കാറ്റിലാടുന്ന കുഞ്ഞിലകള്‍പോലെ അവന്റെ മനസ്സ് ആടിയുലഞ്ഞു. കന്യാസ്ത്രീകളുടെ മനസ്സും കലുഷമായി. അവരും അവളുടെ പേര് വിളിച്ചു. ഉടനടി അവള്‍ മറുപടി പറഞ്ഞു.
‘സിന്ധുവോ, ഞാന്‍ സിന്ധുവല്ല, സാറയാണ്.’
സുബോധം നഷ്ടപ്പെട്ടിരിക്കുന്നു. അവര്‍ വേഗത്തില്‍ ഡോക്ടറുടെ അടുക്കലെത്തി. ഇതിനിടയില്‍ മാണി വലവെട്ടം അമ്മയെ വിളിച്ചു. ആ വിളിയൊന്നും അവളുടെ കാതുകളില്‍ എത്തിയില്ല. ഏതോ ശൂന്യതയിലേക്ക് നോക്കി കിടന്നു. രാവിലെ പരിശോധനയ്ക്ക് ചെന്ന ഡോക്ടര്‍ അവളുടെ ശരീരത്ത് തൊട്ടപ്പോള്‍ അവളുടെ കണ്ണുകള്‍ ജ്വലിച്ചു. കട്ടിലില്‍ നിന്ന് ചാടിയെഴുന്നേറ്റ് അട്ടഹാസസ്വരത്തില്‍ പറഞ്ഞു. ‘എന്നെ തൊട്ടുപോവരുത്. കൊന്നുകളയും.’ ഡോക്ടറുടെ ഉള്ളൊന്ന് കിടുങ്ങി. അദ്ദേഹം പിറകോട്ട് മാറി. കൂടെ നിന്ന് നേഴ്‌സ് സ്‌നേഹത്തോടെ വിളിച്ചു. ആ കണ്ണുകള്‍ കണ്ടപ്പോള്‍ അവള്‍ക്കും ഭയമായി. ഡോക്ടറുടെ തുണികളില്‍ കണ്ണുകള്‍ നിശ്ചലമായി. ‘എനിക്ക് ഈ വെള്ളത്തിുണിയെ ഭയമാണ്. പോകൂ പുറത്ത്?’ അത് ഒരലര്‍ച്ചയായിരുന്നു.
ഡോക്ടര്‍ കന്യാസ്ത്രീകളോട് പറഞ്ഞു. ‘നിങ്ങള്‍ ധരിച്ചിരിക്കുന്നത് തവിട്ടു നിറത്തിലുള്ള വസ്ത്രമായതിനാല്‍ അവള്‍ പ്രതികരിച്ചുകാണില്ല. ചില മൃഗങ്ങളില്‍ മാത്രമേ നിറത്തോടുള്ള ഇത്തരം സമീപനം ഞാന്‍ കണ്ടിട്ടുള്ളു. ഇന്ന് മനുഷ്യരിലും ഒരു രോഗമായി അത് കടന്നുകൂടിയിരിക്കുന്നു. ഭൂതകാലം ഓര്‍മ്മിക്കാന്‍ കഴിയില്ലെങ്കില്‍ പിന്നെ മനഃശാസ്ത്രജ്ഞന്‍മാരേ ഏല്‍പ്പിക്കാനേ നിവൃത്തിയുള്ളൂ. അവരുടെ ചികിത്സയില്‍ മാത്രം ഇനിയും പ്രതീക്ഷവെച്ചാല്‍ മതി.’
കന്യാസ്ത്രീ ചിന്താകുലമായി ചോദിച്ചു. ‘സുബോധം നഷ്ടപ്പെട്ടാല്‍ അതിന്റെ അര്‍ത്ഥം ആത്മാവിന്റെ വെളിച്ചം നഷ്ടപ്പെട്ടു എന്നല്ലേ?’
