേ ഹൈ…’
അപ്പോഴാണ് ഞാനൊറ്റയ്ക്കാണെന്നറിഞ്ഞത്. ദേവാനന്ദും, കൃഷ്ണമോളും നേരത്തെ തന്നെ മോന് പാലുകൊടുക്കേണ്ട ആവശ്യത്തിനായി എങ്ങോട്ടോ മാറിയിരുന്നു. നരേട്ടന്‍ അല്‍പം മാറി നിന്ന് കാഴ്ചകള്‍ കാണുകയായിരുന്നു.
വിദ്യാര്‍ത്ഥികളുടെ സംസാരം കേട്ടപ്പോള്‍ അത് ശ്രദ്ധിച്ചു കൊണ്ട് അദ്ദേഹം അടുത്തെത്തി.
”ഓ… ആപ് കെ സാഥ് വിഷ്ണുനാരായണന്‍ സാര്‍ ഹെ. ഹം ആപ്‌കോ ദേഖാ നഹിം…’ തുടര്‍ന്നദ്ദേഹം അവരെ പരിചയപ്പെട്ടു. ഒരേ കോളേജില്‍ പ്രവര്‍ത്തിച്ചിരുന്നവരാണെങ്കിലും അവര്‍ എന്റെ മാത്രം വിദ്യാര്‍ത്ഥികളായിരുന്നതിനാലാണ് നരേട്ടന്‍ അവരെ തിരിച്ചറിയാതിരുന്നത്.
”നരേട്ടാ ഇത് അരുണ്‍. പാതി മലയാളിയാണ്. പിന്നെ ഇത് വിവേക്. അവര്‍ നമ്മുടെ കോളേജിലെ റിസേര്‍ച്ച് സ്‌ക്കോളേഴ്‌സ് ആണ്. ഇവര്‍ നമ്മുടെ രാഹുല്‍ മോനോടൊപ്പം സ്‌ക്കൂളില്‍ പഠിച്ചിട്ടുണ്ട്.”
ഞാനവരെ നരേട്ടന് പരിചയപ്പെടുത്തി. രാഹുല്‍ മോന്റെ കൂട്ടുകാരാണെന്നറിഞ്ഞപ്പോള്‍ നരേട്ടന് അവരോടുള്ള താല്‍പര്യം വര്‍ദ്ധിച്ചു. അവരുടെ വീടും, നാടും മറ്റു വിശേഷങ്ങളും അദ്ദേഹം ചോദിക്കാന്‍ തുടങ്ങി. പെട്ടെന്ന് ഞാന്‍ പറഞ്ഞു. ”നരേട്ടാ അരുണിന്റെ അമ്മ മലയാളിയും അച്ഛന്‍ പഞ്ചാബിയുമാണ്. അരുണിന് മലയാളം പറഞ്ഞാല്‍ മനസ്സിലാകും. പിന്നെ സംസാരിക്കുകയും ചെയ്യും.”
”ഓഹോ അതു നന്നായി. ഏതായാലും നിങ്ങളെക്കണ്ടതില്‍ സന്തോഷം. നിങ്ങള്‍ എന്തെങ്കിലും ആഹാരം കഴിച്ചോ? ഇല്ലെങ്കില്‍ നമുക്കൊരുമിച്ചിരിക്കാം.” നരേട്ടന്‍ അവരെ ക്ഷണിച്ചു കൊണ്ടു പറഞ്ഞു.
നരേട്ടന്‍ ക്ഷണിച്ചതനുസരിച്ച് അവര്‍ രണ്ടുപേരും ഞങ്ങള്‍ക്കരികിലിരുന്നു. അപ്പോഴേയ്ക്കും വെയിറ്റര്‍ ആഹാര സാധനങ്ങളുമായി ഞങ്ങളുടെ മേശയ്ക്കരികിലെത്തി. മുന്നില്‍ വച്ച പ്ലേറ്റുകളിലേയ്ക്ക് ഞങ്ങള്‍ ആഹാരം വിളമ്പിത്തുടങ്ങിയപ്പോള്‍ കൃഷ്ണമോളും, ദേവാനന്ദും മോനേയും കൊണ്ട് മടങ്ങി വന്നു. പാലു കുടിച്ച് വയര്‍ നിറഞ്ഞ അവന്‍ ആഹ്ലാദപൂര്‍വ്വം ഞങ്ങളെ നോക്കി ചിരിച്ചു.
