LIMA WORLD LIBRARY

കാലയവനിക – കാരൂര്‍ സോമന്‍ (നോവല്‍-അധ്യായം 8)

സിന്ധു നിസ്സഹായതയോടെ കന്യാസ്ത്രീയെ നോക്കി. മനസ്സും ശരീരവും എങ്ങോ തിരക്കില്‍പ്പെട്ടൊഴുകുന്നു. സ്വന്തം മകനും പത്ര വാര്‍ത്ത കണ്ടുകാണും. മറ്റുള്ളവരെപ്പോലെ അവനും അമ്മയെ പ്രതിക്കൂട്ടില്‍ നിറുത്തിയിരിക്കുന്നു. മക്കള്‍ക്കാവശ്യം മാതാപിതാക്കളുടെ സ്‌നേഹവും വാത്സല്യവുമെങ്കില്‍, ഇവിടെ എനിക്കിപ്പോള്‍ ആവസ്യം അവന്റെ വിശ്വാസമാണ്. അമ്മയ്ക്ക് ഇഷ്ടാനുസരണം ജീവിക്കാമെങ്കില്‍ എന്തുകൊണ്ട് മകന് ആയിക്കൂടാ എന്നായിരിക്കും ഒരുപക്ഷേ അവന്റെ ചിന്ത? ഇതൊക്കെ കുട്ടികളെ തെറ്റായ പാതയിലേക്ക് വഴിനടത്തുന്ന കാര്യങ്ങളല്ലേ എന്നായിരുന്നു കന്യാസ്ത്രീയുടെ നോട്ടത്തില്‍. ഇങ്ങനെയൊരു ചുറ്റുപാടില്‍ മകനെ എങ്ങനെ നേരിടും? അവനെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ വന്നിട്ട് ഏതോ അനാവശ്യവാര്‍ത്തയുടെ പേരില്‍ അവനങ്ങനെ പെറ്റമ്മയെ തളളിപ്പറയാന്‍ കഴിയുമോ? മനസ്സില്‍ വിവിധ വികാരങ്ങള്‍ ആര്‍ത്തലച്ചു. മകന്റെ മുഖമൊന്നു കാണാന്‍, രണ്ട് ദിവസം ഒപ്പം കഴിയാന്‍ എത്രയോ ആഗ്രഹിച്ചാണ് വന്നത്.

‘എന്താ സിസ്റ്റര്‍ അവന്‍ വരാത്തേ. വല്ല അസുഖവുമാണോ?’
‘കാര്യം ഞാന്‍ തിരക്കി. അവന്റെ കൂട്ടുകാര്‍ ആരോ സിന്ധുവിന്റെ ഏതോ പത്രവാര്‍ത്ത പറഞ്ഞു. അത് കേട്ടപ്പോള്‍ അവന് വിഷമം തോന്നി. അതാ കാര്യം.’
‘സിസ്റ്ററെ, എന്നെ അപമാനിക്കാന്‍ ആരോ കരുതിക്കൂട്ടി ചെയ്ത പണിയാ. അല്ലാതെ യാതൊരു സത്യവും അതിലില്ല. എങ്ങനെയെങ്കിലും സിസ്റ്റര്‍ അവനെ പറഞ്ഞു മനസിലാക്കണം, എന്റെ ഒപ്പം വിടണം.’
‘ഞാന്‍ പറഞ്ഞു നോക്കി, അവന്‍ പോകുന്നില്ലെന്ന് എന്നോട് തീര്‍ത്തു പറഞ്ഞിരിക്കയാ.’
‘വരുന്നില്ലെങ്കില്‍ വരണ്ട, പക്ഷേ, എനിക്കവനോടൊന്നു സംസാരിക്കണം.’
‘ശരി ഞാനൊന്നുകൂടി പറയാം.’