ഡോക്ടര്‍ ഇഷ്ടപ്പെടാതെ നോക്കി. ‘അങ്ങനെയും വേണമെങ്കില്‍ വ്യാഖ്യാനിക്കാം. മനസ്സിന്റെ അന്തരംഗങ്ങളില്‍ ഒരു ബോധാവസ്ഥയും ഉപബോധാവസ്ഥയും അബോധാവസ്ഥയുമുണ്ട്. അവ തമ്മിലുള്ള സന്തുലനം തെറ്റുന്നതാണ് ഈ കാണുന്നത്. ഷോക്ക് വരെ ചിലര്‍ക്ക് വരെ കൊടുക്കാറുണ്ട്. എന്തായാലും മെന്റല്‍ ആശുപത്രിയിലേക്ക് അയക്കാനേ നിലൃത്തിയുള്ളൂ.’
അവരുടെ അടുത്തേക്ക് ഏലിയും കടന്നുവന്നു. കന്യാസ്ത്രീ ഏലിയെ ഡോക്ടര്‍ക്ക് പരിചയപ്പെടുത്തി. തലേ രാത്രി കന്യാസ്ത്രീയാണ് ഏലിയെ വിവരമറിയിച്ചത്.
സിന്ധുവിനെ കാണാനെത്തിയ ഏലിക്ക് മുറിക്കുള്ളില്‍ നടന്നതെല്ലാം അവിശ്വസനീയമായി തോന്നി. അവളുടെ എരിയുന്ന നോട്ടത്തിന് മുന്നില്‍ കത്തിചാമ്പലായ അവസ്ഥ. തലയിണയെടുത്ത് മുഖത്തേക്കെറിഞ്ഞു. കലികൊണ്ടു തുള്ളുന്ന ആ മുഖം കണ്ടപ്പോള്‍ ഭയന്നുപോയി. മകന്‍ അമ്മയെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവനെയും തട്ടിമാറ്റി ഏലിയുടെനേരെ ഗര്‍ജ്ജിച്ചു.
‘എന്റെയടുക്കല്‍ വന്നാല്‍ കൊല്ലും ഞാന്‍. വെള്ള വസ്ത്രം ധരിച്ച് നടക്കുന്നു മനുഷ്യരെ കബളിപ്പിക്കാന്‍’.
വലിയൊരു അത്യാഹിതം സംഭവിച്ചതുപോലെ ഏലിക്ക് തോന്നി. കണ്ണുനീര്‍തുള്ളികള്‍ ഏലിയുടെയും മാണിയുടെയും കണ്‍കോണുകളില്‍ തളംകെട്ടി. ഏലി അവളുടെ അടുത്തേക്ക് ചെല്ലാന്‍ ഭയന്നു. എത്ര കൂരിരിട്ടുണ്ടായാലും ഒരു മിന്നാമിനുങ്ങുപോലെ വെളിച്ചം വീശി നടന്നവള്‍ ഒരു മാനസിക രോഗിയായി അത്യുച്ചത്തില്‍ സംസാരിക്കുക, അട്ടഹസ്സിക്കുക, പൊട്ടിച്ചിരിക്കുക. വിശ്വസിക്കനാവുന്നില്ല. മുറിയില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് ശ്വാസം നേരെ വീണത്.