കൃഷ്ണമോളില്‍ നിന്നും നരേട്ടന്‍ അവനെ കയ്യില്‍ വാങ്ങി മടിയില്‍ വച്ചു. കൊഞ്ചിക്കാന്‍ തുടങ്ങി. പാലു കുടിച്ചോ കുട്ടാ. നമുക്കിനി അല്‍പം ”പാപ്പം” കൂടി കഴിച്ചാലോ?
നരേട്ടന്‍ അവന്റെ വായിലേയ്ക്ക് ചപ്പാത്തിയുടെ ഒരു നുറുങ്ങു വച്ചു കൊടുത്തു. അപ്പോള്‍ കൃഷ്ണമോള്‍ നരേട്ടനെ തടഞ്ഞു കൊണ്ട് പറഞ്ഞു.
”വേണ്ടച്ഛാ… അവന് പെട്ടെന്ന് ശീലമില്ലാത്തവ നല്‍കിയാല്‍ വയറിന് വല്ല അസുഖവും പിടിക്കും.” അതുകേട്ട് നരേട്ടന്‍ അല്‍പം വിഷമത്തോടെ കൈ പിന്‍വലിച്ച് മിണ്ടാതിരുന്നു.
”ഹലോ കൃഷ്ണ ഹൗ ആര്‍ യൂ…?”
അതുവരെ മോനെയും തന്റെ പപ്പായെയും മാത്രം ശ്രദ്ധിച്ച് നരേട്ടന്റെ അടുത്തു നിന്ന കൃഷ്ണമോള്‍ ആ സംബോധന കേട്ട് തിരിഞ്ഞു നോക്കി.
”ഹലോ അരുണ്‍. തും യഹാം” കൃഷ്ണമോള്‍ അല്‍പം അദ്ഭുതത്തോടെ ചോദിച്ചു.
”നിങ്ങള്‍ തമ്മില്‍ നേരത്തെ പരിചയമുണ്ടോ?” നരേട്ടന്‍ പെട്ടെന്ന് തലയുയര്‍ത്തി നോക്കി ചോദിച്ചു.
”ങ്ഹാ പപ്പാ… അരുണിനെ എനിക്ക് നേരത്തെ അറിയാം. രാഹുലിന്റെ ഫ്രണ്ടാണിവന്‍. രാഹുലിന്റെ ബെസ്റ്റ് ഫ്രണ്ട്.”
രാഹുലിന്റെ പേരു കേട്ടയുടനെ നരേട്ടന്റെ മുഖം ശോകമൂകമായിത്തീര്‍ന്നു. ആ നെറ്റിയിലെ ചുളിവുകള്‍ക്ക് ആക്കം കൂടി.
”ജീ ഹാം… സാര്‍… രാഹുല്‍ സ്‌ക്കൂളില്‍ എന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു. ഞങ്ങള്‍ ഒരുമിച്ചാണ് പന്ത്രണ്ടാം ക്ലാസ്സു വരെ പഠിച്ചത്.”
”അതെ അച്ഛാ… ഇവര്‍ ഒരുമിച്ചാണ് സ്‌കൂളില്‍ പഠിച്ചത്. രാഹുല്‍ മരിച്ച സമയത്ത് ഇവന്‍ വീട്ടില്‍ വന്നിരുന്നു.
രാഹുല്‍മോന്റെ ഓര്‍മ്മകള്‍ ഞങ്ങളുടെ ഉള്ളിലും ഇരച്ചെത്തുകയായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം അവന്റെ പ്രിയപ്പെട്ട കൂട്ടുകാരന്‍ ഇതാ ഞങ്ങളുടെ മുമ്പില്‍. ഒരു പക്ഷെ ഇന്ന് രാഹുല്‍ മോനും ഞങ്ങളടെ കൂടെ ഈ യാത്രയില്‍ ഉണ്ടാകേണ്ടതായിരുന്നില്ലെ? പക്ഷെ ഈശ്വരന്‍ തനിക്കേറ്റവും പ്രിയപ്പെട്ട അവനെ തന്റെ അരികില്‍ ചേര്‍ത്തു നിര്‍ത്തിയിരിക്കുന്നു.