കന്യാസ്ത്രീ അകത്തേക്ക് പോയി. സിന്ധു വിഷണ്ണയായി ബഞ്ചിലിരുന്നു. ജീവിതത്തില്‍ തിരിച്ചറിയാന്‍ കഴിയാത്ത നഷ്ടങ്ങള്‍. തിന്മകള്‍ക്ക് നിലയും വിലയും നല്‍കുന്ന കാലം. നാളിതുവരെ ഒരു കളങ്കവും പേരിനുണ്ടാക്കിയില്ല. ആ കളങ്കം ആരോ കടപ്പെടുത്തിയിരിക്കുന്നു. എങ്ങനെയും എന്നെ തളര്‍ത്താനാണ് മാഹി ശ്രമിക്കുന്നത്. അവന്റെ ആഗ്രഹം നിരാകരിച്ചതിന്റെ പ്രതിഫലം സ്വന്തം കുഞ്ഞിന്റെ വിദ്വേഷത്തില്‍ വരെയെത്തി നില്‍ക്കുന്നു. അവന്‍ കരുതിയിരിക്കുന്നത് സാധാരണ സ്ത്രീകളെപ്പോലെ ഞാന്‍ പ്രതികരിക്കില്ലെന്നായിരിക്കും. അകലെ നിന്നെത്തിയ കാറ്റ് ജനാലയുടെ വിരികളെ തഴുകി കിന്നാരം പറഞ്ഞു. മുറ്റത്ത് പല ഭാഗങ്ങളിലായി പഞ്ചവര്‍ണ്ണക്കിളികളും പ്രാവുകളും ചിറക് വിടര്‍ത്തി പറന്നു.
മകന്‍ മുന്നിലേക്ക് വരുന്നത് അവള്‍ വാത്സല്യത്തോടെ, ഒപ്പം ആശങ്കയോടെ നോക്കിനിന്നു. ഓടിച്ചെന്ന് മാറോടമര്‍ത്തി കവിളില്‍ ചുംബിച്ചു.

‘മോനെ അമ്മക്കൊപ്പം വരാന്‍ ഇഷ്ടമല്ലേ?’
അവന്‍ വെറുപ്പോടെ പറഞ്ഞു, ‘ഇല്ല.’
‘നിനക്ക് എന്തെല്ലാം കറികളാണ് ഞാനുണ്ടാക്കിവെച്ചതെന്ന് അറിയാമോ? നിനക്ക് എന്തുപറ്റി. എന്താ നിന്റെ പ്രശ്‌നം?’
‘അമ്മ ചീത്തയ. എന്റെ കൂട്ടുകാരും പറഞ്ഞു.’

ഒരു ഞെട്ടലോടെയാണ് സിന്ധു ആ വാക്കുകള്‍ കേട്ടത്. ചവിട്ടിനില്‍ക്കുന്ന മണ്ണ് ഇടിഞ്ഞു താഴുന്നതു പോലെ. അമ്മ ചീത്തയെന്ന് ഒരു മകന്‍ മുഖത്ത് നോക്കി പറയുക. ഉള്ളില്‍ നിലവിളിയുടെ കനല്‍ത്തുണ്ടുകള്‍. കണ്ണുകള്‍ നിറഞ്ഞത് വിരലുകള്‍കൊണ്ട് ഒപ്പിയെടുത്തു. അവന്റെ മുഖത്തേക്കു നോക്കാനുള്ള ശക്തിതന്നെ നഷ്ടപ്പെടുന്നതായി തോന്നി. ജീവിതത്തില്‍ മൂന്നാമതായി ലഭിച്ച ആഘാതം. ആദ്യം വീട്ടുകാരെ പിരിഞ്ഞത്, രണ്ടാമത് ഭര്‍ത്താവിന്റെ മരണം, ഇപ്പോള്‍ ഇതും.
ജീവിതത്തില്‍ താങ്ങാനാവാത്ത തിരിച്ചടികള്‍ വരുമ്പോഴൊക്കെ ദൈവിക വചനങ്ങള്‍ ഓര്‍ക്കും. ”പൂര്‍ണ്ണ ഹൃദയത്തോടെ ദൈവത്തില്‍ ആശ്രയിക്ക. സ്വന്തം വിവേകത്തില്‍ ഊന്നരുത്. നിന്റെ എല്ലാ വഴികളിലും അവനെ നിനച്ചുകൊള്‍ക.