മാണി അമ്മയെ നോക്കി കണ്ണുനീര്‍ വാര്‍ത്തു. അമ്മയ്ക്ക് പഴയ അവസ്ഥയിലേക്ക് മടങ്ങി വരാനാകുമോ? ഡോക്ടര്‍ പറഞ്ഞപ്പോഴാണ് വെള്ള വസ്ത്രം ധരിച്ചതിന്റെ ഭവിഷ്യത്ത് ഏലി മനസ്സിലാക്കിയത്. ഏലി സംശയത്തോടെ നിറങ്ങളെ നോക്കി. അപ്പോള്‍ വെള്ള വസ്ത്രം ധരിക്കുന്നവരെ എന്തിനാണ് അവള്‍ കുറ്റവാളിയെപ്പോലെ കാണുന്നത്? വെള്ള വസ്ത്രത്തെ ഒരു ഭ്രാന്തന്‍ നിറമായി അവള്‍ എന്തിന് കാണുന്നു? സ്‌നേഹവും വെറുപ്പും നിറങ്ങളിലുണ്ടോ? മനുഷ്യന്റെ സ്വഭാവമാണല്ലോ എല്ലാം വെളിപ്പെടുത്തുന്നത്. എപ്പോഴും അസ്വസ്ഥ മനസ്സുമായിട്ടാണ് അവള്‍ നടന്നിട്ടുള്ളത്. മകനെ ഒപ്പം താമസിപ്പിച്ച് വളര്‍ത്താന്‍ കഴിയാത്തതിന്റെ ദുഃഖം അവളെ തളര്‍ത്തിയിരുന്നു. സഹായത്തിനാരുമില്ലാതെ, ഇണയില്ലാതെ, തുണിയില്ലാതെ ആകുലചിന്തയായി ഒരു നക്ഷത്രത്തെപ്പോലെ അവള്‍ മണ്ണില്‍ അലഞ്ഞു. ആകാശത്ത് അലഞ്ഞു നടക്കുന്ന നക്ഷത്രത്തെപ്പോലെ മണ്ണിലും മനുഷ്യര്‍ അലയുന്നു. മകനോടുള്ള ഉല്‍ക്കടമായ സ്‌നേഹം. അവന്റെ ഭാവിയ്ക്കായി പണമുണ്ടാക്കാനുള്ള തത്രപ്പാടില്‍ അനുഭവിക്കേണ്ടിവന്ന ദുരിതങ്ങള്‍. ഒരുത്തന്റെ നിര്‍ബന്ധത്തിന് വഴങ്ങാത്തതുകൊണ്ട് അവളെ ഒരു അഭിസാരികയായി മുദ്രകുത്തി. മനുഷ്യര്‍ മരങ്ങള്‍ വെട്ടിത്തെളിച്ച് മരുഭൂമി നിര്‍മ്മിക്കുന്നതുപോലെ ഒരു നിഷ്‌കളങ്കയായ സ്ത്രീയെ മരുഭൂമിയിലേക്ക് വഴിനടത്തിയിരിക്കുന്നു. എല്ലാ പ്രശ്‌നങ്ങളുടെയും മദ്ധ്യത്തില്‍ ഓരോ ചുവടുകള്‍ മുന്നോട്ട് വെച്ചവള്‍ എന്തുകൊണ്ട് ആ ചുവടുകള്‍ പിറകോട്ടുവച്ചു. അവളുടെ ഹൃദയത്തെ തളര്‍ത്തിയത് അമ്മയും മകനുമായുള്ള കൂടിക്കാഴ്ചയാണ്. അത് കന്യാസ്ത്രീ പറഞ്ഞിരുന്നു. അവന്‍ അമ്മക്കൊപ്പം പോകുന്നില്ലെന്ന് പറഞ്ഞപ്പോള്‍ അവളുടെ നെഞ്ചുരുകി കാണും. അമ്മയുടെ സ്‌നേഹവും കരുതലും തിരിച്ചറിയാത്ത മക്കള്‍. അവനു വേണ്ടിയല്ലേ അവളീ ത്യാഗമെല്ലാം ചെയ്തത്? എന്തായാലും ജീവിതത്തിന്റെ പാഴ്ത്തുറങ്കില്‍ അവള്‍ തടവുകാരിയായി. ഇനിയും അവിടെ കുറച്ചുനാള്‍ കഴിയട്ടെ. മനുഷ്യന് ലഭിക്കാവുന്നതില്‍വെച്ച് ഏറ്റവും ക്രൂരമായ ഒരു രോഗമാണ് ദൈവം അവള്‍ക്ക് കൊടുത്തത്. അവിടെയെങ്കിലും അവള്‍ സമാധാനമായി വിശ്രമിക്കട്ടെ.