അരുണിനോട് കൃഷ്ണമോള്‍ എന്തൊക്കെയോ ചോദിച്ചു കൊണ്ടിരുന്നു. അവരുടെ സ്‌കൂള്‍ ദിനങ്ങള്‍ അയവിറക്കുകയാണെന്നു തോന്നി. ചെറുപ്പത്തില്‍ രാഹുലും, കൃഷ്ണമോളും ഒരുമിച്ചാണ് സ്‌കൂളില്‍ പോയിരുന്നതും തിരികെ വന്നിരുന്നതും. അവര്‍ ഇണപിരിയാത്ത കൂട്ടുകാരെപ്പോലെയായിരുന്നു. തന്നെക്കാള്‍ മൂന്നു വയസിനിളപ്പമുണ്ടെങ്കിലും കൃഷ്ണമോളോട് അവന്‍ പറയാത്ത കാര്യങ്ങളുണ്ടായിരുന്നില്ല. കൂട്ടുകാരെപ്പോലെയായിരുന്നതിനാല്‍ കൃഷ്ണമോള്‍ പലപ്പോഴും ചേട്ട എന്നു വിളിക്കുന്നതിനു പകരം അവരെ രാഹുല്‍ എന്നു തന്നെ വിളിച്ചു. എനിക്കും നരേട്ടനും ഒരു കാലത്ത് അവര്‍ക്ക് നല്‍കാന്‍ കഴിയാതിരുന്ന സ്‌നേഹത്തിനു പകരം അവര്‍ പരസ്പരം ആവേശത്തോടെ സ്‌നേഹിച്ച് സഹോദര സ്‌നേഹം പങ്കിട്ടു.
”ങാ… പപ്പാ… പപ്പായ്ക്കറിയുമോ? ചെറുപ്പത്തില്‍ ഇവനും, രാഹുലും കൂടി ബെറ്റുവയ്ക്കുമായിരുന്നു. പഠിത്തത്തിലും, സ്‌പോര്‍ട്‌സിലുമെല്ലാം. പക്ഷെ എല്ലായ്‌പ്പോഴും ഫസ്റ്റാകുന്നത് രാഹുല്‍ തന്നെയായിരുന്നു. ഇവനക്കാര്യത്തില്‍ രാഹുലിനോട് അല്‍പം അസൂയയായിരുന്നു.”
കൃഷ്ണമോള്‍ പറഞ്ഞതു കേട്ട് അരുണ്‍ പറഞ്ഞു. ”അതെ സാര്‍… എവിടെയും രാഹുല്‍ തന്നെയായിരുന്നു ഒന്നാമന്‍.”
എനിക്കവന്റെ ഒപ്പമെത്താന്‍ ഒരിക്കലും കഴിഞ്ഞിരുന്നില്ല. മെഡിസിനു പോകുവാനും ഞങ്ങള്‍ ഒരുമിച്ചാണ് മത്സരിച്ചത്. പക്ഷെ അവന്‍ തന്നെ ജയിച്ചു. ഒടുവില്‍ പരലോകത്തേയ്ക്കുള്ള യാത്രയിലും അവന്‍ ഒന്നാമനായി. ഞാന്‍ മാത്രം ഇവിടെ ഒറ്റയ്ക്കായി. അതുപറയുമ്പോള്‍ അരുണിന്റെ കണ്ണുകള്‍ നിറഞ്ഞു വന്നു. അരുണ്‍ പറഞ്ഞതു കേട്ട് ഞങ്ങളുടേയും കണ്ണുകള്‍ നിറഞ്ഞു. അന്ന് പിന്നെ ആഹാരം കഴിച്ചെന്നു വരുത്തി ഞങ്ങള്‍ എഴുന്നേറ്റു. നരേട്ടന്‍ ദുഃഖം താങ്ങാനാവാതെ നെഞ്ചമര്‍ത്തിപ്പിടിച്ചു കൊണ്ടിരുന്നു. എഴുന്നേല്‍ക്കാന്‍ തുടങ്ങിയ അദ്ദേഹം കുഴഞ്ഞു വീഴാന്‍ പോകുന്നതു കണ്ട് ഞാന്‍ ഓടിച്ചെന്നു പിടിച്ചു.