അവന്‍ നിന്റെ പാതകളെ നേരെയാക്കും” മനുഷ്യന് ആശ്വാസമരുളാന്‍ ഈശ്വര വചനങ്ങള്‍ നല്ലതായി തോന്നിയിട്ടുണ്ട്. എന്നാല്‍ എന്റെ പാതയില്‍ ഞാനറിയാതെ കല്ലു മുള്ളും ആരോ വിതറുന്നു. ഇന്നു വരെ എല്ലാ പ്രതിസന്ധികളിലും ഉറച്ചു നിന്നു. മകന്റെ മുന്നിലും ഉറച്ചുനില്‍ക്കണം. ഭര്‍ത്താവിനെന്നും വിശ്വസ്തതയുള്ള ഭാര്യയായിരുന്നു, അദ്ദേഹത്തിന്റെ മരണശേഷം പോലും. പക്ഷേ, മകന്റെ മുന്നില്‍ വിശ്വാസമുള്ള അമ്മയാകാനാകുന്നില്ല. ഈ കാര്യത്തില്‍ എത്ര ന്യായങ്ങള്‍ പറഞ്ഞാലും അവന് മനസ്സിലാകില്ല. ചെറുപ്രായത്തില്‍ പലതും അംഗീകരിക്കാന്‍ ബുദ്ധിമുട്ടും. ചീത്ത സ്വഭാവമുള്ള ഒരമ്മയെന്ന് മകന്‍ പറയുമ്പോള്‍ എന്തുത്തരം കൊടുത്താലും ചോദ്യം മനസ്സില്‍ അവശേഷിക്കതന്നെ ചെയ്യും.
‘മോനെ ഈ നാട്ടില്‍ എന്തെല്ലാം അനാവശ്യ കഥകള്‍ മനുഷ്യര്‍ ഉണ്ടാക്കുന്നു. അതിലൊക്കെ സത്യം ഉണ്ടാകണമെന്നില്ല. അമ്മയുടെ കാര്യത്തിലും അങ്ങനെയാണ്.

എന്നെ ഒറ്റപ്പെടുത്താനുളള ചിലരുടെ ശ്രമം.’
‘അമ്മ പോ ഞാന്‍ വരുന്നില്ല.’
‘അപ്പോ, നീ അമ്മക്കൊപ്പം വരുന്നില്ല’, സിന്ധു ശാന്തയായി ചോദിച്ചു.
‘ഇല്ലെന്നു പറഞ്ഞല്ലോ….’

അച്ഛന്റെ അതേ പിടിവാശി. ആരെയും കൂസാത്ത സ്വഭാവം. അച്ഛന്‍ അതിലൂടെ നേടിയതോ വേദനകള്‍, അപമാനം, വിടവാങ്ങല്‍. വേദനകള്‍ ധാരാളം കൂട്ടുകാരനെപ്പോലെ ഒപ്പം നടക്കുകയല്ലേ. ഇതും അതില്‍ പൊതിയാം. മകന്റെ നേരെ വേദന പുറത്ത് കാട്ടാതെ ചിരിച്ചു. ചുണ്ടിന് മുകളില്‍ കൊച്ചു കറുത്തമീശ മുളക്കുന്നു. ചുരുണ്ട മുടികള്‍, മുടി ചെമ്പിച്ചിരിക്കുന്നു. ഭംഗിയുള്ള കണ്ണുകള്‍. അച്ഛനെപോലെ ഒറ്റവാക്കില്‍ അവന്‍ ഉപസംഹരിച്ചു. ‘ഇല്ലെന്ന് പറഞ്ഞല്ലോ.’ പ്രായത്തെക്കാള്‍ കനമുള്ള ആ ശബ്ദം ഇപ്പോഴും ഉള്ളില്‍ അലയടിക്കുന്നു. മകന്റെ മുന്നില്‍ ദുഃഖത്തിന്റെ കണക്കുകള്‍ നിരത്തിയിട്ട് ഫലമില്ല. അവന്റെ മനസ്സില്‍ അമ്മ ചീത്തയാണ്. മനസ് തുറക്കാന്‍ ഒരവസരം പോലും അവന്‍ തരുന്നില്ല. കൂടുതല്‍ സംസാരിക്കാന്‍ നാവിന് കരുത്തില്ല. കണ്ണുകള്‍ അവനില്‍ ഉറച്ചുനിന്നു. അവര്‍ക്ക് ചുറ്റും നിശബ്ദത പരന്നു. സിന്ധുവിന്റെ മനസ് വീണ്ടും ഉണര്‍ന്നു.
‘മോനെ അമ്മ പറയുന്നതാണോ സത്യം അതോ മറ്റുള്ളവര്‍ പറയുന്നതോ? ഇപ്പോള്‍ പഴയതുപോലെ അഭിനയമില്ല. ഇനിയെങ്കിലും നീ എന്റെ ഒപ്പം താമസിക്കാന്‍ നോക്ക്.’