‘അമ്മച്ചി സിന്ധുവിനെപ്പറ്റി ചിന്തിക്കയ’, ഡോക്ടറുടെ ചോദ്യം.
‘അവളെപ്പറ്റി തന്നെ. ഡോകടറെ അവളുടെ എല്ലാ ആശുപത്രി ചിലവും ഞാന്‍ എടുത്തുകൊള്ളാം. കേട്ടോ?’
‘വേണ്ട അമ്മച്ചി. ഞങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്’, കന്യാസ്ത്രീ പറഞ്ഞു.
‘അത് ചെറുക്കന് പഠിക്കാനുള്ള കാശല്ലേ. ഇപ്പോള്‍ വീടുവരെ ബാങ്കില്‍ പണയം വെച്ചിട്ടല്ലേ അവനെ പഠിക്കാന്‍ വിടുന്നത്. നിങ്ങളും വലിയ സഭക്കാരല്ലേ. എന്നിട്ടെന്താ പാവപ്പെട്ട കുട്ടികളെ വിദേശത്ത് വിട്ട് പഠിപ്പിക്കാത്തത്?’
കന്യാസ്ത്രീ മനസ്സില്‍ പറഞ്ഞു. നിങ്ങളും ഈ സഭയിലെ അംഗമല്ലേ?
ഏലിയുടെ വാക്കുകളില്‍ അമര്‍ഷമുണ്ടായിരുന്നു. കന്യാസ്ത്രീകളെയും വൈദികരെയും വിദേശത്ത് വിട്ട് പഠിപ്പിക്കും. മടങ്ങി വന്ന് സ്വന്തം സ്ഥാപനങ്ങളില്‍ ജോലി ചെയ്തുകൊള്ളും. യേശുക്രിസ്തുവിന്റെ പേരില്‍ കുറെ സ്ഥാപനങ്ങള്‍. മറ്റുള്ളവര്‍ക്കൊന്നും തിരിച്ചറിവില്ലെന്നാണ് ഇവരൊക്കെ മനസ്സിലാക്കിയിരിക്കുന്നത്. എന്തിന് പറയണം. സ്വന്തം രക്തബന്ധത്തിലുള്ളവരെ പോലും മറ്റൊരു മതസ്ഥനെ വിവാഹം കഴിച്ചതുകൊണ്ട് കല്ലെറിഞ്ഞവരാണ്. മനുഷത്വം എന്തെന്ന് തിരിച്ചറിയാത്ത മതങ്ങള്‍. ഏലിയുടെ മനസ്സില്‍ ധാരാളം ചോദ്യങ്ങള്‍ ഉയര്‍ന്നു. അഹന്തയും അഹംങ്കാരവുമുള്ള ഒരു ജനതയ്ക്ക് പകരം അറിവുള്ള ഒരു ജനതയെ എന്തുകൊണ്ട് ദൈവം സൃഷ്ടിച്ചില്ല. ഈ മന്ദബുദ്ധികളെ സൃഷ്ടിച്ചുവിടുന്ന ദൈവത്തിന് പോലും നാണമില്ലേ? ഏലി വാനിറ്റി ബാഗിലിരുന്ന ചെക്ക് ബുക്കെടുത്ത് ആശുപത്രി ചിലവുകള്‍ എഴുതാനാരംഭിച്ചപ്പോള്‍ ഡോകട്ര്‍ പറഞ്ഞു.
‘അമ്മച്ചി ചിലവിനുള്ള തുക കൗണ്ടറില്‍ ക്യാഷ്യറെ ഏല്‍പ്പിച്ചാല്‍ മതി.’
ഏലി ചെക്ക് ബുക്ക് മടക്കി ബാഗില്‍ വെച്ചു.
കന്യാസ്ത്രീ ചോദിച്ചു, ‘ഇനിയും എപ്പോഴാണ് മെന്റല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്?’
ഡോക്ടര്‍ കസേരയില്‍ ഒന്നുകൂടി പിറകോട്ട് ചാരിയിരുന്നിട്ട് പറഞ്ഞു.