”എന്താ നരേട്ടാ… എന്തുപറ്റി?” എന്റെ ചോദ്യം കേട്ട് അദ്ദേഹം ഒന്നുമില്ലായെന്ന് കൈകൊണ്ട് വിലക്കി. കൃഷ്ണമോള്‍ അതിനകം കുഞ്ഞിനെ കൈയ്യില്‍ വാങ്ങിയിരുന്നു.
”അല്‍പ നേരം കൂടി ഇരുന്നിട്ട് എഴുന്നേറ്റാല്‍ മതി പപ്പാ…’ കൃഷ്ണമോള്‍ നരേട്ടനെ തടഞ്ഞു കൊണ്ടു പറഞ്ഞു.
അരുണും വിവേകും എന്തു സഹായവും നല്‍കാനായി തയ്യാറായി നിന്നു. അല്‍പ സമയം കൂടി വിശ്രമിച്ച ശേഷം നരേട്ടന്‍ എഴുന്നേറ്റ് കൈകഴുകി. ഞങ്ങളുടെയെല്ലാം ഭയചകിതമായ കണ്ണുകള്‍ കണ്ടിട്ടാകാം നരേട്ടന്‍ ചോദിച്ചത്.
”എന്താ എല്ലാവരും പേടിച്ചു പോയോ? എനിക്കൊന്നുമില്ലെന്ന് ഞാന്‍ പറഞ്ഞില്ലെ? പെട്ടെന്ന് രാഹുല്‍മോന്റെ കാര്യങ്ങള്‍ കേട്ടപ്പോള്‍ ഒരു വിഷമം.” നരേട്ടന്‍ ഞങ്ങളെ സമാശ്വസിപ്പിച്ചു കൊണ്ടു പറഞ്ഞു.
ദേവാനന്ദ് അതിനകം ബില്‍ പേ ചെയ്തു കഴിഞ്ഞിരുന്നു. ഇറങ്ങാന്‍ നേരം നരേട്ടന്റെ കൈയ്യില്‍ പിടിച്ച എന്നോട്, ”താനെന്താ എന്നെ രോഗിയാക്കുവാനുള്ള ശ്രമമാണോ.” എന്ന് ചോദിച്ച് നരേട്ടന്‍ കളിയാക്കി.
പിന്നെ എന്റെ കൈവിടുവിച്ച് നരേട്ടന്‍ മുന്നേ നടന്നു. കാറിനടുത്തെത്തിയപ്പോള്‍ അടുത്തെത്തിയ അരുണിനോട് നരേട്ടന്‍ ചോദിച്ചു.
”നിങ്ങളെങ്ങിനെയാ വന്നത്?”
ഞങ്ങള്‍ ബൈക്കിലാണ് വന്നതെന്ന അരുണിന്റേയും വിവേകിന്റേയും മറുപടി കേട്ട് നരേട്ടന്‍ വീണ്ടും പറഞ്ഞു.
”നിങ്ങള്‍ രണ്ടുപേരും ഇടയ്‌ക്കൊക്കെ വീട്ടില്‍ വരണം. രാഹുല്‍മോനെ കാണുന്നതു പോലെയാണ് നിങ്ങളെക്കാണുമ്പോഴെനിക്ക് തോന്നുന്നത്.”
”വരാം സാര്‍… രാഹുലിന്റെ ഓര്‍മ്മകള്‍ ഞങ്ങളെയും വിട്ടു പിരിയുകയില്ല. മരിക്കുന്നതുവരെ അവന്‍ ഞങ്ങളോടൊപ്പമുണ്ടാകും. അത്രയ്ക്കു സ്‌നേഹമുള്ളവനായിരുന്നു അവന്‍.” അരുണിന്റെ കണ്ണുകള്‍ അതു പറയുമ്പോള്‍ നിറഞ്ഞു വന്നു.