‘ഞാന്‍ വരുന്നില്ലെന്ന് പറഞ്ഞില്ലേ. അമ്മ പോ….’
എടുത്തടിച്ചതുപോലെ പറഞ്ഞിട്ട് അവന്‍ നടന്നകന്നു.
സിന്ധു ഉള്ളുരുകി വിളിച്ചു. ‘മോ…. നെ…. ഞാ….’
സിന്ധുവിന്റെ കണ്ണുകള്‍ മങ്ങി. ഹൃദയം പിളര്‍ന്നു പോകുന്ന അനുഭവം. കണ്ണുകള്‍ അറിയാതെ നിറഞ്ഞൊഴുകി. ഈ അമ്മ മൂലം അവന്റെ മനസ്സും നീറുന്നു. എത്രയെത്ര സുന്ദര സ്വപനങ്ങളുമായി ജീവിതത്തിലേക്കിറങ്ങിയതാണ്, മഞ്ഞില്‍ കൊഴിക്കുന്ന ഇലകള്‍പോലെ ജീവിതം ഓരോരോ വിഷയങ്ങളില്‍ കൊഴിഞ്ഞുപോകുന്നു. ഒരമ്മയെപ്പറ്റി ചെറുപ്രായത്തില്‍ മകന്റെയുള്ളില്‍ മുളച്ചുപൊങ്ങിയത് എത്ര കുറ്റമാണ്? അന്ധകാരത്തിന്റെ മഹാസമുദ്രം. മനസ്സാകെ ഇളകി മറിയുന്നു. പക്ഷേ, അവിടെയൊരിടത്തും കുറ്റബോധം ലവലേശമില്ല, ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് മനസ്സാക്ഷിക്കു മുന്നില്‍ ഉറപ്പിച്ചു പറയാം.
പ്രശാന്തമായ, തണല്‍ വിരിപ്പിട്ട നടപ്പാതയിലൂടെ മുന്നോട്ട് നടന്നു.

ശരീരമാകെ പെട്ടെന്ന് വിയര്‍പ്പ് പൊടിഞ്ഞു. കണ്‍മുന്നില്‍ കാണുന്നതെല്ലാം കറുത്ത നിഴലുകള്‍. അമ്മ വേദനയോടെ നടന്ന് പോകുന്നത് ഒന്നാം നിലയിലെ ജനാലയിലൂടെ മാണി കണ്ടു. അവനും സങ്കടം സഹിക്കാനായില്ല. മറ്റാരും കാണാതെ വിങ്ങിപ്പൊട്ടിക്കരഞ്ഞു. സുന്ദരിയായി ടി.വി.യില്‍ കണ്ട എന്റെ അമ്മയ്ക്ക് എങ്ങനെ ചീത്തയാകാന്‍ കഴിഞ്ഞു. കൂട്ടുകാരുടെ മുഖത്ത് നോക്കാന്‍ ജാള്യതയാണ്. ഭയമാണ്. അവന്‍ എന്തൊക്കെയാണ് കളിയാക്കി പറയുന്നത്. അമ്മ അഭിനയമെന്ന പേരില്‍ പുറം നാടുകളില്‍ പോകുന്നത് കാമുകന്‍ന്മാര്‍ക്കൊപ്പം ഉല്ലസിക്കാനെന്ന് അടുത്ത മുറിയിലെ പിള്ളേര്‍ പറയുന്നത് വാതില്‍ക്കല്‍ നിന്ന് കേട്ടപ്പോള്‍ കട്ടിലില്‍ പോയി കിടന്ന് പൊട്ടിക്കരയാനേ കഴിഞ്ഞുള്ളൂ. എപ്പോഴും പുതിയ പുതിയ കാറുകളില്‍ സ്‌നേഹം കാണിക്കാനും മിഠായി തരാനും വരും. അപ്പോഴൊക്കെ ഒളിഞ്ഞു നിന്ന് മറ്റ് കുട്ടികള്‍ നോക്കാറുണ്ട്. അരുതാത്തത് എന്തെല്ലാമോ അമ്മയുടെ ജീവിതത്തിലുണ്ടെന്ന് അവനും തോന്നിത്തുടങ്ങിയിരുന്നു.