‘ഇന്ന് മൂന്ന് മണിക്ക് കൊണ്ടുപോകും. എല്ലാം രാവിലെതന്നെ ഞാന്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്.’
‘ഞങ്ങള്‍ ഒപ്പം വരണ്ടേ?’ ഏലി ചോദിച്ചു.
‘ഹേ. അതിന്റെ ആവശ്യമില്ല. ഇവിടുത്തെ ആംബുലന്‍സില്‍തന്നെ കൊണ്ടുപോകും. സിന്ധുവിന്റെ കാര്യത്തില്‍ രക്തബന്ധമുളളവര്‍ ആരും ഇല്ലല്ലോ?’
ഏലി അതിന് മറുപടിയായി പറഞ്ഞു, ‘ആരാ പറഞ്ഞേ ഇല്ലെന്ന്. എനിക്കവള് മോളെപോലയാ. അവള്‍ ഒരു ഹിന്ദുവിനെ കല്യാണം കഴിച്ചതുകൊണ്ട് ഇവിടുത്തെ മതക്കാര്‍ അവരുടെ രക്തബന്ധങ്ങളെ തല്ലിതകര്‍ത്തു. എന്നിട്ട് പോകും പള്ളിയിലും അമ്പലത്തിലും പ്രാര്‍ത്ഥിക്കാന്‍. ഫൂ നാണംകെട്ട വര്‍ഗ്ഗം.’
കന്യാസ്ത്രീകള്‍ പരസ്പരം നോക്കി. ഒരാള്‍ തലകുലുക്കി. ഈ തള്ള കൊള്ളാമല്ലോ. ഇവരുടെ വാക്കുകള്‍ കേട്ടാല്‍ തോന്നും എല്ലാം പൊളിച്ചെഴുതണമെന്ന്. പുനര്‍സൃഷ്ടിയും മാറ്റങ്ങളും. ശാപമോക്ഷത്തില്‍ നിന്നും ഒരു മോക്ഷപ്രാപ്തിയിലേക്കുള്ള പ്രയാണായിരിക്കും. ആരെങ്കിലും മുന്നോട്ട് വന്നാല്‍ വെറുതെയിരിക്കുമോ? ഏതെല്ലാം രംഗങ്ങളിലാണ് മനുഷ്യര്‍ ഇരുട്ടില്‍ തപ്പിതടയുന്നത്. വെളിച്ചം വിതറുന്ന ഒരു നാള്‍ ഉണ്ടാകാതിരിക്കില്ല. ആ വെളിച്ചത്തില്‍ മനുഷ്യരെല്ലാം സംതൃപ്തരായി സന്തോഷമുള്ളവരായി ജീവിക്കുന്നമെന്നാണ് പ്രതീക്ഷ. ഈ മണ്ണില്‍ വസന്തം വിരിഞ്ഞു കാണാന്‍, പൂക്കള്‍ വിരിഞ്ഞുകാണാന്‍, പക്ഷികളെപോലെ ആടിപാടാന്‍ മനുഷ്യര്‍ക്കും ഇടയുണ്ടാകട്ടെ. ഡോക്ടര്‍ ഏലിയെ ഉറ്റുനോക്കി ചെറുതായൊന്ന് പുഞ്ചിരിച്ചു.
‘ഞാന്‍ പറഞ്ഞത് ശരിയല്ലേ ഡോക്ടറെ. പരസ്പരം സ്‌നേഹമില്ലാത്ത ഇവനൊക്കെ എന്തിനാ പൂജകളും പ്രാര്‍ത്ഥിക്കാനും പോണേ’.
ഡോക്ടര്‍ ആ പറഞ്ഞത് അത്രയും ശരിയെന്ന ഭാവത്തില്‍ തലയാട്ടി.
‘നമ്മുക്ക് സിന്ധുവിന്റെ അടുത്തേക്ക് പോകാം.’