ശരിയാണ്, കൂട്ടുകാരെന്നു വച്ചാല്‍ അവനു ജീവനായിരുന്നു. മറ്റുള്ളവരെ സ്‌നേഹിക്കാനും തനിക്കു സ്‌നേഹം പകര്‍ന്നു നല്‍കുന്നവര്‍ക്ക് ജീവന്‍ വരെ പകരം നല്‍കാനും അവന്‍ എല്ലായ്‌പ്പോഴും തയ്യാറായിരുന്നു. പെട്ടെന്ന് അരുണ്‍ പറഞ്ഞു.
”നിങ്ങള്‍ക്കറിയുമോ… അവന് ഒരു പ്രണയമുണ്ടായിരുന്നു. സംഗീത എന്നു പേരുള്ള ഒരു പെണ്‍കുട്ടി. സ്‌കൂളില്‍ ഞങ്ങളോടൊപ്പമുണ്ടായിരുന്ന അവള്‍ രാഹുലിനൊപ്പം മെഡിസിനു പഠിക്കുകയായിരുന്നു. സ്വപ്നങ്ങള്‍ പങ്കു വച്ച് വിവാഹിതരാകാന്‍ തീരുമാനിച്ചവരായിരുന്നു അവര്‍. രാഹുല്‍ മരിച്ചപ്പോള്‍ അവള്‍ ആത്മഹത്യയ്ക്കു ശ്രമിച്ചെങ്കിലും പിന്നീട് രക്ഷപ്പെട്ടു. ഞങ്ങള്‍ സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞിട്ട് പരസ്പരം പിരിഞ്ഞുവെങ്കിലും രാഹുല്‍ എല്ലാക്കാര്യങ്ങളും എന്നോട് പറയുമായിരുന്നു.” മുഴുവന്‍ പറയുന്നതിനു മുമ്പുതന്നെ അരുണ്‍ വിങ്ങിക്കരഞ്ഞു തുടങ്ങി. ഇപ്പോള്‍ അവനെ സമാധാനിപ്പിക്കേണ്ടതെങ്ങിനെയെന്നറിയാതെ ഞങ്ങള്‍ കുഴങ്ങി.
അല്‍പം കരഞ്ഞ ശേഷം സ്വയം നിയന്ത്രിച്ചവന്‍ പറഞ്ഞു.
”സോറി… ഞാന്‍ കരഞ്ഞ് നിങ്ങളെക്കൂടി വിഷമിപ്പിച്ചുവല്ലേ. ഇന്നവന്റെ ഓര്‍മ്മകള്‍ എന്നെ വല്ലാതെ ഹാണ്ട് ചെയ്യുന്നു. ഒറ്റയ്ക്കിരിക്കുമ്പോള്‍ അവന്‍ മുമ്പില്‍ വന്നു നില്‍ക്കുന്നതു പോലെ തോന്നാറുണ്ട്. അരുണ്‍ എന്നെ മറന്നുവോ എന്നു ചോദിച്ച്.”
അവന്‍ തൂവാലയെടുത്ത് മുഖം തുടച്ചു കൊണ്ട് പറഞ്ഞു. അല്‍പനേരം നിശബ്ദനായിരുന്ന ശേഷം ദുഃഖനിമഗ്‌നമായ മിഴികളുയര്‍ത്തി അവന്‍ ഞങ്ങളോട് പറഞ്ഞു.
ഒരു മരണം എത്രമാത്രം നമ്മെ ബാധിക്കുന്നുവെന്ന് രാഹുലിന്റെ മരണശേഷമാണ് ഞാന്‍ അറിഞ്ഞത്. അവന്‍ എനിക്ക് സഹോദരതുല്യനായിരുന്നു. ഒരാത്മാവും രണ്ടുടലുമെന്നതു പോലെ. അതുകൊണ്ടു തന്നെ അവന്‍ മരിച്ചപ്പോള്‍ എനിക്കതേറ്റവും വേദനാജനകമായിത്തീര്‍ന്നു. പലപ്പോഴും അവന്‍ മുമ്പില്‍ വന്നു നിന്നു പറയുന്നതു പോലെ തോന്നാറുണ്ട്.
അരുണ്‍, എന്റെ അച്ഛനമ്മമാര്‍ക്ക് നീ തുണയായുണ്ടാകണം. ഒരു മകനെപ്പോലെ അവര്‍ക്ക് മറ്റാരും തുണയായില്ല എന്ന്.
(തുടരും)