ഗേറ്റിനടുത്തെത്തിയ സിന്ധു തലചുറ്റി വീണത് പെട്ടെന്നായിരുന്നു. മാണി മുകളില്‍നിന്ന് അതുകണ്ടു. അവന്‍ ഞെട്ടിവിളിച്ചു. ‘അമ്മ….’
മരണവെപ്രാളത്തോടെ കോവണി പടികളും കടന്ന് താഴേക്ക് ഓടി, വീണു. എഴുന്നേറ്റ് വീണ്ടും ഓടി. അവന്റെ ഓട്ടം കണ്ട് കന്യാസ്ത്രീകള്‍ മിഴിച്ചു നോക്കി. അവന്‍ എന്തോ പുലമ്പുന്നുണ്ടായിരുന്നു. അവരും വേഗത്തില്‍ പുറത്തേക്കിറങ്ങി നോക്കി. മനസ്സില്‍ വല്ലാത്തൊരു ഒളിമിന്നല്‍. അവരും പിറകെയോടി. അവന്‍ വിളിച്ചു. ‘അ….മ്മേ… അമ്മേ.’

സിന്ധുവിന് ബോധം നഷ്ടപ്പെട്ടിരുന്നു. കന്യാസ്ത്രീകള്‍ ആ കാഴ്ചകണ്ട് അമ്പരന്നു. ഒരാള്‍ തിരികെയോടി. പെട്ടെന്ന് ഒരു ഗ്ലാസില്‍ വെള്ളവുമായിട്ടെത്തി. കന്യാസ്ത്രീ സിന്ധുവിനെ പലവട്ടം വിളിച്ചെങ്കിലും കണ്ണുകള്‍ തുറന്നില്ല. വെള്ളം മുഖത്ത് തളിക്കുകയും മുകളിലേക്കുയര്‍ത്തി ചുണ്ടില്‍ വെള്ളം ഇറ്റിച്ചുകൊടുക്കുകയും ചെയ്തു. ഒരല്‍പം കുടിച്ചു. കണ്ണുകള്‍ മെല്ലേ തുറന്നു. കന്യാസ്ത്രീ ചോദിച്ചു ‘സിന്ധു… എന്ത് പറ്റി” ആ ശബ്ദം അവളുടെ മനസ്സില്‍ പ്രസരിപ്പോടെ കടന്നു. അത് നിമിഷനേരത്തേക്ക് നിന്നു.

അവന്‍ പറഞ്ഞു ‘അമ്മേ എന്താമ്മേ, കണ്ണ് തുറന്നേ…’ യാതൊരു അനക്കവുമില്ല അവരില്‍ അങ്കലാപ്പുയര്‍ന്നു. അവന്റെയുള്ളില്‍ ഒരു കൊടുങ്കാറ്റടിച്ചു. അവന്‍ വേദനയോടെ വീണ്ടും പറഞ്ഞു. ‘കണ്ണ് തുറക്കമ്മേ. അമ്മേടെ മോനാ.. കണ്ണ് തുറക്ക്.’
ഇതിനിടയില്‍ ഒരു കന്യാസ്ത്രീ പാര്‍ക്കില്‍ കിടന്ന ഒരു കാറുമായിട്ടെത്തി. സിന്ധുവിനെ അതിലേക്ക് പൊക്കിയെടുത്തിരുത്തി കാര്‍ അതിവേഗം ആശുപത്രിയിലേക്ക് വിട്ടു. അമ്മയുടെ തല അവന്റെ നെഞ്ചിലേക്ക് ചാരിയിരുന്നു. മനസ്സിന് അളവില്ലാത്ത കുറ്റബോധം. ഇതിന് കാരണക്കാരന്‍ ഞാനല്ലേ? കണ്ണുകള്‍ നിറഞ്ഞിരുന്നു. ഉള്ളാലെ വിലപിച്ചു. അമ്മയ്ക്ക് ഒന്നും സംഭവിക്കരുത്. അവന്റെ മുഖം മ്ലാനമായിരുന്നു. അമ്മയുടെ മടിയില്‍ തലചാരി എത്രയോ യാത്രകളില്‍ ഇങ്ങനെ ഉറങ്ങിയതാണ്. ചെറുപ്പത്തില്‍ കഥ പറഞ്ഞും താരാട്ട് പാടിയുമുറക്കിയ അമ്മയുടെ മുഖം തെളിഞ്ഞു വന്നു. ഇടയ്ക്ക് കന്യാസ്ത്രീകള്‍ അവനെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു.

