ജീവിതഭാരവുമായി ഉഴറി നീങ്ങുന്ന നമുക്ക് പ്രതിസന്ധികളുടെ ചെറുതും വലുതുമായ പാറക്കല്ലുകളില്‍ തട്ടിയോ നിനച്ചിരിക്കാത്ത ജീവിതാനുഭവങ്ങളുടെ ചരലില്‍ തെന്നിയോ കാലിടറി വിണേക്കാം. പക്ഷേ, ഈ വീഴ്ചകളെ ജീവിതത്തിന്റെ അവസാനമായി കാണരുത്. വീഴുന്നത് സ്വാഭാവികമാണ്. ഈ വീഴ്ചകളോട് നാം എങ്ങനെ പ്രതികരിക്കുന്നു എന്നതിലാണ് നമ്മുടെ ആന്തരികത വെളിപ്പെടുത്തപ്പെടുന്നത്.
നാം ദുര്‍ബലരായി എന്നതിന്റെ അടയാളമാണ് നമ്മുടെ വീഴ്ചകള്‍. എന്നാല്‍, വീണിടത്തു നിന്നും പിടഞ്ഞെഴുന്നേല്ക്കുന്നത് നമ്മുടെ ബലഹീനതയായി കാണരുത്. തോറ്റുകൊടുക്കാന്‍ തയ്യാറല്ലായെന്നതിന്റെ തെളിവാണ് എഴുന്നേല്ക്കല്‍. ജീവിതത്തില്‍ വീഴ്ചകളില്ലാത്തവരായി ആരും തന്നെ ഉണ്ടാകുമെന്ന് തോന്നുന്നില്ല. വീണിടത്തു നിന്ന് എഴുന്നേല്ക്കുന്നുണ്ടോയെന്നതാണ് സുപ്രധാനം. ലക്ഷ്യം മുന്നില്‍ കണ്ട് മുന്നോട്ടു നീങ്ങാനാകണം. വീണിട്ടും എഴുന്നേല്ക്കുന്നവര്‍ക്കു മാത്രം അവകാശപ്പെട്ടതാണ് വിജയോല്‍സവമെന്ന് മറക്കാതിരിക്കുക.