‘ഞാനങ്ങോട്ട് ഇനിയും വരുന്നില്ല. എന്റെ ചട്ടയും മുണ്ടും കണ്ടപ്പോള്‍ അവളും എന്നെ മാന്യന്‍മാരുടെ പട്ടികയില്‍പ്പെടുത്തിയിരിക്കുകയാണ്. എനിക്ക് ആശുപത്രീലും വരണമെന്നുണ്ടായിരുന്നു. പക്ഷെ ഈ വേഷം….’
‘അമ്മച്ചിക്ക് സൗകര്യംപോലെ ആശുപത്രിയില്‍ പോയി കാണാമല്ലോ.’
‘എന്നാലും കാശടചിട്ട് ഞാനങ്ങ്‌പോകും. ഡോക്ടറും ഇട്ടിരിക്കുന്നത് വെള്ള കുപ്പായമാ….’
ഡോക്ടര്‍ അപ്പോഴാണ് ആ കാര്യം ഓര്‍ത്തത്. ഓവര്‍ കോട്ട് വേഗത്തില്‍ ഊരി കസേരയിലിട്ടു. ഇട്ടിരിക്കുന്ന ഉടുപ്പ് കളര്‍ ആയതിനാല്‍ കുഴപ്പനില്ലെന്ന് കണ്ട് അവളുടെ മുറിയിലേക്ക് നടന്നു. മാണി അമ്മയെ നോക്കി അടുത്തിരുന്നു. എല്ലാവരും മുറിയിലേക്ക് ചെന്നപ്പോള്‍ അവള്‍ ഭയപ്പെട്ട് നോക്കി. അവള്‍ക്ക് ആരെയും മനസ്സിലായില്ല. ഡോക്ടര്‍ ചോദിച്ചു.
‘സിന്ധു എന്തെങ്കിലും കഴിച്ചോ?’
‘എന്തിനാ കഴിക്കുന്നേ?’
‘മനുഷ്യരല്ലെ നമ്മള്‍. ഭക്ഷണം കഴിക്കാതിരിക്കാന്‍ പറ്റ്വോ?’
അവള്‍ തലയാട്ടി സമ്മതിച്ചു. ഡോക്ടര്‍ മേശപ്പുറത്തിരുന്ന ഒരു ഗുളികയും ഗ്ലാസ്സിലിരുന്ന വെള്ളവുമെടുത്തിട്ട് അവളുടെ കൈയ്യില്‍ പിടിച്ച് വെച്ചുകൊടുത്തു. ഈ ഗുളികയെന്താ കഴിക്കാഞ്ഞേ? നേഴ്‌സ് സിന്ധുവിനെ ഭയത്തോടെയാണ് കണ്ടത്. അതിനാല്‍ മരുന്ന് കൊടുക്കാനും വന്നില്ല. അവളുടെ വലത്ത് കരത്തിലേക്ക് ഗുളികകൊടുക്കുമ്പോള്‍ ഡോക്ടറുടെ കൈ അവളുടെ കൈയ്യില്‍ പിടിച്ചത് അവള്‍ക്ക് ഇഷ്ടപ്പെട്ടില്ല. അവളുടെ കണ്ണുകള്‍ ജ്വലിച്ചു. രോഷത്തോടെ നോക്കിയിട്ട് കൈയ്യിലേക്ക് കൊടുത്ത ഗുളികയും വെള്ളവും തട്ടിത്തെറിപ്പിച്ചിട്ട് ഡോക്ടറുടെ കരണത്ത് ആഞ്ഞടിച്ചു. എല്ലാവരും നിമിഷങ്ങള്‍ സ്തംഭിച്ചുനിന്നു. അവള്‍ വിറച്ചുകൊണ്ടിരുന്നു.