‘നീ വെഷമിക്കേണ്ട തല ചുറ്റിയത. രാവിലെ ഒന്നും കഴിച്ചുകാണില്ല. അതാ.’
ആശുപത്രി മുറ്റത്ത് കാര്‍ നിറുത്തി. സിന്ധുവിനെ എമര്‍ജെന്‍സി വിഭാഗത്തിലേക്ക് വീല്‍ചെയറിലിരുത്തി കൊണ്ടുപോയി. അമ്മ ശ്വാസമെടുക്കാന്‍ പാടുപെടുന്നതുപോലെ അവന് തോന്നി. ഡോക്ടര്‍ കുര്യന്‍ വര്‍ഗ്ഗിസ് സൂഷ്മമായ പരിശോധനനടത്തിയിട്ട് ഒരു ഇന്‍ജക്ഷന്‍ കൊടുത്തു,
‘പേടിക്കാനൊന്നുമില്ല. എന്നാലും, ചില ടെസ്റ്റുകള്‍ നടത്തി നോക്കട്ടെ.’

സിന്ധു കണ്ണു തുറക്കുന്നതുവരെ എല്ലാവരും പുറത്തെ വരാന്തയില്‍ നിന്നു.
മൗനത്തിലാണ്ടു കിടന്ന ആകാശം കൂടുതല്‍ ഇരുണ്ടു. പൊട്ടിക്കരച്ചില്‍ പോലെ എങ്ങോ ഇടിമിന്നല്‍. ചൂളം വിളിച്ചെത്തിയ കാറ്റില്‍ മരങ്ങളാടി. ആകാശം കണ്ണുനീര്‍ വാര്‍ത്തു. മണ്ണ് ആ മിഴിനീര്‍ തുടച്ചെടുത്തു. അരമണിക്കൂറിനുള്ളില്‍ സിന്ധു കണ്ണുതുറന്നു. കാറ്റിന്റെ ഗര്‍ജ്ജനം നിലച്ചു. മഴത്തുളളികള്‍ മാഞ്ഞുപോയി. ദുഃഖത്തിന്റെ ചുഴിയില്‍ അകപ്പെട്ടുനിന്ന മാണിക്ക് ആശ്വസമായി. ഭയവും ഭീതിയും തിങ്ങി നിന്ന കന്യാസ്ത്രീകള്‍ക്കും സമാധാനം. മാനസിക സമ്മര്‍ദം കാരണമുണ്ടായ തളര്‍ച്ചയാണെന്ന് ഡോക്ടര്‍ പറഞ്ഞു.

ജീവിതത്തോട് വിരസതയും മടുപ്പും തോന്നുന്നവര്‍ സാധാരണ ആത്മഹത്യക്കാണ് മുതിരുന്നത്. ആ ബാലിശമായ ചിന്ത സിന്ധുവിനെ ബാധിക്കാതിരുന്നത് ഭാഗ്യം. വേദനകളെ സ്‌നേഹിക്കുന്നവര്‍ എന്തിനാണ് ദുഃഖിക്കുന്നത്. ആ കൂട്ടര്‍ക്ക് ജീവിതമെന്നും ഒരു സമരപന്തല്‍തന്നെ. കന്യാസ്ത്രീയുടെ മനസ്സില്‍ ഇങ്ങനെയൊക്കെ തോന്നിയെങ്കിലും പുരുഷന്മാരുമായുള്ള സിന്ധുവിന്റെ ഇടപാടുകളില്‍ എവിടെയോ ചില ചേരായ്ക തോന്നി. മറ്റാരുമറിയാതെ അങ്ങിങ്ങ് ഇരുണ്ട് കിടന്ന സത്യം ഒരു പത്രത്തില്‍ വെളിച്ചം കണ്ടു. അതിലെ കേന്ദ്ര കഥാപാത്രം ഇവള്‍തന്നെയല്ലേ? ഇങ്ങനെ എത്രയോ മനുഷ്യര്‍ നിഗൂഢതയില്‍ പരമ രഹസ്യങ്ങള്‍ സൂക്ഷിക്കുന്നു. സ്വന്തം മകന്റെ മുന്നില്‍ രഹസ്യങ്ങള്‍ പരസ്യമായപ്പോള്‍ അവളുടെ മനസ്സും ശരീരവും വാടി. തളര്‍ന്നു വീണു. ഇനിയെങ്കിലും പാപങ്ങള്‍ ചെയ്ത് ജീവിക്കാതിരിക്കാന്‍ അവളുടെ കണ്ണുതുറക്കട്ടെ.

നേഴ്‌സ് പുറത്തേക്ക് വന്നുപറഞ്ഞു ‘ഇനീം കേറി കാണാം’.
അവര്‍ അകത്തേക്ക് കയറി. സിന്ധു അവരെ മാറി മാറി നേക്കി. അവളുടെ വിടര്‍ന്ന മിഴികള്‍ വീണ്ടുമടഞ്ഞു. പെട്ടെന്ന് അവന്‍ വിളിച്ചു. ‘അമ്മേ കണ്ണുതുറക്കമ്മേ.. ഞാനാ….അമ്മേടെ …..മോന്‍.’

കന്യാസ്ത്രീകള്‍ മുഖാമുഖം നോക്കി. അവന്റെയുളളില്‍ വേദനയും വേവലാതിയുമുണര്‍ന്നു. അമ്മ കണ്ണു തുറക്കാന്‍ നിറമിഴികളോടെ കാത്തു. അമ്മ എന്തെങ്കിലുമൊന്നു പറയാന്‍ കാതോര്‍ത്തു. അവന്‍ അമ്മയുടെ അടുത്തിരുന്നു. കന്യാസ്ത്രീകള്‍ ഡോക്ടറുടെ മുറിയിലേക്ക് പോയി. അമ്മയുടെ കൈയ്യില്‍ അവന്‍ മുറുകെ പിടിച്ചിരുന്നു. അവന്‍ അമ്മയെ പലവെട്ടം വിളിച്ചെങ്കിലും കണ്ണുകള്‍ തുറന്നില്ല. വീണ്ടും ആകാശത്ത് ഇടിമിന്നലുകള്‍. വീണ്ടും മഴവെള്ളം മണ്ണില്‍ വീണ് പൊട്ടിച്ചിതറി. അവന്റെ വിറയാര്‍ന്ന ശബ്ദം സിന്ധുവിന്റെ കാതുകളിലെത്തുന്നുണ്ടായിരുന്നില്ല.
പുറത്ത് മഴയില്‍ ഭൂമി കുതിര്‍ന്നപോലെ അവന്റെ കണ്ണുകളും കുതിര്‍ന്നു. അവന്‍ ഉള്ളുരുകി അടുത്തിരുന്ന് മനസ്സില്‍ പറഞ്ഞു, അമ്മയല്ലേ തെറ്റ് ചെയ്തത് ഞാനല്ലല്ലോ. വരാന്തയിലൂടെ വളരെ വേഗതയില്‍ ഡോക്ടര്‍ നടന്ന് മുറിക്കുളളിലെത്തി. അവന്‍ എഴുന്നേറ്റ് മാറി. കന്യാസ്ത്രീകളും പിറകെയെത്തി. വീണ്ടും പരിശോധനകള്‍ നടത്തി. പെട്ടെന്ന് ഡോക്ടര്‍ക്ക് ഒന്നും കണ്ടെത്താനാകുന്നില്ല.