ഡോക്ടര്‍ കവിളില്‍ തടവി നില്‍ക്കെ അവള്‍ പൊട്ടിച്ചിരിച്ചു. എല്ലാവരും നിശബ്ദരായി നിന്ന് അമ്പരപ്പോടെ നോക്കി. ആ അട്ടഹാസത്തില്‍ അവളുടെ എല്ലാ പല്ലുകളും പ്രകാശിച്ചു. കന്യാസ്ത്രീകള്‍ ഭയന്ന് വിറയ്ക്കുകതന്നെ ചെയ്തു. ഇനിയും ഇവിടെ നില്‍ക്കുന്നത് പന്തിയല്ലെന്ന് കണ്ട് അവര്‍ ഏതാനും ചുവട്ടടികള്‍ പിറകോട്ട് മാറി. ഒപ്പം മാണിയുടെ കൈയ്യില്‍ പിടിച്ച് പുറത്തേക്കിറങ്ങി. അവള്‍ ചിരിക്കുന്ന ശബ്ദം കേട്ട് ജനാലയ്ക്കരിലിരുന്ന കാക്കകള്‍ പറന്നകന്നു. ഡോക്ടര്‍ പുറത്തേക്ക് വന്ന് അവരെ നോക്കി.
‘സോറി ഡോക്ടര്‍. ഇത്രയും പ്രതീക്ഷിച്ചില്ല. കന്യാസ്ത്രീ പറഞ്ഞു.’
‘അത് സാരമില്ല. മനോരോഗിയല്ലേ. നിങ്ങള്‍ പൊയ്‌ക്കോളൂ. പിന്നെ, മാണി നീ നീന്റെ അമ്മയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം കേട്ടോ. പഠനത്തെയൊന്നും ഇത് ബാധിക്കരുത്. ഇങ്ങനെയുള്ള അസുഖവും മാറും. മാറാതെയിരിക്കില്ല.’
അവന്‍ വേദനയോടെ ഡോക്ടറെ നോക്കി. ജീവിതത്തില്‍ സ്വന്തമെന്ന് പറയാന്‍ അമ്മമാത്രമേ ഉണ്ടായിരുന്നുള്ളൂ. അതും നഷ്ടപ്പെട്ടു. മണ്ണില്‍ ആരോരുമില്ലാത്തവന്‍. അവന്റെ കണ്ണുകളില്‍ ഉറവ പൊടിഞ്ഞു. നാവ് വരണ്ടിരുന്നു. പോകുന്നതിന് മുന്‍പായി വാതിലൂടെ ഉള്ളിലേക്ക് നോക്കി. അമ്മ കട്ടിലില്‍ തളര്‍ന്ന് കിടക്കുന്നു. അരെയോ ഉറ്റുനോക്കുന്നു. ആരെയാണ്? അമ്മയ്ക്കുണ്ടായ ദുരന്തവും എന്റെ ദുഃഖവും ഒരേ വഴിയിലൂടെ സഞ്ചരിക്കുന്നു. ഇനിയും മനഃശാസ്ത്രമോ മരുന്നുകളോ വിധി നിര്‍ണ്ണയം നടത്തട്ടെ. അമ്മയുടെ വഴിവിട്ട ജീവിതം എന്നെയും ഒരു മാനസിക രോഗിയാക്കിയത് അമ്മ ഇന്നും അറിഞ്ഞിട്ടില്ല. ഇനിയും കൂട്ടുകാരില്‍ നിന്ന് അപവാദവും പരിഹാസവും കേള്‍ക്കേണ്ടി വരില്ല. അമ്മയെ ആരും തിരിച്ചറിയുകയുമില്ല. രോഗികളും ബന്ധുക്കളും വരാന്തയിലൂടെ നടന്നകലുന്നു. അവന്റെ അസ്വസ്ഥ മനസ്സിനെ കന്യാസ്ത്രീ തട്ടിവിളിച്ചു.
‘മാണി വരൂ, നമ്മുക്ക് പോകാം.’
അവന്‍ ഡോക്ടറോട് യാത്ര പറഞ്ഞ് പിരിഞ്ഞു.