പത്രവാര്‍ത്തകളും മകന്റെ സമീപനവും ഹൃദയത്തെ പിച്ചിച്ചീന്തിയിട്ടുണ്ട്. ഇതിനപ്പുറം ഒരസുഖം കാണുന്നില്ല. അഥവ ഉണ്ടായാലും മറ്റുള്ള ടെസ്റ്റു റിസള്‍ട്ട് കണ്ടിട്ടേ പറയാനാകൂ. ശരീരത്തിന്റെ ഓരോ ഞാഡീഞരമ്പുകളും പരിശോധിച്ചിട്ട് പറഞ്ഞു. ‘ഞാനിപ്പോള്‍ കാണുന്നത്. ഇത് മനസിനേറ്റ മുറിവാണ്. മറ്റ് ടെസ്റ്റ് റിസല്‍ട്ട് വരാതെ ഒന്നും പറയാനാകില്ല. തല്‍ക്കാലം ഇത്രയെ പറയാനാകൂ. പേടിക്കതക്കതുപോലെ ഒന്നും കാണുന്നില്ല. ഇങ്ങനെയുള്ള ചില കേസുകള്‍ ഒന്ന് രണ്ട് ദിവസമെടുക്കും നോര്‍മലാകാന്‍.’
സിസ്റ്റര്‍ ചോദിച്ചു, ‘ആരെങ്കിലും കൂടെ നില്‍ക്കണോ ഡോക്ടര്‍.’

‘അതിന്റെയാവശ്യമില്ല. നിന്നിട്ടും കാര്യമില്ല. ഒരു ഇരുപത്തിനാല് മണിക്കൂര്‍ കഴിഞ്ഞിട്ട് വരിക.’ ഡോക്ടര്‍ ചാര്‍ട്ടില്‍ ഏതോ മരുന്നുകള്‍ എഴുതിയിട്ട് മടങ്ങിപ്പോയി. അമ്മയുടെ മുഖത്തേക്ക് ദയനീയമായി നോക്കിയ ശേഷം മാണിയും കന്യാസ്ത്രീകള്‍ക്കൊപ്പം മടങ്ങിപ്പോയി. മനസ്സ് നിറയെ അമ്മയെ നൊമ്പരപ്പെടുത്തിയ ഭാരമായിരുന്നു. എന്നാലും അമ്മ മകനുണ്ടാക്കിവെച്ച നാണക്കേട് എന്നെങ്കിലും മാറുമോ? അമ്മയുടെ ഓരോ വരവും മനസ്സില്‍ നീരസവും ദുഃഖവുമേ ഉണ്ടാക്കിയിട്ടുള്ളൂ. അതെന്നും ഹൃദയത്തില്‍ തിങ്ങിനിറഞ്ഞു നില്‍ക്കുന്ന പ്രഹരമാണ്. അച്ഛനില്ലാതെ വന്നപ്പോള്‍ അമ്മക്ക് എന്തും ചെയ്യാമെന്നുള്ള സ്വാതന്ത്യം. തടസ്സമായി നിന്ന മകനെ ബോര്‍ഡിങ്ങിലുമാക്കി. മകന്റെ വികാരമൊന്നും അമ്മ അറിയാന്‍ ശ്രമിച്ചിട്ടില്ല. ഇങ്ങനെയൊരു അമ്മയുടെ വയറ്റില്‍ ജനിക്കേണ്ടായിരുന്നു. അവന്റെ കണ്ണുകള്‍ വീണ്ടും നിറഞ്ഞു.

പ്രതീക്ഷകളോടെ അടുത്തദിവസം രാവിലെ തന്നെ അവര്‍ ആശുപത്രിയിലെത്തി. തളര്‍ന്നു കിടന്ന അമ്മയെ മാണി വിളിച്ചു. സിന്ധു കണ്ണുമിഴിച്ച് നോക്കി.
‘അമ്മാ? ഞാന്‍ കല്ല്യാണം കഴിച്ചോ?’
സിന്ധുവിന്റെ ചോദ്യം കേട്ട് അവര്‍ അന്ധാളിച്ചുനിന്നു.

(തുടരും)

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px