സൈബര്‍ ക്രൈം പോലീസ് മൊബൈല്‍ ഫോണില്‍ ഫട്ടോയെടുത്ത ആളെ കണ്ടെത്തി. അറസ്റ്റ് ചെയ്യാന്‍ വീട്ടിലെത്തയപ്പോള്‍ ഗോവിന്ദന്‍ ഒളിവില്‍പോയി. ഒളിച്ചിരുന്നത് തമ്പിയുടെ വീട്ടിലും. ഹോട്ടലില്‍ എത്തിയത് തമ്പി പറഞ്ഞിട്ടാണ്. മൊബൈലിന്റെ ഉറവിടം കണ്ടെത്തിയ സ്ഥിതിക്ക് ശിക്ഷ ഉറപ്പാണ്. സിനിമയില്‍ അഭിനയിക്കാനുള്ള അവസരം ലഭിക്കുമെന്നുറപ്പ് തന്നതുകൊണ്ടാണ് ഇതിനൊക്കെ ഇറങ്ങി പുറപ്പെട്ടത്. സിന്ധു ഇത് പോലീസ്സിലെത്തിക്കുമെന്ന് അവര്‍ സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചതല്ല. മനസ്സില്‍ ഒരു വേദനയായി, ഭാരമായി, ഭയപ്പെട്ടിരിക്കുമ്പോഴാണ് തമ്പിയെ വിവരമറിയിച്ചത്. തമ്പി പറഞ്ഞിട്ടാണെന്നു പറഞ്ഞാല്‍ പോലീസ് വിശ്വസിക്കണമെന്നില്ല. പണവും സ്വാധീനവുമൊക്കെയുള്ള ആളായതുകൊണ്ട് പറഞ്ഞിട്ടു കാര്യവുമില്ല.
പക്ഷേ, തമ്പി ഭയാശങ്കകളില്‍ തന്നെയായിരുന്നു. ഗോവിന്ദനെങ്ങാനും പോലീസിനോടു കാര്യങ്ങള്‍ പറഞ്ഞാല്‍ പിന്നെ പുലിവാലാകും. അങ്ങനെയിരിക്കുമ്പോഴാണ് ആ സന്തോഷവാര്‍ത്ത തമ്പിയെ തേടിയെത്തുന്നത്. ഏലിയുടെ ടെലിഫോണ്‍ സന്ദേശം. സിന്ധുവിനെ മെന്റല്‍ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. കണ്ണുകള്‍ വിടര്‍ന്നു. മുഖത്തി പുഞ്ചിരി വിരിഞ്ഞു. കൊമ്പന്‍ മീശ സന്തോഷത്തോടെ തടവി. ഏലിയുടെ മനസ്സില്‍ സിന്ധുവിന്റെ ആങ്ങളയുടെ സ്ഥാനത്താണ് താന്‍. താന്‍ അവള്‍ക്കായി വല വിരിച്ച കാര്യം അവള്‍ പോലും അറിഞ്ഞിട്ടില്ല. പിന്നെ പാവം ഏലിയാമ്മ എങ്ങനെയറിയാന്‍!
അവളെ ഞാന്‍ സ്വന്തമാക്കുകതന്നെ ചെയ്യും. തമ്പിയുടെ മനസ്സ് കാറോടിക്കുമ്പോഴും സിന്ധുവില്‍ തന്നെയായിരുന്നു. അവള്‍ മാനസികരോഗിയായ സ്ഥിതിക്ക് കേസ് തനിയേ തേഞ്ഞുമാഞ്ഞു പൊയ്‌ക്കോളും. പോലീസ് സ്റ്റേഷന്റെ മുന്നില്‍ കാര്‍ നിറുത്തിയിട്ട് പുറത്തേക്കിറങ്ങി. ഗൗരവത്തോടെ തടിച്ച കറുത്ത കണ്ണടയിലൂടെ നോക്കി. പിറകിലെ നീണ്ട മുടി കാറ്റിലാടി. ഗോവിന്ദനൊപ്പം അകത്തേക്ക് നടന്നു.
(തുടരും)







